ഖദീജ ചവിട്ടിയ പടവുകളിലൂടെ

ജുവൈരിയ സലാം
2015 സെപ്തംബര്‍
ചെറിയ ക്ലാസിലായിരുന്നപ്പോള്‍ ഇസ്‌ലാമിക ചരിത്രമോ നബിചര്യയോ കേട്ടെന്നുവെച്ചു എന്റെ മനസ്സിനു കാര്യമായ കുലുക്കമൊന്നും

      ചെറിയ ക്ലാസിലായിരുന്നപ്പോള്‍ ഇസ്‌ലാമിക ചരിത്രമോ നബിചര്യയോ കേട്ടെന്നുവെച്ചു എന്റെ മനസ്സിനു കാര്യമായ കുലുക്കമൊന്നും ഉണ്ടാകാതിരുന്നതു ബാല്യത്തിന്റെ ബലഹീനതയാകാം. എന്നാല്‍  ജീവിതത്തിന്റെ ഊടുവഴികളിലൂടെ ഇന്ന് കറങ്ങിത്തിരിയുമ്പോള്‍ ദീനിന്റെ ദിവ്യത്വം കുറച്ചൊന്നുമല്ല മനസ്സില്‍ സ്വാധീനം ചെലുത്തുന്നത്.  കഴിഞ്ഞ വര്‍ഷം ഉംറക്ക് പോകുമ്പോഴേ ഞങ്ങള്‍ തീരുമാനിച്ചതായിരുന്നു പ്രകാശമല കയറണമെന്നത്.

ബസില്‍ നിന്നു പരിചയപ്പെട്ട ഹംസക്കായും ഖദീജത്തായും ഞങ്ങളുടെ ഉപ്പയുടെയും ഉമ്മയുടെയും പേരുകാരായതിനാലാണോ എന്തൊ ഞങ്ങള്‍ വല്ലാതെ അവരുമായി അടുത്തുപോയി. ഭക്ഷണവും താമസവും ഒന്നിച്ചായതു പോലെ പ്രകാശമല കാണാനുള്ള യാത്രയിലും ഞങ്ങള്‍ ഒന്നിച്ചു. സുബ്ഹി നമസ്‌കാരം കഴിഞ്ഞ ഉടനെ തന്നെ ഞങ്ങള്‍ ഹറമില്‍  നിന്നിറങ്ങി. വളരെ സമയം മാര്‍ബിള്‍ തറയില്‍ ഉറങ്ങിയതിനാലാവാം മകള്‍ കാലുകള്‍ക്കു വേദനയാണെന്നു പറഞ്ഞു കരഞ്ഞു. അവളുടെ മനസ്സറിയാനെന്നോണം പോകുന്നതു മാറ്റിവെക്കണോന്നു ഞാന്‍ ചോദിച്ചു. പക്ഷേ അവള്‍ ആവേശഭരിതയായി മൊഴിഞ്ഞു. എനിക്കു സാധിക്കും. പോകണം. ടാക്‌സിയില്‍ ഞങ്ങള്‍ ഉദ്ദേശിച്ചിടത്തെത്തി. താഴേ നിന്നും മുകളിലേക്കു നോക്കിയപ്പോള്‍ ഉയരെ ഉയരെ ചരിത്രമുറങ്ങുന്നിടം കാണാന്‍ മനസ്സ് വെമ്പി.

