കൈതച്ചക്ക

ഷംന എന്‍. കെ No image

     കേരളം കൈതച്ചക്കകളാല്‍ സമൃദ്ധമാണെങ്കിലും അതു വേണ്ടവിധം ഉപയോഗിക്കുന്നതില്‍ നാം താല്‍പര്യം കാണിക്കാറില്ല. കൊതിപ്പിക്കുന്ന സ്വാദും മനംമയക്കുന്ന സുഗന്ധവും മുള്ളുകള്‍ക്കുള്ളിലെ മധുരവിരുന്നും കൈതച്ചക്കയുടെ പ്രത്യേകതയാണ്. കേരളത്തില്‍ എറണാകുളം ജില്ലയിലെ വാഴക്കുളത്താണ് കൈതച്ചക്ക കൃഷി ഇപ്പോള്‍ വാണിജ്യാടിസ്ഥാനത്തില്‍ വ്യാപകമായിട്ടുള്ളത്.

ക്യൂ, ക്വീന്‍, മൗറീഷ്യസ് എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ് നമ്മുടെ നാട്ടില്‍ പ്രചാരത്തിലുള്ളത്. മുള്ളില്ലാത്ത ഇനമാണ് ക്യൂ. ഇതിന് മധുരം കുറവാണ്. 20-24 മാസമാണ് ഇതിന്റെ വിളവെടുപ്പുകാലം.

മൗറീഷ്യ എന്ന ഇനം നട്ട് 10-12 മാസംകൊണ്ട് വിളവെടുപ്പ് നടത്താം. ഇലയില്‍ മുള്ളും കടുംമഞ്ഞ നിറവുമാണ് കായ്കള്‍ക്ക്. നല്ല സ്വാദും കേടുകൂടാതെ രണ്ടാഴ്ച വരെ സൂക്ഷിക്കാവുന്നതുമാണ്.

ചെടിയുടെ ചുവട്ടിലെ ഇലകള്‍ തണ്ടുമായി ചേരുന്ന ഭാഗത്തുനിന്ന് പൊട്ടിത്തഴച്ചുവരുന്ന കന്നുകളാണ് നടാനുപയോഗിക്കുന്നത്. ചക്കയുടെ മുകള്‍ഭാഗത്ത് കാണുന്ന മകുടം എന്നിവയും നടാനായി ഉപയോഗിക്കാം.

നടാനായി ഉപയോഗിക്കുന്ന കന്നുകള്‍ ഒരാഴ്ച തണലത്ത് ഉണക്കുന്നത് നല്ലതാണ്. പിന്നീട് താഴത്തെ രണ്ടോ മൂന്നോ ഉണങ്ങിയ ഇലകള്‍ ഇളക്കി മാറ്റിയതിനുശേഷം നടാവുന്നതാണ്. കേരളത്തില്‍ മെയ്-ജൂണ്‍ മാസമാണ് നടാന്‍പറ്റിയ സമയം. നല്ല മഴ ഉള്ളപ്പോള്‍ നടാതിരിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ ഓഗസ്റ്റ് മാസത്തിലും നടാവുന്നതാണ്. വീട്ടുവളപ്പില്‍ അതിരുകളിലോ മതിലിനോടുചേര്‍ന്നോ തെങ്ങിന്റെ ഇടയില്‍ ഇടവിളയായോ പൈനാപ്പിള്‍ നടാം.

കൃഷിസ്ഥലം നന്നായി ഉഴുതുമറിച്ചതിനുശേഷം വീതിയുള്ള ചാലുകള്‍ കീറിയോ കുഴി എടുത്തോ തടങ്ങളൊരുക്കാം. 90 സെന്റി മീറ്റര്‍ വീതിയിലും 30 സെന്റി മീറ്റര്‍ വരെ ആഴത്തിലും സൗകര്യപ്രദമായ നീളത്തിലും ചാലുകള്‍ ഉണ്ടാക്കണം.

തയ്യാറാക്കിയ ഓരോ ചാലിലും രണ്ടുവരിയായിട്ടാണ് കന്നുകള്‍ നടേണ്ടത്. വരികള്‍ തമ്മില്‍ 70 സെന്റി മീറ്ററും ചെടികള്‍ തമ്മില്‍ 30 സെന്റി മീറ്ററും അകലം നല്‍കണം. കുഴികളില്‍ മണ്ണിര കമ്പോസ്റ്റ് അല്ലെങ്കില്‍ കാലിവളം, കടലപിണ്ണാക്ക് എന്നിവ മേല്‍മണ്ണിനോടൊപ്പം ചേര്‍ത്തുനിറക്കുക. കന്നുകള്‍ 10 സെന്റി മീറ്റര്‍ വരെ ആഴത്തിലാണ് നടേണ്ടത്. വേനല്‍കാലത്ത് നനച്ചുകൊടുക്കുന്നത് വിളവ് കൂട്ടും.

