മൈമൂന, മക്കയുടെ രാജാത്തി

നജീബ് കീലാനി
സെപ്റ്റംബർ 2024

(പൂര്‍ണ്ണചന്ദ്രനുദിച്ചേ....29)

റസൂലിന്റെ പിതൃസഹോദരന്‍ അബ്ബാസ് തന്റെ ഭാര്യ പറഞ്ഞുകൊണ്ടിരിക്കുന്ന വര്‍ത്തമാനങ്ങള്‍ ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുകയാണ്. 'അങ്ങനെയോ എന്ന മട്ടില്‍ ഇടക്കിടെ അവരെ സൂക്ഷിച്ച് നോക്കുന്നുമുണ്ട്. കേള്‍ക്കുന്നതൊന്നും അബ്ബാസിന് വിശ്വസിക്കാന്‍ തോന്നുന്നില്ല. എല്ലാം വളരെ വിചിത്രമായി തോന്നുന്നു. ഇനി സത്യമാണെങ്കില്‍ തന്നെ, താന്‍ എന്തുകൊണ്ട് ഇത് മുമ്പേ അറിഞ്ഞില്ല! ഭാര്യ പറഞ്ഞത് ഇതാണ്: അവളുടെ ഏറ്റവും ഇളയ സഹോദരിയില്ലേ, മൈമൂന, അവള്‍ ഉടന്‍ തന്നെ ഇസ് ലാം സ്വീകരിക്കാന്‍ പോവുകയാണെന്ന്. അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും അവള്‍ക്ക് പ്രശ്നമില്ല എന്നും പറയുന്നു. കാര്യം അവിടം കൊണ്ട് തീരുന്നില്ല. മൈമൂന റസൂലിനെ വിവാഹം കഴിക്കാനും ആലോചിക്കുന്നുണ്ടത്രെ. അബ്ബാസ് റസൂലിന്റെ എളാപ്പയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം, അദ്ദേഹം ഇപ്പോഴും ഉപ്പ വല്യുപ്പമാരുടെ പരമ്പരാഗത മതത്തില്‍ തന്നെയാണ്. എങ്കിലും തന്റെ സഹോദരപുത്രന്‍ ഖൈബറില്‍ ജൂതന്മാരോട് തോറ്റെന്ന് കേട്ടപ്പോള്‍ അദ്ദേഹമാകെ തകര്‍ന്നുപോയി. വാര്‍ത്ത കള്ളമായിരുന്നുവെന്ന് പിന്നെയാണ് വ്യക്തമായത്. ഖൈബറില്‍ വെന്നിക്കൊടി നാട്ടുകയായിരുന്നു തന്റെ സഹോദര പുത്രന്‍. ആ സന്തോഷം പങ്കിടാന്‍ തന്റെ ഏറ്റവും വിലപിടിപ്പുള്ള വസ്ത്രമണിഞ്ഞ് രാവിലെ തന്നെ കഅ്ബാലയത്തിലെത്തി ആ വിശുദ്ധ മന്ദിരത്തെ ത്വവാഫ് ചെയ്തു. സഹോദര പുത്രന്റെ യുദ്ധവിജയം ഖുറൈശികളെ നേരിട്ടറിയിച്ചു. ആ വിജയത്തില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്ന് പറയാനും അബ്ബാസ് മറന്നില്ല.

ഇപ്പോഴിതാ മറ്റൊരു വാര്‍ത്ത. തന്റെ ഭാര്യാ സഹോദരി മൈമൂന ഇങ്ങനെയൊരു നീക്കം നടത്തുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. പക്ഷേ, അത് തന്നെ വേദനിപ്പിക്കുകയോ വെപ്രാളപ്പെടുത്തുകയോ ചെയ്യുന്നില്ല. ഉള്ളില്‍ നല്ല സന്തോഷം തോന്നുന്നുണ്ട് താനും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ നല്ല താല്‍പര്യവുമുണ്ട്.

