'മുള്‍ച്ചെടിയും കരയാമ്പൂവും'- അശ്ശൗകു വല്‍ ഖറന്‍ഫുല്‍- ലോകം ഏറെ ആശ്ചര്യത്തോടും കൗതുകത്തോടും വായിക്കുന്ന പുസ്തകമാണ്. ഹമാസ് പൊളിറ്റിക്കല്‍ കൗണ്‍സിലിന്റെ തലവനായി തെരഞ്ഞെടുക്കപ്പെട്ട നേതാവും ത്വൂഫാനുല്‍ അഖ്സ്വയുടെ മുഖ്യ സൂത്രധാരനുമായ യഹ് യാ സിന്‍വാര്‍ 'അബൂ ഇബ്രാഹീം' തന്റെ നീണ്ട ഇരുപത്തിമൂന്ന് വര്‍ഷത്തെ തടവു ജീവിതകാലത്ത് ലോകത്തെ ഏറ്റവും ഭീകരമായ തടവറയായ ഇസ്രായേലി ജയിലില്‍ വെച്ച് രചിച്ച നോവലാണിത്. തന്റെ വ്യക്തിത്വത്തെയും ലക്ഷ്യത്തെയും തന്റെ രാഷ്ട്രത്തെയും ജനതയെയും സംബന്ധിച്ചും, താന്‍ നേരിടുന്ന ഭീകരനായ ശത്രുവെക്കുറിച്ചും തന്നെ വലയം ചെയ്യുന്ന ലോകത്തെക്കുറിച്ചുമുള്ള ധാരണകളും കാഴ്ചപ്പാടുകളും മനസ്സിലാക്കാന്‍ സഹായിക്കുന്ന മികച്ച സാഹിത്യ സൃഷ്ടിയാണെന്നതില്‍ യാതൊരു അതിശയോക്തിയുമില്ല. ആത്മകഥാംശമുള്ള നോവല്‍ സഹതടവുകാരിലൂടെയും സന്ദര്‍ശകരിലൂടെയും സയണിസ്റ്റ് ചാരക്കണ്ണുകളില്‍ നിന്നും മറച്ച്, അതിസാഹസികമായിട്ടാണ് സിന്‍വാര്‍ ജയിലിനു പുറത്തെത്തിച്ചത്. തടങ്കല്‍ പാളയത്തില്‍ കഴിയുന്ന ഡസന്‍ കണക്കിന് ഹമാസ് ആക്ടിവിസ്റ്റുകള്‍ നോവലിന്റെ ഓരോ ഭാഗവും പകര്‍ത്തിയെഴുതി. ഒരു നിലക്കും ഈ കുറിപ്പുകള്‍ ലോകത്തിനു നഷ്ടപ്പെടാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. മാതൃരാജ്യമായ ഫലസ്ത്വീനും പരിശുദ്ധമായ ഖുദ്‌സിനും അല്‍ അഖ്‌സ്വയ്ക്കും തന്റെ ജനതയ്ക്കും വേണ്ടിയുള്ള സിന്‍വാറിന്റെ അതിമഹത്തായ സമര്‍പ്പണമാണ് 'മുള്‍ച്ചെടിയും കരയാമ്പൂവും' എന്ന നോവല്‍.
