സൈനബ് ബിന്ത് ഹാരിസ് തന്റെ ഭര്‍ത്താവ് സല്ലാമുബ്നു മശ്കമിനോട് പറഞ്ഞു:
''എന്റെ ജീവിതത്തില്‍ ഞാന്‍ ഇത്ര ക്ഷീണിതയായ സന്ദര്‍ഭം ഉണ്ടായിട്ടില്ല.''
സല്ലാമിന് അത് തീരെ ഇഷ്ടമായില്ല.
''എന്തൊരു വര്‍ത്തമാനമാണ്, പെണ്ണേ! സല്ലാമിന്റെ ഭാര്യ ഇങ്ങനെ പറയാന്‍ പാടില്ല. ഞാന്‍ ഖൈബറിലെ അശ്വപടയാളിയാണ്. അതിന്റെ സൈന്യ നായകനാണ്. എനിക്ക് ശക്തിയുണ്ട്, ധനമുണ്ട്, അധികാരമുണ്ട്. ജൂതസമൂഹം എന്റെ പിന്നിലുണ്ട്. ഇനി എന്താണ് വേണ്ടത്?!''
''മുഹമ്മദ് ഭൂമുഖത്ത് ഉണ്ടായിരിക്കെ ഇതിനൊന്നും ഒരര്‍ഥവുമില്ല, സല്ലാം.''
''നമ്മള് ക്ഷമയോടെ അവസരം പാര്‍ത്തിരിക്കുന്നത് കഴിവ് കേടായിട്ടാണോ നീ കാണുന്നത്?''
''അല്ല, വില കുറഞ്ഞ ഭീരുത്വമായിട്ട്.''
അയാള്‍ ആത്മവിശ്വാസത്തോടെ ചിരിച്ചു.
''പെണ്ണുങ്ങള് വല്ലാത്ത ധൃതിക്കാരികളും വികാര ജീവികളും തന്നെ.''
''എനിക്ക് മുഹമ്മദിന്റെ രക്തം കുടിക്കണം, കരള്‍ ചവക്കണം; ഹംസയുടെ കരള്‍ ഹിന്ദ് ചവച്ചതു പോലെ.'' പിന്നെ അവള് അകലേക്ക് കണ്ണ് നട്ട് കുറച്ച് നേരം നിന്നു. ''മക്കക്കാരുമായുണ്ടാക്കിയ സന്ധി കണ്ടില്ലേ? തുല്യശക്തികള്‍ തമ്മിലുള്ള സന്ധി പോലെയാണ്. ഇത് മുഹമ്മദിന്റെ വമ്പന്‍ വിജയമാണ്. നീണ്ട കാലത്തേക്കാണ് സന്ധി ഉണ്ടാക്കിയിരിക്കുന്നത്.''
പിന്നെ സല്ലാമിന് നേരെ തിരിഞ്ഞു:
''ഈ സന്ധിയുടെ അര്‍ഥമെന്താണെന്ന് വല്ല പിടിയും ഉണ്ടോ?''
''അറിയാം. ഇനി മുഹമ്മദിന്റെ മുഴുശ്രദ്ധയും നമ്മുടെ നേരെയായിരിക്കും.''
''എന്നിട്ടും കാത്ത് നില്ക്കുകയാണോ?''
