ആഴക്കടലിന്റെ അഗാധതയും ആകാശനീലിമയുടെ അനന്തതയും തേടിയലഞ്ഞ് വിദ്യയാണ് കരുത്തെന്നും അറിവാണ് ആയുധമെന്നും വിശ്വസിച്ച, പത്മശ്രീയോളം വളര്‍ന്ന
അലി മണിക്ഫാന്റെ ജീവിതം വാര്‍ധക്യത്തിലും ചടുലമാണ്.
വാടക വീടിന്റെ കോലായില്‍ കാല്‍ കയറ്റിവെച്ച് മേശ പോലുമില്ലാതെ, ഒരു കൈയില്‍ പുസ്തകവും മറുകൈയില്‍ പേനയും പിടിച്ച് അറിവും അനുഭവവും പകര്‍ത്തിവെക്കുന്ന, ആ വലിയ മനുഷ്യനോട് സ്വയം പരിചയപ്പെടുത്തിയപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം മറ്റൊരു കസേരയില്‍ വെച്ച് സ്വീകരിച്ചിരുത്തി. ആഴക്കടലിന്റെ അഗാധതയും ആകാശനീലിമയുടെ അനന്തതയും തേടിയലഞ്ഞ, വിദ്യയാണ് കരുത്തെന്നും അറിവാണ് ആയുധമെന്നും വിശ്വസിച്ച, പത്മശ്രീയോളം വളര്‍ന്ന ജീവിതത്തെ മൂന്നുനാല് മണിക്കൂര്‍ കൊണ്ട് എഴുതിയെടുക്കാനാവില്ലല്ലോ. അതുകൊണ്ട്, മക്കള്‍ക്ക് പാകതയും പക്വതയും എത്തുമ്പോള്‍ വയസ്സായെന്നും ഇനി, ജീവിതം മരുന്നിലും കുഴമ്പിലാണെന്നും കരുതുന്നവര്‍ക്കിടയില്‍, മക്കളാല്‍ വൃദ്ധസദനങ്ങളില്‍ ഒതുങ്ങിപ്പോകുന്നവര്‍ക്കിടയില്‍ എങ്ങനെയാണ് ഈ ജീവിതത്തെ അല്ലലും അലട്ടുമില്ലാതെ സര്‍ഗാത്മകമാക്കുന്നതെന്നറിയാന്‍ ശ്രമിക്കുകയായിരുന്നു.
നടന്നു തീര്‍ത്ത വഴികളിലും അന്തിയുറങ്ങിയ ഇടങ്ങളിലും അടയാളങ്ങള്‍ കൊത്തിവെച്ച മനുഷ്യന്‍. ആളാവാനും ആളെയറിയിക്കാനും ഒന്നും ചെയ്യാത്തതിനാല്‍ തേടിപ്പോയവരിലേക്ക് മത്രം ഒതുങ്ങിയ ഒരാള്‍.
എണ്‍പത്തിനാലാമത്തെ വയസ്സിലും 45-ന്റെ മനസ്സുമായി ഇനിയും യാത്രയുടെ ഒരുക്കത്തിലാണ്. ആരാധനാ വേളയിലും ആഘോഷ രാവിലുമെങ്കിലും സമുദായം ഐക്യത്തോടെയിരിക്കണം എന്ന ആഗ്രഹത്തോടെ ഹിജ്റ കലണ്ടറിന്റെ പ്രചാരണത്തിന്നായുള്ള യാത്ര. കോവിഡിന്റെ കെട്ടിയിടലില്‍ നിലച്ചുപോയ യാത്ര പുനരാരംഭിക്കണമെന്ന ആ മുഖത്തോടെയാണ് പത്മശ്രീയോളം വളര്‍ന്ന ആ ജീവിത കഥ പറഞ്ഞു തുടങ്ങിയത്.
