ഉച്ച വെയില്‍ കനത്തുവരികയാണ്. ബസ്സിന്റെ സൈഡ് ഗ്ലാസിലൂടെ വെയിലും ചൂടും അകത്തേക്ക് കയറാന്‍ തിരക്ക് കൂട്ടിക്കൊണ്ടിരുന്നു.
നെറ്റിയില്‍ നിന്നും മുഖത്തു കൂടി കഴുത്തിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന വിയര്‍പ്പ് കണങ്ങള്‍ അയാള്‍ തൂവാലയെടുത്ത് വീണ്ടും ഒപ്പിയെടുത്തു.
വടക്കാഞ്ചേരിക്ക് ഇനിയും പത്തു നാല്‍പ്പത് കിലോമീറ്റര്‍ കൂടിയുണ്ട്, അവിടെ ചെന്ന് കലക്്ഷനെടുത്ത് തിരിച്ചു വരുമ്പോള്‍ ഇന്നും വൈകും.
വീതിയേറിയ വിജനമായ പാത അയാളുടെ പ്രതീക്ഷകള്‍ പോലെ അനന്തമായി നീണ്ടു കിടക്കുകയാണ്. തന്റെ മുന്നോട്ടുള്ള ഗമനം പോലെ സൂര്യനും ഭൂമിയിലേക്കിറങ്ങിക്കൊണ്ടിരിക്കുന്ന പോലെ.
മടിയിലെ ബാഗില്‍ കൈയിട്ട് എടുത്ത പ്ലാസ്റ്റിക് കുപ്പിയിലെ അവസാന തുള്ളിയും അയാളുടെ തുറന്നു പിടിച്ച വായിലൂടെ തൊണ്ടയിലേക്ക് ഇറ്റിവീണു.
നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന പാതക്കിരുവശവും പരന്നു കിടക്കുന്ന ഉണങ്ങിയ വയലുകള്‍ പോയ കാലത്തെ സമൃദ്ധിയുടെ അടയാളങ്ങള്‍ പോലും ബാക്കി വെക്കാതെ ദാഹജലത്തിനായി വിണ്ടു വരണ്ടുണങ്ങിക്കിടക്കുന്നു.
ഇന്നെങ്കിലും കുറച്ച് നേരത്തെ തിരിച്ചു വീട്ടിലെത്തണമെന്ന് കരുതിയതാണ്;
'ഇന്നലേം ഞാനുറങ്ങീട്ടാണല്ലേ ഉപ്പ വന്നത്?'
എന്നും രാവിലെ കേള്‍ക്കാറുള്ള മോന്റെയും അവന്റെ ഉമ്മയുടെയും പരിഭവം ഒരു ദിവസമെങ്കിലും കേള്‍ക്കാതിരിക്കണം.
'നേരത്തെ വരാമെന്ന് പറഞ്ഞു എന്നെ പറ്റിച്ചോ. ആ കുഞ്ഞിനോട് ഇനിയെങ്കിലും നിങ്ങളിത് പറയരുത്; ഉപ്പ വന്നിട്ടേ ഞാനുറങ്ങുകയുള്ളൂ എന്നു വാശി പിടിക്കുന്ന അവനെ ഉറക്കുന്ന പാട് എനിക്കേ അറിയുകയുള്ളൂ.'
'നിങ്ങള്‍ക്ക് മാത്രമല്ലേ ഈ നാട്ടില്‍ ജോലിയുളളൂ.'
ദിവസവും കണ്ടു മടുത്തതു കൊണ്ടാവാം ചുറ്റുമുള്ള കാഴ്ചകളൊന്നും തന്നെ അയാള്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.
പിന്നിലേക്ക് മറയുന്ന വഴിയോര കാഴ്ചകള്‍ പോലെ മനസ്സും കുറേ പിന്നിലേക്ക് പോയി. ഇരുപത്തി നാലാമത്തെ വയസ്സിലാണ് ആദ്യമായി പ്രവാസ ജീവിതത്തിലേക്ക് പറന്നിറങ്ങിയത്.
പ്രതീക്ഷകളും ആകാംക്ഷകളും ആശങ്കകളും ഒന്നുചേര്‍ന്ന, ഒരു നിമിഷം പോലും ഉറങ്ങാത്ത ആദ്യ വിമാന യാത്ര ഇന്നലെയെന്ന പോലെ ഇന്നും വ്യക്തമായി മനസ്സിലുണ്ട്.
ഓടിട്ട കൊച്ചു വീടിന്റെ വരാന്തയില്‍ വന്ന് യാത്രയാക്കിയ ഉപ്പ, അടുത്ത വീടുകളില്‍ ജോലിക്ക് പോയി അന്നന്നത്തെ അന്നത്തിന് വക കൊണ്ടുവരുന്ന എല്ലും തോലുമായ ഉമ്മ, നിഷ്‌കളങ്കതയുടെ നുണക്കിഴികളുമായി പൊന്നുമ്മ നല്‍കിയ കൊച്ചു പെങ്ങന്മാര്‍... യാത്രയാക്കാന്‍ വന്ന എല്ലാവരുടെയും കരഞ്ഞ് കലങ്ങിയ മുഖം ഓര്‍മയില്‍ തെളിഞ്ഞപ്പോഴേക്കും വിമാനത്തിലിരുന്ന് വിതുമ്പിയതും അടുത്തിരുന്ന യാത്രക്കാരന്‍, 'ആദ്യ യാത്രയാണല്ലേ, അടുത്ത തവണ ശരിയായിക്കോളു'മെന്ന് ആശ്വാസ വാക്കുകള്‍ മൊഴിഞ്ഞതും ഇന്നലെയെന്ന പോലെ മിന്നി മറഞ്ഞു.
ആദ്യത്തെ രണ്ട് വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ അത്രക്ക് ശുഭകരമായിരുന്നില്ല; പുറമെ ജോലി നോക്കുന്നതിനുള്ള യോഗ്യതകളുണ്ടായിരുന്നിട്ടും വിസയും ടിക്കറ്റും തന്ന് തന്നെ ഗള്‍ഫിലേക്ക് കൊണ്ടു വന്നത് താനാണെന്ന് പറഞ്ഞ് ബക്കാലയില്‍ തന്നെ ജോലിക്ക് നിറുത്തിയ മുന്‍കോപിയായ വല്യമ്മാവന്റെ ഗൗരവത്തിലുള്ള നോട്ടവും നിസ്സാര കാര്യങ്ങള്‍ക്ക് കരണത്ത് തൊഴി കിട്ടാറുളളതും ഓര്‍ത്തപ്പോള്‍ അറിയാതെ തന്നെ വലതു കൈവെള്ള കവിളില്‍ വന്നു മൃദുലമായി തഴുകി.
ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തി കണ്ണു തുടക്കുമ്പോഴും അയാളുടെ സമ്മതത്തിന് കാത്ത് നില്‍ക്കാതെ രണ്ട് കണ്ണുകളില്‍ നിന്നും ഓരോ തുള്ളി വീതം മടിയിലേക്ക് ഇറ്റി വീണു.
മറുനാട്ടില്‍ എത്തിയ ആദ്യ നാളുകള്‍ മുതലുള്ള കണ്ണീരും പുഞ്ചിരിയും ഓര്‍മയിലെന്നുമുണ്ട്.
'നിന്റെ മാമയുടെ കൂടെ ജോലിക്ക് നിന്നാല്‍ നീ രക്ഷപ്പെടാന്‍ പോണില്ല, എന്റെ കമ്പനിയിലേക്ക് പോരൂ ; അര്‍ബാബ് മിസ്രിയാണെങ്കിലും നല്ല മനുഷ്യനാണ്.'
നാട്ടുകാരനായ ഷഫീഖാണ് ഇതും പറഞ്ഞ് അവിടെ നിന്നും രക്ഷപ്പെടുത്തിയത്.
ആദ്യ മാസം മുപ്പതിന് തന്നെ അയ്യായിരം ദിര്‍ഹം ശമ്പളം കൈയില്‍ കിട്ടിയപ്പോഴാണ് ഇതുവരെ താന്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്ന സത്യം ബോധ്യപ്പെട്ടത്.
അക്കൗണ്ട്‌സിലും മാര്‍ക്കറ്റിംഗിലും കഴിവ് തെളിയിക്കാനായതുകൊണ്ട് അധികം വൈകാതെ തന്നെ ബ്രാഞ്ച് മാനേജര്‍ സ്ഥാനവും ലഭിച്ചു.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ കിട്ടുന്ന ദിവസങ്ങളും പണവും കൂടുതലായി ചെലവഴിച്ചത് ചികിത്സക്ക് വേണ്ടിയുള്ള യാത്രകളിലായിരുന്നു; ഏറ്റവും ഒടുവില്‍ ഡോക്ടര്‍ തന്നെയാണ് ആറു മാസമെങ്കിലും നിങ്ങള്‍ ഒരുമിച്ച് താമസിക്കണമെന്ന നിര്‍ദേശം നല്‍കിയത്.
'ഇപ്രാവശ്യം കൂടി ക്ഷമി,
അടുത്ത പ്രാവശ്യം യാത്ര നമ്മളൊന്നിച്ചായിരിക്കും.'
