ഫംഗസ് ബാധ കൊണ്ടോ മറ്റ് വൈറല്‍ അണുബാധകൊണ്ടോ ശരീരത്തിന് ചൊറിച്ചില്‍ അനുഭവപ്പെടാം. കുട്ടികളിലും മുതിര്‍ന്നവരിലും അണുബാധ മൂലമുള്ള ചൊറിച്ചില്‍ വളരെയേറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്.
പ്രായ ഭേദമന്യെ മിക്കവരിലും സാധാരണയായി കാണപ്പെടുന്ന അണുബാധയാണ്് വട്ടച്ചൊറി അഥവാ റിംഗ് വേം. ഇത് പകര്‍ച്ചവ്യാധിയായ ടിനിയ എന്ന ഫംഗസ് മൂലമാണ് ഉണ്ടാകുന്നത്. ആരിലും ഉണ്ടാകാമെങ്കിലും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കും ചെറിയ കുട്ടികള്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് സാധ്യത ഏറെയാണ്.
ചര്‍മത്തിലോ നഖങ്ങളിലോ ചുവപ്പ്, ചെതുമ്പല്‍, വൃത്താകൃതിയിലുള്ള ചൊറിപ്പാട് എന്നിവ റിംഗ് വേമിന്റെ ലക്ഷണങ്ങളാണ്. ഇത് സാധാരണയായി തലയോട്ടിയെയും കൈകളെയും ബാധിക്കുന്നു. എന്നാല്‍ ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് പ്രത്യക്ഷപ്പെടാം. ഈ ഫംഗസ് അണുബാധ ചികിത്സിക്കാന്‍ നിരവധി മരുന്നുകള്‍ ലഭ്യമാണെങ്കിലും, പ്രകൃതിദത്ത ചികിത്സകളും ഫലപ്രദമാണ്. വട്ടച്ചൊറി മാറാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികളുണ്ട്.
സോപ്പും വെള്ളവും
ഈര്‍പ്പത്തിന്റെ സാന്നിധ്യത്തില്‍ ഫംഗസ് വേഗത്തില്‍ പടരുന്നതിനാല്‍ ശുചിത്വം പാലിക്കുകയും ഫംഗസ് ബാധിത ഭാഗം വരണ്ടതാക്കുകയും വേണം. മറ്റേതെങ്കിലും വീട്ടുവൈദ്യം പ്രയോഗിക്കുന്നതിന് മുമ്പ് ചര്‍മത്തിലെ ചൊറിച്ചിലുള്ള ഭാഗം കഴുകുകയും നന്നായി ഉണക്കുകയും വേണം. കുറഞ്ഞ അളവില്‍ ചില ആന്റി ബാക്ടീരിയല്‍ സോപ്പുകളും ഉപയോഗിക്കാം.
മഞ്ഞള്‍
വിവിധതരം ത്വക്ക് രോഗങ്ങള്‍, ചുണങ്ങ്, ചൊറിച്ചില്‍ മുതലായവ ചികിത്സിക്കാന്‍ മഞ്ഞള്‍ വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. ഇതിന് ആന്റിഇന്‍ഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഔഷധ ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് ശേഷം ഇത് ചായയായി കഴിക്കാം. വിഭവങ്ങളില്‍ ചേര്‍ത്ത് കഴിക്കാം. മഞ്ഞളില്‍ വെള്ളമോ വെളിച്ചെണ്ണയോ ചേര്‍ത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കി വട്ടച്ചൊറിയുള്ള ഭാഗങ്ങളില്‍ പുരട്ടാം.
വെളുത്തുള്ളി
വട്ടച്ചൊറിയുള്ള ഭാഗത്ത് കുറച്ച് വെളുത്തുള്ളി ചതച്ച് പുരട്ടുകയും ഒരു തുണി ഉപയോഗിച്ച് കെട്ടുകയും ചെയ്യുക. രണ്ട് മണിക്കൂറിന് ശേഷം തുണി നീക്കം ചെയ്ത് ആ ഭാഗം നന്നായി കഴുകുക. ഈ പ്രക്രിയ കുറച്ച് ദിവസത്തേക്കോ അല്ലെങ്കില്‍ വട്ടച്ചൊറി പോകുന്നതുവരെയോ ചെയ്യാം. വേദന, ചൊറിച്ചില്‍, നീര്‍വീക്കം എന്നിവ അനുഭവപ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും ഒരു ഡോക്ടറെ സമീപിക്കുക.
l