ഫലസ്ത്വീന്‍ ജനതയുടെ നൊമ്പരങ്ങളും വേദനകളും അവര്‍ തരണം ചെയ്തുകൊണ്ടിരിക്കുന്ന തീക്ഷ്ണമായ അനുഭവങ്ങളും ലോകത്തോട് പറയാന്‍ നോവലിന്റെ സങ്കേതങ്ങളെ ആശ്രയിക്കുകയായിരുന്നു യഹ് യാ സിന്‍വാര്‍. തങ്ങളുടെ ആത്മകഥ ഇങ്ങനെയല്ലാതെ എഴുതാന്‍ ഒരു ഫലസ്ത്വീനിക്കും സാധിക്കുകയുമില്ല. 1967-ലെ നക്‌സ (ഫലസ്ത്വീന് നേരിടേണ്ടി വന്ന കനത്ത തിരിച്ചടിയെ സൂചിപ്പിക്കുന്ന പദം) യുദ്ധം മുതല്‍ 2000-ലെ ഇന്‍തിഫാദ വരെ നീണ്ടുനില്‍ക്കുന്ന സംഭവ വികാസങ്ങളും 1948 -ലെ നക്ബയുടെ (തങ്ങള്‍ക്ക് ഫലസ്ത്വീന്‍ നഷ്ടമായതിനെ സൂചിപ്പിക്കുന്ന പദം- ദുരന്തം എന്ന് അര്‍ഥം.) അവലോകനവും നോവലില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മുള്‍ച്ചെടിയും കരയാമ്പൂവും എന്ന നോവലിലെ ആഖ്യാതാവ് സിന്‍വാര്‍ തന്നെയാണ്. 1962 ഒക്ടോബര്‍ 29-ന് ഖാന്‍ യൂനുസിലെ അഭയാര്‍ഥി ക്യാമ്പിലാണ് സിന്‍വാര്‍ ജനിക്കുന്നത്. 1967-ലെ യുദ്ധകാലത്ത് സിന്‍വാറിനു ഏഴു വയസ്സായിരുന്നു പ്രായം. പിതാവും അദ്ദേഹത്തിന്റെ സഹോദരനും ഫലസ്ത്വീന്‍ വിമോചന പോരാട്ടത്തില്‍ രക്തസാക്ഷികളായവരാണ്. പോരാട്ടത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും വീരകഥകള്‍ കേട്ടു വളര്‍ന്ന ബാലന്‍, പോരാളിയുടെ വിധവയായ ഉമ്മ പരിചരണം നല്‍കി വളര്‍ത്തിയ മകന്‍- ഇതെല്ലാമായിരുന്നു യഹ് യാ സിന്‍വാര്‍.
യുദ്ധത്തിന്റെയും അധിനിവേശത്തിന്റെയും ഭീതിദമായ ചുറ്റുപാടുകളും അതുണ്ടാക്കുന്ന ദുരിതങ്ങളും തന്റെ ശൈശവകാല വേദനകളും നൊമ്പരങ്ങളും ആഖ്യാനിച്ചുകൊണ്ടാണ് നോവല്‍ ആരംഭിക്കുന്നത്. ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തരൂപമാണ് അദ്ദേഹത്തിന്റെ മാതാവ്. ഫലസ്ത്വീന്‍ ജീവിതത്തില്‍ ഉടനീളം ഉമ്മമാരും സ്ത്രീകളും ഒരു അല്‍ഭുത പ്രതിഭാസമാണ്. തങ്ങള്‍ പ്രസവിക്കുന്നത് വാര്‍ധക്യത്തില്‍ തങ്ങളെ സംരക്ഷിക്കാനുള്ളവരെയല്ല; മാതൃരാജ്യത്തെ വിമോചിപ്പിക്കാനുള്ളവരെയാണ്. അത്തരം ഒരു മാതൃകരത്തിന്റെ പരിലാളനയില്‍ വളര്‍ത്തപ്പെട്ട സിന്‍വാര്‍ ഒരു പോരാളിയായില്ലെങ്കിലേ അല്‍ഭുതമുള്ളൂ. നോവലില്‍ ഒരുഭാഗത്ത് കേന്ദ്ര കഥാപാത്രങ്ങളില്‍ മറ്റൊരാളായ ഇബ്രാഹീമിന്റെ മകള്‍ ഇസ്റാഇനെ താരാട്ടു പാടി ഉറക്കുമ്പോള്‍ ആ മാതാവിന്റെ ഈരടികളില്‍ പോരാട്ടവും പോരാളികളും രക്തസാക്ഷികളുമെല്ലാം കടന്നുവരുന്നുണ്ട്. തികഞ്ഞ മത നിഷ്ഠയുള്ള കുടുംബമാണ് സിന്‍വാറിന്റേത്. ഖുദ്സിന്റെ പോരാളികളുടെ മക്കള്‍ അതിന്റെ പവിത്രതയ്ക്ക് കളങ്കമുണ്ടാക്കുന്ന ഒന്നും ചെയ്യരുതെന്ന ശാഠ്യം ആ ഉമ്മയ്ക്ക് ഉണ്ടായിരുന്നു. അതിന്റെ ചില ഉദാഹരണങ്ങള്‍ നോവലില്‍ സിന്‍വാര്‍ കോറിയിടുന്നുണ്ട്.
