(ആമിനുമ്മയുടെ ആത്മകഥ - 6)
സുബൈദബീവിയുമായുള്ള വിവാഹം ഫസ്ഖ് ചെയ്യപ്പെട്ടപ്പോള്‍ കുടുംബക്കാരെല്ലാം ചേര്‍ന്ന് അബ്ദുര്‍റഹിമാന് മറ്റൊരു പെണ്‍കുട്ടിയെ ഉടനെ തന്നെ കണ്ടെത്തണമെന്ന വാശിയിലായി. അബ്ദുര്‍റഹിമാനാകട്ടെ ഉടനെയൊരു വിവാഹം വേണ്ടതില്ലയെന്ന തീരുമാനത്തിലായിരുന്നു. വെള്ളക്കാര്‍ക്കെതിരായ പ്രവര്‍ത്തനങ്ങളില്‍ അല്‍പ്പം ഹരം പിടിച്ച കാലം കൂടിയായിരുന്നു അത്. സുബൈദയുടെ പിതാവുമായി സ്വരചേര്‍ച്ചയില്ലാതായതും ഈ നിലപാട് കാരണമായിരുന്നു.
മലബാര്‍ ബ്രിട്ടീഷുകാരുടെ അധീനത്തിലായ കാലം മുതലാണ് ഭൂമിക്ക് നികുതി എന്ന സമ്പ്രദായം ആരംഭിച്ചത്. നികുതി പിരിക്കാന്‍ അവര്‍ ജന്മിമാരെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ജന്മിമാര്‍ അവര്‍ക്കിഷ്ടപ്പെട്ട രീതിയിലാണ് നികുതി ചുമത്തിയിരുന്നത്. വര്‍ഷാവര്‍ഷങ്ങളില്‍ യാതൊരു ന്യായവുമില്ലാതെ ഇതു വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. പാവപ്പെട്ട കര്‍ഷകര്‍ക്ക് ഇക്കാരണത്താല്‍ ജീവിതം ദുരിതപൂര്‍ണമായി. പാട്ടവും നികുതിയുമായി അവര്‍ പൊറുതിമുട്ടി. പലരും ജീവിതമവസാനിപ്പിച്ചു. പൊന്നാനിയിലെ കര്‍ഷകരില്‍ അധികപേരും മുസ് ലിംങ്ങളായിരുന്നു. അബ്ദുറഹിമാന്‍ വിളക്കത്തിരുന്നു പഠിച്ചു പൂര്‍ത്തിയായി വെറുതെ നടക്കുന്ന കാലമായിരുന്നു ഇത്. കര്‍ഷകരുടെ വീടുകള്‍ അബ്ദുറഹിമാന്‍ സന്ദര്‍ശിക്കുകയും അവരെ ആശ്വസിപ്പിക്കുകയും പിടിച്ചു നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. അങ്ങനെയിരിക്കെയാണ് പൊന്നാനിയില്‍ കുടിയാന്‍ സംഘം ജന്മിമാര്‍ക്കെതിരെ രൂപീകൃതമാകുന്നത്. എം. സി നാരായണമേനോനും കട്ടിലശേരി മുഹമ്മദ് മുസ് ലിയാരുമായിരുന്നു സംഘത്തിന്റെ നേതാക്കള്‍. പൊന്നാനിയില്‍ അവരുടെ പരിപാടി സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയത് അബ്ദുറഹിമാനായിരുന്നു. പരിപാടി വന്‍വിജയമായതോട അബ്ദുറഹിമാന്‍ ജന്മിമാരുടെ നോട്ടപ്പുള്ളയായി. നേരത്തെ തിരൂരിലെ കക്കാട് തറവാട്ടിലെ ആമു പോലീസിന്റ കാര്യസ്ഥനമായുണ്ടായ കശപിശയും പോലീസില്‍ അബ്ദുറഹിമാനെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു. കുന്നേല്‍ തറവാട്ടുകാര്‍ക്ക് കക്കാട് കുടുംബം പകരംവീട്ടുമെന്ന ഭീതിയുണ്ടായിരുന്നു. ആയിടക്കാണ് പൊന്നാനിയിലെ പ്രസിദ്ധ കുടുംബമായ പുത്തന്‍പുരയിലെ ഫാത്തിമയുടെ കല്യാണം പന്തലില്‍ വെച്ചു വേണ്ടെന്നു വെച്ചത്. പുതിയാപ്പിളക്ക് അമ്മായി നല്‍കിയ ആഭരണം വെള്ളി മോതിരമായിരുന്നു. കോഴിക്കോട്ട് നിന്നെത്തിയ പുതിയാപ്പിളയുടെ കുടുംബം ആഭരണം സ്വര്‍ണം തന്നെയാകണമെന്നു അല്ലെങ്കിലത് കുടംബത്തിന് ചീത്തപ്പേരുണ്ടാക്കുമെന്നും വാശിപ്പിടിച്ചു. ഫാത്തിമയുടെ പിതാവ് ചെറുപ്പത്തിലേ മരണപ്പെട്ടിരുന്നു. നിക്കാഹ് കഴിച്ചുകൊടുക്കേണ്ട ആങ്ങള ചെറുക്കന്‍ ഇതു കേട്ടപാതി സ്വര്‍ണാഭരണമന്വേഷിച്ചു നടക്കേണ്ട അവസ്ഥയിലായി. സംഭവമറിഞ്ഞ ഫാത്തിമ തനിക്ക് ഈ കല്യാണത്തിന് താല്‍പര്യമില്ലെന്നറിയിച്ചു. പുതിയാപ്പിളയുടെ കുടുംബക്കാര്‍ ഇതു പ്രതീക്ഷിച്ചിരുന്നില്ല. നിക്കാഹ് തല്‍ക്കാലം നടത്താമെന്നും ആഭരണം പിന്നീട് നല്‍കിയാല്‍ മതിയെന്നു പുതിയാപ്പിളയുടെ ആള്‍ക്കാര്‍ പിന്നാക്കം പോയി.
ഫാത്തിമ പറഞ്ഞു:
ഇതു പൊന്നാനിയാണ്. മുസ്‌ലിംകളില്‍ പെട്ട ആണുങ്ങള്‍ സ്വര്‍ണം ഇടാന്‍ പാടില്ലെന്നു മുത്തഅല്ലിമീങ്ങള്‍ വെളക്കത്തിരുന്നു ദറസോതുന്നത് ഞമ്മടെ മുറ്റത്താണ്. ആ ഖാഇദയും കിത്താബും കേട്ടു പഠിച്ചാണ് ഞമ്മളും ബളര്‍ന്നത്. ഇജ്ജാതി കിത്താബറിയാത്ത പടുജാഹില് പുത്യാപ്പളനെ ഞമ്മക്ക് മാണ്ട... പൊന്നാനി ദര്‍സില് കിതാബോതിയ ബേറേ ആണുങ്ങള്ണ്ട്.... ഓരിലാരെങ്കിലും ഞമ്മളെ മംഗലം കയിച്ചോളും.
ആവി പറക്കണ നെയ്ച്ചോറിന്റെ മണം മൂക്കിനെ മത്തു പിടിപ്പിക്കണ സമയത്താണ് ഫാത്തിമ ഈ തീരുമാനമെടുത്തത്. നിക്കാഹ് കഴിയാതെ നെയ്‌ച്ചോറ് വിളമ്പണെതെങ്ങിനെയാ. നിക്കാഹിനു സാക്ഷിയാകാനെത്തിയ എല്ലാ കാരണവന്മാരും ഫാത്തിമയോട് നിക്കാഹിനു സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. നെയ്‌ച്ചോറു വിളമ്പിക്കിട്ടുകയായിരുന്നു അവരുടെ ആവശ്യം. ഫാത്തിമ പക്ഷേ, കുലുങ്ങിയില്ല. ഈ സമയത്താണ് പള്ളിയിലെ മുക്രിക്ക് വെറുതെ നടക്കുന്ന അബ്ദുറഹിമാനെ ഓര്‍മ വന്നത്. അയാള്‍ വേഗം കുന്നേല്‍ തറവാട്ടിലേക്കാടി. കാരണവാന്മാരോട് കാര്യം പറഞ്ഞു. കുടിയാന്‍ സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കുന്ന അബ്ധുറഹിമാനെ പിടിച്ചുകൊണ്ടുവന്നു പുത്തന്‍ പുരയിലെ കോലായിലിരുത്തി. കാര്യം മനസിലാകുന്നതിനുമുമ്പ് തന്നെ ഉസ്താദ് ആങ്ങളെ ചെക്കന് ചൊല്ലിക്കൊടുത്തു തുടങ്ങി.
അന്‍കഹത്തുക്ക, വസ്സവ്വജത്തുക്ക ഉഖ്ത്തീ ഫാത്തിമ ബിമഹറിന്‍ മബ് ലഗഹു...
