ഹജ്ജിന്റെ പൊരുളുകള്‍

ശമീര്‍ബാബു കൊടുവള്ളി No image

      കോടാനുകോടി മുസ്‌ലിംകളുടെ ചിരകാലാഭിലാഷമാണ് മക്കയില്‍ ചെന്നുള്ള ഹജ്ജ് നിര്‍വഹണം. കഅ്ബയെ സ്വത്വത്തില്‍ താലോലിച്ചുകൊണ്ടാണ് അവരുടെ ആത്മാവും യുക്തിയും വളര്‍ന്ന് വികാസം പ്രാപിക്കുന്നത്. കഅ്ബ കേന്ദ്രീകരിച്ചുള്ള ഹജ്ജിനെക്കാള്‍  പ്രണയിക്കുന്ന മറ്റൊന്ന് മുസ്‌ലിംകള്‍ക്ക് തങ്ങളുടെ ഉള്ളിലില്ല. മുസ്‌ലിംകളുടെ സര്‍വവുമാണ് കഅ്ബ. ദൈവത്തിന്റെ പൂര്‍ണതയുടെ അടയാളമായ ലളിതസുന്ദരമായ ഈ ശിലാസൗധത്തിന് ചുറ്റുമായാണ് അവരുടെ ജീവിതവും ചിന്തയും ആരാധനയും കറങ്ങുന്നത്. കേവലമായ ബാധ്യത എന്നതിനപ്പുറം മറ്റുചില അര്‍ഥങ്ങള്‍ ഹജ്ജിനുണ്ടെന്ന കാര്യം ഉറപ്പാണ്. ചിലര്‍ തങ്ങളുടെ ഹജ്ജെന്ന സ്വപ്നം സാക്ഷാല്‍ക്കരിച്ച് ദൈവത്തിലേക്ക് യാത്രയാവുന്നു. ചിലര്‍ സ്വപ്നം സാക്ഷാല്‍ക്കരിക്കാതെയും അവനിലേക്ക് യാത്രയാവുന്നു.

ഹജ്ജ് നിര്‍വ്വഹണത്തിന് വലിയ സ്ഥാനമാണ് ഇസ്‌ലാമികദര്‍ശനം നല്‍കുന്നത്. അതിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് അത്. ശാരീരികമായും സാമ്പത്തികമായും കഴിവും പ്രാപ്തിയുമുള്ളവര്‍ നിര്‍ബന്ധമായും ഹജ്ജ് നിര്‍വഹിക്കണമെന്നാണ് ഇസ്‌ലാമികദര്‍ശനത്തിന്റെ അനുശാസനം. വിശുദ്ധഖുര്‍ആന്‍ പറയുന്നു: 'ആ മന്ദിരത്തിലെത്തിച്ചേരാന്‍ കഴിവുള്ളവര്‍ അവിടെച്ചെന്ന് ഹജ്ജ് നിര്‍വഹിക്കുകയെന്നത് മനുഷ്യര്‍ക്ക് അല്ലാഹുവോടുള്ള ബാധ്യതയാണ്' (ആലുഇംറാന്‍:97). പ്രവാചകന്‍ ഇപ്രകാരം അരുളിയിരിക്കുന്നു: 'ജനങ്ങളേ, അല്ലാഹു നിങ്ങള്‍ക്ക് ഹജ്ജ് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ഹജ്ജ് നിര്‍വഹിക്കുക' (മുസ്‌ലിം).

