കുഞ്ഞുവാവ സ്‌കൂളില്‍ പോകുമ്പോള്‍

ശശികുമാര്‍ ചേളന്നൂര്‍
ജൂണ്‍ 2024
വീട്ടില്‍ കളിച്ചും കുറുമ്പ് കാണിച്ചും മാത്രം നടന്നവര്‍ അക്ഷരലോകത്തേക്ക് പിച്ചവെക്കുമ്പോള്‍ ആ കുഞ്ഞിക്കൈകൾക്ക് ബാഗും ലഞ്ച് കിറ്റും കുടയും ഭാരമാകുമോ? അമ്മമാര്‍ പറയുന്നു.

ടെന്‍ഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ന്താ പ്പോ പറയാ..!

-ഷാജിത വയനാട്

നിഴല്‍ പോലെ കൂടെ നടന്ന മോള്  സ്‌കൂള്‍ കാലഘട്ടത്തിലേക്ക് ചുവട് വയ്ക്കുമ്പോള്‍ മനസ്സിലെ ആകുലതകള്‍ വര്‍ധിക്കുകയാണ്.
എന്റെ മടിത്തട്ടില്‍ ഇരുന്നല്ലാതെ യാത്ര ചെയ്തിട്ടില്ലാത്ത മകള്‍, ആറ് കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലേക്ക് ജീപ്പില്‍ മറ്റു കുട്ടികളോടൊപ്പം  പോകുമ്പോള്‍  ഉണ്ടാകുന്ന മാനസികാവസ്ഥ ഓര്‍ക്കുമ്പോള്‍  സങ്കടം തോന്നുന്നു; ഒപ്പം ഭയവും. രാവിലെ 8.30-ന് സ്‌കൂള്‍ വണ്ടി വരുമ്പോഴേക്കും കുളിച്ചു പുത്തന്‍  ഉടുപ്പിട്ട് കണ്ണെഴുതി പൗഡര്‍ ഇട്ട്, മുടി ചീകിക്കെട്ടി സുന്ദരിക്കുട്ടിയാക്കി നിര്‍ത്തുമ്പോഴുള്ള അവളുടെ സന്തോഷം ചെറുതൊന്നുമായിരിക്കില്ല.

അപ്പോഴും എന്റെ മനസ്സിനെ  അലട്ടുന്ന മറ്റൊരു പ്രശ്‌നം, എട്ടു മണിക്ക് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് പോയ മോള്‍ക്ക് ഉച്ചയാകുമ്പോഴേക്കും വിശക്കില്ലേ എന്നാണ്. അവള്‍ക്ക് വാരി കഴിക്കാനറിയില്ല. അവള്‍ ഒറ്റക്കു തിന്നുമ്പോ വിശപ്പു മാറുമോ? വീട്ടില്‍ ആകുമ്പോള്‍ ഉച്ചയൂണിനു ശേഷം ചെറിയൊരു മയക്കമുണ്ട്. വിശാലമായ ഉറക്കം. ടോയ്ലറ്റില്‍ ഒരാളുടെ സഹായമില്ലാതെ കൈകാര്യം ചെയ്യാന്‍ അറിയില്ല. അതിനെല്ലാം പെട്ടെന്നൊരു ദിവസം മാറ്റം വരുമ്പോള്‍ ക്ഷീണമാവില്ലേ ന്റെ കുട്ടിക്ക്!