മക്കയിലെത്താന്‍ ഇതിനു മുമ്പും ഭാഗ്യം ലഭിച്ചിരുന്നെങ്കിലും ഇപ്പോഴാണല്ലോ ഇവിടെ വരാന്‍ ഭാഗ്യം ലഭിച്ചത്.  ആദ്യം റബ്ബിനോടും ശേഷം ഭര്‍ത്താവിനോടും ആയിരമായിരം നന്ദി പറഞ്ഞു. കൂടെയുള്ള വൃദ്ധദമ്പതികള്‍ക്ക്  മല കയറാന്‍ സാധിക്കുമോ എന്നു ഞങ്ങള്‍ ആശങ്കപ്പെട്ടപ്പോള്‍ അവരുടെ നിശ്ചയദാര്‍ഢ്യത്തിനുമുമ്പില്‍ കീഴടങ്ങേണ്ടിവന്നു ഉദയ മായില്ലങ്കിലും വെളിച്ചം ചുറ്റുപാ ടുകളെ കാണിച്ചു തന്നു. ആളൊഴിഞ്ഞ പ്രദേശം. കയറ്റം സുഗമമാക്കാന്‍ ഇടക്കിടെ ഇരിപ്പിടങ്ങള്‍. പോകുന്നവഴിയില്‍ മുഖംമറച്ച സ്ത്രീ ഭിക്ഷ ചോദിച്ചു. ഞങ്ങള്‍ പതുക്കെ കയറിത്തുടങ്ങി. പല വീതിയിലും നീളത്തിലുമുള്ള പടികള്‍ നിര്‍മിതിയിലെ പോരായ്മകള്‍ എടുത്തുപറയുന്നുവെങ്കിലും വലിയ ഉപകാരപ്രദമാണ്. കയറ്റത്തിനിടയില്‍ ഞങ്ങള്‍ പടികളിലെ വശങ്ങളില്‍ പാകിയ കരിങ്കല്‍ പാളികളിലിരുന്നു കിതപ്പകറ്റി. രണ്ടാമത്തെ ഇരിപ്പിടത്തിനരികിലെത്തി മുകളിലേക്കു നോക്കിയ ഞങ്ങള്‍ കണ്ട കാഴ്ച കൗതുകമുണര്‍ത്തി. അനേക വാനരപ്പട മുകളില്‍നിന്നും താഴോട്ടുഅതിവേഗം കുത്ത നെ ഇറങ്ങുകയാണ്. വാ പിള ര്‍ന്നു നോക്കിനില്‍ക്കുന്ന ഞങ്ങള്‍ക്കരികിലേക്ക്‌നിമിഷനേരം കൊണ്ട് അവര്‍ എത്തി. ഇരിപ്പിടത്തില്‍ വിശ്രമിക്കുന്ന എന്റെ ബാഗ് നൊടിയിടയില്‍ പൊക്കി നോക്കിയെങ്കിലും പുസ്തകങ്ങളും മറ്റുമായി കുറച്ചുലൊട്ടുലൊടുക്കു സാധനങ്ങളും ഉണ്ടായിരുന്നതി

നാല്‍ മൂപ്പര്‍ക്കു പൊന്തിയില്ല. പ്രതീക്ഷ കൈവിടാതെ മോളുടെ ബാഗ്പറിച്ചെടുത്തോടി. ജബല്‍ കിടുങ്ങുമാറുച്ചത്തില്‍ അലറികരച്ചില്‍ പ്രതീക്ഷിച്ചെങ്കിലും അവള്‍ സംയമനം പാലിച്ചത് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കി. സൂര്യന്‍ വെള്ളകീറി പതുക്കെ തല നീട്ടാന്‍ തുടങ്ങി. കുരങ്ങന്മാര്‍ വളരെ താഴെ പോയി ബാഗിന്റെ സിബ്ബ് തുറന്നു ബാഗിലുണ്ടായിരുന്ന ജ്യൂസൊക്കെ കുടിക്കുന്ന കാഴ്ച രസം പകര്‍ന്നെങ്കിലും വെയിലുദിക്കുന്നതിനു മുമ്പ് മുകളിലെത്തണമെന്ന ചിന്ത ഞങ്ങളെ വീണ്ടും  കയറാന്‍ പ്രേരിപ്പിച്ചു.