അബ്ബാസ് തന്റെ ഭാര്യയോട് ശബ്ദം താഴ്ത്തി ചോദിച്ചു:
''അല്ല, ഉമ്മുല്‍ ഫള്ല്‍, ഇവളെങ്ങനെ ഇത്ര പെട്ടെന്ന് മാറിപ്പോയി?''
''മാറിയാലെന്താ മനുഷ്യാ പ്രശ്നം? മുഹമ്മദിന് എന്തെങ്കിലും കുഴപ്പമുണ്ടോ? വിശ്വസ്തനല്ലേ? സത്യസന്ധനല്ലേ? നല്ല സ്നേഹവുമുണ്ട്. ഇന്ദ്രജാലം പോലെയല്ലേ അദ്ദേഹത്തിന്റെ വാക്കുകള്‍ ഹൃദയങ്ങളെ വലിച്ചടുപ്പിക്കുന്നത്...''
ഉമ്മുല്‍ ഫള് ല്‍ തുടര്‍ന്നു:
''മുസ് ലിംകള്‍ മക്കയിലേക്ക് വന്നില്ലേ ഇപ്പോള്‍. ആ കാഴ്ച കണ്ട് ആരുടെ മനസ്സാണ് ഇളകാത്തത്? ആ തല്‍ബിയത്തും ത്വവാഫും സ്വഫാ-മര്‍വക്കിടയിലെ അവരുടെ ഓട്ടവും- എന്തൊരു ചന്തമാണ്! മുഹമ്മദും അദ്ദേഹത്തിന്റെ ദൗത്യവും- ഇതെക്കുറിച്ചേ ഇപ്പോള്‍ മക്കക്കാര്‍ക്ക് സംസാരമുള്ളൂ.'' താങ്കളുടെ സഹോദര പുത്രന്റെ ആളുകളുടെ ചലനങ്ങള്‍, ആരാധനാനുഷ്ഠാനങ്ങള്‍, പെരുമാറ്റങ്ങള്‍- പ്രത്യേക കൂട്ടം ആളുകള്‍ തന്നെ അവര്‍. എല്ലാവരും പരസ്പരം സഹോദരന്മാര്‍. എന്ത് ത്യാഗവും ചെയ്യാന്‍ തയാറുള്ളവര്‍. അതെപ്പറ്റിയല്ലേ പിന്നെ ആളുകള്‍ സംസാരിക്കുക?''
കുറച്ച് നേരം ആലോചനയിലാണ്ട ശേഷം അബ്ബാസ് പറഞ്ഞു:
''മുഹമ്മദിന്റെ വാക്കുകള്‍ ആത്മാവിനെ തണുപ്പിക്കുന്നു. മനസ്സില്‍ പ്രതീക്ഷയും അഭിമാന ബോധവും ഉണ്ടാക്കുന്നു. ഹൃദയങ്ങളെ ദൃഢബോധ്യത്തിലേക്ക് കൊണ്ടുപോകുന്നു. ചിന്തയെ പുതിയ മേച്ചില്‍ പുറങ്ങളില്‍ കൊണ്ടെത്തിക്കുന്നു. സംശയിക്കാനൊന്നുമില്ല, സത്യം തന്നെയാണ്. എന്റെ സഹോദര പുത്രന് വിജയങ്ങളൊന്നൊന്നായി കൈവന്നാല്‍ കാലാകാലവും ഖുറൈശികള്‍ക്ക് അഭിമാനിക്കാനുള്ള വകയായിരിക്കും അത്.''
ഇതൊക്കെ അല്‍പ്പം അമ്പരപ്പോടെ കേട്ടുനിന്ന ഉമ്മുല്‍ ഫള് ല്‍ മുരടനക്കി.
''കുറേ നേരമായി ഒരു ചോദ്യം എന്റെ തൊണ്ടക്കുഴിയില്‍ വന്നുനില്‍ക്കുന്നു.''
''ചോദിക്ക്.''
''നിങ്ങള്‍ വളരെ വികാരാവേശത്തോടെയാണല്ലോ സഹോദര പുത്രനെക്കുറിച്ച് സംസാരിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കങ്ങ് വിശ്വസിച്ചുകൂടേ?''
അല്‍പ്പം വികാരാവേശിതനായി അബ്ബാസ് തലയിളക്കിക്കൊണ്ടിരുന്നു.
''നീ പറഞ്ഞത് ശരിയാണ്. ആ ചോദ്യത്തിന് ഉത്തരം... എന്താ പറയുക... ങാ, ഒത്ത സമയം വരട്ടെ.''
''നിങ്ങളുടെ തീരുമാനം വളരെ നിര്‍ണായകമായിരിക്കും. ഖുറൈശികളെ അത് പിടിച്ചുകുലുക്കും. മക്കയെ പ്രകമ്പനം കൊള്ളിക്കും. പാരമ്പര്യങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുക്കുന്നയാളാണ് നിങ്ങള്‍. വളരെ മര്യാദക്കാരനുമാണ്. പക്ഷേ, എല്ലാറ്റിനും മുകളില്‍ വെക്കേണ്ടത് സത്യത്തെ അല്ലേ?''
''ഉമ്മുല്‍ ഫള് ല്‍, നീ പറഞ്ഞതാണ് ശരി...''
ഇക്കാര്യത്തില്‍ മൈമൂന നമ്മെ മുന്‍കടന്നിരിക്കുന്നു.''
അപ്പോഴാണ് വാതിലില്‍ മുട്ട് കേട്ടത്. കടന്നു വരുന്നത് മൈമൂന തന്നെയാണ്.
''മൈമൂനാ, മര്‍ഹബ...''
''നിങ്ങള്‍ക്കും സ്വാഗതം. വിവരം നിങ്ങള്‍ അറിഞ്ഞല്ലോ. എനിക്ക് അക്കാര്യത്തില്‍ അല്‍പം ധൃതിയുണ്ട്. റസൂല്‍ മക്ക വിടുന്നതിന് മുമ്പ് തന്നെ എല്ലാം പൂര്‍ത്തിയാവണം. അദ്ദേഹം എന്നെ ഭാര്യയായി സ്വീകരിച്ചാല്‍ അത് എന്റെ ഏറ്റവും വലിയ അഭിലാഷ പൂര്‍ത്തീകരണമായിരിക്കും.''
അബ്ബാസിന്റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു.
'ശരി, നീ വിഷമിക്കേണ്ട. ഇന്ന് രാത്രി തന്നെ ഞാന്‍ മുഹമ്മദിനോട് സംസാരിക്കാം.. ഞാനൊരു കാര്യം പറഞ്ഞാല്‍ എന്റെ സഹോദര പുത്രന്‍ തള്ളിക്കളയാറില്ല.''