ആളുകളെല്ലാം സന്തോഷത്തോടെ നെയ്‌ച്ചോര്‍ കഴിച്ചു. പുത്യാപ്ലയും കൂട്ടരും മുഖം മറച്ചു പൊന്നാനിയില്‍ നിന്നും തിരിച്ചുപോയി. അബ്ദുറഹിമാന്‍ ഫാത്തിമേയും കൊണ്ട് കുന്നേല്‍ തറവാട്ടിലുമെത്തി. രണ്ടാഴച്ച് കഴിഞ്ഞപ്പോഴേക്കും വലിയ പള്ളിയില്‍ നിന്നും ഉത്തരവിറങ്ങി. അബ്ദുറഹിമാന്‍ കൊച്ചി രാജ്യത്തെ പള്ളിയില്‍ മുസ് ലിയാരാകണം. ഉത്തരവ് അദ്ധേഹം പാലിച്ചു.
കൊച്ചിയിലെത്തിയ ഫാത്തിമക്ക് അധികം വൈകാതെ പള്ളേലായി. പച്ചമാങ്ങയോടുള്ള പ്രിയം കണ്ടാണ് അബ്ദുറഹിമാന് കാര്യം മനസിലായത്. ഒമ്പതു മാസം തികഞ്ഞതേയുണ്ടായിരുന്നുള്ളൂ കലശലായ വേദന ഫാത്തിമക്ക് അനുഭവപ്പെട്ടു. അബ്ദുറഹിമാന്‍ അന്ന് ആലുവ ദേശം വരേ യാത്ര പോയതായിരുന്നു. മഹാത്മഗാന്ധി ആലുവയിലെത്തിയ ദിവസമായിരുന്നു അത്. ജനവാടിയിലുള്ളവര്‍ ഉടനെ തന്നെ അറിയപ്പെട്ട വയറ്റാട്ടിമാരെയെല്ലാം വിളിച്ചുകൊണ്ടു വന്നു. അവരെല്ലാവരും കിണഞ്ഞു പരിശ്രമിച്ചിട്ടും നേരത്തോട് നേരമെത്തിയിട്ടും ഫാത്തിമ പക്ഷെ പ്രസവിച്ചില്ല. വേദന കൊണ്ടും രക്തസ്രാവം കൊണ്ടും ഫാത്തിമയുടെ ജീവന്‍ അപകടത്തിലാകുമെന്ന് വയറ്റാട്ടിമാര്‍ നിരീക്ഷിച്ചു.
രാത്രിയായപ്പോഴുണ്ട് കഥയൊന്നുമറിയാതെ ചൂട്ടും കത്തിച്ചു അബ്ദുറഹിമാന്‍ ഗാന്ധിജിയെ കണ്ട സന്തോഷത്തില്‍ നടന്നു വരുന്നു. വീട്ടില്‍ ആളുകള്‍ കൂടി നില്‍ക്കുന്നതു കണ്ടപ്പോള്‍ ആകെ ബേജാറായി. വയറ്റാട്ടിമാര്‍ കാര്യമറിയിച്ചു. കുഞ്ഞിന്റെ തല കുടുങ്ങികിടക്കുകയാണ്. പുറത്തേക്ക് വരുന്നില്ല. കീറി പൊളിക്കേണ്ടിവരും. ചിലപ്പോള്‍ പെണ്ണിന്റെ ജീവന്‍ അപകടത്തിലാകും. അബ്ദുറഹിമാന്‍ ഒന്നും പറഞ്ഞില്ല. നേരേ പള്ളിയിലേക്ക് വെച്ചു പിടിപ്പിച്ചു. അരമണിക്കൂര്‍ കഴിഞ്ഞില്ല വയറ്റാട്ടി മാര്‍ക്ക് കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാനായി.
ചോര മണക്കുന്ന പെണ്‍കുഞ്ഞിനെ വയറ്റാട്ടിമാര്‍ അബ്ദുറഹിമാന്റെ കൈകളിലേക്ക് കൊടുത്തപ്പോള്‍ അദ്ദേഹം പറഞ്ഞു.
ബെഷമങ്ങളുണ്ടെങ്കി ഞമ്മളാരായാലും കൈയുയര്‍ത്തി അള്ളാനോട് പറയ്വ തന്നെ ....കേക്കാണ്ടിരിക്കുല്ല.
ആമിന...
അബ്ദുറഹിമാന്‍ പേര് ചൊല്ലിവിളിച്ചു.
മുത്തുനബീന്റെുമ്മാന്റെ പേരാകട്ടെ ഞമ്മടെ മോള്ക്ക്.
