ഗസ്സയിലെ ഉമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കരച്ചില്‍ കേട്ട കാമ്പസ് ചലനങ്ങള്‍
'ഫലസ്തീന്‍ കീ... ആസാദി.''
രംഗം ന്യൂയോര്‍ക്കില്‍ കൊളംബിയ യൂനിവേഴ്‌സിറ്റിയിലെ പ്രശസ്തമായ ലോ മെമോറിയല്‍ ലൈബ്രറിയുടെ മുറ്റം. സമയം രാത്രി. ഒരു കൂട്ടം വിദ്യാര്‍ഥികള്‍ കൂട്ടം ചേര്‍ന്ന് മുദ്രാവാക്യം വിളിക്കുന്നു.
നേതാവായ വിദ്യാര്‍ഥിനി വിളിച്ചു പറയുന്നതിനോട് ബാക്കിയെല്ലാവരും 'ആസാദി' എന്ന് പ്രതികരിക്കുന്നു.
അരെ ഹം ക്യാ ചാഹ്‌തേ? (നമുക്ക് വേണ്ടത്?)
- ആസാദി (സ്വാതന്ത്ര്യം)
ഫലസ്തീന്‍ കീ... (ഫലസ്തീന്റെ)
- ആസാദി.
അരെ ഛീന്‍ കെ ലേംഗേ... (പിടിച്ചുവാങ്ങും)
- ആസാദി.
ഹേ ഹഖ് ഹമാരാ... (നമ്മുടെ അവകാശമാണ്)
- ആസാദി.
കൊളംബിയയിലെ വിദ്യാര്‍ഥി പ്രക്ഷോഭം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ അവിടത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിനികളാണ് ഈ ഹിന്ദി മുദ്രാവാക്യങ്ങളുയര്‍ത്തി ഇന്റര്‍നെറ്റിനെ ആവേശിച്ചത്.
'സ്‌നേഹത്തോടെ പറയൂ- ആസാദി. പതുക്കെ പറയൂ- ആസാദി. ഉറക്കെ പറയൂ -ആസാദി. നെതന്യാഹു കേള്‍ക്കട്ടെ -ആസാദി. ബൈഡന്‍ കേള്‍ക്കട്ടെ -ആസാദി. മോദി കേള്‍ക്കട്ടെ -ആസാദി...' ഇങ്ങനെ പോയി മുദ്രാവാക്യങ്ങള്‍.
ഈ രംഗത്തിന്റെ വീഡിയോ 'എക്‌സി'ല്‍ പോസ്റ്റ് ചെയ്ത ഇസ്രായേല്‍ അനുകൂല വിദ്യാര്‍ഥി നേതാവ്, അക്രമത്തിന് ആഹ്വാനം ചെയ്യുന്ന സെമിറ്റിക് വിരുദ്ധ മുദ്രാവാക്യങ്ങളാണത് എന്ന് ആരോപിച്ചു. ഇത് ഏറ്റു പിടിച്ച് രാഷ്ട്രീയ നേതാക്കളടക്കം 'കാമ്പസ് അക്രമ'ത്തെ വിമര്‍ശിക്കാനിറങ്ങിയപ്പോള്‍ ആരോ ആ ഹിന്ദി മുദ്രാവാക്യങ്ങളുടെ പരിഭാഷ പോസ്റ്റ് ചെയ്തു. ഒച്ചപ്പാട് അടങ്ങി.
ഏപ്രില്‍ 17-ന് പുലര്‍ച്ചെ നാലു മണിക്കാണ് കൊളംബിയയില്‍ വിദ്യാര്‍ഥികള്‍ യൂനിവേഴ്‌സിറ്റി വളപ്പില്‍ തമ്പടിച്ച് സമരം (എൻകാംപ്മെന്റ് ) തുടങ്ങിയത്. പിറ്റേന്ന് വൈകുന്നേരത്തോടെ കൊളംബിയയിലെ 108 വിദ്യാര്‍ഥികള്‍ അറസ്റ്റിലായി. പലരെയും അധികൃതര്‍ പിന്നീട് സസ്‌പെന്‍ഡ് ചെയ്തു. (അക്കൂട്ടത്തില്‍ അമേരിക്കന്‍ കോണ്‍ഗ്രസംഗമായ ഇല്‍ഹാന്‍ ഉമറിന്റെ മകള്‍ ഇസ്ര ഹിര്‍സിയുമുണ്ട്).
പിന്നെ കണ്ടത് പ്രക്ഷോഭം വ്യാപിക്കുന്നതാണ്; ശക്തിപ്പെടുന്നതും. കൊളംബിയയിലെ പ്രഫസര്‍മാര്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തി. സമരം ഹാര്‍വാഡിലേക്ക് പടര്‍ന്നു. അവിടെനിന്ന് മറ്റു കാമ്പസുകളിലേക്കും, മറ്റു രാജ്യങ്ങളിലെ കാമ്പസുകളിലേക്കും.
