ഗുരുവേ നമ:

ജിജി നിലമ്പൂര്‍ No image

      ''എന്തുകൊണ്ടാണ് കുഞ്ഞനിയത്തിയെ സ്‌കൂളിലയക്കാത്തത്? എന്താണു സാര്‍ മന്ദബുദ്ധിയെന്നു പറഞ്ഞാല്‍?'' '101 ചോദ്യങ്ങള്‍' എന്ന സിനിമയിലെ നായക കഥാപാത്രം അനില്‍ കുമാര്‍ ബൊക്കാറോ എന്ന പത്തുവയസ്സുകാരന്‍ തന്റെ അധ്യാപകനോട് ചോദിക്കുന്ന ചോദ്യമാണിത്. അനില്‍ കുമാറിന്റെ കുഞ്ഞനിയത്തി രോഗിയായ കുട്ടിയാണ്. സ്‌കൂളില്‍ ചേര്‍ക്കേണ്ട പ്രായം കഴിഞ്ഞിട്ടും അവള്‍ നടന്നുതുടങ്ങിയിരുന്നില്ല. ''എന്താണു സാര്‍, അവളും ഞാനും തമ്മിലുള്ള വ്യത്യാസം?''

ജ്ഞാനിയായ അധ്യാപകന്‍ അതിനു നല്‍കുന്ന ഉത്തരമുണ്ട്. ''അനില്‍, നീയിപ്പോള്‍ എന്നോടു ചില ചോദ്യങ്ങള്‍ ചോദിച്ചില്ലേ? നിന്റെ കുഞ്ഞനിയത്തിക്ക് ചോദ്യങ്ങളില്ല. അതു തന്നെയാണ് വ്യത്യാസം. അവള്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങിയാല്‍, തീര്‍ച്ചയായും അവള്‍ സ്‌കൂളില്‍ പോയിത്തുടങ്ങും.''ട

അന്നുമുതല്‍ അനില്‍ കുഞ്ഞനിയത്തിയെ ചോദ്യങ്ങള്‍ ചോദിക്കാന്‍ പഠിപ്പിച്ചു തുടങ്ങി. 'കൊച്ചേട്ടന്റെ പേരെന്തെന്ന് ചോദിക്ക്? അച്ഛന്റെ പേരെന്തെന്ന് ചോദിക്ക്?

കുഞ്ഞനിയത്തി അവ്യക്തമായി അവ ആവര്‍ത്തിക്കുന്നേ ഉണ്ടായിരുന്നുള്ളൂ. അവള്‍ ചോദ്യങ്ങളില്ലാത്ത കുട്ടിയായിരുന്നു.

ചോദ്യങ്ങളുണ്ടെന്ന് നമ്മെ പഠിപ്പിക്കുന്നവരാണ് യഥാര്‍ഥ അധ്യാപകര്‍. ഇനിയും നാം ചോദിച്ചിട്ടില്ലാത്ത ചോദ്യങ്ങള്‍. ഒരു നൂറു ചോദ്യങ്ങള്‍. ജീവിതം ചോദ്യങ്ങളിലൂടെയാണ് സ്വന്തമാവുന്നത്. ആരാണു ഞാന്‍? ഈ ജീവിതത്തിന്റെ അര്‍ഥം എന്താണ്? ആനയുടെ ജീവിതവും എന്റെ ജീവിതവും ഒരു പോലെയാണോ? മരങ്ങള്‍ കരയുന്നുണ്ടോ? അനന്തമാണ് ചോദ്യങ്ങള്‍. ഉത്തരങ്ങള്‍ തേടുമ്പോള്‍ ഗുരു പ്രത്യക്ഷപ്പെടും. യഥാര്‍ഥ അധ്യാപകര്‍- നമ്മെ ചോദ്യങ്ങളിലേക്കും ഉത്തരങ്ങളിലേക്കും നയിക്കുന്ന ഗുരുഭൂതര്‍.