ഇസ്‌ലാമികദര്‍ശനത്തിന്റെ ഒന്നാമത്തെ സ്തംഭമായ ശഹാദത്ത് അഥവാ ആദര്‍ശബോധത്തെ ഹജ്ജ് തീര്‍ഥാടകനില്‍ ഊട്ടിയുറപ്പിക്കുന്നു. 'അല്ലാഹുവല്ലാതെ മറ്റൊരു ആരാധ്യനേയില്ല, മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാകുന്നു'വെന്ന ആദര്‍ശമാണ് വിശ്വാസിയുടെ ജീവവായു. ആദര്‍ശബോധം സ്വത്വത്തില്‍ രൂഢമൂലമാക്കുന്നു ഹജ്ജ്. 'അല്ലാഹുവേ ഞാനിതാ നിന്റെ സന്നിധി പ്രാപിച്ചിരിക്കുന്നു. ഞാനിതാ നിന്റെ മുമ്പില്‍ നില്‍ക്കുന്നു. നിനക്ക് പങ്കാളിയേയില്ല. ഞാനിതാ നിന്റെ മുമ്പില്‍. സര്‍വ സ്‌തോത്രവും അനുഗ്രഹവും അധികാരവും നിനക്കു മാത്രം. നിനക്ക് പങ്കാളിയേയില്ല', ഇഹ്‌റാമില്‍ പ്രവേശിച്ച് ഹജ്ജ് അവസാനിക്കുന്നതുവരെ ഓരോ തീര്‍ഥാടകന്റെയും കണ്ഠനാഡികളില്‍ നിന്നും ഈ മുദ്രാവാക്യം പുറത്തേക്ക് ഒഴുകിവരുന്നു. ആദര്‍ശത്തിന്റെ ആഴവും പരപ്പും സ്വത്വത്തില്‍ കൊത്തിവെക്കുകയാണ് നിരന്തരം ഇത് ഉരുവിടുന്നതിലൂടെ തീര്‍ഥാടകന്‍ ചെയ്യുന്നത്. അല്ലാഹു മാത്രമാണ് അവനു പ്രധാനം. അല്ലാഹുവിനപ്പുറം ഒന്നുമില്ല. ബാക്കിയെല്ലാം നുരകളും കുമിളകളും മാത്രം.

സ്വത്വത്തിന്റെ അനശ്വരതയിലേക്കുള്ള തീര്‍ഥാടനവും അനന്തതയിലേക്കുള്ള ചേക്കേറലുമാണ് ഹജ്ജ്. ഇതര ആരാധനകളുടെ എല്ലാ ആത്മീയഫലങ്ങളും ഹജ്ജില്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു. നമസ്‌കാരം പകരുന്ന ധ്യാനത്തിന്റെയും ധര്‍മബോധത്തിന്റെയും തലം അതിലുണ്ട്. ഉപവാസം നല്‍കുന്ന ആത്മസംയമനത്തിന്റെയും സംസ്‌കര ണത്തിന്റെയും തലം അതിലുണ്ട്. സക്കാത്ത് കൈമാറുന്ന സാമ്പത്തികവിശുദ്ധിയുടെയും സഹാനുഭൂതിയുടെയും തലം അതിലുണ്ട്.

ഹജ്ജെന്നാല്‍ അറഫയാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ഹജ്ജിന്റെ മര്‍മമാണ് അറഫയിലെ നിറുത്തം. അറഫയെന്നാല്‍ അറിവ് എന്നാണ് അര്‍ഥം. കേവലമായ അറിവല്ല അറഫ. അതിനപ്പുറം ആഴത്തിലുള്ള തിരിച്ചറിവാണത്. പ്രധാനമായും രണ്ട് തിരിച്ചറിവുകള്‍ അറഫയിലെ നിറുത്തം തീര്‍ഥാടകന് പകര്‍ന്നു നല്‍കുന്നു. ഒന്ന്, സ്വന്തം അസ്തിത്വത്തെ കുറിച്ചുള്ള അറിവ്. രണ്ട്, അല്ലാഹുവിനെക്കുറിച്ചുള്ള അറിവ. ് ഈ രണ്ട് അറിവുകളും പരസ്പരം പൂരകമാണ്. ഒന്നില്ലാതെ മറ്റൊന്നില്ല. ഒരാള്‍ സ്വന്തത്തെ തിരിച്ചറിയുമ്പോഴാണ് തന്റെ നാഥനെ തിരിച്ചറിയുകയെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്.