നടന്നു നീങ്ങിയ വഴികള്‍
ആര്‍ത്തിരമ്പുന്ന തിരമാലകളില്ലാത്ത, ലഗൂണുകളാല്‍ സമ്പന്നമായ മിനിക്കോയ് ദ്വീപില്‍, നാട്ടുകാര്‍ കല്‍പ്പിച്ചു നല്‍കിയ പാരമ്പര്യ പെരുമയില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന, ഭൂമിയുടെ അവകാശികളും കപ്പലുകളുടെ അധിപരുമായി ഭരണകാര്യങ്ങള്‍ നടത്തുന്ന മണിക്ഫാന്‍ കുടുംബത്തില്‍ 1938-ലാണ് ജനനം. ഉപ്പ, മൂസാ മണിക്ഫാന്‍. ഉമ്മ ഫാത്തിമ മണിക്ക. വീട്ടുപേര് ഗണ്ടവറു. ഉപ്പ, ഭരണകാര്യങ്ങള്‍ നടത്തുന്ന ആമീന്‍. പ്രതാപമുള്ള ജോലി. ഏതോ വഴി വന്ന ജാതീയ ഉച്ചനീചത്വങ്ങള്‍ ഉണ്ടെങ്കിലും സമാധാനത്തിലും സന്തോഷത്തിലും കഴിഞ്ഞിരുന്ന നിഷ്‌കളങ്കരായ ദ്വീപുകാര്‍ക്ക് വിദ്യാഭ്യാസ സൗകര്യങ്ങളില്ല. അന്ന് ദ്വീപില്‍ സ്‌കൂളുകളേ ഇല്ല. പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് മതവിദ്യാഭ്യാസം കുറച്ചുണ്ട്. ഉമ്മ കുട്ടികളെ ഓത്ത് പഠിപ്പിച്ചിരുന്നു. കണ്ണൂര്‍ അറക്കല്‍ രാജാധീനത്തിലായിരുന്ന ദ്വീപുകള്‍ക്ക് കണ്ണൂരുമായി അന്നേ വ്യാപാര ബന്ധമുണ്ടായിരുന്നതുകൊണ്ട് കണ്ണൂരുകാര്‍ വ്യാപാരാവശ്യാര്‍ഥം ദ്വീപില്‍ വരാറുണ്ട്.
അങ്ങനെയാണ് കണ്ണൂര്‍ സ്വദേശി ഹസ്സന്‍കുഞ്ഞിനോടൊപ്പം മണിക്ഫാനെ പത്താം വയസ്സില്‍ കണ്ണൂരിലേക്ക് പഠിക്കാനയക്കുന്നത്. ഇന്ന്, ഹൈസ്‌കൂളായി മാറിയ കണ്ണൂര്‍ സിറ്റി പുതിയ പീടിക ഹയര്‍ എലിമെന്ററി സ്‌കൂളിലാണ് പ്രാഥമിക പഠനം. ഒരു വര്‍ഷത്തിനു ശേഷം ഉറുദു ഭാഷ പഠിക്കാനുള്ള സൗകര്യമുള്ളതുകൊണ്ട് കൊട്ടാരത്തിനടുത്ത കോയിക്കാന്റെ മദ്റസയില്‍ ചേര്‍ന്നു. പോലീസ് മൈതാനിയിലെ സ്‌കൂളിലായിരുന്നു സെക്കന്‍ഡ് ഫോറം. കണ്ണൂരിലെ തൂസിക്കണ്ണന്‍ മൂസക്കുട്ടിയുടെ വീട്ടിലായിരുന്നു താമസം. കൊല്ലത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യമേ വീട്ടിലേക്ക് പോകൂ. സെക്കന്‍ഡ് ഫോറം പാസായ ശേഷം വീട്ടിലേക്ക് തിരിച്ചു വന്നെങ്കിലും തുടര്‍പഠനത്തിന് സ്‌കൂളില്ലാത്തതുകൊണ്ട് സ്വന്തമായി പുസ്തകങ്ങള്‍ സംഘടിപ്പിച്ച് പഠിച്ചു. പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ചെന്നപ്പോഴാണ് 18 വയസ്സാകാത്തതിനാല്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അധികാരികള്‍ പറഞ്ഞത്.
