ഇന്ത്യയിലെ ജാതി വ്യവസ്ഥയെ കുറിച്ചും
സാമൂഹിക നീതിക്കു വേണ്ടി
പ്രവര്‍ത്തിക്കുന്ന ഡല്‍ഹി സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫ. ഹാനി ബാബുവിന്റെ
അന്യായതടങ്കലിനെ കുറിച്ചും അദ്ദേഹത്തിന്റെ ജീവിത പങ്കാളിയും ഡല്‍ഹി സര്‍വകലാശാല പ്രൊഫസറുമായ ജെന്നി റൊവീനോ സംസാരിക്കുന്നു.
തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും കുറച്ചൊരു ആശ്വാസത്തിലാണെങ്കിലും ഞാന്‍ അത്ര വലിയ സാധ്യതയൊന്നും ഇതില്‍ കാണുന്നില്ല. മീഡിയകള്‍ അടക്കം ബി.ജെ.പി 400-ല്‍ അധികം സീറ്റുകള്‍ നേടി വീണ്ടും തിരിച്ചുവരുമെന്ന വലിയ ശുഭാപ്തി വിശ്വാസത്തിലായിരുന്നു. യോഗേന്ദ്ര യാദവിനെപ്പോലെയുള്ളവര്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യധാരയില്‍ ആരും പ്രവചിക്കാത്ത ഫലമാണ് വന്നിരിക്കുന്നത്. എന്നാല്‍, ഇന്നും ചര്‍ച്ചകള്‍ നീങ്ങുന്നത് ആരാണ് യഥാര്‍ഥ ഹിന്ദു എന്ന നിലക്കാണ.് ജാതി എന്ന വിഷയം ഇപ്പോഴും ഇവിടെ അഡ്രസ് ചെയ്യുന്നേയില്ല. രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞത് പഴയ കോണ്‍ഗ്രസ് രാഷ്ട്രീയമാണ്. ആരാണ് യഥാര്‍ഥ ഹിന്ദു എന്ന് ഉറപ്പിക്കാനുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. അംബേദ്കര്‍ ജാതിക്കെതിരെ നീങ്ങാനാണ് നിര്‍ദേശിച്ചത്. ഫൂലെ പോലുള്ളവര്‍ പറഞ്ഞതും ഇതുതന്നെയാണ്. ശൂദ്രര്‍, അതിശൂദ്രര്‍ തുടങ്ങിയ വിഭാഗങ്ങളെ കീഴ്പെടുത്തിയ ചരിത്രമാണ് ബ്രാഹ്‌മണ്യത്തിന്റേത്. സ്വാതന്ത്ര്യത്തിന് ശേഷം കാഞ്ച ഏലയ്യ ബഹുജന്‍ രാഷ്ട്രത്തിന്റെ പുറത്തുനിന്ന് ഞങ്ങള്‍ ഹിന്ദുക്കള്‍ അല്ല എന്ന് പറയുകയാണ്. ജി അലോഷ്യസ് പോലുള്ളവര്‍ വളരെ വ്യക്തമായി ഹിന്ദു കമ്യൂണിറ്റി നിര്‍മിക്കപ്പെടുന്നതിന്റെ സങ്കീര്‍ണതകളെ കുറിച്ച് പറഞ്ഞിട്ടുണ്ട്. പലതരത്തിലുള്ള ജാതികളെ ഹിന്ദൂയിസത്തിനു കീഴില്‍ ഒരുമിച്ചു നിര്‍ത്താന്‍ വേണ്ടിയാണ് മുസ്ലിമിനെ ഇവര്‍ക്ക് എതിരെ അപരവല്‍ക്കരിക്കപ്പെട്ട രീതിയില്‍ നിലനിര്‍ത്തുന്നത്. Perry Anderson പറയുന്നത് ഇന്ത്യ ഭരിക്കാനുള്ള ഒരു ടൂള്‍ ആണ് ഹിന്ദൂയിസം എന്നാണ്. നവോത്ഥാനത്തിന്റെ വലിയ മുന്നേറ്റമായി പറയുന്ന ക്ഷേത്രപ്രവേശന വിളംബരം പോലും മതപരിവര്‍ത്തനം തടയാന്‍ വേണ്ടിയുള്ള ആയുധമായിരുന്നു എന്നാണ് കെ.കെ കൊച്ചിനെ പോലുള്ളവര്‍ പറയുന്നത.് ഇത് ഉപയോഗിക്കാന്‍ കഴിയാത്ത കശ്മീര്‍ പോലുള്ള ഇടങ്ങളില്‍ അഫ്സ്പ പോലുള്ള നിയമങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് Perry Anderson Indian Ideology എന്ന പുസ്തകത്തില്‍ പറയുന്നത്.