മനുഷ്യന്‍ തന്നത്താന്‍ ആദ്യം അറിയണം. താന്‍ ആരാണ്? തന്റെ ഉല്‍ഭവം എവിടെ നിന്നാണ്? ഭൂമിയില്‍ ഈ ഹ്രസ്വജീവിതത്തിന്റെ അര്‍ഥം എന്താണ്? മരണത്തിനുശേഷം തിരിച്ചുള്ള യാത്ര എങ്ങോട്ടാണ്? മനുഷ്യന്റെ അസ്തിത്വവുമായി ബന്ധപ്പെട്ട മൗലികമായ ചോദ്യങ്ങളാണിവ. ഇത്തരം ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍ നല്‍കുന്നു അറഫ. അല്ലാഹുവിനാല്‍ ആദരിക്കപ്പെടുകയും അവനാല്‍ വിജ്ഞാനവും ആത്മാവും  നല്‍കപ്പെടുകയും അവന്റെ കല്‍പനപ്രകാരം മാലാഖമാരാല്‍ സാഷ്ടാംഗം ചെയ്യപ്പെട്ടതുമായ അസ്തിത്വമാണ് മനുഷ്യന്‍. അവന്റെ ഉല്‍ഭവം അല്ലാഹുവില്‍ നിന്നാണ്. അല്ലാഹുവിന്റെ പ്രതിനിധിയായി ഭൂമിയില്‍ ജീവിക്കുകയെന്നതാണ് മനുഷ്യന്റെ ഉത്തരവാദിത്തം. മരണാനന്തരം മനുഷ്യന്റെ മടക്കം അല്ലാഹുവിലേക്കുതന്നെയാണ്. ഇങ്ങനെ അല്ലാഹുവുമായി ബന്ധപ്പെടുത്തി തന്നത്താന്‍ തിരിച്ചറിയുന്നു അറഫയിലൂടെ തീര്‍ഥാടകന്‍. സ്വന്തത്തെക്കുറിച്ചുള്ള തിരിച്ചറിവ് യുക്തിജ്ഞാനത്തിലേക്ക് നയിക്കുന്നു. മനുഷ്യജീവിതത്തിന്റെ അടിത്തറയാണ് യുക്തിജ്ഞാനം. ധിഷണ ദൈവമാര്‍ഗത്തില്‍ വിനിയോഗിക്കണമെന്ന ചിന്തയിലേക്ക് തീര്‍ഥാടകനെ നയിക്കുന്നത് യുക്തിജ്ഞാനമാണ്. യുക്തിജ്ഞാനമെന്ന വെളിച്ചത്തിലൂടെയാണ് മനുഷ്യന്‍ നവലോകത്തെ നിര്‍മിക്കേണ്ടത്.