പുതിയ കുറേ കൂട്ടുകാര്‍. പല വീടുകളില്‍ നിന്നും വരുന്ന വ്യത്യസ്ത സ്വഭാവത്തിലുള്ളവര്‍. ഒരേ പ്രായക്കാര്‍ ആകുമ്പോള്‍ ഉണ്ടാവുന്ന വികൃതികള്‍, വാശികള്‍ എല്ലാം എത്രത്തോളം സഹകരിക്കുമെന്ന് ആര്‍ക്കറിയാം. അമ്മയോട് മാത്രം കാണിക്കുന്ന ചില കുറുമ്പുകള്‍, വാശികള്‍, കൊഞ്ചലുകള്‍, എങ്ങോട്ട് തിരിഞ്ഞാലും കാതുകളില്‍ മുഴങ്ങുന്ന പാദസര കിലുക്കം എല്ലാം ഒരമ്മയ്ക്ക് പെട്ടെന്ന് പകലില്‍  നഷ്ടമാകുമ്പോള്‍ അത് മനസ്സിനെ വല്ലാതെ വീര്‍പ്പുമുട്ടിക്കും. സ്‌കൂള്‍ തുറക്കുമ്പോള്‍ ഫീസ് അടക്കം കുട്ടികള്‍ക്ക് അവശ്യ വസ്തുക്കള്‍ വാങ്ങാനുണ്ട്. അതിനു സാമ്പത്തികം കണ്ടെത്തുക എന്നതാണ് സാധാരണക്കാരിയായ ഒരു വീട്ടമ്മ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വീട്ടില്‍നിന്ന് യാത്ര തുടങ്ങുന്നത് മുതല്‍ സ്‌കൂളില്‍ നിന്ന് തിരിച്ചെത്തുന്നത് വരെയുള്ള മനസ്സിന്റെ ആധി  ചെറുതൊന്നുമല്ല. ഓരോ സെക്കന്റിലും മകളെ കുറിച്ചുള്ള കാര്യങ്ങള്‍ മാത്രമാവും ആദ്യ കുറേ നാളുകളില്‍. പിന്നീട് അമ്മയും കുഞ്ഞും ആ സാഹചര്യത്തോട് പൊരുത്തപ്പെടും. അമ്മയുടെ ചൂടേറ്റ്  നടന്നിരുന്ന മക്കള്‍ സ്‌കൂള്‍ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുമ്പോള്‍, അവരുടെ ഭാവിയെ കുറിച്ചോര്‍ത്ത് ഓരോ അമ്മയും ആധിയുടെയും ആകുലതകളുടെയും നെരിപ്പോടിലേക്കാണ് ചുവട് വെക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.

 

എന്റെ അമ്മോ, എനിക്ക് ഓര്‍ക്കാന്‍ വയ്യ...

-പ്രീതി സുനി

വേനല്‍ അവധി കഴിയുമ്പോള്‍ ആകെ ടെന്‍ഷനാണ്. എന്റെ കുറുമ്പിക്കുട്ടിയെ സ്‌കൂളില്‍ വിടുന്നത് അതിപ്രയത്‌നം തന്നെയാണ്. 9:30-ന് ഞാനും അവളും ഒരുമിച്ച് ഒരുങ്ങണം, ഒരുക്കണം. 'അമ്മ സുന്ദരി ആക്കേണ്ട', അവള്‍ക്ക് ഒറ്റയ്ക്ക് ചെയ്യണമെല്ലാം. മുടി കെട്ടണം. പൊട്ടു തൊടണം. യൂണിഫോം ഒറ്റയ്ക്ക് ധരിക്കണം. എന്റെ അമ്മോ, എനിക്ക് ഓര്‍ക്കാന്‍ വയ്യ...

ഇതെല്ലാം കഴിഞ്ഞു ഫുഡ് കഴിക്കുമ്പോള്‍ അല്‍പം 'oggy' അമ്മാവനെ (കാര്‍ട്ടൂണ്‍) കാണണം എന്ന വാശി! പിന്നെയുള്ള പ്രശ്‌നം എന്റെ കൂടെ വരണം എന്നതാണ്. വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് നടന്നു പോകാവുന്ന ദൂരമേയുള്ളൂ. ഡാന മോളുടെ സ്‌കൂള്‍ എന്റെ ഓഫീസിന്റെ അടുത്താണ്. ഊരള്ളൂര്‍ എം.യു.പി സ്‌കൂള്‍. സ്‌കൂളില്‍ 10 മണിക്ക് എത്തണം. അതുവരെ അവള്‍ക്ക് എന്റെ ഓഫീസില്‍ തന്നെ നില്‍ക്കണം. എന്നിട്ടോ അമ്മയിരിക്കുന്ന കസേരയില്‍ ഇരുന്നു ഒന്ന് കറങ്ങണം. കാല്‍ക്കുലേറ്റര്‍, പശ, പേപ്പര്‍ വെയ്റ്റ്, മാര്‍ക്കര്‍ എന്നിവയെല്ലാം വേണം. പ്രമീഷ് മാമന്റെ അടുത്ത് കഥ പറയണം. സെക്രട്ടറി മാമനോട് ഗുഡ്‌മോണിങ് പറയണം. ഇതു കഴിഞ്ഞ് ലാലു മാമനോ മുരളി മാമനോ സ്‌കൂളില്‍ ഇറക്കി കൊടുക്കണം. ഇതെല്ലാം 9:30-നും 10-നും ഇടയില്‍ നടക്കുന്ന സംഭവങ്ങളാണ്. പോകുന്ന പോക്കില്‍ ഓട്ടോറിക്ഷ മാമന്മാര്‍ക്കുമുണ്ട് ഒരു ഹായ്. എല്ലാം അവളുടെ സുഹൃത്തുക്കളാണ്.

