ആരാമം- സുകൃതത്തിന്റെ പ്രചാരകരാവുക

Aramam
സെപ്റ്റംബർ 2024
കേരളത്തിന്റെ വീടകങ്ങളിലെ സജീവ സാന്നിധ്യമാണ് 'ആരാമം'. വനിതകളാല്‍ നടത്തപ്പെടുന്ന ഈ കുടുംബ മാസിക സ്ത്രീ, കുടുംബം

കേരളത്തിന്റെ വീടകങ്ങളിലെ സജീവ സാന്നിധ്യമാണ് 'ആരാമം'. വനിതകളാല്‍ നടത്തപ്പെടുന്ന ഈ കുടുംബ മാസിക സ്ത്രീ, കുടുംബം, സമൂഹം, രാഷ്ട്രം തുടങ്ങി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട കാലിക വിഷയങ്ങളെ ഇസ്ലാമിക ആശയാടിത്തറകളില്‍ സമീപിക്കുകയും കാലോചിതമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്യുന്നു. കുടുംബ - സാമൂഹിക ജീവിതത്തിലെ സ്ത്രീ പങ്കാളിത്തത്തിനും ധര്‍മത്തിനും സന്തുലിതവും കൃത്യവുമായ വഴികാട്ടുന്നതില്‍ ഈ പ്രസിദ്ധീകരണത്തിന്റെ പങ്ക് ഏറെ വലുതാണ്. ചുരുക്കത്തില്‍, മുസ്ലിം സ്ത്രീ ജീവിതത്തിനുനേരെ തിരിച്ചുവെച്ച കണ്ണാടിയും, അവരുടെ പുരോഗമന ചുവടുവെപ്പുകള്‍ക്ക് ആദര്‍ശപരമായ നിറം പകര്‍ന്ന മാര്‍ഗദര്‍ശിയുമാണ് 'ആരാമം'.

സ്ത്രീ എന്നും സമൂഹത്തിലെ ചര്‍ച്ചാ വിഷയമാണ്. നേരത്തെ സ്ത്രീയുടെ പൊതുയിടത്തിലെ സാന്നിധ്യവും സാമൂഹിക പങ്കാളിത്തവുമായിരുന്നു വിവാദങ്ങള്‍ക്ക് ആധാരം. പുരോഹിത മതത്തിന്റെ ശാസനകള്‍ക്ക് വഴങ്ങാതെ, പ്രവാചക മതത്തിന്റെ സന്തുലിതമായ ജീവിതസാക്ഷ്യം നിര്‍വഹിക്കാന്‍ അന്ന് മുസ്ലിം സ്ത്രീക്ക് സാധിച്ചു. ഇന്നും മലയാള മണ്ണില്‍ സ്ത്രീയെക്കുറിച്ച ചര്‍ച്ച കേന്ദ്രസ്ഥാനത്താണുള്ളത്. കച്ചവട താല്‍പര്യത്തോടെ സ്ത്രീസ്വാതന്ത്ര്യത്തെ  ആഘോഷിച്ചവരും ഉദാര ലൈംഗികതയുള്‍പ്പെടെ ലിബറല്‍ ജീവിതത്തെ ഉത്സവമാക്കിയവരും ഇന്ന് സാമൂഹിക  വിചാരണ നേരിടുകയാണ്.

മതങ്ങളെയും ദര്‍ശനങ്ങളെയും മൂല്യങ്ങളെയും പരിഹസിച്ച്, തങ്ങളാണ് സ്ത്രീസ്വാതന്ത്ര്യത്തിന്റെ പറുദീസയൊരുക്കുന്നവര്‍ എന്ന് അവകാശപ്പെട്ടിരുന്നവരുടെ മുഖംമൂടി വലിച്ചുകീറപ്പെട്ടുകൊണ്ടിരിക്കുന്നു. കുടുംബ ജീവിതത്തിലും സാമൂഹിക മണ്ഡലത്തിലുമുള്ള വൈവിധ്യവും സൗന്ദര്യവുമാര്‍ന്ന ആവിഷ്‌കാരങ്ങളെ വെട്ടിയൊതുക്കി, മാംസബന്ധിതമായ ഉപഭോഗ വസ്തുവായി സ്ത്രീയെ സമീപിച്ച പൗരോഹിത്യ, മുതലാളിത്ത ദര്‍ശനങ്ങള്‍ കൂടി ഇനിയും കൂടുതല്‍ വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്.

