ഇസ്ലാമില്‍ വിവാഹം സാധുവാകാനുള്ള നിയമങ്ങള്‍ വളരെ ലളിതമാണ്. വരനും രക്ഷിതാവും രണ്ടു സാക്ഷികളും മതി. പക്ഷേ, നടപ്പ് രീതികള്‍ വളരെ സങ്കീര്‍ണമാണ്. അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍...
വിവാഹം ചെയ്തുകൊടുക്കാനുള്ള അധികാരം
ഇസ്‌ലാമില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാനുള്ള ഉത്തരവാദിത്വം വലിയ്യിനെ ഏല്‍പ്പിച്ചിട്ടുള്ളത്, പ്രായക്കുറവോ പരിചയക്കുറവോ കൊണ്ട് അനാവശ്യ ഇടപാടുകളില്‍ അകപ്പെട്ടു പോവാതിരിക്കാനും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കപ്പെടാതിരിക്കാനും, ചൂഷണം ചെയ്യപ്പെടുന്നതില്‍നിന്ന് പെണ്‍കുട്ടിക്ക് മോചനം നല്‍കാനുമാണ്. പെണ്‍കുട്ടിക്ക് പിന്തുണ നല്‍കി ഏറ്റവും ഗുണകരമായ തീരുമാനമെടുക്കുന്ന ആളാവണം വലിയ്യ്. പെണ്‍കുട്ടിയുടെ വിഷയത്തില്‍ ഗുണകരമല്ലാത്ത കാര്യങ്ങള്‍ തീരുമാനിച്ചതിന്റെയോ, ശത്രു മനോഭാവത്തോടെ പെരുമാറിയതിന്റെയോ മുന്‍ അനുഭവമുള്ള വ്യക്തി പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ (വലിയ്യ് ആവാന്‍) യോഗ്യനല്ല.
വലിയ്യിനെ നിശ്ചയിച്ചിട്ടുള്ളത് ജൈവ ശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ട് മാത്രം പിതാവ് ആകുന്നു എന്ന അടിസ്ഥാനത്തിലല്ല. മറിച്ച്, പെണ്‍കുട്ടിയോട് ഏറ്റവും അനുകമ്പയുള്ള വ്യക്തി എന്ന നിലയിലാണ്. പ്രകൃതിപരമായി തന്നെ പെണ്‍കുട്ടിയോട് ഏറ്റവും അടുപ്പമുള്ള വ്യക്തി എന്ന രീതിലാണ് നിശ്ചയിച്ചിട്ടുള്ളത്. അല്ലാതെ ജൈവശാസ്ത്ര പരമായ എന്തെങ്കിലും അധികാരവുമായിട്ടല്ല. അതിന് വിരുദ്ധമായ ഒരു അനുഭവം മുന്‍കാലങ്ങളില്‍ പിതാവില്‍ നിന്നും ഉണ്ടായിട്ടുണ്ടെങ്കില്‍ അദ്ദേഹം വിലായത്തിന് അയോഗ്യനാണെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നു.
രക്ഷാകര്‍ത്താവായി പിതാവില്ലാത്ത സന്ദര്‍ഭങ്ങളില്‍ അടുത്ത അവകാശികളാണ് വലിയ്യിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കേണ്ടത്. പിതാമഹന്‍, പിതാവിന്റെ സഹോദരന്‍, സഹോദരന്‍, ചില മദ്ഹബുകളില്‍ പ്രായപൂര്‍ത്തിയായ സ്വപുത്രന്‍ എന്നിവരാണ് അവര്‍. അനുയോജ്യനായ വരനെ കണ്ടെത്തിയിട്ടും രക്ഷാകര്‍ത്താവ് വിവാഹം ചെയ്തുകൊടുക്കാന്‍ തയ്യാറാവാത്ത സാഹചര്യത്തിന് അള്ല്‍ എന്ന് പറയും. വലിയ്യിന്റെ അധികാര പരിധിയെയും പരിമിതിയെയും കൃത്യമായി കുറിക്കുന്ന നിയമമാണ് അള്ല്‍. സൂറത്തുല്‍ ബഖറയിലെ 232-ാമത്തെ വചനമാണ് ഈ നിയമത്തിന്റെ ആധാരം. അള്ല്‍ ഉണ്ടെന്ന് തെളിഞ്ഞാല്‍, ഹമ്പലി മദ്ഹബനുസരിച്ച് ലളിതമാണ് പരിഹാരം. അടുത്ത വലിയ്യ് വിവാഹം ചെയ്തുകൊടുക്കണം.
