സുബൈര്‍ ടെലഫോണെടുത്ത് ലതികയെ വിളിച്ചു.
''യേസ് സാര്‍...''
''ലതേ, നിങ്ങള്‍ ഒ.ടി, ഐ.സി.യു, കാഷ്വാലിറ്റിയില്‍ അവിടത്തെ സ്വാബ് ടെസ്റ്റ് ചെയ്യാന്‍ പറയണം. കൂടാതെ ഒമ്പതാമത്തെ മുറി ഫ്യൂമിഗേറ്റ് ചെയ്യാനും മറക്കരുത്.''
''ഓക്കെ സാര്‍, ചെയ്യാം.''
ആസിഫ് ഓടിക്കിതച്ച് സുബൈറിന്റെ മുറിയിലെത്തി.
''സാര്‍, ഒരു ടെലിഗ്രാം ഉണ്ട്.''
ആകാംക്ഷയോടെ സുബൈര്‍ കവര്‍ പൊട്ടിച്ചു വായിച്ചു.
''ഉപ്പൂപ്പ ഈസ് നോ മോര്‍.''
സുബൈര്‍ കുറെ നേരം ആ സന്ദേശം നോക്കി നിര്‍ന്നിമേഷനായി നിന്നു. എന്ത് പറഞ്ഞാലും ഉപ്പൂപ്പയുടെ മനസ്സില്‍ സുബൈറിന് നല്ല സ്ഥാനമുണ്ടായിരുന്നു. അവന്‍ ആ പഴയകാലം അനുസ്മരിച്ചു.
അന്ന് ഞാന്‍ പാടത്തുനിന്ന് ക്ഷീണിതനായി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഉപ്പൂപ്പ വിളിച്ചു:
''സുബൈറേ വാടാ...ഇവിടെ കയറിയിട്ട് പോ...''
ഞാന്‍ മുറ്റത്ത് നിന്ന് കൈയും മുഖവും കഴുകി വീട്ടിലെ വരാന്തയില്‍ കയറി. അമ്മായിമാര്‍ രണ്ട് പേരും വാതില്‍ക്കല്‍ എനിക്ക് അഭിമുഖമായി നിന്നു:
''ഇരിക്കെടാ.... അകത്ത് കയറിയിരിക്ക്.''
അമ്മായിമാരുടെ നേരെ തിരിഞ്ഞ് അവരോടായി:
''ഇവന് വിശന്ന് കാണും, എന്തെങ്കിലും കൊടുക്ക്.''
അവര്‍ രണ്ടുപേരും അകത്തേക്ക് പോയി. വീടിന്റകത്ത് ചെളിയാക്കേണ്ടെന്ന് കരുതി ഞാന്‍ വരാന്തയിലെ തിണ്ണയില്‍ ഇരുന്നു. ഉപ്പൂപ്പ അവിടെയുണ്ടായിരുന്ന ചാരുകസേരയിലും.
''എന്തായെടാ, വടക്കേ മൂല മുഴുവനും ഉഴുതു കഴിഞ്ഞോ?''
''ഊം''
അവന്‍ മൂളി.
''ഇത് തന്നെയാടാ നിന്നെ ഞാന്‍ സ്‌കൂളില്‍ അയക്കാന്‍ വിസമ്മതിച്ചത്. ഇവിടെ രണ്ടെണ്ണമുണ്ട്, ഒന്നിനും കൊള്ളൂല. അവരെ ഏല്‍പിച്ചാല്‍ കൃഷിയാകെ നാശമാകും. ഒന്നും നടക്കൂല.... എനിക്കാണെങ്കില്‍ വയസ്സും.... ഇനിയെത്ര നാള്‍.''
ഉപ്പൂപ്പ നെടുവീര്‍പ്പിട്ടു...
''അല്ലാതെ നിന്നോട് ദേഷ്യമുണ്ടായിട്ടോ സ്നേഹമില്ലാഞ്ഞിട്ടോ അല്ല...''