സ്വന്തത്തെക്കുറിച്ചുള്ള തിരിച്ചറിവ് അല്ലാഹുവിനെക്കുറിച്ചുള്ള തിരിച്ചറിവിലേക്കാണ് തീര്‍ഥാടകനെ നയിക്കുന്നത്. തന്റെ മുഴുവന്‍ നിശ്വാസവും അല്ലാഹുവില്‍ കേന്ദ്രീകരിക്കുന്നു അറഫയില്‍ തീര്‍ഥാടകന്‍. ആത്മാവിനെ അല്ലാഹുവില്‍ മാത്രം ലയിപ്പിക്കുന്നു. അങ്ങനെ ആത്മാവ് അല്ലാഹുവിനെ അനുഭവിക്കുന്നു. അല്ലാഹുവിനെ ധ്യാനിച്ച് അന്യചിന്തകള്‍ കൈവെടിയുമ്പോള്‍ ഉണ്ടാവുന്ന സ്വത്വത്തിന്റെ അവസ്ഥ വര്‍ണനകള്‍ക്ക് അതീതമാണ്. ലൗകിക ചിന്തകളില്‍ നിന്നുള്ള മുക്തിയാണിവിടെ സാധ്യമാവുന്നത്. അല്ലാഹുവിനു മുമ്പാകെയുള്ള സമ്പൂര്‍ണ പ്രതിബദ്ധതയും സമര്‍പ്പണവുമാണ് അറഫയിലെ നിറുത്തത്തിലൂടെ തീര്‍ഥാടകന്‍ സാക്ഷാല്‍ക്കരിക്കുന്നത്. നാം അല്ലാഹുവിനുള്ളതാണ്. അവനിലേക്കാണ് എല്ലാറ്റിന്റെയും അന്തിമമായ മടക്കം. 'സത്യം മനസ്സിലായതിനാല്‍ ദൈവദൂതന് അവതീര്‍ണമായ വചനങ്ങള്‍ ശ്രവിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ നിന്ന് കണ്ണീരൊഴുകുന്നത് നിനക്ക് കാണാം' (അല്‍മാഇദ:83).അങ്ങനെ അറഫ സ്വന്തത്തെക്കുറിച്ചും അല്ലാഹുവിനെക്കുറിച്ചുമുള്ള തിരിച്ചറിവുകള്‍ക്ക് നിമിത്തമായി വര്‍ത്തിക്കുന്നു.

ഹജ്ജ് സ്വത്വത്തിന്റെ അവാച്യമായ അനുഭൂതിയാണ്. അല്ലാഹുവിനും സ്വന്തത്തിനും ഇടയിലുള്ള എല്ലാ ഭൗതികമറകളും അഴിഞ്ഞുവീഴുമ്പോള്‍ ഉണ്ടാവുന്ന അസാധാരണമായ അനുഭൂതി. സംസാരത്തിലോ എഴുത്തിലോ അതിനെ ആവിഷ്‌കരിക്കുക അസാധ്യമാണ്. ഹജ്ജനുഭവങ്ങള്‍ വിവരിക്കുന്ന സാഹിത്യങ്ങള്‍ മലയാളമടക്കം എല്ലാ ഭാഷകളിലും സുലഭമാണ് .പ്രസ്തുത സാഹിത്യങ്ങളില്‍ നിന്നും ഹജ്ജിന്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ്. ഉദാഹരണത്തിന് സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി തന്റെ ഹജ്ജനുഭവം ഇപ്രകാരം കോറിയിടുന്നുണ്ട്: 'അസാമാന്യമായ ഒരു അനുഭൂതിയാണ് ഹിജാസ് പുണ്യഭൂമിയില്‍ കാല്‍ പതിഞ്ഞപ്പോള്‍ ഹൃദയത്തിനുണ്ടായത്. ഹറമിന്റെ മണ്ണില്‍ കാല്‍വെച്ചപ്പോഴാകട്ടെ എന്തെന്നില്ലാത്ത ഒരു ലയം, ഒരു പ്രതീക്ഷ ഹൃദയത്തിലേക്ക് തുളച്ചുകയറി. കഅ്ബാ സന്ദര്‍ശനവേളയില്‍ തന്നെത്താന്‍ മറന്ന് ഏതോ ഒരാത്മീയലോകത്താണെന്നു തോന്നി. ഭൗതികലോകം തീരെ വിസ്മൃതമായിക്കഴിഞ്ഞിരുന്നു. പിന്നീട് കൂടുതല്‍ ഹൃദയത്തില്‍ തട്ടിയ അവസരമുണ്ടായത് അറഫാത്തില്‍വെച്ചാണ്. സന്ധ്യക്കുള്ള അവസാന പ്രാര്‍ഥന നടത്തിയ അവസരത്തില്‍ ആത്മാവിനും ഹൃദയത്തിനും അത്യല്‍ഭുതകരമായ അനുഭൂതിയുണ്ടായി'.

