ഡോക്ടര്‍ ഖുര്‍ഷിദ് രാവിലെ റൗണ്ട്സിന് പോവുകയാണ്. കൂടെ സിസ്റ്റേഴ്സുമുണ്ട്. പതിനാലാം നമ്പര്‍ റൂമില്‍ കയറിയപ്പോള്‍, കാസര്‍കോട് അബ്ബാസ് എന്നറിയപ്പെടുന്ന അള്‍സര്‍ രോഗി പൊറോട്ടയും ബീഫ് ചില്ലിയും കഴിക്കുകയാണ്. ഖുര്‍ഷിദിന് ഇത് കണ്ട് ആശ്ചര്യമായി. മിനിഞ്ഞാന്ന് ആശുപത്രിയില്‍ വരുമ്പോള്‍ വയറുവേദനകൊണ്ട് പിടയുകയായിരുന്നു. ദില്ലിക്കാരനായതിനാല് അദ്ദേഹത്തിന് മലയാളം വശമില്ലായിരുന്നു. ഡോക്ടര്‍ അബ്ബാസിന്റെ കട്ടിലിനരികില്‍ ചെന്ന ്ദേഷ്യം അടക്കാന്‍ വയ്യാതെ ഡ്യൂട്ടി സിസ്റ്ററെ വിളിച്ചു.
''അയാള്‍ എന്താണീ ചെയ്യുന്നത്?''
അബ്ബാസ് ഒട്ടും കൂസാതെ ഡോക്ടറെ നോക്കി പുഞ്ചിരിച്ചു. അന്നേരം വാ നിറയെ പൊറോട്ടയുണ്ട്.
''സാര്‍, കുറച്ച് കഴിക്കുന്നോ? ഒരുപാടുണ്ട്. നല്ല ടേയ്സ്റ്റാ.''
സിസ്റ്റര്‍ ഓടിയെത്തി. ഡോക്ടര്‍ അവരോട് പറഞ്ഞു.
''ലുക്ക് സിസ്റ്റര്‍, മിസ്റ്റര്‍ അബ്ബാസ് ഈസ് ഓണ്‍ സ്ട്രിക്റ്റ് ഹോസ്പിറ്റല്‍ ഡയറ്റ്. ഗെറ്റ് ദ ഫുഡ് ഔട്ട് ഓഫ് ഹിയര്‍.''
ഡോക്ടര്‍ സിസ്റ്ററോട് ചോദിച്ചു.
നിങ്ങള്‍ ചാര്‍ട്ട് വായിച്ചില്ലേ?
''യെസ്... സാര്‍, അയാള്‍ അതേ കഴിക്കുകയുള്ളൂന്ന് പറഞ്ഞു. അയാള്‍ മുതലാളിയുടെ സുഹൃത്താണ്.
ഇതെടുത്ത് മാറ്റൂ. ഡോക്ടര്‍ ക്ഷോഭിച്ചു.
സിസ്റ്റര്‍ അബ്ബാസിന്റെ കൈയില്‍നിന്ന് ബലമായി പാത്രം വാങ്ങിച്ചു. അയാള്‍ കോപാകുലനായി.
''എടുക്കരുത്, കുറച്ചെങ്കിലും കഴിച്ചോട്ടെ.'' ഇത് കണ്ട ഡോക്ടര്‍ പറഞ്ഞു.
നിങ്ങളുടെ രോഗം ഭേദപ്പെടുകയാണ് വേണ്ടതെങ്കില്‍ ഇങ്ങനെയുള്ള ഭക്ഷണം കഴിക്കരുത്.
സിസ്റ്റര്‍ക്ക് പാത്രം കൊടുക്കാന്‍ അയാള്‍ വിസമ്മതിച്ചു. ഡോക്ടര്‍ക്ക് ദേഷ്യം കൂടിവന്നു.
''സിസ്റ്റര്‍, ടെയിക്കിറ്റ് ഔട്ട്.''
സംഭവം കഴിഞ്ഞ് ഒരു മണിക്കൂര്‍. ഡോക്ടര്‍ ഖുര്‍ഷിദിനെ അഡ്മിനിസ്ട്രേറ്റര്‍ വിളിച്ചു.
നിങ്ങള്‍ എന്നെ കാണണമെന്ന് പറഞ്ഞോ?
അതെ ഡോക്ടര്‍, നിങ്ങള്‍ ഇരുന്നാലും.
സുബൈര്‍ തുടര്‍ന്നു.