ഉപ്പൂപ്പ തന്റെ വലതുകൈ സുബൈറിന്റെ ശിരസ്സില്‍വെച്ച് പ്രാര്‍ഥിച്ചു:
''നീ നല്ല ചെക്കനാ.... സ്നേഹമുള്ളോനാ. അന്യന്റെ വേദന അറിയുന്നോനാ... നീ നന്നാവും. ഒരുപാട് നന്നാവും. അല്ലാഹു നിന്നെ കൈവിടില്ല.''
സുബൈറിന്റെ കണ്ണുനീര്‍ തുള്ളികള്‍ ടെലിഗ്രാമില്‍ വീണു. മനസ്സ് നിയന്ത്രിക്കാനാകാതെ കണ്ണ് തുടച്ച് അവന്‍ ഡോക്ടര്‍ ചന്ദ്രന്റെ മുറിയിലെത്തി.
''എന്തുപറ്റി സുബൈറേ.... നിങ്ങള്‍ വളരെ ടെന്‍ഷനിലാണല്ലോ?''
സുബൈര്‍ ഒന്നും സംസാരിക്കാതെ തന്റെ കൈയിലുള്ള ടെലഗ്രാം ഡോക്ടര്‍ക്ക് കൊടുത്തു. സംഗതി മനസ്സിലാക്കിയ ഡോക്ടര്‍ സീറ്റില്‍ നിന്നെഴുന്നേറ്റ് അവന്റെ ചുമലില്‍ തട്ടി ആശ്വസിപ്പിച്ചു.
''ബി.... ബ്രേവ് സുബൈര്‍. ഈ ലോകത്ത് സമയമാവുമ്പോള്‍ എല്ലാവര്‍ക്കും പോകേണ്ടതല്ലേ....? സുബൈര്‍, ബോസ് സ്ഥലത്തില്ലാതെ എന്ത് ചെയ്യാനാ..... അദ്ദേഹത്തിന്റെ സ്വഭാവം നിനക്കറിയുന്നതല്ലേ.....? അദ്ദേഹം ഫിലിപ്പെന്‍സിലാണ്. നാളെ രാത്രി കുവൈത്തിലെത്തും. എത്തിയ ഉടനെ നിങ്ങള്‍ക്ക് നാട്ടിലേക്ക് പോകാം.''
''ഏതായാലും എനിക്ക് കാണാന്‍ പറ്റില്ല. പിന്നെ ഞാനെന്തിനാ നാട്ടില്‍ പോകുന്നത്! ഞാന്‍ ഉപ്പാനെ വിളിച്ച് പറയാം.''
താമസസ്ഥലത്തേക്ക് പോയി. അവിടുന്ന് ഉപ്പാനെ വിളിച്ച് സംസാരിച്ചു. ഡ്രസ്സ് മാറാതെതന്നെ സുബൈര്‍ കട്ടിലില്‍ കിടന്നു. പണ്ട് ഉപ്പൂപ്പാനെ പറ്റിച്ചു നടന്ന കഥകളൊക്കെ അവന്റെ സ്മൃതിമണ്ഡലത്തില്‍ തെളിഞ്ഞു.
ഞാന്‍ കോളേജില്‍ പോകാനായി കടത്തുവഞ്ചിയില്‍ കയറിയപ്പോള്‍ ഉപ്പൂപ്പ അടക്കാച്ചാക്ക് തലയില്‍വെച്ച് തോണിയില്‍ നില്‍ക്കുന്നു. രണ്ട് മക്കളും ഇരുന്നിട്ടുണ്ട്. സുബൈര്‍ കൈയിലിരിക്കുന്ന പുസ്തകം സഹപാഠിയെ ഏല്‍പ്പിച്ചു.