സ്ത്രീക്ക് പൊതു മണ്ഡലത്തില്‍ വിലക്കേര്‍പ്പെടുത്തിയ പൗരോഹിത്യത്തിനും സ്ത്രീയെ കേവലം ശരീരമാത്രമായി കാണുന്ന ആധുനിക ലിബറല്‍ കാഴ്ചപ്പാടിനും മധ്യേ നവ സാമൂഹിക നിര്‍മിതിയിലും സാമൂഹിക രാഷ്ട്രീയ- സാംസ്‌കാരിക മുന്നേറ്റങ്ങളിലും സ്വന്തമായ ഐഡന്റിറ്റി നിലനിര്‍ത്തി, ആദര്‍ശം മുറുകെ പിടിച്ച്, വര്‍ണോജ്വലമായ ആത്മാവിഷ്‌കാരം നിര്‍വഹിക്കുന്ന വേറിട്ട സ്ത്രീജനറേഷന്‍ മലയാളികള്‍ക്കിടയില്‍ ഇന്ന് തലയുയര്‍ത്തി നില്‍ക്കുകയാണ്. കലയില്‍, സാഹിത്യത്തില്‍, മനുഷ്യാവകാശ പോരാട്ടങ്ങളില്‍, സാമൂഹിക ദുരന്തങ്ങളിലെല്ലാം ഈ വേറിട്ട അടയാളപ്പെടുത്തല്‍ കേരളീയ ജീവിതത്തില്‍ പ്രകടമാണ്. എന്‍.ആര്‍.സി, സി.എ.എ സമരത്തെ ധന്യമാക്കിയത് അവരാണ്. കേരളത്തിലെ പല ജനകീയ സമരങ്ങള്‍ക്കും ഇന്ന് കരുത്ത് പകരുന്നത് അവരാണ്. പാലിയേറ്റീവ് മേഖലയില്‍ ആശ്വാസത്തിന്റെയും ആത്മവിശ്വാസത്തിന്റെയും തണല്‍ വിരിക്കുന്നത് അവരാണ്.

ഏറ്റവും അവസാനം, വയനാട് മഹാ ദുരന്തത്തെ കേരളം നേരിട്ടപ്പോള്‍ ചങ്കുറപ്പോടെ, ഛിഹ്നഭിന്നമായ മൃതശരീരങ്ങളെ  ആദരവോടെ ഏറ്റുവാങ്ങിയതും അവര്‍ തന്നെയാണ്. അത്തരം സ്ത്രീ ഇടപെടലുകളെ ചടുലമാക്കുന്നതില്‍ വഴികാട്ടുന്ന പ്രസിദ്ധീകരണമാണ് ആരാമം.
സമൂഹത്തില്‍ നിലനില്‍ക്കേണ്ട അനിവാര്യമായ സ്ഥാപനമാണ് കുടുംബമെന്ന പാഠവും, കുടുംബത്തില്‍ സ്ത്രീയും പുരുഷനും നിര്‍വഹിക്കാനുള്ള ധര്‍മങ്ങള്‍ വ്യത്യസ്തവും അതേസമയം പരസ്പര പൂരകവുമാണെന്ന യാഥാര്‍ഥ്യവും തിരിച്ചറിഞ്ഞ് കുടുംബമെന്ന ആശയത്തെ പുഷ്‌കലമാക്കി കാലം കാത്തിരിക്കുന്ന സ്‌ത്രൈണാവിഷ്‌കാരം നിര്‍വഹിക്കാന്‍ മുസ്ലിം സ്ത്രീക്കാവണം. ഇസ്ലാമിക ശരീഅത്തിന്റെ അതിരുകള്‍ക്കകത്തുവെച്ച് സ്ത്രീ - പുരുഷ ജീവിതത്തെ അതിന്റെ മുഴുവന്‍ ഭംഗിയിലും ചേര്‍ത്തുവെക്കാം എന്നതിനുള്ള പാഠവും പാഠപുസ്തകവുമാണ് ആരാമം. നമ്മുടെ കൂട്ടുകാരിലും മുഴുവന്‍ കുടുംബങ്ങളിലും നാം അതിന്റെ പ്രഭ പരത്തണം. ആരാമത്തെ പരിചയപ്പെടാന്‍ അവസരം കിട്ടാത്ത വ്യക്തികളില്‍, കുടുംബങ്ങളില്‍, കാമ്പസുകളില്‍ എല്ലാം ആരാമമെത്തി എന്ന് നാം ഉറപ്പുവരുത്തണം.
നാഥന്‍ അനുഗ്രഹിക്കട്ടെ.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media