അന്ധവിശ്വാസ ഗീര്‍വാണങ്ങള്‍ സമൂഹത്തില്‍ ചുവടുറപ്പിച്ചുകൊണ്ടിരിക്കുമ്പോള് അതിന്റെ പിന്നാമ്പുറത്തേക്ക് നടന്നുനോക്കിയതിന്റെ വര്‍ഷങ്ങളായുള്ള അനുഭവങ്ങള്‍ പങ്കുവെക്കുന്നു മാധ്യമപ്രവര്‍ത്തനായ ലേഖകന്‍.
''കരിം കുട്ടിച്ചാത്തനുണ്ട്, സാദാ ചാത്തനുണ്ട്, പോത്തിന്റെ രൂപത്തില്‍ നടക്കുന്ന ചാത്തനുണ്ട്, കുട്ടിച്ചാത്തനുണ്ട്, ഭദ്രകാളിയുമുണ്ട് ....ഏതു വേണം'' അഞ്ചുവര്‍ഷം മുമ്പ് തൃശൂര്‍ ജില്ലയിലെ കാനാടിയിലെ ചാത്തന് സേവാ മഠങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാനായി, ഒരു ഭക്തനെന്ന വ്യാജ്യേന എത്തിയ ഈ ലേഖകന്‍ ബസ്റ്റാന്‍ഡില്‍ അങ്ങനെ ഞെട്ടി നില്‍പ്പാണ്. ബസ്സിറങ്ങിയപ്പോഴേക്കും നാലഞ്ചു പേരാണ് ചാത്തന്റെ ക്യാന്‍വാസിങ്ങിനായി ഓടിക്കൂടിയത്. എല്ലാവര്ക്കും ഒന്നേ പറയാനുള്ളൂ. ''ഞങ്ങളാണ് ഒറിജിനല്‍ ചാത്തന് ദര്‍ശനം കിട്ടിയ തറവാട്ടുകാര്. ബാക്കിയുള്ളവര്‍ എല്ലാം ഫ്രോഡുകള്‍ ആണ്. നിങ്ങളുടെ കാശ് പോയിക്കിട്ടുകയേ ഉള്ളൂ....''. അവിടെനിന്ന് സ്കൂട്ടാവാന്‍ വല്ലാതെ പാടുപെട്ടുപോയി.
ചാത്തന്റെയും കാളിയുടെയുമൊക്കെ വിശേഷ ദിവസമായ ചൊവ്വയും വെള്ളിയും ഇവിടെ ആളുകളെ തട്ടി നടക്കാന്‍ വയ്യാതാവും. പെരുന്നാള്‍ തലേന്ന് കോഴിക്കോട് ബീച്ചില്‍ ഐസൊരതി വാങ്ങാന്‍ നില്ക്കുന്നതുപോലെയാണ് ആളുകള്‍ കോഴികളെ വാങ്ങാന്‍ മത്സരിക്കുന്നത്. പത്തിരുപത് ചാത്തന് മഠപ്പുരകള്‍ നിരനിരയായി കിടക്കുന്നു. ചാത്തനൊപ്പം ഉപദൈവങ്ങളായ കാളിയും മാടനും മറുതയുമൊക്കെയുണ്ട്. ഇരുനൂറ് രൂപയുടെ കരിങ്കോഴി അറവ് തൊട്ട് രണ്ടുലക്ഷം രൂപയുടെ മന്ത്രവാദവും, അതിലേറെ ചെലവ് വരുന്ന ക്ഷുദ്രവും വശ്യവും വരെ ഇവിടെയുണ്ട്! ഒറ്റ ദിവസംകൊണ്ട് ഇവിടെ ലക്ഷങ്ങളാണ് മറിയുന്നത്. എന്നിട്ടും യാതൊരു നികുതിയും അടയ്ക്കുന്നില്ല.
