പെരുന്നാള്‍ പിറ

ബിശാറ മുജീബ്‌
2015 സെപ്തംബര്‍
ചെറിയപെരുന്നാള്‍ കഴിഞ്ഞാല്‍ പിന്നെ കൂട്ടിക്കിഴിച്ച് കാത്തിരിക്കുന്നത് ബലിപെരുന്നാള്‍ പിറക്കായിരിക്കും. ഓരോ പറമ്പിനും അതിരായി

വയറുനിറയുന്ന ദിവസം

ചെറിയപെരുന്നാള്‍ കഴിഞ്ഞാല്‍ പിന്നെ കൂട്ടിക്കിഴിച്ച് കാത്തിരിക്കുന്നത് ബലിപെരുന്നാള്‍ പിറക്കായിരിക്കും. ഓരോ പറമ്പിനും അതിരായി കുത്തിയ മൈലാഞ്ചിച്ചെടികളൊക്കെ വിവസ്ത്രരാകുന്നത് പെരുന്നാള്‍ തലേന്നാണ്. വയറുനിറക്കാന്‍ ഒരു ദിവസം എന്നായിരുന്നു പെരുന്നാളിന് ഞങ്ങള്‍ കൊടുത്ത മറ്റൊരര്‍ഥം. അന്നത്തെ പേരുകേട്ട ചോറുകളില്‍ (ക്ഷമിക്കണം, ബിരിയാണി, ഫ്രൈഡ് റൈസ്, കുഴിമന്തി, നെയ്‌ച്ചോറ്... തുടങ്ങി ചോറുപ്രളയത്തിനിടക്കായതിനാലാണ്) മികച്ച തേങ്ങാച്ചോറോ മഞ്ഞച്ചോറോ ആണ് പ്രധാന വിഭവം. കൂട്ടിന് ഇറച്ചിക്കറിയും. അല്ലെങ്കില്‍ പരിപ്പുകറിയോടൊപ്പം കഴിക്കാന്‍ അച്ചാര്‍ പരുവത്തില്‍ കുറച്ച് ഇറച്ചിക്കൂട്ടും. അച്ചാറുകള്‍ തന്നെ ഒരുനേരം പല തരത്തില്‍ തൊട്ടുകൂട്ടുന്ന പുതിയ തലമുറയോട് ഇതൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് ഓക്കാനമായിരിക്കും. ഒരു ബേക്കറിയിലെ ചില്ലുകൂട്ടിലുളളതില്‍ മിക്കവാറും കുപ്പിയിലടച്ച് ചായക്കടിയായി ഉപയോഗിക്കുന്നവരോട് കട്ടന്‍ചായക്കൊപ്പം പെരുന്നാളിന് കഴിച്ചിരുന്ന ചുട്ടതോ പൊരിച്ചതോ ആയ പപ്പടത്തെക്കുറിച്ചാണ് മാവൂരിനടുത്ത ചെറൂപ്പ സ്വദേശി മൈമൂനക്ക് പറയാനുള്ളത്.