എന്ന് ആദ്യമായി വാക്ക് കൊടുത്തത് അന്നായിരുന്നു. എന്റെ ഉപ്പയെയും ഉമ്മയെയും പരിചരിക്കുന്നതിന്റെ കൂലി നിനക്കല്ലേ കിട്ടുന്നത് എന്ന് പറഞ്ഞ് അവളെ സാന്ത്വനിപ്പിക്കാനും അന്ന് മറന്നില്ല.
ഓരോ വരവിലും വീട്ടിലെ ആവശ്യങ്ങള്‍ ഓരോന്നായി നിറവേറ്റിയിരുന്നുവെങ്കിലും യാത്ര പറഞ്ഞിറങ്ങുമ്പോഴെല്ലാം അവളുടെ വിതുമ്പിയ കണ്ണുകള്‍ ഇടനെഞ്ച് തിളക്കുന്ന എരിയാത്ത കനലുകള്‍ പോലെ നേര്‍ത്ത ഗദ്ഗദമായി നയനങ്ങളില്‍ നനവ് പടര്‍ത്തിക്കൊണ്ടിരുന്നു.
സഹോദരിമാരുടെ വിവാഹം, വീടു പണി തുടങ്ങി ഒരു വിധം ബാധ്യതകളെല്ലാം കഴിഞ്ഞതിന് ശേഷമാണ് ഇനിയെങ്കിലും കുടുംബത്തെ കൂടെ കൂട്ടാമെന്ന കാലങ്ങളായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാക്കാം എന്നു കരുതി നഗരത്തില്‍നിന്ന് അധികം ദൂരെയല്ലാതെയായി താമസ സൗകര്യം ശരിയാക്കിയ വിവരം അറിയിക്കാനായി വീട്ടിലേക്ക് വിളിച്ചത്.
ഏറെ സന്തോഷത്തോടെയുള്ള തന്റെ വിളിക്ക് പക്ഷേ നിമിഷായുസ്സേ ഉണ്ടായിരുന്നുള്ളൂ.
ഉപ്പയുടെ ആരോഗ്യസ്ഥിതി മോശമാണ്, അവള്‍ക്കും മോനും വീട്ടില്‍നിന്ന് വിട്ടു നില്‍ക്കുക പ്രയാസകരമാണ്.
പ്രമേഹത്തിന്റെ അസ്‌ക്യതകളുണ്ടായിരുന്നെങ്കിലും തന്റെ കാര്യങ്ങള്‍ക്ക് മറ്റാരെയും ആശ്രയിക്കാറില്ലാതിരുന്ന ഉപ്പയെ മരത്തടിയുടെ കാതലിനെ ചിതലരിക്കുന്ന തരത്തില്‍ ശരീരത്തെ ഓരോരോ അസ്വസ്ഥതകള്‍ കീഴടക്കുന്നത് സായാഹന വേളയില്‍ വാടിത്തളരുന്ന ചെടിയെ കാണുന്ന കൊച്ചു കുട്ടിയെപ്പോലെ ഓരോ വരവിലും വ്യക്തമായി കാണാമായിരുന്നു.
മരണപ്പെടുന്നതിന് മാസങ്ങള്‍ക്കു മുമ്പേ യാത്ര പറഞ്ഞിറങ്ങുമ്പോള്‍ തന്റെ കൈയില്‍ മുറുകെ പിടിച്ച് ഉപ്പ ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും പൊട്ടിക്കരഞ്ഞു കൊണ്ട്, ഇനി നാം കാണുമോ മോനേ എന്ന് ചോദിച്ചതും ഒരു കൊച്ചുകുഞ്ഞിനെപ്പോലെ തേങ്ങി തേങ്ങിക്കരഞ്ഞതും ഓര്‍ത്തപ്പോള്‍ വെയിലില്‍നിന്ന് രക്ഷ നേടാന്‍ എന്ന പോലെ അയാള്‍ കൈയിലിരുന്ന തൂവാലയെടുത്ത് മുഖം മറച്ചു കണ്ണിറുക്കിയടച്ചു സീറ്റിലേക്ക് ഒന്നു കൂടി ചാരിയിരുന്നു.
