മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍

ആഷിക്ക് കെ.പി/വി ലവകുമാർ
ജൂണ്‍ 2024
വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളെ കുറിച്ച് യഥാസമയം അറിയാനും അപേക്ഷിക്കാനും ശ്രദ്ധിക്കാറുണ്ടോ? സ്കോളർഷിപ്പുകൾ ലഭിക്കുന്നതിലൂടെ അവരുടെ ആത്മവിശ്വാസം വർധിക്കുകയും ലക്ഷ്യസ്ഥാനത്തെത്താൻ ഉപകരിക്കുകയും ചെയ്യുന്നു.

സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് അഭിമാനമാണ്. ലക്ഷ്യസ്ഥാനത്തെത്താന്‍ ഉപകരിക്കുന്നതോടൊപ്പം ഇതിലൂടെ അവര്‍ക്ക് ആത്മവിശ്വാസം ലഭിക്കുന്നു. എന്നാല്‍ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നം -അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നില്ല എന്നതാണ്. ഏതൊക്കെ ഏജന്‍സികള്‍ സ്‌കോളര്‍ഷിപ്പു നല്‍കുന്നു, വിവരങ്ങള്‍ എവിടെ നിന്നു ലഭിക്കും, എങ്ങനെ അപേക്ഷിക്കണം... തുടങ്ങി എല്ലാം സംശയമാണ്. സ്‌കൂള്‍ / കോളേജ് നോട്ടീസ് ബോര്‍ഡില്‍ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെങ്കിലും ആരും കാര്യമായി ശ്രദ്ധിക്കാറില്ല.

ഇതെല്ലാം മറികടക്കാനും അര്‍ഹരായവര്‍ക്ക് യഥാസമയം സ്‌കോളര്‍ഷിപ്പ് ലഭിക്കാനും കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയ പദ്ധതിയാണ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (NSP): www.scholarship.gov.in

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ സ്‌കോളര്‍ഷിപ്പുകളും ബന്ധപ്പെട്ട സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ വിദ്യാര്‍ഥികളിലെത്തും. ഡിജിറ്റല്‍ ഇന്ത്യയുടെയും നാഷണല്‍ ഇ-ഗവേഷണന്‍സ് പ്ലാനിന്റെയും ഭാഗമായിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയത്. അപേക്ഷാ നടപടിക്രമങ്ങളില്‍ ആദ്യം വിദ്യാര്‍ഥികള്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. രജിസ്റ്റര്‍ വിജയകരമായാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരു സ്ഥിരം ഐഡി നല്‍കും. ഇതാണ് പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. അപേക്ഷിച്ചതിനു ശേഷമുള്ള ഓരോ വിവരവും വിദ്യാര്‍ഥികള്‍ക്ക് പോര്‍ട്ടലില്‍ കൂടി അറിയാം. ഐഡി ഉപയോഗിച്ച് അപേക്ഷ സ്വീകരിച്ചോ എന്നും അറിയാം. പരാതികള്‍ ഉണ്ടെങ്കില്‍ പോര്‍ട്ടലില്‍ നേരിട്ട് നല്‍കുകയും ചെയ്യാം.

നടപടിക്രമങ്ങളുടെ ഭാഗമായി അപേക്ഷകന്റെ ആധാര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നിര്‍ബന്ധമായി നല്‍കണം. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിരിക്കണം. മൊബൈല്‍ ഫോണ്‍ നമ്പറും, ഐ.എഫ്.എസ്.സി കോഡും നല്‍കണം.
ദേശീയ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ സ്‌കൂള്‍ തലം മുതല്‍ പി.എച്ച്.ഡി വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മിക്കവാറും എല്ലാ സ്‌കോളര്‍ഷിപ്പുകളും ഉള്‍ക്കൊള്ളുന്നു. നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ കവര്‍ ചെയ്യുന്ന വിവിധ തരം സ്‌കോളര്‍ഷിപ്പുകളില്‍ പ്രധാനമായും -കേന്ദ്രപദ്ധതികള്‍, യു.ജി.സി സ്‌കീമുകള്‍, എ.ഐ.സി.ടി.ഇ സ്‌കീമുകള്‍, സംസ്ഥാന പദ്ധതികളും ഉള്‍പ്പെടുന്നു.

