ഹുവൈരിസ് ആശയക്കുഴപ്പത്തിലാണ്

നജീബ് കീലാനി
ജൂണ്‍ 2024

(പൂര്‍ണ്ണചന്ദ്രനുദിച്ചേ....26)

''വധിക്കപ്പെടേണ്ടവരുടെ കൂട്ടത്തില്‍ അവര്‍ നിങ്ങളെ ഉള്‍പ്പെടുത്തിയിരിക്കുകയാണല്ലോ, ഹുവൈരിസേ?''
അബൂജഹ് ലിന്റെ മകന്‍ ഇക് രിമ, സുഹൃത്ത് ഹുവൈരിസ് ബ്നു നുഖൈദിനോട് പറഞ്ഞു. വിളറിയ മുഖത്തോടെ, അസ്വസ്ഥത പടര്‍ന്ന കണ്ണുകളുമായി ഹുവൈരിസ് ഇക് രിമയെ നോക്കി. അയാള്‍ വളരെയേറെ പിരിമുറുക്കത്തിലായിരുന്നു.
''ഇക് രിമ, വിവരം ഞാനും അറിഞ്ഞു. പക്ഷേ, മുഹമ്മദിന്റെ ഭീഷണിയൊന്നും എന്റെ അടുത്ത് വിലപ്പോവില്ല.''
''നിങ്ങള്‍ എന്താണ് അര്‍ഥമാക്കുന്നത്?''
''അത്തരം ഭീഷണികള്‍ കൊണ്ട് എന്ത് കാര്യം? അത് നടപ്പാക്കാനുള്ള ശക്തിയും ശേഷിയും കൂടി വേണ്ടേ? ആ ഭീഷണി ഏട്ടില്‍ കിടക്കുകയേയുള്ളൂ. ഹുവൈരിസിനെ പിടിക്കാന്‍ മുഹമ്മദിന് കഴിഞ്ഞാല്‍ അറബികള്‍ മൊത്തം മുഹമ്മദിന് കീഴൊതുങ്ങി എന്നാണതിനര്‍ഥം. ആ സാധ്യത എത്രയെത്ര വിദൂരം!''
ഇക് രിമ കളിയായി പറഞ്ഞു: ''ഇച്ചിരി പേടി തോന്നുന്നുണ്ട്, അല്ലേ?''
ഹുവൈരിസ് ക്ഷുഭിതനായി. വാക്കുകള്‍ ഇടറി. ''നിങ്ങളെയൊക്കെ പേടിപ്പെടുത്തുകയാണ് മുഹമ്മദ്. അതാണ് അങ്ങേരുടെ യുദ്ധതന്ത്രം. അത്തരം വേലകളൊന്നും എന്റെ അടുത്ത് നടക്കില്ല. അല്ല ഇക് രിമ, മരണവാറണ്ട് നിനക്കും കിട്ടില്ല എന്നതിന് എന്താണ് ഉറപ്പ്?''
ഇക് രിമ പുഛത്തോടെ ചിരിച്ചു.

''എന്റെ വാള്‍ എന്റെ കൈയില്‍ തന്നെയുണ്ട്. മനോബലവും തലക്കകത്ത് ഭദ്രം. ഒരു കോട്ടവുമില്ല. മുഹമ്മദിന്റെ മതത്തോടുള്ള വെറുപ്പ് എന്റെ മനസ്സില്‍നിന്ന് നീങ്ങുന്ന പ്രശ്നവുമില്ല. വാളുയര്‍ത്തിപ്പിടിച്ച് ഞാന്‍ നേരിടും. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ മരണം. എന്റെ ഭാവിയും നിലപാടുമെല്ലാം നേരത്തെ നിശ്ചയിച്ചുറപ്പിച്ചതാണ്. യാതൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല.''
ഹുവൈരിസ് തിരിച്ച് ചോദിച്ചു.
''നിങ്ങളെപ്പോലെ തന്നെ ഞാനും എന്ന് നിങ്ങള്‍ എന്തുകൊണ്ട് കരുതുന്നില്ല?''
''നിങ്ങള്‍ അങ്ങനെ ആണെങ്കില്‍ വളരെ നല്ലത്.''
ഹുവൈരിസ് അല്‍പ്പനേരം നിശ്ശബ്ദനായി; പിന്നെ പറഞ്ഞു:
''ഞാന്‍ മാത്രമായി എന്ത് കുറ്റകൃത്യമാണ് ചെയ്തത്. മുസ് ലിംകളെ പീഡിപ്പിച്ചതാണെങ്കില്‍, അത് നമ്മളെല്ലാവരും കൂടി ചെയ്തതല്ലേ...''
കൈയുയര്‍ത്തി സംസാരം തടഞ്ഞു ഇക് രിമ.