കുറച്ചു വര്‍ഷം മുമ്പ് ഇവിടെ ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയിരുന്നു. പിന്നെ അതിന്റെ വാര്‍ത്തകളും കേള്‍ക്കാനില്ല. റെയ്ഡ് ചെയ്യുന്നവന് ചോര തുപ്പി മരിക്കുമെന്നാണ് ചാത്തന്റെ ആളുകള്‍ പ്രചരിപ്പിച്ചത്. അത് വിശ്വസിക്കുന്ന ഒന്നാന്തരം അന്ധോകള് ആയിരിക്കുമല്ലോ നമ്മുടെ ബ്യൂറോക്രാറ്റുകള്‍!
ഉച്ച സമയത്തെ കോഴിയറവും ഗുരുസിക്കുളിയും കാണേണ്ടതാണ്. ചോരയുടെ അഭിഷേകം. വെളിച്ചപ്പാട് തലയില്‍ വെട്ടി ചോരവരുത്തുന്നു, ചെണ്ടമേളം ഉയരുന്നു, കോഴിയെ പരസ്യമായി തലയറുത്ത് ചീറ്റിവരുന്ന ചോര പച്ചക്ക് കുടിക്കുന്നു.... അത് കണ്ട് എല്ലാവരും തൊഴുന്നു. തല കറങ്ങിപ്പോകും. ഭക്തിയുടെ മാസ് ഹിസ്റ്റീരിയ!
ഇതൊക്കെ അവിടെ ഇപ്പോഴും കൃത്യമായി നിര്‍ബാധം നടക്കുന്നുണ്ട്. പക്ഷേ, ഇലന്തൂരിലെ ഇരട്ട നരബലിയെ തുടര്‍ന്ന്, നമുക്കിപ്പോള്‍ അല്‍പ്പം യുക്തിബോധവും ശാസ്ത്രബോധവും ഒക്കെ വേണം എന്നായിരിക്കുന്നു. 'കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങള്‍ എവിടെപ്പോയി, കേരളം ഉത്തരേന്ത്യയാവുന്നു' എന്നൊക്കെ പറഞ്ഞാണ് മാധ്യമ നിലവിളികള്‍. ഇതേ മാധ്യമങ്ങള്‍ തന്നെയാണ്, ദിവസങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ട് ബബിയ എന്ന 'വെജിറ്റേറിയന്‍ ക്ഷേത്ര മുതല'യെക്കുറിച്ചും, അത് 'നിര്യാതനായപ്പോള്‍' ഓടിക്കൂടിയ ജനത്തെയും, റീത്ത് വെച്ച രാഷ്ട്രീയക്കാരെയും, സല്യൂട്ട് അടിച്ച പൊലീസുകാരെയും കുറിച്ച് വലിയ തോതില്‍ പ്രചാരണം നടത്തിയത്. വെജിറ്റേറിയന്‍ മുതല വിശ്വാസം, നരബലി അന്ധവിശ്വാസം എന്ന രീതിയിലാണ് കാര്യങ്ങള്‍. സത്യത്തില്‍, അമ്പലത്തില്‍ 100 മില്ലി വെളിച്ചെണ്ണ സമര്‍പ്പിച്ചാല്‍ ദൈവം പ്രസാദിക്കുമെന്ന വിശ്വാസത്തിന്റെ വികസിത രൂപമല്ലേ, മനുഷ്യനെ ബലി കൊടുത്താല്‍ ഐശ്വര്യം കൂടുമെന്ന വിശ്വാസവും?