പൂതിവെച്ച് പഠിച്ചു പരീക്ഷ എഴുതാന്‍ പോയപ്പോള്‍ സാങ്കേതിക നൂലാമാലകള്‍ പറഞ്ഞ് കൈമലര്‍ത്തിയ വ്യവസ്ഥിതിയോടുള്ള കലഹം പോലെയായിരുന്നു പിന്നീടങ്ങോട്ട് വിജ്ഞാനം തേടിയുള്ള ആ അലച്ചില്‍. അറിവ് ഒഴുകുന്ന ഉറവയായി പിന്നീടാ ജീവിതം. ഏത് കള്ളിയിലാണ് അടയാളപ്പെടുത്തേണ്ടത് എന്ന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം വിജ്ഞാനത്തിന്റെ എല്ലാ മേഖലയിലൂടെയും സഞ്ചാരം. ഇരുപതോളം ഭാഷ സ്വായത്തമാക്കിയ ഭാഷാപണ്ഡിതന്‍, കണ്ണും കാതും ആകാശത്തോളം ഉയര്‍ത്തിവെച്ച ഗോളശാസ്ത്രജ്ഞന്‍, പരിസ്ഥിതി പരിപാലകന്‍, കപ്പല്‍ നിര്‍മാതാവ, ഹിജ്റ കലണ്ടര്‍ പ്രചാരകന്‍- ഏത് വിശേഷണമാണ് ചാര്‍ത്തി നല്‍കേണ്ടതെന്നു ചോദിക്കുമ്പോള്‍ 'ഞാന്‍ ചെയ്തതെല്ലാം എന്റെ ആവശ്യങ്ങളായിരുന്നു, അറിയാനുള്ള ആവേശമായിരുന്നു' എന്ന ചിരിച്ചൊരു ഉത്തരം.
പ്രകൃതിയൊരുക്കിയ തെളിവെള്ളം കണ്ടുണരുകയും ഉറങ്ങുകയും ചെയ്ത കുട്ടിക്കാല ഓര്‍മകളെല്ലാം കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ടതാണ്. യാത്രക്കാരെക്കാള്‍ ചരക്കുകളാണ് കപ്പല്‍ നിറയെ. കണ്ണൂരിലേക്കും സിംഗപ്പൂരിലേക്കും റങ്കൂണിലേക്കും ചൂടിയും ട്യൂണയും ചക്കരയും, തിരിച്ച് തദ്ദേശീയ ഉല്‍പ്പന്നങ്ങളുമായി നാടുകളും കാതങ്ങളും താണ്ടി അനുഭവങ്ങളേറെയുള്ള യാത്ര. സ്വന്തമായി ചരക്കുകപ്പലുള്ള വല്യുപ്പയുടെയും ഭരണ കാര്യങ്ങള്‍ക്കായി പോകുന്ന ഉപ്പയുടെയും കൂടെ യാത്ര ചെയ്തിരുന്ന കാലത്തേ കപ്പലില്‍ ജോലി ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതിനായി ഇന്റര്‍വ്യൂവിന് കല്‍ക്കത്തയില്‍ പോയെങ്കിലും പടര്‍ന്നുപിടിച്ച പകര്‍ച്ചപ്പനിമൂലം തിരിച്ചുപോന്നു. കണ്ണൂര്‍ക്കാരായ ബാലകൃഷ്ണനും സദാശിവനുമൊപ്പം മലയാളം അധ്യാപകനായി ദ്വീപില്‍ ആദ്യ ജോലി. അതിനു ശേഷം ആമീന്റെ ക്ലര്‍ക്ക്.
അന്വേഷണ ത്വര വളര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ആകാശത്തിന്റെ അനന്തതയില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രരാശികളെ നോക്കിയിരിക്കാന്‍ വലിയ ആവേശമായിരുന്നു. ഉറക്കമിളച്ചായിരുന്നു ഈ ആകാശ നോട്ടം. ആവശ്യങ്ങളുടെയും വിജ്ഞാനത്തിന്റെയും പിന്നാലെയുള്ള അലച്ചില്‍ പല കണ്ടുപിടിത്തങ്ങളുടെയും അമരക്കാരനാക്കി.
