ഐശ്വര്യം വില്‍ക്കുന്നവര്‍

മുഹമ്മദ് റാഫി
december 2022
പണത്തോടുള്ള ആര്‍ത്തികൊണ്ട് തട്ടിപ്പുകാരുടെ വലയില്‍ വീണ് ലക്ഷങ്ങള്‍ തുലച്ച കേസുകള്‍ തെളിയിക്കാനായതിന്റെ അനുഭവങ്ങള്‍ റിട്ട.ക്രൈം ബ്രാഞ്ച് പോലീസുദ്യോഗസ്ഥന്‍ പങ്കുവെക്കുന്നു.

പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്നപ്പോഴാണ് നരബലിയും തട്ടിപ്പും മാരണവും നടത്തുന്ന പഴയ തട്ടിപ്പ് സംഘങ്ങളെ കുറിച്ച് ആലോചിക്കുന്നത്. അന്ധവിശ്വാസവും അനാചാരങ്ങളും ഇവരുടെ മുഖമുദ്രയാണ്. ഞാന്‍ പോലീസ് സര്‍വീസിലായിരിക്കെ ചില മോഷ്ടാക്കളെ പിടിക്കുമ്പോള്‍ അവര്‍ പറയുന്നത്, തങ്ങള്‍ മോഷണത്തിനു മുമ്പ് പൂജ ചെയ്തിട്ടാണ് വരുന്നത് എന്നാണ്. പള്ളിയില്‍ നിന്നും അമ്പലങ്ങളില്‍ നിന്നും ചരടുകള്‍ വാങ്ങി കൈയിലും അരയിലും വാഹനങ്ങളിലും കെട്ടിവരുന്ന ധാരാളം കുറ്റവാളികളെ കണ്ടിട്ടുണ്ട്. എല്ലാവരുടെയും ലക്ഷ്യം എളുപ്പത്തില്‍ പണമുണ്ടാക്കണം, ചിലയാളുകള്‍ക്ക് വീട്ടില്‍ ഐശ്വര്യം ഉണ്ടാകണം എന്നെല്ലാമാണ്. ഇതിന്റെ പേരില്‍ എത്ര കൊലപാതകങ്ങളും തട്ടിപ്പുകളും നടന്നാലും അറിഞ്ഞാലും ജനങ്ങള്‍ പഠിക്കുന്നില്ല.
   ഒരിക്കല്‍ തൃശ്ശൂര്‍ ജില്ലയിലെ ഒരു ടെക്‌സ്‌റ്റൈല്‍സില്‍ ഉത്തരേന്ത്യക്കാരായ സ്ത്രീകള്‍ അടക്കമുള്ള നാലംഗ സംഘം വന്ന് ഒരു ടവ്വല്‍ വാങ്ങി. അതിനു ശേഷം സംഘത്തിലെ ഒരാള്‍ കടയുടമയെ പരിചയപ്പെട്ടു. അയാള്‍ ഒരു വെള്ളിനാണയം എടുത്ത് കടയുടമയെ കാണിച്ചു. ലഖ്‌നൗവിലെ വീട്ടുവളപ്പില്‍ വൃക്ഷത്തൈ നടാന്‍ കുഴിയെടുത്തപ്പോള്‍ ഒരു കുടത്തില്‍നിന്ന് കിട്ടിയതാണ് ഈ നാണയം എന്നും ഇതിന്റെ കൂടെ മഞ്ഞനിറത്തിലുള്ള കുറെ മാലകള്‍ ഉണ്ടെന്നും ആ മാലകള്‍ സ്വര്‍ണം ആണെന്നും അതൊന്നു പരിശോധിക്കണം എന്നും അവരാവശ്യപ്പെട്ടു. പിറ്റേന്ന് ഒരു ബിഗ് ഷോപ്പറില്‍ മാലകളുമായി എത്തി