യഥാര്‍ഥത്തില്‍ മാറേണ്ടത് ഓരോ സ്ത്രീയുമാണ്. നമ്മള്‍ നമ്മെ ഒന്നു പരിഗണിച്ചുനോക്കൂ. വിവാഹത്തോടെ സ്വന്തം ഇഷ്ടങ്ങള്‍ ഉപേക്ഷിച്ചുകളയാതെ അവയെ കൂടെ കൂട്ടുക.
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്; ഒരു കോളേജില്‍ എന്‍.എസ്.എസ് ക്യാമ്പ് നടക്കുകയാണ്. അന്നവിടെ അതിഥിയായി ചെന്ന് ഒരു സെഷനില്‍ സംസാരിച്ചശേഷം ഭക്ഷണം കഴിക്കാന്‍ കാന്റീനിലേക്ക് കൂട്ടുകാരിയായ കോളേജിലെ അധ്യാപികക്കൊപ്പം ചെന്നു. കുട്ടികളില്‍ പലരും പലതരം സംശയങ്ങളുമായി ചുറ്റും കൂടി. കൂട്ടത്തില്‍ ഏറെ സ്മാര്‍ട്ട് എന്ന് തോന്നിച്ച ഒരു കുട്ടി യാതൊരുമുഖവുരയും കൂടാതെ ചോദിച്ചു: 'മാഡം, ഈ കെട്ട്യോന്റെ കുടുംബവും സ്വന്തം കുടുംബവും രണ്ടും വേണ്ടാത്ത പെണ്‍കുട്ട്യോള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ വല്ല സ്ഥലവും ഉണ്ടോ?'
കൂടെയുള്ളവരെല്ലാം അവളെ കളിയാക്കി പല കമന്റുകളും മുഴക്കുന്നതിനിടെ ആരോപറഞ്ഞു: 'ഉണ്ടെടീ... ജയിലില്‍.' ഉടന്‍ വന്നു അവളുടെ മറുപടി: 'മിക്കവാറും ആ തള്ളനേം കൊന്ന് ഞാന്‍ ജയിലീ പോകും.' അവള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞതിനാല്‍ ആരും അതത്ര കാര്യമാക്കിയില്ല. എങ്കിലും ഞാന്‍ അവള്‍ക്ക് എന്റെ ഫോണ്‍ നമ്പര്‍ കൊടുത്തുകൊണ്ട് അതേ തമാശഭാവത്തില്‍, എന്നാല്‍ കാര്യം കലര്‍ത്തി പറഞ്ഞു: 'കൊല്ലുംമുമ്പ് വിളിച്ചാല്‍ ഒണക്കച്ചപ്പാത്തീം തിന്ന് അകത്തു കിടക്കാതെ രക്ഷപ്പെടാം.'
ഏതാണ്ട് പത്തു ദിവസം കഴിഞ്ഞുകാണും, അറിയാത്ത നമ്പറില്‍നിന്നും വന്ന ഫോണ്‍കോള്‍ അവളുടേത് ആയിരുന്നു. പഠിപ്പിക്കാം എന്ന ഉറപ്പില്‍ നടന്ന വിവാഹം, അതും പ്രണയ വിവാഹം. എന്നാല്‍ ഭര്‍ത്താവിന്റെ റോള്‍ ആ പയ്യന് ഒട്ടും ചേരുന്നില്ല; പയ്യന്‍ വീട്ടില്‍ വെച്ച് അവളോട് മിണ്ടാറില്ലെന്നും അവളും അവനും പ്രണയത്തിലായി എന്ന ഒറ്റക്കാരണത്താല്‍ അമ്മായിയമ്മക്ക് അവള്‍ ശത്രുവാണെന്നുമൊക്കെ അവള്‍ പറഞ്ഞു. കൂട്ടത്തില്‍ ആ ക്യാമ്പ് കഴിയും മുമ്പേ അവള്‍ക്ക് ബ്ലീഡിംഗ് ഉണ്ടായെന്നും ഇരട്ടകുട്ടികള്‍ അവളില്‍ വളര്‍ന്നുതുടങ്ങിയിരുന്നു എന്നത് അറിയും മുമ്പേ അബോര്‍ഷന്‍ സംഭവിച്ചെന്നും അതിന്റെ പേരില്‍ ഒത്തിരി പ്രശ്‌നങ്ങള്‍ ഉണ്ടായെന്നുമൊക്കെ അവള്‍ കരഞ്ഞു പറഞ്ഞു. ഇനി ഈ ബന്ധം വേണ്ടെന്ന് തീരുമാനിച്ച അവളെ സ്വന്തം വീട്ടുകാര്‍ നിര്‍ബന്ധിച്ചു തിരിച്ചയച്ചതും പറഞ്ഞ് അവള്‍ പഴയ വാചകങ്ങള്‍ ആവര്‍ത്തിച്ചു; 'ഇറങ്ങിപോവാന്‍ തോന്നുന്ന ഭാര്യമാരെ സുരക്ഷിതരായി കാക്കുന്ന ഒരിടം. എന്നെങ്കിലും കൈയില്‍ കുറേ കാശ് വന്നാല്‍ അങ്ങനെ ഒരിടം ഞാന്‍ തുടങ്ങും'
**** **** ****
അങ്ങനെ എത്രയെത്ര സ്ത്രീകളാണ് ഓരോയിടങ്ങളിലും ഇഷ്ടമില്ലാത്ത ജീവിതങ്ങള്‍ ജീവിച്ചുതീര്‍ക്കുന്നത്! അത്തരം ജീവിതങ്ങളുടെ ഉപോല്‍പന്നങ്ങളാണ് പലപ്പോഴും നാം കേള്‍ക്കുന്ന ആത്മഹത്യാ വാര്‍ത്തകളും പ്രണയ-ഒളിച്ചോട്ട കഥകളും.