അമ്മാവന്റെ കല്യാണത്തിന് പെണ്‍വീട്ടുകാര്‍ ബിരിയാണിവെക്കാന്‍ പോകുന്നുവെന്ന വിവരം കല്യാണത്തിന് മുമ്പുതന്നെ ലീക്കായിരുന്നു. അന്നാവാന്‍, ബിരിയാണിയൊന്നു നേരിട്ട് കാണാന്‍ നോമ്പുനോറ്റിരുന്നു. ജീവിതത്തിലാദ്യമായി അത് കൈകൊണ്ട് തൊട്ടപ്പോഴുണ്ടായ അനുഭൂതി വാക്കുകള്‍കൊണ്ട് വിവരിക്കാനാവില്ല. അമ്മാവന്റെ കല്യാണമായതിനാലാണ് എനിക്കതു കിട്ടിയത്. അവിടെത്തന്നെ സാധാരണക്കാര്‍ക്ക് മഞ്ഞച്ചോറ് വറ്റിച്ചതായിരുന്നു വിഭവം. പ്രമാണിമാര്‍ക്കും പുതിയാപ്പിളക്കും കൂട്ടര്‍ക്കും മാത്രമുള്ളതായിരുന്നു അന്ന് ബിരിയാണി. പുതിയാപ്പിള വന്നിട്ടുമാത്രമേ ബാക്കിയുളളവര്‍ക്ക് ഭക്ഷണം തന്നെ കൊടുക്കുകയുള്ളൂ. രാത്രി പെട്രൊമാക്‌സിന്റെ വെളിച്ചത്തില്‍ നടക്കുന്ന ഇത്തരം കല്യാണങ്ങളില്‍ മുഹൂര്‍ത്തമാവുമ്പോഴേക്ക് വിശന്ന് മക്കളെല്ലാം ഏതെങ്കിലും ഇരുട്ടില്‍ ഉറങ്ങിയിട്ടുണ്ടാവും. അന്ന് കരഞ്ഞുറങ്ങിയ മക്കള്‍ക്കെല്ലാം പെരുന്നാള്‍ദിനത്തില്‍ വിശപ്പ് കനക്കുന്നതിന് മുമ്പ് തന്നെ ഒടുങ്ങാറുണ്ട്.

ചക്കക്കാലത്ത് രാവിലെ ചക്കക്കൂട്ടാന്‍, ഉച്ചക്ക് ചക്കക്കുരു കറി, വൈകുന്നേരം ചക്കയപ്പം.... ഇങ്ങനെ പോകുന്നു വിഭവങ്ങള്‍. എന്നാല്‍ പെണ്‍കുട്ടികള്‍ക്ക് പ്രിയം ചക്കയേക്കാള്‍ ചക്കയുടെ വിളഞ്ഞി(കറ)യോടായിരുന്നു. ഒരു വടിയില്‍ ഇത് ചുറ്റി ഉണക്കി കരുതി വെക്കും. ചിലപ്പോള്‍ വീടിന്റെ മണ്‍ചുമരില്‍ പറ്റിച്ചുവെക്കും. ഇത് അടുത്ത പെരുന്നാളിലേക്കുള്ള നീക്കിവെപ്പാണ്. പ്രായമുള്ളവര്‍ പെരുന്നാള്‍ തലേന്ന് ഉണങ്ങിയ വിളഞ്ഞി മണ്‍ചട്ടിയിലിട്ട് ചൂടാക്കി കുട്ടികളുടെയെല്ലാം കൈകളില്‍ ചൂടോടെ പുള്ളികളായും ചിത്രങ്ങളായും വരച്ചുകൊടുക്കും. പൊള്ളിയാലും മിണ്ടാതിരിക്കും. അരച്ചുവെച്ച മൈലാഞ്ചിയെടുത്ത് പരത്തിത്തേച്ച് കൈ ഇലയില്‍ കെട്ടിവെക്കും. ഉണരുമ്പോഴേക്കും കിടന്ന പായയും മുഖവും ശരീരവും ചുവപ്പു തീണ്ടും. പിന്നെ എല്ലാവരും പരസ്പരം കൈ നോക്കും, ആരുടെ ചോപ്പാ കൂടുതലെന്ന്. അന്ന് മൈലാഞ്ചിക്കൈകൊണ്ട് തിന്നുന്ന എന്തിനും ഇരട്ടിരുചിയായിരിക്കും. നല്ല സുഖമുള്ള മണവും. പെരുന്നാളിനു മാത്രമായിരുന്നു അക്കാലങ്ങളില്‍ മൈലാഞ്ചിയിട്ടിരുന്നത്.

ഇന്നത്തെ കോഴിയുടെ തരാതരം വിഭവങ്ങള്‍ക്ക് പകരം അക്കാലങ്ങളില്‍ കോഴിമുട്ടകൊണ്ടുള്ള വിഭവമായിരിന്നു. കട്ടിപ്പത്തിരിയോടൊപ്പം തേങ്ങയും പഞ്ചസാരയും ചേര്‍ത്തോ വെണ്‍നെയ്യ് ചേര്‍ത്തോ കഴിച്ചാണ് കാരണവന്മാര്‍ പെരുന്നാള്‍പള്ളിക്ക് പോയിരുന്നത്.

