പീരങ്കി ബിയ്യാത്തു

ഫൈസൽ കൊച്ചി
സെപ്റ്റംബർ 2024

(ആമിനുമ്മയുടെ ആത്മകഥ - 9)

മേരി ഫയലുകളടുക്കി വെച്ചു കോടതിയിലേക്ക് പോകാനുള്ള പുറപ്പാടിലാണ്. പുറത്തൊരു സ്ത്രീ കുറച്ചുനേരമായി കാത്തുനില്‍ക്കുന്നുണ്ട്.
മേലേടത്ത് ഖദീജയുടെ ഒരേയൊരു മകളായ ബിയ്യാത്തു. മേരിയുടെ അച്ഛന്‍ തോമസിന്റെ അച്ഛന്‍ വര്‍ഗീസ് സ്രാങ്കിന് കുരിശു പുര പണിയാന്‍ സ്ഥലം നല്‍കിയ ഉമ്മയുടെ മകള്‍. ചെറുപ്പം മുതല്‍ക്കേ കുസൃതിക്കാരിയായിരുന്നു; വായാടിയും. ആണ്‍കുട്ടികളോട് തല്ല് പിടിക്കലായിരുന്നു ഇഷ്ടവിനോദം.  ജനവാടിയിലെ കാടന്‍ പൂച്ച എന്നാണ് ആമിനുമ്മ വിളിച്ചിരുന്നത്. കാടന്‍ പൂച്ച എപ്പോഴും മറ്റു പൂച്ചകളുമായി തല്ല് കൂടും. മുഖവും മൂക്കും കൈകാലുകളുമൊക്കെ പൊട്ടിയൊലിച്ചായിരിക്കും കാടന്‍ പൂച്ചകളെ കാണുക. ബിയ്യാത്തുവിന്റെ മുഖവും ചെറുപ്പത്തില്‍ അങ്ങനെയായിരുന്നു. അടി കൊണ്ടതിന്റെയും മാന്തിയതിന്റെയും അടയാളങ്ങള്‍ മുഖത്തുണ്ടാകും. ആണ്‍പിള്ളേരില്‍ നിന്നും അടിമേടിക്കുക മാത്രമല്ല, ചിലപ്പോള്‍ അവര്‍ക്കു തിരിച്ചും നല്ലവണ്ണം കൊടുക്കും. വായാടിത്തവും അടിപിടിയും കൈമുതലായുള്ളതുകൊണ്ട് ആണ്‍കുട്ടികള്‍ അവള്‍ക്ക് നല്‍കിയ ഇരട്ടപ്പേരാണ് പീരങ്കി എന്നത്. പിന്നീടത് അവളുടെ ശരിക്കും പേരിനേക്കാള്‍ പ്രസിദ്ധമായി. ശരിക്കും പേര്‍ ആര്‍ക്കും അറിയാതായി.