കുറെക്കൂടി ശ്രേഷ്ഠമായ ജീവിതത്തിനു സഹായിക്കുന്ന എന്തൊക്കെയോ ചിലത് എല്ലാവരിലും മയങ്ങിക്കിടപ്പുണ്ട്, ആ ഉദ്ദീപനത്തിനു സഹായിക്കുന്ന ഏതൊരാള്‍ക്കും ഇണങ്ങും ഗുരുവെന്ന വിശേഷണം. എല്ലാവര്‍ക്കും ആവശ്യമുണ്ട് ഒരു ഗുരുവിനെ. അയാളെ കണ്ടെത്തുക എന്നത് ജീവിതത്തില്‍ കിട്ടാവുന്ന വലിയ സുകൃതങ്ങളിലൊന്നാണ്. അതാരുമാകാം. ഒരന്വേഷകന് ഇറച്ചിവെട്ടുകാരന്‍ ഗുരുവായിത്തീര്‍ന്നതിങ്ങനെയാണ്: ഇറച്ചിക്കടയിലെത്തിയ അയാള്‍ നല്ലൊരു കഷ്ണമാണാവശ്യപ്പെട്ടത്. കടക്കാരന്‍ വിനീതനായി. ഇതിലേതാണു സാര്‍ നല്ലതല്ലാത്തത് എന്നായിരുന്നു അയാളുടെ മറുചോദ്യം. അതോടെ അയാള്‍ പ്രകാശിതനായി. ചിലപ്പോള്‍ അതൊരു കാഴ്ചയാകാം. അടര്‍ന്നു വീഴുന്ന ഒരില, ഒഴുകി നീങ്ങുന്ന മേഘങ്ങള്‍, തീരം തുടച്ചു മിനുക്കുന്ന തിരമാലകള്‍ അങ്ങനെയങ്ങനെ... ഇങ്ങനെ പലതും നമ്മെ സഹായിക്കുന്നുണ്ടാകാം. എന്നാല്‍, ഒരു അധ്യാപകനോളം ഒരാളെ പ്രകാശിപ്പിക്കാന്‍ കഴിയുന്ന ആരുമില്ലെന്നു തോന്നുന്നു. കാരണം, മൂന്നു വയസ്സുമുതല്‍ ഒരു കുഞ്ഞ് വീട്ടിലെന്നതിനേക്കാള്‍ അധ്യാപകന്റെ കൂടെയാണ്. എത്രയോ പേരുടെ ജീവിതത്തിന്റെ ദിശയെ നിയന്ത്രിക്കാന്‍ കഴിവുള്ള സുകൃതജ•മാണ് അധ്യാപകന്റേത്.