കടലിന്റെ ഉള്ളറകളിലെവിടെയോ ഒളിച്ച് കഴിയുന്ന മീനുകളെ കണ്ടെത്തി. ഭാഷകള്‍ പഠിച്ച് ലോകത്തെ അടുത്തറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ചെറുപ്പത്തിലേ, കൈയിലെന്തെങ്കിലും കിട്ടിയാല്‍ അത് പൊളിച്ചു നോക്കിയേ അടങ്ങൂ. ഉള്ളില്‍ എന്താണെന്നും അതെങ്ങനെയാണ് പണിതതെന്നും ഇത് മറ്റൊരു രൂപത്തില്‍ ആക്കിക്കൂടെയെന്നും മനസ്സ് മന്ത്രിക്കും. അപ്പോള്‍ അതിന്റെ പിന്നാലെയാവും സമയവും ചിന്തകളും. ആദ്യ പരീക്ഷണം, 19-ാം വയസ്സിലെ പെഡല്‍ ബോട്ടായിരുന്നു. പായക്കപ്പല്‍ മാത്രം കണ്ട് ശീലിച്ച നാട്ടുകാര്‍ക്ക് മുമ്പില്‍ പെഡല്‍ കൊണ്ട് ചവിട്ടുന്ന ടിന്‍ ഷീറ്റുകൊണ്ടുണ്ടാക്കിയ ബോട്ടുണ്ടാക്കി വെള്ളത്തിലിറക്കി.
മത്സ്യസമ്പത്തിലും സമുദ്രത്തിന്റെ വൈവിധ്യമാര്‍ന്ന മേഖലകളിലും പഠന ഗവേഷണ നിരീക്ഷണങ്ങള്‍ നടത്തുന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിനു കീഴിലുള്ള സമുദ്ര ഗവേഷണ സ്ഥാപനത്തില്‍ 20 വര്‍ഷത്തോളം ജോലി ചെയ്തു. ഡോ. ജോണ്‍സനെന്ന ശാസ്ത്രജ്ഞനാണ് അങ്ങോട്ട് വഴി നടത്തിയത്. കടലോരവും കടലാഴവും അറിഞ്ഞാസ്വദിക്കുന്നതിനിടെ നാനൂറില്‍പരം മത്സ്യങ്ങളെ കണ്ടെത്തി. അതിലൊന്നിന് എന്റെ പേരാണ് ശാസ്ത്രലോകം നല്‍കിയത്. അപൂര്‍വയിനം മത്സ്യത്തെ കണ്ടെത്തി സൂക്ഷിച്ചുവെച്ചെങ്കിലും പിന്നീട് എങ്ങനെയോ നഷ്ടപ്പെട്ടുപോയി. നിരവധി യാത്രകള്‍ ചെയ്യാനും, കടല്‍ മത്സ്യങ്ങളുടെയും ശുദ്ധജല മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥയും പ്രജനന രീതിയും പഠിക്കാനും വേര്‍തിരിക്കാനും അനേകം മീനുകള്‍ കണ്ടെത്താനും അവക്ക് പേരിടാനും സാധിച്ചു. ഔപചാരിക വിദ്യാഭ്യാസവും അക്കാദമിക ബിരുദങ്ങളുടെ കനവും ഇല്ലാതിരുന്നിട്ടും, ബയോളജിക്കല്‍ അസോസിയേഷന്‍, ഡല്‍ഹി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി എന്നിവിടങ്ങളില്‍ ക്ലാസെടുക്കാന്‍ ക്ഷണമുണ്ടായി. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോഗ്രാഫിയില്‍ പ്രബന്ധം അവതരിപ്പിച്ചു.
'ചരിത്രമോ സാങ്കല്‍പികമോ എന്നു തീര്‍ച്ചയില്ലാത്ത 'സിന്ദുബാദ' കപ്പല്‍ പുനരാവിഷ്‌കരിച്ച് യാത്ര ചെയ്യാന്‍ പുറപ്പെട്ട ടീം സേവ്യറെന്ന സാഹസിക സഞ്ചാരിക്കുവേണ്ടി ആ മോഡലില്‍ ഒരു കപ്പല്‍ നിര്‍മിച്ചു. ഒമാനിലെ സൂറില്‍ നിര്‍മിച്ച 80 അടി നീളവും 22 അടി വീതിയുമുള്ള ആ കപ്പല്‍ ഒമാന്‍ സുല്‍ത്താന്‍ പാലസില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. 'ലോക്കോമോട്ടീവ് ഡിവൈസ് ഫോര്‍ ബൈസിക്കിള്‍' എന്ന പേറ്റന്റ് ലഭിച്ച സൈക്കിള്‍ നിര്‍മിച്ച് അതില്‍ മകനെയും കൂട്ടി ഡല്‍ഹി വരെ യാത്ര ചെയ്തത് 1982-ലാണ്. ആധുനിക സൗകര്യങ്ങള്‍ ഒന്നും ഇല്ലാത്ത കാലത്താണാ യാത്ര. വേതാളമെന്ന സ്ഥലത്ത് താമസിക്കുമ്പോഴുള്ള യാത്രാ പ്രശ്നം പരിഹരിക്കാനായിരുന്നു അതുണ്ടാക്കിയത്.