ദലിത് ബഹുജന പക്ഷങ്ങള്‍ ഇതിനെതിരെ ഞാന്‍ പഠിക്കുന്ന കാലം മുതല്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതാണ്. പ്രധാനമായും ഹിന്ദു ഫെസ്റ്റിവല്‍സിനെ എതിര്‍ക്കുക എന്ന രീതിയിലാണ് പ്രവര്‍ത്തിച്ചിട്ടുള്ളത്. കേന്ദ്ര യൂനിവേഴ്സിറ്റികളില്‍ ഹിന്ദു ഫെസ്റ്റിവലിനെ എതിര്‍ക്കുക എന്ന ആശയം ഞങ്ങള്‍ മുന്നോട്ടുവെച്ചു. പക്ഷേ, ഇതിന് യാതൊരു ഫലവും ഉണ്ടായില്ല. മാത്രമല്ല, പൂര്‍വാധികം ശക്തിയോടെ സോഷ്യല്‍ മീഡിയയുടെ സഹായത്തോടെ തിരിച്ചുവന്നതായാണ് കാണുന്നത്. അതുകൊണ്ടാണ് ഇംപോസിബിലിറ്റിയെ കുറിച്ച് ഞാന്‍ പറയുന്നത്.
രാഷ്ട്രീയ തടവുകാര്‍
'രാഷ്ട്രീയ തടവുകാര്‍' എന്ന് വിളിക്കാവുന്ന തടവുകാരുണ്ട്. കാഴ്ചപ്പാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും പേരിലാണ് അവരെ അറസ്റ്റ് ചെയ്യുന്നത്. 'ആദിവാസികളെ സംഘടിപ്പിക്കാന്‍ സഹായിച്ചതിന് നിങ്ങളെ തടവിലാക്കുന്നു' എന്ന് സര്‍ക്കാരിന് പറയാന്‍ കഴിയില്ല. ആനന്ദ് തെല്‍തുംഡെയെ അദ്ദേഹത്തിന്റെ ആശയത്തിന്റെ പേരിലും, ഹാനി ബാബുവിനെ സര്‍വകലാശാലയില്‍ അദ്ദേഹം ചെയ്ത ജോലിയുടെ പേരിലും, ജി.എന്‍ സായിബാബയെ മനുഷ്യാവകാശ ലംഘനങ്ങളെ എതിര്‍ത്തതിന്റെ പേരിലുമാണ് അറസ്റ്റ് ചെയ്തത്. യു.എ.പി.എ ചാര്‍ത്തിയാണ് അറസ്റ്റ്. തെളിവുകള്‍ ഇല്ലാതിരിക്കെ ആരെയെങ്കിലും അറസ്റ്റ് ചെയ്യാനും ഉപദ്രവിക്കാനും ആഗ്രഹിക്കുന്നുവെങ്കില്‍ യു.എ.പി.എ ഉപയോഗിക്കും. ഒരാളെ വര്‍ഷങ്ങളോളം ജയിലില്‍ അടയ്ക്കാന്‍ യു.എ.പി.എയിലെ പ്രഥമദൃഷ്ട്യാ തെളിവുകള്‍ മതി. ജയിലില്‍ എഴുപത് ശതമാനം വിചാരണ തടവുകാരും ദലിത്, ബഹുജന്‍, മുസ്ലിം വിഭാഗങ്ങളില്‍ നിന്നുള്ളവരാണ.് പലര്‍ക്കും കേസുകള്‍ വാദിക്കാന്‍ വക്കീലുമാരില്ല. പണമില്ലാത്തതിനാല്‍ പലരും ജാമ്യം ലഭിച്ചിട്ടും ജയിലില്‍ കഴിയുകയാണ്. ആളുകള്‍ തെറ്റു ചെയ്യുമ്പോള്‍ ചില പ്രത്യേക സമുദായങ്ങളില്‍ പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും അധഃസ്ഥിതരുമായ ജനവിഭാഗങ്ങള്‍ മാത്രം തടവിലാക്കപ്പെടുന്നത് ജയില്‍ വ്യവസ്ഥയുടെ വലിയ പ്രശ്നമാണ്. ആ അര്‍ഥത്തില്‍ എല്ലാ തടവുകാരും രാഷ്ട്രീയ തടവുകാരാണ്. അവരെ തടവിലാക്കിയതിനു പിന്നിലും ഒരു രാഷ്ട്രീയമുണ്ട്. അവര്‍ തെറ്റ് ചെയ്തിട്ടുണ്ടാകാം. എന്നാല്‍, അത് ചിലപ്പോള്‍ അവരുടെ സാമൂഹിക-സാമ്പത്തിക ഘടനകളുടെ ഫലമായിരിക്കാം.
