പഠനത്തോടൊപ്പം സ്പോര്‍ട്സും ഏറെ ഇഷ്ടപ്പെട്ടിരുന്നു രഹ്്ന. മത്സരിച്ച ഇനങ്ങളിലെല്ലാം സമ്മാനം നേടി. ഇടക്കുവെച്ച് ആ വേഷം അഴിച്ചുവെക്കേണ്ടി വരുമെന്നറിയാമായിരുന്നു അവള്‍ക്ക്. പക്ഷേ, കാലം കനിവ് കാട്ടി. വര്‍ഷങ്ങള്‍ക്കിപ്പുറം കായികരംഗത്ത് കഴിവു തെളിയിച്ചവരുടെ കൂട്ടത്തില്‍ തന്റെ പേരും എഴുതിച്ചേര്‍ക്കുമ്പോള്‍ രഹ്നക്കിത് സ്വപ്നസാഫല്യം. മകന് അദ്നാനൊപ്പം പഞ്ചഗുസ്തി പരിശീലന ക്ലാസ്സില്‍ കൂട്ടുപോകുമ്പോള്‍, തന്റെ ജീവിതത്തില്‍ അതൊരു വഴിത്തിരിവാകുമെന്ന് രഹ്ന നിനച്ചതേയില്ല...
സഹപാഠികളോട് മത്സരിച്ച് നിരന്തരം ജയിച്ചുകൊണ്ടിരുന്ന അദ്നാന് അതേ ലാഘവത്തോടെയാണ് ഒരിക്കല്‍ ഉമ്മയുമായി ഒരു കൈ നോക്കാമെന്ന് കരുതിയത്. 'കൊമ്പു കോര്‍ക്കാന്‍' തയ്യാറായി ഉമ്മയും. കളി കാര്യമായെടുക്കാന്‍ ഉമ്മയ്ക്ക് കഴിയുമെന്ന് അന്ന് അദ്നാന് മനസ്സിലായി. പരിശീലകന് ഹരി കണ്ടശ്ശാങ്കടവിന്റെ പരിശ്രമവും രഹ്്നയുടെ ആത്മവിശ്വാസവും ഭര്‍ത്താവ് റഷീദിന്റെ പിന്തുണയും കൂടിയായപ്പോള്‍ അതൊരു പഞ്ചഗുസ്തി താരത്തിന്റെ പിറവിയായി. പിന്നീടങ്ങോട്ട് മോനോടൊപ്പം ഈ ഉമ്മയും സമ്മാനങ്ങള്‍ വാരിക്കൂട്ടി. സംസ്ഥാന തലത്തില്‍ തുടങ്ങി ദേശീയ തലത്തില്‍ 'കൈക്കരുത്ത്' കൊണ്ട് തിളങ്ങാനായി. 2016-ല്‍ പഞ്ചാബിലെ രായ്പൂറില് നടന്ന മത്സരത്തിലും ശ്രദ്ധിക്കപ്പെട്ടു.
ഈ വര്‍ഷം എറണാകുളം കോലഞ്ചേരിയില്‍ നടന്ന സംസ്ഥാനതല മത്സരത്തില്‍ ഇരുവരും സമ്മാനാര്‍ഹരായി. ഹൈദരാബാദില്‍ നടന്ന ദേശീയ പഞ്ചഗുസ്തിയില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. അരുണാചല്‍ പ്രദേശ്, അസം, ഡല്‍ഹി, ഹരിയാന, ഗുജറാത്ത് തുടങ്ങി ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുമുള്ള മത്സരാര്‍ഥികള്‍ക്കിടയില്‍ കേരളത്തെ പ്രതിനിധീകരിച്ചു പങ്കെടുത്തപ്പോള്‍ വളരെ അഭിമാനം തോന്നിയെന്ന് രഹ്ന. പവിഴനഗരത്തില്നിന്ന് വെള്ളിയും വെങ്കലവുമായാണ് ഇവര്‍ കേരളത്തിലേക്ക് തിരിച്ചത്. ഒരേ വേദിയില്‍ വിജയികളായി നിന്ന നിമിഷത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല ഈ ഉമ്മയ്ക്കും മകനും. ഒക്ടോബറില്‍ തുര്‍ക്കിയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ പഞ്ചഗുസ്തി മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്.
അന്താരാഷ്ട്രതലത്തില്‍ യോഗ്യത നേടിയ താരങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ സ്പോണ്‍സര്‍മാര്‍ അനിവാര്യമാണ്. അത്തരം സൗകര്യങ്ങള്‍ ഈ ഇനത്തില്‍ കുറവാണ്. തുര്‍ക്കിയില്‍ നടക്കുന്ന മത്സരത്തില്‍ സ്പോണ്‍സറെ കാത്തിരിക്കുകയാണ് ഇവര്‍. മറ്റിനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണനയുണ്ടെങ്കില്‍ രാജ്യത്തിനു വേണ്ടി ഇനിയും നേട്ടങ്ങള്‍ കൊയ്യാനാകുമെന്ന് ഇവര്‍ക്കുറപ്പുണ്ട്. സ്പോര്‍ട്സ് കൗണ്‍സിലുകള്‍ വഴി പഞ്ചായത്തുകള്‍ തോറും പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാനും സ്കൂൾ, കോളേജ്ളേജ് തലങ്ങളില്‍ മികച്ച പരിശീലനം ലഭ്യമാക്കുവാനും സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഇവര്‍ക്ക് അഭിപ്രായമുണ്ട്. പഠനത്തിനിടയില്‍ വിവാഹം കഴിഞ്ഞെങ്കിലും ഭാര്യ, മാതാവ് എന്നീ ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ പൂര്‍ണ പിന്തുണ തന്ന് പഠനം പൂര്‍ത്തിയാക്കാന്‍ മുന്‍കൈയെടുത്ത് സ്വപ്നങ്ങള്‍ എത്തിപ്പിടിക്കാന്‍ പ്രോത്സാഹനം നല്കിയ ഭര്‍ത്താവ് അബ്ദുല്‍ റഷീദാണ് തന്റെ ഊര്‍ജസ്രോതസ്സെന്ന് രഹ്്ന. എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ അഫ്നാന്, എല്‍.കെ.ജി വിദ്യാര്‍ഥിനിയായ അല്‍മ എന്നിവരാണ് മറ്റു മക്കള്‍.
l