എല്‍.കെ.ജിയും, യു.കെ.ജിയും കഴിഞ്ഞ് ഇനി ഒന്നാം ക്ലാസ് എന്ന ഉത്തരവാദിത്വമാണ് അവളുടെ തലയില്‍. രണ്ടു വര്‍ഷത്തെ അവളുടെ പ്രിയപ്പെട്ട ബിനിത ടീച്ചറെയും ഷെഫിന ടീച്ചറെയും പിരിഞ്ഞ് ഇനി പുതിയ ടീച്ചറിലേക്ക്. എല്‍.കെ.ജിയും യു.കെ.ജിയും ഒന്നാം ക്ലാസ്സും ഒരേ സ്‌കൂളിലാണെങ്കില്‍ പോലും അവള്‍ക്ക് ഒന്നാം ക്ലാസ് ടീച്ചറെ അറിയില്ല. പഴയ ഫ്രണ്ട്‌സ് കൂടെയുണ്ട്, അവരോട് ഒരുപാട് കഥകള്‍ പറയാനുണ്ട് അവള്‍ക്ക്. രണ്ടു മാസം അച്ഛമ്മടേം ചേച്ചിയുടെയും കൂടെ ആയിരുന്നു. ഇനി ടീച്ചറും കൂട്ടുകാരും, പുതിയ ലോകം. വൈകിട്ട് കൂട്ടാന്‍ അച്ഛന്‍ വരണം. അച്ഛന്റെ ബൈക്കില്‍ ഒന്ന് കറങ്ങണം. അവളുടെ പ്രിയപ്പെട്ട 'sky' ബേക്കറിയുടെ മുമ്പില്‍ എത്തിയാല്‍ 'എടോ'എന്ന ഒരു വിളി ഉണ്ട്. അവള്‍ക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഒരു സ്‌നാക്‌സ്. അതാണ് ലക്ഷ്യം. വൈകിട്ട് 3:30 ആയാല്‍ ജോലിത്തിരക്കിനിടയിലും ടെന്‍ഷന്‍ ആണ്... മോള്‍ വീട്ടിലെത്തിയോ എന്ന്... മക്കളുടെ കാര്യം ഓക്കേ ആണോ എന്ന്.

 