കൊല്ലത്തില്‍ ഒരു കൂട്ടം പാവാടയും കുപ്പായവും എന്നാണ് വസ്ത്രത്തിന്റെ കണക്ക്. സ്‌കൂളില്‍ പോകുമ്പോള്‍ ധരിക്കുന്നത് തന്നെയാണ് കല്യാണത്തിനു പോകുമ്പോഴും. സ്‌കൂള്‍ വിട്ടുവന്ന് അലക്കി തിരിച്ചും മറിച്ചുമിട്ട് ഉണക്കിയാണ് ഉപയോഗിക്കുന്നത്. മുന്തിയ നിലയിലുളളവര്‍ രണ്ട് പെരുന്നാളിനും ഓരോന്ന് വാങ്ങും. ചിലര്‍ ആണ്ടറുതിയിലാണ് വാങ്ങാറുള്ളത്. എനിക്ക് ഒരു പെരുന്നാളിന് മാത്രമാണ് പുതിയ വസ്ത്രം കിട്ടിയിരുന്നത്. അതുവരെ തുന്ന് വിട്ടത് കൂട്ടിച്ചേര്‍ത്തും ഇറുകിയത് കഷ്ണംവെച്ച് പാകമാക്കിയും ഉപയോഗിക്കും.

നോമ്പ് ഓരോ പത്തിലും ഓരോ കൂട്ടം ഡ്രസ്സും അതിനുപുറമെ പെരുന്നാളിന് മെഗാഷോപ്പിംഗും. എല്ലാം കഴിയുമ്പോഴേക്ക് എന്തെങ്കിലും പണയം വെക്കേണ്ട അവസ്ഥ. എന്നാലും നാലാളുകളുടെ മുമ്പില്‍ തല ഉയര്‍ത്തി നില്‍ക്കണമെങ്കില്‍ അണിഞ്ഞൊരുങ്ങണമെന്ന കപടത. ഇതെല്ലാം നമുക്കിടയിലേക്ക് എവിടെനിന്നാണ് വന്നതെന്ന് ആലോചിച്ചുപോവാറുണ്ട്. വസ്ത്രമെത്ര പൊലിവുളളതായാലും ഉള്ള് നന്നാവാതിരുന്നിട്ടെന്തുകാര്യം. ആഘോഷദിനങ്ങളില്‍ പരസ്പരം പുണര്‍ന്ന് സ്‌നേഹം കൈമാറുന്നതിന് പകരം മുഖത്തുപോലും നോക്കാതെ നടന്നകലുന്ന സഹോദരങ്ങള്‍ യഥാര്‍ഥത്തില്‍ വേദന തന്നെയാണ്.

ഇന്ന് വാത്ക്കലാ കോള്

പെരുന്നാളുദിച്ചാല്‍ മൈലാഞ്ചിയിട്ട് നല്ലോണം ചോന്ന കൈയും കാലുമാണ് ആദ്യം നോക്കുന്നത്. ഉറക്കം എന്നത് പെരുന്നാള്‍ രാവിന് അത്രക്കങ്ങ് ചേരാത്തതല്ലെ. അടുക്കളയിലെ പാത്രങ്ങള്‍ക്കും അമ്മിക്കും ആട്ടുകല്ലിനും ചിരവക്കുമെല്ലാം പിടിപ്പതു പണിയാണ്. അപ്പത്തരങ്ങളും ആണ്ടില്‍ എപ്പോഴെങ്കിലും കിട്ടുന്ന ബിരിയാണിയും പലതരത്തില്‍ വിരിയിച്ചെടുക്കാനുള്ള വെപ്രാളത്തിലാണവ. കുടുംബക്കാരൊക്കെ വിരുന്നുവരും. ഞങ്ങള്‍ വിരുന്നുപോവുകയും ചെയ്യും. അയല്‍പക്കങ്ങളിലേക്കും കൂട്ടുകാരുടെ വീടുകളിലേക്കുമുള്ള ഈ പോക്ക് കൂടി കഴിയുമ്പോള്‍ ആ ദിവസത്തില്‍ പിന്നെയൊന്നും ബാക്കിയുണ്ടാവില്ല.