ഹാനി ബാബുവിന്റെ പ്രവര്‍ത്തനം
ബഹുജന്‍ മേഖലകളിലാണ് ബാബു പ്രവര്‍ത്തിച്ചത്. ഇടത് ഗ്രൂപ്പുകളുമായോ നക്സല്‍ ഗ്രൂപ്പുകളുമായോ ബാബുവിന് ബന്ധമില്ല. ഞങ്ങള്‍ യൂനിവേഴ്സിറ്റിയില്‍ വരുമ്പോള്‍ ഒ.ബി.സി റിസര്‍വേഷന്‍ ഉണ്ടായിരുന്നില്ല. ബാബുവും മറ്റ് ഒ.ബി.സി അധ്യാപകരും അവരുടെ പ്രശ്നങ്ങള്‍ക്കായി സംഘടനകള്‍ രൂപീകരിച്ചു. മണ്ഡല്‍ കമ്മീഷനു ശേഷവും ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍ ഒ.ബി.സിക്ക് 10 ശതമാനം ഇളവ് മാത്രമാണ് നല്‍കിയിരുന്നത്. അതിനാല്‍, മിക്ക സീറ്റുകളും ഒഴിഞ്ഞുകിടക്കുകയും അത് നിയമവിരുദ്ധമായി ജനറലിലേക്ക് മാറ്റുകയും ചെയ്തു. അതേ സമയം ഒ.ബി.സി വിപുലീകരണത്തിന്റെ പേരില്‍ കോടിക്കണക്കിന് രൂപയാണ് ഓരോ കോളേജുകളും യു.ജി.സിയില്‍നിന്ന് കൈപ്പറ്റിയിരുന്നത്. എത്ര പണം നല്‍കി, എത്ര സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നറിയാന്‍ ബാബു വിവരാവകാശ രേഖകള്‍ക്കായി അപേക്ഷകള്‍ നല്‍കി. 33 കോളേജുകളില്‍നിന്ന് പ്രതികരണങ്ങള്‍ ലഭിച്ചു. ഇതിന് ഏകദേശം ഒരു വര്‍ഷമെടുത്തു. സര്‍വകലാശാലയിലെ ഒ.ബി.സി സീറ്റുകള്‍ നികത്തുന്നതിലെ വലിയ വിടവ് ഈ പഠനം പുറത്തുകൊണ്ടുവന്നു. ഹാനി ബാബു ഉണ്ടാക്കിയ അക്കാദമിക് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് ആണ് ഇത് ചെയ്തത്. ഇതിന്റെ കോപ്പി പാര്‍ലമെന്റംഗങ്ങള്‍ക്ക് കൈമാറി. ഫോര്‍വേഡ് പ്രസ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടു. ജെ.എന്‍.യു വിദ്യാര്‍ഥികള്‍ നല്‍കിയ മറ്റൊരു കേസും ഇതിന് പിന്നാലെ വന്നു. സുപ്രീം കോടതി ഒ.ബി.സിക്കാര്‍ക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ഡി.യു, ജെ.എന്‍.യു തുടങ്ങിയ സര്‍വകലാശാലകള്‍ ഒ.ബി.സി വിദ്യാര്‍ഥികളെ എടുക്കാനും മൊത്തം 27 ശതമാനം ക്വാട്ട പൂരിപ്പിക്കാനും നിര്‍ബന്ധിതരായി. കൂടാതെ ഒ.ബി.സി സീറ്റുകള്‍ ജനറലായി മാറ്റുന്നത് നിര്‍ത്തുകയും ചെയ്തു. ഇപ്പോള്‍ ഡി.യുവില്‍ 50 ശതമാനം റിസര്‍വേഷനുകള്‍ പൂര്‍ണമായും പിന്തുടരുന്നു. ബാബുവും മറ്റ് അധ്യാപകരും ഒരു ഹോട്ട്ലൈന്‍ പോലെ പ്രവര്‍ത്തിച്ചു. എവിടെ പ്രശ്നമുണ്ടായാലും അവരെ വിളിപ്പിച്ചിരുന്നു. അന്ന് ബാബു ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു.
