സൈബറിടങ്ങളിലെ ഫാഷിസം
ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് എന്നും ആയുധമാണ് ബലാത്സംഗം. ബലാത്സംഗം ചെയ്യാനും അതിനു പ്രേരിപ്പിക്കാനും യാതൊരു മടിയുമില്ലാത്ത രാഷ്ട്രീയ പകപോക്കല്‍ ആയുധമായി കൊണ്ടുനടക്കാനുള്ള ഊര്‍ജം വലിച്ചെടുത്തത് അതിന്റെ പ്രത്യയശാസ്ത്ര ഇടങ്ങളില്‍നിന്നു തന്നെയാണ്.
സൈബറിടങ്ങളിലെ ആള്‍ക്കൂട്ട ആക്രമണവും പരിഹാസവും ജീവിതരീതി പോലെയാണിന്ന്. മുഖം നോക്കാതെ ആര്‍ക്കും ആരെയും അപമാനിക്കാനും അപഹസിക്കാനുമുള്ള ഒരു പൊതുവേദി. ഇവിടെ വ്യക്തിഹത്യയുടെ എല്ലാ കൊട്ടിക്കലാശവും സാധാരണ നടക്കാറുള്ളത് പെണ്ണുങ്ങള്‍ക്ക് നേരെയാണ്. എന്നാല്‍ ഒരു പ്രത്യേക പെണ്‍കൂട്ടത്തെ ലക്ഷ്യം വെച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ ലൈംഗിക അക്രമം അഴിച്ചുവിട്ടത് നാം കണ്ടതാണ്്. മുസ്ലിം പെണ്‍കുട്ടികള്‍ക്കു നേരെയാണ് ഈ ആക്രമണം. ഈ നാണംകെട്ട സൈബര്‍ വേട്ടക്ക് പിന്നില്‍ ഫാഷിസ്റ്റ് ശക്തികള്‍ തന്നെയാണ്. അവര്‍ സൈബറിടത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ വില്പനക്കു വെച്ചിരിക്കുകയാണ്; സുള്ളി ഡീല്‍സ് എന്ന ആപ്പിലൂടെ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത് ഇന്നും തടവില്‍ ഉള്ളവരും അല്ലാത്തവരുമായ പെണ്‍കുട്ടികളുടെ മാനമാണ് അവര്‍ പൊതുസമൂഹത്തിനു മുന്നില്‍ വിലയിട്ടുവെച്ചത്.
ഫാഷിസ്റ്റ് രാഷ്ട്രീയത്തിന് എന്നും ആയുധമാണ് ബലാത്സംഗം. ബലാത്സംഗം ചെയ്യാനും അതിനു പ്രേരിപ്പിക്കാനും യാതൊരു മടിയുമില്ലാത്ത രാഷ്ട്രീയ പകപോക്കല്‍ ആയുധമായി കൊണ്ടുനടക്കാനുള്ള ഊര്‍ജം വലിച്ചെടുത്തത് അതിന്റെ പ്രത്യയശാസ്ത്ര ഇടങ്ങളില്‍നിന്നു തന്നെയാണ്. ഫാഷിസത്തെ സംബന്ധിച്ചേടത്തോളം മുസ്ലിംകള് ദേശീയതക്ക് പുറത്തുള്ളവരാണ്. അതുകൊണ്ടുതന്നെ മുസ്ലിം പെണ്ണിന്റെ മാനം സൈബറിടത്തില്‍ ലേലം വിളിച്ചു വില്ക്കുന്നിടത്തേക്ക് എത്തിച്ച തെമ്മാടിത്തത്തെ ലൈംഗികത, സ്ത്രീകള്‍ക്കെതിരെ അതിക്രമം നടത്തുന്ന പുരുഷ വൈകൃതം എന്ന നിലക്കൊന്നുമല്ല കാണേണ്ടത്. വിഭജന തന്ത്രം പയറ്റുന്ന ഫാഷിസത്തിനു നേരെ പ്രതിരോധം തീര്‍ത്ത് ഭരണഘടനാ മൂല്യസംരക്ഷണത്തിനായി മുന്നിട്ടിറങ്ങിയ മുസ്ലിം പെണ്‍കുട്ടികളെ ടാര്‍ഗറ്റ് ചെയ്തുകൊണ്ട് നിശ്ശബ്ദരാക്കുക എന്ന ഹീനതന്ത്രമാണിത്. ഫാഷിസ്റ്റ് തെമ്മാടിത്തത്തെ പ്രതിരോധിക്കുന്ന പെണ്‍കൂട്ടം ഫാഷിസത്തിന് അലോസരമുണ്ടാക്കുമെന്നതില് സംശയമില്ല. ഫാഷിസത്തിനും അത് നിലനിര്‍ത്തുന്ന ഭരണകൂടത്തിനുമെതിരെ മതേതര ഇന്ത്യയുടെ കാവല്ക്കാരായവരാണവര്.