അബ്ബാസ് നിങ്ങള്‍ ചികില്സിക്കുന്ന രോഗിയാണോ?
'യെസ്. അയാള്‍ കുടല് വ്രണം പിടിച്ച് വന്നവനാണ്.'
'അതുകൊണ്ട് നിങ്ങള്‍ പ്ലെയിറ്റ് അയാളുടെ കൈയില്‍നിന്ന് വാങ്ങിച്ചു?'
''അതെ.''
സുബൈര്‍ തന്റെ സീറ്റില്‍നിന്ന് എഴുന്നേറ്റ് ഡോക്ടര്‍ ഇരിക്കുന്ന സോഫയിലിരുന്നു.
ഡോക്ടര്‍, അബ്ബാസ് ബോസിന്റെ ഉറ്റ മിത്രമാണെന്ന് നിങ്ങള്‍ക്കറിയില്ല. അതുകൊണ്ട് ബോസിനെ തൃപ്തിപ്പെടുത്താന്‍ നമ്മള് അബ്ബാസിനെ സന്തോഷവാനാക്കണം. നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമെന്ന് തോന്നുന്നു.
സാര്‍ ഒരിക്കലുമില്ല, ഞാനൊരു ഡോക്ടറാണ്, ഞാന്‍ ചെയ്തത് ശരിയാണ്.
ഡോക്ടര്‍ ചെയ്തത് വളരെ ശരിയാണ്, അത് സുബൈറിന് അറിയാം. കാസിംച്ച വിളിച്ചു പറഞ്ഞാല്‍ പിന്നെയെന്താണ് ചെയ്യുക! നിരാശയോടെ അവന് താഴെയിറങ്ങി. നിലവാരമില്ലാതെ ഡോക്ടര്‍ ഖുര്‍ഷിദിനോട് സംസാരിച്ചതില്‍ ലജ്ജയും ദുഃഖവും തോന്നി.
ദിവസങ്ങള്‍ കൊഴിഞ്ഞുവീഴവെ സുബൈറിന്റെ ജീവിതശൈലി തന്നെ മാറി. കുവൈത്ത് സര്‍വകലാശാല വിദേശികള്‍ക്കായി നടത്തുന്ന നിശാപാഠശാലയില്‍ ചേര്‍ന്ന് അറബി പഠിക്കാന്‍ തുടങ്ങി. ഉസ്താദിന്റെ കീഴില്‍ അര്‍ഥ സഹിതം ഖുര്‍ആനും പഠിച്ചു തുടങ്ങി. സുബ്ഹിക്ക് മുമ്പ് എഴുന്നേറ്റ് രാത്രി നിസ്കാരം സ്വന്തം മുറിയില്‍ നിര്‍വഹിച്ച് സുബ്ഹി ബാങ്കിന്റെ സമയത്ത് തന്നെ പള്ളിയില്‍ എത്തും. സുബൈറിന്റെ ഉപ്പയെ പരിചയമുള്ളവരൊക്കെ ഉപ്പാനെ പോലെ തന്നെ മകനെന്ന് പറയാന്‍ തുടങ്ങി. ഒരുപാട് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ വായിക്കും. നിസ്കരിച്ചാലും നോമ്പ് നോറ്റാലും സ്വര്‍ഗത്തില്‍ പോവുകയില്ല എന്നാണ് അവന് പറയാറ്. കര്‍മം ചെയ്യണം, സമൂഹത്തിലേക്കിറങ്ങണം. ഭക്തിക്ക് വേണ്ടി മാത്രം പാരായണം ചെയ്ത് തള്ളേണ്ടതല്ല ഖുര്‍ആന്‍. അതില്‍ പ്രതിപാദിച്ചിട്ടുള്ളത് ഒരു സമഗ്ര ജീവിത പദ്ധതിയാണ്. എല്ലാ വേദങ്ങളും വായിക്കണം, മനസ്സിലാക്കണം. അതനുസരിച്ച് ജീവിക്കണം. ഇതായിരുന്നു സുബൈറിന്റെ തത്ത്വശാസ്ത്രം.
ഒരു ദിവസം കാസിം വരുമ്പോള്‍ സുബൈര്‍ സീറ്റില്‍ ഉണ്ടായിരുന്നില്ല.
''ലതികേ... മാനേജറെവിടെ?''
സുബൈറിന്റെ ഓഫീസ് അടച്ചു കണ്ടതിനാലാണ് കാസിം അങ്ങനെ ചോദിച്ചത്.