പുതിയാപ്പിളമാര്‍ക്ക് സാധാരണ ചോറും മൈസൂര്‍പ്പഴം സ്‌പെഷ്യലായും കൊടുത്തിരുന്ന പെരുന്നാള്‍ക്കാലവും ഓര്‍മയിലുണ്ട്. വിരുന്നുവരുന്നവര്‍ക്ക് ഉള്ളത് എടുത്തുകൊടുക്കും. അതെത്രയായാലും എന്തായാലും ആര്‍ക്കും പ്രശ്‌നമുണ്ടാകില്ല. ഇന്ന് വാത്ക്കലാണ് കോളും ചോറും. എല്ലാം കൊശിയാണ്. ഇങ്ങനെയൊക്കെ വയറ് നിറച്ചാലും മനസ്സ് നിറയുന്നുമില്ല.

കോഴിക്കോട്ടുകാരി എറമാക്ക വീട്ടില്‍ കുഞ്ഞിബി എന്ന കുഞ്ഞ ഉമ്മായുടെ വീട്ടില്‍ പതിനാല് മക്കളായിരുന്നു. ബാപ്പയുടെ കച്ചോടംകൊണ്ട് ഒപ്പിച്ചാണ് ജീവിതം തള്ളിനീക്കുന്നത്. അക്കാലത്തെ ഓര്‍മകള്‍ ചികഞ്ഞുനോക്കാന്‍ പരഞ്ഞപ്പോള്‍ വല്ലാത്ത ആവേശമായിരുന്നു അവര്‍ക്ക്.

പെരുന്നാള്‍ തലേന്ന് വലിയവര്‍ ആരെങ്കിലും അരച്ചുതന്ന മൈലാഞ്ചി, എല്ലാവരും വരക്കുന്നതില്‍നിന്ന് വ്യത്യസ്തമാവാന്‍ മെഴുകുതിരി ഉരുക്കി കൈകളിലിറ്റിച്ച് അതിനു മുകളില്‍ കട്ടിയില്‍ വിരിച്ചാണ് ഉറങ്ങാന്‍ കിടക്കുക. ചൂടുള്ള മെഴുക് കൈകളിലിറ്റുമ്പോള്‍ വേദനയാകുമെങ്കിലും നാളത്തെ ചോപ്പ് നിയ്യത്തുവെച്ച് കിടക്കും.

ആണുങ്ങളെല്ലാം പള്ളിയില്‍പോയി തക്ബീര്‍ ചൊല്ലും. പെണ്ണുങ്ങള്‍ അന്നൊന്നും പള്ളിയില്‍ പോയി ചൊല്ലാറില്ല. പെരുന്നാള്‍ പള്ളിക്കും പോകാറില്ല. അരക്കലും ഇടിക്കലും അരിയലുമെല്ലാം കൈകൊണ്ട് നടക്കുമ്പോള്‍ അവരുടെ ചുണ്ടുകളില്‍ തക്ബീര്‍ തത്തിക്കളിക്കും.

ഉറങ്ങാത്ത രാവുണര്‍ന്നാല്‍ പിന്നെ കാണുക കുളിപ്പുരക്കു മുന്നിലെ ക്യൂവിലായിരിക്കും. അതിനിടക്കാണ് കൈകളെല്ലാം മൈലാഞ്ചിച്ചോപ്പ് താരതമ്യം ചെയ്യുക. അലക്കുകല്ലിലും വിരിച്ചിടുന്ന അയലിലുമൊന്നും തിരക്കെന്ന സംഗതിക്ക് വ്യത്യാസമില്ല. വലിയവായിലെ സംസാരങ്ങളും കുട്ടികളുടെ ഒച്ചപ്പാടുമെല്ലാം ചേര്‍ന്ന് തറവാട് സൂര്യനുണരാതെത്തന്നെ ഉണരും.

