(മായാത്ത മുദ്രകള്‍)
1992 ഡിസംബര്‍ 6. ബാബരി മസ്ജിദ് തകര്‍ത്ത വാര്‍ത്തയാണ് അന്ന് പ്രഭാതത്തില്‍ തന്നെ കേട്ടത്. ഹോസ്റ്റലിലെ എന്റെ കൂട്ടുകാരികള്‍ എല്ലാം വരാനിരിക്കുന്ന അര്‍ധ വാര്‍ഷിക പരീക്ഷയുടെ ചൂടിലാണ്. ഞങ്ങളുടെ പഠന മുറിയില്‍ ഇരുന്ന് അവര്‍ ഒറ്റയായും കൂട്ടമായും തകൃതിയായി പഠിക്കുന്നു. പല കാരണങ്ങളാല്‍ എനിക്ക് പഠിക്കാന്‍ തീരെ താല്പര്യമുണ്ടായിരുന്നില്ല. പത്താം ക്ലാസ് ആണ് എന്നുള്ള അമിത ഭയവും എനിക്കുണ്ടായിരുന്നില്ല. അന്ന് ഇന്നത്തെപ്പോലെ ഗ്രേഡ് സമ്പ്രദായമായിരുന്നില്ല. റാങ്ക് ജേതാക്കളുടെ പടങ്ങള്‍ പത്രങ്ങളില്‍ വരികയും മന്ത്രിമാരും പരിവാരങ്ങളും അവരുടെ വീടുകള്‍ സന്ദര്‍ശിക്കുകയും മധുരം പങ്കുവെക്കുകയും ചെയ്യുന്നത് പത്രങ്ങളിലും ടി.വിയിലും കാണാമായിരുന്നു. പത്താം ക്ലാസ്സിന് അത്രയും പ്രാധാന്യം എല്ലാവരും കൊടുത്തിരുന്നു. അതുകൊണ്ടുതന്നെ ഞാന്‍ പഠിച്ചിരുന്ന ചേന്ദമംഗല്ലൂര്‍ ഹൈസ്‌കൂളിലും വിജയശതമാനം കൂട്ടാന്‍ വേണ്ടി മാര്‍ക്ക് കുറഞ്ഞ കുട്ടികളുടെ രക്ഷിതാക്കളെ വരുത്തിക്കുന്ന ഒരു നിലപാട് ഉണ്ടായിരുന്നു. പഠിക്കുക എന്ന ബാധ്യത മറികടക്കാന്‍ വേണ്ടി, ഞാന്‍ എന്റെ വാര്‍ഡന്റെ കണ്ണ് വെട്ടിച്ച് മെല്ലെ റീഡിങ് റൂമിലേക്ക് പോയി.
വാര്‍ഡന്‍ വളരെ കര്‍ക്കശ സ്വഭാവക്കാരിയായിരുന്നു. നിയമം ലംഘിച്ചാല്‍ നല്ല അടി കിട്ടുമെന്ന ഭയം എന്റെ ഉള്ളില്‍ അസ്വസ്ഥത ഉണ്ടാക്കിയെങ്കിലും റീഡിങ് റൂമിലെത്തിയപ്പോള്‍ ഞാന്‍ എല്ലാം മറന്നു. അന്ന് അവിടെ ഏതാണ്ട് എല്ലാ മലയാളം പത്രങ്ങളും വരുത്തിക്കുമായിരുന്നു. ഒരു പത്താം ക്ലാസ്സുകാരിയുടെ ലാഘവത്തോടെ ഞാന്‍ പത്രങ്ങളെല്ലാം വായിക്കാന്‍ തുടങ്ങി. കര്‍സേവകര്‍ പള്ളി തകര്‍ത്തതും ശിലാന്യാസം നടത്തിയതും ഇന്ത്യ ഉയര്‍ത്തിപ്പിടിച്ച മഹത്തായ മൂല്യങ്ങളുടെ തകര്‍ച്ചയും എല്ലാം. ജനാധിപത്യത്തിന്റെ താഴികക്കുടങ്ങളാണ് തകര്‍ത്തത് എന്നാണ് അന്ന് നമ്മുടെ പത്രങ്ങളെല്ലാം വിശേഷിപ്പിച്ചത്. പ്രധാന പത്രങ്ങളുടെയെല്ലാം ഒന്നാമത്തെ പേജ് കറുത്ത മഷി മാത്രമായിരുന്നു. സ്‌കൂള്‍ അവധി കഴിഞ്ഞ് ഉത്തര കടലാസ് ഓരോന്നായി കിട്ടിത്തുടങ്ങി. വളരെ കഷ്ടമായിരുന്നു എന്റെ കാര്യം. ചരിത്രവും ബയോളജിയും ജോഗ്രഫിയും ഒഴിച്ചു ബാക്കി എല്ലാ വിഷയത്തിലും ഞാന്‍ വളരെ മോശമായിരുന്നു. അതുകൊണ്ടുതന്നെ ഞാനും രക്ഷിതാക്കളെ വിളിപ്പിക്കുന്ന കൂട്ടത്തില്‍ പെട്ടു.
കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂറില്‍ നിന്ന് കോഴിക്കോട് ജില്ലയിലെ ചേന്ദമംഗല്ലൂരില്‍ എത്തിപ്പെടുക അക്കാലത്ത് ഏറെ ക്ലേശകരമായിരുന്നു. അവധി കഴിഞ്ഞ് എന്നെ ഹോസ്റ്റലില്‍ തിരിച്ചാക്കി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞതേയുള്ളൂ. ഉപ്പ പ്രവാസി ആയതിനാല്‍ കാര്യങ്ങള്‍ നോക്കുന്നത് ഉമ്മയാണ്. വിവരങ്ങള്‍ പറഞ്ഞാല്‍ ആളെ പറഞ്ഞയക്കാന്‍ ഉമ്മ നന്നായി പ്രയാസപ്പെടും എന്ന് ബോധ്യം ഉള്ളതിനാല്‍ ഉമ്മയെ ബുദ്ധിമുട്ടിക്കാന്‍ തോന്നിയില്ല. സ്‌കൂള്‍ അധികൃതര്‍ പറഞ്ഞ അവധി കഴിഞ്ഞിട്ടും രക്ഷിതാവിനെ കൊണ്ടുപോയില്ലെങ്കില്‍ എന്നെ ക്ലാസ്സില്‍ നിന്ന് പുറത്താക്കും. ആ അപമാനം എനിക്ക് ആലോചിക്കാന്‍ പോലും പറ്റുന്നില്ല. ഞാന്‍ ആകെ അസ്വസ്ഥയായി. എന്റെ മുന്നില്‍ ഒറ്റ വഴിയേ ഉണ്ടായിരുന്നുള്ളൂ, പള്ളിയില്‍ പോയിരുന്നു ആത്മാര്‍ഥമായി പ്രാര്‍ഥിക്കുക. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന് പറയാറില്ലേ, അതേപോലെ. അപ്പോഴാണ് കൂട്ടുകാരി മുബീന എന്റെ രക്ഷയ്ക്ക് വരുന്നത്. സങ്കടങ്ങളില്‍ ഞാന്‍ ഇടറുന്നത് കണ്ട് അവള്‍ക്ക് എന്നോട് വല്ലാത്ത സഹാനുഭൂതി തോന്നി. അവള്‍ എല്ലാറ്റിനും കൂടെ നിന്നുകൊണ്ട് ഒരു നിര്‍ദേശം വെച്ചു. അത് എനിക്കും സ്വീകാര്യമായി. ഞങ്ങളുടെ വനിതാ ഹോസ്റ്റലില്‍ അനുവാദം കൂടാതെ കടന്നുവരാന്‍ അവകാശമുള്ള ഒരേ ഒരു പുരുഷപ്രതിനിധിയെ ഉണ്ടായിരുന്നുള്ളൂ. അത് ഞങ്ങളുടെ അഹ്‌മദ് ഉസ്താദ് ആയിരുന്നു. അങ്ങനെ പിറ്റേന്ന് സ്‌കൂളില്‍ പോകുന്നതിന് തൊട്ടുമുമ്പ് അഹ്‌മദ് ഉസ്താദിനെ ചെന്നു കണ്ട് കാര്യങ്ങള്‍ പറഞ്ഞു. എന്നെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചുകൊണ്ട് അഹ്‌മദ് ഉസ്താദ് പറഞ്ഞു, കുട്ടി സ്‌കൂളിലേക്ക് പോയിക്കൊള്ളൂ ഉസ്താദ് വരാം. ആ ഒരൊറ്റ വാക്ക് എന്നില്‍ വരുത്തിയ ശാന്തത, ഞാന്‍ അനുഭവിച്ച മനസ്സമാധാനം, എന്റെ കണ്ണ് ഒന്ന് നിറഞ്ഞുവോ? എന്റെ കാഴ്ചയ്ക്ക് ഒന്നുകൂടി തെളിച്ചം അനുഭവപ്പെട്ടുവോ? സത്യമായിട്ടും