അടുത്ത നാളുകളിലാണ് ടോട്ടോ-ചാന്‍ വായിക്കാന്‍ കഴിഞ്ഞത്. ഏതു പ്രായത്തിലുള്ളവരേയും ഇതുപോലെ ആകര്‍ഷിക്കുന്ന പുസ്തകങ്ങള്‍ അധികമുണ്ടാകാനിടയില്ല. മാതാപിതാക്കളും അധ്യാപകരും കുട്ടികളും വായിച്ചിരിക്കേണ്ട പുസ്തകമാണിത്. അസാധാരണമായ നിരീക്ഷണ പാടവമുള്ള ടോട്ടോ എന്ന വികൃതിക്കുഞ്ഞിനെ ഒന്നാം ക്ലാസില്‍വെച്ചുതന്നെ തങ്ങളുടെ സ്‌കൂളിനു നിരക്കാത്ത കുട്ടിയെന്നാരോപിച്ച് സ്‌കൂളില്‍നിന്നു പറഞ്ഞുവിടുന്നു. അതറിയുന്നത് കുഞ്ഞിന് ആഘാതമാകുമെന്ന് മനസ്സിലാക്കാനുള്ള വിവേകമുണ്ട് അവളുടെ അമ്മക്ക്. അതുകൊണ്ട് ആ വിവരം അറിയിക്കാതെ അമ്മ അവളെ കൊബയാഷി എന്ന അധ്യാപകന്‍ നടത്തുന്ന സ്‌കൂളിലെത്തിക്കുന്നു. ഒരു പഴയ തീവണ്ടിയാണ് സ്‌കൂള്‍. ഓരോ ബോഗിയും ഓരോ ക്ലാസ് റൂം. ചിട്ടപ്പെടുത്തിയ സിലബസിനെക്കാള്‍ അലക്കിത്തേച്ച വസ്ത്രത്തെക്കാള്‍ കുട്ടികള്‍ക്കും അവരുടെ ഭക്ഷണത്തിനും മുന്‍ഗണന നല്‍കിയ കൊബയാഷി മാസ്റ്ററും അദ്ദേഹത്തിന്റെ തീര്‍ത്തും വ്യത്യസ്യമായ ബോധനരീതിയും റ്റോമോ വിദ്യാലയവുമെല്ലാം ടോട്ടോയുടെ ഹൃദയം കവര്‍ന്നു. അവള്‍ക്കു മാത്രമല്ല, അവിടെ പഠിച്ച എല്ലാ കുട്ടികള്‍ക്കും ആവേശഭരിതമായ ഒരു ജീവിതത്തിനുള്ള അടിത്തറയായിരുന്നു അവിടുത്തെ പഠനം. പുസ്തകം വായിച്ചു മടക്കുമ്പോള്‍ ഹൃദയം നിറയെ പേരിടാനാകാത്ത ഒരു വികാരമായിരുന്നു. കണ്ണുകളടച്ച് നിശബ്ദമായിരിക്കുമ്പോള്‍ സ്വയം ഇങ്ങനെ അത്ഭുതപ്പെട്ടു: ''ദൈവമേ, ഇങ്ങനെയൊരധ്യാപകന്‍ ഭൂമിയില്‍ ജീവിച്ചിരുന്നുവല്ലേ. കുഞ്ഞുങ്ങളെ ഇത്ര അഗാധമായി സ്‌നേഹിച്ച, വിശ്വസിച്ച, ശ്രദ്ധയോടെ അവരോടു പെരുമാറിയ അധ്യാപകന്‍''.

അത്രത്തോളമൊന്നുമില്ലെങ്കിലും ചുരുക്കം ചില ഗുരുജനങ്ങള്‍ മനസ്സിലൂടെ കടന്നുപോയി. പഠിപ്പിക്കാനുള്ള സിലബസിനപ്പുറം കുഞ്ഞുങ്ങളുടെ ജീവിതത്തെ മനോഹരമാക്കുന്ന ചില കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന അധ്യാപകര്‍. അവര്‍ ഞങ്ങളുടെ പാവപ്പെട്ട ഗവണ്‍മെന്റ് സ്‌കൂളിലെ അധ്യാപകരില്‍ ചിലരാണ്. അതില്‍ തീര്‍ച്ചയായും അധ്യാപനത്തെ ഒരു തൊഴിലെന്നതിനെക്കാളുപരി തന്റെ ജീവിത്തിന്റെ നിയോഗമായി കരുതിയ വിന്‍സെന്റ് മാഷും.

