കണ്ണൂര്‍ ജില്ലയില്‍ പാനൂരിലെ മസ്ജിദുറഹ്‌മയില്‍ പള്ളിയുടെ മൂന്നാം നിലയില്‍
പ്രവര്‍ത്തിക്കുന്ന മദ്‌റസയോട് ചേര്‍ന്ന് മിനി ടര്‍ഫ് നിര്‍മിക്കുമ്പോള്‍ കുട്ടികള്‍ക്ക് പ്രവാചക
മാതൃകയില്‍ ശിക്ഷണം നല്‍കുക എന്നത് മാത്രമാണ് പള്ളിക്കമ്മിറ്റിക്ക്
ഉദ്ദേശ്യമുണ്ടായിരുന്നത്
മുആവിയത്തുബ്‌നു ഹകമുസ്സലമി തന്റെ കുട്ടിക്കാലത്തെ പള്ളിയിലെ അനുഭവം പറയുന്നത് ഇങ്ങനെയാണ്: 'ഞാന്‍ എന്റെ പിതാവിനൊപ്പം പ്രവാചകന് പിന്നില്‍ നമസ്‌കരിക്കുകയായിരുന്നു. അടുത്തുള്ള ഒരാള്‍ തുമ്മിയപ്പോള്‍ അയാള്‍ക്കു വേണ്ടി ഞാന്‍ ഉച്ചത്തില്‍ പ്രാര്‍ഥിച്ചു. നമസ്‌കാരം കഴിഞ്ഞപ്പോള്‍ ആളുകള്‍ എന്നെ തുറിച്ചുനോക്കി. ചിലര്‍ എന്റെ ശരീരത്തില്‍ നുള്ളി വേദനിപ്പിച്ചു. എന്നാല്‍, പ്രവാചകനെപ്പോലെ ഒരു ഗുരുവിനെ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം എന്നെ തുറിച്ചു നോക്കുകയോ ചീത്ത പറയുകയോ ചെയ്തില്ല. സ്‌നേഹത്തോടെ പറഞ്ഞു: 'മോനേ, ഇത് നമസ്‌കാരമാണ്. തസ്ബീഹും തക്ബീറും ഖുര്‍ആന്‍ പാരായണവും മാത്രം അനുവദിക്കപ്പെട്ട ആരാധന.' (മുസ്ലിം).
കുട്ടികളായിരിക്കെ ഹസനെയും ഹുസൈനെയുമെടുത്ത് നബി പലപ്പോഴും പള്ളിയില്‍ വരുമായിരുന്നു. തന്റെ പാദങ്ങള്‍ക്കരികില്‍ അവരെ ഇരുത്തിയിട്ടാണ് അവിടുന്ന് നമസ്‌കാരത്തില്‍ പ്രവേശിക്കുക. ഒരിക്കല്‍ നമസ്‌കാരത്തില്‍ ദീര്‍ഘനേരം സുജൂദില്‍ തുടര്‍ന്ന നബിയോട് സ്വഹാബികള്‍ കാര്യം തിരക്കി. നബി പറഞ്ഞു: 'എന്റെ പേരമകന്‍ എന്റെ പുറത്തുകയറി വാഹനമായി കളിക്കുകയായിരുന്നു. അവന്റെ ആവശ്യം കഴിയുവോളം സുജൂദില്‍നിന്ന് എഴുന്നേല്‍ക്കാന്‍ ഞാന്‍ ഇഷ്ടപ്പെട്ടില്ല.' (നസാഈ, അല്‍ ഹാകിം)
നബി പുത്രി സൈനബിന്റെ കൊച്ചുമകള്‍ ഉമാമയെ എടുത്ത് നബി ചിലപ്പോള്‍ പള്ളിയില്‍ വരും. അവളെ എടുത്തുനിന്നുകൊണ്ടു നമസ്‌കാരം ആരംഭിക്കുന്ന നബി (സ) റുകൂഇലും സുജൂദിലും പോകുമ്പോള്‍ അവളെ അരികത്തു തന്നെ ഇരുത്തും. നബി (സ) ഒരിക്കല്‍ ഖുതുബ നിര്‍വഹിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹസനെയും ഹുസൈനെയും ആളുകള്‍ക്കിടയില്‍ കണ്ടു. അവിടുന്ന് മിമ്പറില്‍നിന്ന് ഇറങ്ങി വന്ന് അവരെയും കൂട്ടി മിമ്പറില്‍ കയറി വീണ്ടും ഖുതുബ നിര്‍വഹിക്കുകയുണ്ടായി. ദീര്‍ഘമായി നമസ്‌കരിക്കണമെന്ന ഉദ്ദേശ്യത്തോടെ നമസ്‌കാരത്തില്‍ പ്രവേശിക്കുന്ന നബി പിന്നീട് കുട്ടികളുടെ കരച്ചില്‍ കേട്ട് നമസ്‌കാരം ചുരുക്കുമായിരുന്നു. ആ കുഞ്ഞിന്റെ മാതാവിന് വിഷമമാകുമോ എന്ന് അദ്ദേഹം ഭയന്നിരുന്നു. (ബുഖാരി, മുസ്ലിം)
പള്ളി മുസ്ലിം സമൂഹത്തിന്റെ മുഴുവന്‍ കേന്ദ്രമാണ്. അവിടെ എല്ലാ പ്രായത്തിലുള്ളവരുമുണ്ട്. കുട്ടികളും സ്ത്രീകളുമുണ്ട്. നമസ്‌കാരത്തിനു വേണ്ടി അണിനിരക്കുമ്പോള്‍ ആദ്യ സ്വഫ്ഫില്‍ മുതിര്‍ന്നവര്‍ക്കു പരിഗണന നല്‍കുമ്പോള്‍ പിന്‍ സ്വഫ്ഫില്‍ കുട്ടികള്‍ക്കും ഏറ്റവും പിന്നിലായി സ്ത്രീകള്‍ക്കും നബി ഇടം നല്‍കിയതായി കാണാം. എല്ലാവര്‍ക്കും പള്ളിയില്‍ ഇടമുണ്ടെന്നും അവകാശമുണ്ടെന്നുമുള്ള പാഠമാണത് പകര്‍ന്നുനല്‍കുന്നത്.
കുഞ്ഞ് മുതുകത്തിരുന്ന് കളിക്കുമ്പോള്‍ നബി സുജൂദ് ദീര്‍ഘിപ്പിക്കുന്നതും കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുമ്പോള്‍ നമസ്‌കാരം ലഘൂകരിക്കുന്നതും നമസ്‌കാരത്തിനു പുറത്തുള്ള ചില കാര്യങ്ങളെ പരിഗണിക്കുന്നതുകൊണ്ടാണെന്ന് വ്യക്തം. ആദ്യത്തേതില്‍ കുഞ്ഞിന്റെ മാനസികോല്ലാസവും രണ്ടാമത്തേതില്‍ മാതാവിന്റെ മാനസികപ്രയാസവുമാണ് നബി പരിഗണിച്ചത്. ഈ ബാഹ്യ പരിഗണനകള്‍, അല്ലാഹുവുമായി നേര്‍ക്കുനേരെ സംവദിക്കുന്ന നമസ്‌കാരത്തില്‍ പോലും ലഘൂകരണങ്ങള്‍ കൊണ്ടുവരുന്നതാണെന്നു സാരം.
കുട്ടികളുടെ മാനസികാവസ്ഥകള്‍ കണക്കിലെടുത്തിരുന്ന പ്രവാചകനെയാണ് നാം ചരിത്രത്തില്‍ കാണുന്നത്. പ്രവാചകന്റെ മനഃശാസ്ത്രപരമായ പെരുമാറ്റം കൊണ്ടാണ് വലിയ വലിയ സ്വഹാബികളെ ഇസ്ലാമിക സേവനത്തിനായി ലഭിച്ചത്. 'നിങ്ങളില്‍ കുട്ടികളുള്ളവര്‍ അവരുടെ മുമ്പില്‍ കുട്ടിയാവട്ടെ' എന്നത് കേവലമൊരു ഹദീസ് മാത്രമല്ല; കുട്ടികളുടെ ഇഷ്ടതോഴനായ നബി(സ) ജീവിച്ചു കാണിച്ചുതന്ന മാതൃക കൂടിയാണ്. അബൂ ഉമൈര്‍ ഒരു കുഞ്ഞു കുട്ടിയാണ്. അവന്‍ ഒരു കുഞ്ഞു പക്ഷിയെ വളര്‍ത്തിയിരുന്നു. അതിനെ തീറ്റിക്കലും