പരിഗണന ആരാണ് ആഗ്രഹിക്കാത്തത്?
ഏതൊരു ജീവിയും പരിഗണന ആഗ്രഹിക്കുന്നുണ്ട്, യജമാനനെ കാണുമ്പോള്‍ വാലാട്ടുന്ന പട്ടിയും പേരു വിളിക്കുന്ന തത്തയുമെല്ലാം പരിഗണന തേടുന്നവരാണ്. എന്നാല്‍ പലപ്പോഴും വീടുകളില്‍ സ്ത്രീകള്‍ക്കത് ലഭിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഭര്‍ത്താവിന്റെ ഇഷ്ട ഭക്ഷണം, മോള്‍ക്ക് ഇഷ്ടപ്പെട്ട ഡിഷ്, മോന്റെ ഫേവറിറ്റ്... ഇത്തരം പരിഗണനകളില്‍ അവളുടെ രുചികളും താല്‍പര്യങ്ങളും അവള്‍ തന്നെ മാറ്റിവെക്കുന്നു. അവനവന്‍ തന്നെ ചൂടും മണവുമേറ്റ് പാചകം ചെയ്ത ഭക്ഷണം തീന്മേശയില്‍ എത്തുമ്പോള്‍ അവള്‍ അനുഭവിക്കുന്നതെന്താണ്? 'ഉപ്പില്ല, മുളകില്ല, ഉപ്പേറി, മുളക് കൂടി...' തുടങ്ങിയ പരാതികള്‍.
ഇത് രുചിയുടെ കാര്യത്തില്‍ മാത്രമല്ല; കിടപ്പറയില്‍ ലൈംഗികബന്ധത്തില്‍ വരെ എത്തിനില്‍ക്കുന്ന യാഥാര്‍ഥ്യമാണ്.
ഒരിക്കല്‍ ടീനേജുകാരിയായ മകളെ പഠന സംബന്ധിയായ പ്രശ്‌നത്തിന് കൊണ്ടു വന്ന ഒരമ്മ വളരെ ഡിപ്രഷനിലായിരുന്നു. തനിച്ചു സംസാരിച്ചപ്പോള്‍ അവര്‍ തനിക്ക് സംഭവിച്ച പ്രണയത്തെക്കുറിച്ച് പറഞ്ഞു. ഇതര സംസ്ഥാന തൊഴിലാളിയാണ്, ഒട്ടും സൗന്ദര്യമില്ല, ദരിദ്രനാണ്. പക്ഷേ സ്‌നേഹമുണ്ട്. താന്‍ പറയുന്നത്, ഭാഷ ശരിക്കും അറിയാഞ്ഞിട്ടുപോലും കേട്ടിരിക്കും. തനിക്ക് ഇഷ്ടപ്പെട്ട കുഞ്ഞുമിഠായികളും പലഹാരങ്ങളും ആരും കാണാതെ കൊണ്ടു വന്നുതരും. ഇനി എന്തൊക്കെ വേണമെന്ന് തിരക്കും. താന്‍ ഉണ്ടാക്കുന്ന ഭക്ഷണം എന്തായാലും ആസ്വദിച്ചു കഴിക്കും. ഇതൊക്കെയായിരുന്നു അവരുടെ ആ പ്രണയത്തിനുള്ള കാരണങ്ങള്‍. കൊറോണ വന്നതോടെ അദ്ദേഹം അദ്ദേഹത്തിന്റെ നാട്ടില്‍ ലോക്കായി, പിന്നീട് ഒരു വിവരവുമില്ല. ആ ആവലാതി ആയിരുന്നു അവരില്‍ നിറയെ.