തിരക്കുള്ള റോഡ് യാത്ര, ഓര്‍ക്കുമ്പോള്‍  പേടി തോന്നുന്നു

-ജിന്‍സി ജിജീഷ്

ഒന്നാം ക്ലാസ്സിലേക്ക് പോകാന്‍ സ്‌കൂള്‍ തുറക്കുന്നതും കാത്ത് അക്ഷമയോടെ ഇരിക്കുകയാണ് ആറ് വയസ്സുകാരന്‍ മകന്‍ ജിയാന്‍. കഴിഞ്ഞ രണ്ടു മാസത്തെ കാത്തിരിപ്പ് മാത്രമായിരുന്നില്ല അവന്റേത്. ഒരു വയസ്സ്് മൂന്നു മാസം മാത്രം പ്രായവ്യത്യാസമുള്ള കുഞ്ഞുചേച്ചി ജിസ്മിയ പഠിക്കുന്ന 15 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍ എത്താനുള്ള കാത്തിരിപ്പ് കൂടിയാണ്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് സ്‌കൂളുകളും അങ്കണവാടികളും അടച്ചിട്ടപ്പോള്‍ എന്റെ രണ്ട് കുഞ്ഞുങ്ങള്‍ക്കും നഷ്ടമായത് ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കാനുള്ള മധുരമൂറുന്ന ഒരുപാട് ഓര്‍മകളായിരുന്നു; കൂടെ കളിക്കൂട്ടുകാരെയും. എന്റെ അങ്കണവാടി അമ്മേടെ ഫോണിലാണെന്ന് അവന്‍ പറഞ്ഞപ്പോള്‍ ചിരിയോടൊപ്പം സങ്കടമാണ് തോന്നിയത്. അതിനെയെല്ലാം മറികടന്ന് അവന്‍ എല്‍.കെ.ജി, യു.കെ.ജി പഠനം പൂര്‍ത്തിയാക്കി. കുറച്ച് വാശി കൂടുതലുള്ളതുകൊണ്ട് തന്നെ അവന്‍ ടീച്ചര്‍മാരെ വല്ലാതെ ബുദ്ധിമുട്ടിച്ചു. എങ്കിലും അവര്‍ അവനെ സ്‌നേഹത്തോടെ പഠിപ്പിച്ചു; കരുതലോടെ പരിപാലിച്ചു.

എന്നാല്‍, ഇനിയുള്ള നാളുകള്‍ എനിക്ക് ടെന്‍ഷന്‍ പിടിച്ചതാണ്. കാരണം, ദൂരെയുള്ള സ്‌കൂളിലാണ് അവന്‍ പഠിക്കാന്‍ പോകുന്നത്. തിരക്കു കുറഞ്ഞ റോഡുകളില്‍നിന്ന് വാഹനങ്ങള്‍ ചീറിപ്പായുന്ന തിരക്കേറിയ റോഡുകളിലൂടെയുള്ള യാത്ര. ഓര്‍ക്കുമ്പോള്‍  പേടി തോന്നുന്നു. സമയം അതും ഒരു പ്രധാന വിഷയം തന്നെ. സ്‌കൂള്‍ വാഹനം 7.50-നു വരും. ആ സമയം ആകുമ്പോഴേക്കും ദിനചര്യകളെല്ലാം കഴിഞ്ഞ്, ഭക്ഷണവും കഴിച്ച് റെഡിയാവണം. പൊതുവേ അവന്‍ കുറച്ച് ഉഴപ്പനാണ്. വേറൊരു കാര്യം, പുതിയ സ്‌കൂള്‍, പരിചയമില്ലാത്ത കുട്ടികള്‍, അധ്യാപകര്‍ ഇവരുമൊക്കെയായി കൂട്ടുകൂടാനും കുറച്ചു സമയമെടുക്കുമല്ലോ. പല സ്ഥലങ്ങളില്‍ നിന്നും പല വീടുകളില്‍ നിന്നും വരുന്ന വ്യത്യസ്ത സ്വഭാവക്കാരായ കുട്ടികളില്‍ വികൃതിക്കാര്‍ ഉണ്ടാവാം, അല്ലാത്തവരും. എല്ലാവര്‍ക്കും ഒപ്പത്തിനൊപ്പം എന്റെ മോനും എത്താന്‍ കഴിയുമോ എന്നൊക്കെയുള്ള ആശങ്ക. അവന്റെ ചേച്ചി പെട്ടെന്ന് തന്നെ സ്‌കൂളിലെ രീതിയോട് പൊരുത്തപ്പെട്ടിരുന്നു. ഒരുപാട് കുട്ടികള്‍ ഉള്ള ക്ലാസില്‍ ടീച്ചറുടെ ശ്രദ്ധ കിട്ടുമോ, ഇപ്പോഴത്തെ പഠന നിലവാരത്തില്‍ നിന്ന് താഴേക്ക് പോകുമോ, നല്ല രീതിയില്‍ പഠിച്ച് മുന്നേറാന്‍ പറ്റുമോ എന്നൊക്കെയുള്ള ഒരുപാട് ചോദ്യങ്ങള്‍ കൊണ്ട് എന്റെ മനസ്സ് കലങ്ങുകയാണ്.