ഞങ്ങളുടെ പ്രിയപ്പെട്ട ഹെഡ്മാസ്റ്റര്‍ ബഷീര്‍ മാഷുമുണ്ട്. നാലാം ക്ലാസില്‍വെച്ചാണത്. അടുത്ത വര്‍ഷം വേറെ സ്‌കൂളിലേക്കു പോകേണ്ട ഞങ്ങളുടെ ഓര്‍മക്കായി സ്‌കൂള്‍മുറ്റത്ത് ഒരു ഞാവല്‍ മരത്തിന്റെയും ബദാം വൃക്ഷത്തിന്റെയും തൈ നട്ടുപിടിപ്പിക്കാം എന്നായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. കുട്ടികള്‍ ചേര്‍ന്ന് കുഴിയെടുത്ത് ആ ചെറിയ തൈകള്‍ നട്ടത് ഒരു മഹാകാര്യം ചെയ്യുന്ന അഭിമാനത്തോടെയായിരുന്നു. ഇന്നും ആ സ്‌കൂളിനടുത്തുകൂടി നടന്നുപോകുമ്പോള്‍ ആ മരങ്ങളെ ഓര്‍ക്കാതിരിക്കാനാവുന്നില്ല. പിന്നീട് അറിവിന്റെ ആലയത്തിലേക്ക് അക്ഷരജ്ഞാനം തേടിവന്ന എത്രയോ വിദ്യാര്‍ഥികളെ, തണലും ഫലങ്ങളും നല്‍കി അവ ആശ്വസിപ്പിച്ചിട്ടുണ്ടാകാം. അല്‍പംകൂടി മെച്ചപ്പെട്ട സ്‌കൂള്‍ അന്തരീക്ഷത്തില്‍ പിന്നീട് പഠിക്കാന്‍ കഴിഞ്ഞെങ്കിലും അവയെക്കാളൊക്കെ ജനലിനും വാതിലിനുമൊന്നും കതകുപോലുമില്ലാത്ത ഞങ്ങളുടെ തോട്ടുമുക്കം സ്‌കൂള്‍ ഇഷ്ടപ്പെടാന്‍ ഒരു പ്രധാനകാരണം അവിടെ ഞങ്ങള്‍ നട്ട ബദാമും ഞാവലും കായ്ചുനില്‍പുണ്ട് എന്നതാണ്. സിലബസിനപ്പുറം കുഞ്ഞുങ്ങളുടെ ജീവിതത്തെ സ്വാധീനിക്കുന്നത് ഇത്തരം ചില കാര്യങ്ങളാണെന്ന് അധ്യാപകര്‍ അറിയുന്നുണ്ടാകുമോ?

എഡ്യുകെയര്‍ (ലറൗ രമൃല) എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ് എഡ്യുക്കേഷന്‍ എന്ന പദം രൂപപ്പെട്ടത്. ഒരാളുടെ ഉള്ളിലെ സാധ്യതകളെ പുറത്തു കൊണ്ടുവരിക എന്നു സാരം. ആ വാക്കിന്റെ ഏറ്റവും ഉന്നതമായ അര്‍ഥത്തില്‍ തന്നെ കൊബയാഷി മാസ്റ്റര്‍ അങ്ങനെയായിരുന്നു. ഒരുപക്ഷേ, കഠിനമായ സിലബസും വിഷയങ്ങളുടെ ബാഹുല്യവുമുള്ള കാലത്തിനകത്ത് ഇങ്ങനെയൊരധ്യാപനം എളുപ്പമല്ലെന്നറിയാം. എങ്കിലും കുഞ്ഞുങ്ങളുടെ ഹൃദയം കീഴടക്കിയ കൊബയാഷി മാസ്റ്ററുടെ സമീപനങ്ങള്‍ ഏതൊരധ്യാപകനും അനുകരിക്കാവുന്നതേയുള്ളൂ. അതിനു നമ്മെ സഹായിക്കുമെന്ന് തോന്നുന്നതുകൊണ്ട് അദ്ദേഹത്തിന്റെ ചില നിലപാടുകള്‍ വായനക്കാരുമായി പങ്കുവെക്കാമെന്ന് കരുതുകയാണ്.