ദലിദ് ബഹുജന്‍ രാഷ്ട്രീയവും
മുസ്‌ലിം വിഷയവും
ദലിത് ബഹുജന്‍ രാഷ്ട്രീയം മുസ്‌ലിം വിഷയങ്ങള്‍ കാണാത്തതിനാല്‍ മുസ്ലിം എന്ന നിലയില്‍ ബാബുവിനും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ സുഹൃത്ത്, അയല്‍ക്കാരന്‍, ദക്ഷിണേന്ത്യന്‍, ഒ.ബി.സി എന്നീ നിലകളില്‍ വളരെ വ്യക്തിപരമായ തലത്തിലാണ് ഹാനി ബാബു സായിബാബക്കൊപ്പം നിന്നത്. ഞങ്ങളുടെ അടുത്താണ് വീട്. ഭാര്യക്ക് ജോലിയില്ല. മോള്‍ ചെറുതാണ്. പലരും സായിബാബയുടെ പക്ഷം ചേര്‍ന്നു. എന്നാല്‍, ഒരു പ്രഫസറെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ, കാരണം അദ്ദേഹം ഒരു ഒ.ബി.സി മുസ്ലിമാണ്! ഫ്ളൈറ്റ് പിടിച്ചു വന്നാണ് ബാബുവിനെ അറസ്റ്റ് ചെയ്തത്. നിങ്ങള്‍ എന്തിനാണ് വെറുതെ സ്റ്റേറ്റിന്റെ പൈസ കളയുന്നത് എന്ന് ഞാന്‍ അവരോട് ചോദിച്ചു. ബാബുവിന്റെ ഉമ്മാക്കും മകള്‍ക്കും ഇത് വലിയ ഷോക്കാണ് ഉണ്ടാക്കിയത്. മോള്‍ മാസങ്ങളോളം ഒരേ കിടപ്പായിരുന്നു. സായിബാബക്ക് ജാമ്യം കിട്ടിയപ്പോള്‍ മകള്‍ക്ക് പ്രതീക്ഷയായി. ആ പ്രതീക്ഷയിലാണ് അവള്‍ പുറംലോകം കാണാന്‍ തുടങ്ങിയത്. എനിക്ക് എല്ലാം ചെയ്യേണ്ടതുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ തളര്‍ന്നില്ല. ഞാനും ബാബുവും കാണാറുണ്ട്. കൊലക്കേസ് പ്രതികളും കഞ്ചാവ് പ്രതികളും ഉള്ള സെല്ലിലാണ് ബാബുവിനെ പാര്‍പ്പിച്ചിരിക്കുന്നത്. വെറും തറയിലാണ് കിടക്കുന്നത്. കോവിഡും ബ്ലാക്ക് ഫംഗസും ഉള്‍പ്പെടെ നിരവധി ആരോഗ്യ വെല്ലുവിളികള്‍ ഹാനി ബാബു ജയിലില്‍ നേരിട്ടിട്ടുണ്ട്. ഹാനി ബാബുവിന്റെ കണ്ണിന് ഇപ്പോഴും ചെറിയ പ്രശ്നമുണ്ട്. ആകെ ആറ് മിനിറ്റാണ് ഫോണില്‍ സംസാരിക്കാന്‍ കഴിയുക. അതില്‍ നാല് മിനിറ്റും കൂടെയുള്ള നിരപരാധികളുടെ ഓരോ കാര്യങ്ങള്‍ പറയാനും അവര്‍ക്ക് വേണ്ടി വക്കീലിനെ കാണാനും അവരുടെ വീടുകളിലെ കാര്യങ്ങളന്വേഷിക്കാനുമാണ് ചെലവഴിക്കുക. അതുകൊണ്ട് ബാബു അവിടെ എത്തിയതിനു ശേഷം ഒരുപാട് ആളുകള്‍ക്ക് ജാമ്യം കിട്ടി.