''മുഹമ്മദിന്റെ ഓരോ വിജയവും നമ്മുടെ ശത്രുവിന്റെ അധികാര മണ്ഡലം വ്യാപിക്കുന്നു എന്നതിന് തെളിവാണ്. നമ്മെ ചുറ്റിവരിയുന്ന അപകട വലയമാണത്. കൊച്ചുകൊച്ചു വിജയങ്ങള്‍ പ്രശ്നമാക്കാനില്ല. ഇത് അങ്ങനെയല്ലല്ലോ. മുഹമ്മദ് എന്ന താരോദയം തന്നെയാണ് നടന്നിരിക്കുന്നത്. അയാളില്‍ വിശ്വസിക്കുന്നവര്‍ കൂടിവരുന്നു. ശരിയാണ്, എത്രയും പെട്ടെന്ന് അക്കൂട്ടരെ നശിപ്പിച്ചില്ലെങ്കില്‍ കൈവിട്ട് പോകും. ഉന്മൂലനം ചെയ്യണം; ഒന്നിനെയും ബാക്കിയാക്കാതെ. എങ്ങനെയെന്ന് നീ ചോദിക്കും. നമ്മള് റോമക്കാരുമായി നിരന്തരം ബന്ധപ്പെട്ട് വരികയാണ്. മുഹമ്മദ് തന്റെ മതത്തിനും സാമ്രാജ്യത്തിനും ഭീഷണിയാണെന്ന് ഹിര്‍ഖല്‍ ചക്രവര്‍ത്തി മനസ്സിലാക്കിയിട്ടുണ്ട്. ദാരിദ്ര്യം പിടിച്ച ഈ മണല്ക്കാട്ടിലേക്ക് വരാന്‍ ഹിര്ഖലിന് പൊതുവേ താല്പര്യമില്ല. പക്ഷേ, ഇത്തരമൊരു ഭീഷണി വളര്‍ന്നു വരുന്നുണ്ടെന്ന് കാണുമ്പോള്‍ തീര്‍ച്ചയായും തന്റെ സൈന്യത്തിന്റെ ഒരു ദളത്തെ ഇങ്ങോട്ട് അയക്കാതിരിക്കില്ല. ഇങ്ങനെയൊന്ന് വരാനുണ്ടെന്ന് മുഹമ്മദ് ചിന്തിക്കുന്നുപോലുമുണ്ടാവില്ലല്ലോ. റോമന്‍ സൈന്യത്തിന്റെ ശക്തിയെപ്പറ്റി പറയേണ്ടല്ലോ. സര്വസന്നാഹങ്ങളുമായിട്ടായിരിക്കും വരവ്. അല്പ സമയമെടുക്കുമെന്ന് മാത്രം. അതുവരെ നമുക്ക് കാത്തിരുന്നുകൂടേ?''
സൈനബിന് സന്തോഷമടക്കാനായില്ല.
''ഒക്കെ സത്യമാണോ?''
''അവര്‍ക്കെതിരെ നമ്മള് നയിക്കുന്ന അവസാനത്തെ പടയോട്ടമായിരിക്കും ഇത്. ബനൂഖുറൈള, ബനുന്നളീര്‍, ഗത്വ് ഫാന്‍. ഈ ഗോത്രക്കാരൊക്കെ കുഴികളില്‍ വീണത് നാം കണ്ടതാണ്. നാം വീഴാന്‍ പാടില്ല. ''പിന്നെ ഗത്വ് ഫാന്കാര് നമ്മോടൊപ്പം വരാം എന്നു പറഞ്ഞിട്ടുണ്ട്. മക്കക്കാര്‍ മുഹമ്മദുമായി സന്ധിയുണ്ടാക്കിയതൊന്നും പ്രശ്നമാക്കേണ്ട. അവസരം കിട്ടിയാല്‍ അവരത് തോട്ടിലെറിഞ്ഞോളും. അവരുടെ കലിപ്പും വെറുപ്പും അത്രയധികമുണ്ട്.''
സൈനബ് ബിന്ത് ഹാരിസ് വിടര്‍ന്ന മുഖത്തോടെ ദൂരെ ചക്രവാളങ്ങളിലേക്ക് നോക്കി. കണ്ണുകള്‍ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.'' എന്ത് മനോഹര കാഴ്ചയായിരിക്കും അത്. റോമക്കാര്‍, ഖൈബറിലെ പോരാളികള്‍, ഗത്വ് ഫാനിലെ സിംഹങ്ങള്‍... ഹ....ഹ....ഹ.... ഇവര്‍ക്ക് മുമ്പില്‍ മുസ്ലിംകള് പേടിച്ചരണ്ട എലികളെപ്പോലെ ഓടിയൊളിക്കും.''