ആദ്യവിളവെടുപ്പിനുശേഷം രണ്ടു വിളകള്‍കൂടി എടുക്കാം. ചക്ക മുളക്കുമ്പോള്‍തന്നെ ചെടിയുടെ അടിയില്‍നിന്ന് പുതിയ കന്നുകള്‍ വളര്‍ന്നുവരുന്നത് കാണാം. ചക്ക പറിക്കുന്നതോടെ ഇവ കരുത്തോടെ വളര്‍ന്നുതുടങ്ങും. വിളവെടുത്ത ചെടിയുടെ ചുവട്ടില്‍നിന്ന് ഇലകള്‍ കളഞ്ഞ് രണ്ടു കന്നുകള്‍ നിലനിര്‍ത്തി ബാക്കിയുള്ളത് മാറ്റേണ്ടതാണ്. ആദ്യവിളകള്‍ക്ക് നല്‍കിയ പരിചരണങ്ങള്‍ കുറ്റിവിളക്കും നല്‍കണം.

കൈതച്ചക്കക്ക് കീട-രോഗബാധ പൊതുവെ കുറവാണ്. മീലിമുട്ടയുടെ ഉപദ്രവം പൊതുവെ കാണാറുണ്ട്. തോട്ടത്തില്‍കാണുന്ന പുല്ലും മറ്റു കളകളും നശിപ്പിച്ചു കളയുകയാണെങ്കില്‍ മീലിയുടെ ശല്യം കുറക്കാം. വെര്‍ട്ടിസീലിയം എന്ന ജീവാണുകീടനാശിനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെന്ന അളവില്‍ തളിച്ച് ഇതിനെ നിയന്ത്രിക്കാം. കൂമ്പുചീയല്‍ കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം രോഗബാധയുള്ള ചെടിച്ചുവട്ടില്‍ മണ്ണിലേക്ക് ഒഴിച്ചുകൊടുക്കുക. രോഗം വന്ന ചെടികള്‍ തണ്ടോടുകൂടി പിഴുതുമാറ്റേണ്ടതാണ്.

കൈതച്ചക്കയുടെ ഔഷധഗുണങ്ങള്‍

കൈതച്ചക്കകൊണ്ട് അച്ചാര്‍, ജാം, സ്‌ക്വാഷ്, ഹല്‍വ, ജ്യൂസ് എന്നിവ ഉണ്ടാക്കാവുന്നതാണ്.

കൈതച്ചക്ക തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അരച്ചെടുത്തതിനുശേഷം പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ നന്നായി ഇളക്കി പാകപ്പെടുത്തുക. ജാം പരുവമാകുമ്പോള്‍ നാരങ്ങാനീര് അല്ലെങ്കില്‍ സിട്രിക് ആസിഡ് ചേര്‍ത്തിളക്കി അടുപ്പില്‍നിന്ന് മാറ്റിവെക്കുക. ഈര്‍പ്പമില്ലാത്ത കുപ്പിയില്‍ നിറച്ച് സൂക്ഷിക്കാം.

മൂത്തുപഴുത്ത ചക്ക ചെറിയ കഷ്ണങ്ങളാക്കി വെയിലില്‍ ഉണക്കുക. നീര് വറ്റിയതിനുശേഷം ഭരണിയില്‍ അട്ടിയായി അടുക്കി മീതെ പഞ്ചസാര വിതറുക. വായുകടക്കാതെ അടച്ചുവെച്ചാല്‍ കുറച്ചുനാള്‍ കേടുവരാതെ സൂക്ഷിക്കാം. ഭക്ഷണത്തിനുശേഷം ഇത് കുറച്ചു കഴിച്ചാല്‍ ദഹനം ലഭിക്കും.

