ഗൃഹാന്തരീക്ഷത്തിലെ പഠനവും രക്ഷിതാക്കളുടെ ചുമതലയും

ജിമി ജോണ്‍
ആഗസ്റ്റ് 2021

സാമൂഹിക ഒത്തുചേരലില്‍ വിദ്യാഭ്യാസത്തിന്റ അടിസ്ഥാന ഘടകമാണ് ഒന്നിച്ചിരുന്നുള്ള പഠനം. അധ്യാപക-വിദ്യാര്‍ഥി സമന്വയം, തുടര്‍ പഠന പ്രക്രിയകള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍, കലാലയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം നിശ്ചലമാവുക മാത്രമല്ല ഈ അസുലഭ അന്തരീക്ഷം ഇന്നത്തെ കുട്ടികള്‍ക്ക് അന്യമാവുകയാണോ എന്ന ഭീതിയും ഇന്ന് സമൂഹത്തിലുണ്ട്.
മറ്റെല്ലാ രാജ്യങ്ങളെയും പോലെ നമ്മുടെ നാടും ഈ കോവിഡ്കാലത്തെ വിദ്യാഭ്യാസ പ്രതിസന്ധി തരണം ചെയ്യാന്‍  കണ്ടെത്തിയ നൂതനമാര്‍ഗം ഓണ്‍ലൈന്‍ വിദ്യാഭ്യാസം തന്നെ.  ഈ വിദ്യാഭാസപ്രക്രിയ ആദ്യനാളുകളില്‍ വിദ്യാര്‍ഥിസമൂഹം വളരെ ഉത്സാഹത്തോടെയാണ് വരവേറ്റത്. പരിചയക്കുറവും ഇന്റര്‍നെറ്റ് ലഭ്യതയും അനുബന്ധ സാങ്കേതിക ഉപകരണങ്ങളുമൊക്കെ ആദ്യകാലത്ത് മാര്‍ഗതടസ്സം സൃഷ്ടിച്ചുവെങ്കിലും ഈ മേഖലയിലെ കൂട്ടായ്മയും തീവ്രശ്രമവും വിദ്യാഭ്യാസത്തിന് ആവശ്യമായ സാങ്കേതിക ലഭ്യത ജനങ്ങളിലേക്ക് എത്തിക്കാന്‍ ഒരുപരിധിവരെ സഹായിച്ചു. വിദ്യാഭാസ പ്രക്രിയ മുന്‍ഗണനാ പട്ടികയില്‍ ആയതിനാല്‍ രക്ഷിതാക്കളും മക്കള്‍ക്കു വേണ്ടി വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള വഴി തേടുകയും അത്  ലഭ്യമാക്കുന്നതില്‍  കുറേയൊക്കെ വിജയിക്കുകയും ചെയ്തു.
ഇന്റര്‍നെറ്റ് എന്ന മാസ്മരിക പ്രപഞ്ചം വളര്‍ന്നുവരുന്ന തലമുറകളില്‍ വിജ്ഞാനസമ്പാദനം, കളികള്‍, കാര്‍ട്ടൂണ്‍, സിനിമ ചര്‍ച്ച എന്നിവ പ്രദാനം ചെയ്യുന്നതുപോലെ തന്നെ യുവാക്കളെ അസന്മാര്‍ഗിക വഴികളിലേക്ക് നയിച്ചേക്കാവുന്ന ചാനലുകളും ഇതില്‍ ലഭ്യമാണ്. ആയതിനാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രക്രിയ കുട്ടികളുടെ നേര്‍വഴിക്കും വിജ്ഞാന സമ്പാദനത്തിനും വേണ്ടി നല്ല രീതിയില്‍ ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തേണ്ട വലിയൊരു ഉത്തരവാദിത്തം രക്ഷിതാക്കളില്‍ ഈ കാലത്ത് കൂടുതലായി വന്നു ചേര്‍ന്നിട്ടുണ്ട്.
ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ മാത്രം വിദ്യാഭ്യാസം നടക്കുമ്പോള്‍ അതിന്റെ വിജയത്തിനും ഉദ്ദേശ്യസാക്ഷാല്‍ക്കാരത്തിനും വേണ്ടി അധ്യാപകരും വിദ്യാര്‍ഥികളും അതിലുപരി രക്ഷകര്‍ത്താക്കളും തോളോടു തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണ്.
രക്ഷാകര്‍ത്താക്കളുടെ പങ്ക് 
മുഖാമുഖ വിദ്യാഭ്യാസ പ്രക്രിയയില്‍ മകനെയോ മകളെയോ സ്‌കൂളിലോ കോളേജിലോ അയച്ചാല്‍ വീട്ടില്‍നിന്ന് വിദ്യാലയത്തിലേക്ക് പോയി വിദ്യാലയം വിട്ട്  വീട്ടില്‍ വരുന്നതു വരെയുള്ള സമയത്തെ കുട്ടികളുടെ കര്‍മമണ്ഡലം കോളേജ്, സ്‌കൂള്‍ അധികൃതരിലും അധ്യാപകരിലും നിക്ഷിപ്തമായിരുന്നു. എന്നാല്‍ ഈ ഓണ്‍ലൈന്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ പതിവിനു വിപരീതമായി രക്ഷകര്‍ത്താക്കളാണ് അധ്യാപകരോടൊപ്പം പ്രവര്‍ത്തിക്കേണ്ടത്. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ക്ലാസ്സുകളില്‍ വിദ്യാര്‍ഥികള്‍ ഒരു ക്ലാസ്സില്‍ ഇരിക്കുന്ന ഗൗരവത്തോടെ പങ്കെടുക്കുന്നുാേ ക്ലാസില്‍ നടക്കുന്ന പാഠ്യവിഷയത്തിന്റെ മര്‍മഭാഗങ്ങള്‍ അരികില്‍ കരുതി വെച്ച നോട്ട് പുസ്തകത്തില്‍ രേഖപ്പെടുത്തി യിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതും രക്ഷിതാക്കളുടെ ചുമതലയായി മാറുകയാണ്. വീട്ടില്‍, വിദ്യാര്‍ഥിയെ സംബന്ധിച്ചേടത്തോളം പഠിക്കാനുള്ള സൗകര്യം, പഠന മുറി എന്ന സംവിധാനം അത്യന്താപേക്ഷിതമാണ്.  അടുക്കളയിലോ കിടപ്പു മുറിയിലോ മറ്റെല്ലാവരും സമ്മേളിക്കുന്ന സ്ഥലത്തോ നിന്ന് ക്ലാസ്സുകള്‍ കേള്‍ക്കുന്നതും പഠിക്കുന്നതും ക്ലാസുകളുടെയും പഠനത്തിന്റെയും ഗൗരവം നഷ്ടപ്പെടുത്തുകയും പഠിക്കുന്നതിന്റെ ശ്രദ്ധ വികേന്ദ്രീകരിക്കുകയും ചെയ്യുന്നു.
അതതു ദിവസം എടുത്ത ക്ലാസ്സ് ടെക്സ്റ്റ് പുസ്തകത്തില്‍ വായിച്ചു പഠിക്കുക എന്ന പ്രക്രിയ ഉറപ്പു വരുത്തേണ്ടതും രക്ഷാകര്‍ത്താക്കള്‍ തന്നെയാണ്. അതായത് കോവിഡിനു മുമ്പ് ക്ലാസ്സ് മുറികളില്‍ അധ്യാപകര്‍ നടത്തിവന്നിരുന്ന പല പഠന പ്രക്രിയകളും ഇന്ന് മാതാപിതാക്കളില്‍ കൂടി നിക്ഷിപ്തമായിരിക്കുകയാണ്.
