വയോജനങ്ങള്‍ക്ക് തണല്‍ മരങ്ങള്‍
ഡോ. ജാസിമുല്‍ മുത്വവ്വ
october 2022
വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും പരിചരിക്കുന്ന ഇസ്തംബൂളിലെ
കേന്ദ്രങ്ങളെക്കുറിച്ച്
ഇസ്തംബൂളിലെ രണ്ട് ജീവകാരുണ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ എനിക്കവസരം ലഭിച്ചു. ഒന്ന് വയോജനങ്ങള്‍ക്ക് തണലായ ഭവനവും മറ്റേത് ഭിന്നശേഷിക്കാര്‍ക്ക് അഭയം നല്കുന്ന വസതിയും. ഒന്നാമത്തേത് ഗവണ്മെന്റ് സ്ഥാപനം. രണ്ടാമത്തേത് സ്വകാര്യ സ്ഥാപനം. മികവിന്റെയും നേട്ടങ്ങളുടെയും കാര്യത്തില്‍ ഗവണ്മെന്റും സ്വകാര്യസ്ഥാപനങ്ങളും നടത്തുന്ന കേന്ദ്രങ്ങള്‍ തമ്മില്‍ ഒരു വ്യത്യാസവും എനിക്ക് കാണാനായില്ല. രണ്ടും കട്ടക്ക് മത്സരിച്ചു മുന്നേറുന്നു. ആദ്യത്തേത് വയോജനങ്ങള്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കുമായി ക്രി. 1895-ല്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലത്ത് നിലവില്‍ വന്നതാണ്. മുതിര്‍ന്നവര്‍ക്കും വയോജനങ്ങള്‍ക്കും മികച്ച സേവനങ്ങള്‍ അര്‍പ്പിച്ചുകൊണ്ട് ആ സ്ഥാപനം അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
സ്ഥാപനത്തിന്റെ മേധാവി ഹംസയെ ഞാന്‍ സന്ദര്‍ശിച്ചു. ആ മാന്യവ്യക്തി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അങ്ങേയറ്റം ഉത്സുകനാണ്. തുര്‍ക്കി പ്രസിഡന്റാണ് സ്ഥാപനത്തിന്റെ മേധാവിയെ നിയമിക്കുന്നത്. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലം മുതല്ക്കേ അതാണ് പതിവ്. കേന്ദ്രത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും അദ്ദേഹം എനിക്ക് വിവരിച്ചു തന്നു. വിവിധ ഭാഗങ്ങളും, വയോജനങ്ങള്‍ക്കും വൃദ്ധര്‍ക്കും ഒരുക്കിയ സൗകര്യങ്ങളും ഞങ്ങള്‍ ചുറ്റിക്കണ്ടു. ഞങ്ങള്‍ കണ്ട അന്തേവാസികളെല്ലാം അദ്ദേഹത്തോട് ചിരിക്കുകയും കളിതമാശകള്‍ പറയുകയും തങ്ങളുടെ കൂടെ പിടിച്ചിരുത്തി വര്‍ത്തമാനങ്ങള്‍ പറയുകയും ചെയ്യുന്നുണ്ടായിരുന്നു. കേന്ദ്രത്തിലെ വൃത്തിയും പരിസര ശുചിത്വവും അടുക്കും ചിട്ടയുമൊക്കെ എന്നെ അതിശയപ്പെടുത്തി. മികവിന്റെ കേന്ദ്രമായി അവര്‍ അതിനെ കൊണ്ടുനടക്കുന്നു. കേന്ദ്രത്തില്‍ 500 വയോജനങ്ങളാണുള്ളത്. അവരെ പരിചരിക്കാന്‍ 450 പേര്.
തുര്‍ക്കിയിലെ ഒരു ലക്ഷം വയോജനങ്ങളെ സംരക്ഷിക്കാനും പാര്‍പ്പിക്കാനുമായി എഴുനൂറ് വഖ്ഫ് സ്വത്തുക്കള്‍ നീക്കിവെച്ചിരിക്കുന്നു. അവയില്‍നിന്ന് ലഭിക്കുന്ന ആദായവും വരുമാനവും ഈ വയോജന കേന്ദ്രങ്ങളുടെ നടത്തിപ്പിനാണ്. ചുറ്റി നടക്കുന്നതിനിടയില്‍ ഒരു അറവുശാല എന്റെ ശ്രദ്ധയാകര്‍ഷിച്ചു. അത് എന്തിനെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: 'ഞങ്ങള്‍ ഇവിടെ ദിവസവും 100 ആടുകളെ അറുക്കുന്നു. ഈ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഭക്ഷണമൊരുക്കാനാണത്. മറ്റു കേന്ദ്രങ്ങളിലേക്കും ഇവിടെ നിന്നാണ് അറുത്ത് കൊണ്ടുപോകുന്നത്.' കേന്ദ്രത്തില്‍ പള്ളി, തോട്ടങ്ങള്‍, ചായക്കട, മ്യൂസിയം, ചപ്പാത്തിച്ചൂള എല്ലാം ഉണ്ട്. വൃദ്ധജനങ്ങള്‍ക്ക് പ്രത്യേകം സംവിധാനിച്ച ഒരു കൊച്ചു നഗരമാണത്. തങ്ങളുടെ ഒരാവശ്യത്തിനും അവര്‍ക്ക് പുറത്ത് പോവേണ്ടി വരുന്നില്ല. കുറച്ചകലെ ഒരു ചര്‍ച്ചും ജൂതപ്പള്ളിയും കണ്ടു. വിശദീകരണം തേടിയപ്പോള്‍ ഗൈഡിന്റെ മറുപടി: 'ഇത് സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലം മുതല്ക്കേ ഉള്ളതാണ്. അന്ന് ഇസ്തംബൂള്‍ വാസികളില്‍ 40 ശതമാനം ക്രൈസ്തവരാണ്. ചര്‍ച്ച് ഞങ്ങള്‍ ഇന്നും സംരക്ഷിച്ചുപോരുന്നു; ആരാധനക്കെത്താന് ആരും ഇല്ലാതിരുന്നിട്ടും.