ഒരു മനോഹര സ്വപ്നം കണ്ടുകൊണ്ടിരിക്കുന്ന പോലെയായിരുന്നു അപ്പോള്‍ മൈമൂന.
''അല്ലാഹുവിനറിയാം, എന്റെ ഹൃദയത്തില്‍ മറ്റൊരാള്‍ക്കും ഇടമില്ല. അദ്ദേഹമാകുന്നു എന്റെ- എല്ലാം, എന്റെ ആത്മാവും ജീവിതവും ഉണര്‍ച്ചയുമെല്ലാം. അദ്ദേഹത്തിന്റെ വാക്കുകള്‍ ഏറ്റവും മനോഹരമായ ഗാനങ്ങള്‍ പോലെ എന്റെ കാതുകളില്‍ പതിക്കുന്നു.''
അപ്പോഴാണ് അപ്രതീക്ഷിതമായി മറ്റൊരാള്‍ അങ്ങോട്ട് കടന്നുവരുന്നത്- ഖാലിദ് ബ്നുല്‍ വലീദ്. ഖാലിദിന്റെ മാതൃസഹോദരിയാണ് മൈമൂന. സ്വന്തം അമ്മായി. അബ്ബാസിന്റെ ഭാര്യ ഉമ്മുല്‍ ഫള്ല്‍ മറ്റൊരു അമ്മായി. ഖാലിദ് അഭിവാദ്യം ചെയ്ത ശേഷം എല്ലാവരെയും മാറിമാറി നോക്കി. പിന്നെ ചെറിയമ്മായി മൈമൂനയുടെ നേരെ തിരിഞ്ഞു.

