ഉമ്മാക്ക് ചന്ദന നിറത്തിലുള്ള പര്‍ദയും ചുവന്ന മഫ്തയും. ഏഴാം ക്ലാസില്‍ പഠിക്കുന്ന അനിയത്തിക്ക് അവള്‍ക്കിഷ്ടപ്പെട്ട വാടാമുല്ലയുടെ നിറമുള്ള വളകളും വെളുപ്പും മഞ്ഞയും മുത്തുകളോട് കൂടിയ മാലയും. ഉപ്പാക്ക് ഒരു കൈലിയും അരക്കൈയന്‍ ബനിയനും. കുഞ്ഞനിയന് ഹൈദ്രുവിന് അവന് പാകമായ പൈജാമയും ഏറെ ഇഷ്ടപ്പെട്ട ജിലേബിയും.
മനസ്സില്‍ പ്ലാനിട്ട ഓരോന്നായി വാങ്ങി തന്റെ തോള്സഞ്ചിയിലൊതുക്കി ഹസീബ് തിരക്കേറിയ തെരുവിലൂടെ ഹാവ്ഡാ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്നു.
പലമാതിരി വാഹനങ്ങള്‍ തലങ്ങും വിലങ്ങും തിങ്ങിനിരങ്ങി ഒഴുകിക്കൊണ്ടിരിക്കുന്നു. തെരുവ് കച്ചവടക്കാരും കാല്‍നടക്കാരായ യാത്രക്കാരും റോഡിന്റെ ഇരു ഭാഗങ്ങളിലായി പകുതി സ്ഥലവും കൈയേറിയിരിക്കുന്നു. ഒത്തിരി ശ്രദ്ധയോടെ വേണം റോഡ് മുറിച്ചു കടക്കാന്‍. ഏറെ പണിപ്പെട്ട് ഒരുവിധം റോഡ് മുറിച്ചു കടന്ന് റെയില്‍വേ സ്റ്റേഷനിലുള്ള വീതികുറഞ്ഞ റോഡില്‍ പ്രവേശിച്ചു. വലത് സൈഡ് ചേര്‍ന്നുള്ള ബാരിക്കേഡ് കെട്ടി വേര്‍തിരിച്ച ഫുട്പാത്തിലൂടെ ഹസീബ് ചുവടുകള്‍ വെച്ചു. സ്റ്റേഷനില്‍ നിന്നുള്ള അനൗണ്‍സ്മെന്റ് ഇപ്പോള്‍ നേരിയ ശബ്ദത്തില്‍ കേള്‍ക്കാം. നാട്ടില്‍ എത്തിച്ചേരാനുള്ള വെമ്പലായിരുന്നു മനസ്സ് നിറയെ.
വീട്ടിലേക്കുള്ള അകലം മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നു. ഇനി ഇവിടെ നിന്ന് ഏകദേശം എട്ട് മണിക്കൂര്‍ വേണം ഹിഷന്ഗഞ്ചിലെത്താന്. അവിടെ നിന്ന് രണ്ട് മണിക്കൂര്‍ ബസ് യാത്ര. കഴിഞ്ഞ രണ്ട് ദിവസത്തെ തുടര്‍ച്ചയായ ട്രെയിന്‍ യാത്ര വല്ലാത്ത മുഷിപ്പൊന്നും ഉണ്ടാക്കിയിട്ടില്ല. അല്ലേലും വീട്ടിലേക്കുള്ള, അതും പ്രിയപ്പെട്ടവരോടൊത്തുചേരാനുള്ള യാത്രയാവുമ്പോള്‍ മുഷിപ്പോ ക്ഷീണമോ ഉണ്ടാവുക എന്നുപറഞ്ഞാല്‍ അതിശയോക്തിപരമാണ്.
വീട്ടിലെത്തിയാലുടന്‍ സാധനങ്ങളൊക്കെ ഓരോരുത്തര്‍ക്കും വീതം വെക്കണം. അനിയത്തി റസിയാക്ക് അവള്‍ക്കിഷ്ടപ്പെട്ട നിറത്തിലുള്ള വളകള്‍ ഓരോന്നായി അണിയിക്കണം. ചുവന്ന ജിലേബി കിട്ടിക്കഴിഞ്ഞാല്‍ ഹൈദ്രുവിന്റെ മുഖം ഒന്നു കാണേണ്ടതു തന്നെ. ഇടത്തേ കവിളില്‍ നുണക്കുഴി വിരിയുന്ന അവന്റെ ചിരി ഒന്നുമതി ഉള്ളം നിറയാന്‍.