എന്നാല്‍, ഈ വക ആശങ്കകളൊന്നുമില്ലാതെ അവന്‍ ഹാപ്പിയിലാണ്. കുഞ്ഞുചേച്ചിയുടെ കൂടെ ട്രാവലറില്‍ അടിച്ചുപൊളിച്ചു ഉല്ലാസമായി പോകാമല്ലോ. വഴിയില്‍ ഉടനീളം വാഹനങ്ങളും കാണാം. അവന്‍ തീര്‍ത്തും ആവേശത്തിലാണ്.

തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയില്‍ നിന്ന് തള്ളിയകറ്റുമ്പോള്‍ അതില്‍ വലിയൊരു സത്യം ഒളിഞ്ഞു കിടപ്പുണ്ട്. കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ജീവിക്കാന്‍ പ്രാപ്തരാക്കുക എന്ന കാര്യം. അതുപോലെ നമ്മളും ചെയ്യുന്നു. അവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുന്നു. പഠിച്ചു ഉയരങ്ങളില്‍ എത്തുന്നതിനു വേണ്ടി എല്ലാ സാഹചര്യങ്ങളും സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. സുരക്ഷ ഉറപ്പുവരുത്തി അവരെ നമ്മള്‍ സ്വതന്ത്രമായി തുറന്നുവിടാന്‍ പോവുകയാണ്; ഭാവിയില്‍ വീടിനും നാടിനും നന്മ ചെയ്യുന്ന നല്ല സ്വഭാവമുള്ള വ്യക്തികളായി മാറാന്‍.

 

എന്റെ കൊച്ചു കുറുമ്പന്‍ വലുതായോ

-അശ്വനി സഞ്ജുഷ്

പുത്തന്‍ ഉടുപ്പും ബാഗും കുടയുമായി ദേവന്‍ സ്‌കൂള്‍ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ മനസ്സില്‍ ഒരുപാട് സന്തോഷവും പ്രതീക്ഷയും അതോടൊപ്പം കുറേ ആശങ്കകളുമാണ്.

പുതിയ ആളുകളോട്  അധികം അടുപ്പം കാണിക്കാത്ത, പരിചയമില്ലാത്ത സ്ഥലങ്ങളില്‍ പോയാല്‍ ഞങ്ങളുടെ കൈകളില്‍ മുറുകെ പിടിക്കുന്ന ദേവനെ സ്‌കൂളും അവിടുത്തെ അന്തരീക്ഷവും പുതിയ കൂട്ടുകാരുമെല്ലാം കുറച്ചു കാലത്തേക്കെങ്കിലും അസ്വസ്ഥമാക്കിയേക്കാം. ആദ്യത്തെ കുറച്ചു നാളുകള്‍ രാവിലെ എഴുന്നേല്‍പ്പിച്ച് പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിച്ച് സ്‌കൂളിലേക്ക് പോവാന്‍ ഓട്ടോ വരുമ്പോഴേക്കും റോഡിലേക്ക് എത്താന്‍ കുറച്ചു പ്രയാസം വേണ്ടി വരും.. എന്തായാലും അവന്‍ പതുക്കെ സ്‌കൂള്‍ അന്തരീക്ഷവുമായി പൊരുത്തപ്പെടുമെന്നാണ് പ്രതീക്ഷ.