നാഷണല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ്

ദേശീയ തലത്തില്‍ പ്രതിഭാശാലികളായ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ കണ്ടെത്താനുള്ള സ്‌കോളര്‍ഷിപ്പ് പരീക്ഷയാണ് നഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന്‍ (NTSE). പരീക്ഷ രണ്ടു ഘട്ടങ്ങളായാണ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തെ SCERT നടത്തുന്ന പരീക്ഷ വിജയിക്കുന്നവര്‍ക്ക് രണ്ടാം ഘട്ടം NCERT നടത്തുന്ന രാജ്യാന്തര പരീക്ഷയില്‍ പങ്കെടുക്കാം. അതില്‍ ഉന്നത വിജയം കൈവരിക്കുന്നവര്‍ക്ക് അഭിമുഖവും ഉണ്ടാകും. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നേടുന്നതുവരെ ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കും.
സര്‍ക്കാര്‍, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങിയ അംഗീകൃത സ്‌കൂളുകളിലെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. NIOS വഴി 18 വയസ്സിനു താഴെ പ്രായമുള്ള പത്താം ക്ലാസ് പരീക്ഷ ആദ്യതവണ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പരീക്ഷയില്‍: പാര്‍ട്ട് (i) സാമൂഹ്യ ശാസ്ത്രം, അടിസ്ഥാന ശാസ്ത്രം, കണക്ക് വിഷയങ്ങളുള്‍പ്പെടുന്ന Scholastic Aptitude Test (SAT) ല്‍ 100 ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു. എല്ലാ വര്‍ഷവും ഒക്ടോബര്‍ മാസത്തിലാണ് അപേക്ഷ ക്ഷണിക്കുന്നത്. വെബ്സൈറ്റ്: http:scert.kerala.gov.in

സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം, സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് അനുവദിക്കുന്ന സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നവര്‍ കേരളത്തിലെ ഹയര്‍ സെക്കന്ററി ബോര്‍ഡ് നടത്തുന്ന 12-ാം ക്ലാസ് പരീക്ഷയില്‍ 80 ശതമാനം മാര്‍ക്ക് വാങ്ങി വിജയിച്ചവരും ഏതെങ്കിലും ബിരുദ കോഴ്സിന് ഒന്നാം വര്‍ഷം പഠിക്കുന്നവരുമായിരിക്കണം.

ബിരുദ പഠനത്തിന് പ്രതിവര്‍ഷം 10,000 രൂപയും ബിരുദാനന്തര പഠനത്തിന് 20,000 രൂപയും സ്‌കോളര്‍ഷിപ്പ് തുക അനുവദിക്കും. പ്രഫഷനല്‍ കോഴ്സുകള്‍ക്ക് ആദ്യ മൂന്നുവര്‍ഷം 1000 രൂപ പ്രതിമാസവും അവസാന വര്‍ഷം 2000 രൂപ പ്രതിമാസവും അനുവദിക്കും. വാര്‍ഷിക കുടുംബ വരുമാനം 8 ലക്ഷം രൂപയില്‍ കവിയാത്തവരുമായിരിക്കണം. 50 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിരിക്കുന്നു. ബിരുദ തലം മുതല്‍ 5 വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്. എല്ലാ വര്‍ഷവും ഡിസംബര്‍ മാസത്തിലാണ് അപേക്ഷ നല്‍കേണ്ടത്. വെബ്സൈറ്റ്: www.scholarship.gov.in

ഹയര്‍ എജുക്കേഷന്‍ കൗണ്‍സില്‍ സ്‌കോളര്‍ഷിപ്പ്

കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഈ സ്‌കോളര്‍ഷിപ്പ് അക്കാദമിക് തലത്തില്‍ ആര്‍ട്സ്, കൊമേഴ്സ്, സയന്‍സ് വിഷയങ്ങളില്‍ ഡിഗ്രി, പോസ്റ്റ് ഡിഗ്രി തലത്തില്‍ പഠിക്കുവാന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പാണ്. പ്ലസ് ടുവിനു ലഭിച്ച മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. www.collegiateedu.kerala.gov.in