''അല്ലല്ല. നിങ്ങളുടേത് കുറച്ച് കുഴഞ്ഞ പ്രശ്നമാണ്. മുഹമ്മദിന്റെ മകള്‍, ആസ്വിബ്നു റബീഇന്റെ ഭാര്യ സൈനബ് ഒട്ടകപ്പുറത്ത് മക്കയില്‍നിന്ന് മദീനയിലേക്ക് വരുമ്പോള്‍ നിങ്ങള്‍ അവരെ വാഹനപ്പുറത്ത് നിന്ന് തള്ളിയിട്ടു. ഗര്‍ഭിണിയായിരുന്ന സൈനബിന്റെ ഗര്‍ഭം അലസി. അന്നു മുതല്‍ സൈനബ് രോഗിയാണ്. രക്തവാര്‍ച്ച ഇപ്പോഴും നിലച്ചിട്ടില്ല. അവര്‍ മരണത്തിലേക്ക് നീങ്ങുന്നു എന്നാണ് ഞാന്‍ കേട്ടത്.''
ഹുവൈരിസിന്റെ നില കുറെക്കൂടി പരുങ്ങലിലായി. ''ഇക് രിമാ, സൈനബിനെ ഉപദ്രവിച്ചു എന്നത് നേരാണ്. ഞാന്‍ മകളെ ഉപദ്രവിച്ചുവെങ്കില്‍ നിങ്ങള്‍ വാപ്പയെ തന്നെ ഉപദ്രവിച്ചില്ലേ? അപ്പോള്‍ അതത്ര വലിയ കാര്യമൊന്നുമല്ല.''
ഇക് രിമ അയാളെ ഒന്ന് ചൊടിപ്പിക്കാന്‍ പറഞ്ഞതാവാം. അല്ലെങ്കില്‍, ഉള്ളില്‍ അല്‍പ്പം പേടി ഉണ്ടായിക്കോട്ടെ എന്ന് കരുതിക്കാണും.
''പക്ഷേ ഹുവൈരിസേ, നിന്റെ അതിക്രമം ഒരു സ്ത്രീയോടായിരുന്നു.''
ഈറ പിടിച്ച് ഹുവൈരിസ് ചാടിയെണീറ്റു:
''ഇക്കാര്യത്തില്‍ ആണും പെണ്ണും തമ്മില്‍ എന്ത് വ്യത്യാസം!''

