യാത്ര ചെയ്യാന്‍ ഒരുപാട് ഇഷ്ടമുള്ള ഒരാളുണ്ടായിരുന്നു ഒരിടത്ത്. ലോകത്തെല്ലായിടത്തും തനിക്കെത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് അദ്ദേഹം ആഗ്രഹിച്ചു. ഒരിക്കല്‍ അദ്ദേഹം യാത്രക്കിടെ ആനകളെ താമസിപ്പിച്ചിരുന്ന ക്യാമ്പിലെത്തി. കാടിനടുത്താണ് ആ ക്യാമ്പ്. അത്ര കരുത്തില്ലാത്ത കയറു കൊണ്ടാണ് ആനകളെ ബന്ധിച്ചിരുന്നത്. ശ്രമിച്ചാല്‍ ആനകള്‍ക്ക് വളരെ എളുപ്പം രക്ഷപ്പെടാന്‍ സാധിക്കും. എന്നിട്ടും അവ രക്ഷപ്പെടാന്‍ ശ്രമിക്കുന്നില്ലല്ലോ എന്നാലോചിച്ച് ആ യാത്രികന് അല്‍ഭുതമായി.
അദ്ദേഹം ആ ക്യാമ്പ് നടത്തുന്നയാളോട് അതേ പറ്റി അന്വേഷിച്ചു. അയാള്‍ പറഞ്ഞു:
''ചെറുപ്പത്തില്‍ ആ കയറുകള്‍ കൊണ്ടായിരുന്നു അവയെ ബന്ധിച്ചിരുന്നത്. അന്ന് അത്രമാത്രം ബലമുള്ള കയര്‍ മതിയായിരുന്നു. എന്നാല്‍ പിന്നീട്, ആനകള്‍ വലുതായി, കൂടുതല്‍ കരുത്തരായി. അത് പക്ഷേ, ഇപ്പോഴും അവര്‍ അറിഞ്ഞിട്ടില്ല.''
സ്വന്തം കഴിവുകള്‍ തിരിച്ചറിയുക എന്നത് വളരെ പ്രധാനമാണ്. അതറിഞ്ഞാലാണ് അതിനെ കൂടുതല്‍ മെച്ചപ്പെടുത്താനും നമുക്ക് ഏറെ മുന്നിലെത്താനും കഴിയുക. സ്വന്തം കരുത്ത് അറിയാതെ തീരെ ദുര്‍ബലനാണ് താനെന്ന് കരുതി അങ്ങനെ ജീവിച്ചു തീരുകയെന്നത് വലിയ കഷ്ടമാണല്ലേ...
നമ്മെ കുറിച്ച് ആലോചിക്കാനും വിലയിരുത്താനും നാം നേരം കണ്ടെത്തണം. ഡയറിയെഴുതുക എന്ന ശീലം നമുക്ക് നമ്മെ തിരിച്ചറിയാനുള്ള നല്ല മാര്‍ഗമാണ്. ദിവസവും ഡയറിയെഴുതാം. ഡയറിയില്‍ നമ്മുടെ നിലവിലെ അവസ്ഥയും നമ്മുടെ സ്വപ്നങ്ങളുമെല്ലാം എഴുതാം. ഏത് കാര്യത്തിലാണ് ഫോക്കസ് ചെയ്യേണ്ടതെന്ന് ചിന്തിച്ചു നോക്കാം. എന്തെല്ലാം കാര്യത്തിലാണ് തന്നെ എല്ലാവരും അഭിനന്ദിക്കുന്നതെന്ന് നിരീക്ഷിക്കാം. തന്റെ കഴിവുകളും കഴിവുകേടുകളുമെന്തെന്ന് ചികയാം. ദൗര്‍ബല്യങ്ങളെ ഇല്ലായ്മ ചെയ്യാനും കഴിവുകളെ മെച്ചപ്പെടുത്താനുമുള്ള വഴികള്‍ അന്വേഷിക്കാം. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ഓരോ ദിവസവും കൂടുതല്‍ മെച്ചപ്പെടുത്താന്‍ അത് നമ്മെ സഹായിക്കും. നമ്മുടെ ചിന്തകള്‍ എഴുതിവെക്കുന്നത് സ്ട്രെസ്സ് കുറക്കാന്‍ സഹായിക്കും എന്നാണ് ഹെല്‍ത്ത് എക്സ്പേര്‍ട്ടുകള്‍ പറയുന്നത്. മാത്രമല്ല, നമുക്ക് നല്ല മെമ്മറി പവറും ഉണ്ടാകും. ഓരോരോ നേട്ടങ്ങള്‍ നമുക്കുണ്ടാകുമ്പോഴും അതേപറ്റി എഴുതുമ്പോള്‍ അത് നമുക്ക് ഇരട്ടി എനര്‍ജി നല്‍കും.
അഡ്വഞ്ചേഴ്സ് ഓഫ് ടോം സോയറും ഹക്കിള്‍ബറി ഫിന്നും എഴുതിയ മാര്‍ക്ക് ട്വയിനെ കുറിച്ച് കൂട്ടുകാര്‍ കേട്ടിട്ടില്ലേ? അദ്ദേഹം എല്ലാം എഴുതിവെക്കുന്ന ശീലമുള്ളയാളായിരുന്നു. അത്തരം എഴുത്തുകള്‍ അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തിന് വളരെ സഹായകമായി മാറുകയാണുണ്ടായത്.
നമ്മുടെ എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യാനും മനസ്സ് തുറക്കാനും എപ്പോഴും ചുറ്റുമുള്ളവരെ കിട്ടിക്കൊള്ളണമെന്നില്ല. അത്തരം സന്ദര്‍ഭങ്ങളില്‍ ഡയറിയെഴുത്ത് ഒരു പരിഹാരമാണ്. നമ്മുടെ ഐഡിയകളും ആഗ്രഹങ്ങളും എല്ലാം നമുക്ക് ഡയറിയില്‍ പകര്‍ത്താം. പതിയെ നമുക്ക് നമ്മുടെ കരുത്തെന്താണെന്ന് മനസ്സിലായിത്തുടങ്ങും. അത്യധികം കഴിവുള്ളവരാണ് നാമെന്ന് അന്നേരം ബോധ്യമാകും.
നമ്മുടെ കഴിവുകള്‍ വളരുന്ന ചെടികള്‍ പോലെയാണെന്ന് പറഞ്ഞത് ഫ്രാന്‍സിസ് ബേക്കണാണ്. അതിനെ കൃത്യമായി വെട്ടിയൊതുക്കിയാല്‍ നല്ല ഭംഗിയാണ് കാണാന്‍. ചെടിയെ ശരിക്കും പരിപാലിച്ചില്ലെങ്കിലോ, ആകെ കാടു പിടിച്ച് പേടിപ്പെടുത്തും വിധമായിത്തീരും. അവിടെ ഇഴജീവികള്‍ പാര്‍ക്കും.
നമുക്ക് സുഗന്ധം പരത്തുന്ന ചെടികളാകാം.. അല്ലേ കൂട്ടുകാരേ..?
l