പിന്നെ പോയത് മ്യൂസിയത്തിലേക്കാണ്. ചുമരില്‍ നിരവധി ഫോട്ടോകള്‍. വിശദീകരണം തേടിയ എന്നോട്: 'കേന്ദ്രത്തിന്റെ ആരംഭം മുതല്‍ ഇന്നേവരെ ഇവിടെ അന്തേവാസികളായിക്കഴിഞ്ഞവരില് മരിച്ചവരുടെ ഫോട്ടോകളാണിവ. അവരുടെ ഓര്മ നിലനിര്‍ത്താനാണിത്.,' അങ്ങനെ മുന്നോട്ടു നീങ്ങുമ്പോഴുണ്ട് ഒരു സ്ത്രീ ചക്ര കസേരയില്‍ നീങ്ങിവരുന്നു, പേര് ആഇശ. ഞങ്ങള്‍ അവര്‍ക്ക് സ്വാഗതമോതി. അവര്‍ ചിരി വിടാതെ ഞങ്ങളോട്: 'നിങ്ങള്‍ എന്നെ ആശീര്‍വദിക്കൂ, അനുഗ്രഹിക്കൂ.' ഞങ്ങള്‍ ആശീര്‍വദിക്കാനും നന്മ നേരാനും പ്രത്യേകം എന്തുണ്ടായി?' അവര്‍: 'ഈ കേന്ദ്രത്തില്‍ ഞാന്‍ താമസിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് 35 വര്‍ഷം പൂര്‍ത്തിയാവുകയാണ്. ഞാന്‍ അങ്ങേയറ്റം സന്തോഷവതിയാണ്. ഭാഗ്യവതിയാണ്.' ദ്വിഭാഷി മുഖേന ഞാന്‍ അവരുടെ അടുത്തിരുന്ന് സംസാരിച്ചു.
സന്ദര്‍ശനത്തിനൊടുവില്‍ സ്ഥാപനാധികൃതര്‍ ഞങ്ങള്‍ക്ക് അവരുടെ ഭാവി പദ്ധതികള്‍ വിവരിച്ചു തന്നു. ഇനി തുടങ്ങാനിരിക്കുന്നത് ഒരു സമ്പൂര്‍ണ നഗരിയാണ്. വൃദ്ധര്‍ക്കും അശരണര്‍ക്കും ആലംബഹീനര്‍ക്കും വേണ്ടി. കാരുണ്യകേന്ദ്രം എന്നാണ് അതറിയപ്പെടുക. ഭവനങ്ങള്‍, നടപ്പാതകള്‍, നിരത്തുകള്‍, ഷോപ്പുകള്‍ എന്നിവ അടങ്ങുന്ന സമ്പൂര്‍ണ സിറ്റി. ജലാശയങ്ങളില്‍ സ്ഥാപിച്ച ഫൗണ്ടനുകളില്നിന്ന് നിര്‍ഗളിക്കുന്ന വെള്ളത്തിന്റെ താളവും ശ്രുതിയും ശബ്ദവും സംഗീതമായി വൃദ്ധജനങ്ങളുടെ കാതില്‍ പതിക്കാനുള്ള പ്രത്യേക സംവിധാനമൊരുക്കിയത് എന്നെ ഹഠാദാകര്‍ഷിച്ചു. വൃദ്ധജനങ്ങളുടെ പല രോഗങ്ങള്‍ക്കും ഈ സംഗീത ചികിത്സ ശമനമുണ്ടാക്കുമെന്ന് അനുഭവങ്ങള്‍ തെളിയിച്ചതായി അവര്‍ പറഞ്ഞു. പ്രായമായവര്‍ക്കും വൃദ്ധജനങ്ങള്‍ക്കും ഫൗണ്ടനില്‍നിന്ന് ഉറന്നൊഴുകുന്ന സംഗീത വര്‍ഷം എങ്ങനെ ചികിത്സയായിത്തീരുന്നു എന്ന് വ്യക്തമാക്കുന്ന ഒരു ഫിലിമും അവര്‍ എനിക്ക് കാണിച്ചു തന്നു. സൗണ്ട് എഞ്ചിനീയറിംഗിന്റെ അപാര സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദഗ്ധര്‍ കാണിച്ച മിടുക്ക് എന്നെ അത്ഭുതപ്പെടുത്തി.