ഒന്നാമതായി, എല്ലാവരോടും അദ്ദേഹം അഗാധമായ ആദരവു പുലര്‍ത്തി. എന്തെങ്കിലും പരിമിതിയനുഭവിക്കുന്നവരോട് പ്രത്യേകിച്ചും ശാരീരിക ന്യൂനതയുള്ള കുട്ടികളുടെ ആത്മവിശ്വാസത്തെ ഉണര്‍ത്താന്‍ അദ്ദേഹത്തിനു പ്രത്യേകമായൊരു ശ്രദ്ധയുണ്ടായിരുന്നു. അവര്‍ക്കുമാത്രം വിജയിക്കാന്‍ കഴിയുന്ന തരത്തിലുള്ള കായിക മത്സരങ്ങള്‍ അദ്ദേഹം നടത്തി. വളര്‍ച്ച നിലച്ചുപോയ താകഹാഷി എന്ന കുട്ടി (ഇപ്പോള്‍ അയാള്‍ ജപ്പാനിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്) പിന്നീട് തന്റെ അധ്യാപകന്റെ കലവറയില്ലാത്ത പ്രോത്സാഹനത്തെക്കുറിച്ച് ഓര്‍മിച്ചെടുക്കുന്നതിങ്ങനെയാണ്: ''തന്നെക്കാള്‍ ഉയരമുള്ള വാള്‍ട്ടിംഗ് ഹോഴ്‌സുകള്‍ക്കു മുകളിലൂടെ ചാടാന്‍ ആവേശപൂര്‍വം അവനെ പ്രേരിപ്പിച്ചുകൊണ്ട് മാസ്റ്റര്‍ തറപ്പിച്ചു പറയുമായിരുന്നു, നിനക്കതു കഴിയുമെന്ന് ഉറപ്പാ''. അതുവഴി ആത്മവിശ്വാസത്തിന്റെ വിളക്കാണ് ആ കുഞ്ഞിന്റെ നെഞ്ചില്‍ അദ്ദേഹം കൊളുത്തിയത്. ''ആ ചാഞ്ചാട്ടമൊക്കെ സ്വയം ചാടിയതാണെന്നു വിസ്വസിക്കാന്‍ തനിക്കിപ്പോഴും കഴിയുന്നില്ല; അത്രക്ക് അല്‍ഭുതകരമായിരുന്നു, അത്''. എപ്പോഴൊക്കെ അവന്‍ പിറകോട്ടു വലിയാന്‍ ആഗ്രഹിച്ചുവോ അപ്പോഴൊക്കെ മാസ്റ്റര്‍ വന്ന് അവനെ മുന്നിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഒരിക്കല്‍ അവന്റെ ശാരീരിക ന്യൂനതയെ കളിയാക്കുന്ന മട്ടില്‍ ഒരു ടീച്ചര്‍ സംസാരിച്ചു. യാദൃശ്ചികമായത് കേള്‍ക്കാനിടയായ മാസ്റ്റര്‍ക്ക് താങ്ങാവുന്നതിലധികമായിരുന്നു ആ പരാമര്‍ശം. പക്ഷേ, അവരെ ശാസിക്കുമ്പോള്‍ ഒരധ്യാപികയോടു കാണിക്കേണ്ട മുഴുവന്‍ ആദരവും അദ്ദേഹം പുലര്‍ത്തുന്നുണ്ട്. മറ്റുള്ളവരെ അറിയിക്കാതെ അവരെ തനിയെ ഒരിടത്ത് വിളിച്ചു കൊണ്ടുപോയി. ഈ സംഭവങ്ങള്‍ ഒളിഞ്ഞുനിന്നു ശ്രദ്ധിച്ച ഒന്നാം ക്ലാസിലെ കുഞ്ഞുങ്ങള്‍പോലും ഒരു കാര്യം മനസ്സിലാക്കി- ഈ അധ്യാപകന്‍ തങ്ങളുടെ ചങ്ങാതിയാണ്.

