അപസ്മാരം കുട്ടികളില്‍ - ചികിത്സയും പരിഹാരങ്ങളും

ഡോ: ഷനീബ് സി.എച്ച് (BUMS) No image

       കുട്ടികളില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന രോഗങ്ങളില്‍ പ്രധാനിയാണ് അപസ്മാരം. ഏതാണ്ട് ആയിരത്തില്‍ അഞ്ചുപേര്‍ക്ക് അപസ്മാരം ഉണ്ടാകുന്നു. അതില്‍ അഞ്ചില്‍ മൂന്നും കാണപ്പെടുന്നത് കുഞ്ഞുങ്ങളിലാണ്. കുട്ടിക്കാലത്തു മാത്രം കണ്ടുവരുന്ന ചില അപസ്മാരങ്ങളുണ്ട്. ഇവ ഒരു പ്രായമെത്തുന്നതോടെ തനിയെ ഇല്ലാതാവുകയും ചെയ്യും. എന്നാല്‍ ചുരുക്കം ചില അപസ്മാരങ്ങള്‍ കുട്ടിക്കാലത്തു ചികിത്സിച്ചു ഭേദമാക്കിയില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകാറുണ്ട്. അതിനാല്‍ വ്യക്തമായി രോഗനിര്‍ണയം നടത്തി ചികിത്സിച്ചു ഭേദമാക്കപ്പെടേണ്ട രോഗമാണ് അപസ്മാരം. വ്യക്തമായ ചികിത്സയും പരിഹാരങ്ങളും ശാസ്ത്രീയമായി തന്നെ ഇന്നു നിലവിലുണ്ട്.

അപസ്മാരത്തെ കുറിച്ച് ചരിത്രാതീതകാലത്തേ ഒരുപാട് അന്ധവിശ്വാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ദൈവിക വെളിപാട് ലഭിച്ചവരായും ബാധയുള്ളവരായും സമൂഹം ഇത്തരക്കാരെ വിലയിരുത്തുന്ന ഒരുകാലം ഉണ്ടായിരുന്നു. യൂനാനി വൈദ്യശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ബുഖ്‌റാത്ത് (ഹിപ്പോക്രാറ്റ്‌സ്) ആണ് ആദ്യമായി ഈ രോഗത്തെ ദൈവികതയില്‍നിന്നും പൈശാചികതയില്‍നിന്നും എടുത്തുമാറ്റി ശാസ്ത്രീയ വിശകലനം നല്‍കിയിട്ടുള്ളത്. എന്നാല്‍കൂടിയും ഈ കാലത്തും ഒട്ടനവധി മിഥ്യാധാരണങ്ങള്‍ അപസ്മാരത്തെ ചുറ്റിപ്പറ്റിയുണ്ട്. വളരെയടുത്തു നടന്ന ഒരു പഠനത്തില്‍ അധിക പേരും അപസ്മാരത്തെ ഒരു പാരമ്പര്യരോഗമായി മനസ്സിലാക്കുന്നു. വിദ്യാസമ്പന്നത നടിക്കുന്ന നമ്മുടെ നാട്ടില്‍ ഒട്ടുമിക്ക ആളുകളും അപസ്മാരത്തെ മാനസിക രോഗമായി കണക്കാക്കുന്നു എന്നുള്ളതാണ് മറ്റൊരു പഠനം വ്യക്തമാക്കുന്നത്. ഇതെല്ലാം തികച്ചും അബദ്ധധാരണകള്‍ മാത്രമാണെന്ന് ആദ്യമേ പറയട്ടെ. ഈ രോഗം തികച്ചും മസ്തിഷ്‌ക രോഗങ്ങളില്‍ പെട്ട ഒന്നാണ്.