കൊക്കകുര, വില്ലന്‍ചുമ എന്നീ രോഗങ്ങള്‍ക്ക് ഔഷധമായും ചക്ക ഉപയോഗിക്കാവുന്നതാണ്. നല്ലപോലെ മൂത്തുപഴുത്ത കൈതച്ചക്ക തൊലികളഞ്ഞ് ചെറുതായി നുറുക്കി ചതച്ച് നീരെടുക്കുക. ഇതില്‍ 100 ഗ്രാം കല്‍ക്കണ്ടം ചേര്‍ത്ത് തിളപ്പിക്കുക. വെള്ളംവറ്റി കുറുകി വരുമ്പോള്‍ പച്ച കര്‍പ്പൂരം, ഗോരോചനം, ചെറുതിപ്പല്ലി, കൊട്ടം എന്നിവ ചേര്‍ത്തിളക്കി സൂക്ഷിക്കുക. ഇതില്‍നിന്ന് അഞ്ചോ പത്തോ ഗ്രാം വീതം കുട്ടികള്‍ക്ക് തുടര്‍ച്ചയായി രണ്ടാഴ്ച കൊടുത്താല്‍ വില്ലന്‍ചുമക്ക് ആശ്വാസം കിട്ടും. കുളിക്കുകയോ വെയില്‍കൊള്ളുകയോ ചെയ്യരുത്. മോര്, തൈര്, പച്ചവെള്ളം എന്നിവ ഉപയോഗിക്കരുത്.

കൈതയുടെ ഓല കുത്തി പിഴിഞ്ഞെടുത്ത നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുത്താല്‍ കൃമികളെ അകറ്റാന്‍ പറ്റും.

കൈതച്ചക്കയില്‍ ബ്രൊമിലിന്‍ എന്ന എന്‍സൈമുണ്ട്. ഇത് ദഹനപ്രക്രിയയെ ത്വരിതപ്പെടുത്താന്‍ സഹായിക്കും. കൈതച്ചക്കയില്‍ പൊട്ടാസ്യം അധികമുള്ളതിനാല്‍ വൃക്കസംബന്ധമായ കുഴപ്പങ്ങള്‍ക്ക് ആശ്വാസമേകും.

ഗര്‍ഭിണികള്‍ പച്ചച്ചക്ക ഉപയോഗിച്ചാല്‍ ഗര്‍ഭം അലസുവാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ ഗര്‍ഭകാലത്ത് കൈതച്ചക്ക ഉപയോഗിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

പുകവലിയുടെ ദൂഷ്യഫലങ്ങള്‍ കുറെയെല്ലാം പരിഹരിക്കുവാന്‍ ഈ മധുരഫലത്തിന് അതുല്യമായ കഴിവുണ്ട്. കൂടാതെ വിറ്റാമിന്‍ സി.യുടെ കുറവ് പരിഹരിക്കുകയും ചെയ്യും.

ഏതായാലും ഇത്രയധികം മധുരവും ഗുണങ്ങളും ഉള്‍ക്കൊള്ളുന്ന ഈ കനി ആസ്വദിക്കുമ്പോള്‍ നാം നന്ദിപൂര്‍വം സ്മരിക്കേണ്ടത് അമേരിക്ക കണ്ടുപിടിച്ച കൊളംബസിനെയാണ്. അദ്ദേഹം തന്റെ മടക്കയാത്രയില്‍ വെസ്റ്റിന്‍ഡീസില്‍ നിന്നാണ് ഇതു കണ്ടെത്തിയത്. ഇത് മറ്റുരാജ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.

പൈപ്പ് കമ്പോസ്റ്റ്

അടുക്കളയിലെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ച് ജൈവവളം നിര്‍മിക്കുന്നതിന് ഏറ്റവും എളുപ്പമുള്ള വഴിയാണ് പൈപ്പ് കമ്പോസ്റ്റ്. വീടുകളിലെ മാലിന്യങ്ങള്‍ ഇതുമൂലം സംസ്‌കരിച്ച് പരിസരങ്ങള്‍ ശുചിത്വമുള്ളതാക്കുന്നു. ലളിതമായ രീതിയില്‍ കമ്പോസ്റ്റുകള്‍ ഉണ്ടാക്കാം എന്നതാണ് പൈപ്പ് കമ്പോസ്റ്റിന്റെ പ്രത്യേകത.