''എണീക്കെടാ.... എന്റെ ഉപ്പൂപ്പ ഇരിക്കട്ടെ.'' സഹപാഠി എഴുന്നേറ്റ സീറ്റില്‍ ഉപ്പൂപ്പാനെയിരുത്തി അടയ്ക്കാചാക്ക് സുബൈര്‍ ചുമന്ന് നിന്നു.
''വേണ്ടെടാ.... കോളേജില്‍ പോണ നിന്റെ ഡ്രസ്സ് ചീത്തയാകും.''
''അതൊന്നും സാരമില്ല.''
പട്ടണത്തിലെ കടയിലെത്തിയപ്പോള്‍ സുബൈര്‍ പോകാനൊരുങ്ങി.
''നില്‍ക്കെടാ....''
അയാളുടെ അരപ്പട്ടയില്‍നിന്ന് ഒരുറുപ്പികയുടെ നോട്ടെടുത്ത് അവന്റെ കൈയില്‍ കൊടുത്തു.
''വേണ്ട ഉപ്പൂപ്പാ, ഉപ്പ തന്നിട്ടുണ്ട്.''
''വാങ്ങെടാ....''
അവന്‍ വാങ്ങിച്ചു. ആദ്യമായിട്ടായിരുന്നു അവന് ഒരുറുപ്പിക ഉപ്പൂപ്പ തന്നത്. ഒരണ, രണ്ടണ... എപ്പോഴെങ്കിലും അധികം തന്നിട്ടുള്ളത് നാലണയായിരുന്നു.
കോളിംഗ് ബെല്‍ ശബ്ദം കേട്ട് സുബൈര്‍ ഓര്‍മയില്‍ നിന്ന് ഞെട്ടി. വാതില്‍ തുറന്ന സുബൈര്‍ അത്ഭുതസ്തബ്ധനായി.
''അല്ലാഹുവേ, എന്താ ഞാനീ കാണുന്നത്?''
''സ്വപ്നമൊന്നുമല്ല. എന്താ.... എനിക്കിവിടെ വന്നുകൂടേ?''
''ഇതൊരു ബാച്ചിലര്‍ താമസിക്കുന്ന.... അതും ഒറ്റയ്ക്ക്.... ഇവിടെ നീ വന്നാല്‍.... എന്താണ് ഷാഹിനാ നീയീ ചെയ്യുന്നത്?''
''ഓഫീസില്‍ പോയിരുന്നു. അതുകൊണ്ടാ ഞാന്‍ അനുശോചനമറിയിക്കാന്‍ ഇങ്ങോട്ട് വന്നത്.''
ഷാഹിന അകത്ത് കയറി സോഫയില്‍ ഇരുന്നു. ആസിഫ് അകത്തെ മുറിയില്‍ കിടന്നുറങ്ങുന്നു.
''സുബൈര്‍ച്ച വിഷമിക്കരുത്. ഇവിടെ എല്ലാവര്‍ക്കും എന്നെ അറിയാം.''
''ഇത് നിന്റെ ഉപ്പ അറിഞ്ഞാല്‍ എന്റെ പാസ്പോര്‍ട്ട് വാങ്ങി കുത്തിവിടും.''
''സുബൈര്‍ച്ചാ.... പേടിക്കേണ്ട. അങ്ങനെയൊന്നും ഉണ്ടാവില്ല. ഞാന്‍ കാസിംച്ചാന്റെ മകളാണ്.''
''നിനക്കതൊക്കെ പറയാം. അദ്ദേഹത്തിന്റെ തെറി മുഴുവന്‍ ഞാന്‍ കേള്‍ക്കണം.''
അവള്‍ ഇടയ്ക്കിടെ സുബൈറിനെ നോക്കി.
''ആളൊരു വായനാപ്രിയനാണെന്ന് തോന്നുന്നു.''