ആ ഹിന്ദി മുദ്രാവാക്യങ്ങളോടുള്ള പ്രതികരണം ഇസ്രായേല്‍ പക്ഷ നിലപാടുകളുടെ ആകത്തുകയാണ്: 'സെമിറ്റിക് വിരുദ്ധ'മെന്ന് ആക്ഷേപിക്കുക, വിദ്യാലയങ്ങളില്‍ അക്രമം നടത്തുന്നു എന്ന് വിമര്‍ശിക്കുക, അസാധാരണമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കുക...
അമേരിക്കയിലെ (മറ്റിടങ്ങളിലെയും) വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ യുവതലമുറ എങ്ങനെ മുതിര്‍ന്നവരുടെ അനീതി തിരിച്ചറിയുകയും പ്രതികരിക്കുകയും ചെയ്യുന്നു എന്ന് കാണിക്കുന്നു. ഗസ്സയില്‍ ഇസ്രായേലിന്റെ വംശഹത്യ ലോകം നിസ്സംഗതയോടെ കണ്ടുനില്‍ക്കുകയായിരുന്നു.
ഗസ്സയിലെ ഉമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കരച്ചില്‍ കേട്ടത് കാമ്പസുകളാണ്. 40,000 പേരെ ഇസ്രായേല്‍ കൊന്നപ്പോഴും നിസ്സഹായത ഭാവിച്ചുനിന്ന ലോക മനസ്സാക്ഷിക്കു മുമ്പാകെ വിദ്യാര്‍ഥികള്‍ ചെറിയ, എന്നാല്‍ മൂര്‍ച്ചയുള്ള ഒരു ആവശ്യം വെച്ചു: കൊലയാളി രാഷ്ട്രത്തെ ബഹിഷ്‌കരിക്കുക.
ലോക നിയമങ്ങളും യുദ്ധനിയമങ്ങളുമെല്ലാം ലംഘിച്ച് വംശഹത്യ നടത്താന്‍ നെതന്യാഹുവിനും കൂട്ടര്‍ക്കും കഴിയുന്നത് ആഗോള സംവിധാനങ്ങളെയും രാഷ്ട്രീയ നേതൃത്വങ്ങളെയും ഇസ്രായേല്‍ മുമ്പേ നിര്‍വീര്യമാക്കിയതിനാലാണ്. അമേരിക്കയില്‍ ഭരണ-പ്രതിപക്ഷ നേതാക്കളില്‍ മഹാഭൂരിപക്ഷത്തിനും ഇസ്രായേലി ലോബി (American Israel Public Affairs Committee തന്നെ മുഖ്യം) യുടെ രാഷ്ട്രീയ സംഭാവനകള്‍ വന്‍തോതില്‍ കിട്ടിപ്പോരുന്നുണ്ട്.
ഇതിനു പുറമെ മുഖ്യധാരാ മാധ്യമങ്ങള്‍ വഴി ഇസ്രായേല്‍ തങ്ങളുടെ അന്യായവാദങ്ങള്‍ ലോകമെങ്ങും പ്രചരിപ്പിക്കുന്നു.
പക്ഷേ, ഫലസ്തീന്‍ അതെല്ലാം തകര്‍ത്തു. ലോക ചരിത്രത്തിലെ ആദ്യത്തെ 'ലൈവ് വംശഹത്യ'യായി ഗസ്സ സാധാരണക്കാരുടെ മനസ്സ് തൊട്ടു.
ഈയിടെ നടത്തിയ ഒരു ഗാലപ് പോളില്‍ കണ്ടത്, അമേരിക്കയില്‍ 64-ഉം അതിലേറെയും പ്രായമുള്ളവര്‍ ഏറെയും ഇസ്രായേലി പക്ഷത്ത് നിലകൊള്ളുമ്പോള്‍ 40-ല്‍ കുറഞ്ഞവര്‍ ഇസ്രയേല്‍ വംശഹത്യ നടത്തുന്നവരാണെന്ന് തുറന്നടിക്കുന്നതാണ്.
ഈ വംശഹത്യക്ക് പരോക്ഷമായെങ്കിലും (ചിലപ്പോള്‍ പ്രത്യക്ഷമായിത്തന്നെ) യൂനിവേഴ്‌സിറ്റികളും കോളേജുകളും കൂട്ടുനില്‍ക്കുന്നു എന്നത് വിദ്യാര്‍ഥകളില്‍ രോഷമുയര്‍ത്തി.