മിനിക്കോയി വാനനിരീക്ഷണ കേന്ദ്രത്തില്‍ അറ്റന്‍ഡറായി ജോലി ചെയ്ത സമയത്താണ് കാലാവസ്ഥാ നിരീക്ഷണ -പരീക്ഷണങ്ങളെക്കുറിച്ചും അതിനുള്ള ഉപകരണങ്ങളെക്കുറിച്ചും കൂടുതലറിയാന്‍ സാധിച്ചത്. ഖാദര്‍ നവാസ് ഖാന്‍ എന്ന കണ്ണൂരില്‍നിന്ന് പരിചയപ്പെട്ട വ്യക്തിയാണ് നക്ഷത്രങ്ങളെയും ചന്ദ്രനെയും കുറിച്ചുള്ള അറിവ് എനിക്ക് പറഞ്ഞുതന്നത്. അദ്ദേഹത്തിന്റെ കൂടെ പാതിരാവോളം ആകാശത്ത് നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി നിന്നിരുന്നു.
എണ്‍പത്തഞ്ചിന്റെ നിറവില്‍
ഏതൊരു ജീവിക്കും ഭൂമിയിലൊരു ആവാസവ്യവസ്ഥ പടച്ചവന്‍ ക്രമീകരിച്ചിട്ടുണ്ട്. അത് തെറ്റിക്കാതെ സമരസപ്പെട്ടുപോകുകയാണ് അതിന്റെ താളാത്മകത നിലനിര്‍ത്താനുള്ള വഴി. പ്രകൃതിയോടിണങ്ങുന്ന ആരോഗ്യകരമായ ജീവിതശൈലി മനുഷ്യന്‍ സ്വീകരിച്ചാലേ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും നിലനില്‍പ്പുള്ളൂ. മണ്ണറിഞ്ഞാണ് വിത്തിടേണ്ടത്. പ്രകൃതിയെ അറിഞ്ഞ് കൃഷിചെയ്താല്‍ അതനുസരിച്ച് വിള തരും. വേതാളത്ത് താമസിക്കുന്ന സമയത്ത് വാങ്ങിയ തരിശായ ഭൂമി പേരയും സപ്പോട്ടയും മാവും ഫലവൃക്ഷങ്ങളും നട്ടു നനച്ച് ഹരിതാഭമാക്കി. നനക്കാന്‍ വെള്ളമില്ലാത്ത അവിടെ ഞാനും ഭാര്യ ഖദീജയും കൂടിയാണ് ഒരു കിണര്‍ കുഴിച്ചത്. ശേഷം വൈദ്യുതി ലഭിക്കാതിരുന്നതിനാല്‍ വിന്റ്മില്‍ സ്വന്തമായി നിര്‍മിച്ച് പരിഹാരം കണ്ടു.
അറിവന്വേഷണം അവസാനിക്കുന്നതല്ല. ഒരു സ്ഥലത്ത് കെട്ടിയിട്ട് പഠിപ്പിക്കേണ്ടതല്ലെന്നാണ് അനുഭവത്തിലൂടെ പറയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നത്. ഇന്നത്തെ വ്യവസ്ഥാപിത രീതിയിലുള്ള വിദ്യാഭ്യാസത്തോട് തീരെ യോജിപ്പില്ല. അക്കാദമിക ബിരുദങ്ങളൊന്നുമില്ലാതെ ഭാഷകളും ശാസ്ത്രവും ടെക്നോളജിയും പഠിക്കുകയും നാല് മക്കളെയും സ്‌കൂളില്‍ വിടാതെ സ്വന്തം നിലക്ക് പഠിപ്പിച്ച് മൂന്നു പെണ്‍കുട്ടികളെ ടീച്ചര്‍മാരും മോനെ നേവിയിലും ജോലിക്കാരാക്കി ഉയര്‍ന്ന നിലയിലെത്തിച്ചു. ഇന്നെല്ലാവരും പഠിച്ചവരാണ്. പിന്നെന്തിനാണ് മക്കളെ സ്‌കൂളിലയച്ച് നിര്‍ബന്ധിപ്പിച്ച് പഠിപ്പിക്കുന്നത് എന്നാണ് ചോദ്യം.
