വിശ്വാസി അല്ലാഹുവോട് നടത്തുന്ന സ്‌നേഹപ്രകടനമാണ് പ്രാര്‍ത്ഥന. അത് അവനോടുള്ള സ്‌നേഹാര്‍ഥന കൂടിയാണ്. തൃപ്തി തേടലാണ്. സ്‌നേഹം പോലെത്തന്നെ തൃപ്തി നല്‍കിക്കൊണ്ട് മാത്രമേ അത് നേടാന്‍ കഴികയുള്ളൂ. മനുഷ്യന് എത്താവുന്ന ഏറ്റവും നല്ല അവസ്ഥയും ഉന്നത സ്ഥാനവും അതുതന്നെ.
ശുഭപ്രതീക്ഷ
ഞാന്‍ അല്ലാഹുവോടൊപ്പമാണ്. അല്ലാഹു എന്നോടൊപ്പവും. അവന്‍ എന്റെ കണ്ഠനാഡിയെക്കാള്‍ എന്നോടടുത്തവനാണ്. എന്റെ മനസ്സിന്റെ വികാരവിചാരങ്ങളും ചലനങ്ങളും എന്നെക്കാള്‍ സൂക്ഷ്മമായി അറിയുന്നവനാണ്(58:7,40:19,50:16).
അല്ലാഹു എന്റെ പ്രാര്‍ഥനകള്‍ കാരുണ്യത്തോടെ കേള്‍ക്കും. ഉദാരതയോടെ ഉത്തരമേകും. എന്നാല്‍, ഉത്തരം എപ്പോഴെന്നും എങ്ങനെയായിരിക്കുമെന്നും എനിക്കറിയില്ല. ചിലപ്പോള്‍ ചോദിച്ചത് തന്നെ തന്നുകൊണ്ടായിരിക്കും. അല്ലെങ്കില്‍ കൂടുതല്‍ നല്ലത് നല്‍കിക്കൊണ്ടും. മറ്റു ചിലപ്പോള്‍ വരാനിരിക്കുന്ന വന്‍ വിപത്തുകള്‍ തടഞ്ഞുകൊണ്ടായിരിക്കും. ചോദിച്ചത് നല്‍കാതിരിക്കലിലാണ് നന്മയെങ്കില്‍ അങ്ങനെയുമാവാം. എങ്ങനെയായാലും എല്ലാ പ്രാര്‍ഥനകളും പരലോകത്തേക്കുള്ള വിലപിടിച്ച വിഭവമാണ്. പ്രാര്‍ഥന ആത്മാര്‍ഥമെങ്കില്‍ ഫലം ഉറപ്പെന്ന ഉറച്ച വിശ്വാസത്തോടെയാണത് നിര്‍വഹിക്കേണ്ടത്. അല്‍പം മാത്രം അറിയുന്ന എളിയ ദാസനാണ് താനെന്നും അതിരുകളില്ലാത്ത അറിവിന്റെ ഉടമയായ യജമാനനോടാണ് തന്റെ പ്രാര്‍ഥനയെന്നും ഉറച്ച ബോധ്യമുണ്ടാകണം. ചോദിക്കുന്നതിനെല്ലാം ഉത്തരം നല്‍കുമെന്നത് അവന്റെ വാഗ്ദാനമാണ്. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ലെന്ന ഉറച്ച വിശ്വാസവും ബോധ്യവും പ്രാര്‍ഥിക്കുന്നവനുണ്ടാകണം.
'അല്ലാഹുവിന്റെ വാഗ്ദാനമാണിത്. അല്ലാഹു തന്റെ വാഗ്ദാനം ലംഘിക്കുകയില്ല. പക്ഷേ, മനുഷ്യരിലേറെ പേരും ഇതറിയുന്നില്ല.'(30:6)
ഈ ശുഭപ്രതീക്ഷയോടെയാണ് പ്രാര്‍ഥനകള്‍ നിര്‍വഹിക്കേണ്ടത്. പ്രാര്‍ഥനയിലൂടെ മനുഷ്യന്‍ അല്ലാഹുവിലേക്ക് അടുക്കുകയാണ്. എല്ലാ തടസ്സങ്ങളും വകഞ്ഞുമാറ്റി അവനുമായി സന്ധിക്കുകയാണ്. അവനോടുള്ള അതിരുകളില്ലാത്ത സ്‌നേഹത്തിന് തടസ്സം നില്‍ക്കുന്നവയെയെല്ലാം തട്ടിമാറ്റുന്നു. പലരുടെയും മുമ്പിലെ പ്രതിബന്ധങ്ങള്‍ പലതായിരിക്കും. എന്നാല്‍, പൊതുവേ എല്ലാവര്‍ക്കും ബാധകമായ ചിലത് വിശുദ്ധ ഖുര്‍ആന്‍ വിശദീകരിച്ചിട്ടുണ്ട്.