അതില്‍നിന്ന് മൂന്ന് മണികള്‍ പൊട്ടിച്ച് കടക്കാരന് നല്‍കി. കടയുടമ ഈ മണികള്‍ ഒരു ജ്വല്ലറിയില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ നല്ല സ്വര്‍ണം തന്നെ. സംഘത്തിലുള്ളവര്‍ പിറ്റേന്ന് വന്ന്, മാലകള്‍ വേണമെങ്കില്‍ വില്‍ക്കാം എന്നായി. അഞ്ച് കിലോ വരുന്ന മാലകള്‍ക്ക് 5 ലക്ഷം രൂപയാണ് വില പറഞ്ഞത്. അഡ്വാന്‍സായി പതിനായിരം രൂപയും. മാലകളുമായി വരുമ്പോള്‍ ബാക്കിയും തരാമെന്നവരേറ്റു. അങ്ങനെ 5 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. പക്ഷേ കടയുടമക്ക് ചില സംശയങ്ങള്‍ തോന്നി. മൂന്നു മണികള്‍ ഒറിജിനലാണെങ്കിലും മാലക്കൂട്ടങ്ങള്‍ മുഴുവന്‍ സ്വര്‍ണമായിരിക്കും എന്ന് എങ്ങനെ ഉറപ്പിക്കും?
കുറച്ചുനാള്‍ മുമ്പ് കൊടുങ്ങല്ലൂരിലുള്ള മറ്റൊരു ടെക്‌സ്‌റ്റൈല്‍സ് ഉടമയെ 1500 ലധികം വ്യാജ സ്വര്‍ണനാണയങ്ങള്‍ കാണിച്ച് കബളിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയിരുന്നു. കടയുടമ ഇക്കാര്യം, എക്‌സൈസില്‍ ജോലി ചെയ്തിരുന്ന ഞങ്ങളുടെ സുഹൃത്ത് കെ.എം അബ്ദുല്‍ ജമാലിനെ ധരിപ്പിച്ചു. അദ്ദേഹം ഞങ്ങളെ വിവരം അറിയിച്ചു. പിറ്റേന്ന്  ഞങ്ങള്‍ വേഷം മാറി കടയുടെ പരിസരത്ത് നിലയുറപ്പിച്ചു. വൈകാതെ ഉത്തരേന്ത്യന്‍ സംഘം കടയിലെത്തി. കടയുടമ ഞങ്ങള്‍ നേരത്തെ നല്‍കിയ നിര്‍ദേശപ്രകാരം അഞ്ച് ലക്ഷം രൂപ എണ്ണിയെടുക്കുന്നതായി ഭാവിച്ചു. ഇതിനിടയില്‍ ഞങ്ങള്‍ കടയിലേക്ക് ചെന്നു. വ്യാജ സ്വര്‍ണമാലകള്‍, വെള്ളിനാണയങ്ങള്‍, വ്യാജ ഐഡന്റിറ്റി കാര്‍ഡുകള്‍ തുടങ്ങിയവ സംഘത്തിന്റെ കൈയില്‍ നിന്ന് പിടിച്ചെടുത്തു. കേരളത്തില്‍ തട്ടിപ്പുകള്‍ നടത്താന്‍ വളരെ എളുപ്പമാണെന്ന് അവര്‍ പറഞ്ഞു. യു.പി ഇബ്രാഹിംപൂര്‍ സ്വദേശികളായ ദത്തന്‍, മിഷോര്‍, ശിങ്കാര്‍, ഗുഡിയ തുടങ്ങിയവരാണ് അന്ന് ഞങ്ങളുടെ പിടിയിലായത്.
