നരബലിക്ക് അവസാനമില്ലേ?

എ. ജമീല ടീച്ചര്‍
december 2022
ജ്യോത്സ്യന്മാരെയും ഭാവി പ്രവചിക്കുന്ന മുല്ലമാരെയുമെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്ന കാലത്തേ നരബലി പോലുള്ള ക്രൂരകൃത്യങ്ങള്‍ അവസാനിക്കുകയുള്ളൂ.

പണത്തോടുള്ള ആര്‍ത്തിയും അന്ധവിശ്വാസങ്ങളും കൂടി ലയിച്ച മനസ്സ്. അത്തരം മനസ്സുള്ളവര്‍ ജീവിക്കുന്ന കാലത്തോളം കേരളത്തില്‍ ആഭിചാരം, ക്ഷുദ്ര ക്രിയകള്‍, മനുഷ്യക്കുരുതി മുതലായവയെല്ലാം നടന്നേ തീരൂ. ഭഗവൽ സിംഗ്, ലൈല എന്നിവരുടെ കുടുംബത്തിലേക്ക് ഐശ്വര്യ ദേവത കനിയേണ്ടതിനായി രണ്ട് സ്ത്രീകളെയാണ് നരബലി നടത്തിയത്. കൃത്യം ചെയ്ത ക്രൂരന്‍ മുഹമ്മദ് ശാഫി എന്ന മുസ്‌ലിം പൂജാരിയും. സാക്ഷര കേരളത്തിന് തലകുനിയാന്‍ ഇതില്‍പരം എന്തു വേണം. പക്ഷേ, കൂടുതലായി ഒന്നും സംഭവിച്ചില്ല. രണ്ട് മൂന്ന് ദിവസത്തോളം പത്രമാധ്യമങ്ങള്‍ വാര്‍ത്തയാക്കി. പോലീസ് അന്വേഷണവും നടന്നു. ആഴ്ചകള്‍ പിന്നിടുമ്പോള്‍ മറ്റൊരു വാര്‍ത്ത കിട്ടിയപ്പോള്‍ എല്ലാവരും അത് മറന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്  മൂവാറ്റുപ്പുഴയില്‍ നടന്ന ഒരു നരബലി ഓര്‍മ വരുന്നു. സുബൈര്‍ കുട്ടി എന്ന പത്തു വയസ്സുള്ള വിദ്യാര്‍ഥിയാണ് നരബലിക്ക് ഇരയായത്. കൂട്ടുകാരെല്ലാം സ്‌കൂള്‍ വിട്ട് സ്വന്തം വീടുകളിലേക്ക് തുള്ളിച്ചാടി പുറപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ അവന്‍ മാത്രം ഡസ്‌കില്‍ തലവെച്ച് തേങ്ങിക്കരയുകയാണ്. 'സ്‌കൂള്‍ വിട്ടില്ലേ, വീട്ടില്‍ പോകുന്നില്ലേ?' കൂട്ടുകാര്‍ തിരക്കി. അതിനൊരു തേങ്ങലായിരുന്നു മറുപടി. 'കൂട്ടുകാരെ ഇന്ന് ഞാന്‍ വീട്ടില്‍ പോയാല്‍ നാളെ എന്നെ ഈ സ്‌കൂളില്‍ നിങ്ങള്‍ കാണില്ല. ഇന്ന് രാത്രി എന്റെ വീട്ടില്‍ ഒരു മനുഷ്യക്കുരുതി നടക്കുന്നുണ്ട്. എന്നെയാണ് അവര്‍ കുരുതി കൊടുക്കുന്നത്. വീട്ടിലെവിടെയോ മറഞ്ഞിരിക്കുന്ന ഒരു നിധി കണ്ടെത്താനാണ് പോലും.' തൊണ്ട ഇടറിക്കൊണ്ട് അവന്‍ പറഞ്ഞൊപ്പിച്ചു. 'മനുഷ്യക്കുരുതിയോ? അതൊന്നുമുണ്ടാവില്ല. എല്ലാം നിന്റെ തോന്നലുകളായിരിക്കും.' കൂട്ടുകാര്‍ അവനെ സമാധാനിപ്പിച്ചു.