ചന്ദ്രനിലേക്ക് റോക്കറ്റ് അയക്കുമ്പോള്‍ തേങ്ങയുടക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നത്. പുതിയ വണ്ടി വാങ്ങിയാല്‍ ചക്രത്തിനടിയില്‍ നാരങ്ങവെച്ച് കയറ്റിയില്ലെങ്കില്‍ എല്ലാം നശിക്കുമെന്നു വിശ്വസിക്കുന്നവരാണ് ഈ നാട്ടില്‍ ഏറെയും. മന്ത്രിച്ച വെള്ളവും ചരടും പ്രശ്നങ്ങള്‍ പരിഹരിക്കും എന്നും വിശ്വസിക്കുന്നവരാണ് നാം. കേരളത്തില്‍ തുപ്പല് ബാബമാരുടെ വെള്ളം വാങ്ങാന്‍ കാത്തുനില്ക്കുന്ന ആയിരങ്ങളെ കാണാറില്ലേ, ഗര്ഭപാത്രത്തില്നിന്നുവരെ ചെകുത്താനെ പുറത്താക്കുന്ന ജിന്നുമ്മമാരെ കാണുന്നില്ലേ, തളര്രോഗിയെ സ്റ്റേജിലൂടെ ഓടിച്ച് അത്ഭുത രോഗ ശാന്തി കൊടുക്കുന്ന പാസ്റ്റര്‍മാരെ കാണുന്നില്ലേ, തിരുകേശത്തിന്റെ പേരില്‍ കോടികള്‍ പിരിക്കുന്നവരെ കാണുന്നില്ലേ, കടപ്പുറത്ത് തുള്ളിനടന്ന പൂര്‍വാശ്രമത്തില്‍നിന്ന് വളര്‍ന്ന് പന്തലിച്ച കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങളെ കാണുന്നില്ലേ.... പിന്നെ, ഈ നാട്ടില്‍ നടക്കുന്ന നരബലി മാത്രമാണോ ഞെട്ടിച്ചത്. അടിമുടി പുരോഹിത മതത്തിലും വിശ്വാസത്തിലും മുങ്ങിക്കുളിച്ച ഒരു സമൂഹത്തില്‍ നരബലി നടന്നതില്‍ വല്ലാതെയങ്ങ് നടുങ്ങാന്‍ കഴിയില്ല. ചെറിയ ചെറിയ മോഷണങ്ങള്‍ നടക്കുന്ന ഒരു ഗ്രാമത്തില്‍ ഒരു വലിയ കൊള്ള നടന്നാലുള്ള ഞെട്ടല്‍ പോലെയാണത്!
സിന്തറ്റിക്ക് ദൈവങ്ങളും
ആഘോഷങ്ങളും
കേരളം എങ്ങോട്ട് മാറുന്നു എന്നതിന്റെ വ്യക്തമായ സൂചകമാണ് കാനാടി ചാത്തന്. ജാതിമതഭേദമന്യേ എല്ലാവര്ക്കും അനുഗ്രഹം നല്കുന്നു ഈ ദ്രാവിഡ ദൈവം. ചാത്തനെ ഹിന്ദുവോ അഹിന്ദുവോ എന്ന് വേര്‍തിരിക്കാനാവില്ല. തീര്‍ത്തും മതേതരനാണ്. പൂര്‍ണമായും സിന്തറ്റിക്ക് ദൈവമാണ്. കാല്‍നൂറ്റാണ്ടു മുമ്പുവരെ കാനാടി മേഖലയില്‍ അങ്ങനെ ഒരു വ്യാവസായിക അടിസ്ഥാനത്തില്‍ ചാത്തന് സേവ ഉണ്ടായിരുന്നില്ല. 90-കളിലാണ്് ഈ ബിസിനസ് പച്ച പിടിച്ചത്. മലയാളി ഗള്‍ഫിലേക്ക് കുടിയേറിയ കാലത്ത്. പ്രവാസ ജീവിതത്തില്‍ ഇണകള്ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചാണത്രേ ചാത്തന് കത്തിക്കയറിയത്. ഈ ലേഖകന്റെ കുട്ടിക്കാലത്തൊക്കെ കോഴിയുടെ അസുഖം മാറ്റുന്ന, ഒരു ലോക്കല്‍ ദൈവം ഉണ്ടായിരുന്നു! വീട്ടമ്മമാര്‍ ആ നാട്ടുദൈവത്തിന് വെളിച്ചെണ്ണ നേരുമായിരുന്നു. ക്രമേണ അത്തരം കാവുകളെ വലിയ ദൈവങ്ങള്‍ വിഴുങ്ങി. സ്വര്‍ണപ്രശ്നവും ദേവ പ്രശ്നവുമൊക്കെയായി അവിടെയും സോകോള്ഡ്് സവര്‍ണ ദൈവങ്ങള്‍ കടന്നുവന്നു. മനുഷ്യനെപ്പോലെ ദൈവങ്ങളും നമ്മുടെ കണ്മുന്നില് മരിക്കുകയും ജനിക്കുകയും ചെയ്യുന്നുണ്ട്!