ഇത്തരത്തിലുള്ള കുറ്റവാളി സംഘങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും സമാന തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ അവരുടെ തട്ടിപ്പിന്റെ ശൈലിയില്‍ മാറ്റമുണ്ട്. നിധി നേടാന്‍ ശ്രമിച്ചു എന്ന നാണക്കേട് മൂലം പണം പോയവര്‍ പലപ്പോഴും വിവരം പുറത്ത് പറയാറില്ല എന്ന് മാത്രം. ചിലയാളുകള്‍ പൈസ പോയ വിഷമത്താല്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അമിതലാഭം ഉണ്ടാക്കാനുള്ള ആഗ്രഹമാണ് അവരെ തട്ടിപ്പുകാരുടെ ഇരകളാക്കുന്നത്.
 അന്തിക്കാട് സ്വദേശിയായ സനിലിന്റെ അമ്മയെ തൃശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തില്‍ വച്ച് മീര എന്നൊരാള്‍ പരിചയപ്പെട്ടു. അമ്മയുടെ കൂടെ പെന്‍ഷന്‍ വാങ്ങാന്‍ ട്രഷറി ഓഫീസിലും പിന്നെ വീട്ടിലും അവര്‍ എത്തി. പൂജ ചെയ്ത് ദുരിതങ്ങള്‍ മാറ്റാം എന്ന് അമ്മയെ വിശ്വസിപ്പിച്ച് അന്നവിടെ തങ്ങി. പൂജയിലൂടെ സ്വര്‍ണാഭരണങ്ങളും പണവും ഇരട്ടിപ്പിക്കാം എന്നായിരുന്നു വാഗ്ദാനം. അതിനായി വീട്ടിലുണ്ടായിരുന്ന ആഭരണങ്ങളും പണവും മീരാദേവി വാങ്ങിവെച്ചു. പൂജ ചെയ്ത ആഭരണവും സ്വര്‍ണവും മീര തന്നെ അലമാരയില്‍ വച്ചു പൂട്ടി. എട്ടു മണിക്കൂര്‍ കഴിഞ്ഞേ തുറക്കാവൂ എന്ന നിര്‍ദേശവും നല്‍കി. തുടര്‍ന്ന് അലമാര തുറന്ന് ആഭരണവും പണവും കൈക്കലാക്കി രക്ഷപ്പെടുകയായിരുന്നു.
ഒറ്റപ്പാലത്തുള്ള സിന്ധുവിനെ ഇതേ സ്ത്രീ പരിചയപ്പെടുന്നത് ഇന്ദിര എന്ന പേരിലാണ്. സിന്ധുവിന്റെ മകളുടെ മൂത്ത കുട്ടി നേരത്തെ മരിച്ചിട്ടുണ്ട് എന്നു മനസ്സിലാക്കിയ മന്ത്രവാദിനി രണ്ടാമത്തെ കുട്ടിക്ക് വലിയ ആപത്ത് വരാന്‍ പോകുന്നുവെന്നും ചിലപ്പോള്‍ മരണം വരെ സംഭവിക്കാം എന്നും പറഞ്ഞു ഭയപ്പെടുത്തുകയായിരുന്നു. സിന്ധുവിന്റെ വീടും പുരയിടവും വാങ്ങാന്‍ തയ്യാറാണെന്നും പണം ബാങ്കില്‍ സ്ഥിരനിക്ഷേപമായി ഇട്ടിരിക്കുന്നതിനാല്‍ ഉടനെ തരാനാകില്ലെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. മാത്രമല്ല, സിന്ധുവിന്റെ വീട് തല്‍ക്കാലം ബാങ്കില്‍ പണയം വെച്ച് മൂന്ന് ലക്ഷം രൂപ തരണമെന്നും ശട്ടം കെട്ടി. ബാങ്കില്‍ നിന്നു ലോണ്‍ പെട്ടെന്നു