സാമൂഹിക വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളില്‍ ഒരാളാണ് റാബിയ ടീച്ചര്‍. കാസര്‍കോട് ജില്ലയിലെ ഉപ്പള പൈവളികെയാണ് സ്വദേശം. ഇടുങ്ങിയ വഴിയും തരിശിടങ്ങളുമുള്ള പ്രദേശം. ഇടക്കിടെ വാഹനങ്ങള്‍ പോകുന്ന ശബ്ദം. നാടന്‍ പണിക്കാര്‍, ദൂരെയുള്ള വിദ്യാലയത്തിലേക്ക് നടന്നുപോകുന്ന വിദ്യാര്‍ഥികള്‍, കാടും മലകളും. ഇതൊക്കെയായിരുന്നു പൈവളികെയിലെ വിശേഷങ്ങള്‍.
ഇന്ന് പൈവളികെ ആകെ മാറി. വീതി കൂടിയ മലയോര ഹൈവേയിലൂടെ എണ്ണാന്‍ കഴിയാത്തത്ര വാഹനങ്ങള്‍ പരക്കംപായുന്നു. ആധുനിക സൗകര്യങ്ങളുള്ള വിദ്യാലയങ്ങള്‍ അങ്ങിങ്ങായി തല ഉയര്‍ത്തി നില്‍ക്കുന്നു. ഈ കാഴ്ച കാണുമ്പോഴാണ് റാബിയ എന്ന സ്ത്രീ സാമൂഹിക രംഗത്തും വിദ്യാഭ്യാസ രംഗത്തും വിപ്ലവം സൃഷ്ടിച്ചത് ഓര്‍മയിലെത്തുക.
ഇംഗ്ലിഷ് മീഡിയം സ്‌കൂളില്ലാത്ത പൈവളികെയില്‍ 'അല്‍ മദീന' വിദ്യാലയം സ്ഥാപിച്ചത് റാബിയയാണ്. ഒരു വനിതക്ക് ഒരു വിദ്യാലയം തുടങ്ങാന്‍ സാധിക്കും, പക്ഷേ അത് ഭംഗിയായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമോ എന്ന് എല്ലാവരും ചോദിച്ചു. വിദ്യാലയം തുടങ്ങാനും അത് മുന്നോട്ട് കൊണ്ടുപോകാനും ഏറെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളുമുള്ള സാഹചര്യത്തിലാണ് റാബിയ ടീച്ചറുടെ 'അല്‍ മദീന ' സ്‌കൂള്‍ തലയെടുപ്പോടെ നില്‍ക്കുന്നത്. കഴിഞ്ഞ 10 വര്‍ഷമായി കേരള ഗവണ്‍ന്മെന്റ് അഫിലിയേഷനോടെ ഒന്ന് മുതല്‍ ഏഴ് വരെയുള്ള 'അല്‍മദീന സ്‌കൂള്‍ പൈവളികെ 'വിജയകരമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്.
പൈവളികെ ലാല്‍ ഭാഗില്‍ കാട് പിടിച്ച സ്ഥലത്ത് അഞ്ച് കോടി ചെലവില്‍ തല ഉയര്‍ത്തി നില്‍ക്കുന്നത് ഒരു വനിത നിര്‍മിച്ച അല്‍ മദീന ഇംഗ്ലീഷ് മീഡിയം സ്‌കൂളാണ.് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിരവധി വിദ്യാര്‍ഥികള്‍ സൗജന്യമായി ഇവിടെ പഠിക്കുന്നു. വിദ്യാലയത്തിന്റെ പുരോഗതിയില്‍ നിരവധി അഭ്യുദയകാംക്ഷികള്‍ റാബിയ ടീച്ചറുടെ കൂടെയുണ്ട്.
കര്‍ണാടക അതിര്‍ത്തിയിലെ അര്‍ലപദവു പ്രദേശത്തേക്ക് 19-ാമത്തെ വയസ്സില്‍ മണവാട്ടിയായെത്തിയ റാബിയ ടീച്ചറുടെ ആഗ്രഹം ടീച്ചറാകണമെന്നായിരുന്നു. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സഹകരണവും പിന്തുണയും റാബിയക്കുണ്ടായിരുന്നു. വിവാഹശേഷം പ്ലസ്ടുവും ഡിഗ്രിയും പൂര്‍ത്തിയാക്കി അധ്യാപക പരിശീലനം നേടി. പഞ്ചായത്തിലെ ഡെവലപ്‌മെന്റ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സനായി സേവനമനുഷ്ഠിച്ചിട്ടുണ്ട് റാബിയ.
തുന്നലിന്റെ നൂതനവിദ്യകള്‍ പഠിച്ചെടുത്ത റാബിയ ഒരു തുന്നല്‍ പരിശീലന കേന്ദ്രം സ്ഥാപിച്ചു. സ്വന്തം വീടിനടുത്തുള്ള ധാരാളം സ്ത്രീകളെ തുന്നല്‍ പഠിപ്പിക്കുകയും സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായിക്കുകയും ചെയ്തു. ചെറുപ്പം മുതല്‍ക്കേ സ്വയംതൊഴിലിനോട് ഏറെ താല്‍പര്യം കാണിച്ചിരുന്നു. വീട്ടിലെ ഫ്രിഡ്ജില്‍ ചെറിയ തോതില്‍ ഐസ് ഉണ്ടാക്കി അതിന്റെ വിപണനത്തിനായി തൊഴില്‍രഹിതനായ ഒരാളെ ഏര്‍പ്പാടാക്കി ഐസ് വില്‍പനയും ആരംഭിച്ചു. തൊട്ടതെല്ലാം പൊന്നാക്കിയെടുക്കാന്‍ ഈ വനിതക്ക് കഴിഞ്ഞു. വീട്ടില്‍ ഒതുങ്ങിക്കൂടി, എല്ലാം അപ്രാപ്യമാണെന്ന് കരഞ്ഞുകൊണ്ടിരിക്കുന്നവര്‍ക്ക് റാബിയ ടീച്ചര്‍ വലിയ പ്രോല്‍സാഹനവും ആവേശവുമാണ്.
അംഗടിമുഗറിലെ പണ്ഡിതനായ അബുല്‍ ജലാല്‍ മൗലവിയുടെയും ആയിശ ബീവിയുടെയും ഒമ്പത് മക്കളില്‍ ഇളയവളായ റാബിയ ടീച്ചര്‍ക്ക് ഭര്‍ത്താവും മൂന്നു മക്കളുമുണ്ട്.
l