അന്ന് ഞാന്‍ വിചാരിച്ചത് അഹ്‌മദ് ഉസ്താദ് എന്നെ സമാധാനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതായിരിക്കും എന്നായിരുന്നു. പക്ഷേ അതല്ല, സത്യസന്ധമായിരുന്നു ആ വാക്കുകള്‍. പ്രായത്തെ പോലും വകവെക്കാതെ കുത്തനെയുള്ള കുന്നു കയറി എന്റെ സ്‌കൂളില്‍ എന്റെ ഉപ്പയുടെ സ്ഥാനത്ത് എനിക്ക് വേണ്ടി സംസാരിക്കാന്‍ വന്ന ഉസ്താദിന്റെ തെളിമയാര്‍ന്ന മുഖം 21 വര്‍ഷങ്ങള്‍ക്കിപ്പുറവും മായാത്ത മുഖമായി എന്റെ ഉള്ളില്‍ കിടക്കുന്നു. സ്റ്റാഫ് റൂമില്‍ വെച്ച് എന്റെ ക്ലാസ് ടീച്ചര്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഒരു രക്ഷിതാവിനെപ്പോലെ എല്ലാം നിശ്ശബ്ദമായി കേള്‍ക്കുന്ന അഹ്‌മദ് ഉസ്താദിനെ മാത്രമേ ഞാന്‍ ശ്രദ്ധിച്ചുള്ളൂ.
ഏതാനും ദിവസങ്ങള്‍ നീണ്ടുനിന്ന ഒരു കൊടുങ്കാറ്റ് പതിയെ പിന്‍വാങ്ങിയ പ്രതീതിയായിരുന്നു ഞാന്‍ അനുഭവിച്ചത്. എന്നെ സ്‌കൂളിലോ മദ്റസയിലോ ഒരക്ഷരം പോലും പഠിപ്പിച്ചിട്ടില്ലാത്ത എന്റെ അഹ്‌മദ് ഉസ്താദില്‍ നിന്ന് ഞാന്‍ എന്തൊക്കെയോ പഠിച്ചെടുത്തു. സ്‌നേഹത്തിന്റെ, കരുണയുടെ, ചേര്‍ത്തുനിര്‍ത്തലിന്റെ അതിമനോഹരമായ പാഠങ്ങള്‍. അതുകൊണ്ടായിരിക്കാം അദ്ദേഹം മരണപ്പെട്ടിട്ട് എത്രയോ വര്‍ഷങ്ങള്‍ക്കുശേഷവും എന്റെ പാതിരാ പ്രാര്‍ഥനകളില്‍ ഇടയ്ക്കിടെ മായാത്ത മുഖമായി ഉസ്താദ് കടന്നുവരുന്നത്. രോഗശയ്യയില്‍ ആണെന്ന് അറിഞ്ഞിട്ടും മരണവാര്‍ത്ത അറിഞ്ഞിട്ടും ഞാന്‍ കാണാന്‍ പോയില്ല. എന്റെ ഉള്ളിലുള്ള ആ വജ്ര തിളക്കം നിറപുഞ്ചിരിയോടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. എനിക്ക് അത് മതി. പിന്നീട് ജീവിതയാത്രയില്‍ എത്രയെത്ര യാതനകളുടെ കാതങ്ങള്‍ താണ്ടുമ്പോഴും അന്ന് ചേര്‍ത്തുപിടിച്ച തിളക്കമാര്‍ന്ന സ്വഭാവത്തെ ഞാന്‍ ഓര്‍ക്കും. ഭൂമിയില്‍ നന്മകള്‍ ബാക്കിവെച്ച് പോയവരെ അത്ര പെട്ടെന്ന് ഒന്നും മറക്കാന്‍ പറ്റില്ല. ജൈനമതത്തില്‍ ഒരു വിശ്വാസമുണ്ട്, ഏതൊരാള്‍ക്കും ഒരാള്‍ ഉണ്ട് അത് ജീവിതത്തില്‍ എപ്പോഴെങ്കിലും നമുക്ക് അനുഭവിക്കാന്‍ പറ്റുമത്രേ.