രണ്ടാമത് സന്ദര്‍ശിച്ചത് ഭിന്നശേഷിക്കാര്‍ക്കുള്ള കേന്ദ്രമാണ്. സ്ഥാപനമേധാവി ദൂഫിനാസിനെ കണ്ടു. 'ഭിന്നശേഷിക്കാരുടെ ആത്മവീര്യം വളര്‍ത്താനും അവരില്‍ അന്തര്‍ലീനമായ വ്യത്യസ്തവും വ്യതിരിക്തവുമായ കഴിവുകള്‍ സ്വയം കണ്ടെത്താനും അവരെ പ്രാപ്തരാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. തങ്ങള്‍ക്കും സമൂഹത്തിനും ആ കഴിവുകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് അവര്‍ കണ്ടെത്തണം. ഓരോ ഭിന്നശേഷിക്കാര്‍ക്കും വൈകല്യം സംഭവിച്ചവര്‍ക്കും അല്ലാഹു പകരം മറ്റൊരു കഴിവു കൊടുത്തിരിക്കും. എന്നാല്‍, അത് തിരിച്ചറിയാന്‍ ശ്രമിക്കാതെ പലരും തങ്ങളുടെ വിധിയില്‍ മനംനൊന്ത് തങ്ങളില്‍ ചുരുണ്ടുകൂടാനാണ് ഇഷ്ടപ്പെടുന്നത്. സമൂഹത്തെ ആശ്രയിച്ചാണ് പിന്നെ അവരുടെ ജീവിതം. സമൂഹത്തിന് അവര്‍ ഒരു ഭാരമാവുകയും ചെയ്യും. ഞങ്ങളുടെ ഈ കേന്ദ്രം ഒരു എന്‍.ജി.ഒ സ്ഥാപനമാണ്. 5000 ഭിന്നശേഷിക്കാരെ തുര്‍ക്കിയിലെ തൊഴില്‍ കമ്പോളത്തില്‍ വിജയകരമായി ഇടപെടാന്‍ ഞങ്ങള്‍ പ്രാപ്തരാക്കി. അവരുടെ സ്ഥിതി മെച്ചപ്പെട്ടു. ജീവിതം സുസ്ഥിതി കൈവരിച്ചു. സമൂഹത്തിനും അവര്‍ ഉപകാരപ്പെട്ടു. അവരില്‍ പലരും വിവാഹം കഴിച്ചു. കുട്ടികളുമൊക്കെയായി കുടുംബമായി കഴിയുന്നു' അവര്‍ വിശദീകരിച്ചു. ഒരു അനുഭവം അവര്‍ വിവരിച്ചതിങ്ങനെ: 'ഒരു ഭിന്നശേഷിക്കാരന്, വീട്ടിലെ ഒരു മൂലയില്‍ നിരുന്മേഷവാനായി, അലസനായി കഴിഞ്ഞു കൂടുകയായിരുന്നു. കേന്ദ്രം അവനെ ഏറ്റെടുത്തു. പഠിപ്പിച്ചു. രണ്ട് മാസ്റ്റര്‍ ബിരുദം അവന് നേടി. ഭിന്നശേഷിക്കാരിയായ ഒരു പെണ്‍കുട്ടിയെ അവന് വിവാഹം കഴിച്ചു. അവളെ അവന് പഠിപ്പിച്ചു. യൂനിവേഴ്സിറ്റിയില്‍നിന്ന് ആ പെണ്‍കുട്ടിയും മാസ്റ്റര്‍ ബിരുദമെടുത്തു. ഇതെല്ലാം ഞങ്ങളുടെ കേന്ദ്രത്തിന്റെ നിരന്തര പ്രവര്‍ത്തനവും തുടര്‍ നടപടികളും മൂലമാണ്. ഞങ്ങളുടെ കേന്ദ്രത്തില്‍ മാത്രമല്ല, വീടുകളിലും സേവനങ്ങള്‍ എത്തിക്കുകയും ഭിന്നശേഷിക്കാരെ കഴിവുറ്റവരും പ്രാപ്തരുമാക്കി മാറ്റാന്‍ ആസൂത്രിത പദ്ധതികള്‍ നടപ്പാക്കുകയും ചെയ്യുന്നു'- ദൂഫിനാസ് പറഞ്ഞുനിര്‍ത്തി.
വിവ: ജെ.