എഫ്.ഐ.ആറിന്റെ കോപ്പി ഹാജരാക്കിയപ്പോഴാണ് അവരുടെ പേര് മേരിക്കും സുനിതക്കും മനസ്സിലായത്.
മേലേടത്ത് ഖദീജാമന്‍സിലില്‍ മമ്മദിന്റ മകള്‍ പീരങ്കി ബിയ്യാത്തു എന്നു വിളിക്കുന്ന ബീഫാത്തിമ്മ.
ബീഫാത്തിമ. നല്ല പേര്. ഈ പേരിനെയാണ് ആളുകള്‍ ബിയ്യാത്തു എന്നു വിളിച്ചു മോശമാക്കുന്നത്.
ബിയ്യാത്തു കല്യാണം കഴിച്ചതായുള്ള വിവരം എഫ്.ഐ.ആറിലില്ല. അതന്വേഷിച്ചപ്പോള്‍ സുനിതയാണ് പറഞ്ഞത്:
ചെറുപ്പം മുതല്‍ക്കേയുള്ള ആണ്‍കുട്ടികളുമായുള്ള തല്ല് ബിയ്യാത്തുവില്‍ ആണ്‍വര്‍ഗത്തോടുള്ള വൈരാഗ്യം വര്‍ധിപ്പിച്ചു. അവരെ കല്യാണം കഴിക്കാന്‍ ആരും തയ്യാറായില്ല. വരുന്ന ആലോചനകളോട് അവരും താല്‍പര്യം കാണിച്ചില്ല. ഏകാകിയായി ജനവാടിയില്‍ ജീവിക്കാനായിരുന്നു ബിയ്യാത്തുവിന് ഇഷ്ടം. ആള്‍ക്ക് പക്ഷേ സൗന്ദര്യത്തിന് കുറവൊന്നുമുണ്ടായിരുന്നില്ല.
ഓരോരുത്തര് പെണ്ണുകാണാന്‍ വരുമ്പോള്‍ ചോദിക്കും. ബീഫാത്തിമയുടെ വീട് എവിടെയാണെന്ന്. ആളുകള്‍ക്ക് മനസ്സിലാവുകയില്ല. മേലേടത്ത് ഖദീജ, മമ്മദ് എന്നൊക്കെയുള്ള വിത്തും വേരും വിവരിക്കുമ്പോള്‍ ആളുകള്‍ ചിരിച്ചുകൊണ്ടു പറയും.
ങ്ഹാ, നമ്മുടെ പീരങ്കി.....

അതു കേള്‍ക്കുമ്പോള്‍ എല്ലാവരും പൊട്ടിച്ചിരിക്കും. അതോടെ പുത്യാപ്‌ളയാകാന്‍ ഉദ്ദേശിച്ച പയ്യന്‍ പെണ്ണുകാണാതെ വീട്ടിലേക്കു മടങ്ങും.
ഇനിയൊരു കല്യാണം വേണ്ട എന്ന തീരുമാനം പിന്നീട് ബിയ്യാത്തുവും കൈക്കൊണ്ടു. ആണുങ്ങളോടുള്ള ദേഷ്യം വര്‍ഗസമരമാക്കി മാറ്റാന്‍ അവര്‍ തീരുമാനിച്ചു. കല്യാണത്തിന് തയ്യാറാകാതിരിക്കാന്‍ പെണ്‍കുട്ടികളെ ആഹ്വാനം ചെയ്തു. കല്യാണത്തില്‍ ചെറുക്കന്‍മാരുമായി ചില്ലറ പ്രശ്‌നങ്ങളുള്ള പെണ്‍കുട്ടികളെ ഒറ്റക്കെട്ടാക്കി കാര്യങ്ങള്‍ നേടിയെടുത്തു. പലതും പക്ഷേ, വിവാഹമോചനങ്ങളില്‍ കലാശിച്ചു. അവര്‍ പിന്നീട് ചീത്ത സാഹചര്യങ്ങളിലെത്തിച്ചേര്‍ന്നു. മുസ് ലിയാര്‍ ബിയ്യാത്തുവിനെ ജനവാടിയില്‍ വരുന്നത് വിലക്കി. ആമിനുമ്മയും കാണുമ്പോള്‍ ചീത്തപറയുമായിരുന്നു. ഖദീജയുടെ മരണത്തിനു ശേഷം അവര്‍ ജനവാടിയില്‍നിന്ന് അകന്നു താമസിച്ചു.
വെറുതെയിരുന്നപ്പോള്‍ ബിയ്യാത്തു കച്ചവടം ചെയ്യാന്‍ തീരുമാനിച്ചു. ജനവാടിയിലും പരിസരത്തുമുള്ള ചായക്കടകളിലേക്ക് പുട്ട്, ഇടിയപ്പം, വെള്ളപ്പം എന്നിവ എത്തിച്ചു കൊടുക്കുന്നതില്‍ വിജയിച്ചു. അവരുടെ വീട് വലിയ നിര്‍മാണ ശാലയും വിപണന കേന്ദ്രവുമായി. കച്ചവടം പൊടിപൊടിച്ചു. പല പത്രക്കാരും, വിജയിച്ച കച്ചവടക്കാരി എന്ന നിലയില്‍ ബിയ്യാത്തുവിനെ കാണാന്‍ വന്നു.
ഒടുവില്‍ ആമിനുമ്മയും ബിയ്യാത്തുവിനെ കാണാന്‍ പോയി. അവരെ ജനവാടിയില്‍ വിളിച്ചു വരുത്തി. വിജയശ്രീലാളിതയായാണ് അവര്‍ ജനവാടിയുടെ കവാടം കടന്നത്. പുറത്താക്കിയ കൈകള്‍ തന്നെ അവര്‍ക്ക് സ്വീകരണം നല്‍കി.