യുവാക്കളുടെ കലഹം മനുഷ്യത്വത്തെ ഉണര്‍ത്തി
അധികൃതരോ മുഖ്യധാരാ മാധ്യമങ്ങളോ നല്‍കുന്ന വിവരം അതേപടി സ്വീകരിക്കാന്‍ വിദ്യാര്‍ഥികള്‍ തയാറല്ലായിരുന്നു. ഫലസ്തീനില്‍ -പ്രത്യേകിച്ച് ഗസ്സയില്‍- നടക്കുന്നതു കണ്ട് മുറിവേറ്റ മനസ്സുകള്‍ 'സെമിറ്റിക് വിരുദ്ധത', 'ഹമാസ് ഭീകരത' തുടങ്ങിയ കള്ളവാദങ്ങള്‍ പരിഗണിച്ചതേ ഇല്ല. നേര്‍ക്കു നേരെ കുരുതി കണ്ടിട്ടും ഒന്നും ചെയ്യാതിരിക്കുന്ന ലോക മനസ്സാക്ഷിയല്ല അവരുടേത്. അവര്‍ പ്രതികരിക്കാനിറങ്ങി.
ഇസ്രായേലിനെ എതിര്‍ക്കണം. ബഹിഷ്‌കരിക്കണം. തങ്ങള്‍ പഠിക്കുന്ന സര്‍വകലാശാലയും ഇസ്രായേലി ആശ്രിതത്വം ഉപേക്ഷിക്കണം.
കൊളംബിയയില്‍ തുടങ്ങിയ സമരം രണ്ടാഴ്ച ആയപ്പോഴേക്കും 16 യൂനിവേഴ്‌സിറ്റികളിലേക്ക് പടര്‍ന്നു; അടുത്ത ആഴ്ച 47 യൂനിവേഴ്‌സിറ്റികളിലേക്ക്; പിന്നെ മറ്റു രാജ്യങ്ങളിലടക്കം 120-ലേറെ കാമ്പസുകളിലേക്ക്.
കാമ്പസുകളിലേക്ക് പോലീസിനെ വിളിച്ചു വരുത്തുക എന്ന അസാധാരണ നടപടിയാണ് പല സര്‍വകലാശാലാ അധികാരികളും എടുത്തത്.
പക്ഷേ, പ്രക്ഷോഭ രംഗത്തുള്ള വിദ്യാര്‍ഥികള്‍ മുതിര്‍ന്നവരെക്കാള്‍ പക്വത കാട്ടി. പ്രക്ഷോഭങ്ങള്‍ സമാധാനപരമാണെന്ന് ഉറപ്പുവരുത്തി. ഫലസ്ത്വീന്റെ പേരില്‍ അമേരിക്കന്‍ കാമ്പസുകളില്‍ ഏപ്രില്‍ 18 മുതല്‍ മെയ് 3 വരെ നടന്ന 553 വിദ്യാര്‍ഥി പ്രകടനങ്ങള്‍ 'ആക്്‌ലഡ്' (Armed Conflict Location and Event Data Project) സൂക്ഷ്മമായി പഠിച്ചു. എന്തെങ്കിലും അതിക്രമമോ കേടുവരുത്തലോ ഉണ്ടായ സംഭവങ്ങള്‍ 20-ല്‍ കുറവായിരുന്നു. അതേസമയം പോലീസിന്റെ ഭാഗത്തുനിന്നുള്ള ബലപ്രയോഗവും ലാത്തി-രാസ ദ്രാവക പ്രയോഗവും 70-ലധികം ഇടങ്ങളില്‍ ഉണ്ടായി. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് അക്രമം നടന്ന ചുരുക്കം ഇടങ്ങളില്‍ പകുതിയെങ്കിലും പോലീസിന്റെ ചെയ്തികളോടുള്ള സ്വാഭാവിക പ്രതികരണമായിരുന്നു എന്നും കണ്ടെത്തി.
വിയറ്റ്‌നാം യുദ്ധത്തില്‍നിന്ന് അമേരിക്ക പിന്മാറാന്‍ ഒരു കാരണം കാമ്പസ് സമരങ്ങളായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിക്കെതിരെ ലോകം ഒന്നിച്ചു തിരിഞ്ഞതും കാമ്പസുകള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു. ഇന്ന് ഫലസ്തീനുവേണ്ടി, ഇസ്രായേലിനെതിരെ, സമരങ്ങള്‍ കൊണ്ട് അനേകം ഭരണ കൂടങ്ങളെ അസ്വസ്ഥമാക്കുന്നതും കാമ്പസുകളാണ്.
അമേരിക്കയില്‍, ആസ്‌ത്രേലിയയില്‍, കാനഡയില്‍, ഫ്രാന്‍സില്‍, ലബനാനില്‍, മെക്‌സിക്കോയില്‍, ജപ്പാനില്‍, ബ്രിട്ടനില്‍... അനേകം രാജ്യങ്ങളില്‍ വിദ്യാര്‍ഥികള്‍ ഫലസ്തീന്‍ ആയി മാറുകയാണ്. വംശഹത്യയുടെ ചോരപുരണ്ട പണം വേണ്ട എന്നാണ് വിദ്യാര്‍ഥികള്‍ (വലിയ അളവില്‍ വിദ്യാര്‍ഥിനികള്‍) അധികൃതരോട് ആവശ്യപ്പെടുന്നത്.