'ഭയ്യാ ... പൈസാ ദോ ... ഭൂഖ് ഹെ..' ഫുട്പാത്ത് തിരിഞ്ഞ് റെയില്‍വേ സ്റ്റേഷന്റെ മെയിന്‍ ഗേറ്റ് കടക്കാന്‍ നേരമാണ് തന്റെ നേരെ നീട്ടിപ്പിടിച്ച ഇളംകൈ ശ്രദ്ധയില്‍ പെട്ടത്. 'ഭയ്യാ ... ഭൂഖ് ഹെ... ഖാനാ...' ദൈന്യത പേറുന്ന മുഖത്ത് കുട്ടിത്തത്തിന്റെ നിഷ്ക്കളങ്കത തെളിഞ്ഞ് നില്ക്കുന്നു. ഒമ്പത് വയസ്സ് പ്രായം മതിക്കും. ജടപിടിച്ച തലമുടി ഉച്ചിയില്‍ മഞ്ഞളിച്ച റിബണ്‍ കൊണ്ട് അലസമായി ഒതുക്കി കെട്ടിവെച്ചിട്ടുണ്ട്. സേഫ്റ്റി പിന് കൊണ്ട് ഷോള്ഡറില് നിന്ന് തുന്നല്‍വിട്ട കൈ കൂട്ടിപ്പിടിച്ച് പിന്നിട്ട ഷര്‍ട്ടിന്റെ മുകളിലത്തെ ബട്ടണ്‍ പൊട്ടിപ്പോയിരുന്നു. പാദങ്ങള്‍ വരെ മൂടിയ നരച്ച പാവാട
അവള്‍ക്ക് ഒട്ടും പാകമാവാത്തതായിരുന്നു.
പാന്റിന്റെ പിന്‍ഭാഗത്തെ പോക്കറ്റിലെ പേഴ്സിന് കനം കുറഞ്ഞിട്ടുണ്ടെന്ന് ഹസീബിന് നന്നായി അറിയാം. കിഷന് ഹഞ്ചിലേക്കുള്ള റിസര്‍വേഷന്‍ ടിക്കറ്റും
തുടര്‍ന്ന് ഹല്‍ദിയയിലേക്കുള്ള വണ്ടിക്കാശും പിന്നെ വട്ടച്ചെലവിനുള്ളതും കഷ്ടിച്ചു കാണും. പേഴ്സിനകത്തു നിന്ന് ഇരുപത് രൂപയുടെ നോട്ടെടുത്ത് നാണയത്തുട്ടുകള്‍ ഒതുക്കിപ്പിടിച്ച കൈക്കുമ്പിളില്‍ വെച്ചു കൊടുത്തപ്പോള്‍ നിര്‍വികാരത മുറ്റിയ പെണ്‍കുട്ടിയുടെ മുഖത്ത് ഒരു വെട്ടം മിന്നിമറഞ്ഞത്
ഹസീബ് ശ്രദ്ധിച്ചു. നിറഞ്ഞ് തുടുത്ത ചിരി സമ്മാനിച്ച് അവള് ഓടി ആള്‍ക്കൂട്ടത്തിനിടയിലേക്ക് മറഞ്ഞു. സ്റ്റേഷനിലെ കോളാമ്പിയില്‍ നിന്നുള്ള
അനൗണ്‍സ്മെന്റ് ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം. തനിക്കുള്ള ട്രെയിന്‍ പ്ലാറ്റ്ഫോം രണ്ടിലാണുള്ളതെന്ന വിവരം ഹസീബിന്റെ ചുവടുകള്‍ക്ക് വേഗതകൂട്ടി. സ്റ്റെപ് കയറി ഓവര്‍ബ്രിഡ്ജ് വഴി രണ്ടാം പ്ലാറ്റ്ഫോമിലെത്തണം.