'പറയുക: നിങ്ങളുടെ പിതാക്കളും പുത്രന്മാരും സഹോദരങ്ങളും ഇണകളും കുടുംബക്കാരും, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ സ്വത്തുക്കളും, നഷ്ടം നേരിടുമോ എന്ന് നിങ്ങള്‍ ഭയപ്പെടുന്ന കച്ചവടവും, നിങ്ങള്‍ക്കേറെ പ്രിയപ്പെട്ട പാര്‍പ്പിടങ്ങളുമാണ് നിങ്ങള്‍ക്ക് അല്ലാഹുവെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ അധ്വാനപരിശ്രമത്തെക്കാളും പ്രിയപ്പെട്ടവയെങ്കില്‍ അല്ലാഹു തന്റെ കല്‍പന നടപ്പില്‍ വരുത്തുന്നത് കാത്തിരുന്നുകൊള്ളുക. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല'(9:24).
ജീവിതം പ്രാര്‍ഥനയാകുന്നത്
വിശ്വാസിയുടെ ജീവിതം മുഴുവനും ഇബാദത്താണ്. എല്ലാം അല്ലാഹുവിന് സമര്‍പ്പിതമാണ്. അവന്റെ നിയമ നിര്‍ദേശങ്ങള്‍ക്ക് വിധേയമാണ്. പ്രീതിയും പ്രതിഫലവും പ്രതീക്ഷിച്ചുള്ളവയാണ്. അതിനാല്‍ അവയൊക്കെയും തന്നെ മൗനമായ പ്രാര്‍ഥനകളായി മാറുന്നു. അതോടൊപ്പം അവയോട് അനുബന്ധമായി നിശ്ചിതമായ വാചിക പ്രാര്‍ത്ഥനകളുമുണ്ട്. രാവിലെ ഉണരുന്നത് പ്രാര്‍ത്ഥനയോടെയാണ്. രാത്രി ഉറങ്ങുന്നതും പ്രാര്‍ഥനയോടെയാണ്. അവയ്ക്കിടയിലുള്ളതൊക്കെയും അങ്ങനെത്തന്നെ.
പ്രാര്‍ഥനകളെ അര്‍ഥപൂര്‍ണ്ണമാക്കുന്നത് ഉപയോഗിക്കുന്ന വാചകങ്ങളെക്കാള്‍ അതിലെ ആത്മാര്‍ഥതയാണ്. ഹൃദയ സാന്നിധ്യമാണ്. പലപ്പോഴും ആത്മവിലാപങ്ങളും ഹൃദയ നൊമ്പരങ്ങളും മനോവികാരങ്ങളും ശബ്ദമില്ലാത്ത പ്രാര്‍ത്ഥനകളായി മാറാറുണ്ട്. പ്രാര്‍ത്ഥനാ വേളകളില്‍ അനുഭവപ്പെടുന്ന ദിവ്യ സാമീപ്യമാണ് പ്രധാനം. അകക്കണ്ണ് കൊണ്ട് അല്ലാഹുവെ കണ്ടു കൊണ്ട് നടത്തുന്ന പ്രാര്‍ഥന.