ഒരു വക്രിച്ച ചിരി അവളുടെ ചുണ്ടുകളില്‍ ഏങ്കോണിപ്പുണ്ടാക്കി. ''പിന്നെയൊരു കാര്യം. മുഹമ്മദിന്റെ ഭാര്യമാരെ അടിമകളാക്കി പിടിക്കുമ്പോള്‍ ഒരാളെ എനിക്കു വേണം ഭൃത്യയായിട്ട്. ങാ... ആഇശ തന്നെ ആയിക്കോട്ടെ. നബിയുടെ ഭാര്യ എന്റെ ഭൃത്യയാവുക, എന്റെ കല്പന കാത്ത് നില്ക്കുക... ഹ....ഹ....ഹ....
ആലോചിച്ചാല്‍ രസമാണ്. കിനാനത്തുബ് നു റബീഅ് തന്റെ ഭാര്യ സ്വഫിയ്യക്ക് മുഹമ്മദിന്റെ തലയാണ് സമ്മാനമായി വാഗ്ദാനം ചെയ്തത്. ആഇശ എന്നന്നേക്കും എന്റെ കാല്ച്ചുവട്ടില് അടിമയായിക്കഴിയുക... മതി, എന്റെ പകയടങ്ങാന് അതു മതി.''
സൈനബ് വായ് പൂട്ടാതെ സംസാരിച്ചുകൊണ്ടിരുന്നു. ഭര്‍ത്താവ് സല്ലാം മറ്റെന്തോ കാര്യമായ ആലോചനയിലാണ്. സൈനബ് തുടര്‍ന്നു: ''കണ്മുമ്പില് കാണുന്നതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. ഈ അറബികളുടെ കാര്യം വലിയ അത്ഭുതമാണ്. ഒരു വ്യവസ്ഥയും കാര്യവുമില്ല. വിവരമുണ്ടോ, അതുമില്ല. എല്ലാം തോന്നിയ പോലെ. അരാജകത്വം... ശരിക്കും മണ്ടന്മാരാണ്. മൂക്കിന് തുമ്പില്‍ തോണ്ടിയാല്‍ മതി യുദ്ധം തുടങ്ങുകയായി. ഇവരെ ഒന്നിപ്പിച്ച് നിര്‍ത്തുന്ന ഒരു സംഗതിയുമില്ല. ഒരു ഒട്ടകത്തെ കാണാനില്ല, ആക്ഷേപിച്ച് കവിതയെഴുതിക്കളഞ്ഞു, പെണ്ണിനെ കമന്റടിച്ചു എന്നു കേട്ടാല്‍ മതി കൊടുവാളുമായി ഇറങ്ങിക്കോളും. മരിക്കുന്നതും പരിക്കേല്‍ക്കുന്നതും ആയിരങ്ങളായിരിക്കും. നമുക്കതെല്ലാം ഒരു തമാശ. നമ്മള് നന്നായി പിരി കേറ്റിക്കൊടുക്കുകയും ചെയ്യും. അവരുടെ ഈ പൊട്ടത്തരം കൊണ്ടല്ലേ നമുക്ക് ഈ പണവും അധികാരവും സ്ഥാനമാനങ്ങളും ഒക്കെ ഉണ്ടായത്.... പിന്നെ ഉണ്ടായതോ?
സത്യം പറഞ്ഞാല്‍ ഇവറ്റകള് ഏതെങ്കിലും കാലത്ത് ഒന്നിച്ച് നില്ക്കും എന്ന് ഞാന്‍ ഒരിക്കലും കരുതിയതല്ല. ഇവരുടെ വിവാഹവും അനന്തരസ്വത്ത് വിതരണവും മറ്റു പൊതുകാര്യങ്ങളും നിയന്ത്രിക്കുന്ന ഒരു പുതിയ വ്യവസ്ഥ ഉണ്ടാകും എന്നും വിചാരിച്ചില്ല. ഇപ്പോ എന്താ സ്ഥിതി! മുഹമ്മദിന് ചുറ്റുമായി അവര്‍ ചേര്ന്നുനില്ക്കുന്നു. മുമ്പത്തെ കലഹമില്ല, തമ്മിലടിയില്ല, അരാജകത്വമില്ല. ചിന്തിക്കുന്നു, കൃത്യമായി പ്ലാന്‍ ചെയ്യുന്നു. തന്ത്രങ്ങളാല്‍ കാഞ്ഞ ബുദ്ധികളായ ജൂതന്മാരെ വരെ മലര്‍ത്തിയടിക്കുന്നു. ഇതെങ്ങനെ വിശദീകരിക്കും എന്നെനിക്കറിയില്ല. നിങ്ങള്‍ക്കറിയുമോ സല്ലാം?''