വലുതും ചെറുതുമായ ലഗേജുകള്‍ തലച്ചുമടായും അല്ലാതെയും തറയിലൂടെ ഉരുട്ടിയും വലിച്ചും ആളുകള്‍ തലങ്ങും വിലങ്ങും ഒഴുകുന്നു. ഗോഹാട്ടി എക്സ്പ്രസിലെ എസ് സെവന് ബോഗിക്കകത്തെ തന്റെ സീറ്റില്‍ ഹസീബ് ഇരുപ്പുറപ്പിച്ചു. പുറത്തെ തിരക്ക് ബോഗിക്കകത്തില്ല. എതിരെയുള്ള സീറ്റില്‍ വൃദ്ധ ദമ്പതികള്‍. വലത് ഭാഗത്ത് ജനാലക്കരികില്‍ ഒരു മധ്യവയസ്കനും തൊട്ടടുത്തായി ഒരു യുവതിയുമിരിപ്പുണ്ട്. ബാക്കി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു.
സര്‍ക്കാര്‍ ജോലിയല്ലെങ്കിലും ഒരു നിശ്ചിത വരുമാനമുള്ള ജോലി ലഭിച്ചതിനു ശേഷം ഹസീബ് നാട്ടിലേക്ക് വണ്ടി കയറുന്നത് ഏറെ മാസങ്ങള്‍ക്ക് ശേഷമാണ്.
നാട്ടിലെ ഹല്‍ദിയയിലുള്ള അറബിക് കോളേജിലെ രണ്ട് വര്‍ഷത്തെ ഹാഫിള് പഠനം പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയ സമയത്താണ് ഉമ്മാന്റെ മൂത്ത ആങ്ങള അബ്ദുല്‍ ബാരിക് കേരളത്തെക്കുറിച്ച് സൂചിപ്പിച്ചത്. കേരളത്തിലെ പള്ളികളില്‍ ഹാഫിളുകള്‍ക്ക് വലിയ ഡിമാന്റാ, പ്രത്യേകിച്ച് നോമ്പുകാലത്ത്. തൊട്ടടുത്ത ദിവസം കേരളത്തിലേക്ക് വണ്ടി കയറി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ഏതു തരം ജോലിയും ചെയ്യാന്‍ തയ്യാറായിരുന്നു. ഒരുപാട് അന്വേഷിച്ച് അലയേണ്ടി വന്നില്ല. ഫറോക്കിലുള്ള ഒരു ജുമുഅ പള്ളിയില്‍ 'മുഅദ്ദി'ന്റെ പണി തരപ്പെട്ടു.
പള്ളിയില്‍ ഓത്ത് പഠിക്കാന്‍ വരുന്ന കുട്ടികള്‍ക്ക് നിയമവശങ്ങള്‍ മനസ്സിലാക്കിക്കൊടുക്കണം. തരക്കേടില്ലാത്ത ശമ്പളവും താമസസൗകര്യവും. ഹസീബിന്റെ സന്തോഷത്തിന് മൈലാഞ്ചിച്ചോപ്പിന്റെ അഴകായിരുന്നു.
എല്ലാം ഇന്നലെ നടന്നതു പോലെ മനസ്സില്‍ പച്ചപിടിച്ച് നില്ക്കുന്നു. എത്ര പെട്ടെന്നാണ് മാസങ്ങള്‍ കടന്നുപോയത്. നാട്ടില്‍നിന്ന് ഉമ്മാന്റെ ഫോണ്‍ വിളി
വരുമ്പോഴൊക്കെ അടുത്ത പെരുന്നാളിന് നാട്ടിലെത്തുമെന്നുള്ള ഉറപ്പോടുകൂടിയാണ് ഫോണ്‍ കട്ട് ചെയ്തിരുന്നത്.
നോമ്പുകാലത്താണ് പള്ളിയില്‍ പണി കൂടുതല്‍. രാത്രിയുള്ള പ്രത്യേക പ്രാര്‍ഥനാ ചടങ്ങില്‍ ഇമാമിന്റെ സഹായിയായി കൂടെയുണ്ടാവണം. പള്ളി പരിപാലന സമിതിയിലെ സൈഫ്ക്കാക്ക് ഹസീബിനോട് പ്രത്യേക കരുണയായിരുന്നു.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ചേരി ജീവിതങ്ങളെക്കുറിച്ചുള്ള വായനയായിരിക്കാം ഒരുപക്ഷേ അദ്ദേഹത്തിന് ഹസീബിനെ പോലുള്ള ബീഹാരിയോട്
പ്രത്യേക അടുപ്പം ചേര്‍ത്തത്. പള്ളി പരിപാലന സമിതിയില്‍ മറ്റുള്ളവരെക്കാള്‍ പ്രായത്തില്‍ മൂപ്പുള്ള സൈഫ്ക്കയാണ് ഹസീബിന് നാട്ടില്‍ പോയിവരാന്‍ രണ്ടാഴ്ചത്തെ ലീവ് തരപ്പെടുത്തിക്കൊടുത്തത്.