ഫലസ്ത്വീനിലെ പല പ്രഭാതങ്ങളും അധിനിവേശ സര്‍ക്കാരിന്റെ കര്‍ഫ്യൂ പ്രഖ്യാപനത്തോടെയാണ് ആരംഭിക്കുന്നത്. സൈന്യത്തിന്റെ പട്രോളിങ്ങ്, റെയ്ഡ്, അറസ്റ്റ്, വെടിവെപ്പ്, കൊലപാതകം എല്ലാം അനുബന്ധമായും സംഭവിക്കുന്നുണ്ടാകും. ഇതുണ്ടാക്കുന്ന വേദനകള്‍ ഏതൊരു ഫലസ്ത്വീനിയെ പോലെ സിന്‍വാറിന്റെ മനസ്സിനെയും മറ്റൊരു നിലയിലാണ് സ്വാധീനിച്ചത്. ''നമുക്ക് നമ്മുടെ നാടിനെ വീണ്ടെടുക്കണം. നമ്മുടെ നാടിനുവേണ്ടി, രക്തസാക്ഷികള്‍ക്കുവേണ്ടി നാം പ്രതികാരം ചെയ്യണം. ഖുദുസും അഖ്‌സ്വായും സയണിസ്റ്റ് കൈയേറ്റത്തില്‍ നിന്നും മോചിപ്പിക്കണം''- ഇതായിരുന്നു സിന്‍വാറിന്റെ നിശ്ചയവും നിയോഗവും. വിദ്യാര്‍ഥി കാലം മുതല്‍ സിന്‍വാര്‍ തന്റെ വീട്ടിലും സ്‌കൂളിലും സര്‍വകലാശാലയിലും കേട്ടതും പങ്കെടുത്തതുമായ സംവാദങ്ങളും വാഗ്വാദങ്ങളും അദ്ദേഹത്തിന്റെ വ്യക്തിത്വവും ലക്ഷ്യവും സമരവും ദൗത്യവും രൂപപ്പെടുത്തുന്നതില്‍ വമ്പിച്ച പങ്ക് വഹിച്ചിട്ടുണ്ട്.
ഫലസ്ത്വീന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിരുന്ന കമ്യൂണിസ്റ്റുകള്‍, ദേശീയവാദികള്‍, ഫത്ഹ് മൂവ്‌മെന്റ്, ഇസ്ലാമിസ്റ്റുകള്‍, ഹമാസ് എന്നിവക്കിടയില്‍ നിലനിന്ന ഭിന്നതയുടെ സൂക്ഷ്മ രാഷ്ട്രീയത്തെ വായനക്കാരിലേക്ക് ആഴത്തില്‍ പകര്‍ന്നുനല്‍കുന്നതില്‍ സിന്‍വാര്‍ വിജയിച്ചു എന്ന് പറയാം. ഇസ്രായേല്‍ എന്ന ഭീകര സാമ്രാജ്യത്വ ശക്തിയോട് സന്ധിചെയ്യരുതെന്ന നിശ്ചയദാര്‍ഢ്യം അനുവാചക ഹൃദയങ്ങളില്‍ കല്ലിലെന്ന പോലെ കൊത്തി വെക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാകാം ഈ കൃതി വായിക്കപ്പെടരുത് എന്ന് ഇസ്രായേല്‍ തീരുമാനിച്ചത്. ആമസോണ്‍ കൃതിയുടെ വില്‍പന വിലക്കി. കേരളത്തിലെ നവനാസ്തികര്‍ ഈ ബുക്ക് ആരും വായിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കിയതും യാദൃഛികമായിരുന്നില്ല.