''നിങ്ങള്‍ക്കിനിയും ഒരുപാട് പറയാനുണ്ടെന്ന് നിങ്ങളുടെ മുഖം പറയുന്നു.''
പിന്നെ അബ്ബാസിനും ഉമ്മുഫള് ലിനും നേരെ നോക്കി-
''നിങ്ങള്‍ ഗൗരവമുള്ള എന്തോ വിഷയം ചര്‍ച്ച ചെയ്യുകയാണെന്ന് തോന്നുന്നു... കാര്യം മുഹമ്മദ് തന്നെയായിരിക്കണം.''
''അത് നീ എങ്ങനെ അറിഞ്ഞു?'' അബ്ബാസ് ചോദിച്ചു.
ഖാലിദ് ദുഃഖം കലര്‍ന്ന ചിരിചിരിച്ചു.
''മക്കയിലുള്ളവര്‍ക്ക് വേറെന്തെങ്കിലും വര്‍ത്തമാനമുണ്ടോ ഇപ്പോള്‍? മനസ്സുകൊണ്ട് മൂപ്പരുടെ അനുകൂലികളുണ്ടല്ലോ, കുറേ പേര്‍. അവരൊക്കെ വലിയ ആവേശത്തിലാണ്. എതിരാളികളാണെങ്കില്‍ കടുത്ത പകയിലും. മുമ്പെങ്ങുമില്ലാത്ത തരം ഏറ്റുമുട്ടലാണ് വരാന്‍ പോകുന്നതെന്ന് തോന്നുന്നു.''
മൈമൂന കുറച്ച് ഉച്ചത്തിലാണ് ചോദിച്ചത്.
''നീയിപ്പോ മുഹമ്മദില്‍ എന്താണൊരു കുഴപ്പം കാണുന്നത്? അദ്ദേഹത്തെ ആക്രമിക്കണം എന്നല്ലേ നീ പറയുന്നത്?''
ഖാലിദ് ചിരിച്ചു.
''അങ്ങനെയൊന്നും ഞാന്‍ പറഞ്ഞില്ല, അമ്മായീ.''
''ഉഹുദില്‍ നീ കാണിച്ചത് ഇവിടെ എല്ലാവര്‍ക്കും അറിയാം.''
ഖാലിദിന്റെ ശബ്ദം ദുഃഖസാന്ദ്രമായി.
''എന്തൊരു ദിവസം! അമ്മായി എന്നെ വിശ്വസിക്കണം. ഒരു പടയാളി എന്ന നിലക്ക് എന്റെ ചുമതല നിറവേറ്റുക മാത്രമായിരുന്നു ഞാന്‍.''
''അപ്പോ അതൊരു അഭിമാനമായി കൊണ്ടുനടക്കുന്നില്ലേ?''
തന്റെ അമ്മായിയുടെ ക്ഷോഭത്തിന്റെ കാരണമറിയാതെ ഖാലിദ് തപ്പിത്തടഞ്ഞു.
''വിജയം അഭിമാനം തന്നെ, പക്ഷേ...''
''കൊല്ലുക, സത്യവചനങ്ങള്‍ മായ്ച്ചുകളയുക...
ലജ്ജിക്കണം നീയൊക്കെ.''
ഖാലിദ് കുറെക്കൂടി ശാന്തനായി.
''പ്രിയ അമ്മായി, ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല...''
മൈമൂനയുടെ ശബ്ദത്തിന് മാര്‍ദവം ഒട്ടുമുണ്ടായിരുന്നില്ല.
''പിന്നെ നീ എപ്പോഴാണ് ചിന്തിക്കുന്നത്?''
''ഇപ്പോഴോ?''
രംഗം വഷളാവുമെന്ന് അബ്ബാസിന് തോന്നി. കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തിയാല്‍ സംസാരം സാധാരണ നിലയിലേക്ക് വന്നേക്കും.
''മോനേ, ഖാലിദേ! കാര്യമെന്താണെന്ന് വെച്ചാല്‍, നിന്റെ മൈമൂന അമ്മായി ഇസ് ലാം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇത് മൈമൂനയുടെ വ്യക്തിപരമായ കാര്യമാണ്. സംസാരത്തിലെ ഈ ചൂടും പുകയുമൊക്കെ അത് കാരണമാണ്.''
ഖാലിദ് അല്‍പനേരം നിശ്ശബ്ദനായി. പിന്നെ ചോദിച്ചു:
''ശരിയാണോ, അമ്മായീ?''
പുലിയുടെ ശൗര്യത്തില്‍ തന്നെയാണ് ഇപ്പോഴും. വെല്ലുവിളിക്കും മട്ടിലാണ് സംസാരം.
''ശരിതന്നെ, എന്തേ? മുഹമ്മദ് എന്റെ ഹൃദയത്തില്‍ കൊളുത്തിവെച്ച ആ വിളക്കുണ്ടല്ലോ അത് അണച്ചുകളയാന്‍ ഈ ലോകത്തെ ഒരു ശക്തിക്കും കഴിയില്ല. അജ്ഞതയുടെയും അന്തക്കേടുകളുടെയും ഭാണ്ഡവും ചുമലിലേറ്റിയുള്ള ഈ ജീവിതത്തിന് വല്ല അര്‍ഥവുമുണ്ടോ? മക്കയിലെ ആള്‍ക്കാര്‍ക്ക് അഹങ്കാരവും ഗര്‍വും തലക്ക് പിടിച്ചിരിക്കുന്നു. വേണ്ട തീരുമാനമെടുക്കാനുള്ള കഴിവ് അവറ്റക്ക് ഇല്ല.''
മൈമൂന നിര്‍ത്താനുള്ള ഭാവമില്ല.