''പള്ളിക്ക് പോയി. ഇപ്പം വരും.''
കാസിം പറഞ്ഞു:
''ശരി. പള്ളിക്ക് പോയതല്ലേ, ഓനോട് നീ പറയണം, ഇനി മുതല്‍ ശമ്പളം ഔഖാഫ് മിനിസ്ട്രിയില്‍നിന്ന് കിട്ടുമെന്ന്.''
വിവരം അതുപോലെ തന്നെ സുബൈറിനോട് ലതിക പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളില്‍ സുബൈര്‍ പള്ളിയില്‍ പോയി നിസ്കരിക്കുന്നത് നിര്‍ത്തി. ഓഫീസില്‍നിന്ന് തന്നെ നിസ്കരിക്കും.
നഴ്സിംഗ് സൂപ്രണ്ട് സാറമ്മ ജോസഫ് സുബൈറിന്റെ കേബിനിലെത്തി. അവര്‍ ധൃതിയിലായിരുന്നു.
''സാര്‍, ഇവിടെയൊരു രോഗി പി.പി.എച്ച് ആയി. കുറച്ച് സീരിയസ്സാണ്.''
''അവിടെ ഡോക്ടര്‍ സബിതാ മേഡം ഇല്ലേ?''
''ഉണ്ട് സാര്‍... മേഡം ഒരുപാട് ട്രൈ ചെയ്യുന്നുണ്ട്.''
''ഡോക്ടര്‍ ചന്ദ്രന് വിവരമറിയിച്ചോ?''
അറിയിച്ചൂ സാര്‍, അദ്ദേഹത്തിന്റെ ഒ.പി.യില്‍ നിറയെ പേഷ്യന്റ്. നല്ല തിരക്കാണവിടെ.''
''സാര്‍, ബ്ലഡ് കിട്ടാനില്ല.''
'സിസ്റ്റര്‍, എവിടെ നിന്നായാലും രക്തം സംഘടിപ്പിക്കണം.'
''കൂടെ അവരുടെ ബന്ധുക്കളാരുമില്ലേ?''
''ഉണ്ട് സാര്‍, ഞാന്‍ പല പ്രാവശ്യം ചോദിച്ചു നോക്കി, പക്ഷേ ആരും തരുന്നില്ല. ഡോക്ടര്‍ സബിതാ മേഡം വളരെ വിഷമത്തിലാണ്.''
''സിസ്റ്റര്‍, ഞാനും വരാം.''
സുബൈര്‍ സിസ്റ്ററുടെ കൂടെ എല്‍.ടി.യുടെ അടുത്തുള്ള ഓഫീസിലെത്തി.
സിസ്റ്ററേ, അവരുടെ ബൈസ്റ്റാന്റേഴ്സിനെ വിളിക്കൂ.''
''ഓക്കെ സാര്‍.''
നഴ്സിംഗ് സൂപ്രണ്ട് പുറത്തേക്ക് പോയി രണ്ട് പേരെ വിളിച്ച് സുബൈറിന്റെ മുമ്പില്‍ നിര്‍ത്തി. സുബൈര്‍ അവരോട് സംസാരിച്ചു.
''അവരുടെ സ്ഥിതി വളരെ പരിതാപകരമാണ്. ചോര വേണം, അല്ലെങ്കില്‍ കാര്യം കഷ്ടമാണ്, നിങ്ങള്‍ അവരുടെ ആരാണ്?''
ഒരാള്‍ ആരുടേയും മുഖത്തേക്ക് നോക്കാതെ സുബൈറിന്റെ മുമ്പില്‍ നിന്നു.
''സാറെ, എന്റെ ശരീരത്തില്‍ തീരെ ചോരയില്ല, പിന്നെ ഞാനെങ്ങനെ ചോര കൊടുക്കും?''
''എടോ ഞങ്ങള്‍ ചുമ്മാ ചോരയെടുക്കുകയില്ല, രക്തം തരുന്നയാളുടെ ശരീരം പരിശോധിച്ച് ആരോഗ്യമുള്ള ആള്‍ക്കാരുടെ ചോര മാത്രമേയെടുക്കൂ.''
അയാളോട് ചോദിച്ചു.
''നിങ്ങള്‍ രോഗിയുടെ ആരാണ്?''
''ഭര്‍ത്താവ്.''
''നല്ല കാര്യം...
''ഭാര്യക്ക് വല്ലതും സംഭവിച്ചാല്‍ നിങ്ങള്‍ക്ക് വിഷമമില്ലേ?''