അവന്‍ വീട്ടിലെത്തി. സുബൈര്‍ കുട്ടി സംശയിച്ചതു പോലെ തന്നെ വീട്ടില്‍ നരബലിക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. സഹോദരിമാര്‍ അവനെ കുളിപ്പിച്ചു. മേലാകെ ഭസ്മം പൂശി. ചുവന്ന മുണ്ടുടുപ്പിച്ചു. പൂജാരിയുടെ ബലിക്കല്ലില്‍ മലര്‍ത്തിക്കിടത്തി. സഹോദരിമാര്‍ അമര്‍ത്തിപ്പിടിച്ചു. പൂജാരി കര്‍മങ്ങള്‍ ആരംഭിച്ചു. 'അവന്റെ കണ്ണുകള്‍ രണ്ടും പിഴതെടുക്കുക' പൂജാരി ആക്രോശിച്ചു. സഹോദരിമാര്‍ അവന്റെ രണ്ട് കണ്ണുകളും ചൂഴ്‌ന്നെടുത്ത്, പൂജാരിയുടെ മുന്നില്‍ വെച്ചു കൊടുത്തു. 'അവന്റെ നാക്ക് അരിഞ്ഞെടുക്കുക.' പൂജാരി ഗര്‍ജിച്ചു. അവര്‍ അവന്റെ കൊച്ചു നാക്ക് അരിഞ്ഞെടുത്ത് പൂജാരിയുടെ കിണ്ണത്തിലിട്ടു കൊടുത്തു. 'അവന്റെ വയര്‍ പിളര്‍ന്ന് ചൂടുള്ള മലം പുറത്തേക്കെടുക്കുക' പൂജാരി അലറി വിളിച്ചു. സഹോദരിമാര്‍ ആ ക്രൂരകൃത്യവും ചെയ്തു. അപ്പോഴേക്കും ആ കൊച്ചു ബാലന്റെ ആത്മാവ് എങ്ങോ പോയിമറഞ്ഞു. മണിക്കൂറുകള്‍ പിന്നിട്ടു. പൂജാരി വാഗ്ദത്തം ചെയ്തതു പോലെ നിധി പൊങ്ങിവന്നില്ല. സഹോദരിമാര്‍ക്ക് ബേജാറായി. 'ഞങ്ങള്‍ക്ക് നിധി വേണ്ടാ. ഞങ്ങളുടെ കുഞ്ഞാങ്ങളയുടെ ജീവന്‍ തിരിച്ചു കിട്ടിയാല്‍ മതി.' അവര്‍ ആര്‍ത്തലച്ചു കരഞ്ഞു. പക്ഷേ, നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുനല്‍കാന്‍ പൂജാരിക്ക് കഴിയില്ലല്ലോ. അയാള്‍ നിസ്സഹായനായി കൈമലര്‍ത്തി.
ഇതൊക്കെ അറിയപ്പെട്ട നരബലികള്‍. ഇതുപോലെ അറിയപ്പെടാത്തത് എത്രയെണ്ണം കേരളത്തില്‍ നടക്കുന്നുണ്ടെന്ന് ആരറിഞ്ഞു. ഈ പ്രാവശ്യം പത്മിനി, റോസ്‌ലി എന്നീ രണ്ട് കുടുംബിനികളാണ് നരബലിക്കിരയായത്. മക്കളും പേരമക്കളുമൊക്കെയായി ജീവിച്ചുവന്നവര്‍. ഏതോ ഒരു ദുര്‍വിധി അവരെ ഭഗവത് സിംഗിന്റെ വീട്ടിലെത്തിച്ചു. നിഷ്ഠൂരമായ ആ നീച കൃത്യത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. അമ്മമാര്‍ നഷ്ടപ്പെട്ട അവരുടെ മക്കള്‍ വാവിട്ട് കരഞ്ഞത് മാത്രം ബാക്കിയായി. ഇതുപോലെ വീടുകളില്‍നിന്ന് തിരോധാനം ചെയ്ത എത്രയെത്ര സ്ത്രീകളും കുട്ടികളുമല്ലാം നരബലികള്‍ക്ക് ഇരയായിട്ടുണ്ടാവും?

