എഴുത്തില്‍ ലൈബ ലൈവാണ്
കെ.സി.സലീം കരിങ്ങനാട്
october 2022
കുട്ടികളില്‍ വായന കുറയുന്നുവെന്ന പരിഭവങ്ങള്‍ക്കിടയിലാണ് ഏറെ വ്യതിരിക്തവും
ഏവരെയും പ്രചോദിപ്പിക്കുന്നതുമായ ജീവിതാനുഭവങ്ങള്‍ പുതുതലമുറക്ക് പകര്‍ന്നു നല്കി ലൈബയുടെ റെക്കോര്‍ഡ് നേട്ടങ്ങളുടെ കഥ നമ്മിലേക്കെത്തുന്നത്.
കുറഞ്ഞകാലം കൊണ്ട് കൂടുതല്‍ ദൂരം സഞ്ചരിക്കാനാവുകയെന്നത് പ്രതിഭാധനരായവര്‍ക്ക് മാത്രം സാധ്യമാവുന്ന ഒന്നാണ്. അത്തരക്കാരില്‍ ഒരാളാണ് ഇളംപ്രായത്തില്‍ നോവല്‍ പരമ്പര എഴുതി ഗിന്നസ് റെക്കോര്‍ഡുകളുടെ നെറുകെയിലേക്ക് കയറിയ മാഹി പെരിങ്ങാടി സ്വദേശി ലൈബ അബ്ദുല്‍ ബാസിത്ത്. പതിനൊന്ന് വയസ്സായപ്പോഴേക്കും 'ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി' എന്ന ഇംഗ്ലീഷ് നോവല്‍ പരമ്പരയിലെ മൂന്ന് ഭാഗങ്ങള്‍ എഴുതിക്കഴിഞ്ഞു.
കുട്ടികളില്‍ വായന കുറയുന്നുവെന്ന പരിഭവങ്ങള്‍ക്കിടയിലാണ്, ഏറെ വ്യതിരിക്തവും ഏവരെയും പ്രചോദിപ്പിക്കുന്നതുമായ ജീവിതാനുഭവങ്ങള്‍ പുതുതലമുറക്ക് പകര്ന്നുനല്കി ലൈബയുടെ റെക്കോര്‍ഡ് നേട്ടങ്ങളുടെ കഥ നമ്മിലേക്കെത്തുന്നത്. എല്ലാ കുട്ടികളും ചെറുപ്പത്തില്‍ എന്താവണമെന്നും എന്ത് ചെയ്യണമെന്നുമുള്ള കാര്യത്തില്‍ അന്തിച്ച് നില്‍ക്കുകയാണ് പതിവ്. എന്നാല്‍, ലൈബയുടെ കാര്യം നേരെ മറിച്ചാണ്. വായനയെയും എഴുത്തിനെയും ജീവിത ശീലമാക്കിയ പ്രതിഭയാണ് ലൈബ. പൗലോ കൊയ്ലോ ആണ് ഇഷ്ടപ്പെട്ട എഴുത്തുകാരന്.
എഴുത്തിലേക്കെത്തിപ്പെട്ടതെങ്ങനെയെന്ന് ചോദിക്കുമ്പോള്‍, വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചാണ് ലൈബ പറയുക. കേള്‍ക്കുന്നതും കാണുന്നതുമൊക്കെ എഴുത്തിനെ സ്വാധീനിക്കുമെന്നും അവള് പറയും. കിട്ടുന്നതെല്ലാം വായിക്കുന്ന പ്രകൃതമാണ്. പാരമ്പര്യമായി ആര്‍ജിച്ച സിദ്ധിയും ചേര്‍ന്നപ്പോള്‍ അത എഴുത്തിലേക്ക് വഴി നടത്തി. സയന്‍സ് ഫിക്ഷന്‍, റിയലിസ്റ്റിക് ഫിക്ഷന്‍ എന്നിവയിലാണ് ഊന്നല്‍. ആരുമധികം കൈവെക്കാത്ത മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇഷ്ടം. എല്‍.കെ.ജി മുതല്‍ തന്നെ ചെറുകഥകള്‍ വായിച്ച് വായനാ ലോകത്തേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്. ഡോക്ടറുമാകണം, ഒപ്പം നോവലിസ്റ്റുമാകണം ലൈബക്ക്. റെക്കോര്‍ഡ് നേട്ടങ്ങളിലേക്ക് നടന്നുകയറിയ ലൈബക്ക് പുതുതലമുറയോട് ഒന്നേ പറയാനുള്ളൂ: സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കഠിന പ്രയത്നം നടത്തൂ..
കൊച്ചു നോവലിസ്റ്റിന്റെ ബുക്കുകള്‍ വായിച്ച് ത്രില്ലടിച്ചെന്നാണ്, പുസ്തകങ്ങളുടെ അവതാരകനും എഴുത്തുകാരനുമായ കെ. ജയകുമാര്‍ പറഞ്ഞത്. 'ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി: ദി വാര് ഫോര്‍ ദി സ്റ്റോളന്‍ ബോയ്', 'ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി: ദി സ്നോഫ്ലേക് ഓഫ് ലൈഫ്', 'ഓര്‍ഡര്‍ ഓഫ് ദി ഗാലക്സി: ദി ബുക്ക് ഓഫ് ലെജന്‍ഡ്സ്' എന്നിവയാണ് റെക്കോര്‍ഡിന്റെ നെറുകെയിലെത്തിയ പുസ്തകങ്ങള്‍. പരമ്പരയിലെ നാലാമത്തെ പുസ്തകവും ചെറുകഥാ സമാഹാരവും റിയലിസ്റ്റിക് ഫിക്ഷനും പണിപ്പുരയിലാണ്.
ഖത്തര്‍ ഒലീവ് ഇന്റര്‍നാഷനല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ലൈബ. ഖത്തറില്‍ ഓയില്‍ കമ്പനി ജീവനക്കാരനായ അബ്ദുല്‍ ബാസിത്ത്, തസ്നി അബ്ദുല്‍ ബാസിത്ത് ദമ്പതികളുടെ ഏക മകളാണ്.
l