നോക്കൂ, എത്ര ചെറിയ കാര്യങ്ങളാണ്. എന്നിട്ടും അക്കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കാന്‍ ഇണകള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാവാം?
മിന്നുന്നതെല്ലാം പൊന്നല്ല
പുറത്തുനിന്നും കാണുന്നവര്‍ക്ക് വളരെ മാതൃകാപരമെന്ന് തോന്നുന്ന ബന്ധങ്ങളില്‍ പോലും അതൃപ്തി പുകയുന്ന കാലമാണ്. പലപ്പോഴും സ്ത്രീകള്‍ക്ക് വിവാഹത്തോടെ സാമൂഹികമായ ജീവിതം ഇല്ലാതാവുന്നു. അതുവരെയും പഠിക്കാന്‍ പോവുകയും പുറംലോകവുമായി ബന്ധപ്പെടുകയും ചെയ്തിരുന്ന പെണ്‍കുട്ടി പെട്ടെന്ന് വിവാഹം കഴിച്ച് മറ്റൊരു വീട്ടിലേക്ക് പറിച്ചുനടപ്പെടുന്നതോടെ പുറംലോകവുമായി ബന്ധമില്ലാതാവുന്നു. ഗര്‍ഭം, പ്രസവം, ഗൃഹഭരണം തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് അവളുടെ ലോകം ചുരുങ്ങിച്ചുരുങ്ങി ഒരൊറ്റ വീട്ടിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നു.
വിവാഹത്തിനു മുമ്പ് വീട്ടിലും സ്‌കൂളിലും കോളേജിലുമൊക്കെ കലപിലാ സംസാരിച്ചിരുന്ന അവള്‍ക്ക് മിണ്ടാതിരിക്കേണ്ടി വരുന്നു. പുറത്തുപോയ കുടുംബാംഗങ്ങള്‍ തിരിച്ചുവരുമ്പോഴാകട്ടെ, അവള്‍ക്ക് ചെവികൊടുക്കാന്‍ കഴിയാത്തവിധം തിരക്കിലാവുന്നു അവര്‍. പല അസ്വസ്ഥതകളുടെയും തുടക്കം അവിടെനിന്നാണ്. പല അരുതായ്മകളും കുടുംബത്തില്‍ കയറിപ്പറ്റുന്നതും അവിടെ നിന്നാണ്.
ത്യാഗമയിയായ ഭാര്യ
താന്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടി എന്തും സഹിക്കുമ്പോള്‍ മാത്രമാണ് നല്ല ഭാര്യ ആവുന്നത് എന്ന ഒരു ബോധം പലരുടെയും ഉള്ളില്‍ ആഴത്തില്‍ വളര്‍ന്നിരിക്കുന്നു. കള്ളുകുടിച്ചു വന്നു തല്ലുന്ന ഭര്‍ത്താവിനെയും സ്ത്രീധനം ചോദിച്ചു ഉപദ്രവിക്കുന്നവനെയും തന്റെ ആത്മാഭിമാനം ചവിട്ടിയരക്കുന്നവരെയും വീണ്ടും വീണ്ടും സ്‌നേഹിച്ചു കൂടെ കഴിയുന്ന ഈ മാന്ത്രികവിദ്യയുടെ ഓമനപ്പേരാണ് 'ടോക്‌സിക് റിലേഷന്‍ഷിപ്പ്'. എത്ര ആട്ടിയകറ്റിയാലും എന്നെങ്കിലും കിട്ടിയ ഒരു പരിഗണനയുടെ ഓര്‍മയില്‍ വീണ്ടും വീണ്ടും വാലാട്ടുന്ന പട്ടികളാവും ഇവിടെ മനുഷ്യര്‍. അത്തരം ബന്ധങ്ങളില്‍പെട്ട മനുഷ്യര്‍ സന്തോഷം നഷ്ടപ്പെട്ടവരാകും. സ്ഥായിയായ ഡിപ്രഷന്‍ അല്ലെങ്കില്‍ ആത്മഹത്യ; അതിലേക്കൊക്കെയാണ് അവര്‍ ഒടുവില്‍ ചെന്നെത്തുന്നത്.