''ങേ.. ഉം... എന്ത്?''
''നിങ്ങള്‍ വേറേതോ താഴ് വരയില്‍...''
''ആയിക്കോട്ടെ. ആഇശയെ ഭൃത്യയായി വേണം എന്നല്ലേ. നമുക്ക് ശരിയാക്കാം.''
അല്‍പ്പനേരം അവള് ദൂരെയെങ്ങോ നോക്കിനിന്നു. പിന്നെ പറഞ്ഞു:
''ഒരു ഐഡിയ...''
''പറയൂ.''
''സമ്മതിക്കുമോ?''
''ആദ്യം ഐഡിയ കേള്‍ക്കട്ടെ.''
''സല്ലാം നോക്കൂ, ഞാനൊരു സ്ത്രീയാണ്. വെറും സ്ത്രീയല്ല. വെറുപ്പ് തലക്ക് പിടിച്ച സ്ത്രീ. ഭാവനയില്‍ പലതും കേറിവരികയാണ്. മണ്ടത്തരമായിരിക്കാം, ആയിക്കോട്ടെ. അത് നിങ്ങളോട് പറഞ്ഞെന്ന് കരുതി നഷ്ടമൊന്നുമില്ലല്ലോ. ഞാന്‍ ആലോചിക്കുകയാണ്. ഭര്‍ത്താവിന്റെ അടുത്തു നിന്ന് ഞാന്‍ ഒളിച്ചോടിപ്പോയാല്‍ ജനം എന്ത് പറയുമോ ആവോ? വളരെ രഹസ്യമായി ഖൈബര്‍ വിടുക. അപവാദ പ്രചാരണങ്ങളുടെ പൂരമായിരിക്കും, അല്ലേ?''
അയാള്‍ ആശ്ചര്യത്തോടെ അവളെ നോക്കി.
''നീ എന്തൊക്കെയാണിപ്പറയുന്നത്?''
''സല്ലാം, ക്ഷമിക്ക്. പറയാം. ഒളിച്ചോടിയാല്‍ അതൊരു ഭൂകമ്പം തന്നെയായിരിക്കും, അല്ലേ? ഖൈബര്‍ സൈന്യത്തിന്റെ മേധാവിയുടെ ഭാര്യ ഇതാ മദീനയിലേക്ക് ഒളിച്ച് കടന്നിരിക്കുന്നു. മുഹമ്മദിന്റെ അടുത്ത് ചെന്ന് ഇസ്ലാം സ്വീകരിക്കാന്‍ വേണ്ടി.....''
''ഇസ്ലാം സ്വീകരിക്കുകയോ?''
''അതെ. ദൈവം വഴി കാണിക്കുന്നു, മനസ്സ് അടിമുടി മാറുന്നു, ഒരുത്തി ഇതാ പണവും വീടും എല്ലാം ഉപേക്ഷിച്ച്, ഭര്‍ത്താവിനെ വരെ കളഞ്ഞ് ദൈവസന്നിധിയിലേക്ക്, സത്യപാതയിലേക്ക് ആഗതയായിരിക്കുന്നു. ഈ വാര്‍ത്ത മദീനയെ കുലുക്കും, അല്ലേ സല്ലാം? എനിക്ക് യസ് രിബ് കിട്ടുന്ന വരവേല്‍പ്പ് ആലോചിച്ചു നോക്കൂ. പ്രകമ്പനം കൊള്ളിക്കുന്ന തക്ബീര്‍ വിളികള്‍, തഹ് ലീൽ ധ്വനികള്‍. മുഹമ്മദ് ഇതാ പുഞ്ചിരിച്ചുകൊണ്ട് സ്വീകരിക്കുന്നു. ഒരു പക്ഷേ, എന്നെ വിവാഹം ചെയ്യാനും മതി.''