''ഇങ്ങനെയൊക്കെ വായിക്കുന്ന ഒരാള്‍ എന്തുകൊണ്ടാണ് മെഡിസിന്‍ പഠനം ഇടയ്ക്ക് നിര്‍ത്തിയത്...? ജനങ്ങള്‍ക്ക് നല്ലൊരു ഡോക്ടറെ നഷ്ടമായില്ലേ?''
ഭയപ്പെട്ട സുബൈര്‍ തന്റെ റൂമിന്റെ വാതില്‍ മലര്‍ക്കെ തുറന്നു. മണല്‍ക്കാറ്റ് ആഞ്ഞുവീശി.
''നിങ്ങള്‍ എന്തിനാണ് പേടിക്കുന്നത്?''
''നിനക്ക് അതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല... ഷാഹിന ഇവിടെ വരാന്‍ പാടില്ലായിരുന്നു.''
''അതൊക്കെ നിങ്ങളുടെ തോന്നലാ, എനിക്ക് എന്നെക്കുറിച്ച് നന്നായറിയാം.''
''അത് നിന്റെ കളങ്കമറ്റ സ്വഭാവഗുണം. നമ്മളെപ്പോലെയാണോ മറ്റുള്ളവര്‍?''
''ഉപ്പാനോട് വിവരങ്ങള്‍ ഞാന്‍ ധരിപ്പിക്കും. സുബൈറിന്റെ തൊട്ടടുത്തുള്ള വേറൊരു കസേരയില്‍ അവള്‍ ഇരുന്നു. സംസാരം തുടര്‍ന്നു.
''നിങ്ങളെക്കുറിച്ചും എനിക്ക് നന്നായറിയാം. അല്ലാതെ വല്ലവരുടെയും റൂമില്‍ കേറിപ്പോകുന്ന വ്യക്തിയൊന്നുമല്ല ഞാന്‍.''
അവള്‍ സംസാരിക്കുമ്പോള്‍, അവളുടെ വാക്കുകളില്‍ ദുഃഖവും ദേഷ്യവും കലര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുബൈര്‍ അവളോട് കുറച്ച് അടുത്തിരുന്നു.
''ഷാഹിനേ, നിന്നെ വിഷമിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. നീ ചെറുപ്പമാണ്. നമ്മള്‍ കരുതുന്നത് പോലെയല്ല ആള്‍ക്കാര്‍, അത് നീ മനസ്സിലാക്കണം.''
ഷാഹിന തറപ്പിച്ചു പറഞ്ഞു.
''ഐ ഡോണ്ട് കെയര്‍ എനിബഡി.''
അവള്‍ അവിടെ നിന്നെഴുന്നേറ്റ്...
''ഇവിടെയൊന്നുമില്ലേ?''
അടുക്കള ഭാഗത്തേക്ക് നടന്നുപോകുമ്പോഴാണ് ആസിഫ് കിടന്നുറങ്ങുന്നത് കണ്ടത്.
''ആസിഫേ... നീയെന്താ ഇവിടെ?''
അവന്‍ പെട്ടെന്ന് ചാടിയെഴുന്നേറ്റു. അവിചാരിതമായി ഷാഹിനയെ കണ്ടപ്പോള്‍ അവനൊന്ന് ഞെട്ടി.
''ഞാന്‍ സുബൈര്‍ സാറിന്റെ കൂടെ വന്നതാണ്.''
''അപ്പോള്‍ ഡ്യൂട്ടിയില്ലേ?''
''ഇതെന്നെ ഡ്യൂട്ടി.''
''എന്ത് ഉറങ്ങലാ....?''
ആസിഫ് ചിരിച്ചു. അവിടെ നിന്നെഴുന്നേറ്റ് സ്വീകരണ മുറിയിലേക്ക് നടന്നു.
''സുബൈര്‍ സാറിന്റെ ഉപ്പ മരിച്ച വിവരം അറിയാല്ലോ. അതുകൊണ്ട് സര്‍ ഒറ്റയ്ക്ക് ബോറടിക്കുന്നത് കൊണ്ട് വന്നതാ...''