\ആമിനുമ്മ പറഞ്ഞു:
ബിയ്യാത്തു ജനവാടീടെ മുത്താണ്. ഞമ്മളവളെ ഇബ്‌ടേക്ക് ബിളിച്ചുകൊണ്ടന്നത് നിങ്ങളൊക്കെ അവളെ കണ്ടൊന്ന് പഠിക്കാനാണ്. മനസ്സിലായോ... അവള്‍ക്കൊരു കല്യാണം ബന്നില്ലേലും ആണുങ്ങളെ തോപ്പിക്കണവിധത്തി സ്വന്തം കാലില് നിക്കാന്‍ പറ്റി.
ഇപ്പം ഞമ്മളവളോട് അപേക്ഷിക്കുന്നു. ജനവാടീലെ പെണ്ണുങ്ങക്ക് അവള്‍ടെ അപ്പ കമ്പനീല് ഒരു പണി കൊടുക്കാന്‍.
ആലോചിച്ചു മറുപടി പറയാമെന്ന് പറഞ്ഞു ബിയ്യാത്തു. കാരണം, അപ്പ കച്ചവടം തുടങ്ങിയപ്പോള്‍ കളിയാക്കിയവരാണ് ഭര്‍ത്താക്കന്മാരുള്ള ഈ പെണ്ണുങ്ങള്‍. അവറ്റകള്‍ക്ക് നാലുനേരം ഉരുട്ടിവിഴുങ്ങാനുള്ളത് ആണുങ്ങള്‍ കൊണ്ടു കൊടുക്കുമല്ലോ. പിന്നെ ബിയ്യാത്തുവിന് ഒരു ഗതിയും പരഗതിയുമില്ലാതിരുന്ന സമയത്ത് സഹായം പോയിട്ട് ഒരാശ്വാസ വാക്കുപോലും പറയാതിരുന്ന പെണ്‍വര്‍ഗമാണ് ഇപ്പോള്‍ പണി വേണമെന്ന് പറഞ്ഞ് അഭ്യര്‍ഥിക്കുന്നത്.

എല്ലാരേയും എനിക്കെടുക്കാന്‍ ബയ്യ.... എനിക്കിഷ്ടുള്ളോരെ ഞാനെടുക്കാം. ഇതിത്തരി ബുദ്ധിമുട്ടുള്ള പണിയാണ്...
ബിയ്യാത്തു പറഞ്ഞു.