ഭയങ്കരമായ ജാതി വ്യവസ്ഥയാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. വിജ്ഞാനമുള്‍പ്പെടെ എല്ലാറ്റിനെയും സവര്‍ണര്‍ കോളനിവല്‍ക്കരിച്ചു. ജനങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്ന ഒരു മുഖ്യധാരാ പൊതുമണ്ഡലം ഇപ്പോഴും നമുക്കില്ല. നമ്മള്‍ തീരുമാനങ്ങള്‍ എടുക്കുന്നതല്ല. ജുഡീഷ്യറിയില്‍ പോലും ഞങ്ങള്‍ക്ക് പ്രാതിനിധ്യമില്ല.
ബഹുജന്‍ രാഷ്ട്രീയത്തിന്റെ മുന്നേറ്റമാണ് ഈ ഗവണ്‍മെന്റിനെ തോല്‍പ്പിച്ചത്. 1934-ല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി ഉണ്ടാക്കുന്ന സമയത്ത് ഇതൊരു ഡെയിഞ്ചറസ് പ്രോസസ് ആണ്, ഇവിടെ ഭരണഘടന ഉണ്ടാക്കുന്നത് സവര്‍ണ കൂട്ടമാണ് എന്നാണ് അംബേദ്കര്‍ പറഞ്ഞത്. ഗോ വധം കോണ്‍സ്റ്റിറ്റിയൂഷനല്‍ റൈറ്റ് ആക്കണമെന്ന നിര്‍ദേശം അന്നേ ഉണ്ടായിരുന്നു. അതിന് തടയിട്ടത് അംബേദ്കര്‍ ആയിരുന്നു. അംബേദ്കറും നെഹ്റുവും ലിബറല്‍ സെക്യുലറിസ്റ്റുകള്‍ ആയിരുന്നു. ബി.ജെ.പി ചരിത്രത്തില്‍ ഇടപെടുന്നു എന്നതുപോലെ കോണ്‍ഗ്രസ് ദേശീയതയുടെ ചരിത്രവും ബി.ജെ.പിയുടേത് തന്നെയാണ്. സ്വാതന്ത്ര്യത്തിന് മുമ്പേ ഉണ്ടായിരുന്നത് ദേശീയത അല്ല. പല തരത്തിലുള്ള മൂവ്മെന്റുകള്‍ ആയിരുന്നു. ജാതിക്കെതിരെയുള്ള കീഴാള മൂവ്മെന്റുകള്‍. മതപരിവര്‍ത്തനം ഭയങ്കരമായി ഉണ്ടായിരുന്നു. ജാതിക്കെതിരായുള്ള പല മൂവ്മെന്റും കോണ്‍ഗ്രസിന് എതിരായിരുന്നു. കോളനിയാനന്തര ദേശീയത എന്നത് ബ്രാഹ്‌മണിക്കല്‍ ഫോര്‍മേഷന്‍ ആയിരുന്നു.
ദലിത് രാഷ്ട്രീയത്തിന് മുന്നേറാന്‍ കഴിയാതിരിക്കുകയും മോദിക്ക് മുന്നേറാന്‍ കഴിയുകയും ചെയ്യുന്നതിന് കാരണം മീഡിയ ആണ്. ഞങ്ങളുടെ കൈയില്‍ മീഡിയ ഉണ്ടായിരുന്നെങ്കില്‍ ഇതുപോലെ നമുക്കും മഹാത്മാക്കള്‍ ഉണ്ടാകുമായിരുന്നു എന്നാണ് അംബേദ്കര്‍ ഗാന്ധിയെ കുറിച്ച് പറഞ്ഞത്.
അതുപോലെതന്നെ മുസ്ലിംകളെക്കുറിച്ച് ദലിത് ബഹുജനങ്ങള്‍ക്ക് അധികം ഒന്നും അറിയില്ല. മുസ്ലിംകള്‍ ജാതി എന്നത് കാണാത്തതുകൊണ്ട്, അവര്‍ക്കു പ്രശ്നങ്ങള്‍ ഒന്നുമില്ല, അവരുടെ പ്രശ്നങ്ങള്‍ മാത്രം മീഡിയകള്‍ പൊക്കിപ്പിടിക്കുന്നു എന്നാണ് അവര്‍ പറയുന്നത്. ഇത് രണ്ടു കൂട്ടരും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാത്തതിന്റെ പ്രശ്നമാണ് എന്നാണ് എനിക്ക് തോന്നുന്നത്.