അതുമായി കളിക്കലുമൊക്കെയാണ് അവന്റെ വിനോദം. ഉമൈറിനെ കാണുമ്പോഴൊക്കെ 'എന്തൊക്കെയാണ് കുഞ്ഞുമോനേ, നിന്റെ പക്ഷിയുടെ വിശേഷങ്ങള്‍?' എന്നാണ് പ്രവാചകന്‍ അവനോട് ആദ്യം ചോദിച്ചിരുന്നത്. കാരണം, ഉമൈറിന് ആ പക്ഷിയുടെ കാര്യങ്ങള്‍ പറയാന്‍ വല്ലാത്ത ഇഷ്ടമായിരുന്നു. അത് കേള്‍ക്കാന്‍ അവന്റെ ചങ്ങാതിയായ പ്രവാചകനും. ഒരിക്കല്‍ അവന്റെ കുഞ്ഞുപക്ഷി ചത്തു പോയതും അതറിഞ്ഞു നബി അവന്റെ അരികിലേക്ക് ഓടിയെത്തിയതും അവനെ ഏറെ നേരം ആശ്വസിപ്പിച്ചതും ചരിത്രമാണ്. കുഞ്ഞുമക്കളെ അകറ്റിനിര്‍ത്താതെ അവരെ സ്നേഹിക്കുവാനും അവര്‍ക്ക് മുത്തം കൊടുക്കുവാനും അവരൊന്നിച്ച് കളിക്കുവാനും പഠിപ്പിച്ച കുട്ടികളുടെ പ്രവാചകന്‍. അദ്ദേഹത്തില്‍ നമുക്ക് വലിയ മാതൃകയുണ്ട്.
പ്രവാചകനോടൊപ്പമുണ്ടായിരുന്ന കുട്ടികള്‍ പ്രവാചകനോടൊപ്പം കളിക്കുകയും ചിരിക്കുകയും പ്രവാചകന്റെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ടുതന്നെ മുതിര്‍ന്നപ്പോള്‍ പ്രവാചകാധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്ന ഏറ്റവും മികച്ച സംഘമായി അവര്‍ മാറിയതില്‍ ഒട്ടും അത്ഭുതമില്ല. പ്രവാചകഭവനം അവര്‍ക്ക് കേവലം അഭയകേന്ദ്രമായിരുന്നില്ല, ആത്മീയ പാഠശാല തന്നെയായിരുന്നു. പ്രവാചകഭവനത്തില്‍ സ്വന്തം കുട്ടികളും പേരക്കുട്ടികളും ബന്ധുക്കളുടെ കുട്ടികളും വളര്‍ത്തപ്പെട്ടിട്ടുണ്ട്. പിതൃവ്യ പുത്രനായ അലിയ്യുബ്നു അബീത്വാലിബ്, പ്രവാചകന്റെ സഹായികളായിരുന്ന അനസ്(റ), സൈദ്(റ) എന്നിവര്‍, ഉമ്മു സലമയുടെ മക്കള്‍, പ്രവാചകപത്നിമാരുടെ സഹോദരങ്ങളുടെ മക്കള്‍-അമ്മായിയായ ആഇശ(റ)യുടെ ഭവനത്തില്‍ കൂടുതല്‍ സമയവും ചെലവഴിച്ച അബ്ദുല്ലാഹിബ്നു സുബൈര്‍, പ്രവാചകനു കീഴില്‍ വളര്‍ന്ന അബ്ദുല്ലാഹിബ്നു അബ്ബാസ് ഇവരെല്ലാം പ്രവാചകനോടൊപ്പം സമയം ചെലവഴിക്കാനും പ്രവാചകന്റെ ഉപദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും തിടുക്കം കൂട്ടുകയും ആ ഐതിഹാസിക ജീവിതത്തിന്റെ പിന്മുറക്കാരാവുകയും ചെയ്തു. പിന്നീടുള്ള തലമുറകളില്‍ ധാര്‍മിക-ബൗദ്ധിക നേതൃത്വം ഇവര്‍ക്കായിരുന്നു.