സാധാരണ നിലക്കുള്ള വിദ്യാഭ്യാസ സംവിധാനത്തില്‍ കുട്ടികള്‍ ഒറ്റക്കു തന്നെ പരീക്ഷക്കു വേണ്ടി തയാറെടുക്കുന്നുവെങ്കില്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ പരീക്ഷ ഉള്‍പ്പെടെ പഠനസംബന്ധമായ പല കാര്യങ്ങള്‍ക്കും വിദ്യാര്‍ഥികളേക്കാള്‍ അവക്കു വേണ്ടി തയാറെടുക്കുന്നത് രക്ഷിതാക്കളാണ്. പരീക്ഷ വിജയകരമായി മുഴുവനാക്കുന്നു എന്ന് വിദ്യാര്‍ഥിയില്‍നിന്നും ഉറപ്പു വരുത്തേണ്ടതും ഇങ്ങനെ ലഭിക്കുന്ന വിവരം ഓണ്‍ലൈന്‍ മുഖേന അധ്യാപകരിലൂടെ സാധൂകരിക്കേണ്ടതും അഛനമ്മമാരുടെ കടമ തന്നെ. അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസ്സിലൂടെ എടുക്കുന്ന പാഠഭാഗങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി മുഴുവന്‍ അതതു സമയത്തുതന്നെ പൂര്‍ത്തിയാക്കുന്നുണ്ടോ എന്നും അത് കുറ്റമറ്റ രീതിയിലാണോ എന്നും ഉറപ്പു വരുത്തണം.
വിദ്യാര്‍ഥികളുടെ സംശയം പല രക്ഷിതാക്കള്‍ക്കും നിവാരണം ചെയ്തുകൊടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. അത് സമയാസമയങ്ങളില്‍ അധ്യാപകരെ ബോധ്യപ്പെടുത്തി  അധ്യാപകരില്‍നിന്നും സംശയം ദൂരീകരിക്കേണ്ടതും ശരിക്കും മനസ്സിലാക്കി എന്ന് ഉറപ്പുവരുത്തേണ്ടതും രക്ഷിതാക്കളാണ്. 
വിദ്യാസമ്പന്നരായ മാതാപിതാക്കളുടെ മക്കള്‍ നല്ല രീതിയില്‍ പഠിക്കുകയും, അത്തരം സൗകര്യങ്ങളും മാര്‍ഗനിര്‍ദേശവും ലഭിക്കാത്ത കുട്ടികള്‍ രണ്ടാം കിടക്കാര്‍ ആവുകയും ചെയ്യും എന്ന ഏറ്റവും വലിയ പോരായ്മ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നിലനില്‍ക്കുന്നുണ്ട്.  ഇക്കാര്യത്തില്‍ വിദ്യാഭ്യാസരംഗത്ത് സമത്വമുണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്.  ഇവിടെ നമുക്ക് കൂട്ടായി ചെയ്യാവുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്.
ട്രിപ്പ്ള്‍ ലോക്ക് ഡൗണ്‍ സന്ദര്‍ഭങ്ങളില്‍ ജനസേവനരംഗത്ത് ഒട്ടേറെ യുവാക്കള്‍ ഉണ്ടായിരുന്നു. ഇതിനെ നമ്മള്‍ ഠലമരവ കിറശമ ഒരു പരിപാടി ആയി എടുക്കാം.  അഭ്യസ്തവിദ്യരായ യുവാക്കള്‍, അധ്യാപകര്‍, ജോലിക്കാര്‍ എന്നിവരില്‍ തയാറുള്ളവര്‍ വാര്‍ഡ് തലത്തില്‍ ഓരോ കൂട്ടായ്മ രൂപീകരിക്കുക. ഇവര്‍ ഇവിടത്തെ വിദ്യാര്‍ഥികളുടെ സംശയ നിവാരണ പ്രക്രിയകള്‍ക്ക് നേതൃത്വം നല്‍കുക.
അങ്ങനെ അധ്യാപകരും രക്ഷാകര്‍ത്താക്കളും യുവാക്കളും എല്ലാവരും ഒത്തുചേര്‍ന്ന പ്രവര്‍ത്തനം കൊണ്ട് മാത്രം കോവിഡ്കാല വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാനാവും.
 

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media