മറ്റ് മദ്ഹബുകളില്‍ ഒരുപക്ഷേ, വിഷയം ഇസ്ലാമിക ഖാളിയിലേക്ക് പോകുമെന്ന് പറഞ്ഞാലും ഇസ്ലാമിക ഖാളി ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ പെണ്ണ് നിശ്ചയിക്കുന്ന ആളിലേക്ക് നീങ്ങുമെന്ന് പറഞ്ഞാലും അവിടെയും പെണ്ണിന് വിഘ്‌നങ്ങളില്ലാതെ അനുയോജ്യനായ വരനെ കണ്ടെത്താനുള്ള വഴി ഒരുക്കാം എന്നാണര്‍ഥം.
മാതൃത്വവും പിതൃത്വവും പവിത്രമായതും മുറിച്ചു മാറ്റാന്‍ കഴിയാത്തൊരു ബന്ധമായിട്ടാണ് ഇസ്ലാം കണക്കാക്കുന്നത്. സംരക്ഷണ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഉപ്പ, ദുര്‍മാര്‍ഗമോ ദുര്‍പ്രവൃത്തികളോ കൊണ്ടോ അല്ലെങ്കില്‍ പെണ്‍കുട്ടിക്ക് ഗുണകരമല്ലാത്ത രീതിയില്‍ ഇടപെട്ടതിന്റെ പേരിലോ വിലായത്തിന്റെ അധികാരം നഷ്ടപ്പെട്ട വ്യക്തിയാണെങ്കില്‍ ആ അധികാരം അടുത്ത ആളിലേക്ക് മാറും. ഇനി പെണ്‍കുട്ടി വിളിക്കാന്‍ തയ്യാറാവുകയും അദ്ദേഹം നിക്കാഹ് നടത്തിക്കൊടുക്കാന്‍ വിസമ്മതിക്കുകയും ചെയ്താലും സ്വാഭാവികമായും നേരത്തെ പറഞ്ഞപോലെ അള്ല്‍ സംജാതമാവുകയും അടുത്ത ആളിലേക്ക് വിലായത്ത് നീങ്ങുകയും ചെയ്യുന്ന സാഹചര്യമുണ്ടാവും. എന്തായാലും ഒരു പെണ്‍കുട്ടിക്ക് വിവാഹത്തിന്റെ ആവശ്യം വരികയും അനുയോജ്യനായ വരനെ ലഭിക്കുകയും ചെയ്താല്‍ അതിനെ മുടക്കാന്‍ ഒരു രക്ഷാധികാരിക്കും സാധ്യമല്ല.
വലിയ്യിന് ഇത്തരത്തില്‍ നിബന്ധനകളുണ്ടെന്നും അവര്‍ തെരഞ്ഞെടുത്തു കൊടുക്കുന്ന വരനും അയാള്‍ നല്‍കുന്ന മഹ്റിനും മാന്യത ഉണ്ടാവണം എന്നൊക്കെ പറയുമ്പോള്‍ അത് ജൈവശാസ്ത്രപരമായ വെറുമൊരു അധികാരമല്ല. മറിച്ച്, പെണ്‍കുട്ടിയെ സഹായിക്കുന്ന ഒരു രക്ഷാകര്‍ത്താവെന്ന ഉത്തരവാദിത്വമായിട്ടാണ് വലിയ്യ് എന്നതിനെ ഇസ്ലാം പഠിപ്പിച്ചിട്ടുള്ളത്. അതു മാത്രമല്ല, ഒരു നിവേദനത്തില്‍ 'ലാ നികാഹ ഇല്ലാ ബിവലിയ്യ് മുര്‍ശിദ്' എന്ന് കാണാന്‍ സാധിക്കും. സന്മാര്‍ഗിയായ നല്ല വഴി കാണിച്ചു കൊടുക്കുന്ന രക്ഷാധികാരി എന്ന് രക്ഷാധികാരിയെ വിശേഷിപ്പിക്കുന്നതും കാണാം. സാധാരണ വൈവാഹിക വേളകളില്‍ ഉണ്ടാവാറുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാനും, പെണ്ണിന്റെ ഭാഗത്തുനിന്നും ഇടപെടാന്‍ വേണ്ടിയുമാണ് വലിയ്യിനെ നിശ്ചയിച്ചിട്ടുള്ളത്. അല്ലാഹുവിന്റെ നാമത്തില്‍ ഉത്തരവാദിത്വത്തോട് കൂടി വലിയ്യ് നിര്‍വഹിക്കുന്ന ഏര്‍പ്പാടാണ് വിവാഹം. പെണ്ണിന്റെ സുരക്ഷയ്ക്ക് വേണ്ടി ആ ഉത്തരവാദിത്വം പുരുഷനെയാണ് ഇസ്ലാമില്‍ ഏല്‍പ്പിച്ചിട്ടുള്ളത്.