കൊലപാതകം വന്‍ പാപം
കൊലപാതകം ഇസ്‌ലാമില്‍ വധശിക്ഷയര്‍ഹിക്കുന്ന കുറ്റമാണ്. ''ഒരാള്‍ അകാരണമായി അല്ലെങ്കില്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാനാഗ്രഹിച്ചു കൊണ്ട് മറ്റൊരാളെ കൊലപ്പെടുത്തിയാല്‍ അവന്‍ നാട്ടിലുള്ള മുഴുവന്‍ മനുഷ്യരെയും കൊലപ്പെടുത്തിയതിന് തുല്യമാകും. ഒരാള്‍ മറ്റൊരാളെ ജീവിക്കാന്‍ സഹായിച്ചാല്‍ അത് ലോകത്തുള്ള മുഴുവന്‍ മനുഷ്യരെയും ജീവിക്കാന്‍ സഹായിച്ചതു പോലെയുമാകുന്നു.'' (അല്‍ മാഇദ:3)
മനുഷ്യവംശത്തിന്റെ ഏകത്വവും സമാധാനപരമായ സഹവര്‍ത്തിത്വവുമാണ് ഈ സൂക്തം പഠിപ്പിക്കുന്നത്. ഒരു കൊലപാതകം സമൂഹത്തെ മുഴുവന്‍ ഭീതിദമാക്കുന്നു. അതിന് പ്രതിവിധിയുണ്ടായില്ലെങ്കില്‍ സമൂഹത്തിലെ ഓരോ വ്യക്തിയെയും അരക്ഷിതബോധം പിടികൂടുന്നു. നരബലി ശിക്ഷാര്‍ഹമായ വന്‍ പാപമാണ്.  
''നാം തൗറാത്തില്‍ ജൂതജനത്തിനുവേണ്ടി വിധി രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു: ജീവനു പകരം ജീവന്‍, കണ്ണിനു കണ്ണ്, മൂക്കിനു മൂക്ക്, ചെവിക്കു ചെവി, പല്ലിനു പല്ല്. എല്ലാ പരിക്കുകള്‍ക്കും തത്തുല്യമായ പ്രതിക്രിയ. എന്നാല്‍, വല്ലവനും പ്രതിക്രിയ മാപ്പാക്കുകയാണെങ്കില്‍ അതവനുള്ള പ്രായശ്ചിത്തമാകുന്നു. അല്ലാഹു അവതരിപ്പിച്ച നിയമങ്ങളനുസരിച്ചു വിധി നടത്താത്ത ജനം അതിക്രമകാരികള്‍ തന്നെയാകുന്നു.''(അല്‍മാഇദ 45) നബി (സ) മുസ്‌ലിംകള്‍ക്കിടയിലുണ്ടായിരുന്ന ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നത് ഈ സൂക്തത്തില്‍ പറഞ്ഞ നിയമം അനുസരിച്ച് തന്നെയായിരുന്നു. കൊലപാതകത്തിന്റെ ഗൗരവമാണ് ഈ സൂക്തങ്ങളെല്ലാം ചൂണ്ടിക്കാണിക്കുന്നത്. നരബലി അവസാനിപ്പിക്കാനുള്ള ഉചിതമായ  മാര്‍ഗം ഇതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുക തന്നെയാണ്. മറ്റൊന്ന,് തെറ്റിന് തക്കതായ ശിക്ഷ നല്‍കുക എന്നതും. ശിക്ഷ നടപ്പില്‍ വരുത്താനുള്ള അവകാശം കോടതികള്‍ക്കും രാജ്യത്തെ നിയമനിര്‍മാണത്തിനുമാണുള്ളത്. അവര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കട്ടെ. പ്രതികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കാനും നരബലിയുടെ നിര്‍മാര്‍ജനത്തിനും ഏറ്റവും പര്യാപ്തമായ മാര്‍ഗം അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാനുള്ള നിയമം കൊണ്ടുവരികയാണ്.