അതുപോലെ സിന്തറ്റിക്കായ ആഘോഷങ്ങളുമുണ്ട്. അതാണ് ജ്വല്ലറിക്കാര് കൂടിയിരുന്ന് ആലോചിച്ച്, അവരുടെ കച്ചവട ലാഭത്തിനായി കെട്ടിയിറക്കിയ അക്ഷയ തൃതീയ! കാല്‍നൂറ്റാണ്ട് മുമ്പ് മലയാളി കേട്ടിട്ടുപോലുമില്ല ഈ ഉത്സവം. ആ ദിവസം സ്വര്‍ണം വാങ്ങിയാല്‍, ഐശ്വര്യം കിട്ടുമത്രേ. മത്തിക്കച്ചവടക്കാര് എല്ലാവരും ചേര്‍ന്ന് തങ്ങളുടെ കച്ചവടം വര്‍ധിപ്പിക്കാന്‍ 'അക്ഷയ മത്തീയ' എന്ന ഒരു ദിനം ഉണ്ടാക്കിയാലും മലയാളി വിശ്വസിക്കും! വിദ്യാഭ്യാസമുള്ള വിവരദോഷി എന്ന പേര് ഈ സന്ദര്‍ഭത്തിലൊക്കെ മലയാളിക്ക് നന്നായി ചേരും.
ഗണേശോത്സവവും രക്ഷാബന്ധനുമടക്കമുള്ള ഉത്തരേന്ത്യന്‍ ഉത്സവങ്ങള്‍ക്ക് എത്ര പെട്ടെന്നാണ് കേരളത്തിലും ആളെക്കൂട്ടിയത്. സംഘ പരിവാറിന്റെ കൃത്യമായ ഒരു സാംസ്കാരിക അജണ്ടയും ഇതിന് പിറകിലുണ്ട്. ഭൗതികാസക്തിയില്‍ പഴുത്തൊലിക്കുന്ന ഒരു സമൂഹത്തെ വിശ്വാസത്തിന്റെ മേമ്പൊടിയിട്ട് കൊടുത്താല്‍ അവര്‍ പെട്ടെന്ന് തലകുത്തി വീഴും. പഴയതെല്ലാം മറക്കും. ഇത്രയും ചപലമായ മനസ്സുള്ള മലയാളി പിന്നെ നരബലിയില്‍ പെടുന്നതില്‍ വല്ലാതെ നടുക്കവും ഞെട്ടലും രേഖപ്പെടുത്തേണ്ട കാര്യമുണ്ടോ?