വര്‍ഗീയതയുടെ രാഷ്ട്രീയം
ആര്‍.എസ്.എസ് പ്രവര്‍ത്തിച്ചത് വര്‍ഷങ്ങള്‍ നീണ്ട പദ്ധതിയിലൂടെയാണ്. സാധാരണക്കാരെക്കാള്‍ വര്‍ഗീയത പേറുന്നത് അക്കാഡമീഷ്യന്മാരാണ്. ഗ്രാമങ്ങളിലെ അയല്‍പക്കങ്ങളില്‍ വര്‍ഗീയത കുറവായിരുന്നു. ഓണവും റമദാനും ക്രിസ്മസും ഒന്നിച്ച് ആഘോഷിക്കുന്നവരാണ് അവര്‍. എന്നാല്‍, അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് പല കൂട്ടായ്മകളുമുണ്ടാക്കി ധ്രുവീകരണം ഉണ്ടാക്കാന്‍ നരേന്ദ്ര മോദിക്ക് വല്ലാതെ കഴിയുന്നുണ്ട്. 'കേരളസ്റ്റോറി'ക്ക് കേരളത്തില്‍ പ്രശ്നമില്ലെങ്കിലും ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഇങ്ങനെയാണോ കേരളത്തില്‍ എന്ന് എന്നോട് അവിടെയുള്ളവര്‍ ചോദിച്ചിട്ടുണ്ട്. ധ്രുവീകരണ രാഷ്ട്രീയത്തിന്റെ നല്ല സോഷ്യല്‍ എന്‍ജിനീയറിങ് ആണ് ബി.ജെ.പിക്ക്. കോണ്‍ഗ്രസ്സ് ആണ് ഇത് തുടങ്ങിവെച്ചത്.
കേരളത്തില്‍ നിന്നടക്കം വരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് ദല്‍ഹി യൂനിവേഴ്സിറ്റിയില്‍ വരെ സ്പേസ് കുറഞ്ഞുകൊണ്ടിരിക്കുന്നു. കേരളത്തില്‍ നിന്നും വരുന്ന എന്റെ സ്റ്റുഡന്റ്സ് പറയാറുണ്ട്: ഞങ്ങള്‍ വളരെ നിരാശയിലാണ്. ഞങ്ങള്‍ അവിടെ വളരെ ടോപ്പ് ആയിരുന്നു. ഇന്നിവിടെ വന്നപ്പോള്‍ ഒന്നും അല്ലാതായി, ആരും ഞങ്ങളെ അംഗീകരിക്കുന്നില്ല, ഒന്നും ചെയ്യാന്‍ പറ്റുന്നില്ല എന്ന്. തെറ്റിപ്പോയി എന്ന ചിന്തയാണ് പല കുട്ടികള്‍ക്കും. ഹിജാബ് ധരിക്കുന്ന മലയാളി മുസ്ലിം പെണ്‍കുട്ടികളെ സവര്‍ണ കുട്ടികള്‍ തീരെ അടുപ്പിക്കുന്നില്ല. അധ്യാപകരടക്കം അവരെ ബുദ്ധിയില്ലാത്തവരായിട്ടാണ് കാണുന്നത്.
എല്ലാറ്റിനെയും ഒരുപോലെ ആക്കുക എന്നതാണ് സവര്‍ണ രാഷ്ട്രീയം. വ്യത്യസ്തതകള്‍ നിലനിര്‍ത്തി അംഗീകരിക്കുന്നതാണ് സഹിഷ്ണുത. എന്നാല്‍, യൂനിവേഴ്സിറ്റികള്‍ പോലും ഇത് അംഗീകരിക്കാന്‍ തയ്യാറല്ല. എല്ലാവരും ഒരുപോലെ ആവണം എന്നാണവര്‍ പയുന്നത്. ആരും ബീഫ് തിന്നരുത.് പച്ചക്കറി കഴിക്കണം എന്നൊക്കെയാണ് പറച്ചില്‍. പൊളിറ്റിക്കല്‍ അവയര്‍നെസ്സ് ആണ് യഥാര്‍ഥത്തില്‍ വേണ്ടത്.