അപസ്മാരം ഉണ്ടാകുന്നത്

ശരീരത്തില്‍ ഏറ്റവും പ്രധാനവും ജീവല്‍പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതുമായ ചര്‍മകേന്ദ്രമാണ് മസ്തിഷ്‌കം. കോടിക്കണക്കിന് ന്യൂറോണ്‍സും സിരാകോശങ്ങളും ചേര്‍ന്നതാണ് മസ്തിഷ്‌കം. കുട്ടികളില്‍ മസ്തിഷ്‌കത്തിലെ പലഭാഗങ്ങള്‍ വ്യക്തമായ രീതിയില്‍ പൂര്‍ണവളര്‍ച്ച പ്രാപിച്ചുവരുന്നത് കൃത്യമായ ഇടവേളകളിലാണ്. അപസ്മാര രോഗികളുടെ മസ്തിഷ്‌കത്തില്‍നിന്നും ആവേഗങ്ങളെ ശരീരത്തില്‍ എത്തിക്കുന്നത് ഒരു വൈദ്യുതകാന്തിക സ്പന്ദനങ്ങളായിട്ടാണ്. മസ്തിഷ്‌ക കോശങ്ങളില്‍ ചില ഘട്ടങ്ങളില്‍ ഉണ്ടാകുന്ന അമിത പ്രവര്‍ത്തനഫലമായി അധിക വൈദ്യുതപ്രവാഹമുണ്ടാകുന്നു. അത് മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളുടെ ഏകോപനം തടസപ്പെടുത്തുന്നു. അങ്ങനെ അപസ്മാരം എന്ന രോഗാവസ്ഥ ഉണ്ടാകുന്നു.

കുട്ടികളില്‍ സാധാരണയായി കണ്ടുവരുന്ന അപസ്മാരത്തെ മൂന്നായി തരം തിരിക്കുന്നു.

1. ലഘു അപസ്മാരം

2. അഭാവസന്നി

3. വിഭിന്ന അപസ്മാരം

1. ലഘു അപസ്മാരം

കുട്ടികളില്‍ സര്‍വസാധാരണയായി കണ്ടുവരുന്നതാണിത്. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ വ്യക്തമായ വളര്‍ച്ച പ്രാപിക്കുന്നതിനു മുമ്പ് സംഭവിക്കുന്ന വൈദ്യുത വിസ്‌ഫോടനത്തിന്റെ ഫലമായി ജീവിതത്തില്‍ ഒരിക്കല്‍ സംഭവിക്കുന്നതാണ്. ഇതു കുട്ടികളില്‍ സാധാരണയായി ഈര്‍പ്പം വര്‍ധിക്കുന്നതുമൂലം ആന്തരിക കലകളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. അതു മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുന്നു. അതുമൂലം ശരീരത്തിന്റെ അവസ്ഥയിലുണ്ടാക്കാവുന്ന വ്യതിചലനം അപസ്മാരത്തിലെത്തിക്കുന്നു. ഗര്‍ഭസ്ഥ ശിശുക്കള്‍ തുടങ്ങി പത്തുവയസ്സു വരെയുള്ള കുഞ്ഞുങ്ങളിലാണ് ലഘുഅപസ്മാരം കണ്ടുവരുന്നത്. കുറച്ചുസമയം ബോധരഹിതമായിപ്പോവുക എന്നതാണ് പ്രധാനലക്ഷണം. അതിനുശേഷം രോഗി സാധാരണ അവസ്ഥയിലേക്കു തിരിച്ചുവരുന്നു. ഇത് വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുവെങ്കില്‍ കൂടുതല്‍ ടെസ്റ്റുകളിലേക്ക് നീങ്ങേണ്ടതുണ്ട്.