ഇതുകേട്ട അയാള്‍ അവരുടെ ബന്ധുക്കളുമായി സംസാരിച്ച് സുബൈറിന്റെ അടുത്ത് ചെന്നു.
''ഞാന്‍ ചോര തരാം സാര്‍.''
അയാള്‍ ധൈര്യപൂര്‍വം കൈകള്‍ നീട്ടി കിടന്നു. രോഗിക്ക് രക്തം കൊടുത്ത് ഡോക്ടര്‍ സബിതയും ഡോക്ടര്‍ വീണാ ജോര്‍ജും കഠിന പ്രയത്നം ചെയ്ത് രോഗിയെ രക്ഷപ്പെടുത്തി. കൂടിയവരൊക്കെ ഡോക്ടര്‍ സബിതയെ വാനോളം പുകഴ്ത്തി. ഡോക്ടര്‍ സബിത സുബൈറിന്റെ അടുത്ത് വന്ന് സുബൈറിനോട് നന്ദി പറഞ്ഞു.
ഡന്റല്‍ ഒ.പി.യുടെ മുന്‍വശത്ത് ഒരു സിസ്റ്റര്‍ വെറുതെ നില്‍ക്കുന്നത് കണ്ട് സുബൈര്‍ അവരോട് ചോദിച്ചു:
''സിസ്റ്ററെന്താ വെളിയില്‍ നില്‍ക്കുന്നത്?''
''രോഗി അകത്ത് ഉണ്ടായിരിക്കുമ്പോള്‍ സിസ്റ്റര്‍ പുറത്താണോ? അതും ഡെന്റല്‍ ഒ.പി.യില്‍?''
സുബൈര്‍ വാതില്‍ തുറക്കാന്‍ ശ്രമിച്ചു. പക്ഷേ, വാതില്‍ അകത്ത്നിന്ന് കുറ്റിയിട്ടിരിക്കുകയാണ്.
''എന്തിനാ സിസ്റ്ററെ അകത്ത്നിന്ന് ലോക്ക് ചെയ്തത്?''
സിസ്റ്റര്‍ ഒന്നും മിണ്ടിയില്ല, ശിരസ്സു കുനിച്ചു നിന്നു.
''സിസ്റ്റര്‍, ആരാണ് അകത്ത്?''
സിസ്റ്റര്‍ ഒന്നും മിണ്ടാതെ രണ്ട് കൈകൊണ്ടും മുഖം പൊത്തി. അവര്‍ വല്ലാതെ വിഷമിക്കുന്നുണ്ട്.
''സിസ്റ്റര്‍ പറയൂ, ആരാണ് അകത്ത്? പറഞ്ഞില്ലെങ്കില്‍ പാസ്പോര്ട്ടില് കുത്തിവിടും.''
''സാര്‍... അത്... ശോഭാ സിസ്റ്ററാണ് അകത്ത്.''
''അവരെന്തിനാ ഡെന്റല്‍ ഓ.പിയില്‍?''
''റൂട്ട് കനാല്‍ ഫില്ലിംഗ്.''
''സിസ്റ്റര്‍ ഞാനത്രക്കും വിഢിയാണോ? ഒരാളുടേയും ഹെല്‍പ്പില്ലാതെ റൂട്ട് കനാല്‍ എങ്ങനെ ചെയ്യാനാണ്?''
സിസ്റ്റര്‍ വീണ്ടും മൗനം. ഇനി കൂടുതല്‍ ചോദിച്ചാല്‍ കരയാന്‍ തുടങ്ങും.
''ശോഭയോട് എന്നെ കാണാന്‍ പറയണം, എന്നെ കാണാതെ ഡ്യൂട്ടിയില്‍ കയറരുത്.''
''ഓക്കെ സാര്‍.''
സുബൈര്‍ നടന്നകന്നു. ആശുപത്രി പൊതുവെ ശാന്തം. മിക്കവാറും വൈകുന്നേരങ്ങളില്‍ രോഗികള്‍ കുറവാണ്. ജനലിലൂടെ മരുഭൂമിയും അനന്തമായി കാണാം.
സുബൈര്‍ തന്റെ ഓഫീസില്‍ ടെലിഫോണില്‍ സംസാരിക്കവേ ശോഭാ സിസ്റ്റര്‍ നജീബിന്റെ മുറിയിലെത്തി. ഒന്നും ഉരിയാടാതെ ശിരസ്സ് കുനിച്ച് സുബൈറിന്റെ മുമ്പില്‍ ഖേദിച്ചു നിന്നു.