അവള്‍ക്കിഷ്ടപ്പെട്ട കുറച്ചുപേരെ അവള്‍ തെരഞ്ഞെടുക്കുകയും ചെയ്തു.
ബിയ്യാത്തുവിന്റെ കച്ചവടം കൂടി. നല്ലവണ്ണം കാശും കിട്ടിത്തുടങ്ങി. പലഹാരം നല്‍കുന്ന കടകളുടെ എണ്ണം കൂടുന്നതനുസരിച്ച് അവരുടെ കൈകളിലെ സ്വര്‍ണവളകളും കൂടി. എവിടെ ചെന്നാലും ആരും കൊതിയോടെ അവരെ നോക്കിയിരിക്കും.
പെണ്ണുങ്ങളോട് അവള്‍ പറയും:
ങ്ങള് ബെറുതെ ബര്‍ത്തമാനം പറഞ്ഞ് സമയം കളേണ നേരണ്ടംങ്കി ഞമ്മക്ക് പലേ കച്ചോടം തൊടങ്ങാം. ഇന്നത്തെ കാലത്തേ എല്ലാരും പണിയെടുത്താലേ പിടിച്ചു നിക്കാന്‍ പറ്റൂ... അത് നല്ലണം മനസ്സിലാക്കിക്കോ.
ബിയ്യാത്തുവിന്റെ ശ്രദ്ധ കച്ചവടത്തില്‍ മാത്രമായിരിക്കെ ഒരിക്കല്‍ ഒരു കല്യാണക്കാര്യം അവര്‍ക്ക് വന്നു. ആമിനുമ്മ വഴിയാണ് അത് മുളച്ചുപൊന്തിയത്. ചായക്കടക്കാരന്‍ അന്തമു.
കേട്ട മാത്രയില്‍ ബിയ്യാത്തു ചിരിച്ചു.
എന്താ ഇത്ര ചിരിക്കാന്‍- ആമിനുമ്മ ചോദിച്ചു. പറ്റൊങ്കി പറ്റുംന്ന് പറ.
ന്റെ ആമിനുമ്മ.... അയാള്‍ക്കാണ് ഞമ്മള് കൂടുതല് പലഹാരം കൊടുക്കണത്. അത് ഫ്രീയായിട്ട് കിട്ടാനുള്ള മൂപ്പരുടെ വേലയാണ് ഇത്. കച്ചോടക്കാര് ആരാ മൊതല്. മൂപ്പരിക്ക് കോയിക്കോട്ട് രണ്ടു ഭാര്യം എട്ടു പത്തു മക്കളുണ്ട്.