പലപ്പോഴും അറിയാതെയോ അറിഞ്ഞോ കുട്ടികളോട് ഇങ്ങനെയൊരു ആദരവു പുലര്‍ത്തേണ്ടതിനെക്കുറിച്ച് അധ്യാപകര്‍ക്കു വേണ്ടത്ര ധാരണയില്ലെന്നു തോന്നിയിട്ടുണ്ട്. അടുത്ത നാളുകളിലൊന്നില്‍ എട്ടാം ക്ലാസിലെ കുറച്ചു കുട്ടികള്‍ തങ്ങളുടെ സ്‌കൂള്‍ ജീവിതത്തെ കുറിച്ച് പങ്കുവെക്കുകയായിരുന്നു. എല്ലാവര്‍ക്കുംതന്നെ അധ്യാപകരില്‍നിന്ന് മാനസികമായ സമ്മര്‍ദങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. പല കുട്ടികള്‍ക്കും ശാരീരിക ന്യൂനതയുടെയും ബുദ്ധിപരമായ പരിമിതികളുടെയും പേരില്‍ അധ്യാപകരില്‍നിന്ന് നിന്ദനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. കേട്ടപ്പോള്‍ ദു:ഖം തോന്നി. കുട്ടികള്‍ക്ക് ദൈവത്തിനു പകരക്കാരായി നില്‍ക്കേണ്ട അധ്യാപകര്‍ക്ക് ഇത്ര ഹീനമായി സംസാരിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത്? സ്‌കൂള്‍ ജീവിതത്തിലെ ഏറ്റവും വലിയ നൊമ്പരമായി അവരുടെ മനസ്സിലത് സൂക്ഷിക്കുന്നുണ്ടെന്ന് ഏത്ര അധ്യാപകര്‍ക്കറിയാം? ഓര്‍ക്കുന്നില്ലേ, ''അരിപ്രാഞ്ചി'' എന്ന് ഒരധ്യാപകനിട്ട കളിപ്പേര് മാറിക്കിട്ടാന്‍ നമ്മുടെ ''പ്രാഞ്ചിയേട്ടന്‍'' പെട്ട പാട്! കുട്ടികള്‍ക്ക് അമ്മയെപ്പോലെയും അച്ഛനെപ്പോലെയുമുള്ള കുറേ നല്ല അധ്യാപകരെ മറക്കാതെയാണ് ഇതെഴുതുന്നത്.

ഈ ആദരവ് കുട്ടികളോടും അധ്യാപകരോടും മാത്രമായിരുന്നില്ല. തന്റെ വയലില്‍ ജോലി ചെയ്യുന്ന കൂലിപ്പണിക്കാരനുപോലും അദ്ദേഹം വിലകല്‍പിച്ചു. കുഞ്ഞുങ്ങളെ കൃഷിയുടെ പാഠങ്ങള്‍ പഠിപ്പിക്കാന്‍ ആ മനുഷ്യനെത്തന്നെയാണ് മാസ്റ്റര്‍ കൊണ്ടുവരുന്നത്. ഇദ്ദേഹമാണ് നിങ്ങളുടെ കൃഷിയധ്യാപകന്‍ എന്ന് മാസ്റ്റര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുമ്പോള്‍ അയാള്‍ക്ക് തെല്ല് ജാള്യത അനുഭവപ്പെടുന്നുണ്ട്. എങ്കിലും ആ അനുഭവം അയാളിലുള്ള ന•യെ കുറെക്കൂടി പ്രകാശിപ്പിക്കുന്നുണ്ട്. തന്റെ കൈവശം ബാക്കി വരുന്ന വളം പിന്നെ കുട്ടികളുടെ കൃഷിസ്ഥലത്തും അദ്ദേഹം വിതറി. കുട്ടികളാകട്ടെ, പിന്നീടയാളെ കൃഷിമാഷ് എന്നു മാത്രം വിളിച്ചാദരിച്ചു.