മുകളിലേക്കുള്ള കാഴ്ച യില്‍ വഴിദൂരം കുറച്ചു തോന്നിക്കു ന്നുവെങ്കിലും കയറുന്തോറും ദൂരം കൂടിക്കൂടി വന്നു. ഖദീജ ഉമ്മ ഞങ്ങളുടെ മുമ്പില്‍ പിന്തിരിഞ്ഞു നോക്കാതെ നടക്കുന്നുവെങ്കിലും കുട്ടികളുടെ പിറകില്‍ നിങ്ങള്‍ ആണുങ്ങള്‍ ആരെങ്കിലും ഉണ്ടായിക്കോട്ടേ എന്നു വിളിച്ചു പറഞ്ഞുകോണ്ടേയിരുന്നപ്പോള്‍ നിനച്ചിരിക്കാതെ ലഭിച്ച സ്‌നേഹത്തിനും കരുതലിനും മുന്നില്‍ നിറകണ്ണുകളോടെ നോക്കിനിന്നു. മകളുടെ കൈപി ടിച്ചു ഹംസക്ക സൂക്ഷ്മതയോടെ പടികയറുമ്പോള്‍ തങ്ങള്‍ക്കും പൊന്നു എന്ന പേരില്‍ പേരക്കുട്ടിയുണ്ടെന്നുപറഞ്ഞ് അവളുടെ ഓര്‍മകള്‍ ഗൃഹാതുരത്വത്തോടെ പങ്കുവെച്ചു.

പാകിസ്താനികളായ ചിലര്‍ വഴികളിലുടനീളം പൊട്ടിപ്പോയ പടികള്‍ നന്നാക്കിയും സന്ദര്‍ശ്ശകരോടു ഭിക്ഷയിരന്നും കയറിക്കൊണ്ടിരുന്നു. കുരങ്ങന്മാര്‍ പ്രാതലാക്കിയ ഞങ്ങളുടെ വെള്ളപ്പാത്രമോര്‍ത്തു തൊണ്ട വരണ്ട ഞങ്ങള്‍ പരിതപിക്കുന്നതു കണ്ട് മലകയറി വന്ന രണ്ടു മലയാളികള്‍ തൊണ്ട നനക്കാന്‍ ഞങ്ങള്‍ക്ക് വെള്ളം നല്‍കിയത് ഏറെ നന്നായി. ദൈവത്തിനു സ്തുതി പറഞ്ഞു വീണ്ടും മേലോട്ട്. കാലുകളും ശരീരം തന്നെയും അവശമായെങ്കിലും മനസ്സു തീരാ ദാഹത്തിനറുതി വരുത്താന്‍ വെമ്പികൊണ്ടിരുന്നു. കൊച്ചു കടകളാണു പ്രകാശ മലക്കുമുകളില്‍ ഞങ്ങളെ വരവേറ്റത്. വിരുന്നുകാര്‍ക്കൊരുക്കിയ ഇരിപ്പിടത്തില്‍ ഇരുന്നു ഞങ്ങള്‍ കിതപ്പകറ്റി. ഇരട്ടി വില കൊടുത്തു വാങ്ങിയ വെള്ളം മതിവരുവോളം കുടിച്ചു. കച്ചവടക്കാരന്‍ ഞങ്ങളെ നോക്കി സാധനങ്ങളുടെ പെരുമ പറഞ്ഞെങ്കിലും അതില്‍ ആര്‍ക്കും തല്‍പര്യം തോന്നിയില്ല. ഉയരങ്ങളില്‍ നിന്ന് താഴ്കാഴ്ചകളെ നോക്കി ആസ്വദിക്കുമ്പോഴും ക്യാമറയില്‍ കാഴ്ചയുടെ മനോഹാരിത പകര്‍ത്തുമ്പോഴും എന്റെ ഉള്ള് ഹിറാ പവിത്രത കണ്ണുകള്‍ പരതുന്നതു മനസ്സിലായ സ്വദേശി വിരല്‍ ചൂണ്ടിയടത്തേക്കു നടന്നപ്പോള്‍ മറുവശത്ത് പടികള്‍ താഴോട്ട് ഇറങ്ങുന്നു. പരസ്പരം കോര്‍ത്തു പിടിച്ചു ചെറിയ പടികളിലൂടെ പതുക്കെ ഇറങ്ങി. പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ ഞങ്ങള്‍ നൂഴ്ന്നു കടന്നു. നാളുകളായി മനസ്സില്‍ കുടിയേറിയ മോഹം സഫലമായപ്പോള്‍ ഇതുവരെ ഉള്ളില്‍ നുരഞ്ഞുപൊങ്ങിയ ആഗ്രഹം മിഴിയിണകളില്‍ നിറഞ്ഞുതുളുമ്പിക്കൊണ്ടിരുന്നു. അക്രമങ്ങളും അനാചാരങ്ങളും നടമാടുന്നതിന്റെ കാഴ്ചയില്‍ നിന്നും കണ്ണിനേയും മനസ്സിനേയും അകറ്റിനിര്‍ത്താന്‍ നബി തിരുമേനി യാതനകളേറെ സഹിച്ചു വന്നെത്തിയ ഇടം. ലോകനേതാവിന്റെ നിശ്വാസങ്ങളും വിഹ്വലതകളും പങ്കുപറ്റിയ ഇടം. സര്‍വ്വലോക നായകാ... കോടാനു കോടി നന്ദി.