അങ്ങനെയാണ് ആമിനുമ്മ പിറന്നുവീണത്. അബ്ദുറഹിമാന്റേയും ഫാത്തിമയുടേയും എല്ലാ ഉശിരും ആമിനയ്ക്കുണ്ടായിരുന്നു. നല്ല മൊഞ്ചത്തിയും വമ്പത്തിയുമായിരുന്നു.
പിതാവായിരുന്നു ആമിനയുടെ ആദ്യത്തെ ഉസ്താദ്. അലിഫ് ബാ ത്തായില്‍ തുടങ്ങി അറബി അക്ഷരങ്ങള്‍ അവള്‍ വേഗം പഠിച്ചു. ഖുര്‍ആന്‍ അഞ്ചു ജുസുഉം കാണാതെ പഠിച്ചു. മുപ്പതു ജുസുഉം ഏഴു വയസിനുള്ളില്‍ ഓതി തീര്‍ത്തു. ദീനിയ്യാത്ത്, അമലിയ്യാത്ത് തുടങ്ങിയ കിത്താബുകളും പച്ചവെള്ളം പോലെ മനസിലാക്കി. ജനവാടിയില്‍ പിതാവ് ഇംഗ്ലീഷും കണക്കും പഠിപ്പിക്കുന്ന സമ്പ്രദായമാരംഭിച്ചപ്പോള്‍ ആമിന അവിടേയും പോകുമായിരുന്നു.
ഫാത്തിമയും അടുക്കളയില്‍ വെച്ചു മകള്‍ക്ക് അറിവ് പറഞ്ഞു കൊടുത്തു. നബിമാരുടെ കഥകളും മുഹമ്മദ് നബിയുടെ ചരിത്രവും സഹാബാക്കളുടെ വീരകഥകളും ആമിനക്ക് മനപ്പാഠമായിരുന്നു. പതിനാലു വയസായപ്പോഴേക്കും ജനാവാടിയിലെ കണ്ണിലുണ്ണിയായിരുന്നു ആമിന. ചെറുപ്പത്തില്‍ തനിക്ക് ലഭിച്ച അറിവ് എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുന്നതില്‍ ശ്രദ്ധിച്ചു. കൊച്ചി രാജ്യത്ത് അന്ന് കിട്ടുമായിരുന്ന പത്രങ്ങള്‍ വായിച്ചു. പിതാവിനെപ്പോലെ രാഷ്ട്രീയത്തിലും അല്‍പ്പം താല്‍പര്യം കാട്ടിയിരുന്നു. വീട്ടില്‍ തന്നെ കാണാന്‍ വരുന്ന പ്രമുഖരായ നേതാക്കളെ ആമിനക്ക് പരിചയപ്പെടുത്തുന്നതില്‍ അബ്ദുറഹിമാന്‍ മുസ് ലിയാര്‍ ശ്രദ്ധിച്ചിരുന്നു. പെണ്‍കുട്ടികള്‍ അടുക്കളയില്‍ തളച്ചിടപ്പെടേണ്ടവരല്ല എന്നദ്ദേഹം വാദിച്ചു.
ഉമ്മു അമ്മാറയെ അദ്ദേഹം എപ്പോഴും ഉദാഹരിക്കുമായിരുന്നു. ഉഹുദില്‍ റസൂല്‍ (സ) തോളിന് വെട്ടേറ്റ്, അണപ്പല്ല് പൊട്ടി ശത്രുക്കളൊരുക്കിയ കള്ളക്കുഴിയില്‍ വീണ് ബോധം നഷ്ടപ്പെട്ടപ്പോള്‍ പടച്ചട്ടയും ആയുധവുമണിഞ്ഞ് റസൂലിനെ സംരക്ഷിച്ച സഹാബി വനിത. ആമിന ഉമ്മു അമ്മാറയെ പോലെയാകണമെന്ന് അബ്ദുറഹിമാന് ആശയുണ്ടായിരുന്നു.
രാവിലെ വീട്ടിലെ ജോലികള്‍ കഴിഞ്ഞാല്‍ ആമിന വെറുതെയിരിക്കുമായിരുന്നില്ല. അടുത്തുള്ള വീടുകളിലെ സ്ത്രീകളെ ഒരുമിച്ചു കൂട്ടും. അവര്‍ക്ക് ഇസ് ലാമിക പാഠങ്ങള്‍ പറഞ്ഞു കൊടുക്കും. അറബിയക്ഷരം വായിക്കനറിയാത്തവരെ അതു പഠിപ്പിക്കും. നല്ല സ്വഭാവവും സംസ്‌കാരവും ശീലപ്പിക്കും. അയല്‍വാസികളായ ഇതര മത ജനവിഭാഗങ്ങളുമായി നല്ല നിലയില്‍ പെരുമാറുന്നതെങ്ങനെയെന്ന് പറഞ്ഞുകൊടുക്കും. അവരോടൊപ്പമൊന്നിച്ചിരുന്നു ഭക്ഷണം കഴിക്കും.