''എന്താ സിസ്റ്ററെ ഡ്യൂട്ടി സമയത്ത്?''
''ഞാന്‍... റൂട്ട് കനാലിന് പോയതാണ്.''
''നിന്റെയൊരു റൂട്ട് കനാല്‍; എന്റെ മുമ്പീന്ന് പോ... ഇനി ഇതാവര്‍ത്തിച്ചാല്‍ ഉറപ്പായിട്ടും കുത്തി നാട്ടിലേക്ക് വിടും.''
അവള് മുഖം താഴ്ത്തി. വിയര്‍പ്പ് തുടച്ച് മുറി വിട്ടിറങ്ങി.
പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ കോള്‍...
''ഒന്ന് ഇവിടെ വന്നേ...''
സുബൈര്‍ എം.ഡി.യുടെ മുറിയിലേക്ക് നടന്നു. കാസിംച്ച വളരെ ഗൗരവത്തിലായിരുന്നു. സുബൈര്‍ ഡോറില്‍ ശബ്ദമുണ്ടാക്കി അകത്ത് കാല് കുത്തിയ ഉടന്‍ അദ്ദേഹം പൊട്ടിത്തെറിച്ചു.
''നീ എന്താടോ വിചാരിക്കുന്നേ?
നീ ആരാ... ആശുപത്രി പൂട്ടിക്കാനുള്ള പരിപാടിയോ?''
അവനൊന്നും മിണ്ടാതെ ക്ഷമയോടെ അയാള്‍ പറയുന്നതൊക്കെ കേട്ടു.
''അന്നും നീ സ്വന്തമായി ഷൈന്‍ ചെയ്യാന്‍, കാസര്‍കോട് അബ്ബാസ് കുറച്ച് ബീഫ്കറിയും പൊറോട്ടയും കഴിച്ചപ്പോള്‍ അയാളോട് ചൂടായി. നീ ഇങ്ങനെ കാണുന്നവരോടൊക്കെ ചൂടായാല്‍ ഇവിടെ ആള്ക്കാര് വരുമോ? നീ ആരാടാ... നീയാ മൊതലാളി, അല്ലാ ഞാനാ മൊതലാളി?''
സുബൈറിന് ഒന്നും മനസ്സിലായില്ല.
''നീ എന്താണ് പല്ല് ഡോക്ടറെക്കുറിച്ച് അപവാദം പറഞ്ഞു പരത്തുന്നത്?''
സംഭവത്തിന്റെ പൊരുള്‍ സുബൈറിന് മനസ്സിലായി.
''ഇനി ഈ കാരണം പറഞ്ഞ് ഡോക്ടര്‍ ഇവിടുന്ന് പോയാല്‍, വേറൊരു ഡോക്ടറെ കിട്ടാനുള്ള വിഷമം നിനക്കറിയാമോ?''
''ഇല്ല സാര്‍; ഇനി മുതല്‍ ഈ വക കാര്യങ്ങളില്‍ ഞാന്‍ ഇടപെടില്ല; കണ്ണടച്ചേക്കാം.''
''പിന്നെ നിന്നെയെന്തിനാടോ ഇവിടെ കൊണ്ടന്നിരിക്കുന്നത്? വായ് നോക്കാനോ?''
സുബൈര്‍ ആകെ വിയര്‍ത്തു. കൈ ചുരുട്ടി രണ്ട് കൊടുത്താലോ എന്ന് ചിന്തിച്ചു. വീട്ടിലെ ഉപ്പാന്റെ സ്ഥിതിയോര്‍ത്തപ്പോള്‍ ദേഷ്യം തനിയേ ഉരുകിത്തീര്‍ന്നു.
''നീ അധികം വിളവ് കാണിച്ചാല്‍ കുത്തി നാട്ടിലേക്കയക്കും.''
സുബൈര്‍ ഒന്നും മിണ്ടിയില്ല. 'ക്ഷമാ ശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു' എന്ന വേദവചനം അവനോര്‍മ വന്നു. ഉപ്പാന്റെ കടം വീട്ടുന്നതുവരെ സഹിക്കുകതന്നെ. ഒന്നും പറയാതെ സുബൈര്‍ എം.ഡി.യുടെ മുറി വിട്ടിറങ്ങി. ശോഭാ സിസ്റ്റര്‍ സുബൈറിനെ നോക്കി അര്‍ഥംവെച്ച് ചിരിച്ചു.
(തുടരും)