പ്രാര്‍ഥന കഴിഞ്ഞു തിരികെ പോരാനൊരുങ്ങുമ്പോള്‍ വയസ്സു 90 കടന്ന ഒരു മുത്തശ്ശി നൂഴ്ന്നു വരുന്നതു കണ്ടു. കൈയ്യിലെ മുറിവ് വകവെക്കാതെ  അവരെ സഹായിക്കാനായി കൈകള്‍ നീട്ടി.

കാലുകള്‍ തെറ്റിപ്പോകുമെന്നു ഭയന്ന ഞാന്‍ ഭര്‍ത്താവിന്റെ കൈ പിടിച്ചു തിരികെ ഇറങ്ങുമ്പോള്‍ സ്‌നേഹനിധിയായ തന്റെ ഭര്‍ത്താവിനുള്ള ഭക്ഷണവുമായി ദിനേന പലതവണ ഏകാകിനിയായി ആ മല കയറിയിറങ്ങിയ ഖദീജാബീവിയുടെ ആ വലിയ മനസ്സിനെ വാനോളം പുകഴ്ത്താതിരിക്കാനായില്ല.

കാര്യമായ അലങ്കാരങ്ങളൊ ന്നും എടുത്തുപറയാനില്ലെങ്കിലും പുണ്യനബിയുടെ  പാദസ്പര്‍ശ്ശനം കൊണ്ടു അലംകൃതമായ   ഇടം. മുത്തുറസൂല്‍ സുജൂദില്‍ കിടന്നിടത്തു ഒന്നു നെറ്റി മുട്ടിക്കാന്‍ കൊതിയായി. തുടിക്കുന്ന മനസ്സുമായി  പരിശുദ്ധ ഗ്രന്ഥം അല്‍പ്പം വായിച്ചു. കണ്ടിട്ടും മതി വരാതെ വീണ്ടും വീണ്ടും ആ പാറകെട്ടുകളിലേക്കു നോക്കി ഇരുന്നു. കിതച്ചും കൊതിച്ചും മലകയറി വന്ന ഖദീജ ബീവിക്ക് ജിബ്രീല്‍ മാലാഖ സലാം പറഞ്ഞ നിമിഷമോര്‍ത്തപ്പോള്‍ എനിക്ക് ഉള്‍ക്കിടിലം അനുഭവപ്പെട്ടു. രോമകൂപങ്ങള്‍ എഴുന്നുനിന്നു.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media