നമ്മുടെ ഭരണഘടനക്കും ജനാധിപത്യ ബോധ്യങ്ങള്‍ക്കും വലിയ പരിക്കാണ് കേന്ദ്ര ഗവണ്‍മെന്റ് നയങ്ങള്‍ ഏല്‍പ്പിക്കുന്നത്. ബഹുസ്വരതയുടെ സാംസ്‌കാരിക സമന്വയത്തെയും രാഷ്ട്രീയ പ്രബുദ്ധതയുടെ അടയാളമായ ഫെഡറല്‍ സംവിധാനത്തെയും മാനിക്കുന്നതില്‍ ഗവണ്‍മെന്റ് വരുത്തുന്ന വീഴ്ച ബോധപൂര്‍വമാണ്. ന്യൂനപക്ഷ വിഭാഗങ്ങളെ, പ്രത്യേകിച്ച് മുസ്ലിംകളെ രണ്ടാം തരം പൗരന്മാരായിട്ടാണ് കാണുന്നത്. ഭരണഘടനാ പരിരക്ഷ പോലും നിഷേധിക്കുന്നത് ഭരണ മികവായി കാണിക്കുന്നു. കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും മുത്തലാഖ് നിരോധന നിയമം കൊണ്ടുവന്നതും പൗരത്വ ഭേദഗതി നിയമം, ഏക സിവില്‍കോഡ് എന്നിവയിലേക്ക് നീങ്ങുന്നതും മുസ്ലിം ഉന്മൂലനത്തിലേക്കുള്ള പ്രായോഗിക രാഷ്ട്രീയ തന്ത്രങ്ങളാണ്.
ഇത്തരം ഭരണകൂട സ്‌പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍ക്കെതിരെ സമൂഹവും ഭരണഘടനയോട് കൂറുള്ളവരും ഐക്യപ്പെട്ട നാളുകളായിരുന്നു പോയവര്‍ഷങ്ങളിലേത്. തെരുവില്‍ മര്‍ദനമേറ്റും കോടതികളില്‍ കയറിയിറങ്ങിയും നിലനില്‍പിനായി പൊരുതുകയാണ് അവര്‍. എല്ലാ തരത്തിലുള്ള പ്രതിരോധങ്ങളും സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. നേതൃത്വവും കര്‍തൃത്വവും അടയാളപ്പെടുത്തിയ മുസ്ലിം സ്ത്രീ മുന്നേറ്റം അഭിമാനാര്‍ഹമായ തരത്തിലായിരുന്നു. സത്യസന്ധമായി എഴുതപ്പെടുകയാണെങ്കില്‍ നാളെയുടെ ഇന്ത്യാ ചരിത്ര വായനയില്‍ അവരെക്കൂടി കാണാം.
അറിവും ക്രിയാശേഷിയുംകൊണ്ട് സമ്പന്നമായ ഒരു തലമുറ പെണ്‍കൂട്ടത്തില്‍ നിന്നും ഉയര്‍ന്നുവരുമ്പോള്‍ അവര്‍ക്ക് ശക്തി പകരാന്‍ സമുദായ നേതൃത്വമുണ്ടാകണം. സുരക്ഷിതവും നീതിപൂര്‍വവുമാണ് സ്ത്രീയുമായി ബന്ധപ്പെട്ട ഖുര്‍ആനിക അധ്യാപനങ്ങളും പ്രവാചക വചനങ്ങളും. അത് അതേപോലെ വായിക്കാന്‍ സമുദായ നേതൃത്വം ധൈര്യം കാണിക്കണം. ഖുര്‍ആനിനോട് നീതിപുലര്‍ത്താത്ത ആചാരങ്ങളുടെ മറവില്‍, മുസ്ലിം സ്ത്രീ 'സുരക്ഷാ' പേരുപറഞ്ഞ് ഗവണ്‍മെന്റ് തലത്തില്‍ തന്നെ നിയമങ്ങള്‍ കൊണ്ടുവരുന്ന പ്രവണതയുണ്ടായിട്ടുണ്ട്. മുത്തലാഖ് ബില്‍ നമ്മുടെ മുന്നിലുണ്ട്. ഏക സിവില്‍കോഡിന്റെയും വാദങ്ങളിലൊന്ന് മുസ്ലിം സ്ത്രീ 'സുരക്ഷ'യാണ്. അതിനാല്‍, പേഴ്‌സനല്‍ ലോയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പണ്ഡിതന്മാര്‍ കൂട്ടായ ചര്‍ച്ച നടത്തുകയും ബാഹ്യ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കാത്ത വിധം പരിഹാര നിർദേശങ്ങൾ സമർപ്പിക്കുകയും വേണം. സമുദായത്തിന്റെ അലസത ശത്രുക്കളുടെ കൈയിലെ ആയുധമാകുമ്പോള്‍ നിങ്ങളല്ല; ഞങ്ങളാണ് ഇടപെടാനര്‍ഹര്‍ എന്ന വാദം ഉയര്‍ത്തിയതുകൊണ്ട് കാര്യമില്ല. അധര്‍മകാരികളായ ഭരണാധികാരികള്‍ക്കിടയില്‍ അറിവുകൊണ്ട് സത്യസന്ധത പുലര്‍ത്തുന്നവരാണ് പണ്ഡിതന്മാര്‍. ഓരോരുത്തരും ഭരണാധികാരികളാണ്; തങ്ങള്‍ക്കു കീഴിലുള്ളവരെക്കുറിച്ച് എവ്വിധമാണ് ന്യായം വിധിച്ചത് എന്ന് ഓരോരുത്തരും ചോദ്യം ചെയ്യപ്പെടുമെന്നാണ് ഇസ്ലാമിന്റെ പാഠം.