വ്യക്തിനിയമ പരിഷ്‌കരണം ശരീഅത്തിന്റെ തുലാസില്‍

ഖാലിദ് മൂസാ നദ്‌വി
2015 സെപ്തംബര്‍
ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖും ഒന്നിച്ചു പറയുന്ന മുസ്‌ലിം വിവാഹ നിയമത്തിലെ മുത്ത്വലാഖ് നിരോധിക്കണമെന്ന ഡോ: പാം രാജ്പുത് സമിതി

      ഒറ്റയിരുപ്പില്‍ മൂന്നു ത്വലാഖും ഒന്നിച്ചു പറയുന്ന മുസ്‌ലിം വിവാഹ നിയമത്തിലെ മുത്ത്വലാഖ് നിരോധിക്കണമെന്ന ഡോ: പാം രാജ്പുത് സമിതി റിപ്പോര്‍ട്ട് ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍ പൂര്‍ണമായും സ്വാഗതാര്‍ഹമാണ്.

ഖുര്‍ആന്‍ പറയുന്നു: ''വിവാഹമോചനം രണ്ടുവട്ടമാകുന്നു. തുടര്‍ന്ന് ഇണയെ ഭംഗിയായി പിരിച്ചയക്കുകയോ ന്യായമായ രീതിയില്‍ കൂടെനിര്‍ത്തുകയോ ചെയ്യേണ്ടതാകുന്നു.'' (ബഖറ: 229)

വിവാഹമോചനത്തിന്റെ ശരിയായ രീതിയാണ് ഈ സൂക്തത്തില്‍ വിശദീകരിച്ചിരിക്കുന്നത്. ഖുര്‍ആന്‍ അവതരിക്കുന്നതിനു മുമ്പ് അറബികള്‍ക്കിടയിലെ വിവാഹം, വിവാഹമോചനം എന്നിവ വ്യവസ്ഥാപിതമായിരുന്നില്ല. ''രണ്ടുവട്ടം'' എന്നതിന്റെ താല്‍പര്യം തിരിച്ചെടുക്കാനുള്ള അവകാശം നിലനില്‍ക്കുന്ന വിവാഹമോചനം രണ്ടുവട്ടമാകുന്നു എന്നതാണ്. വിവാഹമോചനത്തിന്റെ ശരിയായ രൂപം ഇപ്രകാരമാണ്: ഇണയുമായി ഒത്തുപോകില്ല എന്ന അവസ്ഥ വന്നാല്‍ പ്രസ്തുത വിഷയം ചര്‍ച്ചക്കു വെക്കുക എന്നതാണ് ഒന്നാം ഘട്ടം.

ഖുര്‍ആന്‍ പറയുന്നു; ''ദമ്പതികള്‍ക്കിടയില്‍ ബന്ധം അറ്റുപോകുമെന്ന് ആശങ്കയുണ്ടെങ്കില്‍ നിങ്ങള്‍ അവന്റെ കുടുംബത്തില്‍നിന്ന് ഒരു മധ്യസ്ഥനെ നിയോഗിക്കുക; ഒരു മധ്യസ്ഥനെ അവളുടെ കുടുംബത്തില്‍നിന്നും. അവരിരുവരും യോജിപ്പ് ആഗ്രഹിച്ചാല്‍ അല്ലാഹു അവര്‍ക്കിടയില്‍ യോജിപ്പിന്റെ വഴി തുറന്നു കൊടുക്കുന്നതാകുന്നു. അല്ലാഹു എല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു.'' (നിസാഅ്: 35)

ഈ സൂക്തത്തില്‍ അല്ലാഹു സമൂഹത്തോടാണ് സംസാരിക്കുന്നത്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഏജന്‍സി, ഖാദി, മഹല്ല് കമ്മിറ്റി, സംഘടനാ ഘടകങ്ങള്‍, പൊതുകാര്യ പ്രസക്തരായ വ്യക്തികള്‍ ഇവരെല്ലാം ഇവിടെ അഭിസംബോധിതരാണ്. ഇരുവരുടെയും കുടുംബത്തില്‍നിന്ന് ഓരോ മധ്യസ്ഥരെ കണ്ടെത്തി പ്രശ്‌നം അവരുടെ വിചിന്തനത്തിന് വിടുകയാണ് ആദ്യം ചെയ്യേണ്ടത്. ''കുടുംബം'' എന്ന സാങ്കേതിക ഘടനയല്ല ഇവിടെ പ്രധാനം. മറിച്ച്, ''ഇരുവരെ''യും പ്രതിനിധീകരിക്കാന്‍ മാത്രമാണ്. പ്രതിനിധികളുടെ പ്രഥമ പരിഗണന ബന്ധം നിലനിര്‍ത്തലായിരിക്കണം. നിലനിര്‍ത്താന്‍ നിര്‍വാഹമില്ലെങ്കില്‍ മാത്രം ''ത്വലാഖി''ന്റെ വാതില്‍ തുറക്കാവുന്നതാണ്. ''ത്വലാഖ്'' വിഷയത്തില്‍ നിശ്ചയിക്കപ്പെട്ട ഈ സുപ്രധാന നടപടിക്രമം നമ്മുടെ വ്യക്തിനിയമത്തില്‍ ഇപ്പോഴില്ല തന്നെ. ത്വലാഖിനുമുമ്പ് ഖുര്‍ആന്‍ നിശ്ചയിച്ച ഈ നടപടിക്രമം പൂര്‍ത്തിയാക്കുന്നവരും അപൂര്‍വം തന്നെ. ഇങ്ങനെയൊരു നടപടിക്രമം പൂര്‍ത്തിയാക്കല്‍ ത്വലാഖിന്റെ വാജിബായ ഉപാധിയാണെന്ന് പഠിപ്പിക്കുന്ന ഉലമാക്കളും തുലോം വിരളം.