രണ്ടാമതായി, കൊബയാഷി മാസ്റ്റര്‍ കുട്ടികളുടെ ന•യില്‍ വിശ്വസിച്ചു. ആവശ്യത്തിലധികം കുറുമ്പുണ്ടായിരുന്ന ടോട്ടോയെ കാണുമ്പോഴൊക്കെ അദ്ദേഹം ആവര്‍ത്തിച്ചിരുന്ന ഒരു വാചകമുണ്ട്: ''ടോട്ടോ, ദാ നോക്ക്, നേരായിട്ടും നീയൊരു നല്ല കുട്ടിയാ'', അതു കേള്‍ക്കുമ്പോഴൊക്കെ അവള്‍ ചിരിക്കുകയും ''ഉവ്വ്, ഞാനൊരു നല്ല കുട്ട്യാ'' എന്ന് സ്വയം വിശ്വസിക്കുകയും ചെയ്തു. അവളുടെ ജീവിതത്തിന്റെ ഗതി നിര്‍ണയിച്ച വാക്കുകളായിരുന്നു അത്. വാസ്തവത്തില്‍ അവളുടെ കുസൃതികളൊഴിവാക്കിയാല്‍ അവള്‍ നല്ല കുട്ടിതന്നെ ആയിരുന്നു. മറ്റു കുട്ടികളോട് പ്രത്യേകിച്ച്, വികലാംഗരായ കുട്ടികളോട്, ജന്തുക്കേേളാട് ഒക്കെ വലിയ കരുണയുണ്ടായിരുന്നു അവള്‍ക്ക്. ആ അധ്യാപകന്‍ അതു കണ്ടെത്തി എന്നതാണു കാര്യം. സ്വാഭാവികമായി, മറ്റു കുട്ടികളോടും അങ്ങനെയുള്ള പ്രോത്സാഹന വാക്കുകള്‍ തന്നെയായിരിക്കും ആ അധ്യാപകന്‍ പറഞ്ഞിട്ടുണ്ടാവുക.

മൂന്നാമതായി, അദ്ദേഹം കുഞ്ഞുങ്ങളുടെ നല്ലൊരു കേള്‍വിക്കാരനായിരുന്നു. ടോട്ടോ ചാന്‍ ആദ്യമായി ആ സ്‌കൂളില്‍ വന്ന ദിനം കണ്ണുചിമ്മാതെ നാലുമണിക്കൂറാണ് അവളുടെ കുഞ്ഞുവിശേഷങ്ങള്‍ കേട്ടിരുന്നത്. റ്റോമോ വിദ്യാലയത്തിലെ ഏതൊരു കുട്ടിയുടെ കാര്യത്തിലും അതേ സമീപനം തന്നെയായിരുന്നു അദ്ദേഹത്തിന്. കുട്ടികളുണ്ടാക്കുന്ന പ്രശ്‌നത്തിന്റെ പേരില്‍ ഒരിക്കലും അദ്ദേഹം അവരുടെ മാതാപിതാക്കളെ വിളിച്ചു വരുത്തിയില്ല. പ്രശ്‌നക്കാരായ കുട്ടികള്‍ക്കു പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ അദ്ദേഹം സഹിഷ്ണുത കാട്ടി. എന്നാല്‍, അവര്‍ ചെയ്തത് തെറ്റായിരുന്നുവെന്നു ബോധ്യപ്പെട്ടാല്‍ മാപ്പുപറയിക്കും. അങ്ങനെ ഏതു പ്രശ്‌നവും മാസ്റ്റര്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പരിഹരിക്കപ്പെട്ടു.