ശരിയാകാതിരുന്നതിനാല്‍ ആ തന്ത്രം വിജയിച്ചില്ല. ഏതായാലും കുട്ടിയുടെ ദോഷം മാറ്റാന്‍ പൂജ നടത്തുന്നതിനു വീട്ടില്‍ സ്വര്‍ണവും ഒറ്റ രൂപ നാണയങ്ങളും വാങ്ങി വയ്ക്കാന്‍ ആവശ്യപ്പെട്ട് മന്ത്രവാദിനി പോയി. അടുത്ത ദിവസം ഇവര്‍ വീണ്ടും എത്തിയപ്പോഴേക്കും വീട്ടുകാര്‍ നിര്‍ദേശം പാലിച്ചിരുന്നു. പൂജാദ്രവ്യങ്ങള്‍ ഗുരുവായൂര്‍ അമ്പലനടയില്‍ വെച്ച് തൊഴുതതിനു ശേഷമേ അലമാരയില്‍ നിന്ന് പൂജിച്ച ആഭരണങ്ങള്‍ എടുക്കാവൂ എന്ന് പറഞ്ഞു ഗുരുവായൂരിലേക്കു വീട്ടുകാരെയും കൂട്ടി പോയ മന്ത്രവാദിനി തനിക്ക് മറ്റൊരാളെ കാണാനുണ്ടെന്നു പറഞ്ഞു സ്ഥലം വിട്ടു. ഉടമസ്ഥര്‍ വീട്ടിലെത്തി അലമാര തുറന്നു നോക്കിയപ്പോള്‍ പൂജിച്ച സ്വര്‍ണാഭരണങ്ങളിരുന്ന പൊതിയില്‍ ഒരു മാങ്ങയണ്ടി മാത്രം...
തിരുവനന്തപുരം സ്വദേശിയായ ഈ സ്ത്രീ കേരളത്തില്‍ പല ജില്ലകളിലും ഇതേ തരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ട്. ചില തമിഴ് സ്ത്രീകളും ഇത്തരം തട്ടിപ്പ് നടത്താറുണ്ട്. അമ്പലങ്ങളില്‍ വച്ച് വയസ്സായ സ്ത്രീകളെ പരിചയപ്പെടുകയാണ് ഇവരുടെ തട്ടിപ്പിന്റെ ആദ്യപടി. തമിഴ് സ്ത്രീകളാണെങ്കില്‍, വിശ്വാസവും ഭക്തിയുമൊക്കെ പ്രകടിപ്പിച്ച് വൃദ്ധരായ സ്ത്രീകളുടെ വിശ്വാസം നേടിയെടുത്തിട്ട് അവരുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കും. ആണുങ്ങള്‍ ഇല്ലാത്ത വീടുകളായിരിക്കും കൂടുതലും ഇവര്‍ തെരഞ്ഞെടുക്കുക. വീട്ടില്‍ ആരൊക്കെയുണ്ടെന്നു സംസാരത്തിലൂടെ മനസ്സിലാക്കിയ ശേഷമായിരിക്കും ഇവരുടെ നീക്കങ്ങള്‍.
അപരിചിതരായ ആളുകളെ ഒരൊറ്റ ദിവസത്തെ പരിചയത്തില്‍ വീടുകളിലേക്ക് ക്ഷണിക്കുന്നതും വിശ്വാസത്തിലെടുക്കുന്നതും നല്ലതല്ല. വീടുകളില്‍ ജോലിക്കു നിര്‍ത്തുന്നവരുടെ ശരിയായ വിലാസവും വിവരങ്ങളും അറിഞ്ഞിരിക്കണം. എളുപ്പത്തില്‍ പണമുണ്ടാക്കാമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നും വാഗ്ദാനം ചെയ്തു വരുന്നവരെ കരുതിയിരിക്കണം. എളുപ്പത്തില്‍ പണമുണ്ടാക്കാനും സ്വര്‍ണം ഇരട്ടിപ്പിക്കാനും കഴിയുമെങ്കില്‍ എന്തിന് ഈ മനുഷ്യര്‍ ഇങ്ങനെ നാടുചുറ്റി അലയണം എന്നു ചിന്തിച്ചാല്‍ തീരാവുന്നതേയുള്ളൂ ഇവരിലുള്ള വിശ്വാസം.