ദേവനു ഒരു അനിയത്തികുട്ടി ഉണ്ട്. വേദ.. ദേവന്റെ സുന്ദു.. രാവിലെ തന്നെ ഏട്ടന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോയാല്‍ അവള്‍ പിണങ്ങും. മോള് എഴുന്നേല്‍ക്കുമ്പോഴേക്കും സ്‌കൂളില്‍ പോവാനുള്ള കാര്യങ്ങള്‍ ചെയ്തു തീര്‍ക്കണം. വൈകുന്നേരം സ്‌കൂള്‍ വിട്ടു വരുമ്പോഴേക്കും അവന് ഇഷ്ടമുള്ള ഭക്ഷണമെന്തെങ്കിലും ഉണ്ടാക്കണം. വാരികൊടുത്തു കഴിച്ചു ശീലമുള്ളതല്ലേ.. പിന്നെ മുമ്പ് പഠിച്ച നഴ്‌സറിയില്‍ ഭക്ഷണം കഴിപ്പിക്കാനും വെള്ളം കുടുപ്പിക്കാനും ആളുണ്ടായിരുന്നു, ചിലപ്പോഴൊക്കെ വാരികൊടുക്കാറും ഉണ്ട്. സ്‌കൂളില്‍ പോയാല്‍ ഒറ്റയ്ക്ക് കഴിച്ചു തുടങ്ങുമ്പോള്‍ ആ കുഞ്ഞുവയറു നിറയുമോ എന്നറിയില്ല. ചിലപ്പോള്‍ വിശന്നായിരിക്കും വരിക. വിശന്നാലും അവന്‍ പറയില്ല. മിണ്ടാതെ എവിടെയെങ്കിലും പോയി തളര്‍ന്നിരിക്കും. വൈകുന്നേരം കുറച്ചു സമയം കളിക്കാന്‍ വിടണം. മക്കള്‍ കളിച്ചു വളരട്ടെ.. പിന്നെ ആ ദിവസത്തെ അവസാനത്തെ ടാസ്‌ക് സ്‌കൂളില്‍ പഠിപ്പിച്ചു വിട്ട കാര്യങ്ങള്‍ എന്റെ ഭാഷയില്‍ അവനു പഠിപ്പിച്ചു കൊടുക്കണം. ഇതിനൊക്കെ വേണ്ടിയിട്ട് ഒരുപാട് സമയം കണ്ടെത്തേണ്ടിയിരിക്കുന്നു എന്റെ ഉത്തരവാദിത്വങ്ങള്‍ കൂടിവരുന്നെന്നു മനസ്സു പറയുന്നു.

ദേവന്‍ പോയിരുന്ന നഴ്‌സറി വീടിനടുത്തായിരുന്നു. അതുകൊണ്ട് ഒരാവശ്യം വന്നാല്‍ അവിടെ ഓടിയെത്താനും എനിക്ക് കഴിഞ്ഞിരുന്നു. രാവിലെ അച്ഛന്റെ ഒപ്പം പോയിട്ട് വൈകിട്ട് ഞാന്‍ കൂട്ടിക്കൊണ്ടു വരികയായിരുന്നു പതിവ്. പുതിയ സ്‌കൂള്‍ വീട്ടില്‍ നിന്ന് കുറച്ച് അകലെയാണ്.

മാതൃത്വം എന്താണെന്നറിഞ്ഞതും ആസ്വദിച്ചതും ദേവനിലൂടെയാണ്. ഇപ്പോള്‍ ഒന്നാം ക്ലാസ്സിലേക്ക് പോവാനൊരുങ്ങുമ്പോഴാണ് എന്റെ കൊച്ചു കുറുമ്പന്‍ വലുതായെന്ന കാര്യം ഞാന്‍ തിരിച്ചറിയുന്നത്. ഇനി അവന്‍ അച്ഛന്റെയും അമ്മയുടെയും ഒപ്പം അല്ലാതെ യാത്ര ചെയ്യാന്‍ പഠിക്കുന്നു, ഒറ്റയ്ക്ക് ഭക്ഷണം കഴിക്കാന്‍ പഠിക്കുന്നു. അങ്ങനെ പല കാര്യങ്ങളും അവന്‍ ഒറ്റയ്ക്ക് ചെയ്തു പഠിക്കുമ്പോള്‍ ദേവന് ഇതൊക്കെ തനിച്ചു ചെയ്യാന്‍ കഴിയുമോ എന്നുള്ള ആശങ്ക മാത്രമാണ്  എന്നിലുള്ളത്.

 