ഇസ്രായേലി കമ്പനിയുടെ (ആയുധ നിര്‍മാണ കമ്പനികള്‍ അടക്കം) ഓഹരികള്‍ വരുമാനത്തിനായി വാങ്ങിക്കൂട്ടിയും ഇസ്രായേലി ധനസഹായം സ്വീകരിച്ചും ഇസ്രായേലിലെ സ്വകാര്യ കമ്പനികളില്‍ നിക്ഷേപിച്ചും, ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളില്‍ നിക്ഷേപിച്ചുമൊക്കെ വംശഹത്യയില്‍ പങ്കാളികളാകുന്നത് യൂനിവേഴ്‌സിറ്റികള്‍ നിര്‍ത്തണമെന്നാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.
റജബ് ഹിന്ദിനൊരു ഹാള്‍; മാക്ക്ള്‍ മോറിന്റെ റാപ്പ്
ഏപ്രില്‍ 17-ന് പുലര്‍ച്ചെ കൊളംബിയ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ ഉയര്‍ത്തിയ മുഖ്യ മുദ്രാവാക്യം, ഗസ്സ വംശഹത്യ വഴി ലാഭം കൊയ്യുന്ന കമ്പനികളെ ഒഴിവാക്കണം എന്നതായിരുന്നു. പുറത്താക്കുമെന്ന ഭീഷണിക്കു മുന്നിലും അവര്‍ വഴങ്ങിയില്ല. ''നിങ്ങള്‍ ഞങ്ങളെ ഭീകരരെന്ന് വിളിക്കുന്നു. അക്രമികളെന്ന് വിളിക്കുന്നു. പക്ഷേ, ഞങ്ങള്‍ക്ക് ആകെയുള്ള ആയുധം ഞങ്ങളുടെ ശബ്ദമാണ്. അത് ഞങ്ങള്‍ ഉയര്‍ത്തും'' - അവര്‍ പറഞ്ഞു.
കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ സമരക്കാര്‍ക്കുനേരെ ഇസ്രായേലി പക്ഷക്കാര്‍ മുഖംമൂടി ആക്രമണം നടത്തി. അനങ്ങാതിരുന്ന പോലീസ് പിന്നീട് സ്ഥലത്തെത്തി തമ്പുകള്‍ നീക്കം ചെയ്തു. പക്ഷേ, വിദ്യാര്‍ഥികള്‍ സമരരംഗത്ത് ഉറച്ചുനിന്നു. പുതിയ സ്ഥലങ്ങളില്‍ തമ്പ് സ്ഥാപിച്ചും പല കാമ്പസുകളിലും ഇതുതന്നെ അവസ്ഥ.
ഹൃദയമില്ലാത്ത ലോകത്തിന്റെ മനസ്സ് തൊടാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചു. കൊളംബിയ സര്‍വകലാശാലയിലെ 'ഹാമില്‍ട്ടന്‍ ഹാളി'ന്റെ പേര് അവര്‍ പ്രതീകാത്മകമായി മാറ്റി. പുതിയ പേര് 'ഹിന്ദ്‌സ് ഹാള്‍.'
ഹിന്ദിന്റെ ഹാള്‍. റജബ് ഹിന്ദിനെ ഓര്‍മയില്ലേ? ഗസ്സയില്‍ ഇസ്രായേലി സൈന്യം കൊന്നുകളഞ്ഞ ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കൊപ്പം കുടുങ്ങിപ്പോയ ശേഷം വീട്ടിലേക്ക് രക്ഷിക്കണേ എന്നു വിളിച്ചു കരഞ്ഞ ആറുവയസ്സുകാരി. ഇസ്രായേല്‍ അവളെയും കൊന്നു. അവളെപ്പോലെ ആയിരക്കണക്കിന് കുട്ടികളെയും. പ്രധാന ഹാളിന് അവളുടെ പേരിട്ടുകൊണ്ട് വിദ്യാര്‍ഥികള്‍ പറഞ്ഞത്, തങ്ങള്‍ ഈ ഹാളിനെ പ്രതീകാത്മകമായി സയണിസ്റ്റ് പിടിയില്‍നിന്ന് മോചിപ്പിക്കുന്നു എന്നാണ്. കൊളംബിയ യൂനിവേഴ്‌സിറ്റിയുടെ ഫണ്ട് വംശഹത്യക്ക് പോകുന്നുണ്ട്; അത് നിര്‍ത്തണം- അവര്‍ ആവശ്യപ്പെട്ടു.