2010 ഏപ്രില്‍ 21ന് ചെന്ത്രാപ്പിന്നിയിലുള്ള ഒരു തിയേറ്ററിനു പിറകിലെ പഞ്ചായത്ത് കുളത്തില്‍ വികൃതമാക്കപ്പെട്ടതും ചീഞ്ഞളിഞ്ഞതുമായ ഒരു മൃതദേഹം കാണപ്പെട്ടു. പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പലയാളുകളുമായി ഇടപാടുകള്‍ നടത്തി ജ്വല്ലറി പൂട്ടേണ്ടി വന്ന തമ്പിയുടെ മൃതദേഹമാണതെന്ന് മനസ്സിലായി. തുടര്‍ന്ന് അയാള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. അയാള്‍ സ്ഥിരമായി വിളിച്ചിരുന്ന ഒരു ശ്രീജേഷ്, നാഗമാണിക്യവും റൈസ് പുള്ളറും നല്‍കാമെന്ന് പറഞ്ഞ് ആളുകളില്‍നിന്ന് പണം വാങ്ങി തട്ടിപ്പ് നടത്തുന്ന സംഘത്തിലെ അംഗമായിരുന്നു. ആളുകള്‍ക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്ന വസ്തുക്കളാണ് നാഗമാണിക്യവും റൈസ് പുള്ളറും എന്നാണ് പ്രചാരണം. മൃതശരീരം കുളത്തില്‍ കണ്ടതറിഞ്ഞു പൊലീസെത്തുമ്പോള്‍ ശ്രീജേഷും വന്നിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ശ്രീജേഷിന് എല്ലാം പറയേണ്ടി വന്നു. ശ്രീജേഷിന്റെ കൂടെ കല്ലേറ്റുംകരയിലുള്ള സനീഷ്, ചൂലൂര്‍ ഭാഗത്തുള്ള തയ്യില്‍ രാജന്‍ എന്നിവര്‍ കൂടിയുണ്ടെന്നറിഞ്ഞതിനെ തുടര്‍ന്ന് ഞങ്ങള്‍ രണ്ടുപേരെയും തന്ത്രപരമായി പിടികൂടി. കൊല്ലപ്പെട്ട തമ്പിയും പ്രതികളും നാഗമാണിക്യം, റൈസ് പുള്ളര്‍ തട്ടിപ്പ് ബിസിനസില്‍ പങ്കാളികളായിരുന്നു. പ്രതികള്‍ പലരില്‍ നിന്നും പണം കടം വാങ്ങി 28 ലക്ഷത്തോളം രൂപ കൊല്ലപ്പെട്ട തമ്പിയുടെ കൈയില്‍ ഏല്‍പിച്ചിരുന്നുവത്രേ... തമ്പി വിവിധ സംസ്ഥാനങ്ങളില്‍ നാഗമാണിക്യത്തിനും റൈസ് പുള്ളറിനുമായി നടന്നു. ഒന്നര വര്‍ഷം കഴിഞ്ഞിട്ടും നാഗമാണിക്യമോ റൈസ് പുള്ളറോ ലഭിക്കാത്തതിനെ തുടര്‍ന്ന, പറ്റിക്കുകയാണെന്ന ധാരണയില്‍ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിച്ചു. കൊലപ്പെടുത്തിയ ശേഷം, കത്തികൊണ്ട് വയറു കീറി മൂന്നുപേരും ഒരു വലിയ കല്ലെടുത്തു കൊണ്ടുവന്ന് തമ്പിയുടെ ദേഹത്തു വച്ച് കയര്‍ കൊണ്ട് വരിഞ്ഞു കെട്ടി മൃതദേഹം കുളത്തിലേക്ക് തള്ളിയിട്ടു.