നിര്‍ഭയത്വം, 
ഏകദൈവ വിശ്വാസത്തിന്റെ മഹത്വം
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ആവശ്യമാണ് നിര്‍ഭയത്വത്തോടെ ജീവിക്കല്‍. എപ്പോഴും, എന്തിനെയും ഭയപ്പെട്ടുകൊണ്ടിരിക്കുന്നവന് ഒരിക്കലും സമാധാനം ഉണ്ടാവുകയില്ല. ദൈവത്തിലേക്കടുക്കേണ്ടതിനായി അവന്‍ പല സാങ്കല്‍പിക സൃഷ്ടികളെയും ഇടയാളന്മാരാക്കിക്കൊണ്ടിരിക്കും. ഭൂതം, പ്രേതം, കുട്ടിച്ചാത്തന്‍, കാളി... തുടങ്ങിയ സങ്കല്‍പങ്ങളെ പൂജിക്കുക, അവയെ തൃപ്തിപ്പെടുത്തേണ്ടതിനായി ആഭിചാര ക്ഷുദ്ര കൃത്യങ്ങള്‍ ചെയ്യുക തുടങ്ങിയവ ഇവരുടെ പതിവായിരിക്കും. ഇത്തരം ആഭിചാര ക്രിയകളാണ് പിന്നീട് നരബലികളൊക്കെയായി മാറുന്നത്. കറകളഞ്ഞ ഏകദൈവ വിശ്വാസിക്ക് ഒരിക്കലും ഇത്തരം ക്ഷുദ്ര കൃത്യങ്ങളില്‍ ഏര്‍പ്പെടാനോ അതില്‍ വിശ്വസിക്കാനോ സാധിക്കുകയില്ല. അവനതിന്റെ ആവശ്യവുമുണ്ടാവില്ല. ആഭിചാരത്തില്‍ വിശ്വസിക്കുന്നവര്‍, അദൃശ്യമായ നിലക്ക് നന്മയും തിന്മയും കൊണ്ടുവരാനും ശത്രുക്കളെ ഹനിക്കാനും മറ്റുള്ളവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നു. ഐശ്വര്യമുണ്ടാക്കാനായി ദേവീ പ്രീതിക്ക് വേണ്ടി നരബലി നടത്തുന്നതും ഏകദൈവ വിശ്വാസത്തിന്റെ ബലഹീനത കൊണ്ടാണ്. ജ്യോത്സ്യന്മാരെ സമീപിക്കലും അവരോട് അദൃശ്യകാര്യങ്ങള്‍ ചോദിക്കലുമെല്ലാം ഇസ്‌ലാം വിലക്കിയ കാര്യങ്ങളാണ്. ഇബ്‌നു മസ്ഊദ് (റ) നിവേദനം ചെയ്യുന്നു. നബി(സ) അരുളി: 'വല്ലവനും ജ്യോത്സ്യനെയോ മാരണം ചെയ്യുന്നവനെയോ സമീപിക്കുകയും എന്നിട്ട് അവന്‍ പറഞ്ഞതിനെ സത്യപ്പെടുത്തുകയും ചെയ്താല്‍ നിശ്ചയം അവന്‍ മുഹമ്മദ് നബിക്ക് ഇറക്കിയതില്‍ അവിശ്വസിച്ചു.'' (ബസ്സാര്‍)

ഇബ്‌റാഹീമും ബലി കര്‍മവും
പൂര്‍വ വേദക്കാരിലെല്ലാം നരബലി നിലനിന്നിരുന്നു. ഇബ്‌റാഹീമി(അ)നോട് പരീക്ഷണാര്‍ഥം അല്ലാഹു സ്വന്തം പുത്രനെ ബലിയറുക്കണമെന്ന് ഒരു സ്വപ്‌നദര്‍ശനത്തിലൂടെ അറിയിച്ചു. ''എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: 'എന്റെ കുഞ്ഞു മകനേ, ഞാന്‍ നിന്നെ അറുക്കണമെന്ന് സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ, നീ എന്താണ് അഭിപ്രായപ്പെടുന്നത്.' അവന്‍ പറഞ്ഞു: 'എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കാണപ്പെടുന്നതാണ്്.' (അസ്സ്വാഫാന്‍ 102) അങ്ങനെ കൃത്യനിര്‍വഹണത്തിന് അദ്ദേഹം തയാറായപ്പോള്‍ അതിനെ വിലക്കിക്കൊണ്ട് അല്ലാഹുവിന്റെ കല്‍പന വന്നു. 