അതായിരുന്നു എന്റെ ഗുരു

ഷീന ജോസ്. ടി No image

      1986-89 കാലഘട്ടത്തിലെ എന്റെ ഹൈസ്‌കൂള്‍ ജീവിതം പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലായിരുന്നു. സ്‌നേഹനിധികളായ അധ്യാപകര്‍ അവിടെ ഒരുപാടുപേര്‍ ഉണ്ടായിരുന്നെങ്കിലും എന്റെ മനസ്സിലിന്നും ഒരു മാതൃകാ അധ്യാപക സ്ഥാനത്തുള്ളത് ഞങ്ങളുടെ മലയാളം മാഷായിരുന്ന ശ്രീ. രാധാകൃഷ്ണന്‍ മാഷാണ്. ഒരധ്യാപകന്‍ എന്തെല്ലാം ഗുണങ്ങള്‍ ഉള്ള വ്യക്തിയായിരിക്കണമെന്നതിന്റെ ഉത്തമ തെളിവായി മാഷിനെ ഞാന്‍ കാണുന്നു.

മലയാളം ലളിതമായും സരസമായും പഠിപ്പിച്ചിരുന്ന മാഷിനെ എല്ലാ കുട്ടികള്‍ക്കും വളരെ ഇഷ്ടമായിരുന്നു. താന്‍ പഠിപ്പിച്ചിരുന്ന ഓരോ കുട്ടിയെയും വ്യക്തിഗതമായി മാഷ് മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രീതി പിടിച്ചുപറ്റുന്നതിനായി പഠനം മല്‍സരമാക്കി ഞാനടക്കം പല ശിഷ്യരും. ''മലയാളം പഠിക്കാന്‍ അത്ര എളുപ്പമൊന്നുമല്ല. കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ ആരംഭിക്കുമ്പോഴേ നിങ്ങള്‍ക്കതിന്റെ വിവരമറിയൂ'' എന്ന്് മാഷ് പറയുമായിരുന്നു. മറ്റൊരു മലയാളം ടീച്ചറിന്റെ മകളായിരുന്ന എനിക്ക് മലയാളമെന്ന വിഷയത്തോട് അല്‍പം താല്‍പര്യക്കൂടുതലുണ്ടായിരുന്നു. രാധാകൃഷ്ണന്‍ മാഷിന്റെ ക്ലാസുകളില്‍ നിന്നാണ് ഞാന്‍ മലയാളത്തെ കൂടുതല്‍ സ്‌നേഹിക്കാനിടയായത്.

നല്ല ശബ്ദത്തിലും ഈണത്തിലും കവിതകള്‍ ചൊല്ലിത്തന്നിരുന്ന മാഷ് വാക്കുകള്‍ സ്ഫുടമായി ഉച്ചരിക്കാന്‍ മടിയുള്ളവരെക്കൊണ്ട് പല പ്രാവശ്യം ശരിയായി പറയിപ്പിക്കുമായിരുന്നു. അക്ഷരമെഴുതാന്‍ പോലും അറിയാത്ത ചിലരെ സമര്‍ഥരായ കൂട്ടുകാരെക്കൊണ്ട് പഠിപ്പിച്ചു. നല്ല പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്നും തെരഞ്ഞെടുത്തു വായിക്കുന്നതില്‍ കുട്ടികളെ മാഷ് പ്രോത്സാഹിപ്പിച്ചിരുന്നു. സമകാലിക സാഹചര്യങ്ങളുമായി ബന്ധിപ്പിച്ച് പുരാണകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിനുണ്ടായിരുന്ന ചാതുര്യം വളരെയായിരുന്നു. കൃഷ്ണഗാഥാ ഭാഗങ്ങള്‍ പഠിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ശ്രീകൃഷ്ണന്റെയൊപ്പം വൃന്ദാവനത്തില്‍ കാലിമെയ്യു കളിക്കുന്നതുപോലുള്ള പ്രതീതിയുളവായിരുന്നു. കഷായം പോലുള്ള വ്യാകരണഭാഗങ്ങള്‍ വളരെ സരസമായി തേന്‍മധുരമായി ഞങ്ങള്‍ക്കദ്ദേഹം പകര്‍ന്നുനല്‍കി. മലയാളം ഉപപാഠ പുസ്തകമായിരുന്ന ''ധര്‍മ്മരാജ'' കൃത്യമായ ചരിത്രാവബോധത്തോടെ തന്നെ കുട്ടികളിലെത്തിച്ചിരുന്നു അദ്ദേഹം.

പഠനപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിലും വിലയിരുത്തുന്നതിലും വളരെ നിഷ്‌ക്കര്‍ഷ പുലര്‍ത്തിയിരുന്നു മാഷ്. ഈ വേളയില്‍ അന്നത്തെ ഒരു സംഭവം ഓര്‍ത്തു പോവുന്നു. മലയാളം രചനാ ബുക്കില്‍ മാസത്തില്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യണമായിരുന്നു. എഴുതിയതില്‍ എന്തെങ്കിലും തെറ്റുവരുത്തുന്നവര്‍ തെറ്റിയ പദം പത്തുപ്രാവശ്യം ഇംപോസിഷന്‍ ആ പേജിന്റെ അടിയില്‍ തന്നെ എഴുതണമായിരുന്നു. ഒരു പ്രാവശ്യം എനിക്കും ഒരു പദം തെറ്റി. വളരെ ചെറിയ ഒരു തെറ്റായിരുന്നതുകൊണ്ട് ഞാനതു വളരെ വിദഗ്ധമായി മറച്ചുവെച്ചു മഷികൊണ്ട്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും പിടികിട്ടില്ലായിരുന്നു. ഇനി ഒരു മാസം കഴിഞ്ഞല്ലേ രചനാബുക്ക് സാറ് സ്റ്റാഫ്‌റൂമില്‍ നിന്നും ക്ലാസിലെത്തിക്കുകയുള്ളൂവെന്ന് ഞാന്‍ സ്വയം ആശ്വസിച്ചുകൊണ്ടിരുന്നു. പക്ഷേ, പിറ്റേ ദിവസം തന്നെ ക്ലാസില്‍ സാര്‍ പറഞ്ഞു: ''ഒരാള് രചനാ ബുക്കില്‍ വളരെ തന്ത്രപൂര്‍വം ഒരു പദം തിരുത്തിയത് താന്‍ ചുവപ്പുമഷിയില്‍ മാര്‍ക്കുചെയ്ത് വെച്ചിട്ടുണ്ട്'' എല്ലാവരും വളരെ ആകാംക്ഷാപൂര്‍വം ആരായിരിക്കുമത് എന്നു വിചാരിച്ച് മാഷിനെ നോക്കിയിരുന്നു. ഭൂമി പിളര്‍ന്നുതാഴേക്കു പോയാല്‍ മതിയെന്നു ഞാന്‍ കരുതിയ നിമിഷങ്ങളില്‍ ആശ്വാസക്കുളിര്‍മഴ പോലെ മാഷ് പറഞ്ഞു: ''ആ കുട്ടി ഇംപോസിഷന്‍ അഞ്ചെണ്ണം കൂടുതലെഴുതി വെച്ചാല്‍ മതിയെന്ന്'' അഞ്ചെണ്ണമല്ല അഞ്ഞൂറാണെങ്കിലും ഞാനപ്പോള്‍ എഴുതിയേനെ! താഴ്ന്നുപോയ എന്റെ മുഖം പതുക്കെ ഉയര്‍ന്നു. സാര്‍ ഞാനിരിക്കുന്ന ഭാഗത്തേക്ക് നോക്കിയതേയില്ല. ഭാഗ്യം! ആരുമെന്നെ സംശയിച്ചില്ല. ആ വര്‍ഷം തന്നെ മാഷ് ജടഇ എഴുതിക്കിട്ടി സ്വന്തം നാട്ടിലൊരു(കോട്ടയം) സ്‌കൂളിലേക്ക് സ്ഥലം മാറിപ്പോയി. ഞങ്ങളുടെ പത്താം ക്ലാസ് ജീവിതത്തിലെ സുവര്‍ണ താരമായി മാഷ് തിളങ്ങി മറഞ്ഞുപോയി എന്നു പറയാം.