''ത്വലാഖ്'' നടപടിക്രമങ്ങളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഈ നടപടിക്രമം പൂര്‍ത്തിയാക്കാന്‍ മഹല്ല് കമ്മിറ്റിയും സന്നാഹമാകണം. മുസ്‌ലിം നവോത്ഥാന പ്രസ്ഥാനങ്ങളും വനിതാ പ്രസ്ഥാനങ്ങളും ഈ വിഷയം ഗൗരവത്തില്‍ ഏറ്റെടുക്കേണ്ടതുണ്ട്.

മേല്‍വിവരിച്ച സുപ്രധാനഘട്ടം പിന്നിടുമ്പോള്‍, ത്വലാഖ് അനിവാര്യമായാല്‍ ഒരു ത്വലാഖ് ചൊല്ലുകയാണു വേണ്ടത്. അതാണ് രണ്ടാം വട്ടത്തിലെ പ്രഥമഘട്ടം. ഈ ഒന്നാംവട്ടം ത്വലാഖ് കഴിഞ്ഞയുടനെ ഇണയെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ പാടില്ല. ബന്ധം അന്തിമമായി അവസാനിച്ചു എന്നും അതിനര്‍ഥമില്ല. മറിച്ച്, ഇദ്ദാകാലമായി നിശ്ചയിക്കപ്പെട്ട് മൂന്ന് ശുദ്ധികാലവും ഇണയെ വീട്ടില്‍തന്നെ താമസിപ്പിക്കുകയും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുകയും വേണം. ഇദ്ദാകാലത്ത്, ശുദ്ധിവേളയില്‍ ലൈംഗികബന്ധം പുലര്‍ത്തിയാല്‍ സ്വാഭാവികമായി തന്നെ ത്വലാഖ് റദ്ദാവുന്നതാണ്. ലൈംഗിക ബന്ധമില്ലാതെ മൂന്ന് ശുദ്ധികാല ഇദ്ദ പൂര്‍ത്തിയായാലാണ് പ്രഥമഘട്ട ത്വലാഖ് നിലവില്‍ വരിക. പ്രഥമഘട്ട ത്വലാഖ് നിലവില്‍ വന്നാല്‍, ഭാര്യ ഭര്‍തൃഗൃഹം ഉപേക്ഷിക്കുകയും സ്വന്തം ഭവനത്തിലേക്ക് മടങ്ങുകയും വേണം. തുടര്‍ന്ന്, പുതിയ വിവാഹം നടത്താം. ത്വലാഖ് ചെയ്ത ആള്‍ തന്നെ വിവാഹത്തിനു സന്നദ്ധമായി മുന്നോട്ടു വന്നാല്‍ അവനുമായും പുതിയ വിവാഹത്തിന് സന്നദ്ധമാകാവുന്നതാണ്.

നിര്‍ഭാഗ്യവശാല്‍ ആദ്യ ഭര്‍ത്താവ് വീണ്ടും ത്വലാഖിനു മുതിരുമ്പോഴാണ് ത്വലാഖിന്റെ ''രണ്ടാംവട്ടം'' സംഭവിക്കുന്നതു തന്നെ. ഒന്നാംവട്ടം പോലെ രണ്ടാം വട്ടവും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. അങ്ങനെ ഒന്നും രണ്ടുംവട്ട ത്വലാഖ് നിയമാനുസൃതം പൂര്‍ത്തിയാക്കിയ ഭര്‍ത്താവ് വീണ്ടും അവളെത്തന്നെ ത്വലാഖ് ചെയ്താല്‍ സംഭവിക്കുന്നതാണ് മൂന്നാമത്തേതും അന്തിമവുമായ ത്വലാഖ്.

ഇതിനെയാണ് മുസ്‌ലിം പുരോഹിതന്മാര്‍ അപകടം പിടിച്ച മുത്ത്വലാഖ് ആക്കി പരിവര്‍ത്തിപ്പിച്ചത്.