വാസന സോപ്പ് ഒന്ന് എല്ലാ പെരുന്നാളിനും കുളിക്കാന്‍ കിട്ടുമായിരുന്നു. എന്നാല്‍ വെള്ളം കോരിയെടുത്ത് മാത്രം ഉപയോഗിച്ചിരുന്നതിനാല്‍ കുളിക്കാനും ക്ലോസറ്റിലൊഴിക്കാനും മറ്റാവശ്യങ്ങള്‍ക്കുമെല്ലാം ഒപ്പിച്ച് മുതിര്‍ന്നവര്‍ ഒരു വഴിക്കാകുമായിരുന്നു. കത്തിക്കാനുളള വിറക് കീറുന്നതും മല്ലിയും മുളകും ഉണക്കിവെച്ചത് ചൂടുവെള്ളം വീഴ്ത്തി അമ്മിയില്‍ അരച്ചെടുക്കുന്നതും പെരുന്നാളാന്ന് പറഞ്ഞ് ചെയ്യാതിരിക്കാനാവില്ലല്ലോ.

കാച്ചിയും കുപ്പായവും അല്ലെങ്കില്‍ പാവാടയും കുപ്പായവും പെരുന്നാള്‍ കോടിയായി കിട്ടിയിരുന്നു. അത് പെരുന്നാളിന് മുമ്പ് ഏതെങ്കിലുമൊരു ദിവസം ബാപ്പ കൊണ്ടുതരും. അതെന്തായാലും കബൂലാക്കി ഇട്ടുകൊള്ളണം. അല്ലെങ്കില്‍ മുമ്പുളളതൊന്ന് നന്നായി അലക്കി ഉണക്കി പെരുന്നാളിനായി മടക്കിവെക്കും. ഇപ്പോള്‍ മക്കള്‍ പുതിയ മോഡല്‍ ഇറങ്ങുമ്പോഴേക്ക് വാങ്ങിക്കളയുന്നതും, എടുത്തത് ചുരുങ്ങിയത് മൂന്നോ നാലോ പ്രാവശ്യമെങ്കിലും മാറ്റിവാങ്ങുന്നതും മനസ്സിന് പിടിക്കാത്തതാണ് കുഞ്ഞ ഉമ്മക്ക്. ഏറ്റവും ചെറിയ അംഗത്തിനുളള പത്ത് ജോഡി ചെരുപ്പൊക്കെ എപ്പോഴാണ് ഇട്ടുതീര്‍ക്കുന്നതെന്ന വേവലാതിയും അവര്‍ മറച്ചുവെച്ചില്ല.

ചില പെരുന്നാള്‍ വൈകുന്നേരങ്ങളില്‍ സൈക്കിള്‍ റിക്ഷകളില്‍ കയറിയും ഒരുപാട് നടന്നുമൊക്കെ ബീച്ചില്‍ എത്തിപ്പെട്ടത് ഓര്‍മയിലുണ്ട്. മടങ്ങിയെത്താന്‍ അപ്പോഴെല്ലാം ഏറെ വൈകിയിരുന്നു.

പിന്നീട് ഐസ്‌ക്രീം നുണയാന്‍ തറവാട്ടിലെ അംഗങ്ങളോടൊപ്പം ഏറെനേരം ക്യൂ നിന്ന് വാങ്ങിയപ്പോഴേക്കും വെളളമായെങ്കിലും ആദ്യമായി നുണഞ്ഞ രസം ഇപ്പോഴത്തെ ഐസ്‌ക്രീം വൈവിധ്യങ്ങള്‍ക്കൊന്നുമില്ല.

പുതിയ കാലത്തിന്റെ പളപളപ്പില്‍ ഒഴുക്കിനൊത്ത് നീങ്ങുമ്പോഴും ഉള്ളില്‍ വലിയൊരു കാലത്തിന്റെ മധുരമുള്ള വേദന പൊലിയാതെ കൊണ്ടുനടക്കുന്നവര്‍ ഇന്നും നമുക്കിടയിലുണ്ട്. പുറംകാഴ്ചകള്‍ മാത്രം ശീലിച്ച നമ്മള്‍ പലപ്പോഴും അവരുടെ ഉള്ള് കണ്ടെന്നു വരില്ല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media