'നിങ്ങള്‍ വിനയത്തോടെയും രഹസ്യമായും നിങ്ങളുടെ നാഥനോട് പ്രാര്‍ഥിക്കുക. പരിധി ലംഘിക്കുന്നവരെ അവനിഷ്ടമില്ല; തീര്‍ച്ച.'(7:55)
കൊടുത്തതാണ് കിട്ടുക
നമ്മുടെ സ്വഭാവവും സമീപനവും കര്‍മങ്ങളും സ്വന്തം മേല്‍വിലാസത്തില്‍ എഴുതിയ കത്തുകള്‍ പോലെയാണെന്ന് പറയാറുണ്ട്. കൊടുത്തതാണ് തിരിച്ചുകിട്ടുക. പലപ്പോഴും നാം നല്‍കിയത് ലഭിച്ചവരായിരിക്കില്ല തിരിച്ചുനല്‍കുക. കിട്ടുന്നത് കൊടുത്തതാകണമെന്നുമില്ല. ഭൂമിയില്‍ വെച്ച് ഒന്നും തിരിച്ചു കിട്ടിയില്ലെന്നും വരാം. തിരിച്ചുകിട്ടണമെന്ന് കരുതി കൊടുക്കുന്നതിലൊട്ടും പുണ്യമില്ല. കൂടുതല്‍ കിട്ടണമെന്ന് കരുതി കൊടുക്കുന്നത് വിലക്കപ്പെട്ടതും പാപവുമാണ്. പ്രവാചകത്വത്തിന്റെ തൊട്ടുടനെ അല്ലാഹു നല്‍കിയ നിര്‍ദേശങ്ങളില്‍ ഒന്നിതാണ്. 'കൂടുതല്‍ തിരിച്ചുകിട്ടാന്‍ കൊതിച്ച് നീ ഔദാര്യം കാണിക്കരുത്.'(74:6) എന്നാല്‍ എന്തു കൊടുത്താലും തിരിച്ചുകിട്ടുമെന്നുറപ്പ്. നാം കൊടുക്കുന്നത് സൃഷ്ടികള്‍ക്കാണ്. തിരിച്ചുതരിക സ്രഷ്ടാവാണ്. തിന്മയാണ് നല്‍കുന്നതെങ്കില്‍ കൊടുത്തതിനനുസരിച്ചാണ് കിട്ടുക. നന്മയാണെങ്കിലോ അനേകമിരട്ടി കിട്ടും. ചിലപ്പോള്‍ എഴുനൂറിരട്ടിയോ കൂടുതലോ ലഭിക്കും(2:261). അതോടൊപ്പം ഒരു കാര്യം ഉറപ്പ്: സൃഷ്ടികളെ സ്‌നേഹിക്കാത്തവരെ സ്രഷ്ടാവ് സ്‌നേഹിക്കുകയില്ല. അവരോടുള്ള ബാധ്യത പൂര്‍ത്തീകരിക്കാത്തവരുടെ പ്രാര്‍ഥന അവന്‍ സ്വീകരിക്കുകയുമില്ല. ജനങ്ങള്‍ക്ക് മാപ്പേകാത്തവര്‍ക്ക് അല്ലാഹുവും മാപ്പ് നല്‍കുകയില്ല. 'നിങ്ങളില്‍ ദൈവാനുഗ്രഹവും സാമ്പത്തിക കഴിവുമുള്ളവര്‍, തങ്ങളുടെ കുടുംബക്കാര്‍ക്കും അഗതികള്‍ക്കും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നാടുവെടിഞ്ഞ് പലായനം ചെയ്‌തെത്തിയവര്‍ക്കും സഹായം കൊടുക്കുകയില്ലെന്ന് ശപഥം ചെയ്യരുത്. അവര്‍ മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യട്ടെ. അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങളാഗ്രഹിക്കുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്'(24:22). ഈ സൂക്തം അവതീര്‍ണമായ പശ്ചാത്തലം ഏറെ ശ്രദ്ധേയമാണ്. ആഇശ ബീവി(റ)ക്കെതിരെ നടന്ന അപവാദ പ്രചാരണത്തില്‍ മിസ്ത്വഹ്ബ്‌നു ഉസാസയും പങ്കുവഹിച്ചു. അബൂബക്കര്‍ സിദ്ദീഖ്(റ) അദ്ദേഹത്തിന് ധാരാളമായി സഹായം നല്‍കിക്കൊണ്ടിരുന്നു. എന്നിട്ടും, ഒട്ടും നന്ദി കാണിക്കാതെ വ്യാജ പ്രചാരണത്തില്‍ പങ്കുവഹിക്കുകയായിരുന്നു. ആഇശ ബീവിയുടെ നിരപരാധിത്വം വ്യക്തമാക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ അവതീര്‍ണമായപ്പോള്‍ അബൂബക്കര്‍ സിദ്ദീഖ് (റ) മിസ്ത്വഹിനുള്ള സഹായം തുടര്‍ന്ന് നല്‍കുകയില്ലെന്ന് പ്രഖ്യാപിച്ചു. അപ്പോഴാണ് ഈ ഖുര്‍ആന്‍ വാക്യം അവതീര്‍ണമായത്. അതോടെ അബൂബക്കര്‍ സിദ്ദീഖ് (റ) നേരത്തെ നല്‍കിക്കൊണ്ടിരുന്നതിനെക്കാള്‍ കൂടുതല്‍ സഹായം അദ്ദേഹത്തിന് നല്‍കാന്‍ തുടങ്ങി. മനുഷ്യര്‍ക്ക് മാപ്പ് നല്‍കാത്തവര്‍ക്ക് അല്ലാഹുവും മാപ്പ് നല്‍കുകയില്ലെന്നും, അവരോട് ഉദാരത കാണിക്കാത്തവരോട് അല്ലാഹുവും ഉദാരത കാണിക്കുകയില്ലെന്നും, മേല്‍ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു. പ്രാര്‍ഥന സ്വീകാര്യമാവണമെങ്കില്‍ കഴിക്കുന്ന ആഹാരവും കുടിക്കുന്ന പാനീയവും ധരിക്കുന്ന വസ്ത്രവും താമസിക്കുന്ന ഇടവുമുള്‍പ്പെടെ ഉപയോഗിക്കുന്നതെല്ലാം അനുവദനീയമായിരിക്കണമെന്ന് അസന്ദിഗ്ധമായി വ്യക്തമാക്കുന്ന പ്രവാചക വചനം നിരവധിയാണ്.