വയര്‍ കീറി കഴിഞ്ഞാല്‍ മൃതശരീരം വെള്ളത്തില്‍ പൊന്തി വരില്ല എന്ന അറിവ് കിട്ടിയത് 'ഉത്തമന്‍' എന്ന സിനിമയില്‍ നിന്നാണെന്നു പ്രതികള്‍ പറഞ്ഞു. മൃതദേഹം കുളത്തില്‍ പൊങ്ങിയപ്പോള്‍ പൊലീസിനെ സഹായിക്കുന്നതിന് പ്രതികളും ഉണ്ടായിരുന്നു. മൃതശരീരം അഴുകുന്നതിന്റെ ദുര്‍ഗന്ധം കുളത്തില്‍ നിന്നു വന്നാല്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി കോഴിയുടെ അവശിഷ്ടം വാങ്ങി ചാക്കിലാക്കി കുളത്തില്‍ ഇട്ടിരുന്നു.
കേരളത്തിലും പുറത്തും ആര്‍. പി (റൈസ് പുള്ളര്‍), എന്‍ എം (നാഗമാണിക്യം) എന്ന പേരില്‍ അറിയപ്പെടുന്ന തട്ടിപ്പുകളില്‍ പെട്ട് ധാരാളം കൊലപാതകങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതേവരെയും ആരും കണ്ടിട്ടില്ലാത്ത സംഗതികളുടെ പേരു പറഞ്ഞു പണം വാങ്ങുന്ന തട്ടിപ്പുസംഘങ്ങള്‍ക്ക് ഇവിടെ വിലസാന്‍ കഴിയുന്നതു ദൗര്‍ഭാഗ്യകരമാണ്. സംസ്ഥാനത്തിനു പുറത്തോ മറ്റോ കോടിക്കണക്കിനു രൂപ ഈ വസ്തുക്കള്‍ക്ക് വിലയുണ്ടെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും പണത്തോട് ആര്‍ത്തിയുള്ള ആളുകളില്‍നിന്ന, ഇത് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് ലക്ഷക്കണക്കിന് രൂപ അഡ്വാന്‍സ് വാങ്ങുകയുമാണ് ചെയ്യുന്നത്.
ഈ രണ്ടു സാധനങ്ങളും കൃത്രിമമായി നിര്‍മിക്കുകയും ആവശ്യമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആളുകളെ പ്രവര്‍ത്തിപ്പിച്ചു കാണിക്കുകയും ചെയ്തുകൊണ്ടാണ് തട്ടിപ്പ് വ്യാപകമാക്കുന്നത്. അരിയിട്ടാല്‍ റൈസ് പുള്ളര്‍ പെട്ടെന്നു കയറിപ്പിടിക്കുന്നതൊക്കെ കാണിച്ചു കൊടുത്ത് ലക്ഷക്കണക്കിനു രൂപ തട്ടിപ്പുകാര്‍ കേരളത്തില്‍ നിന്നു കൊണ്ടുപോയിട്ടുണ്ട്. പലരും പരാതിപ്പെടുകയോ പുറത്തു പറയുകയോ ചെയ്തിട്ടില്ലെന്നു മാത്രം. ഇത്തരം ധാരാളം തട്ടിപ്പ് വാര്‍ത്തകള്‍ പുറത്ത് വന്നിട്ടുണ്ട്; ബോധവത്കരണങ്ങളും നടക്കുന്നുണ്ട്. എന്നിട്ടും ധാരാളം പേര്‍ പുതുതായി ഈ തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നു, ലക്ഷങ്ങള്‍ തുലക്കുന്നു. പല പണക്കൈമാറ്റങ്ങളും വഴക്കുകളിലും കൊലപാതകങ്ങളിലും കലാശിക്കുന്നു. പണത്തോടുള്ള ആര്‍ത്തി കൈയിലുള്ള പണവും ജീവന്‍ തന്നെയും നഷ്ടപ്പെടുത്തുകയാണെന്ന് ഇത്തരം കേസുകള്‍ തെളിയിക്കുന്നു.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media