ഹുവൈരിസ് ഇരിപ്പിടം വിട്ടുപോയി. അയാളുടെ കോപവും വിറയും മാറിയിരുന്നില്ല. ഹുവൈരിസ് സൈനബിനോട് ചെയ്തത് മഹാ മണ്ടത്തരം തന്നെയായിരുന്നു. മുഹമ്മദിന്റെ കൊടിയ ശത്രുക്കള്‍ക്ക് അത് ആഹ്ലാദം പകര്‍ന്നിട്ടുണ്ടാവാം. പക്ഷേ, ഭൂരിപക്ഷം മക്കക്കാരെയും സൈനബിനെതിരെ നടന്ന ആക്രമണം ക്ഷുഭിതരാക്കുകയാണ് ചെയ്തത്. ഹുവൈരിസിനെ അവര്‍ ശകാരിക്കുകയും ചെയ്യുന്നുണ്ട്. ഹുവൈരിസിനും അത് അറിയാം. സൈനബിനോട് വലിയ ആദരവാണ് മക്കക്കാര്‍ക്ക്. സൈനബിന്റെ സ്വഭാവ വൈശിഷ്ട്യം അവര്‍ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണ്. വൈവാഹിക ജീവിതം ആടിയുലഞ്ഞപ്പോള്‍ അതിന്റെ പവിത്രത കാക്കാന്‍ അവര്‍ എത്രയാണ് പാടുപെട്ടത്. സൈനബ് ഇസ് ലാം സ്വീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ് ആസ്വിബ്നു റബീഅ് മുസ് ലിമായിട്ടുമില്ല. ഖുറൈശി പ്രമാണിമാരൊക്കെ സൈനബിനെ ത്വലാഖ് ചൊല്ലാന്‍ നിര്‍ബന്ധിക്കുന്നുണ്ട്. പക്ഷേ, ത്വലാഖ് ചൊല്ലാന്‍ അദ്ദേഹം ഒരുക്കമല്ല. ദാമ്പത്യത്തിലെ പവിത്ര സ്നേഹം അവരെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍, വിശ്വാസവും ആദര്‍ശവും ദമ്പതികളെ അകറ്റിനിര്‍ത്തുന്നു. ഈ ആദര്‍ശപ്പോരാട്ടം നയിക്കുന്നതാകട്ടെ ഭാര്യയുടെ സ്വന്തം പിതാവും.

ഇതൊക്കെ ആലോചിച്ച് വീട്ടിലേക്ക് നടക്കുമ്പോള്‍ ഹുവൈരിസിനും തോന്നി- സംഗതി മോശം തന്നെയാണ്. മുഹമ്മദിനോടുള്ള പകയും ഈറയും കാരണം അങ്ങനെ ചെയ്തുപോയി. സൈനബ് യാത്ര ചെയ്യുമ്പോള്‍ അവര്‍ക്ക് നേരെ തെമ്മാടിപ്പിള്ളേരെ ശട്ടം കെട്ടി അയച്ചത് താന്‍ തന്നെയാണ്. ആ വാര്‍ത്ത കേട്ടപ്പോള്‍ മുഹമ്മദിനുണ്ടായ വേദനയും കോപവും- അതാണ് എന്നെ സന്തോഷിപ്പിക്കുന്നത്. ഇനിയൊരവസരം കിട്ടിയാല്‍ അതിലപ്പുറവും ഞാന്‍ ചെയ്യും.

ഹുവൈരിസിന് പെട്ടെന്ന് അക്കാര്യം ഓര്‍മവന്നു. ഒരു രാത്രിയും പകലും കഴിഞ്ഞാല്‍ മുഹമ്മദും സംഘവും ഹുദൈബിയ സന്ധി പ്രകാരം മക്കയിലേക്ക് വരാനിരിക്കുകയാണ്; ഉംറ ചെയ്യാന്‍. അതോര്‍ത്തപ്പോള്‍ ഹുവൈരിസിന് ഇരിക്കപ്പൊറുതിയില്ലാതെയായി. എന്റെ രക്തം ചിന്താന്‍ അനുവാദം കൊടുത്ത മുഹമ്മദ് മക്കയില്‍ കടക്കുകയോ? വരുന്ന വഴി അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ഒരു കഠാരയിറക്കാന്‍ പറ്റുമോ എന്ന് ആലോചിക്കേണ്ട സമയമല്ലേ ഇത്? അങ്ങനെ ചെയ്യാന്‍ പറ്റിയാല്‍ മക്ക ഇളകി മറിയും. രക്തപ്പുഴ ഒഴുകും. ഒഴുകട്ടെ. മുസ് ലിംകള്‍ മക്ക പിടിച്ചെടുത്താലും ഇതു തന്നെയല്ലേ സംഭവിക്കുക.
 