'ഹിന്ദ്‌സ് ഹാള്‍' എന്ന പേര് വളരെ വേഗം ലോകം ഏറ്റെടുത്തു. മറുപുറത്ത് ഇസ്രായേല്‍ പക്ഷം ആഗോളതലത്തില്‍ ഇതെല്ലാമുണ്ടാക്കുന്ന തരംഗങ്ങള്‍ അന്ധാളിപ്പോടെ കണ്ടു. വിദ്യാര്‍ഥികള്‍ ഹിന്ദ് റജബിനെ ആദരിച്ചതിനെ പരസ്യമായി പിന്തുണച്ച് അമേരിക്കന്‍ റാപ്പ് ഗായകന്‍ മാക്ക്ള്‍ മോര്‍ ഇസ്രായേലിനെതിരെ പുതിയ ഗാനമിറക്കി. ഒരു കോടിയോളം ഫോളോവര്‍മാരുണ്ട് യൂ ട്യൂബില്‍ മാത്രം മാക്ക്ള്‍ മോറിന്. ഈ ഒരു ഗാന വീഡിയോ മണിക്കൂറുകള്‍ കൊണ്ട് ലക്ഷങ്ങള്‍ കണ്ടു. ഇതില്‍ നിന്നുള്ള വരുമാനം മുഴുവന്‍ ഫലസ്തീനു വേണ്ടിയുള്ള യു.എന്‍ ഫണ്ടിന് (അണ്‍റവ) നല്‍കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
'ബൈഡന്‍, തന്റെ കൈയില്‍ കുട്ടികളുടെ ചോരയുണ്ട്' തുടങ്ങി രൂക്ഷമായ ആക്ഷേപവാക്കുകളുള്ള ഗാനത്തിന്മേല്‍ യൂ ട്യൂബ് കൈവെച്ചു. അതിന് പ്രായ നിയന്ത്രണം ഏര്‍പ്പെടുത്തി. എന്നിട്ടും മാക്ക്ള്‍ മോറിന്റെ ഗാനവീഡിയോ അതിവേഗം പ്രചരിച്ചു. ഫലസ്തീനു വേണ്ടി കൂടുതല്‍ ധനസമാഹരണത്തിന് അദ്ദേഹം വിവിധ സ്റ്റേജുകളില്‍ ലൈവ് പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍നിന്ന് ഉയിരെടുത്ത അനേകം അനുബന്ധ സമരങ്ങളുടെ ഒരു ഉദാഹരണമാണിത്.
വിദ്യാര്‍ഥികളുടെ ഉറച്ച നിലപാടും നീതിബോധവും കാര്യവിവരവും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയിട്ടുണ്ട്. 'ടൈം' വാരികയുടെ മെയ് 27-ലെ ലക്കത്തിന്റെ കവര്‍ ഫലസ്തീനു വേണ്ടി യു.എസ് കാമ്പസില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥിനികളാണ്.
കാര്യങ്ങളറിയാതെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയതെന്ന പ്രചാരണം അതിവേഗം പൊളിഞ്ഞത്, മാധ്യമങ്ങള്‍ക്ക് വിദ്യാര്‍ഥികള്‍ നല്‍കിയ അഭിമുഖങ്ങളിലൂടെയാണ്. അധികൃതരുടെ കാര്‍ക്കശ്യമോ ഭീഷണിയോ ഒന്നും അവരോട് വിലപ്പോയില്ല.
സതേണ്‍ കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയിലെ അസ്‌ന തബസ്സും ഈ വര്‍ഷത്തെ ബിരുദ സ്വീകരണത്തിന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍, ബിരുദദാന ചടങ്ങിലെ ആ പ്രധാന പ്രസംഗം അധികൃതര്‍ പെട്ടെന്ന് ഒഴിവാക്കി. ഇസ്രായേലിനെ വിമര്‍ശിച്ചുകൊണ്ട് അവള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇട്ടിരുന്നു. ഇത് പ്രകോപനമുണ്ടാക്കിയതിനാല്‍ 'സുരക്ഷാ കാരണങ്ങള്‍' മൂലം അവളുടെ പ്രസംഗം റദ്ദാക്കുന്നു എന്നാണ് യൂനിവേഴ്‌സിറ്റി അറിയിച്ചത്. എന്നാല്‍, മെയ് 10-ന് ചടങ്ങില്‍ അസ്‌നയെ ബിരുദം സ്വീകരിക്കാന്‍ വിളിച്ചപ്പോള്‍ ഹാള്‍ എഴുന്നേറ്റു നിന്ന് കൈയടിച്ചു. അവളെ പരിചയപ്പെടുത്തിയ പ്രഫസര്‍ അറിയിച്ചു: 'ബി.എസ്.സി ബിരുദം നേടിയിരിക്കുന്നു അസ്‌ന. വിഷയം ബയോമെഡിക്കല്‍ എന്‍ജിനീയറിംഗ്, മോളിക്യുലാർ-സെല്ലുലര്‍ എന്‍ജിനീയറിംഗ്, പിന്നെ ഉപവിഷയമായി വംശഹത്യക്കെതിരായ പ്രതിരോധം.' ഹാള്‍ കൈയടികൊണ്ട് പ്രകമ്പനം കൊണ്ടു. 'ന്യൂയോര്‍ക് ടൈംസ്' പിന്നീട് റിപ്പോര്‍ട്ട് ചെയ്തു:
'ആരുമറിയാത്ത സാധാരണ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിനിയായിരുന്നു അസ്‌ന തബസ്സും. വെറും ആഴ്ചകള്‍ കൊണ്ട് അവള്‍ ഫലസ്തീനു വേണ്ടി ശബ്ദിക്കുന്നവരുടെ, അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ, പ്രതീകമായി.'