സുധാമണി മുതല്‍ മുടിപ്പള്ളി വരെ
ഇപ്പോള്‍ നരബലി പ്രശ്നത്തിന്റെ പേരില്‍ അന്ധവിശ്വാസങ്ങള്‍ക്ക് നേരെ ഉറഞ്ഞുതുള്ളുന്നവരില്‍ എത്രപേര്‍ക്ക് കോര്‍പ്പറേറ്റ് ആള്‍ദൈവങ്ങളെ തൊടാനുള്ള ധൈര്യമുണ്ട്. നേരത്തെ ഗെയില്‍ ട്രഡ് വെലിന്റെ വെളിപ്പെടുത്തല്‍ പുസ്തകം ഇറങ്ങിയപ്പോള്‍ അത് കണ്ടതാണ്. അമൃത ലോകമല്ല, അത് ഒരു ലക്ഷണമൊത്ത അധോലോകമാണ് എന്ന് പറഞ്ഞ പുസ്തകം, ഇവിടെ നിരോധിക്കപ്പെടുകയാണുണ്ടായത്. വള്ളിക്കാവ് കടപ്പുറത്ത് എങ്ങനെയാണ് ഒരു കോര്‍പ്പറേറ്റ് ആള്‍ദൈവം ഉണ്ടായതെന്നതിന്റെ വിശദ ചിത്രം ഗെയില്‍ ട്രഡ് വെല്‍ പറഞ്ഞിരുന്നു. അമ്മഭക്തരുടെ പണക്കൊഴുപ്പിലും വോട്ട്ബാങ്ക് രാഷ്ട്രീയ പ്രഹരശേഷിയിലും എല്ലാവരും വിരണ്ടുപോയി. എല്ലാം പണമെറിഞ്ഞും ഭീഷണിപ്പെടുത്തിയും ഒതുക്കപ്പെട്ടു. അതിനുശേഷം ആരും ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ല. അതുപോലെ മുടിപ്പള്ളിയും കേരളം എത്ര ചര്‍ച്ച ചെയ്തു. മുടി ഇട്ട വെള്ളം വിറ്റും, അതിനായി പള്ളി പണിയുമെന്നു പറഞ്ഞും എത്ര കോടികളുണ്ടാക്കി. 'മുടി ആരുടെതായാലും മുറിച്ച് കഴിഞ്ഞാല്‍ ബോഡി വേസ്റ്റ് ആണെ'ന്ന് പിണറായി വിജയന് പറഞ്ഞതിനാണ് ഒരു തെരഞ്ഞെടുപ്പില്‍ ഇവര്‍ കൂട്ടമായി മറിച്ച് വോട്ട് ചെയ്തത്. അതോടെ സി.പി.എമ്മും പാഠം പഠിച്ചു. മുടിപ്പള്ളി നവോത്ഥാനം, നരബലി മോശം എന്നാണ് നിലപാടെങ്കില്‍ അത് വിചിത്രം തന്നെയാണ്.
ഒരു ലക്ഷത്തിന് സ്വര്‍ഗത്തില്‍ സീറ്റ്
ചുട്ടകോഴിയെ പറപ്പിച്ചുവെന്ന് പറയുന്ന മന്ത്രവാദികളെപ്പോലും ഞെട്ടിക്കുന്ന രീതിയില്‍, മുടന്തനെ ഓടിച്ചും കഷണ്ടിത്തലയന് മുടികൊടുത്തും കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് കുട്ടികളെ കൊടുത്തും, എത്രയെത്ര പാസ്റ്റര്‍മാര്‍ ഈ നാട്ടില്‍ വിലസുന്നുണ്ട്! ഗതിയേതുമില്ലാതെ താറാവുകച്ചവടം നടത്തിയ വ്യക്തിയാണ് ഇന്ന് കോടീശ്വരനായ കെ.