   ഇങ്ങനെയൊക്കെ ആലോചിച്ച് കൂട്ടിയപ്പോള്‍ ഹുവൈരിസിന് അല്‍പ്പം സമാധാനം തോന്നി. ഭ്രാന്തമായ ആവേശത്തോടെ ഹൃദയം പിടപിടക്കുന്നതായി അനുഭവപ്പെട്ടു. താനത് ചെയ്താല്‍ ഒരു മഹാ സംഭവമായിരിക്കുമത്. ചരിത്രം ഗതിമാറിയൊഴുകും. ഹുവൈരിസ്, ഹുവൈരിസ് എന്ന് മാത്രമായിരിക്കും എല്ലാ നാവുകളിലും. ചില അങ്ങാടിപ്പിള്ളേരെ വിട്ട് സൈനബിനെ തള്ളിയിട്ടപ്പോള്‍ അത് ലോകത്തെ നിര്‍ത്തുകയും ഇരുത്തുകയും ചെയ്തെങ്കില്‍, മുഹമ്മദിന്റെ കഥകഴിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക!
അപ്പോഴേക്കും മനസ്സിനെ അലോസരപ്പെടുത്തിക്കൊണ്ട് ആ ചിന്ത ഹുവൈരിസിനെ വട്ടം കറക്കി. ഇനി മുഹമ്മദ് ശരിക്കും നബി തന്നെ ആയിരിക്കുമോ? അങ്ങനെയെങ്കിൽ ശത്രു എയ്യുന്ന അമ്പുകളൊക്കെ ദൈവം തടുക്കില്ലേ? ഇനി അമ്പേറ്റാല്‍ തന്നെ അത് ജീവന്‍ നഷ്ടപ്പെടാത്ത തരത്തില്‍ ആയിരിക്കില്ലേ? ചോദ്യങ്ങള്‍ പെരുകിപ്പെരുകി വന്നപ്പോഴേക്കും വീടെത്തി. ഹുവൈരിസിന് ഒട്ടും ഉന്മേഷം തോന്നിയില്ല. ഭാര്യ അടുത്ത് വന്നു ചോദിച്ചു:
''എന്തു പറ്റി?''
പതുക്കെ അവളുടെ നേരെ തിരിഞ്ഞു. സ്വസ്ഥതയില്ലായ്മ നോട്ടത്തില്‍ കാണാനുണ്ട്. പതുങ്ങിയ ശബ്ദത്തില്‍ അവളോട് ചോദിച്ചു.
''മുഹമ്മദ് പ്രവാചകനാണെന്ന് നീ വിശ്വസിക്കുന്നുണ്ടോ?''
അങ്ങനെയൊരു ചോദ്യം അവള്‍ പ്രതീക്ഷിച്ചിരുന്നില്ല. അവള്‍ അമ്പരപ്പോടെ ചുമല്‍ വെട്ടിച്ചു.
''അതിപ്പോ.... നിങ്ങള്‍ക്ക് അറിയാമല്ലോ...''
''എനിക്കറിയാന്‍ പാടില്ല. അതുകൊണ്ടാണ് ചോദിച്ചത്.'' അയാള്‍ കടുപ്പിച്ചു.
''എനിക്കൊന്നും മനസ്സിലാവുന്നില്ല. നിങ്ങള്‍ മുഹമ്മദിനെ പല്ലും നഖവുമുപയോഗിച്ചു എതിര്‍ക്കുന്നു, അക്രമങ്ങള്‍ അഴിച്ചുവിടുന്നു, അദ്ദേഹത്തിന്റെ മകളെ വരെ ഉപദ്രവിക്കുന്നു.''
''ആ ശപിക്കപ്പെട്ട സംഭവം എന്നെ ഓര്‍മിപ്പിക്കല്ലേ.... ഒരു സ്ത്രീയെ ഉപദ്രവിക്കുന്നത് വളരെ മോശമാണ്. മുഹമ്മദിനെയോ അനുയായികളില്‍ ആരെയെങ്കിലുമോ ആണ് ഉപദ്രവിച്ചിരുന്നതെങ്കില്‍ മനസ്സിങ്ങനെ ഇടുങ്ങുമായിരുന്നില്ല.''
അല്‍പനേരത്തെ മനനത്തിന് ശേഷം ഹുവൈരിസ് തുടര്‍ന്നു:
''എന്റെ ചോദ്യത്തിന് നീ ഉത്തരം പറഞ്ഞില്ല... മുഹമ്മദ് ശരിക്കും നബി തന്നെയാണോ?''
അവള്‍ അമ്പരന്ന് അയാളെ തന്നെ നോക്കുകയാണ്.
''എന്തു പറ്റി നിങ്ങള്‍ക്ക്? ഇങ്ങനെയൊന്നും നിങ്ങള്‍ ചിന്തിക്കാറേ ഇല്ലല്ലോ.''
''നീ എങ്ങനെ ചിന്തിക്കുന്നു എന്നറിയാന്‍ ചോദിച്ചതാണ്.''