എട്ടു വയസ്സു മുതല്‍ അനസ്(റ) പ്രവാചകന്റെ സേവകനായിരുന്നു. പ്രവാചകസാന്നിധ്യം അനസിന് ഏറെ ഇഷ്ടമായിരുന്നുവെങ്കിലും ചിലപ്പോഴൊക്കെ പുറത്ത് കളിയില്‍ മുഴുകിപ്പോകുമായിരുന്നു. അനസ്(റ) പറയുന്നു: ആളുകളില്‍ ഏറ്റവും മികച്ച സ്വഭാവം പ്രവാചകന്‍(സ)യുടേതായിരുന്നു. ഒരിക്കല്‍ അനസിനെ പ്രവാചകന്‍ ഒരു ദൗത്യമേല്‍പിച്ചു വിടാന്‍ തീരുമാനിച്ചു. അനസ്(റ) പ്രതികരിച്ചു. ''ഞാന്‍ പോവില്ല''. പിന്നീട് പ്രവാചകന്‍(സ) പറഞ്ഞത് ചെയ്യണമെന്ന് എന്റെ മനസ്സാക്ഷി എന്നോട് പറഞ്ഞു. എന്നാല്‍, ഞാന്‍ പുറത്തിറങ്ങിയപ്പോള്‍ തെരുവില്‍ കളിക്കുന്ന ഒരുകൂട്ടം കുട്ടികളെ കണ്ടു. അവരോടൊപ്പം ഞാനും ചേര്‍ന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ ചിരിച്ചുകൊണ്ട് പ്രവാചകന്‍ എന്റെയടുത്തെത്തി. പ്രവാചകന്‍ ചോദിച്ചു: ''ഞാന്‍ പറഞ്ഞത് നീ ചെയ്തോ?'' ''ഞാന്‍ പോവുകയാണ് പ്രവാചകരേ.'' ഞാന്‍ പ്രതികരിച്ചു. വഴക്കുപറയുകയായിരുന്നില്ല. ഓര്‍മപ്പെടുത്തുക മാത്രമായിരുന്നു പ്രവാചകന്‍ ചെയ്തത്. ഒരു ആണ്‍കുട്ടിയായ അനസിന് കളി എത്രത്തോളം ആകര്‍ഷകമാണെന്ന് പ്രവാചകനറിയാമായിരുന്നു. കുട്ടികളുടെ മാനസികാവസ്ഥയെ പ്രവാചകന്‍ ഉള്‍ക്കൊണ്ടത് പോലെ നമ്മളും ഉള്‍ക്കൊള്ളുകയും മക്കളെ ചേര്‍ത്ത് പിടിക്കുകയും ചെയ്താല്‍ നമുക്ക് ധാര്‍മികതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയും. പ്രവാചക പാഠങ്ങള്‍ പരിശോധിച്ചാല്‍ കുട്ടികളെ പരിഗണിച്ചതിന്റെ ധാരാളം ചിത്രങ്ങള്‍ കാണാന്‍ കഴിയും.
പക്ഷേ, കുഞ്ഞുങ്ങള്‍ക്ക് നമ്മുടെ പള്ളികള്‍ ഇഷ്ട ഇടങ്ങളേ അല്ല. ഉറക്കെ സംസാരിച്ചുപോയാല്‍, നമസ്‌കാരം അല്‍പമൊന്ന് തെറ്റിപ്പോയാല്‍, ചിരിച്ചുപോയാല്‍- മുതിര്‍ന്നവരുടെ കണ്ണുരുട്ടലുകള്‍ക്കും മുഖം കെറുവിച്ചുള്ള നോട്ടങ്ങള്‍ക്കും, ചിലപ്പോഴൊക്കെ ശകാരങ്ങള്‍ക്കും അവര്‍ ഇരകളാവുന്ന സ്ഥലമാണത്. അവിടെ അവര്‍ വരാന്‍ ഭയപ്പെടുന്നതില്‍ അത്ഭുതമില്ല. നമ്മുടെ പള്ളികള്‍ മുതിര്‍ന്നവര്‍ക്കു മാത്രമായി റിസര്‍വ് ചെയ്യപ്പെട്ടതാണ്. കുട്ടികളുടെയോ കുഞ്ഞുങ്ങളുടെയോ സാന്നിധ്യം അവിടെ അത്രയൊന്നും പ്രോത്സാഹിപ്പിക്കപ്പെടുന്നില്ല. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ പള്ളികള്‍ നിരവധി 'അരുതു'കളുടെ കേന്ദ്രങ്ങള്‍ കൂടിയാണ്. കര്‍ശന നിയന്ത്രങ്ങളുടെ ചെറു ചെറു ബോര്‍ഡുകളാണ് നമ്മെ പള്ളിയില്‍ വരവേല്‍ക്കുക. പള്ളി നമസ്‌കരിക്കാനുള്ള ആരാധനാ ഇടം മാത്രമായി ചുരുങ്ങിയിരിക്കുന്നു. അതിനപ്പുറം പള്ളി ഒരു നല്ല കാര്യത്തിനും ഉപയോഗിച്ചുകൂടാ എന്ന് ധരിച്ച് വെച്ചിരിക്കുന്നു.