ചുരുക്കിപ്പറഞ്ഞാല്‍, ജനവാടിയുടെ നായികയായിരുന്നു അമിന എന്നു വേണമെങ്കില്‍ പറയാം. അബ്ദുറഹിമാന്‍ മുസ് ലിയാരുടെ മകള്‍ എന്ന ബഹുമതിയും അവള്‍ക്ക് ലഭിച്ചിരുന്നു. ആയിടക്കാണ് പാത്രകച്ചവടത്തിനായി മണപ്പാടന്‍ കുടുംബാംഗമായ ഹുസൈനാജി ജനവാടിയിലെത്തുന്നത്. ഹാജി എന്നാല്‍ മക്കത്ത് പോയി വന്നയാള്‍ എന്നര്‍ഥം. ജനവാടിയിലെ പെണ്ണുങ്ങള്‍ക്കെല്ലാം പെരുത്ത് അതിശയമായി. ഹാജിമാരെ അക്കാലത്ത് കാണാന്‍ കിട്ടുക വലിയ പാടായിരുന്നു. അബ്ദുറഹിമാന്‍ മുസ് ലിയാര്‍ പോലും മക്കത്ത് പോയിട്ടുണ്ടായിരുന്നില്ല.
ഹുസൈനാജി മുസ് ലിയാരെ കാണാനാണ് ജനവാടിയിലെത്തിയത്. മക്കത്തെ വിശേഷങ്ങള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു. വിവരമറിഞ്ഞ് ഹാജിയെ കാണാന്‍ ജനവാടിയിലുള്ളവരുമെത്തി. പലരും സുലൈമാനിയും ചക്കരയപ്പവും തയ്യാറാക്കി കൊണ്ടുവന്നിരുന്നു. ഹുസൈനാജി അവര്‍ക്ക് കാരക്കയും സംസം വെള്ളവും നല്‍കി. ആമിനയുടെ കൂടെ അന്ന് അവളുടെ കൂട്ടുകാരിയായ സരസ്വതിയുമുണ്ടായിരുന്നു. മുസ് ലിയാര്‍ അവള്‍ക്കും സംസം നല്‍കി. ഹാജിയെ കണ്ടപ്പോഴാണ് പെണ്ണുങ്ങള്‍ അന്തം വിട്ടതു. കാരണം ഹുസൈന്‍ ഹാജി ശുജാഇയായ ഒരു ചെറുപ്പക്കാരനായിരുന്നു. ഹാജിയെന്നു കേട്ടപ്പോള്‍ അവര്‍ പ്രതീക്ഷിച്ചത് വയസനെയായിരുന്നു. ചിലര്‍ ഹാജിക്കായി വെറ്റിലയും അടക്കയും ഇടിച്ചു കൊണ്ടുവന്നിട്ടുമുണ്ടായിരുന്നു. മക്കത്തെ വിശേഷങ്ങളെ കുറിച്ചും ഹജറുല്‍ അസ് വദിനെ കുറിച്ചുമൊക്കെ ആമിന ഹുസൈനാജിയോട് ചോദിച്ചിരുന്നു. ഹുസൈനാജി പോയിക്കഴിഞ്ഞപ്പോഴാണ് ആ വാര്‍ത്ത ജനവാടിയില്‍ പ്രചരിച്ചത്. ഹുസൈനാജി വന്ന കാര്യം മുസ് ലിയാര്‍ ഫാത്തിമയോട് പറഞ്ഞതാണ് കൂട്ടത്തിലെ മറിയത്ത കേട്ടത്. അവരത് എല്ലാവരോടും വിളിച്ചു പറഞ്ഞു. അതൊരു സന്തോഷ വാര്‍ത്തയാണോ ദുഃഖവാര്‍ത്തയാണോ എന്നു ജനവാടിക്കാര്‍ക്ക് പെട്ടെന്ന് തീരുമാനിക്കാനാകുമായിരുന്നില്ല.
(തുടരും)
വര: തമന്ന സിത്താര വാഹിദ്