''നിങ്ങള്‍ നിങ്ങളുടെ ആലോചനാവൃത്തത്തിനകത്ത് എന്നെ കെട്ടിയിട്ടിരിക്കുകയല്ലേ? നിങ്ങള്‍ ചിന്തിക്കുന്നതല്ലാതെ ഞാന്‍ ചിന്തിച്ചിട്ടുണ്ടോ?''
താന്‍ ചോദിക്കുന്നതിന് അവള്‍ എന്തൊക്കെയോ പറയുകയാണ്. പറയുന്നത് സത്യമാണെന്ന് എങ്ങനെ വിശ്വസിക്കും? മുഹമ്മദ് പ്രവാചകനല്ല എന്നവള്‍ക്ക് തറപ്പിച്ചു പറഞ്ഞുകൂടേ? അവള്‍ പറയുന്നത് സത്യമല്ലെങ്കിലും അതെനിക്കൊരു ആശ്വാസമായേനെ. ഏതായാലും ഇവിടെ നിന്നിട്ട് പ്രയോജനമില്ല. അയാള്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍-
''നിങ്ങള്‍ എങ്ങോട്ടേക്കാണ്?''
''നരകത്തിലേക്ക്.''
''എനിക്കറിയാം എങ്ങോട്ടേക്കാണെന്ന്. എന്റെ അടുത്തു വന്ന് ദൈവത്തെക്കുറിച്ചും പ്രവാചകത്വത്തെക്കുറിച്ചും ചോദിച്ചു. ഇനി പോവുന്നത് സ്വന്തം വെപ്പാട്ടിയുടെ അടുത്തേക്ക്...''
അവള്‍ക്ക് നന്നായി കലി വരുന്നുണ്ടായിരുന്നു. അയാള്‍ അതൊന്നും ശ്രദ്ധിക്കാതെ ഇറങ്ങി നടന്നു. മക്കയില്‍ ഒരു കൈനോട്ടക്കാരത്തി ഉണ്ടല്ലോ. സ്നേഹം, യുദ്ധം, കച്ചവടം എന്തിനെക്കുറിച്ച് ചോദിച്ചാലും അവള്‍ക്ക് എന്തെങ്കിലും പറയാനുണ്ടാകും. അവള്‍ പറയുന്നത് സത്യമായാലും തെറ്റായാലും താന്‍ പ്രശ്നമാക്കാറില്ല. ഇത്തവണ ഒരൊറ്റ ചോദ്യമേ തനിക്ക് കൈനോട്ടക്കാരിയോട് ചോദിക്കാനുള്ളൂ. വൃദ്ധയായ കൈനോട്ടക്കാരിയുടെ അടുത്തെത്തിയപ്പോള്‍ അവളുടെ കൈകളിലേക്ക് കുറച്ച് സ്വര്‍ണ തുട്ടുകള്‍ ഇട്ടുകൊടുത്തിട്ട് പറഞ്ഞു:
''ഒറ്റ ചോദ്യമേയുള്ളൂ. മൂപ്പര്‍ നബിയാണോ, അല്ലേ?''
കൈനോട്ടക്കാരി തിരിച്ചൊരു ചോദ്യം ചോദിച്ചു:
''യഥാര്‍ഥ നബിയാണെങ്കില്‍ നിങ്ങള്‍ വിശ്വസിക്കുമോ?''
''മൂപ്പരെങ്ങനെ നബിയാകാന്‍! അസംഭവ്യം.''
''എന്നാ പിന്നെ എന്തിനാണ് ചോദിക്കുന്നത്?''
''വെറുതെ അറിഞ്ഞിരിക്കാന്‍.''
''ഒരു അറിവ് കൊണ്ട് നിങ്ങളുടെ നിലപാടോ വീക്ഷണമോ ഒന്നും മാറുന്നില്ലെങ്കില്‍ ആ അറിവ് കൊണ്ടുള്ള പ്രയോജനമെന്ത്?''
''ഭാവി ഗണിച്ചു പറയുന്നവളേ, നിലപാടുകളൊന്നും മാറാന്‍ പോകുന്നില്ല. അറിയാന്‍ വേണ്ടി മാത്രമാണ്. പറ, മുഹമ്മദ് നബിയാണോ?''
''ഞങ്ങള്‍ കൈനോട്ടക്കാരുടെ അറിവ് പരിമിതമാണ്.''
''മര്യാദക്ക് പറഞ്ഞോ, അതാ നല്ലത്.''
''പ്രവാചകത്വത്തിന്റെ കാര്യമൊന്നും ഗണിച്ചു പറയാന്‍ പറ്റുന്നതല്ല.''
''എന്നാല്‍ അറിയാന്‍ പറ്റുന്ന വഴി പറഞ്ഞു താ.'
''മുഹമ്മദിനോട് തന്നെ പോയി ചോദിച്ചാല്‍ പോരേ...''
ഹുവൈരിസിന്റെ സകല നിയന്ത്രണവും നഷ്ടപ്പെട്ടു. കൈനോട്ടക്കാരിയുടെ മേല്‍ അയാള്‍ ചാടിവീണു. അവളുടെ കഴുത്ത് പിടിച്ച് ഞെരുക്കി. ആ വൃദ്ധയുടെ ശ്വാസം നിലച്ചു പോയേനെ. അപ്പോഴേക്കും ഹുവൈരിസ് സ്വബോധത്തിലേക്ക് വന്നു. കഴുത്തിലെ പിടിവിട്ടു. അവള്‍ ദീര്‍ഘമായി നിശ്വസിച്ചു:

''ഹുവൈരിസ്, ഇറങ്ങിപ്പോകണം എന്റെ വീട്ടില്‍നിന്ന്.''
അയാള്‍ കൈനോട്ടക്കാരിയുടെ വീട്ടില്‍ നിന്നിറങ്ങി പൊതുവഴിയിലെത്തി. തലക്കകത്ത് തീക്കനലുകള്‍ കത്തിയാളുന്നതു പോലെ. ഇരുട്ടില്‍ കണ്‍മുമ്പിലുള്ളതൊന്നും കാണാന്‍ പറ്റുന്നില്ല. ആഹ്, മുഹമ്മദ് വരികയാണ്, മക്കയിലേക്ക്. രണ്ടായിരം അനുയായികളുമായി. ഒപ്പം കുതിരപ്പടയാളികളുണ്ടാവും. അവര്‍ എല്ലാം നിരീക്ഷിക്കും. ചതിപ്രയോഗമുണ്ടായി എന്നറിഞ്ഞ നിമിഷം അവര്‍ കുന്നുകളില്‍നിന്നും താഴ് വരകളില്‍നിന്നും ഊരിപ്പിടിച്ച വാളുകളുമായി ഓടിയെത്തും. പക്ഷേ, അവര്‍ക്ക് കൊലയാളിയെ കണ്ടെത്താനാവില്ല. ഞാന്‍ ഏതെങ്കിലും ഗുഹയില്‍ ഒളിഞ്ഞിരിക്കുകയാവും. അല്ലെങ്കില്‍ മരുഭൂമിയില്‍ വേഷപ്രഛന്നനായി നടക്കുന്നുണ്ടാവും. ഹുവൈരിസ് മുഹമ്മദിനെ വധിച്ചു എന്ന് ജനം പറയുന്നുണ്ടാവും. ഒന്നുകില്‍ എന്റെ തലയില്‍ ഒരു കിരീടം വന്നു വീഴും, അല്ലെങ്കില്‍ എന്റെ ശരീരം മരുഭൂമിയിലെ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണമായിട്ടുണ്ടാവും. മുഹമ്മദ് വിജയിച്ചാല്‍ ഞാന്‍ കൊല്ലപ്പെട്ടത് തന്നെ. ഏതായാലും ശത്രുവിനെതിരെ ആയുധം പ്രയോഗിക്കുകയല്ലാതെ എന്റെ മുമ്പില്‍ മറ്റൊരു വഴിയില്ല. എങ്കിലേ ശത്രു തോല്‍ക്കൂ. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും എനിക്കൊരു കാര്യം അറിയണം.... മൂപ്പര്‍ നബിയാണോ? മുഹമ്മദിനോടും അനുയായികളോടും തനിക്ക് കഠിന വെറുപ്പാണെങ്കിലും, ഈ വിവരം അറിഞ്ഞേ പറ്റൂ. കൈനോട്ടക്കാരിയോട് വിവരം തിരക്കിയപ്പോള്‍ അവള്‍ എന്നെ കൊച്ചാക്കി, അപമാനിച്ചു.