സല്ലാമിന്റെ മുഖം ഇരുണ്ടു. അരിശം ഇരച്ചുകയറി. ശരീരം വിറച്ചു.
''ഹാരിസിന്റെ മകളേ, വട്ടായോ? എന്തൊക്കെയാണ് വിളിച്ചു പറയുന്നത്?!''
സൈനബ് ആര്‍ത്താര്‍ത്ത് ചിരിച്ചു. ചിരി നിയന്ത്രണം വിട്ടപ്പോള്‍ കണ്ണില്‍ വെള്ളം നിറഞ്ഞു. ''ഭാര്യ മറ്റൊരാളോടൊപ്പം പോകുന്നതിലെ ഈറയാണോ?''
''എന്ത് ഈറ! നിന്റെ ബുദ്ധി തകരാറായതിലെ സങ്കടമേയുള്ളൂ. കുറച്ച് മുമ്പ് പറഞ്ഞു, ആഇശയെ ഭൃത്യയായി വേണമെന്ന്. ഇപ്പോ പറയുന്നു, ഇസ്ലാം സ്വീകരിക്കാന്‍ പോവാണ് എന്ന്.''
അവളുടെ മുഖത്തേക്ക് ഗൗരവം തിരിച്ചു വന്നു.
''നോക്കൂ, സല്ലാം. ഞാന്‍ ചെന്നാല്‍ മുഹമ്മദിനും കൂട്ടര്‍ക്കും വലിയ കാര്യമായിരിക്കും. ലോകത്തുള്ള മുഴുവന്‍ നിധികള്‍ കൊണ്ടുചെല്ലുന്നതിനേക്കാളും ഒരാള്‍ മുസ്ലിമായി വരുന്നതാണ് അവര്‍ക്കിഷ്ടം. ഞാന്‍ ഒറ്റക്ക്, ഒന്നുമില്ലാത്തവളായി, എല്ലാം ത്യജിച്ച് വരികയാണല്ലോ. സഹതാപം തോന്നി മുഹമ്മദ് എന്നെ വിവാഹം ചെയ്യാനും മതി. ഏറ്റവും ചുരുങ്ങിയത് മുഹമ്മദിന്റെ അടുപ്പക്കാരിലൊരാളായി ഞാന്‍ മാറും. അപ്പോള്‍ എനിക്ക് മുഹമ്മദിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താം. അല്ലെങ്കില്‍ ഈ കഠാര നെഞ്ചില്‍ കുത്തിയിറക്കാം.''
എല്ലാം കേട്ടപ്പോള്‍ സല്ലാമിന് ആശ്വാസമായി. പിരിമുറുക്കം അയഞ്ഞു.
''സൈനബ്, ഇത്രയൊന്നും കഷ്ടപ്പെടേണ്ട കാര്യമില്ല. മുഹമ്മദിനെയും കൂട്ടരെയും ചതച്ചരക്കാന്‍ ഖൈബര്‍ സൈന്യം മാത്രം മതി. തോല്‍വി പറ്റാത്ത ആരും മനുഷ്യരിലില്ല. നബിമാര്‍ തോറ്റിട്ടില്ലേ, കൊല്ലപ്പെട്ടിട്ടില്ലേ? കുതന്ത്രം പയറ്റണം. ഭൂമിയുടെ ഷെയ്പ്പ് മാറ്റാം. ശ്രദ്ധിച്ച് കേട്ടോണം. സ്ഥിരമായ, സര്‍വാംഗീകൃതമായ മൂല്യങ്ങള്‍ എന്ന് പറയുന്നുണ്ടല്ലോ. അങ്ങനെയൊന്നില്ല, നമ്മുടെ മതത്തില്‍ വരെ ഇല്ല. നമ്മുടെ വിജയരഹസ്യവും അതാണ്. കാലത്തിനൊത്ത് നാം മാറും. വേണമെന്നുണ്ടെങ്കില്‍ ഏടുകളില്‍ എഴുതിവെച്ച മത കാര്യങ്ങളും മാറ്റും.''