പി യോഹന്നാന്. പക്ഷേ, എംപറര്‍ ഇമ്മാനുവേല്‍ എന്ന ഗ്രൂപ്പിന്റെ ചെയ്തികള്‍ വെച്ചുനോക്കുമ്പോള്‍ ഈ അന്ധവിശ്വാസങ്ങള്‍ ഒന്നുമല്ല. അതാണ് കൊലമാസ്. അവിടെ ലോകാവസാനം ഭയന്ന് ഒരു ലക്ഷം രൂപ മുടക്കി സ്വര്‍ഗത്തിലേക്കുള്ള സീറ്റ് ബുക്ക് ചെയ്തവരെ നിങ്ങള്‍ക്ക് കാണാം! തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്ത് മൂരിയാടിലെ എംപറര്‍ ഇമ്മാനുവേല്‍ എന്ന വിശ്വാസ പ്രസ്ഥാനത്തെക്കുറിച്ചും അവരുടെ സഭയായ സിയോണ്‍ സഭയെക്കുറിച്ചും നേരത്തെ വാര്‍ത്തകള്‍ വന്നതാണ്. സ്വര്‍ഗത്തില്‍ ആകെ 1,44,000 സീറ്റുകള്‍ ആണ് ഉള്ളതെന്നും ലോകാവസാനം ഉറപ്പാകുമ്പോള്‍ നമുക്ക് പെട്ടകത്തില്‍ രക്ഷപ്പെടാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് പലരുടെയും ലക്ഷങ്ങളുടെ സ്വത്താണ് ജോസഫ് പൊന്നാറ തന്റെ പ്രസ്ഥാനത്തിലേക്ക് മാറ്റിയത്. ഒരു സീറ്റിന് ഒരു ലക്ഷം രൂപ എന്ന നിരക്കിലാണ് വില്‍പ്പന. പൊന്നാറ മരിച്ചതോടെ ലോകാവസാനവും സ്വര്ഗപേടകവും വഴിയുള്ള വരവെല്ലാം നിലച്ചു. ജോസഫ് പൊന്നാറ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്നാണ് ഇപ്പോള്‍ വിശ്വാസികള്‍ പ്രചരിപ്പിക്കുന്നത്.
അന്ധവിശ്വാസ പ്രചാരകരായ
മാധ്യമങ്ങള്‍
അന്ധവിശ്വാസ പ്രചാരണത്തിന്റെ അനാഫൊലിസ് കൊതുകുകളാവുകയാണ് കേരളത്തിലെ മാധ്യമങ്ങള്‍ എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് കാസര്‍കോട്ടെ ക്ഷേത്ര മുതല ബബിയയുടെ മരണം. ഒരു കടുവ വെജിറ്റേറിയന്‍ ആണ് എന്ന് പറയുന്നതുപോലെ തന്നെ അസംബന്ധമാണ്, ഒരു മുതല വെജിറ്റേറിയന്‍ ആണെന്ന് പറയുന്നതും. അവയുടെ ദഹന വ്യവസ്ഥ മാംസം ആഹരിക്കാന്‍ അനുയോജ്യമാണ്. ഇനി അവയ്ക്ക് പഴങ്ങളും പച്ചക്കറികളും വെജിറ്റേറിയനും മാത്രമാണ് ലഭിക്കുന്നതെങ്കില്‍ അതൊരിക്കലും അവയുടെ സ്വാഭാവിക ഭക്ഷണമല്ല. വെജിറ്റേറിയന്‍ ഭക്ഷണം മാത്രം നല്കിയാല് അത് അവയോട് ചെയ്യുന്ന ക്രൂരതയാണ്. അതുകൊണ്ടാണ് ആഫ്രിക്കയില്‍ നിന്നു കൊണ്ടുവന്ന ചീറ്റകള്‍ക്ക് ബീഫ് അടക്കം മാംസ ഭക്ഷണം നല്‍കുന്നത്.