ബിയ്യാത്തു അതിനും സമ്മതിച്ചില്ല. ആമിനുമ്മ നിര്‍ബന്ധിച്ചതുമില്ല. നാലഞ്ചു കൊല്ലം മുമ്പാണ് ചേരി നിവാസികള്‍ക്ക് പാര്‍പ്പിട പദ്ധതിയുമായി സര്‍ക്കാര് മുന്നോട്ടുവന്നത്. അടുത്ത കാലത്തായി ജനവാടിയിലേക്ക് നേതാക്കന്മാരാരും വരാറില്ല. കായല്‍ വഴി മാത്രമുണ്ടായിരുന്ന കാലത്താണ് ഇവിടേക്ക് കപ്പലുകളുടേയും കമ്പനികളുടേയും ആപ്പീസുകളെത്തിയിരുന്നത്. മിക്കവാറും ബാങ്കുകളുടെ ശാഖകളും സര്‍ക്കാര്‍ കാര്യാലയങ്ങളും തലയുയര്‍ത്തി നിന്നിരുന്നു. പിന്നീട് പാലങ്ങള്‍ വന്നപ്പോള്‍ സൗകര്യാര്‍ഥം ആപ്പീസുകള്‍ നഗരത്തിലേക്ക് പറിച്ചു നട്ടു. നല്ല നല്ല പദ്ധതികളും നഗരം കൊണ്ടുപോയി. ജനവാടിയില്‍ അധികാരികളുടെ ശ്രദ്ധ കുറഞ്ഞു. തൊഴിലവസരങ്ങളൊന്നൊന്നായി ഇല്ലാതായി. കുടിവെള്ളത്തിന് ക്ഷാമം നേരിട്ടു. തീരുമാനിച്ചുറപ്പിച്ച പാര്‍പ്പിട പദ്ധതിയും ജനവാടിക്ക് നഷ്ടമാകുമെന്നായി. പനമ്പിള്ളിയുടെ കാലത്ത് കിട്ടിയ പട്ടയമാണ്. മുസ് ലിയാര്‍ക്ക് അവിടെ എല്ലാവര്‍ക്കും വീട് വരണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. അതു കാണാനുള്ള ഭാഗ്യം പക്ഷേ ഉണ്ടായില്ല. അന്നു മുതല്‍ ആമിനുമ്മ ആപ്പീസുകള്‍ കയറിയിറങ്ങാന്‍ തുടങ്ങിയതാണ്. കാര്യങ്ങള്‍ എവിടെയുമെത്തിയില്ല. പദ്ധതി അംഗീകരിച്ചിട്ടുണ്ട്. ഉത്തരവിറങ്ങിയിട്ടില്ല. ആയിടക്കാണ് പുതിയ കപ്പല്‍ നീറ്റിലിറക്കാനായി രാഷ്ട്രപതി എത്തുന്ന വിവരം പത്രങ്ങള്‍ പുറത്തുവിട്ടത്. സുനിതയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് നല്‍കാനുള്ള നിവേദനം തയ്യാറാക്കി. അത് ഒപ്പിടുവിക്കാന്‍ ബിയ്യാത്തുവിന്റെയടുത്ത് ചെന്നപ്പോള്‍ ബിയ്യാത്തു ആ കടലാസ് വാങ്ങി കീറിയെറിഞ്ഞു. ആമിനുമ്മ അവരെ ജനവാടിക്ക് വിളിപ്പിച്ചു.
ഇതുകൊണ്ടെന്നും ഒരു കാര്യംല്ല ആമിനുമ്മ... ഞമ്മക്ക് ബേറേ ബളഞ്ഞ ബയി നോക്കാം. അതേ ഇന്നത്തെ കാലത്ത് നടക്കൂ.
ആ വളഞ്ഞ വഴി ബിയ്യാത്തുവിന്റെ തന്ത്രമനുസരിച്ച് നടന്നു. എല്ലാ സ്ത്രീകളും രാവിലെ നാലുമണിക്ക് എണീക്കുക. തുറമുഖത്തേക്കും നഗരത്തിലേക്കും പോകുന്ന പ്രധാന പാതയിലേക്കുള്ള പ്രവേശനമായ പാലത്തില്‍ കുത്തിയിരിക്കുക. ആമിനുമ്മ പറഞ്ഞാല്‍ മാത്രമേ അവര്‍ എണീറ്റു പോകാന്‍ പാടുള്ളൂ. ആമിനുമ്മ പാലത്തിനടുത്തേക്ക് വരേണ്ടതില്ല. ജനവാടിയില്‍ തന്നെ ഇരിക്കുക. ബാക്കി കാര്യങ്ങള്‍ വഴിയെ തീരുമാനിക്കുക.

പാലത്തില്‍ തേനീച്ച കണക്കെയാണ് സ്ത്രീകള്‍ ഇരുന്നിരുന്നത്. റാണീച്ചയായി ബിയ്യാത്തു. സുനിതയും ദീപയും ഒപ്പമുണ്ടായിരുന്നു. എല്ലാ വണ്ടികളും പാലത്തിന്റെ രണ്ടു ഭാഗത്തും നിരനിരയായി കിടന്നു. രാഷ്ട്രപതിയെ സ്വീകരിക്കാന്‍ പരക്കം പാഞ്ഞു നടന്നിരുന്ന സര്‍ക്കാര്‍ വണ്ടികളും വഴിമുട്ടി കിടന്നു. ആകെ പ്രശ്‌നമായി. പോലീസും കളക്ടറും സ്ഥലത്തെത്തി സ്ത്രീകളെ അനുനയിപ്പിക്കാന്‍ നോക്കി. ഉച്ചഭാഷിണിയിലൂടെ സ്ത്രീകളോട് മടങ്ങിപ്പോകണമെന്നും ലാത്തിച്ചാര്‍ജ് പ്രയോഗിക്കുമെന്നും ഭീഷണി വന്നു.
പേരില്‍ പീരങ്കിയുള്ള ബിയ്യാത്തു ഭീഷണി പുഛിച്ചു തള്ളി. അതുവരേ ഇരുന്നിരുന്ന സ്ത്രീകളോട് പാലത്തിൽ കിടക്കാന്‍ ബിയ്യാത്തു കല്‍പ്പിച്ചു. പോലീസുകാരോട് എന്തുവേണമെങ്കിലും ചെയ്തു കൊള്ളാനും പറഞ്ഞു.

