അര്‍ഥപൂര്‍ണമായ ഉപമ

ശൈഖ് മുഹമ്മദ് കാരകുന്ന്
2015 സെപ്തംബര്‍
''ആര്‍ത്തവത്തെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: 'അത് വിഷമകരമാണ്. അതിനാല്‍ ആര്‍ത്തവ വേളകളില്‍

ഖുര്‍ആനിലെ സ്ത്രീ 8

      ''ആര്‍ത്തവത്തെ സംബന്ധിച്ച് അവര്‍ നിന്നോടു ചോദിക്കുന്നു. പറയുക: 'അത് വിഷമകരമാണ്. അതിനാല്‍ ആര്‍ത്തവ വേളകളില്‍ നിങ്ങള്‍ സ്ത്രീകളുമായുള്ള ലൈംഗിക ബന്ധത്തില്‍നിന്നകന്നു നില്‍ക്കുക. ശുദ്ധിയാകുംവരെ അവരെ സമീപിക്കരുത്. അവര്‍ ശുദ്ധിയായാല്‍ അല്ലാഹു നിങ്ങളോടാജ്ഞാപിച്ച പോലെ നിങ്ങളവരെ സമീപിക്കുക. അല്ലാഹു പശ്ചാത്തപിക്കുന്നവരെ സ്‌നേഹിക്കുന്നു. വിശുദ്ധി വരിക്കുന്നവരെയും അവനിഷ്ടപ്പെടുന്നു. നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് നിങ്ങളുടെ കൃഷിയിടങ്ങളെ സമീപിക്കാവുന്നതാണ്. എന്നാല്‍ നിങ്ങളുടെ ഭാവിക്കുവേണ്ടത് നിങ്ങള്‍ നേരത്തെ തന്നെ ചെയ്തുവെക്കണം. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അറിയുക: നിങ്ങള്‍ അവനുമായി കണ്ടുമുട്ടുക തന്നെ ചെയ്യും. സത്യവിശ്വാസികളെ ശുഭവാര്‍ത്ത അറിയിക്കുക.'' (ഖുര്‍ആന്‍ 2: 222-223)

ഈ വിശുദ്ധവചനത്തിലൂടെ ഖുര്‍ആന്‍ സ്ത്രീയെ അചേതനമായ വസ്തുവോടുപമിച്ചിരിക്കുന്നുവെന്ന് ചില ഇസ്‌ലാം വിമര്‍ശകര്‍ ആരോപിക്കാറുണ്ട്: ഒട്ടും കാല്‍പനികതയില്ലാത്ത; ഭാവനയെയും സാഹിത്യത്തെയും സംബന്ധിച്ച് ഒന്നുമറിയാത്തവരെ ഇത്തരം ആക്ഷേപങ്ങളുന്നയിക്കുകയുള്ളൂ. മലയാള കവിതകളിലും പാട്ടുകളിലും കഥകളിലും നോവലുകളിലുമെല്ലാം സ്ത്രീയെ കുയിലിനോടും മയിലിനോടും മാന്‍പേടയോടുമൊക്കെ ഉപമിക്കാറുണ്ട്. സ്ത്രീയുടെ മുഖത്തെ ചന്ദ്രനോടും. സാഹിത്യത്തില്‍ എന്തൊക്കെ കാല്‍പനിക പ്രയോഗങ്ങളുണ്ട്.

കര്‍ഷകനും കൃഷിയിടവും തമ്മിലുള്ള ബന്ധം എത്രമാത്രം വൈകാരികവും ഗാഢവുമാണെന്ന് കര്‍ഷകര്‍ക്കേ അറിയൂ. കര്‍ഷകന്‍ എവിടെയായിരുന്നാലും തന്റെ വിചാരവികാരങ്ങളും സ്വപ്‌നങ്ങളും സങ്കല്‍പങ്ങളുമൊക്കെ അതുമായി കെട്ടുപിണഞ്ഞതായിരിക്കും. കൃഷിയിടം കാണാന്‍ സദാ കൊതിച്ചുകൊണ്ടിരിക്കും. അത് കാണുന്നത് അത്യധികം ആഹ്ലാദകരവും കൗതുകകരവുമായിരിക്കും. കൃഷിയിടത്തിന്റെ സംരക്ഷണത്തില്‍ അതീവ ജാഗ്രത പുലര്‍ത്തും. അതിനു പോറലൊന്നും പറ്റാതിരിക്കാന്‍ സദാ ശ്രദ്ധിക്കുകയും ശ്രമിക്കുകയും ചെയ്യും. കര്‍ഷകനും കൃഷിയിടവും തമ്മിലുള്ള ഈ ഗാഢബന്ധം കാരണമാണ് ഖുര്‍ആന്‍ ഭൂമിയിലെയും സ്വര്‍ഗത്തിലെയും സകലസൗഭാഗ്യങ്ങളെയും നേട്ടങ്ങളെയും വിജയങ്ങളെയും കൃഷിയോടുപമിച്ചത്. അല്ലാഹു പറയുന്നു:

''വല്ലവനും പരലോകത്തെ വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ നാമവന് അത് സമൃദ്ധമായി നല്‍കും. ആരെങ്കിലും ഇഹലോക വിളവാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവന് നാമതും നല്‍കും. അപ്പോഴവന് പരലോക വിഹിതമൊട്ടുമുണ്ടാവില്ല.'' (42:20)

ഇവിടെ ഖുര്‍ആന്‍ ഇരുലോക വിളവിനുമുപയോഗിച്ചത് സ്ത്രീക്കുള്ള ഉപമയായി ഉപയോഗിച്ച ''ഹര്‍സ്'' എന്ന പദം തന്നെയാണ്.