ഹമാസ് പ്രവര്‍ത്തകര്‍ക്ക് പോരാട്ടവീഥിയില്‍ ആത്മീയമായ ഊര്‍ജം പകര്‍ന്നു കൊടുക്കാന്‍ ചരിത്രഭൂമികളിലേക്ക് യാത്രകള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. സഹോദരന്‍ ഇബ്രാഹീം ആയിരുന്നു അന്നത്തെ യാത്രയിലെ ഗൈഡ്. അല്‍ മസ്ജിദുല്‍ അഖ്സ്വായുടെ പ്രദേശം സന്ദര്‍ശിക്കവെ അദ്ദേഹം നടത്തുന്ന പ്രഭാഷണത്തെ അനുസ്മരിച്ചുകൊണ്ട് നോവലില്‍ സിന്‍വാര്‍ കുറിക്കുന്നു: ''ഞങ്ങള്‍ വീണ്ടും ഒരുമിച്ചു കൂടി, ഖുബ്ബത്തു സ്വഖ്റാ മസ്ജിദിലേക്കുള്ള കല്‍പ്പടവുകള്‍ കയറി. ആ പ്രദേശത്തെ സംബന്ധിച്ചുള്ള ചരിത്രവും വിശദാംശങ്ങളും ഇബ്രാഹീം അവതരിപ്പിക്കാന്‍ തുടങ്ങി: 'ഇവിടെ നിന്നാണ് പ്രവാചകന്റെ ആകാശ ആരോഹണം നടന്നത്. ഇസ്രാഉം മിഅ്‌റാജും സംഭവിച്ച നാടാണിത്. മക്കയിലെ പരിശുദ്ധ ഹറമില്‍ നിന്നും അല്‍ അഖ്‌സ്വയിലേക്കുള്ള പരിശുദ്ധ യാത്രയായിരുന്നു ഇസ്‌റാഅ്. അല്‍ അഖ്‌സ്വയില്‍ നിന്നാണ് മിഅ്‌റാജ് സംഭവിച്ചത്. പ്രവാചകന്‍ ആകാശ ലോകത്തിന്റെ ഉന്നത ചക്രവാളത്തിലുള്ള സിദ്‌റത്തുല്‍ മുന്‍തഹായിലേക്ക് നടത്തിയ യാത്രയാണ് മിഅ്‌റാജ്.' എന്നിട്ട് അവന്‍ ഒരു തത്വം വിശദീകരിച്ചു: ''സ്വര്‍ഗത്തിലേക്കുള്ള യാത്രയില്‍ ഭൂമിയിലെ പ്രധാനപ്പെട്ട ഒരു ഇടത്താവളമാണ് ഖുദ്സും അല്‍ അഖ്‌സ്വയും.'' അതായത് അല്‍ അഖ്സ്വായെ മാറ്റിനിര്‍ത്തിക്കൊണ്ട് ഇസ്ലാമിക് തിയോളജി മനുഷ്യര്‍ക്ക് വാഗ്ദാനം ചെയ്യുന്ന മുക്തിയോ മോചനമോ സാധ്യമല്ല.
