തൊള്ളായിരത്തി ഇരുപത്തൊന്നില് പട്ടാളം ഇറങ്ങിയപ്പോ വീട്ടിന്നടുത്തുള്ള തൊടീല് സമരക്കാര്‍ ഒളിച്ചിരുന്നതും ഉപ്പാന്റെ തറവാടു വീട്ടില്‍ ഒരിക്കല്‍ മമ്പുറത്തെ തങ്ങള്‍ രാപ്പാര്‍ത്തതും ചെറുപ്പത്തില്‍ ഉമ്മാമ്മ പറഞ്ഞു കൊടുത്തത് മരിക്കുവോളം വല്ലിമ്മയും ഞങ്ങളോട് പറഞ്ഞിരുന്നു. സമര പോരാളികളൊക്കെയും അവരവരുടെ ഉപ്പമാരോ ആങ്ങളമാരോ പരിചയക്കാരോ ആയിരുന്നതിനാല്‍ മൂന്നു നാലു തലമുറകള്‍ക്കു മുന്നേ മലപ്പുറത്തെയും കോഴിക്കോട്ടെയും വല്ലിമ്മമാര്‍ക്ക് ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന മലaബാര്‍ വിപ്ലവം മക്കള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ചരിത്ര പുസ്തകത്തിലെ പാഠഭാഗം പഠിച്ചിട്ടു വേണ്ടായിരുന്നല്ലോ. അതുകൊണ്ടുതന്നെ പിന്നീട് രേഖപ്പെടുത്താതെ പോയ വ്യക്തി അനുഭവങ്ങളും കാഴ്ചകളും തലമുറകള്‍ക്കിടയില്‍ ഗരിമയോടെ കൈമാറ്റം ചെയ്തുകൊണ്ടേയിരുന്നു.
മരണത്തോടെ നിലച്ചുപോയ അവരുടെ കഥ പറച്ചില് അതേ ഭാഷയില്‍, അതേ സത്യസന്ധതയോടെ തുടരുകയാണ് അധ്യാപകനും ചരിത്രകാരനുമായ ജമീല്‍ അഹ്മദ് തന്റെ 1921 പോരാട്ടത്തിന്റെ കിസ്സകള്‍ എന്ന പുസ്തകത്തിലൂടെ...
ഹിസ്റ്ററി പേജ് വായിക്കും പോലെ വിരസമല്ല ഈ വായന. ആര്‍ക്കും എളുപ്പം മനസ്സിലാക്കാവുന്നത്രയും ലളിതമായാണ് ഓരോ സംഭവ കഥകളും പറഞ്ഞുപോവുന്നത്.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് ചക്കിപ്പറമ്പന്‍ മൊയ്തീന് കുട്ടി ഹാജി, പെരിന്തല്‍മണ്ണയിലെ കുഞ്ഞിക്കോയ തങ്ങള്‍, പോരാളികള്‍ക്ക് കരുത്തു പകരുകയും ഭക്ഷണമെത്തിക്കുകയും ചെയ്ത കുഞ്ഞിപ്പാത്തുമ്മ, എം.പി നാരായണ മേനോന് തുടങ്ങി വായിച്ചുപോകവേ എന്നേക്കുമായി ഉളളില്‍ പതിയുന്ന ചില മുഖങ്ങളുണ്ടിതില്.
വധശിക്ഷക്ക് വിധിക്കപ്പെട്ട ശേഷം പാലക്കാംതൊടിക അബൂബക്കര്‍ മുസ്ല്യാര്‍ വീട്ടിലേക്കെഴുതിയ കത്തുണ്ട് ഈ പുസ്തകത്തിന്റെ അവസാനത്തെ അധ്യായത്തില്‍. രോമാഞ്ചവും വേദനയും ഒരേ പോലനുഭവിപ്പിക്കുന്ന അതുപോലുള്ള അനേകം സംഭവങ്ങളുടെ ആകത്തുകയാണ് 110 പേജുള്ള പോരാട്ടത്തിന്റെ കിസ്സകള്‍.
സ്വയം വായിക്കാതിരിക്കാനോ മക്കള്‍ക്ക് പറഞ്ഞു കൊടുക്കാതിരിക്കാനോ ഒരു ന്യായവും അവശേഷിപ്പിക്കാതെ, അത്ര ലളിതമാണ് അവതരണം.
കുട്ടികള്‍ക്കു വേണ്ടിയുള്ള പുസ്തകമാണെങ്കിലും, വേണ്ടപ്പെട്ടൊരാള്‍ നമ്മളെയൊരു കുഞ്ഞായിക്കണ്ട് കഥ പറഞ്ഞുതരും പോലെ സുഖമുള്ള വായനാനുഭവമാണ് മുതിര്‍ന്നവര്‍ക്കും ലഭിക്കുന്നത്.
മാപ്പിള സമരത്തെക്കുറിച്ച് വാമൊഴിയായി പകര്‍ന്ന കഥകളിലോ കിതാബുകളിലോ എവിടെയും ഹിന്ദു വിരുദ്ധത ഉണ്ടായിട്ടില്ല. അതങ്ങനെയാണെന്ന് കല്ലുവെച്ച പെരും നുണപറയുന്നവര്‍ നാടുവാഴുന്ന കാലത്ത് ഇതുപോലുള്ള പുസ്തകങ്ങള്‍ വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നമ്മളോരോരുത്തരുടെയും കടമയാണ്. എന്റെയൊരു സുഹൃത്ത് എല്ലായ്പ്പോഴും ഓര്‍മിപ്പിക്കുന്ന പോലെ നല്ല പുസ്തകങ്ങള്‍ വായനക്കാരുടെ കടങ്ങളാണ്. വായിച്ചു വീട്ടേണ്ടുന്ന കടങ്ങള്‍...
l