എല്ലാറ്റിനുമുപരി, തന്റെ വിദ്യാര്‍ഥികളെ അദ്ദേഹം സ്വന്തം കുഞ്ഞുങ്ങളായിത്തന്നെ സ്‌നേഹിച്ചു. ഉച്ചയൂണിനു ശേഷമുള്ള ഒത്തുചേരലില്‍ അദ്ദേഹത്തിന്റെ ചുമലിലും മടിയിലുമൊക്കെ കയറിയിരിക്കാന്‍ മാത്രം അടുപ്പവും സ്വാതന്ത്ര്യവും അദ്ദേഹം അവര്‍ക്കു നല്‍കി. ഇങ്ങനെയൊക്കെയാണ് കൊബയാഷി എന്ന അധ്യാപകന്‍ വിദ്യാലയത്തെ തനിക്കും കുട്ടികള്‍ക്കും ഒരുപോലെ ഹൃദ്യമായ ഒരിടമാക്കി മാറ്റിയത്.

കൊബയാഷി പൂര്‍ണനായ ഒരു ഗുരു തന്നെയായിരുന്നു. നിങ്ങള്‍ എന്നില്‍നിന്ന് പഠിക്കുവിന്‍ എന്നു പറയാന്‍ തക്കവണ്ണം വാക്കിലും പ്രവൃത്തിയിലും വിശ്വസ്തത പുലര്‍ത്തി. കുട്ടികളോടൊരുമിച്ചു ജീവിച്ചും ഭക്ഷിച്ചും സഞ്ചരിച്ചും സഹിഷ്ണുത കാണിച്ചും അതീവ ശ്രദ്ധയോടെ അവരെ ചേര്‍ത്തുപിടിച്ചും ഉത്തമ പൗര•ാരാക്കി മാറ്റി. ഒടുവിലവരില്‍ പലരും ജീവിതത്തിന്റെ ഉന്നത നിലയില്‍ എത്തിച്ചേരുകയും ചെയ്തു.

ഒരു കണക്കിന് അധ്യാപനമെന്നത് മനുഷ്യരെ പിടിക്കുന്ന ഒരു കല തന്നെ. അല്‍പമൊന്ന് മനസ്സുവെച്ചാല്‍ മനുഷ്യരുടെ മനസ്സില്‍ അവരോളം ഇടം കണ്ടെത്താന്‍ ആര്‍ക്കു കഴിയും? ന•യിലേക്കോ തി•യിലേക്കോ ഒരാളുടെ ജീവിതത്തിന്റെ ഗതി തിരിച്ചുവിടാന്‍ അധ്യാപകര്‍ക്കുള്ളിടത്തോളം സ്വാധീനം മറ്റാര്‍ക്കുമുണ്ടാകില്ല. കൈമാറുന്ന അറിവിനനുസരിച്ചുള്ള ശ്രേഷ്ഠത ജീവിതത്തില്‍ പുലര്‍ത്താനാകുന്നുണ്ടോ എന്നതാണു കാര്യം. എങ്ങനെ ജീവിച്ചാലും അവരറിയാതെ തന്നെ എന്തൊക്കെയോ ചിലത് തങ്ങളുടെ മുമ്പിലിരിക്കുന്ന വിദ്യാര്‍ഥികളിലേക്ക് അവര്‍ കൈമാറുന്നുണ്ട്. അത് അധ്യാപകരുടെ മാത്രമല്ല, മാതാപിതാക്കള്‍ എന്ന നിലയില്‍, മുതിര്‍ന്നവരെന്ന നിലയില്‍ നമ്മുടെയൊക്കെ ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.

ടോട്ടോ ചാന്‍ വായിച്ചിട്ട് ദുര്‍ഗുണ പരിഹാര കേന്ദ്രത്തിലെ തടവറയില്‍നിന്ന് ഒരു സ്‌കൂള്‍ കുട്ടി എഴുതിയ കത്തിലെ വരികളോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു. ''എനിക്ക് ടോട്ടോ ചാന്റെ അമ്മയെപ്പോലെ ഒരമ്മയും കൊബയാഷി മാസ്റ്ററെപ്പോലെ ഒരധ്യാപകനും ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഇതുപോലൊരു സ്ഥലത്ത് വന്നുചേരില്ലായിരുന്നു''. 

 

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top