സ്റ്റേറ്റ് മെറിറ്റ് സ്‌കോളര്‍ഷിപ്പ്

ഹുമാനിറ്റീസ്, കോമേഴ്സ്, സയന്‍സ് വിഷയങ്ങളില്‍ ഡിഗ്രിയും പോസ്റ്റ് ഡിഗ്രി കോഴ്സുകളും പഠിക്കുവാന്‍ സാമ്പത്തികമായി പിന്നാക്കാവസ്ഥയും എന്നാല്‍ പഠനമികവുമുള്ളതുമായ കുട്ടികള്‍ക്ക് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌കോളര്‍ഷിപ്പാണിത്. രക്ഷിതാക്കളുടെ പ്രതിവര്‍ഷ വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെ. പ്ലസ് ടു തല മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത ലഭിക്കും. ആഗസ്റ്റ്  മാസത്തിലാണ് അപേക്ഷ ക്ഷണിക്കുന്നത്. www.collegiateedu.kerala.gov.in / www.dcescholarship.gov.in

ഇന്‍സ്പെയര്‍ സ്‌കോളര്‍ഷിപ്പ് 
(Innovation in Science Pursuit for Inspired Research)

കേന്ദ്ര സര്‍ക്കാരിനു കീഴില്‍ ശാസ്ത്രവിഷയങ്ങളില്‍ ഉന്നതപഠനത്തിന് പ്രോത്സാഹനം നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. ശാസ്ത്ര വിഷയങ്ങളില്‍ ബിരുദ/ബിരുദാനന്തര കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളായിരിക്കണം. അഖിലേന്ത്യാ തലത്തില്‍ നടക്കുന്ന എഞ്ചിനീയറിംഗ്/മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ആദ്യ 10,000 റാങ്കില്‍ ഉള്‍പ്പെട്ടവര്‍; IISER; ഡിപ്പാര്‍ട്ട്മെന്റ് ഓഫ് അറ്റോമിക് എനര്‍ജി സെന്റര്‍ ഫോര്‍ ബേസിക് സയന്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലൊന്നില്‍ പ്രവേശനം നേടിയവര്‍, ശാസ്ത്ര ഒളിമ്പ്യാഡ് മെഡല്‍ ജേതാക്കളായ വിദ്യാര്‍ഥികള്‍ക്കും വര്‍ഷത്തില്‍ 80,000 രൂപ വരെ സ്‌കോളര്‍ഷിപ്പ് തുക ലഭിക്കും. ജൂണ്‍ മാസത്തിലാണ് അപേക്ഷ. www.inspire.gov.in

ഡിസ്ട്രിക്ട് മെറിറ്റ് സ്‌കോളര്‍ഷിപ്പ്

എസ്.എസ്.എല്‍.സി കേരളാ സിലബസില്‍ പഠിച്ച് എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി വിജയിച്ചവര്‍ക്ക്: ഹയര്‍സെക്കന്ററി/വി.എച്ച്.എസ്.സി/ഐ.ടി.ഐ/പോളി ടെക്നിക്കുകളില്‍ പഠനം തുടരുന്നതിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. പ്രതിവര്‍ഷം 1250 രൂപയാണ് തുക അനുവദിച്ചിരിക്കുന്നത്. www.dcesholarship.kerala.gov.in

നാഷണല്‍ മീന്‍സ്-കം- മെറിറ്റ് സ്‌കോളര്‍ഷിപ്പ് (NMMS)

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ യോഗ്യരായ എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പാണിത്. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അര്‍ഹരെ കണ്ടെത്തുന്നത്. കുടുംബ വാര്‍ഷിക വരുമാനം ഒന്നര ലക്ഷത്തില്‍ കവിയാന്‍ പാടില്ല. www.scert.kerala.gov.in