ഗൊഹാട്ടി എക്സ്പ്രസ് പലമാതിരി സ്റ്റേഷനുകള്‍ പിന്നിട്ട് മലയിറമ്പിലൂടെ മലപാമ്പു പോലെ ചുറ്റി വളഞ്ഞ് കിഷന്‍ഗഞ്ച് ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടിരുന്നു. ഹസീബിന്റെ ഓര്‍മകളില്‍ ഈദിന്റെ നിലാവ് പൊഴിച്ച് ഒളിചന്ദ്രന് തിളങ്ങിനിന്നു. ടിന്‍ഷീറ്റ് പാകിയ രണ്ടുമുറി വീടിന്റെ വടക്കേ കോലായില്‍ ചണച്ചാക്ക് തൂക്കിയ മറയത്ത് ഉപ്പ തയ്യല്‍ മെഷീനുമായി മല്പിടിത്തത്തിലായിരിക്കും. അയല്‍ക്കാരുടെ പെരുന്നാള്‍ കുപ്പായം തുന്നുന്ന തിരക്കിനിടയില്‍ ഹൈദ്രുവിന് പൈജാമയും റസിയാക്ക് ചേലുള്ള സല്‍വാറും തുന്നിയെടുക്കണം. മൂന്ന് നാല് വര്‍ഷങ്ങള്‍ മുമ്പ് വരെ ബോര്‍വല്‍ കുഴിക്കുന്ന പണിയായിരുന്നു ഉപ്പാക്ക്. ആരോഗ്യം ശ്രദ്ധിക്കാതെയുള്ള കടുത്ത പണിയും പൊടിപടലങ്ങളോടുള്ള നിരന്തര ചങ്ങാത്തവും ഉപ്പാനെ
നിത്യരോഗത്തിലേക്ക് നയിക്കുകയായിരുന്നു. വിടാതെ പിടികൂടിയ ശ്വാസംമുട്ടല്‍ ബോര്‍വല്‍ പണിയുമായി അധിക കാലം സമരസപ്പെട്ടുപോകാന്‍ അനുവദിച്ചില്ല.
വീട്ടിനകത്ത് ഒതുങ്ങിക്കൂടാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. അല്പസ്വല്പം തുന്നല്‍ പണിയൊക്കെ ഉമ്മാക്ക് വശമുള്ളതു കൊണ്ട് വായ്പയെടുത്ത് ഒരു രണ്ടാംകിട തയ്യല്‍ മെഷീന് തരപ്പെടുത്തി. കുറേശ്ശെയായി ഉപ്പയും പണി പഠിച്ചെടുക്കുകയായിരുന്നു.
മിക്കവാറും ഹൈദ്രു തയ്യല്‍ മെഷീന്റെ തൊട്ടടുത്ത് നിലത്ത് ഇരിപ്പുറപ്പിച്ചിട്ടുണ്ടാവും. ജനാലപടിയിലെ പലനിറ ബട്ടണ്സുകള് നിറച്ച കുഞ്ഞ് ഡപ്പികള് തപ്പിയെടുത്ത് ആശാന് ചില കളികളൊക്കെയുണ്ട്. സിമന്റ് മെഴുകിയ ചാരനിറമുള്ള അത്രയൊന്നും മിനുസമില്ലാത്ത തറയില്‍ നിറമുള്ള ബട്ടണ്സുകള് നിരത്തിവെച്ച് ചിത്രങ്ങള്‍ കോറിയിടും. വീട്, പൂവും ചെടിച്ചട്ടിയും, തൊപ്പി വെച്ച കുട്ടി- മിക്കവാറും ഇതൊക്കെയാണ് അവന് തന്റെ കരവിരുതില്‍ വിരിയുന്ന ചിത്രങ്ങള്‍. ചില അവസരങ്ങളില്‍ റസിയായും അവനോടൊപ്പം കൂടി തര്ക്കങ്ങളുണ്ടാക്കുക പതിവാണ്. മിക്കവാറും ഉമ്മ പെരുന്നാള്‍ ദിവസം തയ്യാറാക്കാ
നുള്ള സേമിയക്ക് വേണ്ടിയുള്ള സാമഗ്രികള്‍ ഒരുക്കൂട്ടുന്നുണ്ടാകും. റസിയയാകട്ടെ, അയല്പക്കത്തെ സോനുവിനേയും ബനാസറിനേയും കൂട്ടി തൊടിയിലെ മൈലാഞ്ചിച്ചോട്ടിലായിരിക്കും.