ഹുവൈരിസ് ആലോചിച്ചു. ഇനി എങ്ങോട്ട് പോകും? വീട്ടിലേക്കോ? അവിടെ ഭാര്യയുണ്ട്. അവളുടെ തണുത്തുറഞ്ഞ നോട്ടം കാണുമ്പോഴേ കലി പതഞ്ഞു കയറും. അവളോടുള്ള വെറുപ്പ് കൂടി വരികയാണ്. ഏതെങ്കിലും കൂട്ടുകാരുടെ അടുത്തേക്ക് പോയാലോ? തന്നെ വധിക്കാന്‍ മുഹമ്മദ് അനുവാദം നല്‍കിയത് അവരും അറിഞ്ഞുകാണും. അവര്‍ക്ക് കളിയാക്കാന്‍ മറ്റൊരു വിഷയവും വേണ്ടിവരില്ല.

എങ്കില്‍ മക്കയുടെ തെക്കന്‍ പ്രാന്തത്തിലുള്ള ആ എത്യോപ്യക്കാരി നര്‍ത്തകിയില്ലേ, അവളുടെ അടുത്തേക്ക് പോകാം. സ്വന്തം ഭാര്യ വെപ്പാട്ടി എന്ന് വിളിക്കുന്ന സ്ത്രീ. അവിടെ നേരം വെളുക്കുവോളം കള്ളും നൃത്തവും പാട്ടും കൂത്തും തന്നെയായിരിക്കും. അവിടെ അങ്ങനെ മയങ്ങിയിരിക്കാം. ചിന്തകളൊന്നും ശല്യപ്പെടുത്താന്‍ വരില്ല. ആരും തന്നെ വിസ്തരിക്കുകയുമില്ല.

(തുടരും) 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media