ഇഷ്ടമില്ലാത്ത വിഷയം പഠിപ്പിച്ചു സമയം കളയരുത്. അവരെ സ്വതന്ത്രരായി വിടൂ. ആദ്യം പഠിക്കേണ്ടത് എഴുത്തല്ല, സംസാരമാണ്. ഇന്ന് ഒരു കമ്പ്യൂട്ടറുണ്ടായാല്‍ എല്ലാം എളുപ്പമായി. അന്ന് ഞാന്‍ വാക്കുകളുടെയും ഭാഷയുടെയും പിന്നാലെ പോകുകയായിരുന്നു. ലൈറ്റ് ഹൗസ് ജീവനക്കാരില്‍ നിന്നാണ് ഫ്രഞ്ചും ജര്‍മനും പഠിച്ചത്. ഒരു വാക്ക് കിട്ടാന്‍ വേണ്ടി ദിവസങ്ങളോളം മെനക്കെട്ടിട്ടുണ്ട്.
ദ്വീപിലെ ഭക്ഷണ രീതി ഏകദേശം മലബാര്‍ സ്റ്റൈലാണ്. അരിയാണ് മുഖ്യാഹാരം. അരിഭക്ഷണം ചവച്ചരച്ച് കഴിക്കാത്തതുകൊണ്ടായിരിക്കും അത് കഴിക്കുന്നവരില്‍ ഷുഗര്‍ കൂടുന്നത്. ചെറുപ്പത്തിലേ ഞാന്‍ അരി ഭക്ഷണം വളരെ കുറച്ചേ കഴിക്കൂ. പച്ചിലകള്‍ ധാരാളമായി കഴിക്കും. അതുകൊണ്ടായിരിക്കാം ഒരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ല.
വായിക്കാന്‍ വേണ്ടി മാത്രമേ കണ്ണട വെക്കാറുള്ളൂ. മരുന്നാണ് ഭക്ഷണം. നല്ല ഭക്ഷണം കഴിച്ചാല്‍, നല്ല വെള്ളം കുടിച്ചാല്‍ നല്ല ആരോഗ്യമുണ്ടാകും. മരുന്നില്ലാതെ തന്നെ രോഗശമനത്തിനുള്ള കഴിവ് ശരീരത്തിനുണ്ട്. മിനിക്കോയിയില്‍ താമസിക്കുമ്പോള്‍ വീണ് കണങ്കാല്‍ പൊട്ടിയിരുന്നു. സുഹൃത്തുക്കളുടെ നിര്‍ബന്ധത്താല്‍ എറണാകുളത്ത് ഹോസ്പിറ്റലില്‍ കാണിച്ചപ്പോള്‍ കണങ്കാലിനും മുട്ടിനും നടുവിനും എല്ലാം പൊട്ടലുണ്ട്. ഓപ്പറേഷന്‍ വെണമെന്നു പറഞ്ഞു. ഞാന്‍ നിര്‍ബന്ധിച്ചു ഡിസ്ചാര്‍ജ് വാങ്ങി. മൂന്ന് മാസം പച്ചവെള്ളവും പച്ചക്കറിയും കഴിച്ച് പൂര്‍ണ വിശ്രമമെടുത്തു. എല്ലാം ഭേദമായി. മനസ്സാണ് ശക്തി. നമ്മള്‍ ദുര്‍ബലരാണെന്നു സ്വയം തോന്നുന്ന സമയത്ത് നമ്മള്‍ തളരും. ഏകാന്തതയാണ് എനിക്കേറ്റവും ഇഷ്ടം. രാവിലെയും വൈകുന്നേരവും ഒരു മണിക്കൂര്‍ വീതം നടക്കും. പകലിലും രാത്രിയിലും ദൃഷ്ടാന്തമുണ്ടെന്ന പടച്ചവന്റെ വാക്ക് വെറുതെയല്ല.