കാര്യം പന്തിയല്ലെന്ന് കണ്ട കളക്ടര്‍ ഓടിനടക്കുകയായിരുന്ന സുനിതയോടും ദീപയോടും സംസാരിച്ചു. ബിയ്യാത്തു പറഞ്ഞ തന്ത്രമനുസരിച്ച് കളക്ടറെ ജനവാടിയില്‍ ആമിനുമ്മയുമായി സംസാരിക്കാന്‍ കൊണ്ടുപോയി. ഉത്തരവ് ഇന്നു തന്നെ ഇറക്കാമെന്ന് കളക്ടര്‍ എഴുതി ഒപ്പിട്ടു നല്‍കി. ആമിനുമ്മ ഉത്തരവുമായി പാലത്തിനടുത്തേക്ക് വന്നു. സ്ത്രീകള്‍ കിടന്നിടത്തുനിന്നും എഴുന്നേറ്റു തുടങ്ങി. എല്ലാവര്‍ക്കും ബിയ്യാത്തുവിന്റെ വക വെള്ളപ്പവും കോഴിക്കറിയും വിളമ്പി. പോലീസുകാരും ഉദ്യോഗസ്ഥരുമെല്ലാം കൊശിയോടെ അതു തിന്നു.
ആ വിജയിച്ച സമരത്തിലെ ഒന്നാം പ്രതിയാണ് മേലേടത്ത് ഖദീജാ മന്‍സിലില്‍ മമ്മദിന്റെ മകള്‍ പീരങ്കി ബിയ്യാത്തു എന്നു വിളിക്കുന്ന ബീഫാത്തിമ. രണ്ടാം പ്രതി കുന്നേല്‍ അബ്ദുറഹിമാന്‍ മുസ് ലിയാരുടെ മകള്‍ ആമിന, മൂന്നാം പ്രതി സുനിത, നാലാം പ്രതി ദീപ, പിന്നെ കണ്ടാലറിയാവുന്ന നൂറുകണക്കിനു സ്ത്രീകളും. അനുവാദമില്ലാതെ സംഘം ചേരല്‍, അക്രമത്തിന് പ്രേരിപ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയവയാണ് വകുപ്പുകള്‍. ബിയ്യാത്തു ഇങ്ങനെയൊരു കേസ് അറിഞ്ഞിരുന്നില്ല. ജനവാടിയുടെ അടുത്തുള്ള അവരുടെ ഒരു വസ്തു വില്‍പ്പനക്കായി വില്ലേജ് ആപ്പീസിലെത്തിയപ്പോള്‍ ബ്രോക്കര്‍ ആച്ചിയോട് ആപ്പീസറാണ് ഇക്കാര്യം പറഞ്ഞത്. ഉടനെ കോടതിയിലെത്തിയപ്പോഴാണ് കേസിന്റെ വിവരം അറിഞ്ഞത്.

കേസില്‍ കോടതിയില്‍ ഹാജരായി ജാമ്യം എടുക്കണം. ബാക്കി കാര്യങ്ങള്‍ വേഗം ചെയ്തു തീര്‍ക്കണം. ഇതാണ് ബിയ്യാത്തുവിന്റെ ആവശ്യം.
സാര്‍ തന്ന നാലഞ്ചു കേസ് ഫയലുകളുടെ കൂടെ ബിയ്യാത്തുവിന്റെ കടലാസും വാങ്ങി മേരി പുറപ്പെട്ടു. അന്നാദ്യമായി പീരങ്കി ബിയ്യാത്തു കോടതി കയറി; നല്ലൊരു കാര്യത്തിന്.
(തുടരും)

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media