മുതല ഒരു മാംസഭുക്കാണ്. അതിപ്പോള്‍ ക്രൊകൊഡൈല് ആയാലും അലിഗേറ്റര്‍ ആയാലും മാംസഭുക്കാണ്. ആ കുളത്തിലെ മത്സ്യങ്ങളെ ഈ മുതല ആഹാരമാക്കിയില്ല എന്നൊക്കെ എന്ത് ഉറപ്പിലാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്? ഈ മുതല കോഴിയെ കഴിക്കുന്ന വീഡിയോ വരെ ഉണ്ട്. അപ്പോഴാണ് ഈ തള്ള്! ഭക്തര്‍ കൊണ്ടുവരുന്ന നേര്‍ച്ചക്കോഴികളെ ബബിയ ഭക്ഷിക്കുന്ന വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും നമ്മുടെ മാധ്യമങ്ങള്‍ക്കും പൊതു സമൂഹത്തിനും ഇത് ഒരു ദിവ്യാത്ഭുതമാണ്. ഈ വിശ്വാസ അന്ധതയുടെയും യുക്തിരാഹിത്യത്തിന്റെയും വികസിതമായ വേര്‍ഷന്‍ തന്നെയല്ലേ നരബലിയിലും നടന്നത്?
ഭഗവൽ സിംഗുമാരില്നിന്ന്
പഠിക്കേണ്ടത്
ലോകത്തില്‍ ഏറ്റവും കൂടുതല്‍ അന്ധവിശ്വാസങ്ങളുള്ള നാടുകളിലൊന്ന് കമ്യൂണിസ്റ്റ് ചൈനയാണെന്ന് കേട്ടാല്‍ ഞെട്ടേണ്ട. അത് വസ്തുതയാണ്. ഡ്രാഗന് ജ്യോത്സ്യം, ഓണ്‍ലൈന്‍ കൂടോത്രം, സൈബര്‍ മന്ത്രവാദം, ഷെങ്ഫൂയി തുടങ്ങി ചൈനയില്‍ ഇല്ലാത്ത അന്ധവിശ്വാസ പാക്കേജുകള്‍ ഇല്ല. (ഉയിഗുര്‍ മുസ്ലിംകളുടെ നമസ്കാരംപോലും നിയന്ത്രിക്കുന്ന അതേ 'ചങ്കിലെ ചൈന'!) അതുപോലെ തന്നെ കമ്യൂണിസ്റ്റ് കോട്ടയായ കണ്ണൂരില്‍ നോക്കുക. തീ തുപ്പുന്ന തെയ്യങ്ങളും കള്ളുകുടിക്കുന്ന മുത്തപ്പനും ഭൈരവനും മാടനുമൊക്കെയായി അവര്‍ പറയുന്ന സെക്യുലര്‍ ദൈവങ്ങള്‍. പക്ഷേ, ഇതെല്ലാം ഒറ്റ അന്ധവിശ്വാസ സോഫ്റ്റ്വെയറിന്റെ ഇരുപുറങ്ങള്‍ തന്നെയാണ്.
ഈ ആഭിചാരക്കൊല നടത്തിയ പ്രതി ഭഗവൽ സിംഗ് സി.പി.എം പാര്‍ട്ടി മെമ്പര്‍ ആയിരുന്നു. ഹൈക്കു കവിതകള്‍ എഴുതിയും പുരോഗമനം പറഞ്ഞും സമൂഹമാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു ഇയാള്‍. ഇയാളുടെ ഫെയ്സ്ബുക്ക് ഫ്രണ്ട്സില്‍ അധികവും ഇടത് ബുദ്ധിജീവികളും സാഹിത്യകാരന്മാരുമൊക്കെയാണ്. അതായത്, മാര്‍ക്സിസവും കമ്യൂണിസവും പോലുള്ള ഒരു മതേതര അന്ധവിശ്വാസം കൊണ്ടും വിദ്യാഭ്യാസം കൊണ്ടും ഒന്നും മനുഷ്യന്റെ മസ്തിഷ്കപരമായ മാറ്റത്തിന് കഴിയില്ല എന്ന് ചുരുക്കം. ലോകത്തിലെ ഏറ്റവും വലിയ അന്ധവിശ്വാസികളുടെ രാജ്യം എന്നാണ് നാം അറിയപ്പെടുന്നത്. പക്ഷേ, ഈ രാജ്യത്തിന്റെ ഭരണഘടന ലോകത്തിലെ മറ്റൊരു രാജ്യത്തിന്റെ ഭരണഘടനയിലും ഇല്ലാത്ത വിധം, അതിന്റെ പൗരന്മാരോട് ആവശ്യപ്പെടുന്ന ഒരു കാര്യമുണ്ട്. അതാണ് ആര്‍ട്ടിക്കിള്‍ 51 എ.എച്ച്. ശാസ്ത്രബോധവും മാനവികതയും പരിഷ്കരണ ത്വരയും ഉണ്ടാക്കുക എന്നത് നമ്മുടെ ഭരണഘടനാ ബാധ്യതയാണ്. എന്നാല്‍, വര്‍ഷങ്ങളായി മതങ്ങളെ തലോടി സുഖിച്ച് വോട്ട് ബാങ്കുകളില്‍ ജീവിക്കുന്ന നമ്മുടെ രാഷ്ട്രീയ നേതൃത്വം ഇത് ചെയ്യുന്നില്ല.
