സ്നേഹ സഞ്ചാരത്തിന്റെ കനല് വഴികള്‍
അബ്നം സാക്കിയ
october 2022
പുതു വഴി തേടുന്ന രാഷ്ട്രീയവും സമകാലിക സംഭവങ്ങളോടുള്ള പ്രതികരണവുമാണ്
സീനത്തിന്റെ കവിതകള്‍ മുന്നോട്ട് വെക്കുന്ന പ്രമേയം.
കാവ്യ ചേതനയുടെ വിസ്മയങ്ങള്‍ തീര്‍ക്കുന്ന, മൗലികതയും വൈകാരികതയും മേളിക്കുന്ന രചനയാണ് മലയാളത്തിന്റെ പ്രിയകവി ആലങ്കോട് ലീലാകൃഷ്ണന് പ്രകാശനം ചെയ്ത സീനത്ത് മാറഞ്ചേരിയുടെ 'വെറ്റിലപ്പച്ച' എന്ന കവിതാ സമാഹാരം. കണ്ടുമടുത്ത പെണ്ണെഴുത്തുകളില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട കാഴ്ചപ്പാടുകള്‍ മുന്നാട്ട് വെക്കാന്‍ സീനത്തിനു കഴിയുന്നുണ്ട്.
'മാസ്ക്കിനുള്ളില്
ഒളിപ്പിച്ചത്
വായയോ മൂക്കോ അല്ല
താഴിട്ട് പൂട്ടിയ നാവിനെയാണ്..' എന്ന വരികള്‍ വാക്കുകള്‍ക്കും നാക്കുകള്‍ക്കും താഴ് വീഴുന്ന കെട്ടകാലത്തെ കുറിച്ചാണ്.
സ്ത്രീ പ്രശ്നങ്ങളെ അവതരിപ്പിക്കുമ്പോഴും അതൊരു സങ്കടഹരജി ആവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
'സ്വര്‍ഗത്തിലെ കഞ്ഞിക്കലത്തില്‍ നിന്നാവണം
ഈ കുഞ്ഞടുപ്പുകള്ക്ക് നാളം പകര്‍ന്നത്
വീടകങ്ങളില്‍ അവ ആനന്ദത്തിന് ഹരിത വിപ്ലവം തീര്‍ക്കുന്നു...
ഏകം ശതമാക്കുന്ന ജാലവിദ്യയൊരുക്കാന് കെല്പുണ്ടവള്ക്ക്
എങ്കിലും ഒരു തൂവല്‍സ്പര്‍ശത്തിനായി
മിഴി നീട്ടാറുണ്ട്....എന്നാണ് 'ഒറ്റക്കലത്തിലെ വിപ്ലവ' ത്തില്‍ പറയുന്നത്.
സൂക്ഷ്മാനുഭവങ്ങള്‍ സ്വാംശീകരിച്ച് വളരെ കയ്യടക്കത്തോടെ കാല്പനിക സൗന്ദര്യം കലര്‍ത്തി നവീനമായ ഭാവുകത്വത്തോടെ അവതരിപ്പിക്കുന്നതുകൊണ്ട്് ഓരോ കവിതയും വ്യത്യസ്തമായി അനുഭവിക്കാന്‍ കഴിയുന്നുണ്ട് വായനക്കാരന്. അധ്യാപികയായ സീനത്ത് കവിതയില്‍ സ്വന്തമായി ഒരിടം കണ്ടെത്തുന്നത് സ്വന്തം പ്രതിഭയുടെ ബലത്തില്‍ മാത്രമാണ്.
'ചില വിത്തുകളുണ്ട്
പുറന്തോട് പിളര്‍ക്കാന്‍
അനുവാദം കാത്തിരുന്നവ
അസഹിഷ്ണുതയുടെ
വന്ധീകരണത്തെ മുറിച്ചുമാറ്റി
അവയില്‍ സൂര്യ കിരണങ്ങള്‍ തുയിലുണര്ത്തും...'
കലുഷിതമായ ലോകത്ത് പ്രതീക്ഷയുടെ സ്നേഹ വിത്തുകള്‍ കാത്തുവെക്കാന് പ്രേരിപ്പിക്കുന്ന വരികളാണിത്.
'ഈ കാവ്യസമാഹാരത്തിലെ ഒട്ടുമിക്ക കവിതകളിലും ജീവിതാനുഭവങ്ങളുടെ വൈകാരികതയും ഊഷ്മളതയുമുണ്ട്. പുതുമ തുടര്‍ന്ന് നില്‍ക്കേണ്ട ഒരു സര്‍ഗ പ്രവര്‍ത്തനമാണ് കവിതയെന്ന് സീനത്ത് മാറഞ്ചേരിയുടെ കവിതകള്‍ വിളിച്ചുപറയുന്നുണ്ട്. വൈലോപ്പിള്ളി ഒരിക്കല്‍ പാടിയതു പോലെ, ജീവിതത്തിന്റെ കടല്‍ തന്നെയാണ് സീനത്ത് മാറഞ്ചേരിക്ക് കവിതയുടെ തൂലിക മുക്കുവാനുള്ള മഷിപ്പാത്രം. അടിതെളിഞ്ഞ മലയാള ഭാഷയില്‍ കാവ്യ പ്രേരണകളില്‍ നിന്നു പിറന്ന ഈ കാവ്യസമാഹാരവും കവയത്രിയും മലയാളകവിതയില്‍ സ്വന്തം ഇടം കണ്ടെത്തും' എന്നാണ് കവി ആലങ്കോട് ലീലാകൃഷ്ണന്റെ സാക്ഷ്യം. പുതു വഴി തേടുന്ന രാഷ്ട്രീയവും സമകാലിക സംഭവങ്ങളോടുള്ള പ്രതികരണവുമാണ് സീനത്തിന്റെ കവിതകളില്‍ കാണാനാവുക. പൗരത്വ ഭേദഗതി നിയമം, കശ്മീരിലെ ആസിഫ ബാനു, ദ്വീപ് നിവാസികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുടങ്ങി ഇന്ത്യന്‍ അവസ്ഥകളോട് തന്റെ കവിതകളിലൂടെ ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കാന്‍
സീനത്തിന് കഴിയുന്നുണ്ട്. മുപ്പത്തിയൊന്‍പതു കവിതകളടങ്ങിയ 'വെറ്റിലപ്പച്ച' കോഴിക്കോട് കൂര ബുക്സ് ആണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.