പെണ്ണിന് നിലയും വിലയുമില്ലേ?
ആദ്യം പറഞ്ഞ സംഭവത്തിലേക്ക് തിരിച്ചുവരാം. സ്വന്തം മകള്‍ തനിക്ക് ഇയാളുമായി യോജിച്ചുപോകാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് തിരിച്ചെത്തുമ്പോള്‍ പല രക്ഷിതാക്കളും അവരെ അംഗീകരിക്കുന്നില്ല എന്നതാണ് സത്യം.
കല്യാണവുമായി ബന്ധപ്പെട്ട മാതാപിതാക്കളുടെ കടബാധ്യത ഓര്‍ത്തോ, അവരെ സങ്കടപ്പെടുത്തേണ്ട എന്ന് കരുതിയോ, ടോക്‌സിക് റിലേഷന്‍ഷിപ്പിലായതിനാലോ പലപ്പോഴും പെണ്‍കുട്ടികള്‍ ബന്ധങ്ങളിലെ അസ്വസ്ഥതകള്‍ വീട്ടില്‍ പറയാറില്ല. എന്നാല്‍ തന്റേടവും വിവേചനബുദ്ധിയുമുള്ള ചില കുട്ടികളെങ്കിലും 'ഇനി അങ്ങോട്ടൊരു പോക്കില്ല' എന്ന് പറയുമ്പോള്‍ സമൂഹത്തില്‍ നാണംകെടുമെന്ന പേരില്‍ 'അഡ്ജസ്റ്റ് ചെയ്യാന്‍' പെണ്‍കുട്ടികളെ ഉപദേശിച്ചു തിരിച്ചയക്കുന്നവരാണ് പല വീട്ടുകാരും. 'നാലാളറിഞ്ഞാല്‍...' എന്ന ചിന്തയില്‍നിന്നും 'വിവാഹമോചനം ഒരു അപരാധമല്ല' എന്ന ചിന്തയിലേക്ക് സമൂഹം എത്തേണ്ടത് അനിവാര്യമാണ്.
സ്വയം പരിഗണിക്കുക
യഥാര്‍ഥത്തില്‍ മാറേണ്ടത് ഓരോ സ്ത്രീയുമാണ്. നമ്മള്‍ നമ്മെ ഒന്നു പരിഗണിച്ചുനോക്കൂ. വിവാഹത്തോടെ സ്വന്തം ഇഷ്ടങ്ങള്‍ ഉപേക്ഷിച്ചുകളയാതെ അവയെ കൂടെ കൂട്ടുക. ഹോബികള്‍, സ്വപ്‌നങ്ങള്‍, സൗഹൃദങ്ങള്‍. ഇവയെല്ലാം ജീവിതത്തെ കൂടുതല്‍ സുന്ദരമാക്കും.
ഏറെ ഇഷ്ടപ്പെട്ട ഒരു ഡിഷ്, ഒരു ഐസ്‌ക്രീം ഇതൊക്കെ ഇടക്കൊക്കെ അവനവനു തന്നെ വാങ്ങിക്കൊടുത്ത് ഒരു സ്വയം ട്രീറ്റ്‌ചെയ്യല്‍ തരുന്ന സന്തോഷം ഒന്നു വേറെയാണ്. വല്ലപ്പോഴുമൊക്കെ കൂട്ടുകാരുമായി ഒരു ഒത്തുചേരല്‍... പരിഗണിക്കപ്പെടുന്നവര്‍ സന്തോഷമുള്ളവരാകും, വിജയികളും.
സ്വന്തമായൊരു വരുമാനമാര്‍ഗം ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. ഇത്തരം സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ അത് വളരെയധികം സഹായിക്കും. സ്വന്തം വ്യക്തിത്വത്തോട് അവനവനു തന്നെ തോന്നേണ്ട ഒരു ബഹുമാനമുണ്ട്; അത് നേടാനായാല്‍ കുറേയേറെ വിജയിച്ചു എന്നു തന്നെയാണ് അര്‍ഥം.
അങ്ങനെയൊക്കെ ആവുമ്പോഴും പിന്തുണക്കാന്‍ സ്വന്തം വീട്ടുകാര്‍ പോലും ഇല്ലാത്തവര്‍ക്ക്, സ്വന്തം വീട്ടുകാര്‍ക്കു തന്നെ ബാധ്യതയായിപ്പോകുന്നവര്‍ക്ക് ഒരിടം വേണം, സുരക്ഷിതമായ ഒരിടം.