ഹജ്ജ് ഏതാനും ദിവസങ്ങളില്‍ ഒതുങ്ങുന്ന പ്രക്രിയയല്ല. സ്വത്വത്തിന്റെ അനുസ്യൂതമായ പ്രക്രിയയാണത്. ജീവിതത്തില്‍ ഹജ്ജ് നിര്‍വ്വഹിച്ചവരും ഹജ്ജ് തീരെ നിര്‍വഹിക്കാത്തവരും  ഓരോ വര്‍ഷവും ദുല്‍ഹജ്ജ് മാസം മക്കയിലെ തീര്‍ഥാടക ലക്ഷത്തോടൊപ്പം ഹജ്ജ് നിര്‍വഹിച്ചുകൊണ്ടിരിക്കുകയാണ്. ഹജ്ജിന് മുമ്പും ശേഷവും എന്ന വേര്‍തിരിവ് വിശ്വാസിയുടെ ജീവിതത്തില്‍ ഇല്ല. എല്ലാ നിമിഷത്തിലും ദൈവബോധം ഉറപ്പുവരുത്തുന്നവനാണ്  വിശ്വാസി. ദൈവമാര്‍ഗത്തിലെ കര്‍മനിരതനാണ് അവന്‍. ദൈവത്തിനും ചുറ്റും കറങ്ങുന്നതാണ് മരണം വരെ അവന്റെ ജീവിതം. ഈ തത്വത്തിന്റെ പ്രായോഗികവും പ്രതീകാത്മകവുമായ പ്രഖ്യാപനമാണ് ഹജ്ജ്. കഅ്ബക്ക് ചുറ്റും ത്വവാഫ് ചെയ്യുന്ന തീര്‍ഥാടകന്‍ ഈ തത്വയെയാണ് ഉള്‍കൊള്ളുന്നത്. കഅ്ബ ദൈവമല്ല. ദൈവത്തിന്റെ ബിംബപരമായ പ്രതീകവുമല്ല അത്. ദൈവത്തെ ഭൗതികവസ്തുക്കളില്‍ ആവിഷ്‌കരിക്കുക ഒരു നിലക്കും സാധ്യമല്ല. എന്നാല്‍ ദൈവത്തിന്റെ അടയാളങ്ങളാണ് കഅ്ബയും അതുള്‍കൊള്ളുന്ന പ്രദേശങ്ങളും. കഅ്ബ ദൈവത്തെ സ്മരിപ്പിക്കുന്ന, അവനെ അമൂര്‍ത്തമായി ആവിഷ്‌കരിക്കുന്ന ഭൂമിയിലെ ഏറ്റവും ലളിതസുന്ദരമായ ശിലാസൗധമാണ്. ആ കഅ്ബക്കു ചുറ്റും അഥവാ ദൈവത്തിനു ചുറ്റുമാണ് വിശ്വാസിയുടെ ജീവിതം.

ഹജ്ജ് സാമ്പത്തികവരുമാനത്തിന്റെ മികച്ച സ്രോതസ്സും കേവലം വിനോദയാത്രയും പൊങ്ങച്ച പ്രകടനവുമായി മാറികൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. ഹജ്ജിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പൊരുളുകളും ഗ്രഹിച്ച് പൂര്‍ണമനസ്സോടെ ഹജ്ജ് നിര്‍വ്വഹിക്കുന്നതിനു പകരം അതിന്റെ ബാഹ്യതലങ്ങളില്‍ മാത്രം അഭിരമിക്കാനാണ് ഭൂരിപക്ഷം പേരും ഇഷ്ടപ്പെടുന്നത്. അതിനാല്‍, ഹജ്ജിനുമുമ്പ് സ്വേഛാനുസാരം ജീവിച്ച് ഹജ്ജിന്റെ ആന്തരികതലങ്ങള്‍ മനസ്സിലാക്കാതെ അത് നിര്‍വഹിച്ചതിനുശേഷം എല്ലാം ശുഭമായി എന്ന് വിശ്വസിക്കുന്നത് അവിവേകമാണ്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top