ഞാന്‍ പഠിച്ച സ്‌കൂളില്‍ അവളും

-സല്‍മ ഉസ്മാന്‍

5 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഞങ്ങള്‍ക്കൊരു കുഞ്ഞ് പിറന്നത്. ഹയ മെഹറീഷ്. മാണ്ടാട് അങ്കണവാടിയിലേക്ക് രാവിലെ അവള്‍ ഉപ്പയോടൊപ്പം പോകും. കൂട്ടിന് മുഫ്താസും ഐസാമും ഉണ്ടാകും. വന്നാല്‍ പിന്നെ ദിവ്യ ടീച്ചറുടേയും മറ്റും അങ്കണവാടി വിശേഷങ്ങള്‍ പറച്ചിലായി. അവള്‍ക്ക് കൂട്ടായി കുഞ്ഞനുജന്‍ അഹ്‌സാന്‍ വന്നതോടെ അങ്കണവാടിയില്‍ പോകുന്നതിന് പകരം കുഞ്ഞനുജന്‍ അക്കുവിന് കൂട്ടിരിക്കാനായിരുന്നു ഇഷ്ടം. അവന്റെ കുഞ്ഞിളം കൈകളില്‍ തൊട്ടു നോക്കും. ഉമ്മ വെക്കും. അവനെ കണ്ടോണ്ട് അങ്ങനെ ഇരിക്കും.
രാവിലെ എഴുന്നേല്‍ക്കാനും പ്രഭാത കൃത്യങ്ങള്‍ ചെയ്യാനും വെകും. ഭക്ഷണം കഴിപ്പിക്കല്‍ ഒരു സാഹസം തന്നെയാണ്. സ്‌കൂള്‍ തുറന്നു കഴിഞ്ഞാല്‍ ഇതെല്ലാം എന്ത് ചെയ്യുമെന്നാണ് എന്റെ പേടി. അങ്കണവാടിയില്‍ എത്താന്‍ വൈകിയാലും പ്രശ്‌നമില്ലായിരുന്നു. സ്‌കൂളില്‍ സമയത്ത് തന്നെ എത്തേണ്ടേ. ഞാനോ ഭര്‍ത്താവോ വേണം സ്‌കൂളില്‍ കൊണ്ടാക്കാന്‍. രണ്ടു പേര്‍ക്കും ജോലിക്ക് പോകണം. ഇതിനിടയില്‍ ചെറിയ കുട്ടിയുടെ കാര്യങ്ങളും നോക്കണം. വീട്ടുജോലികള്‍ തീര്‍ക്കണം. അതു കഴിഞ്ഞു മോനെ, തറവാട്ടില്‍ എന്റെ ഉമ്മയുടെ അടുക്കല്‍ കൊണ്ടു ചെന്നാക്കണം. ഇതെല്ലാം എങ്ങനെ ചെയ്തുതീര്‍ക്കും എന്നാണ് ഞാന്‍ ചിന്തിക്കുന്നത്.

വീടിനടുത്തുള്ള ഞാന്‍ പഠിച്ച മാണ്ടാട് ഗവ. എല്‍.പി.സ്‌കൂളിലാണ് മോളെയും ചേര്‍ത്തത് എന്നോര്‍ക്കുമ്പോള്‍ സന്തോഷമാണ്. റബ്ബര്‍ തോട്ടത്തിലൂടെ, മുളങ്കാടുകള്‍ക്കരികിലൂടെ പത്ത് മിനിറ്റ് നടന്നാല്‍ സ്‌കൂളില്‍ എത്താം. നല്ലൊരു പൂന്തോട്ടമുണ്ട് സ്‌കൂളില്‍. മോള്‍ക്ക് അത് കാണുമ്പോള്‍ സന്തോഷമാകും.

പരിചയമില്ലാത്ത അധ്യാപകരോടും കുട്ടികളോടും അവള്‍ പെട്ടെന്ന് ഇണങ്ങില്ലേ... അവളുടെ ആവശ്യങ്ങള്‍ പറയാന്‍ മടിക്കുമോ... വൈകിട്ട് വരുമ്പോള്‍ വിശക്കുന്നുണ്ടാവില്ലേ... വീട്ടുപണികളും മോന്റെ കാര്യങ്ങളും ചെയ്തു തീര്‍ക്കുന്നതിനിടയില്‍ മോളുടെ പാഠങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ സമയം ഉണ്ടാകുമോ.... അങ്ങനെ എന്തെല്ലാം ആശങ്കകളാണ് മനസ്സില്‍ നിറഞ്ഞുവരുന്നത്. എല്ലാം ശരിയാകുമെന്ന് അനുഭവസ്ഥര്‍ പറയുന്നു. അതെ, മോളെപ്പോലെ ഞാനും മറ്റൊരു ജീവിതാനുഭവത്തിലേക്ക് പ്രവേശിക്കുകയാണല്ലോ; ജീവിതമെന്ന പാഠശാല.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media