വെളുത്ത ഷര്‍ട്ടും കറുത്ത പാന്റ്‌സും ഇന്‍സൈഡ് ആക്കി കരേരയുടെ കൂളിംഗ് ഗ്ലാസും വെച്ച് വിശാലമായ നെറ്റിത്തടത്തോട് കൂടിയ സുന്ദരമായ തന്റെ മുഖത്ത് നെറ്റിയുടെ പാതി മറയുന്ന നിലയില്‍ പിന്നിലേക്ക് മുടി വാര്‍ന്ന് വെക്കുകയും കട്ടിയുള്ള മീശ അതേ ചീര്‍പ്പു കൊണ്ട് ശരിയാക്കുകയും ചെയ്ത് കണ്ണാടിയിലേക്ക് നോക്കി കൈ ഉയര്‍ത്തി കക്ഷത്തിലേക്ക് ബ്രൂട് സ്‌പ്രേ അടിക്കുന്ന ഉപ്പയെ കൗതുകത്തോടെ നോക്കി നില്‍ക്കാറുള്ളതും, ഏറ്റവുമൊടുവില്‍ കാണുമ്പോള്‍ മെലിഞ്ഞുണങ്ങി കണ്ടാല്‍ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധം ക്ഷീണിച്ച് എല്ലും തോലുമായി കൈകള്‍ ചുമരിലും വാതില്‍ പടിയിലുമേന്തി വേച്ചു വേച്ചു നടന്നു കൊണ്ട് വിറയാര്‍ന്ന ശബ്ദത്തില്‍ പകുതി മാത്രം മനസ്സിലാവുന്ന ഭാഷയില്‍ കറ പിടിച്ച പല്ലുകള്‍ കാട്ടി ഉറക്കെ സംസാരിക്കുന്ന ഉപ്പയുടെ ദൈന്യമായ മുഖവും ഒരു മിന്നായം പോലെ മറഞ്ഞു.
ഇന്ന് എങ്ങനെയെങ്കിലും മോന്‍ ഉറങ്ങും മുമ്പ് വീട്ടിലെത്തണം.
ഓരോ വരവിലും പഴയതും പുതിയതുമായ ഡോക്ടര്‍മാരെ മാറി മാറി കണ്ടു ചികിത്സ തേടിയ ശേഷം നാല്‍പ്പത്തഞ്ചാം വയസ്സിലാണ് ഒരു കുഞ്ഞ് എന്ന സ്വപ്നം യാഥാര്‍ഥ്യമായത്.
ഏറെ നാളത്തെ സ്വപ്നമായിരുന്ന കുടുംബമൊന്നിച്ചുള്ള ഗള്‍ഫ് ജീവിതം യാഥാര്‍ഥ്യമാക്കാന്‍ പറ്റിയില്ലെന്നു മാത്രമല്ല, താന്‍ പറഞ്ഞും വീഡിയോ കോള്‍ ചെയ്തും പരിചയപ്പെടുത്താറുള്ള സൂഖുകളും അറബി തെരുവുകളുമൊക്കെ ഒരു നാള്‍ കൊണ്ടുപോയി കാണിക്കാമെന്ന അവളോട് കൊടുത്ത വാക്ക് പോലും പാലിക്കാന്‍ പറ്റിയില്ല. ഉപ്പയുടെ മരണ ശേഷം ഉമ്മയും കിടപ്പിലായതോടെ പെട്ടെന്നാണ് നാടു പിടിക്കേണ്ടി വന്നത്.
ചികിത്സകള്‍ക്കും വീട്ടിലെ മറ്റാവശ്യങ്ങള്‍ക്കുമായി ചെലവഴിച്ച് ബാക്കി കിട്ടിയ സമ്പാദ്യമായ പ്രമേഹവും കൊളസ്‌ട്രോളുമായി നാട്ടിലെത്തി ആറ് മാസങ്ങള്‍ ജോലി തേടി നടന്ന ശേഷം ലഭിച്ച കലക്്ഷന്‍ ഏജന്റിന്റെ ജോലിക്കായി ഇറങ്ങിയപ്പോഴാണ് ഗള്‍ഫിലെ ഉഷ്ണവും തന്നോടൊപ്പം നാട്ടിലെത്തിയതായി മനസ്സിലായത്.
ഫോണെടുത്ത് ചെവിയില്‍ വെച്ച അയാള്‍ ആരോടോ സംസാരിക്കുന്നതായി ഭാവിച്ചുകൊണ്ട് കണ്ടക്ടറുടെ അടുത്തേക്ക് നീങ്ങി,
'ഇവിടെ ഇറങ്ങാനുണ്ട്;'
നിങ്ങള്‍ വടക്കാഞ്ചേരിക്ക് ടിക്കറ്റ് എടുത്തതല്ലേ, സ്ഥലം ആയിട്ടില്ല,
അറിയാം പക്ഷേ, എനിക്ക് അത്യാവശ്യമായി ഇവിടെ ഇറങ്ങേണ്ടതുണ്ട്.
ബസ് നിറുത്തും മുമ്പേ അയാള്‍ ചാടിയിറങ്ങി, ബാഗും തലയില്‍ വെച്ച് എതിര്‍ വശത്തെ ബസ് സ്റ്റോപ്പിലേക്ക് നടന്നു. ബസ്സ് വരേണ്ട ദിക്കിലെ മരുപ്പച്ചയില്‍ നോക്കി അയാള്‍ ആത്മഗതം കൊണ്ടു:
ഇന്നെങ്കിലും നേരത്തെ വീട്ടിലെത്തണം...
വര: ആയിശ നിമി