അഭൗതിക ഇടപെടല്‍
ദൈവവിധിയില്‍ മാറ്റം വരുത്തുക പ്രാര്‍ഥന മാത്രമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു. പ്രാര്‍ഥനയുടെ ഫലമായി കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായ ദൈവിക ഇടപെടലുകള്‍ സംഭവിക്കുമെന്ന് വ്യക്തമാക്കുന്ന പല സംഭവങ്ങളും ഖുര്‍ആനിലുണ്ട്.
'നൂഹ് നബി തന്റെ ജനതയോട് ആവശ്യപ്പെട്ടു: 'നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്.
അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും. സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും''(72:1012).
ഹൂദ് നബി തന്റെ ജനതയോട് പറഞ്ഞു: 'എന്റെ ജനമേ, നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിരക്കുക. പിന്നെ അവങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. എങ്കിലവന്‍ നിങ്ങള്‍ക്ക് മാനത്തുനിന്ന് വേണ്ടുവോളം മഴ വീഴ്ത്തിത്തരും. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ശക്തി വളരെയേറെ വര്‍ധിപ്പിച്ചുതരും. അതിനാല്‍ പാപികളായി പിന്തിരിഞ്ഞ് പോവരുത്.''(11:52) കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി അല്ലാഹു അഭൗതിക മാര്‍ഗ്ഗത്തിലൂടെ തന്നെ സഹായിക്കുമെന്ന അടിയുറച്ച ബോധത്തോടെയും ബോധ്യത്തോടെയുമാണ് വിശ്വാസി തന്റെ നാഥനോട് പ്രാര്‍ഥിക്കേണ്ടത്. പ്രാര്‍ഥന സാര്‍ത്ഥകമാകാന്‍ അതും അനിവാര്യമാണെന്നര്‍ത്ഥം. പശ്ചാത്താപത്തോടെയുള്ള പ്രാര്‍ത്ഥനകളാണ് പ്രപഞ്ച നാഥന് ഏറെ ഇഷ്ടം. ഖുര്‍ആന്‍ അതിന് ആഹ്വാനം നല്‍കുകയും ചെയ്യുന്നു.'വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവോട് പശ്ചാത്തപിക്കുക. ആത്മാര്‍ഥമായ പശ്ചാത്താപം. നിങ്ങളുടെ നാഥന്‍ നിങ്ങളുടെ തിന്മകള്‍ മായ്ച്ചുകളയുകയും താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിങ്ങളെ പ്രവേശിപ്പിക്കുകയും ചെയ്‌തേക്കാം. അല്ലാഹു തന്റെ പ്രവാചകനെയും കൂടെയുള്ള വിശ്വാസികളെയും നിന്ദിക്കാത്ത ദിനമാണത്. അവരുടെ മുന്നിലും വലതുഭാഗത്തും തങ്ങളുടെ തന്നെ പ്രകാശം പ്രസരിച്ചുകൊണ്ടിരിക്കും. അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളുടെ പ്രകാശം ഞങ്ങള്‍ക്കു നീ പൂര്‍ത്തീകരിച്ചു തരേണമേ! ഞങ്ങളോട് നീ പൊറുക്കേണമേ! നീ എല്ലാറ്റിനും കഴിവുറ്റവന്‍തന്നെ തീര്‍ച്ച.'(66:8).