ബംഗാളില്‍നിന്ന് സി.പി.എം നിഷ്കാസനം ചെയ്യപ്പെട്ടതിനെക്കുറിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണം, അടിസ്ഥാനപരമായി അവിടെ കമ്യൂണിസ്റ്റുകാരനും ബി.ജെ.പിക്കാരനും തമ്മില്‍ യാതൊരു മാറ്റവും ഇല്ല എന്നതായിരുന്നു. രണ്ടുപേരും ഒരുപോലെ അന്ധവിശ്വാസികളാണ്. എന്തിനും ജ്യോത്സ്യം നോക്കുക ബംഗാളികളുടെ പതിവ് രീതിയാണ്. അതില്‍ സി.പി.എമ്മുകാരനും ബി.ജെ.പിക്കാരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. രണ്ടുപേരും കാളി ഭക്തരാണ്. ബി.ജെ.പിക്കാരന് എന്തെല്ലാം വിശ്വാസങ്ങളുണ്ടോ അതെല്ലാം കൂടിയോ കുറഞ്ഞോ അളവില്‍ സി.പി.എമ്മുകാരനുമുണ്ട്. അതിനിടെയാണ് മറ്റൊരു മാറ്റമുണ്ടായത്. ബംഗാളില്‍ ഭരണം നഷ്ടമാവുകയും തൃണമൂല്‍ ആക്രമണം കടുപ്പിക്കുകയും ചെയ്തതോടെ, സി.പി.എം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക്് മാറി. 24 പര്‍ഗാന എന്ന് പറയുന്ന, ഒരു കാലത്തെ സി.പി.എമ്മിന്റെ കോട്ടകളിലൊക്കെ ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍ ഒന്നടങ്കം ബി.ജെ.പിയിലേക്ക് മാറി, പാര്‍ട്ടി ഓഫീസില്‍ കാവി പതാക ഉയര്‍ത്തി ബോര്‍ഡ് മാറ്റുകയായിരുന്നു. ഒരു സാഹചര്യം വന്നാല്‍ കേരളത്തിലും ഇത് ആവര്‍ത്തിച്ചേക്കാം. അടിസ്ഥാനപരമായി ശാസ്ത്രബോധത്തിന്റെ കാര്യത്തിലെങ്കിലും ഇരു പാര്‍ട്ടിക്കാരും തമ്മില്‍ വ്യത്യാസം വേണം. ബംഗാള്‍ ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ സി.പി.എം ചെയ്യേണ്ടത് തങ്ങളുടെ കേഡര്‍മാരെ കൂടുതല്‍ യുക്തിബോധവും ശാസ്ത്രബോധവും ഉള്ളവരാക്കുകയാണ്. ഭഗവൽ സിംഗുമാര്‍ ആ അര്‍ഥത്തില്‍ കാലത്തിന്റെ ചൂണ്ടുപലകയാണ്. കേരളത്തെ ബി.ജെ.പി വിഴുങ്ങാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിന്റെ സൂചന.
l