സുവര്‍ണ ജൂബിലി സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്-ആര്‍ട്സ് സയന്‍സ്, കൊമേഴ്സ് കോളേജുകളിലെയും യൂനിവേഴ്സിറ്റി ഡിപ്പാര്‍ട്ടുമെന്റുകളിലെയും ഒന്നാം വര്‍ഷ ബിരുദ/ബിരുദാനന്തര, ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന സ്‌കോളര്‍ഷിപ്പാണ് സുവര്‍ണ ജൂബിലി മെറിറ്റ് സ്‌കോളര്‍ഷിപ്പ്. വര്‍ഷത്തില്‍ 10,000 രൂപയാണ് സ്‌കോളര്‍ഷിപ്പ് തുക. അപേക്ഷകര്‍ മുന്‍വര്‍ഷ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കണം. www.dcescholarship.kerala.gov.in ആഗസ്റ്റ് മാസത്തിലാണ് അപേക്ഷിക്കേണ്ടത്.

ന്യൂനപക്ഷ സമുദായക്കാര്‍ക്ക് വിവിധ വകുപ്പുകള്‍ മുഖേന നടപ്പാക്കിയ സ്‌കോളര്‍ഷിപ്പുകള്‍

മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന, പാര്‍സി, ബുദ്ധ തുടങ്ങി ആറു വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കു മാത്രമായി സംവരണം ചെയ്ത സ്‌കോളര്‍ഷിപ്പുകളാണ്:
 പൊതുവിദ്യാഭ്യാസ വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്
 കോളേജ് വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിവരുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിവരുന്ന മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്.

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്

ഒമ്പതാം ക്ലാസിലും പത്താം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും നിബന്ധനകളും താഴെ സൂചിപ്പിക്കുന്നു:
www.education.kerala.gov.in 
www.scholarship.itschool.gov.in

സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള അണ്‍എയ്ഡഡ്/സി.ബി.എസ്.ഇ/ഐ.സി.എസ്.സി വിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സാമ്പത്തികമായി, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം ഒരുലക്ഷം രൂപയില്‍ താഴെയുള്ളവരായിരിക്കണം.

ഒരു കുടുംബത്തില്‍നിന്ന് രണ്ടു വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് ഈ സ്‌കോളര്‍ഷിപ്പ് ലഭിക്കുക. മൊത്തം സ്‌കോളര്‍ഷിപ്പിന്റെ 30 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തതാണ്.

പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്

ഹയര്‍ സെക്കന്ററി തലത്തിലും കോളേജ് തലത്തിലും പഠിക്കുന്ന ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും, എന്നാല്‍ പഠനത്തില്‍ മികവുറ്റ വിദ്യാര്‍ഥികള്‍ക്കുള്ളതുമാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി.
ഓരോ വാര്‍ഷിക പരീക്ഷയിലും ചുരുങ്ങിയത് 50 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുവാന്‍ സാധിക്കുകയുള്ളൂ. വരുമാന പരിധി രണ്ടു ലക്ഷം രൂപയാണ്. 30 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തില്‍നിന്ന് പരമാവധി രണ്ടു വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് സ്റ്റഡി മെറ്റീരിയല്‍സിനും മറ്റു ചെലവുകള്‍ക്കും കൂടി ഒരു നിശ്ചിത തുക കൂടി സ്‌കോളര്‍ഷിപ്പിനൊപ്പം ലഭിക്കുന്നതാണ്.
www.scholarship.itschool.gov.in എന്ന നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായിട്ടാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 
ഫോണ്‍: 0471-2306580/ 9446096580

മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്

മികച്ച പഠനശേഷിയുള്ള പഠിതാക്കള്‍, എന്നാല്‍ സാമ്പത്തിക ശേഷി കുറഞ്ഞതുമായ സാങ്കേതിക കോഴ്സുകള്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികളെ സഹായിക്കുവാന്‍ വേണ്ടിയാണ് ഈ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ബിരുദ, ബിരുദാനന്തര തലങ്ങളില്‍ ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ് അലവന്‍സ്, മറ്റു വിദ്യാഭ്യാസ ചെലവുകള്‍ എന്നിവക്ക് സാമ്പത്തിക സഹായം നല്‍കുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണ് ഈ സ്‌കോളര്‍ഷിപ്പ് സ്‌കീമിന് മേല്‍നോട്ടം വഹിക്കുന്നത്. ഈ സ്‌കോളര്‍ഷിപ്പിന് അപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ കാണുക:

ന്യൂനപക്ഷ സമുദായത്തില്‍പെട്ട ബിരുദ, ബിരുദാനന്തര സാങ്കേതിക/ പ്രഫഷനല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളായിരിക്കണം അപേക്ഷകര്‍. വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം രൂപയില്‍ താഴെ ആയിരിക്കണം. ഓരോ വാര്‍ഷിക പരീക്ഷയിലും 50 ശതമാനം മാര്‍ക്കെങ്കിലും യോഗ്യതാ പരീക്ഷക്ക് ലഭിച്ചിരിക്കണം. www.momascholarship.nic.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്.

 

സംസ്ഥാന ഫണ്ട് വിനിയോഗിച്ച് സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ ചില പദ്ധതികള്‍

ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ്
എസ്.എസ്.എല്‍.സി/പ്ലസ് ടു/വി.എച്ച്.എസ്.ഇ തുടങ്ങിയ കോഴ്സ് പഠിതാക്കള്‍ അവര്‍ പഠിച്ച എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ്/ 90 ശതമാനം മാര്‍ക്ക് നേടിയവര്‍, ബിരുദത്തിന് 80 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കും ബിരുദാനന്തര ബിരുദത്തിന് 75 ശതമാനം മാര്‍ക്ക് നേടിയവര്‍ക്കുമാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.

ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന ബി.പി.എല്‍ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ 8 ലക്ഷം രൂപ വരുമാന പരിധിയിലുള്ള ന്യൂനപക്ഷ വിഭാഗത്തില്‍ പെടുന്ന മറ്റു വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും.
www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ പിന്നാക്കം നില്‍ക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസപരമായ പുരോഗതി ലക്ഷ്യം വെച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന പദ്ധതിയാണിത്. ബിരുദത്തിനു പഠിക്കുന്ന 3000 വിദ്യാര്‍ഥിനികള്‍ക്ക് 5000 രൂപ വീതവും, ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന 1000 വിദ്യാര്‍ഥിനികള്‍ക്ക് 6000 രൂപ വീതവും, പ്രഫഷനല്‍ കോഴ്സിന് പഠിക്കുന്ന 1000 വിദ്യാര്‍ഥിനികള്‍ക്ക് 7000 രൂപ വീതവും, ഹോസ്റ്റല്‍ സ്റ്റൈപ്പന്റ് 2000 പേര്‍ക്ക് 13,000 രൂപ വീതവും പ്രതിവര്‍ഷം നല്‍കുന്നു. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

പ്രൈവറ്റ് ഐ.ടി.ഐകളില്‍ വിവിധ 
കോഴ്സുകള്‍ക്ക് പഠിക്കുന്ന 
വിദ്യാര്‍ഥികള്‍ക്കുള്ള 
ഫീ-റീ ഇംപേഴ്സ്മെന്റ് സ്‌കീം

സര്‍ക്കാര്‍ അംഗീകൃത പ്രൈവറ്റ് ഐ.ടി.ഐകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ പഠന ഫീസിനത്തില്‍ സ്ഥാപനത്തില്‍ അടച്ച ഫീസ് തിരിച്ചു കൊടുക്കുന്ന പദ്ധതിയാണിത്. പ്രതിവര്‍ഷം 10,000 രൂപ വരെ സഹായം ലഭിക്കാവുന്നതാണ്. ബി.പി.എല്‍ വിദ്യാര്‍ഥികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ബി.പി.എല്‍ വിദ്യാര്‍ഥികളുടെ അഭാവത്തില്‍ 8 ലക്ഷം രൂപ വരെ വരുമാന പരിധിയിലുള്ള മറ്റു വിദ്യാര്‍ഥികള്‍ക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്. ഇതില്‍ 10 ശതമാനം പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media