വയസ്സായാലെന്താ?
അബൂബക്കര്‍ ആക്കോട്
october 2022
യൗവനവും വാര്‍ധക്യവും ഒരുപോലെ നിറമുള്ളതാക്കുന്ന കുഞ്ഞാമിന ഉമ്മ
കുഞ്ഞാമിന ഉമ്മയെ കാണാനാണ് പൊതുപ്രവര്‍ത്തകനും സുഹൃത്തുമായ അബ്ദുള്ള പുല്ലൂക്കിലിന്റെ വീട്ടിലെത്തിയത്. അദ്ദേഹത്തിന്റെ ഉമ്മയാണ്. പുറത്തെവിടെയോ ആയിരുന്ന ഉമ്മ കാലില്‍ ചെരിപ്പില്ലെങ്കിലും വേഗത്തില്‍ നടന്നുവരുന്നു. കാലുകള്‍ കഴുകി അകത്ത് കയറിയതും ചെരിപ്പിട്ടു. 'ഇത് അകത്ത് മതി. പുറത്തു വേണ്ട.' വയസ്സ് 93 ആണത്രെ. കാഴ്ചയില്‍ പ്രായത്തെ വെല്ലുന്ന ആരോഗ്യവതി. ദിനേനയുള്ള ഖുര്‍ആന്‍ പാരായണവും പത്രവായനയും ഇപ്പോഴും കണ്ണടയില്ലാതെയാണ്.
ചാലില്‍ ഉമ്മാരത്ത് മൊയ്തീന് എന്ന സ്വാതന്ത്ര്യ സമര സേനാനിയായ കോണ്‍ഗ്രസ് നേതാവിന്റെ സഹോദരിയാണ് കുഞ്ഞാമിന ഉമ്മ. പേരാമ്പ്ര കായണ്ണയിലെ പുല്ലൂക്കില് തറവാട്ടിലേക്ക് കുഞ്ഞി മൊയ്തീന് ഹാജിയുടെ പുതുനാരിയായി കുഞ്ഞാമിനയെത്തിയത് പത്താം വയസ്സിലാണ്.
പഴയകാല ചിന്തകളും ഓര്‍മകളും പുതുമയില്‍ തന്നെ ഉമ്മക്ക് ഓര്‍ത്തെടുക്കാനാവുന്നുണ്ട്. പട്ടിണിയും പരിവട്ടവുമായി കഴിഞ്ഞിരുന്ന കാലത്ത് ചുറ്റുപാടിലുമുള്ളവരുടെ വിശപ്പടക്കാന്‍ ആവത് ചെയ്യുമായിരുന്നു. നാട്ടിലെ മദ്റസയിലും പള്ളിയിലും എത്തുന്ന ഉസ്താദുമാര്‍ക്കും സന്ദര്‍ശകര്‍ക്കും ഭക്ഷണമുണ്ടാക്കിക്കൊടുക്കുന്നത് കുഞ്ഞാമിന ഉമ്മ വലിയ സുകൃതമായി കണ്ടു. നന്നായി കുട്ടയും ചൂലും മെടഞ്ഞ് കെട്ടി വീട്ടിലേക്കും പിന്നെ ആവശ്യക്കാര്‍ക്കും കൊടുക്കാന്‍ 93-ാം വയസ്സിലും അവര്‍ക്ക് പ്രയാസമില്ല.
എട്ട് മക്കളും പേരമക്കളും അവരുടെ മക്കളുമടങ്ങുന്ന 51 അംഗങ്ങളുള്ള വലിയ കുടുംബത്തിലെ എല്ലാവരുടെയും ജനനത്തിയ്യതിയും മറ്റു വിശേഷ ദിവസങ്ങളും കൃത്യമായി ഉമ്മയാണ് ഓര്‍ത്തുവെക്കുന്നത്. പത്താം വയസ്സില്‍ 24 പടവുകളുള്ള കിണറ്റില്‍ വീണിട്ടും ചങ്കൂറ്റത്തോടെ കയറിപ്പറ്റിയതാണ്. പെണ്ണുങ്ങള്‍ക്ക് ഭൗതിക വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട അക്കാലത്ത് അഞ്ചാം ക്ലാസ്സ് വരെ പഠിച്ചിട്ടുണ്ട്. അന്ന് പഠിച്ച കവിതകളൊന്നും വരി തെറ്റാതെ ഇപ്പോഴും ഓര്‍മയിലുണ്ട്. നല്ല വായന ഇന്നും തുടരുന്നതിനാല്‍ ഉമ്മാക്ക് എല്ലാ വിഷയങ്ങളിലും തന്റേതായ നിലപാടുകള്‍ കാത്തുസൂക്ഷിക്കാനാവുന്നു.
തന്നെപ്പോലെ യൗവനവും വാര്‍ധക്യവും ഒരുപോലെ സര്‍ഗാത്മകമായി മുന്നോട്ടു കൊണ്ടുപോകാന്‍ സമൂഹത്തിന് കഴിയട്ടെ എന്ന് കുഞ്ഞാമിന ഉമ്മ പ്രത്യാശിക്കുന്നു.