2. അഭാവസന്നി:

ഇത് കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടുവരുന്നതാണ്. വായിച്ചുകൊണ്ടിരിക്കുമ്പോള്‍, ടി.വി കണ്ടുകൊണ്ടിരിക്കുമ്പോള്‍, ഭക്ഷണം കഴിക്കുമ്പോള്‍ ഏതാനും നിമിഷത്തേക്ക് ശ്രദ്ധ നഷ്ടപ്പെടുന്ന അവസ്ഥയാണ് അഭാവസന്നി. ഇത് ഒരുതരം അപസ്മാരമായി ആരും പരിഗണിക്കാറില്ല. പലപ്പോഴും ഇത്തരം അപസ്മാരം ഗുരുതരമായ മാനസിക സംഘര്‍ഷങ്ങള്‍ക്ക് കാരണമായേക്കാം. അതിനു വ്യക്തമായ ചികിത്സയും നിലവിലുണ്ട്.

3. വിഭിന്ന അപസ്മാരം

സാധാരണ സ്വഭാവവൈകല്യങ്ങളായി കണക്കാക്കുന്ന അമിതവാശി, ദേഷ്യം, വികൃതി തുടങ്ങിയവയെ അപസ്മാര ലക്ഷണത്തിലാണ് യുനാനി വൈദ്യശാസ്ത്രം ഉള്‍പ്പെടുത്തുന്നത്. നിര്‍ത്താതെ കരയുക, ശരീരം നീലനിറമാവുക, കുട്ടികള്‍ കൂട്ടുകാരെയും ബന്ധുക്കളെയും അമിതമായി ആക്രമിക്കുക എന്നിവ ഇതിന്റെ ലക്ഷണങ്ങളില്‍ പെടുന്നു.

കൂടാതെ തലച്ചോറില്‍ സംഭവിക്കുന്ന രോഗാവസ്ഥകള്‍ വളരെ ക്രമമായ രീതിയില്‍ കണ്ടെത്തുകയും ശേഷം കൃത്യമായ കാലഘട്ടത്തില്‍ ഔഷധങ്ങള്‍ കഴിക്കുകയും ചെയ്യുന്നതോടെ അപസ്മാരം നിയന്ത്രിക്കപ്പെടുന്നതാണ്.

ലക്ഷണങ്ങള്‍

നിര്‍ത്താതെയുള്ള കരച്ചില്‍, ശരീരം നീലനിറമാവുക, കൈകാലുകള്‍ക്ക് ബലം വരിക, വായില്‍നിന്നും നുരയും പതയും വരിക. പല്ലുകള്‍ കൂട്ടിക്കടിക്കുക, അതില്‍പെട്ട് നാവില്‍ മുറിവുണ്ടാകുക, രോഗത്തിന്റെ തീവ്രതയില്‍ രോഗി മലമൂത്ര വിസര്‍ജനം നടത്തുക, കണ്ണുകള്‍ മുകളിലേക്കാവുക, ബോധം മറയുക, നിലത്തുകിടന്ന് ഉരുളുക, അസാധാരണ ചേഷ്ടകള്‍ കാണിക്കുക, ഛര്‍ദിക്കുക.

കുറച്ചു മിനുറ്റുകള്‍ക്കുശേഷം കുട്ടികള്‍ക്ക് ദീര്‍ഘനിദ്ര അനുഭവപ്പെടും. ഉറക്കത്തില്‍ ഉണര്‍ന്നാല്‍ ചുരുക്കം ചിലര്‍ക്ക് തലവേദന, ശരീരവേദന എന്നിവ അനുഭവപ്പെടാം. പിന്നീട് പൂര്‍വസ്ഥിതിയില്‍ ആകുന്നു.

അപസ്മാര ലക്ഷണങ്ങള്‍ പ്രകടമാകുന്ന സമയത്ത് താക്കോല്‍ നല്‍കുന്ന ഒരു രീതി പണ്ടുമുതലേ നിലവിലുണ്ട്. ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ല. രോഗിക്ക് പൂര്‍ണവിശ്രമം ഉറപ്പുവരുത്തുക. നിദ്രയില്‍ അകപ്പെട്ട രോഗിയെ വിളിച്ചുണര്‍ത്താന്‍ ശ്രമിക്കാതെ പരിപൂര്‍ണ നിദ്ര പ്രദാനം ചെയ്യുക.