രാത്രി വിശ്രമത്തിനുള്ളതാണ്. നേരത്തെ കിടന്നുറങ്ങണം. പ്രകൃതിയും അതിലെ ജീവജാലങ്ങളും തമ്മിലെ പാരസ്പര്യത്തെ മുറിച്ചു കളയരുത്. ഞാന്‍ എന്റെ പണികളൊന്നും രാത്രിയിലേക്ക് മാറ്റി ഉറക്കം കളയാറില്ല. ഇശാക്ക് ശേഷം വേഗം ഉറങ്ങി പുലര്‍ച്ചെ രണ്ടോ മൂന്നോ മണിക്ക് എണീറ്റ് തഹജ്ജുദ് നമസ്‌കാരത്തോടെ ഓരോ ദിവസത്തെയും എന്റെ ജോലി തുടങ്ങുകയായി.
എന്നെ ഏറ്റം ആകര്‍ഷിച്ച ജീവിത രീതി മിനക്കോയ് ദ്വീപിന്റേതു തന്നെയാണ്. ആ തീരത്തൂടെ നടക്കുന്നതും ആ കടലില്‍ നീന്തുന്നതും ഇന്നും ഇഷ്ടവിനോദമാണ്. എല്ലാം സ്വന്തമായി തന്നെയാണ് ചെയ്യാറ്. വല്ല കാര്യത്തിനും ആരെയെങ്കിലും ആശ്രയിക്കുന്നത് മോശം മാതൃകയാണ്. ആരുടെയുമടുത്ത് ആവശ്യങ്ങളുമായി ചെല്ലാറേയില്ല.
ചുറ്റുപാടുകളിലെ ആരവങ്ങള്‍ ശ്രദ്ധിക്കാതെ അറിവാഴങ്ങളിലേക്കു ഊളിയിടുന്ന അദ്ദേഹത്തോട് 'പ്രത്യേക രീതിയിലുള്ള വസ്ത്രമാണല്ലോ' എന്ന ചോദ്യത്തിന്, സുഊദിയില്‍ വിവിധ രാഷ്ട്ര നേതാക്കളുമായി ചന്ദ്രമാസപ്പിറവിയെപ്പറ്റി ചര്‍ച്ച നടത്താനായി ഒരുപാടു തവണപോവുകയും താമസിക്കുകയും ചെയ്തതിന്റെ ബാക്കി പത്രമാണിതെന്നാണ് മറുപടി. ഏകീകൃത ചന്ദ്രമാസ കലണ്ടറിന്റെ സാധ്യത തേടി, മുസ്ലിം ലോകത്തിന്റെ ഐക്യവും സമാധാനത്തോടെയുള്ള ആഘോഷങ്ങളും സ്വപ്നം കണ്ടുള്ള യാത്രയാണ് ഈ എണ്‍പത്തഞ്ചാം വയസ്സിലെ ദൗത്യം. അഞ്ച് തവണ സുഊദി അറേബ്യയില്‍ പോയതും റാബിത്വതുല്‍ ആലമിയടക്കമുള്ള പണ്ഡിത സഭകളെയും ലോക മുസ്ലിം പണ്ഡിതന്മാരെയും കണ്ടതും അതിനു വേണ്ടിയായിരുന്നു. ആരും കൂട്ടില്ലാതെ ആരുടെയും സഹായമില്ലാതെ ഇനിയും അതിനുള്ള പുറപ്പാടിലാണെന്നാണ് ആയാസമേതുമില്ലാത്ത പതിഞ്ഞ ശബ്ദത്തിലുള്ള പറച്ചില്‍. പോകുന്നിടത്തെല്ലാം അന്തിയുറങ്ങാന്‍ വാടകവീടല്ലാതെ മറ്റൊന്നുമില്ലാത്ത, അറിവിന്റെയും ചിന്തയുടെയും കനം മാത്രമുള്ള, കള്ളിമുണ്ടും നീളം കുപ്പായവും തലേക്കെട്ടുമുള്ള നീണ്ടു മെലിഞ്ഞ സാത്വികനായ മനുഷ്യനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ഓര്‍മവന്നത് 'ഉറങ്ങുന്നതിനു മുമ്പ് എനിക്ക് മൈലുകള്‍ താണ്ടാനുണ്ട്' എന്ന റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികളാണ്.