അറിയപ്പെടാത്ത അനേകം പേരെ ഫലസ്തീന്‍ ചങ്കൂറ്റത്തിന്റെയും ദൃഢതയുടെയും ചെറുത്തുനില്‍പിന്റെയും ധീരപ്രതീകങ്ങളാക്കി ഉയര്‍ത്തി. കാമ്പസുകള്‍ തോറും മനുഷ്യത്വത്തിന്റെ ശബ്ദം അവരിലൂടെ ഉയരുന്നു.
യുവതലമുറയുടെ തിരിച്ചറിവും മുതിര്‍ന്നവരുടെ മുന്‍വിധിയും തമ്മില്‍ ഏറ്റുമുട്ടുന്ന ഇടം കൂടിയാണ് കാമ്പസുകള്‍ ഇന്ന്. ഡ്യൂക്ക് യൂനിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങിലെ മുഖ്യ പ്രസംഗനായി ജെറി ബൈന്‍ഫെല്‍ഡ് എന്ന ഹാസ്യ കലാകാരനെ വിളിച്ച ഉടനെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ഫലസ്തീന്‍ പതാക വീശി മുദ്രാവാക്യമുയര്‍ത്തി ഇറങ്ങിപ്പോയി. കടുത്ത ഇസ്രായേലി പക്ഷക്കാരനാണ് 70-കാരന്‍ ജെറി. അദ്ദേഹം പ്രസംഗം തുടങ്ങുമ്പോള്‍ ഇറങ്ങിപ്പോകുന്ന വിദ്യാര്‍ഥികള്‍ വിൡച്ചുപറഞ്ഞു: 'ഞങ്ങളടങ്ങില്ല, ഞങ്ങള്‍ നിര്‍ത്തില്ല, ഇസ്രായേലി ബന്ധം ഉപേക്ഷിക്കും വരെ.'
ബിരുദ പ്രസംഗങ്ങളിലും ഫലസ്തീന്‍
ടൊളിഡോ യൂനിവേഴ്‌സിറ്റിയില്‍ ബിരുദം സ്വീകരിച്ചുകൊണ്ട് ഗ്രാജ്വേറ്റ് അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ മഹ സൈദാന്‍ എന്ന ഫലസ്ത്വീന്‍ വിദ്യാര്‍ഥിനി ചെയ്ത പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചു. അവള്‍ പറഞ്ഞു:
'അസ്സലാമു അലൈക്കും! അര്‍ഥം, നിങ്ങള്‍ക്കെല്ലാം സമാധാനം എന്ന്. ഫലസ്തീനിലെ മനോഹരമായ ഒരു ഗ്രാമത്തില്‍ ജനിച്ചവളാണ് ഞാന്‍... ക്ഷമിക്കണം, ഇതൊരു പതിവ് ബിരുദ പ്രസംഗമല്ല. 15,000 കുട്ടികള്‍ ലൈവായി കുരുതി ചെയ്യപ്പെടുന്നതും പതിവല്ലല്ലോ...'
അമേരിക്കക്കാര്‍ അത്യാവശ്യങ്ങള്‍ക്ക് പണമില്ലാതെ കഷ്ടപ്പെടുമ്പോള്‍ ഇസ്രായേലിന് വാരിക്കോരി കൊടുക്കുന്ന ഭരണകൂടത്തെ മഹ വിമര്‍ശിച്ചു. 'ചീത്ത വിജയിക്കുന്നത് നല്ല ആളുകള്‍ മിണ്ടാതിരിക്കുമ്പോഴാണ്' - മഹ പറഞ്ഞു. 'മാറ്റം നമ്മളില്‍ തുടങ്ങട്ടെ... ഒരുമയോടെ സലാമിനു വേണ്ടി ശ്രമിക്കാം. പറഞ്ഞല്ലോ, സലാം എന്നാല്‍ സമാധാനം.'
എന്നാല്‍, ചടങ്ങില്‍ അധ്യക്ഷനായിരുന്ന പ്രായം ചെന്ന യൂനിവേഴ്‌സിറ്റി പ്രതിനിധി ഈ പ്രസംഗത്തോട് അകലം പാലിച്ചു: 'ഇവിടെ പറയുന്നത് അവരവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.'