വര്‍ഷങ്ങള്‍ അതിശീഘ്രം കൊഴിഞ്ഞുവീണു. ഞാന്‍ മലയാളം എം.എ, ബി.എഡുകാരിയായി. 12 വര്‍ഷമായി ഹൈസ്‌കൂളില്‍ മലയാളം അധ്യാപികയായിട്ട്. കുറെ വര്‍ഷങ്ങള്‍ക്കുമുമ്പ് യാദൃശ്ചികമായി എന്റെ ഭര്‍ത്താവ് മാഷിനെ പരിചയപ്പെടാനിടയായി. എന്റെ ഭര്‍ത്താവ് മാത്യുവും ഒരു മലയാളം മാഷാണ്. രാധാകൃഷ്ണന്‍ മാഷ് ഉഞഏ യായി ക്ലാസെടുത്തിരുന്ന മലയാളം ക്ലസ്റ്റര്‍ മീറ്റിംഗില്‍ പങ്കെടുക്കുവാന്‍ ചെന്നതായിരുന്നു മാത്യു. മലബാറിലുള്ളൊരു സ്‌കൂളില്‍ താന്‍ പഠിപ്പിച്ചിരുന്നുവെന്ന് മാഷ് പറഞ്ഞപ്പോള്‍ സ്ഥലവും സ്‌കൂളും പരാമര്‍ശിച്ചിരുന്നു. മാത്യു എന്നെപ്പറ്റി പറഞ്ഞു. മാഷിനു വലിയ അത്ഭുതമായി അത്. പ്രത്യേകിച്ച് ഞാനിപ്പോള്‍ ഒരു മലയാളം അധ്യാപികയാണെന്നറിഞ്ഞപ്പോള്‍.

നീണ്ട 23 വര്‍ഷങ്ങള്‍ക്കു ശേഷം മാഷ് എന്റെ വീട്ടില്‍ കഴിഞ്ഞ വര്‍ഷം വന്നു. അന്നത്തെ ചെറുപ്പക്കാരന്‍ മാഷിപ്പോള്‍ തലനരച്ച ആളായെങ്കിലും ആ കണ്ണുകളിലെ തീക്ഷ്ണതക്കും വാക്കുകളിലെ വാല്‍സല്യത്തിനും ഒരു കുറവും ഇല്ല. എന്റെ രണ്ടു മക്കളെയും അദ്ദേഹം അനുഗ്രഹിച്ചു. ഇന്ന് എട്ടാം ക്ലാസുകാരിയായ എന്റെ മകളുടെ ക്ലാസില്‍ അന്ന് അദ്ദേഹമെന്റെ എട്ടാം ക്ലാസില്‍ കടന്നുവന്ന് പഠിപ്പിച്ചിരുന്നതു പോലെ ചെയ്യാന്‍ ഞാനും ശ്രമിക്കുന്നു. എന്റെ സ്വന്തം ഗുരുനാഥന് ദൈവം നൂറായുസ്സ് നല്‍കട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു.

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 0495 2730075
aramammonthly@gmail.com


Advertisement

Phone: +91 9947532190
advtaramam@gmail.com

Editor

K.K Fathima Suhara



Sub Editors

Fousiya Shams
Fathima Bishara

Subscription

  • For 1 Year : 300
  • For 1 Copy : 25
© Copyright Aramam monthly , All Rights Reserved Powered by:
Top