''നല്ല ആളാണ്, അതിന് വന്നിട്ട് കിടന്ന് ഉറങ്ങലാ....?''
അവള്‍ അടുക്കളയിലേക്ക് നടന്നു.
''ഞാനൊരു ചായ ഉണ്ടാക്കിത്തരാനാണ് ചോദിച്ചത്.''
അവള്‍ അടുക്കളയിലെ അലമാരകളൊക്കെ പരതി. പഞ്ചസാര മാത്രം ഉണ്ട്.
''ചായപ്പൊടി ഇവിടെയില്ലേ....? എന്ത് വീടാണിത്?''
''ഞാന്‍ വേഗത്തില്‍ വാങ്ങിവരാം.''
ആസിഫ് പറഞ്ഞപ്പോഴേക്കും അറ്റന്‍ഡര്‍ ഹസ്സന്‍ വന്നു. എന്തോ അത്ഭുതത്തോടെ ഷാഹിനയെ നോക്കി.
''ഞാന്‍ സാറിന്റെ ടിഫിന്‍ പാത്രം കൊണ്ടുപോകാന്‍ വന്നതാണ്.''
''നീ ചായപ്പൊടിയും ഒരു പാക്കറ്റ് പാലും കൊണ്ടുവരണം.'' അവള്‍ പേഴ്സ് തുറന്ന് പണം എടുക്കാന്‍ തുനിഞ്ഞു. സുബൈര്‍ എഴുന്നേറ്റു.
''ഞാന്‍ തരാം.''
അവന്‍ ഷാഹിനയുടെ നേരെ തിരിഞ്ഞ് ''എന്തിനാണ് ഷാഹിനാ ഇതൊക്കെ. കാസിംച്ച അറിഞ്ഞാല്‍ ഞാന്‍ തെറിച്ചത് തന്നെ.''
''ഞാന്‍ കാരണം നിങ്ങള്‍ക്ക് ഒരു വിഷമവും ഉണ്ടാകില്ല.''
അവര്‍ സംസാരിക്കുന്നതിനിടയില്‍ റഷീദ്, പ്രഭാകരന്‍, ജലീല്‍, ഇബ്രാഹീം തുടങ്ങിയവര്‍ വന്നു. സുബൈര്‍ എല്ലാവരോടും ഇരിക്കാന്‍ പറഞ്ഞു. ഇബ്രാഹീം പറഞ്ഞു.
''പ്രഭാകരന്‍ പറഞ്ഞാണ് വിവരമറിഞ്ഞത്.''
''അതെ, അവനെ ഞാന്‍ വിളിച്ചിരുന്നു.'' ഇബ്രാഹീം അടുക്കളയിലേക്ക് നോക്കി സുബൈറിനോട് ചോദിച്ചു:
''ഇതാരാണ് സുബൈറേ...?''
സുബൈര്‍ ഷാഹിനയെ നോക്കി.
''എന്റെ ബോസിന്റെ മകള്‍.''
''ശരി, എനിക്കറിയാം, പഠിക്കാന്‍ വളരെ മിടുക്കിയാണെന്ന് നമ്മുടെ കാസര്‍കോട് അബ്ബാസ് പറയാറുണ്ട്.''
ഇബ്രാഹീം അവളോട് ചോദിച്ചു:
''എന്തായി മോളേ എന്‍ട്രന്‍സ് കോച്ചിംഗ്?''
അവര്‍ സംസാരിച്ചുകൊണ്ടിരിക്കെ ഹസ്സന്‍ സാധനങ്ങളുമായി വന്നു. ഷാഹിന അതൊക്കെ വാങ്ങി. ''നിങ്ങള്‍ക്കെല്ലാവര്‍ക്കും ഞാന്‍ ചായ ഉണ്ടാക്കാം.''