ഇസ്രായേലിനൊപ്പം നിലകൊള്ളാനാണ് ബൈബിള്‍ ഉദ്‌ബോധിപ്പിക്കുന്നത് എന്ന് പരസ്യമായി പറഞ്ഞയാളാണ് യു.എസ് സ്പീക്കര്‍ മൈക് ജോണ്‍സണ്‍. കൊളംബിയയില്‍ പ്രക്ഷോഭം ഒരു ദിവസം പിന്നിട്ടപ്പോള്‍ അദ്ദേഹം യൂനിവേഴ്‌സിറ്റി പ്രസിഡന്റിനെ ഭീഷണിപ്പെടുത്തി - നടപടി എടുത്തില്ലെങ്കില്‍ വിവരമറിയുമെന്ന്. അന്ന് വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ കൂവിവിളിച്ചു. പിന്നീട് ചില വിദ്യാര്‍ഥി നേതാക്കളെ യൂനിവേഴ്‌സിറ്റി സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ അവര്‍ തിരിച്ചു പറഞ്ഞു: നീതി ചോദിക്കുന്നവരെ പുറത്താക്കുന്ന നിങ്ങള്‍ ഓര്‍ക്കുക, യൂനിവേഴ്‌സിറ്റിയുടെ ട്രസ്റ്റീസ് ബോര്‍ഡില്‍ ഇപ്പോഴും ലോക്ക് ഹീഡ് മാര്‍ട്ടിന്‍ കമ്പനിയുണ്ട്- ഇസ്രായേലിന്റെ കുരുതിക്ക് വേണ്ടതൊക്കെ നല്‍കുന്ന ആയുധനിര്‍മാണക്കമ്പനി.
പഠനം മുടക്കി ഭാവി നശിപ്പിക്കരുതെന്ന് ഉപദേശിച്ച അധികാരികളോട് വിദ്യാര്‍ഥികള്‍ തിരിച്ചു ചോദിച്ചു: ഗസ്സയിലെ സകല യൂനിവേഴ്‌സിറ്റിയും സ്‌കൂളും ഒന്നൊഴിയാതെ തകര്‍ത്തിരിക്കുന്നു. അവിടത്തെ വിദ്യാര്‍ഥികളുടെ ഭാവിയോ?
അധികാരികള്‍ മാത്രമല്ല പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നോക്കുന്നത്. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റിയില്‍ ഇസ്രായേലി പക്ഷക്കാര്‍ സമരക്കാരെ മര്‍ദിച്ചു. യൂസുഫ് എന്ന വിദ്യാര്‍ഥിക്ക് മുള്ളുള്ള പലക കൊണ്ട് തലക്ക് അടിയേറ്റു. സയണിസ്റ്റ് അക്രമികളെ നേരിടാനെത്തിയ പോലീസ് സമരക്കാര്‍ക്ക് നേരെയും റബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. ബലം പ്രയോഗിച്ച് സമരക്കാരെ ഒതുക്കാന്‍ അക്രമം ന്യായമാക്കി പോലീസ്. കൊളംബിയയില്‍ കണ്ണീര്‍ വാതകവും ടേസറും പ്രയോഗിച്ചു.
പല സ്ഥലങ്ങളിലും അധ്യാപകര്‍ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. ചിലര്‍ക്കെതിരെ സ്ഥാപനങ്ങള്‍ അച്ചടക്ക നടപടിയെടുത്തു. പല കാമ്പസുകളിലും പ്രക്ഷോഭം നടക്കുന്നതിനിടെ മുസ് ലിം വിദ്യാര്‍ഥികള്‍ നമസ്‌കാരം നിര്‍വഹിക്കുമ്പോള്‍ സഹപാഠികള്‍ ചുറ്റും സുരക്ഷാവലയം സൃഷ്ടിച്ചു.
ബിരുദ സ്വീകരണ പ്രസംഗങ്ങള്‍ വിദ്യാര്‍ഥിനികള്‍ ഫലസ്തീനു വേണ്ടി ഉപയോഗിച്ചു. ഇലിനോയ്-ഷിക്കാഗോ യൂനിവേഴ്‌സിറ്റിയില്‍ ഒരു ഫലസ്തീനി വിദ്യാര്‍ഥിനി വൈകാരികമായ പ്രസംഗം ചെയ്തു: 'ഈ ചടങ്ങില്‍ എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്: 2024-ലെ ഗസ്സ ബാച്ചുകളെ ഓര്‍ക്കുക. ആ ബാച്ചുകള്‍ ഇപ്പോള്‍ ഇല്ല എന്നറിയുക. ഗസ്സയിലെ 14,000 വിദ്യാര്‍ഥികള്‍ അവിടത്തെ ഒരു വേദിയിലും ഇങ്ങനെ ബിരുദം വാങ്ങാനെത്തില്ല. അതു പറയാതെ ഈ ബിരുദം നമുക്ക് ആഘോഷിക്കാനാകില്ല. നമുക്ക് മനുഷ്യരാവുക...'