തന്റെ മകള്‍ക്ക് ഇബ്റാഹീം ഇസ്റാഅ് എന്ന് പേരുവിളിച്ചതിന്റെ പൊരുള്‍ അദ്ദേഹം തന്നെ വെളിപ്പെടുത്തുന്നത് നോവലില്‍ പരാമര്‍ശിക്കുന്നത് കാണാം: ''ഇതിനിടെ മറിയം ഒരു പെണ്‍കുട്ടിയെ പ്രസവിച്ചു. ഇബ്രാഹീം അവള്‍ക്ക് ഇസ്‌റാഅ് എന്ന് പേരിട്ടു. ഈ പേര് വിളിക്കാന്‍ കാരണമെന്ത് എന്ന് ആരാഞ്ഞവരോട് അവന്‍ പറഞ്ഞു: 'ഇവളെ കാണുമ്പോഴെല്ലാം ഇസ്രാഇന്റെയും മിഅ്‌റാജിന്റെയും നാടിനോടുള്ള, അല്‍ അഖ്‌സ്വാ മസ്ജിദ്‌നോടുള്ള എന്റെ കടമയും ബാധ്യതയും ഞാന്‍ ഓര്‍ക്കണം. സന്താനങ്ങളോടുള്ള പരിധിവിട്ട ഇഷ്ടങ്ങളാണ് പലരെയും ജിഹാദിന്റെ മാര്‍ഗത്തില്‍ നിഷ്‌ക്രിയരാക്കാറ്. എന്റെ മോള്‍ ഇസ്‌റാഅ് എന്നെ ജിഹാദിലേക്ക് നയിക്കുന്ന കാരണമാകണമെന്നും, ഒരിക്കലും അവള്‍ എന്നെ ജിഹാദിന്റെ കാര്യത്തില്‍ നിഷ്‌ക്രിയനാക്കരുതെന്നും ഞാന്‍ കൊതിക്കുന്നു.'
യാസിര്‍ അറഫാത്ത് ഇസ്രയേലുമായി ഓസ്ലോ കരാര്‍ ഒപ്പു വെച്ചതിനെ കുറിച്ച ഹമാസിന്റെ വിമര്‍ശനം സിന്‍വാര്‍ ആഖ്യാനിക്കുന്നത്, ''പിടികൂടപ്പെടുമെന്ന് ഉറപ്പായപ്പോള്‍ ചാടിപ്പോകാന്‍ മോഷ്ടാവിന് കോണി വെച്ച് കൊടുക്കുന്നത് പോലെയാണ് ഈ ഉടമ്പടി'' എന്നാണ്. ഓസ്ലോ കരാര്‍ സാമ്രാജ്യത്വ ശക്തികളുടെ ചതിയായിരുന്നു എന്ന് കാലം തെളിയിച്ചു.
യഹ്‌യാ സിന്‍വാര്‍ ഫലസ്ത്വീന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രസ്ഥാനത്ത് അവരോധിതമായിരിക്കുന്ന ഈ ഘട്ടത്തില്‍ ആരാണ് സിന്‍വാര്‍ എന്നറിയാന്‍ നമ്മുടെ മുന്നിലുള്ള മുഖ്യമായ റഫറന്‍സാണ് 'മുള്‍ച്ചെടിയും കരയാമ്പൂവും.' സിന്‍വാറിന് മുമ്പുള്ള മിക്കവാറും ഹമാസിന്റെ നേതാക്കന്മാര്‍ ജനമധ്യത്തില്‍ നിറഞ്ഞുനിന്ന പ്രഭാഷകര്‍ കൂടിയായിരുന്നു. 2023 ഒക്ടോബര്‍ 7 ന് ആരംഭിച്ച ത്വൂഫാനുല്‍ അഖ്‌സ്വയ്ക്കു മുമ്പ് ആര്‍ക്കും പരിചിതമായ പേരേ ആയിരുന്നില്ല സിന്‍വാറിന്റേത്. മാതൃനാടിന്റെ വിമോചന പോരാട്ടത്തെ തിരശ്ശീലയ്ക്ക് പിന്നിലിരുന്നു നിയന്ത്രിക്കുകയും ഫലസ്ത്വീനികളുടെ വിമോചന സ്വപ്നങ്ങള്‍ക്ക് ചിറകു കൊടുക്കുകയും ചെയ്ത നേതാവാണ് സിന്‍വാര്‍. അധിനിവേശത്തിന്റെ മുള്‍പ്പടര്‍പ്പുകള്‍ കൊണ്ട് ചോര വാര്‍ന്നൊലിക്കുന്ന ഫലസ്ത്വീന്റെ മണ്ണില്‍ കരയാമ്പൂവിന്റെ സൗരഭ്യം പരക്കുക തന്നെ ചെയ്യും, സിന്‍വാറിലൂടെ.