നമ്മുടെ നാട്ടില്‍ 'കുട്ടികളെ പള്ളിയില്‍ കൊണ്ടു വരരുത്' എന്ന് ബോര്‍ഡ് വെക്കുന്ന പള്ളിക്കാരും ഉണ്ട്. ശിക്ഷണം എന്ന് പറയുന്നത് ഗൗരവമായ കുറേ കാര്യങ്ങള്‍ പഠിപ്പിക്കല്‍ മാത്രമല്ല. കളിയും വിനോദവും ശിക്ഷണത്തിന്റെ ഭാഗമാണ്. തുര്‍ക്കിയിലെ ഒരു പള്ളിയില്‍ എഴുതിവെച്ച ഒരു നോട്ടീസ് ഒരു വാട്‌സാപ്പ് മെസേജില്‍ കണ്ടത് ഓര്‍ക്കുന്നു: 'പ്രിയ മുസ്ലിം സഹോദരങ്ങളേ, നിങ്ങള്‍ നമസ്‌കരിക്കുമ്പോള്‍ പിന്നില്‍നിന്ന് കുഞ്ഞുങ്ങളുടെ ചിരിയോ ശബ്ദമോ ഒന്നും കേള്‍ക്കുന്നില്ലെങ്കില്‍ വരുംതലമുറയുടെ കാര്യത്തില്‍ നിങ്ങള്‍ ഭയപ്പെടണം...'
ലഹരിയും ആഭാസവും ചീത്ത കൂട്ടുകെട്ടും മക്കളെ ധാര്‍മികമായി നശിപ്പിക്കുന്നു എന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തില്‍, കുട്ടികള്‍ക്ക് നല്ല സൗഹൃദങ്ങളുണ്ടാക്കിക്കൊടുക്കുക, ലഹരി പോലെയുള്ള വിനാശങ്ങളില്‍നിന്ന് അവരെ രക്ഷിക്കുക, പള്ളിയും മദ്‌റസയും അവര്‍ക്ക് ഇഷ്ട ഇടങ്ങളാക്കി മാറ്റുക എന്ന ഉദ്ദേശ്യത്തോടെയാണ് കണ്ണൂര്‍ ജില്ലയില്‍ പാനൂരിലെ മസ്ജിദുറഹ്‌മയില്‍ മിനി ടര്‍ഫ് സംവിധാനം ഒരുക്കിയത്. പള്ളിയുടെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്‌റസയോട് ചേര്‍ന്ന് മിനി ടര്‍ഫ് നിര്‍മിക്കുമ്പോള്‍ കുട്ടികള്‍ക്ക് പ്രവാചക മാതൃകയില്‍ ശിക്ഷണം നല്‍കുക എന്നത് മാത്രമാണ് പള്ളിക്കമ്മിറ്റിക്ക് ഉദ്ദേശ്യമുണ്ടായിരുന്നത്. ഇവിടെ സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. നമസ്‌കാരത്തിന് എ.സി ഹാള്‍ തന്നെയാണ് ഉള്ളത്. റമദാനില്‍ ഇഅ്തികാഫിരിക്കുന്ന സഹോദരിമാര്‍ക്ക് അതിനുള്ള സൗകര്യവുമുണ്ട്. കൂടാതെ സഹോദര സമുദായക്കാര്‍ക്ക് വെള്ളിയാഴ്ച പ്രഭാഷണം കേള്‍ക്കാനുള്ള പ്രത്യേക ഗാലറിയും മസ്ജിദു റഹ്‌മയില്‍ ഉണ്ട്.
ചില വീടുകളില്‍ മയ്യിത്ത് കുളിപ്പിക്കാനും കഫന്‍ ചെയ്യാനുമുള്ള സൗകര്യം വളരെ കുറവാണ്. അത്തരം വീട്ടുകാര്‍ക്ക് പള്ളിയില്‍ അതിനുളള സൗകര്യമുണ്ട്. ട്രസ്റ്റിന് കീഴില്‍ പള്ളിയും മദ്‌റസയും ഹിഫ്‌ള് കോഴ്‌സും, ഭിന്നശേഷിക്കാര്‍ക്കായി റിഹാബ് സെന്ററും നടക്കുന്നു. അതിനാല്‍ തന്നെ മസ്ജിദു റഹ്‌മ ഭിന്നശേഷി സൗഹൃദവും ശിശുസൗഹൃദവുമാണ്.