അപസ്മാരത്തിന്റെ കാരണങ്ങള്‍:

അപസ്മാരത്തിന്റെ കാരണത്തിലേക്കു നയിക്കുന്ന അമിത വൈദ്യുതപ്രവാഹത്തിന്റെ നിദാനം ഇന്നും വ്യക്തമല്ല. എങ്കിലും അപസ്മാര ബാധക്ക് കാരണങ്ങള്‍ നിരവധി ഉണ്ട്.

-ഗര്‍ഭാവസ്ഥയിലോ ജനനസമയത്തോ ശിശുവിന്റെ മസ്തിഷ്‌കത്തിന് ക്ഷതം സംഭവിക്കുക.

-മസ്തിഷ്‌ക പഴുപ്പ് (മെനിന്‍ജൈറ്റിസ്), എന്‍സെഫലൈറ്റിസ് തുടങ്ങിയ മസ്തിഷ്‌ക രോഗങ്ങള്‍.

-തലച്ചോറിലുള്ള രക്തക്കുഴലുകള്‍ പൊട്ടുക.

-കുട്ടികളില്‍ അമിതമായി ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ കഫ ജന്യമായ അവസ്ഥകൊണ്ടും അപസ്മാരം സംഭവിക്കുന്നു.

-പോഷകാഹാരത്തിന്റെ കുറവുകൊണ്ട് മസ്തിഷ്‌ക വളര്‍ച്ച കുറയുക.

-മസ്തിഷ്‌കത്തിലേക്ക് രക്തപ്രവാഹം കുറയുക.

-പക്ഷാഘാതം

രോഗനിര്‍ണയം

കുട്ടികളിലെ അപസ്മാരം നിര്‍ണയിക്കാന്‍ ചില രീതികള്‍ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.

1. ഇ.ഇ.ജി

അപസ്മാരത്തെ ശരിയായി നിര്‍ണയിക്കാന്‍ വളരെ പ്രധാനമുള്ള പരിശോധനയാണ് ഇക്ട്രോ എന്‍സെഫലോ ഗ്രാഫ് (ഇ.ഇ.ജി). മസ്തിഷ്‌ക കോശപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ലഘുവായ തോതിലുള്ള വൈദ്യുതിപ്രവാഹത്തെ രേഖപ്പെടുത്തുവാന്‍ ഇ.ഇ.ജിക്ക് കഴിയുന്നു. അവ ഗഹനമായി പഠനം നടത്തിയാണ് രോഗം നിര്‍ണയിക്കുന്നത്.

2. സി.ടി സ്‌കാനും എം.ആര്‍.ഐ സ്‌കാനിംഗും

മസ്തിഷ്‌ക കോശങ്ങളുടെ അവസ്ഥ, രക്തക്കുഴലുകളുടെ പ്രവര്‍ത്തനം, ഞരമ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൂടാതെ ഇ.ഇ.ജിയില്‍ വ്യക്തമായ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കാന്‍ സി.ടി സ്‌കാന്‍ ഉപയോഗപ്പെടുത്താം. മസ്തിഷ്‌കത്തിലെ അവസ്ഥ വളരെ കൃത്യമായും കണിശമായും വിഭാവനം ചെയ്യാന്‍ എം.ആര്‍.ഐ സ്‌കാനിംഗിന് കഴിയും.

3. സൈറ്റോജനിക് പഠനങ്ങള്‍

രക്തപരിശോധന കൂടാതെ അമിനോ ആസിഡ്, ബ്ലഡ് അമോണിയ സി.എസ്.എഫ് ലാക്ടേജ് തുടങ്ങിയ ടെസ്റ്റുകള്‍ ശാരീരിക കലകളിലുള്ള വ്യതിയാനങ്ങള്‍ വ്യക്തമാക്കാന്‍ സഹായിക്കുന്നു.