ഭയപ്പെടുത്തി നിശ്ശബ്ദമാക്കുക എന്ന ഫാഷിസ്റ്റ്തന്ത്രം വിജയിക്കുന്നതുകൊണ്ടോ അതല്ല മതേതര ലേബലുകള്‍ പതിയെ മാഞ്ഞുപോയതുകൊണ്ടോ എന്താണെന്നറിയില്ല മുസ്ലിം പെണ്ണിന്റെ ശരീരം അങ്ങാടിയില്‍ തൂക്കിവെച്ച് ആസ്വദിക്കാന്‍ ഒരു കൂട്ടം വരുമ്പോള്‍ അതിനെ പ്രതിരോധിക്കാനും അതിനെതിരെ ശബ്ദിക്കാനും ആളില്ലാതായിപ്പോകുന്ന മതേതര ഇന്ത്യയുടെ ഗതികേടിനെ കുറിച്ചാണ് നാം ഭയപ്പെടേണ്ടത്. ചര്‍ച്ചാ ഇടങ്ങളിലെ ഏറ്റവും വലിയ മാര്‍ക്കറ്റ് മുസ്ലിം പെണ്ണിന്റെ കണ്ണീരു വീഴുന്നിടമാണ്. 'പുരുഷാധിപത്യത്തിന്റെ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട മുസ്ലിം സ്ത്രീ'യെ രക്ഷിച്ചെടുക്കുക എന്ന ദൗത്യത്തിനപ്പുറം മറ്റൊന്നും അജണ്ടയായി വരാത്ത ഫെമിനിസ്റ്റ് പുരോഗമന ഇടതുപക്ഷ ആഖ്യാനരീതികള്‍ തിടം വെക്കുന്നിടത്താണ് ഇത്തരമൊരു പ്രഖ്യാപനവുമായി ഫാഷിസ്റ്റ് പുരുഷന് കടന്നുവരുന്നത്. സോഷ്യല്‍ മീഡിയയുടെ ഏതെല്ലാം പ്ലാറ്റ്ഫോമുകള് ലഭ്യമാണോ അവിടെയൊക്കെ ചര്‍ച്ച മുസ്ലിം പെണ്ണാണ്. അടുത്തിടെ ജനകീയമായ ക്ലബ് ഹൗസില്‍ പോലും പാതിരാത്രിയോളം ഉറക്കമൊഴിച്ച് ചര്‍ച്ച ചെയ്യുന്നത് മുസ്ലിം സ്ത്രീയുടെ രക്ഷാകര്‍തൃത്വത്തെ കുറിച്ചാണ്. രക്ഷകരെ ആവശ്യമില്ലാത്ത വിധം രാഷ്ട്രീയ പ്രബുദ്ധത നേടിയ ഈ പെണ്‍കുട്ടികളാണ് പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പുരോഗമന മതേതര വാദക്കാരും സമുദായത്തിലെ മതസാമൂഹിക രാഷ്ട്രീയ പുരുഷ നേതൃത്വവും പതറിപ്പോയപ്പോള്‍ മതേതര ഇന്ത്യയുടെ കാവല്‍ക്കാരായി നിലകൊണ്ടത്. എന്നിട്ടും ഇത്തരം വിഷയങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടാനോ ചാനല്‍ ചര്‍ച്ചകളിലെ അവതാരകരെ അരിശം കൊള്ളിക്കാനോ കാരണമായിട്ടില്ല എന്നത് ഖേദകരമാണ്.