''നിങ്ങള്‍ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല.''
''ഞാന്‍ പറയുകയായിരുന്നു, നിന്റെ ഐഡിയ കൊള്ളാം. പക്ഷേ, ഇപ്പോള്‍ നടപ്പുള്ള കാര്യമല്ല. നമ്മള് എല്ലാം നഷ്ടപ്പെട്ട് ചക്രശ്വാസം വലിക്കുന്ന അവസരം വരികയാണെങ്കില്‍, അപ്പോള്‍ പറ്റും.''
അവള് തീര്‍ത്തും നിരാശയായി.
''എന്തൊരു കഷ്ടം! എന്നെ മനസ്സിലാക്കുന്ന ഒരുത്തനുമില്ലല്ലോ. ഇതിപ്പോ ഒറ്റക്ക് ഞാന്‍ തന്നെ നടത്തേണ്ടി വരും.''
''എന്റെ സമ്മതമില്ലാതെ നീയെങ്ങാന്‍ ഇതിന് ഇറങ്ങിയാല്‍ നിന്റെ തല ഞാന്‍ തല്ലിപ്പൊളിക്കും.''
അവള് അയാളെ കടുപ്പിച്ചൊന്ന് നോക്കി. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
''മുഹമ്മദ് നമ്മുടെ രാഷ്ട്രം ഇല്ലാതാക്കി. നമ്മുടെ പ്രിയ ജനങ്ങളെ വകവരുത്തി. നമ്മുടെ ഉള്ളിലിരിപ്പുകള്‍ തുറന്നുകാണിച്ചു. നമ്മുടെ പ്ലാനുകളൊക്കെ അട്ടിമറിച്ചു. ഇതില്പരം നാണക്കേട് എന്തുണ്ട്!''
സല്ലാമിന് ഈ വര്‍ത്തമാനം മടുത്തു കഴിഞ്ഞിരുന്നു.
''ഇതൊരു ആയിരാമത്തെ തവണയാണ് കേള്‍ക്കുന്നത്. നീ വെറുതെ വേവലാതിപ്പെടേണ്ട. ചെയ്യേണ്ടത് ആണുങ്ങള് ചെയ്തോളും.''
''ഞാന്‍ എന്ത് പറഞ്ഞാലും എന്നെ കൊച്ചാക്കുക. അത് നിങ്ങളുടെ സ്ഥിരം പരിപാടിയാണല്ലോ.''
''നിനക്ക് വെറുപ്പു കൊണ്ട് കണ്ണ് കാണാതായിരിക്കുന്നു. അതാണ് പ്രശ്നം. ഒന്നും ചിന്തിച്ചും ആലോചിച്ചും സമയമെടുത്ത് ചെയ്യാന്‍ നിനക്ക് കഴിയില്ല.''
അവള് നിശ്ശബ്ദയായി.
പെട്ടെന്ന് അവളുടെ മനസ്സിലേക്ക് അവന്റെ ചിത്രം ചാടിക്കയറി.
അതെ, തന്റെ ഭര്‍ത്താവിന്റെ വീട്ടിലെ അടിമച്ചെറുക്കന് തന്നെ. പുറമേക്ക് ശാന്തന്. നല്ല കറുപ്പ് നിറം. വല്ലാത്ത കടുപ്പമുള്ള നോട്ടമാണ് അവന്റേത്. താന്‍ എന്തും ചെയ്തുകളയും എന്നൊരു കുലുക്കമില്ലായ്മയുണ്ട് ആ നോട്ടത്തില്‍. അവള്‍ക്ക് ഉള്ളില്‍ ഇച്ചിരി അവനെ പേടിയുമാണ്.
എന്താണവന്റെ പേര്? ഫഹദ്...
അതെ, ഫഹദ് തന്നെ. ഉതൈബയുടെ മകള്‍ ഹിന്ദിന്റെയും ഹംസയുടെ കൊലയാളി വഹ്ശിയുടെയും കഥകള്‍ എന്തുകൊണ്ട് ആവര്‍ത്തിക്കപ്പെട്ടുകൂടാ?
(തുടരും)