ഖുര്‍ആന്‍ കൃഷിയെ മനുഷ്യരാശിയോട് ചേര്‍ത്തു പറയുകയും അതിനെ നശിപ്പിക്കുക സത്യത്തിന്റെ കൊടിയ ശത്രുക്കളാണെന്നു പഠിപ്പിക്കുകയും ചെയ്യുന്നു: ''ചില മനുഷ്യരുണ്ട്. ഐഹികജീവിതത്തെ സംബന്ധിച്ച അവരുടെ സംസാരം നിന്നില്‍ കൗതുകമുണര്‍ത്തും. തങ്ങളുടെ ഉദ്ദേശ്യശുദ്ധി ബോധ്യപ്പെടുത്താന്‍ അവര്‍ അല്ലാഹുവെ സാക്ഷിനിര്‍ത്തും. വാസ്തവത്തിലവര്‍ സത്യത്തിന്റെ കൊടുംവൈരികളത്രെ. അധികാരം ലഭിച്ചാല്‍ അവര്‍ ശ്രമിക്കുക ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനാണ്. കൃഷിനാശം വരുത്താനും മനുഷ്യകുലത്തെ നശിപ്പിക്കാനുമാണ്. എന്നാല്‍ അല്ലാഹു കുഴപ്പം ഇഷ്ടപ്പെടുന്നില്ല.'' (2: 204-205)

ഖുര്‍ആന്‍ ആണിനെയും പെണ്ണിനെയും വസ്ത്രത്തോടും ഉപമിച്ചിരിക്കുന്നു. മനുഷ്യന്‍ നെയ്തുണ്ടാക്കുന്ന വസ്ത്രമാണോ സ്ത്രീയും പുരുഷനുമെന്നും അങ്ങാടിയില്‍നിന്ന് വാങ്ങാന്‍ കിട്ടുന്ന വസ്ത്രത്തോടാണ് ഖുര്‍ആന്‍ മനുഷ്യനെ ഉപമിച്ചതെന്നും പറയുന്നതുപോലെയാണ് കൃഷിയിടമെന്നതിന്റെ നേരെ ഉയര്‍ത്തുന്ന വിമര്‍ശനം. അല്ലാഹു പറയുന്നു: ''നോമ്പിന്റെ രാവില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള ലൈംഗികബന്ധം നിങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കുള്ള വസ്ത്രമാണ്. നിങ്ങള്‍ അവര്‍ക്കുള്ള വസ്ത്രവും.'' (2:187)

വസ്ത്രത്തിന് ഒട്ടേറെ ധര്‍മങ്ങളുണ്ട്. നഗ്നത മറക്കല്‍, ചൂടില്‍നിന്നും തണുപ്പില്‍നിന്നും മോചനമേകല്‍, രഹസ്യം സൂക്ഷിക്കല്‍, അലങ്കാരം തുടങ്ങിയ നിരവധി നിയോഗങ്ങളുണ്ട്. വ്യക്തിത്വ രൂപീകരണത്തിലും അത് അനല്‍പമായ പങ്കുവഹിക്കുന്നു. കൃഷിയിടവും ഇവ്വിധം തന്നെ. 

സ്ത്രീ-പുരുഷ ലൈംഗികബന്ധം വൈകാരികാനുഭൂതിക്കു മാത്രമല്ല; മനുഷ്യവംശം നിലനില്‍ക്കാനുള്ള സന്താനോല്‍പാദനത്തിനു കൂടിയാണ്. ഖുര്‍ആന്‍ സ്ത്രീയെ കൃഷിയിടത്തോടുപമിച്ചത് ആ തലത്തില്‍ കൂടിയാണ്. ഉല്‍പാദനക്ഷമതയുമായി ബന്ധപ്പെട്ടുകൂടിയാണെന്നര്‍ഥം.

ഇതിനെ വിമര്‍ശിക്കുന്നവര്‍ പ്രഭാതോദയത്തെ സൂചിപ്പിച്ച് ''വെളുത്ത നൂല്‍ കറുത്ത നൂലില്‍നിന്ന് വ്യക്തമാകുന്നതുവരെ'' എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ തലയണക്കടിയില്‍ കറുത്തനൂലും വെളുത്തനൂലും കൊണ്ടുപോയി വെച്ചവരുടെ വിതാനത്തിലാണ്. അതിനാലാണ് സ്‌ത്രൈണതയുടെ സവിശേഷതയെയും അനുഗ്രഹത്തെയും സൂചിപ്പിക്കുന്ന കൃഷിയിടത്തോടുപമിച്ചത് മനസ്സിലാകാതെ പോയത്. 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media