103 മുതല്‍ 106 വരെയുള്ള വചനങ്ങള്‍ പറയുന്നു: ''അങ്ങനെ അവരിരുവരും കല്‍പനക്ക് കീഴ്‌പ്പെടുകയും അവനെ ചെന്നിമേല്‍ ചെരിച്ച് കിടത്തുകയും ചെയ്ത സന്ദര്‍ഭം. നാം അവനെ വിളിച്ചുപറഞ്ഞു: ഹേ ഇബ്‌റാഹീം, തീര്‍ച്ചയായും നീ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. തീര്‍ച്ചയായും അപ്രകാരമാണ് നാം സദ്‌വൃത്തര്‍ക്ക് പ്രതിഫലം നല്‍കുന്നത്. തീര്‍ച്ചയായും ഇത് സ്പഷ്ടമായ പരീക്ഷണം തന്നെയാണ്.'' ശേഷം അല്ലാഹു ഇറക്കിക്കൊടുത്ത ബലിമൃഗത്തെ അറുത്തുകൊണ്ട് അദ്ദേഹം കല്‍പന നിര്‍വഹിച്ചു. അതോടെ മനുഷ്യനെ ബലിയര്‍പ്പിക്കുക എന്ന ദുഷ്‌കര്‍മം എന്നെന്നേക്കുമായി ഇസ്്‌ലാം ഇല്ലാതാക്കുകയും ചെയ്തു.

ജാഹിലിയ്യാ കാലത്ത്
ജാഹിലിയ്യാ കാലത്തും നരബലി നടപ്പുണ്ടായിരുന്നു. പ്രവാചകന്റെ ഉപ്പാപ്പ അബ്ദുല്‍ മുത്തലിബ് തന്നെ തന്റെ ഒരു മകനെ ബലിയറുക്കാന്‍ തീരുമാനിച്ചിരുന്നതായി ചരിത്രത്തില്‍ കാണാം. പ്രവാചകന്‍ കൊണ്ടുവന്ന ഏകദൈവ വിശ്വാസമാണ് അദ്ദേഹത്തില്‍നിന്ന് അത്തരം ദുഷ്‌കര്‍മങ്ങളെ തുടച്ചുനീക്കിയത്. മനുഷ്യസമൂഹത്തില്‍നിന്ന് ഈ ദുഷ്‌കൃത്യം തുടച്ചു മാറ്റണമെങ്കില്‍ കറകളഞ്ഞ ഏകദൈവ വിശ്വാസത്തിന് മാത്രമേ സാധിക്കൂ. അതോടൊപ്പം, ഇത്തരം അന്ധവിശ്വാസങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ തലത്തില്‍ കര്‍ശന നിയമം കൊണ്ടുവന്ന് നടപ്പില്‍ വരുത്താനുള്ള ധൈര്യം കാണിക്കുകയും വേണം. ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ മറ്റുള്ളവര്‍ ഇത്തരം അന്ധവിശ്വാസങ്ങളില്‍നിന്ന് അകന്നുനില്‍ക്കൂ. മനുഷ്യ ജീവന് വില കല്‍പിക്കുക എന്നതാണ് അതിനാവശ്യം. കുറ്റമറ്റ പോലീസ് അന്വേഷണം നടത്തി, കേരളത്തില്‍നിന്ന് തിരോധാനം ചെയ്യപ്പെട്ടവര്‍ ഇത്തരം നരബലികള്‍ക്ക് ഇരയായിട്ടില്ല എന്നുറപ്പ് വരുത്തേണ്ടത് നിയമ വ്യവസ്ഥിതിയുടെ ബാധ്യതയാണ്. ജ്യോത്സ്യന്മാരെയും ഭാവി പ്രവചിക്കുന്ന മുല്ലമാരെയുമെല്ലാം നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്ന കാലത്തേ നരബലി പോലുള്ള ക്രൂരകൃത്യങ്ങള്‍ അവസാനിക്കുകയുള്ളൂ.
l

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media