ചെറുപ്പത്തിലേ എനിക്ക് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട.് തമിഴ്നാട്ടില്‍ ഒരു കമ്പനിയിലെ കെമിസ്റ്റ് ആയിരുന്നു അച്ഛന്‍. ജോലി നഷ്ടപ്പെട്ടപ്പോള്‍ പലഭാഗത്തും ജോലി അന്വേഷിച്ചു നടന്നു. അദ്ദേഹം ഒരു ട്രേഡ് യൂണിയന്‍ നേതാവായിരുന്നു. പക്ഷേ, എന്റെ അനിയന്‍ അങ്ങനെയല്ല, ഇതിലൊക്കെ പ്രവര്‍ത്തിച്ചിട്ട് ഒരു കാര്യവും ഇല്ല എന്ന് വിശ്വസിക്കുന്ന ആളാണ്. ഡോക്ടറാണ് അവന്‍. ഞാന്‍ പഠിച്ചത് ഇഫ്‌ളുവിലാണ്. എന്റെ സീനിയര്‍ ആയിരുന്നു ബാബു. അന്നും ഞങ്ങള്‍ ബീഫിന് വേണ്ടി പറയുന്നു, ഓണത്തിനെതിരെ പറയുന്നു. എന്നിട്ടും ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഞങ്ങള്‍ക്ക് ശേഷം 10 വര്‍ഷത്തിനുശേഷം ഒരു ഗ്രൂപ്പ് വന്ന് അവിടെ ബീഫ് വിളമ്പിയപ്പോള്‍ എ.ബി.വി.പിക്കാര്‍ വന്ന് അതില്‍ മൂത്രമൊഴിച്ചു.
എന്നാലും സ്ത്രീകളില്‍ നല്ല മാറ്റമുണ്ട്. സ്ത്രീകളുടെ വോട്ടുകള്‍ നരേന്ദ്ര മോദിക്കെതിരെ നീങ്ങിയിട്ടുണ്ട്. നരേന്ദ്ര മോദിക്ക് വോട്ടു ചെയ്താല്‍ വീട്ടില്‍ കയറ്റില്ല എന്ന് പറയുന്ന സ്ത്രീകള്‍ വരെ ഉണ്ടായിട്ടുണ്ട്. മോദിയുടെ കൈയില്‍ ഒതുങ്ങാത്തൊരു വിഭാഗമാണ് ചെറുപ്പക്കാര്‍. അവര്‍ ഇന്നത്തെ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നില്ല.
മറ്റൊരു പ്രശ്നമാണ് ജെന്‍ഡര്‍ ഇഷ്യൂ. എവിടെ തിരിഞ്ഞാലും Sexuality യെ കുറിച്ചാണ് സംസാരം. അവര്‍ വിഷയത്തെ മാറ്റാന്‍ ശ്രമിക്കുകയാണ.് യഥാര്‍ഥ രാഷ്ട്രീയ പ്രശ്നങ്ങളില്‍നിന്ന് ആളുകളെ തിരിച്ചുവിടാനുള്ള ഒരു ശ്രമം ആണോ ഇത് എന്നു വരെ തോന്നിപ്പോകും. എവിടെയും കാസ്റ്റിനെ കുറിച്ച് പറയാന്‍ കഴിയുന്നില്ല. Queer തിയറി പറഞ്ഞ ജൂടിത്ത് ബട്ലര്‍നെ പോലുള്ളവര്‍ പോലും ഇതിനെതിരായി നീങ്ങുന്ന കാലത്താണ് നമ്മുടെ യൂനിവേഴ്സിറ്റികള്‍ കേന്ദ്രീകരിച്ച് ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നത്. പുറത്തുനിന്നും നമ്മുടെ യൂനിവേഴ്സിലേക്ക് പഠിക്കാന്‍ വരുന്ന കുട്ടികളൊക്കെ ഇതിന്റെ ഇരകളായി മാറുകയാണ്. ഈയൊരവസ്ഥയില്‍ മുസ്ലിം- ദലിത് ഒ.ബി.സി-ആദിവാസി വിഭാഗത്തിന്റെ യോജിച്ച മുന്നേറ്റമാണാവശ്യം.