'ഹലോ ഭായ്... യഹ് ക്യാഹെ...? ഥൈലി കെ അന്തര്‍ ബീഫ് ഹെ...?'
മെഹന്തി ചോപ്പണിഞ്ഞ ഹസീബിന്റെ ചിന്തകളെ മുറിച്ച് പരുക്കന്‍ ശബ്ദം ബോഗിക്കുള്ളില്‍ മുഴങ്ങി. ഇടിമുഴക്കത്തോടെ പതിച്ച ശബ്ദത്തിന് നേരെ അവന് തലയുയര്‍ത്തി നോക്കി. കഴുകന് കണ്ണുകളുമായി നാലഞ്ച് അപരിചിതര്‍ തനിക്ക് ചുറ്റും തുറിച്ചു നോക്കുന്നു. നാവ് തൊണ്ടക്കുഴിക്കകത്തേക്ക് ഇറങ്ങി ഒളിച്ചതു പോലെ. എന്തെങ്കിലും ഉരിയാടാന്‍ ശ്രമിക്കുമ്പോഴേക്കും കൂട്ടത്തില്‍ ഒരുവന് ഹസീബിന്റെ തല മൂടിയിരുന്ന വെളുത്ത തൊപ്പി വലിച്ചെടുത്ത് കടിച്ചുകീറി പുറത്തേക്കെറിഞ്ഞു.
'അരേ ദേശ് ചോര്‍... ബീഫ് ഖാക്കര്‍ ഹമാരേ ഇസത് കൊ അപമാന്‍ കരേം...' ഹസീബിന്റെ മടിയിലിരുന്ന സഞ്ചി പിടിച്ചു വാങ്ങി ബോഗിക്കുള്ളിലേക്ക് വലിച്ചെറിഞ്ഞു.
'ബീഫ് ... ബീഫ്....' ഭീകരമായ ശബ്ദം ചൂളം വിളിച്ച് പായുന്ന ട്രെയിനിനുള്ളിലാകെ മുഴങ്ങുന്നതായി അവന് തോന്നി. മിന്നായം പോലെ എന്തോ ഒന്ന്
അവന്റെ ചെവിക്ക് മീതെ പതിച്ചു. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള അടിയേറ്റ് ഹസീബ് സീറ്റില്‍ നിന്ന് താഴെ വീണ് പിടഞ്ഞു. ഹസീബിന്റെ വായില്‍ നിന്നും ചെവിയില്‍ നിന്നും രക്തം വാര്‍ന്നൊഴുകി. 'ബീഫ്... ബീഫ്...' കൂട്ടം ചേര്‍ന്ന് തൊഴിക്കുന്നതിനിടയിലുള്ള അക്രമികളുടെ ആരവം ട്രെയിനിനുള്ളില്‍ ഒരു പ്രത്യേക താളം തീര്‍ത്തു. 'ഉമ്മാ...'' ആള്‍ക്കൂട്ട ആരവങ്ങള്‍ക്കിടയില്‍ ഹസീബിന്റെ അവസാന ശബ്ദം നേര്‍ത്തില്ലാതായി. ചങ്ങല പൊട്ടിച്ച് ഭ്രാന്തനെപ്പോലെ ഗോഹാട്ടി എക്സ്പ്രസ് പാളങ്ങളെ ഞെരിച്ച് അലറിപ്പാഞ്ഞുകൊണ്ടിരുന്നു. വാര്‍ന്നൊഴുകിയ രക്തം ബോഗിക്കുള്ളില്‍ അത്രയൊന്നും വൃത്തിയില്ലാത്ത നിലത്ത് ഏതോ രാജ്യത്തിന്റെ ഭൂപടം തീര്‍ത്തുകൊണ്ടിരുന്നു. വാടാമുല്ലയുടെ നിറമുള്ള വളപ്പൊട്ടുകളും ചുവന്ന ജിലേബിയും ചിതറിത്തെറിച്ച് തൊട്ടടുത്ത് തന്നെ കിടപ്പുണ്ട്.