കാമ്പസ് പ്രക്ഷോഭങ്ങളുടെ -ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളുടെ മൊത്തം- സവിശേഷത അവയിലെ ബഹുസ്വരതയാണ്; വലിയ പെണ്‍സാന്നിധ്യവും. ഇസ്രായേലി പക്ഷത്തുള്ളത് ജൂത-ക്രൈസ്തവ സയണിസ്റ്റുകളാണെങ്കില്‍, പ്രതിരോധത്തിന്റെ പടയാളികളായി കാമ്പസുകളെ വിറപ്പിക്കുന്നവരില്‍ എല്ലാ മതക്കാരും എല്ലാ വംശക്കാരും ഉണ്ട്. ക്രിസ്തുമത വിശ്വാസി കൂടിയായിരുന്നല്ലോ ഇസ്രായേല്‍ വധിച്ച 'അല്‍ജസീറ' റിപ്പോര്‍ട്ടര്‍ ശിറീന്‍ അബൂ ആഖ്‌ല. കൊളംബിയ യൂനിവേഴ്‌സിറ്റിയില്‍ പ്രതിഷേധമുയര്‍ത്തിയ വിദ്യാര്‍ഥികളുടെ കൂട്ടത്തില്‍ ശിറീന്റെ സഹോദരീ പുത്രിയുമുണ്ട്- പേര് ബേസില്‍ റോഡ്‌റിഗസ്. ഫലസ്തീനു വേണ്ടി ശബ്ദിച്ചതിന് തന്റെ അമ്മായിയെ ഇസ്രായേല്‍ കൊന്നപ്പോള്‍ അവര്‍ക്കുവേണ്ടി അമേരിക്ക സംസാരിച്ചില്ല. ഫലസ്തീനെ കേള്‍ക്കാതാക്കുന്ന ജോലി ഇപ്പോഴും തുടരുന്നു. ഇത് അനുവദിച്ചുകൂടാ - അവര്‍ പറഞ്ഞു.
ഫലസ്തീന്റെ ചിഹ്നങ്ങള്‍ ഏറ്റെടുക്കുക വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ ഭാഗമാണ്. സമരങ്ങള്‍ക്ക് ഇന്‍തിഫാദ എന്ന് പേരിടുന്നു; ഫലസ്തീന്‍ പതാക വീശുന്നു; ഫലസ്തീന്റെ ചിഹ്നമായിക്കഴിഞ്ഞ കഫിയ്യകൊണ്ട് തല പുതക്കുന്നു. യൂനിവേഴ്‌സിറ്റി കെട്ടിടങ്ങള്‍ക്ക് ഫലസ്തീന്‍ പ്രദേശങ്ങളുടെ പേരിടുന്നു. കാനഡയിലൊരു സര്‍വകലാശാലയിലെ ഒരു മുറ്റം 'ഗസ്സ സിറ്റി'യാക്കി; ഒരു ഹാളിന് ഖാന്‍യൂനിസ് എന്ന് പേരിട്ടു; ബെയ്ത് ദറസ്, ദറസ് അബൂ അമ്മാര്‍, ദേര്‍ യാസീന്‍, ഖിര്‍ബതല്‍ ശൂന എന്നിങ്ങനെ കെട്ടിടങ്ങള്‍ക്ക് മേല്‍ പുതിയ പേര് ഒട്ടിച്ചു.
കേംബ്രിഡ്ജില്‍ ബഹുമത പ്രാര്‍ഥനാ സ്ഥലം വിദ്യാര്‍ഥികള്‍ ഒരുക്കി. വെള്ളിയാഴ്ചകളില്‍ ജുമുഅ വരെ ഉണ്ടാകും. വെള്ളിയാഴ്ച രാത്രികളില്‍ ജൂതമതക്കാരായ പ്രക്ഷോഭകരെ പരിഗണിച്ചുള്ള ആചാര സല്‍ക്കാരവും. ഫലസ്തീന്‍ പ്രക്ഷോഭം പലേടത്തും പരസ്പരം മനസ്സിലാക്കാനും ആദരിക്കാനുമുള്ള സന്ദര്‍ഭം കൂടിയായി കാമ്പസുകള്‍ ഉപയോഗിക്കുന്നു. മുതിര്‍ന്ന തലമുറ വിഭജിക്കുന്നു, ഞങ്ങള്‍ ഒരുമിപ്പിക്കുന്നു എന്ന് വിദ്യാര്‍ഥികള്‍.
അസ്തമയത്തിലേക്ക് പോകുന്ന പഴയ തലമുറയുടെ വംശീയതയും മുന്‍വിധിയും; ഉദിച്ചുയരുന്ന യുവതയുടെ നീതിബോധം- കാമ്പസുകള്‍ പുതിയൊരു പുലരിയുടെ വാഗ്ദാനം ഉള്‍ക്കൊള്ളുന്ന പോലെ.