പിതാവ് ഉത്തരവാദിത്വം പാലിക്കുന്നില്ലെങ്കില്‍ അടുത്ത ആള്‍, അതല്ലെങ്കില്‍ അതിനടുത്ത ആള്‍ അതിനുശേഷം ഖാളി, അതുമല്ലെങ്കില്‍ വധു നിര്‍ദേശിക്കുന്ന ഉത്തരവാദിത്വമുള്ള ഏതൊരു വ്യക്തിയും ആകാം. ഒരു ആണുമായുള്ള കരാര്‍ നടക്കുമ്പോള്‍ അതില്‍ എന്തെങ്കിലും ആവശ്യം വന്നാല്‍ ഇടപെടാന്‍ വേണ്ടി ആ സ്ഥാനം ആണിന് കൊടുത്തു എന്നു മാത്രമേ ഉള്ളൂ. അതാകട്ടെ പെണ്ണിന് ഗുണകരമായ രീതിയിലാണ് താനും.
മുന്‍ വിവാഹ ജീവിതത്തിലൂടെ വിവാഹവുമായി ബന്ധപ്പെട്ട സങ്കോചം മാറിയ പെണ്‍കുട്ടിയാണെങ്കില്‍ തന്റെ കാര്യങ്ങളില്‍ വലിയ്യിനെക്കാളും അധികാരം അവള്‍ക്ക് തന്നെയാണ്. കന്യക ആയിരിക്കുമ്പോള്‍ അവരോട് അനുവാദം ചോദിക്കുകയും ആദ്യ വിവാഹമായതിനാല്‍ പ്രകൃതിപരമായ ലജ്ജയുടെ പേരില്‍ മൗനത്തെ അനുവാദമായി പരിഗണിക്കുകയും ചെയ്യും. എന്നാല്‍, വിവാഹ കാര്യത്തെക്കുറിച്ച് അറിയുകയും മനസ്സിലാക്കുകയും ചെയ്ത ഒരു സ്ത്രീയാകുമ്പോള്‍ അവരുടെ അനുവാദം വളരെ വ്യക്തമായ രീതിയിലുള്ളതായിരിക്കണം. ചുരുക്കത്തില്‍, വിവാഹവുമായി ബന്ധപ്പെട്ടുള്ള മുന്‍ അനുഭവം പരിഗണിച്ച് പിതാവിന്റെ അധികാരം വെട്ടിച്ചുരുക്കുമ്പോള്‍ തന്നെ പിതാവിനല്ല യഥാര്‍ഥ അധികാരമെന്നും പെണ്‍കുട്ടിയുടെ സംരക്ഷണത്തിനും സഹായത്തിനും വേണ്ടിയാണ് പിതാവിനെ നിശ്ചയിച്ചിട്ടുള്ളത് എന്നും മനസ്സിലാക്കാം. മാത്രമല്ല, ഇസ്ലാമിലേക്ക് പുതുതായി വന്ന ഒരു പെണ്‍കുട്ടിക്ക് പോലും പക്വതയും പാകതയും ഉള്ള ഒരാളെ വലിയ്യ് ആയി നിശ്ചയിക്കാമെന്ന് പറയുമ്പോള്‍ എത്രമാത്രം വലിയ്യിന്റെ വിഷയം പെണ്‍കുട്ടിക്ക് അനുകൂലമായി ക്രമീകരിച്ചിരിക്കുന്നു എന്നു മനസ്സിലാക്കാം.