ഇതിനുവേണ്ടത് 1.20 മീറ്റര്‍ നീളവും എട്ടിഞ്ച് വ്യാസവുമുള്ള രണ്ട് പി.വി.സി പൈപ്പാണ്. പൈപ്പിന്റെ രണ്ടറ്റത്തും നാല് തുളകള്‍വീതം ഇടണം. ഇത് പൈപ്പില്‍ ഉണ്ടാകുന്ന അധികജലം ഒഴിവാക്കുന്നതിനു വേണ്ടിയാണ്. പൈപ്പ് അടുക്കളയുടെ സമീപത്തോ കൃഷിയിടങ്ങളിലോ സ്ഥാപിക്കുക. പൈപ്പിന്റെ അടിഭാഗം ഏകദേശം 30 സെന്റി മീറ്ററോളം മണ്ണില്‍ കുഴിച്ചിടണം. പൈപ്പിന്റെ മുകള്‍ഭാഗം ചട്ടി, ടൈലിന്റെ കഷ്ണം അല്ലെങ്കില്‍ മരക്കഷ്ണം എന്നിവ ഉപയോഗിച്ച് അടക്കണം. ഇനി നിങ്ങള്‍ക്ക് കമ്പോസ്റ്റ് യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാം.

ഓരോ ദിവസവും ഉണ്ടാക്കുന്ന അടുക്കള മാലിന്യങ്ങള്‍ ഈ പൈപ്പ് കുറ്റിയില്‍ നിക്ഷേപിച്ച് മൂടിവെക്കുക. അതില്‍ ബാക്ടീരിയകള്‍ സ്വയം പെരുകി മാലിന്യത്തെ സംസ്‌കരിച്ച്‌കൊള്ളും. ആഹാര അവശിഷ്ടം, പച്ചക്കറി അവശിഷ്ടം, മത്സ്യം, മാംസം, ഉണക്കയില തുടങ്ങിയവ ചെറുതായി മുറിച്ചിട്ട് പൈപ്പില്‍ നിക്ഷേപിക്കണം. ഇടക്കിടെ ചാണകവെള്ളമോ ചൂടുള്ള കഞ്ഞിവെള്ളമോ പുളിപ്പിച്ച മോരോ ഖരമാലിന്യത്തിന്റെ കൂടെ തളിക്കുന്നത് കമ്പോസ്റ്റിങ് പ്രക്രിയ ത്വരിതപ്പെടുത്തും. ദിവസം ഒരു കിലോഗ്രാം ജൈവമാലിന്യം വീതം 60 ദിവസത്തേക്ക് നിക്ഷേപിക്കാന്‍ ഒരു പൈപ്പ് മതിയാകും. അടുത്ത രണ്ടുമാസം പൈപ്പിനകത്ത് കമ്പോസ്റ്റ് രൂപപ്പെടുത്തുന്നതിനുള്ള സമയമാണ്. ഈ സമയത്തുണ്ടാവുന്ന ജൈവമാലിന്യം രണ്ടാമത്തെ പൈപ്പില്‍ നിക്ഷേപിക്കാം. കമ്പോസ്റ്റിങ് പൂര്‍ത്തീകരിച്ച പൈപ്പ് പുറത്ത് വലിച്ചെടുത്ത് അതിലുള്ള കമ്പോസ്റ്റ് ഒരു കമ്പ് ഉപയോഗിച്ച് പുറത്തേക്കു തള്ളി വളമായി ഉപയോഗിക്കാം. വീണ്ടും ഈ പൈപ്പ് തിരികെ മണ്ണില്‍ നിര്‍ത്തി മാലിന്യം നിക്ഷേപിക്കാം. ഓരോ രണ്ടുമാസം കൂടുമ്പോഴും ഓരോ കുറ്റി ജൈവവളം നിങ്ങള്‍ക്കു ലഭിക്കും. ഇത് ഒന്നാന്തരം വളമാണ്. അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും പൂന്തോട്ടത്തിലും ഈ വളം ഉപയോഗിക്കാം.

ഏറ്റവും കുറച്ചു സ്ഥലം മതി എന്നതാണ് ഈ കമ്പോസ്റ്റിന്റെ പ്രത്യേകത. വീട്ടില്‍നിന്ന് പുറംതള്ളുന്ന എല്ലാ മാലിന്യങ്ങളും കമ്പോസ്റ്റാക്കാന്‍ ഈ പൈപ്പ് കമ്പോസ്റ്റിങിലൂടെ കഴിയും. നമുക്ക് ആവശ്യമുള്ള വളം ഇതിലൂടെ ലഭിക്കുന്നതാണ് പൈപ്പ് കമ്പോസ്റ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണം.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top