''എന്താ ഹേ നമ്മുടെ മൂല്യങ്ങള്‍? വല്ല വിലയുമുണ്ടോ? മുഹമ്മദിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കും, എന്തിന്? ഉത്തരമില്ല. ആ വിശുദ്ധനായ മനുഷ്യന്‍ നമ്മെ സാഹോദര്യത്തിലേക്കും സ്നേഹത്തിലേക്കും നീതിയിലേക്കും സമത്വത്തിലേക്കുമല്ലേ ക്ഷണിക്കുന്നത്? ദൈവം ഒന്നേയുള്ളൂ, ഇതാണ് ആദ്യമായും അവസാനമായും അദ്ദേഹം പറയുന്നത്. ഇതിലെന്താ തെറ്റ്?''
അബ്ബാസിന് ചിരിയാണ് വന്നത്.
''മൈമൂനാ, ഒരു അപാകവും ഇല്ലെന്ന് പറയരുത്. എന്റെ സഹോദരപുത്രന്‍ എല്ലാം അടിമേല്‍ മറിച്ചിടാനാണ് നോക്കുന്നത്. ഇപ്പോള്‍ നമ്മുടെ ജീവിതമില്ലേ, അത് നേരെ തലതിരിച്ചിട്ടാല്‍ എങ്ങനെയിരിക്കും? എന്താ പ്രശ്നം, എന്താ അപകടം എന്നൊന്നും ചോദിക്കരുത്. വലിയ അപകടമാണ്.''
മൈമൂനയും വിട്ടുകൊടുത്തില്ല.
''അബുല്‍ ഫള് ല്‍, കാര്യം നിങ്ങള്‍ പറഞ്ഞതു പോലെ തന്നെ എന്നു വെക്കുക. പക്ഷേ, ഒരു ചോദ്യമില്ലേ? മുഹമ്മദ് സത്യത്തിലാണോ അല്ലേ? അദ്ദേഹത്തിന്റെ സന്ദേശം ജനനന്മക്ക് വേണ്ടിയാണോ അല്ലേ?''
ഉമ്മുല്‍ ഫള്ല്‍, ജ്യേഷ്ഠത്തി ഇടപെട്ടു.
''മൈമൂനയുടെ ഹൃദയത്തില്‍ അരിച്ചെത്തിയ വെളിച്ചമാണ് അവളുടെ വാക്കുകളെ ഇത്ര മനോഹരമാക്കുന്നത്. അവള്‍ നമ്മെക്കാള്‍ വയസ്സില്‍ വളരെ ചെറുപ്പമാണ്. പക്ഷേ, മക്കയുടെ രാജാത്തി എന്ന മട്ടിലാണ് അവളുടെ സംസാരം.''
പിന്നെ ഖാലിദിനോടായി-
''വിജയം മുഹമ്മദിന് തന്നെ എന്ന് നിനക്കറിയാം. എന്നിട്ടും നീ അദ്ദേഹത്തില്‍ വിശ്വസിക്കാത്തതെന്ത്?''
ഖാലിദ് പരുങ്ങി.
''വിജയിക്കുന്നതു കൊണ്ട് മാത്രം ഞാന്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയില്ല.''
''പിന്നെ?''
''സത്യത്തില്‍ ആണെങ്കില്‍ വിശ്വസിക്കും.''
ഖാലിദ് പൊട്ടിച്ചിരിച്ചു. എല്ലാവരുടെയും സംഘര്‍ഷവും പിരിമുറുക്കവും ഇല്ലാതായി. തന്റെയും മനസ്സില്‍ നടക്കുന്ന ആശയപ്പോരാട്ടത്തിന്റെ ഉത്തരമാണ് ആ മറുപടിയില്‍ ഉണ്ടായിരുന്നത്.

(തുടരും)

വിവ: അഷ്‌റഫ് കീഴുപറമ്പ് 
വര: നൗഷാദ് വെള്ളലശ്ശേരി

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media