ചികിത്സ

കുട്ടികളിലെ അപസ്മാരം വളരെ കൃത്യമായ രോഗനിര്‍ണയങ്ങള്‍ക്ക് ശേഷം വ്യക്തമായ ചികിത്സകള്‍ക്ക് വിധേയമാക്കിയാല്‍ പൂര്‍ണമായും മുക്തി നേടാനാകും. ചിലര്‍ക്ക് മാസങ്ങളോ അല്ലെങ്കില്‍ വര്‍ഷങ്ങളോ ചികിത്സ നീണ്ടേക്കാം. പക്ഷെ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന കാലത്തോളം വ്യക്തമായ രീതിയില്‍ ചികിത്സ തുടരേണ്ടതുണ്ട്. ശരീരത്തിന്റെ വിഷമതകളെ അകറ്റാന്‍ ആവശ്യമായ കാലത്തോളം ചികിത്സ നിലനിര്‍ത്തണം.

യൂനാനി വൈദ്യശാസ്ത്രം അപസ്മാരത്തെ ചികിത്സിക്കുന്നത് ശാരീരികവും മാനസികവുമായ വളര്‍ച്ചയെ ഉത്തേജിപ്പിക്കപ്പെടുന്ന ഔഷധങ്ങള്‍ നല്‍കുന്നതോടൊപ്പം രോഗനിദാനമായ അവസ്ഥയെ പൂര്‍ണമായും ഇല്ലാതാക്കിക്കൊണ്ടാണ്. അപസ്മാര രോഗിക്ക് ശാന്തി ലഭിച്ചാല്‍ വീണ്ടും വരുവാനുള്ള സാധ്യത തുലോം കുറവാണ്. ഈര്‍പ്പത്തിന്റെ അംശം കുറയുന്നതോടൊപ്പം പൂര്‍ണ വളര്‍ച്ചയെ സഹായിക്കുന്ന മരുന്നുകള്‍ നല്‍കാനാണ് യൂനാനി വൈദ്യം നിര്‍ദേശിക്കുന്നത്.

അപസ്മാര രോഗികള്‍ സാമൂഹികമായും പല പ്രശ്‌നങ്ങളും നേരിടേണ്ടി വരും. കുട്ടികളില്‍ പഠനവൈകല്യം ഓര്‍മക്കുറവ്, ശ്രദ്ധയില്ലായ്മ, സ്വഭാവവൈകല്യങ്ങള്‍, ആശയവിനിമയത്തിലെ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാകാറുണ്ട്.

ശരിയായ രീതിയില്‍ കൗണ്‍സലിംഗ് നല്‍കിയാല്‍ ഒരുപാട് ഉയരങ്ങളില്‍ എത്താനും സാധാരണ കുട്ടികളെപ്പോലെത്തന്നെ ജീവിതം മുന്നോട്ടുകൊണ്ടുപോകാനും അപസ്മാര രോഗികളായ കുഞ്ഞുങ്ങള്‍ക്ക് സാധിക്കും. അതുപോലെ മാതാപിതാക്കളുടെ ജിജ്ഞാസ, അമിത ലാളന, കളികളിലേര്‍പ്പെടാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ ചെയ്താല്‍ കുട്ടികള്‍ അത് മുതലെടുക്കാനും സ്വഭാവവൈകല്യത്തിന് അടിമപ്പെടാനും ഇടയാകും.

വൈദ്യശാസ്ത്രരംഗത്ത് അഭൂതപൂര്‍വമായ വളര്‍ച്ച പ്രാപിച്ച ഇക്കാലത്ത് അപസ്മാര രോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കള്‍ ഏറെ ഭയത്തോടെയാണ് ഈ രോഗത്തെ അഭിമുഖീകരിക്കുന്നത്. കൃത്യമായ രോഗനിര്‍ണയത്തിലൂടെ ശാസ്ത്രീയ ചികിത്സ ഇന്ന് നിലവിലുണ്ട്.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top