''വേണ്ട മോളേ, നീ അവിടെയിരിക്ക്, ഞാനുണ്ടാക്കാം.''
ഇബ്രാഹീം അടുക്കളയില്‍ പോകാന്‍ എഴുന്നേറ്റു.
''വേണ്ട ഇബ്രാഹിംച്ച, ചായ ഞാനുണ്ടാക്കും. കൂടാതെ ആസിഫും ഉണ്ട്.''
അവള്‍ സോസ് പാന്‍ കഴുകി. സ്റ്റൗ കത്തിച്ചു. ആ നീല ഗ്യാസ് ജ്വാല ഷാഹിനയുടെ കണ്ണുകളില്‍ അഗ്നി പോലെ തിളങ്ങി. ആസിഫ് ചായ ഉണ്ടാക്കാന്‍ തുടങ്ങി.
''ആര്‍ക്കെങ്കിലും സാൻഡ്‌വിച്ച് വേണോ? രണ്ടെണ്ണമേയുള്ളൂ, നമുക്ക് പീസ് പീസ് ആക്കാം.''
റഷീദ് ഉത്തരം നല്‍കി.
''ഞങ്ങളൊക്കെ ഭക്ഷണം കഴിച്ച് വന്നതാ. നിങ്ങള്‍ കഴിക്ക്.''
''ഞാനൊന്നും കഴിച്ചിട്ടില്ല.''
സുബൈര്‍ ഷാഹിനയുടെ കൈയില്‍നിന്ന് സാൻഡ്‌വിച്ച് വാങ്ങിയപ്പോള്‍ തെല്ല് അവളെ സ്പര്‍ശിച്ചു പോയി, ചൂടായ സ്ഫടികത്തില്‍ തൊട്ടപോലെ. അവന്‍ കഴിക്കാന്‍ തുടങ്ങി. ഷാഹിന ചായ ഉണ്ടാക്കുന്ന തിരക്കിലും. ഉപ്പൂപ്പയുടെ പഴയ കഥകളും അനുഭവങ്ങളും സുഹൃത്തുക്കളുമായി പങ്കുവെച്ച് ഒരുപാട് സമയം സംസാരിച്ച് ചായയും കഴിച്ച് അവര്‍ സുബൈറിനോട് യാത്ര പറയാന്‍ പോകുമ്പോള്‍ ഇബ്രാഹീം പറഞ്ഞു:
''നമ്മുടെ ഹജ്ജിന് പോക്ക്. ഞാന്‍ പോയി ബുക്ക് ചെയ്തു. മലയാളി ഗ്രൂപ്പില്‍ സീറ്റില്ലാത്തതിനാല്‍, പാകിസ്താനി ഗ്രൂപ്പില്‍ ചേര്‍ന്നു.''
''ഏത് ഗ്രൂപ്പായാലും തരക്കേടില്ല. ഇബ്രാഹിംച്ച, നമുക്ക് ഹജ്ജ് ചെയ്താല്‍ മതി.''
''അതു തന്നെ സുബൈറേ.''
ഇബ്രാഹീമിനെ റഷീദ് പിന്തുണച്ചു. അവരെല്ലാവരും സുബൈറിനോട് യാത്ര പറഞ്ഞിറങ്ങി. സുബൈറിന്റെ ഉപ്പൂപ്പാക്ക് വേണ്ടി പ്രാര്‍ഥിച്ചു. ഒപ്പം ഷാഹിനയും ഇറങ്ങി. ഇറങ്ങുമ്പോള്‍ ഷാഹിന സുബൈറിനോട് മെല്ലെ മൊഴിഞ്ഞു:
''സുബൈര്‍, നിങ്ങളുടെ ഹൃദയം വിതുമ്പുന്നത് ഞാന്‍ അറിയുന്നു. എന്റെ ഹൃദയം നിങ്ങള്‍ക്കായി തുടിക്കുന്നു.''
''ബൈ....''
(തുടരും)