കാര്‍മികത്വം
വിവാഹത്തിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ വലിയ്യ്, വരന്‍, രണ്ട് സാക്ഷികള്‍ എന്നിവരാണ്. അതിനാല്‍ കാര്‍മികത്വം വിവാഹത്തില്‍ ഒരു നിര്‍ബന്ധ ഘടകമായി വരുന്നില്ല. അതുകൊണ്ട് ഒരു കാര്‍മികന്‍ നിര്‍വഹിക്കുന്ന ഖുതുബയും ഇതിന്റെ അനിവാര്യ ഘടകമല്ല. ഹംദും സ്വലാത്തും അതുമായി ബന്ധപ്പെട്ട, നബി (സ) സാധാരണ പാരായണം ചെയ്യാറുണ്ടായിരുന്ന ആയത്തുകള്‍ കൂടി ചേര്‍ക്കുകയാണെങ്കില്‍ അതും ചേര്‍ത്ത് വിവാഹം ചെയ്യുന്നു എന്ന് പറയുകയും അത് സ്വീകരിക്കുകയും ചെയ്യുമ്പോള്‍ തന്നെ ചുരുങ്ങിയ വാക്കുകളിലുള്ള ഖുതുബയായി. കുറേ പേര്‍ കൂടിയിരിക്കുമ്പോള്‍ വിഷയത്തിന്റെ പ്രസക്തിയും ഔചിത്യവും പരിഗണിച്ചുകൊണ്ട് ഒരു ആശംസാ പ്രസംഗം ഖത്തീബിനോ ഏതെങ്കിലും സ്വീകാര്യനായ വ്യക്തിക്കോ നടത്താവുന്നതാണ്.
ഖാളി എന്ന് പറയുന്ന വ്യക്തിയെ ഒരു അധികാരിയായി നമ്മള്‍ നിശ്ചയിച്ചു എന്നല്ലാതെ, ഇസ്ലാമിക അധികാരമുള്ള ഒരാള്‍ നിശ്ചയിക്കുന്ന വ്യക്തിയല്ല അദ്ദേഹം. ഏറെ പോയാല്‍ ഒരു ഹകമിന്റെ അധികാരപരിധിയേ അദ്ദേഹത്തിന് വരുന്നുള്ളൂ. അതായത്, ഖാളി നമ്മള്‍ അധികാരം കൊടുത്ത വ്യക്തിയാണ്. ഗവണ്‍മെന്റ് രേഖകളില്‍ കടലാസ് നടപടികള്‍ എളുപ്പമാക്കാനും രജിസ്റ്റര്‍ ചെയ്യാനും അദ്ദേഹത്തിന്റെ അധികാരം സഹായകമാവുമെന്ന് മാത്രം. അല്ലാതെ, രജിസ്റ്റര്‍ ബുക്ക് മേശ വലിപ്പില്‍ വെച്ച് പൂട്ടി നികാഹ് ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തു തരണമെങ്കില്‍, ഇങ്ങനെയൊക്കെ നടത്തണമെങ്കില്‍ ഇന്നയിന്ന നിബന്ധനകളുണ്ട് എന്ന് ചില ആളുകള്‍ അറിയാതെ പറയുകയും കാണിക്കുകയും ചെയ്യുന്നതിന് പ്രത്യേകിച്ച് പ്രസക്തി ഒന്നുമില്ല.
സ്ത്രീ സാന്നിധ്യം
ഇസ്ലാമിക സമൂഹത്തില്‍ ആരാധനാ സ്ഥലങ്ങളിലും കുടുംബങ്ങളിലും സ്ത്രീ- പുരുഷന്മാര്‍ കൂടിക്കലരുന്നതിന്റെ മര്യാദകള്‍ വിവാഹത്തിന്റെ സദസ്സിലും പാലിക്കണമെന്നു മാത്രം. നിരുപാധികമായ കൂടിച്ചേരലുകള്‍ ഒഴിവാക്കുകയും കൃത്യമായ ഒരു മറ സ്ത്രീ- പുരുഷന്മാര്‍ തമ്മില്‍ പാലിക്കുകയും ചെയ്യണം. അങ്ങനെ പാലിക്കേണ്ടി വരുന്ന ആരും ഇല്ലായെങ്കില്‍ സ്ത്രീ സാന്നിധ്യം ആ സദസ്സില്‍ ഉണ്ടാവുന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. നിക്കാഹിന്റെ വേദിയെന്നല്ല, സാധാരണ ഏതൊരു സദസ്സിലും, ആരാധനാ സ്ഥലങ്ങളിലും എല്ലാം സ്ത്രീകളും പുരുഷന്മാരും നിരുപാധികം കൂടിക്കലരാതെ സൂക്ഷിക്കുന്ന ഒരു മറയും മര്യാദയും വിവാഹ വേദികളിലും സൂക്ഷിക്കുന്നു എന്ന് മാത്രം. ആളും ആരവവും ഒക്കെ ഒഴിവാക്കിക്കൊണ്ട് നിക്കാഹ് നടത്തുന്ന വേദിയില്‍ വധുവിന്റേതുള്‍പ്പെടെ സ്ത്രീ സാന്നിധ്യംകൊണ്ട് യാതൊരു കുഴപ്പവുമില്ല.