ഒറ്റ ഇരിപ്പില്‍ മൂന്നു ത്വലാഖും ഒന്നിച്ച് മൊഴിയുന്നത് ഖുര്‍ആനിനു കടകവിരുദ്ധമാണ്. അതിനാല്‍ മുത്ത്വലാഖ് നിരോധിക്കണമെന്ന ഡോ: പാം രാജ്പുത് സമിതി റിപ്പോര്‍ട്ട്, ഖുര്‍ആനിന്റെ താല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നതും മുസ്‌ലിം സമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്യേണ്ടതുമാണ്. യഥാര്‍ഥത്തില്‍, മുസ്‌ലിം സമൂഹം എന്നോ ആവശ്യപ്പെടേണ്ടതും നടപ്പാക്കാന്‍ മുന്‍കൈ എടുക്കേണ്ടതുമായ വ്യക്തിനിയമ പരിഷ്‌കരണമാണ് മുത്ത്വലാഖ് നിരോധം.

ത്വലാഖ് മൂന്നും ഒന്നിച്ചു മൊഴിയല്‍ നിഷിദ്ധമാണെന്ന് സയ്യിദ് സാഹിബ് വിശ്വപ്രസിദ്ധമായ തന്റെ ഫിഖ്ഹുസ്സുന്നയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാര്യത്തില്‍ പണ്ഡിതലോകത്ത് ഏകാഭിപ്രായമാണെന്നും അദ്ദേഹം രേഖപ്പെടുത്തുന്നു.

പുനരാലോചനക്കും ഖേദം വന്നാല്‍ നിലപാട് തിരുത്തുന്നതിനും അവസരം ലഭിക്കലാണ് ത്വലാഖിന്റെ എണ്ണ വര്‍ധനവിന്റെ ശറഇയ്യായ ന്യായം. മുത്ത്വലാഖ് വീരന്മാര്‍ ഈ ന്യായത്തെയാണ് റദ്ദുചെയ്യുന്നത്. ഇമാം നസാഇ റിപ്പോര്‍ട്ടു ചെയ്യുന്ന ഒരു ഹദീസ് ഇപ്രകാരം വായിക്കാം: ''ഒരു മുത്ത്വലാഖ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ നബി ക്ഷുഭിതനായി. എന്നിട്ട് ചോദിച്ചു: ഞാന്‍ നിങ്ങളുടെ മുമ്പാകെ ജീവനോടെയിരിക്കെത്തന്നെ ഖുര്‍ആന്‍കൊണ്ട് കളിയോ?''

സമുദായം ഒറ്റക്കെട്ടായി ഈ കളി കളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. തിരുത്താന്‍ ചുമതലപ്പെട്ട പണ്ഡിതന്മാര്‍ അക്ഷരനിലപാടില്‍ ഉറച്ചുനിന്ന് ഖുര്‍ആനിന്റെ ആത്മാവ് ഉള്‍ക്കൊള്ളാത്ത ഫത്‌വയും നല്‍കിക്കൊണ്ടിരിക്കുന്നു. ത്വലാഖിന്റെ ഖുര്‍ആനിക ഘട്ടങ്ങള്‍ സമുദായത്തെ പഠിപ്പിക്കാതെ, ആ സൂക്തങ്ങള്‍കൂടി ഓതി പുണ്യം വാങ്ങാനേ ഉലമാക്കള്‍ സമുദായത്തെ പഠിപ്പിച്ചുള്ളൂ. ഇപ്പോള്‍ നമ്മെ തിരുത്താന്‍ ഒരു പുനകമ്മീഷന്‍ വേണ്ടി വന്നു. തിരുത്താന്‍ നാം സന്നദ്ധമായാല്‍ കമ്മീഷന്‍ അര്‍ഥവത്തായി. ഫിഖ്ഹ് ഗ്രന്ഥങ്ങളിലെ അക്ഷരങ്ങളിലും പഴംപുരാണങ്ങളിലും കടിച്ചുതൂങ്ങി സ്ത്രീകളോട് ദ്രോഹം ചെയ്യാനും, ഖുര്‍ആനിനെതിരില്‍ സാക്ഷ്യം വഹിക്കാനുമാണ് നാം തീരുമാനിക്കുന്നതെങ്കില്‍ നമ്മുടെ കാര്യം മഹാകഷ്ടം തന്നെ.

മുത്ത്വലാഖ് അടിയന്തരമായി നിരോധിക്കണം. വ്യക്തിനിയമത്തിലെ മറ്റു പിഴവുകളും തിരുത്താനുള്ള ഫോര്‍മുലക്ക് പണ്ഡിതസംഘം തയ്യാറാക്കണം. ബഹുഭാര്യത്വത്തിന് വ്യക്തമായ പെരുമാറ്റച്ചട്ടം തയ്യാറാക്കണം. ഫസ്ഖ്, ഖുല്‍അ് എന്നീ സ്ത്രീ അധികാരങ്ങള്‍ സ്ത്രീകളെ പഠിപ്പിക്കണം. അതു പ്രയോഗിക്കാന്‍ പാകത്തില്‍ നിയമവും സാഹചര്യവും രൂപപ്പെടുത്തണം. വനിതാ സംഘടനകള്‍, വനിതാ പ്രസിദ്ധീകരണങ്ങള്‍ ഈ രംഗത്ത് ധീരമായി ഇടപെടുകയും വേണം.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media