എല്‍. സുലൈഖ; സംസ്ഥാന ഹജ്ജ് കമ്മിറ്റിയിലെ ആദ്യ വനിത
ജലീല്‍ പടന്ന
ഡിസംബര്‍ 2018
സംവരണത്തിന്റെ അനിവാര്യമായ ആനുകൂല്യം പറ്റിയും അല്ലാതെയും അധികാര കേന്ദ്രങ്ങളിലെത്തി കഴിവ് തെളിയിച്ച മുസ്‌ലിം വനിതകള്‍ ഏറെയുണ്ട്.
സംവരണത്തിന്റെ അനിവാര്യമായ ആനുകൂല്യം പറ്റിയും അല്ലാതെയും അധികാര കേന്ദ്രങ്ങളിലെത്തി കഴിവ് തെളിയിച്ച മുസ്‌ലിം വനിതകള്‍ ഏറെയുണ്ട്. അപ്പോഴും പല സ്റ്റാറ്റിയുട്ടറി ബോഡികളിലും വനിതകള്‍ക്ക് അപ്രഖ്യാപിത വിലക്ക് തുടര്‍ന്നു. എത്ര തന്നെ പുരോഗമന വര്‍ത്തമാനങ്ങള്‍ മൊഴിഞ്ഞാലും സ്ത്രീ കൂടിയാലോചന ഇടങ്ങളിലേക്ക് കടക്കാന്‍ കാര്യമായ മാറ്റങ്ങള്‍ ഇനിയും ഉണ്ടായിട്ട് വേണം. അത്തരം ആണധികാര ഇടങ്ങളില്‍ അപൂര്‍വമായി മാത്രം ലഭിക്കുന്ന ഇരിപ്പിടത്തില്‍, കഴിവും പ്രാപ്തിയുമുള്ള വനിതകള്‍ എത്തിപ്പെട്ടാല്‍ എന്ത് സംഭവിക്കും?
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതയെ ഉള്‍പ്പെടുത്തിയിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ പടന്നക്കാട് സ്വദേശിനി എല്‍. സുലൈഖയാണ് ആ വനിത.
രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ ഉള്‍പ്പെടെ പതിനാറ് പേരാണ് കമ്മിറ്റിയിലുള്ളത്. സമസ്ത എ.പി വിഭാഗം നേതാവ് സി. മുഹമ്മദ് ഫൈസിയാണ് ചെയര്‍മാന്‍.
പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്കുള്ളതല്ലെന്ന് വിശ്വസിച്ചു പോരുന്നവര്‍ കൂടി ഉള്‍പ്പെടുന്നതാണ് ഈ കമ്മിറ്റി. സ്വാഭാവികമായും മുറുമുറുപ്പ് ഉണ്ടാവേണ്ടതാണ്. പക്ഷേ ഒന്നും സംഭവിച്ചില്ല. കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ക്കിടയില്‍ ചെറുതായെങ്കിലും പ്രകടമായി തുടങ്ങിയ ചിന്താപരമായ വികാസത്തെ കൂടി അടയാളപ്പെടുത്തുന്നുണ്ട് സുലൈഖയുടെ നിയമനത്തിന് ലഭിച്ച സ്വീകാര്യത. ആണ്‍കോയ്മയുള്ള അധികാര കേന്ദ്രങ്ങളില്‍ നിലപാട് പറയുന്ന സ്ത്രീ വെറും അലങ്കാരമല്ലെന്ന് തെളിയിച്ചു കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഈ മുപ്പത്തിയൊന്നുകാരി.
''കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നത് തിരുവനന്തപുരത്ത് മന്ത്രിയുടെ ചേമ്പറിലായിരുന്നു. പണ്ഡിതന്മാരും മതസംഘടനകളുടെ നേതാക്കളും ഉള്‍പ്പെടുന്ന കമ്മിറ്റിയില്‍ പങ്കെടുക്കാനായി പുറപ്പെട്ടത് തെല്ലൊരു ആശങ്കയോടെ തന്നെയായിരുന്നു. പെണ്ണിനെ ഉള്‍ക്കൊള്ളാന്‍ മാത്രം ഇത്തരം വേദികള്‍ വികാസം പ്രാപിച്ചിട്ടുണ്ടോ എന്ന സംശയം തന്നെയും പിടികൂടിയിരുന്നു.'' എന്നാല്‍ ആശങ്കകളൊക്കെയും അസ്ഥാനത്താക്കുന്നതായിരുന്നു ആദ്യ സിറ്റിംഗിലെ അനുഭവമെന്ന് സുലൈഖ വ്യക്തമാക്കി.
പുറമെ നിന്നുള്ള ചില ഒളിയമ്പുകളൊക്കെ ശ്രദ്ധയില്‍പെട്ടിരുന്നു. വിശ്വാസ കര്‍മങ്ങളുമായി ബന്ധപ്പെട്ട ഇത്തരം ബോഡികളില്‍ വനിതകള്‍ക്ക് എന്ത് കാര്യം എന്ന് ചോദിച്ചവരുണ്ട്. മറുപടി പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തണം എന്നാണ് സുലൈഖ തീരുമാനിച്ചിരിക്കുന്നത്.
അധ്യാപികയായി ഔദ്യോഗിക ജീവിതം തുടങ്ങിയ സുലൈഖയില്‍, രാഷ്ട്രീയക്കാരിയായി വേഷപ്പകര്‍ച്ച സംഭവിച്ചത് പൊടുന്നനെയായിരുന്നു. കുടുംബത്തിലെ ആണുങ്ങളില്‍ ചിലര്‍ സജീവ രാഷ്ട്രീയക്കാരാണ്. എന്നാല്‍ സ്‌കൂള്‍ - കോളേജ് പഠനകാലത്ത് സുലൈഖ ഒരു പാര്‍ട്ടിയുടെയും കൊടിക്കൂറക്ക് കീഴില്‍ നിന്നില്ല. അപ്പോഴും ഏതു വിഷയത്തിലും കൃത്യമായ നിലപാട് രൂപപ്പെടുത്താനും കിട്ടാവുന്ന വേദികളില്‍ അത് തുറന്ന് പറയാനും ഒട്ടും മടി കാണിച്ചിരുന്നില്ല. ഈ തന്റേടവും ധൈര്യവും തന്നെയാണ് ഇവരെ രാഷ്ട്രീയ രംഗത്ത് എത്തിച്ചത്.
ജനസേവന തല്‍പരയായ തന്റെ മേഖല പൊതുരംഗമാണെന്ന് തിരിച്ചറിഞ്ഞതോടെ പിന്തുണയുമായി കുടുംബവും ഒപ്പം നിന്നു. വൈകാതെ 2015-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നഗരസഭയിലേക്ക് കന്നിയങ്കം.
ഐ.എന്‍.എല്‍ ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ച സുലൈഖ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി. ആരുടെയും അനുവാദത്തിന് കാത്തുനില്‍ക്കാതെ മുന്‍ സീറ്റിലേക്ക് കയറിയിരുന്ന് കാര്യങ്ങള്‍ കൃത്യമായി അവതരിപ്പിക്കുന്ന സുലൈഖയെ അധികാര കേന്ദ്രങ്ങളും ഉദ്യോഗസ്ഥരും ശ്രദ്ധിച്ചു തുടങ്ങി. ജനകീയ ജനപ്രതിനിധിയായി മികവ് തെളിയിച്ചു. 2015-ല്‍ വീണ്ടും മത്സരിക്കാന്‍ അവസരം. ജയിച്ചു കയറിയപ്പോള്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആയി. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. ദല്‍ഹിയിലും തിരുവനന്തപുരത്തുമായി സര്‍ക്കാര്‍ വിളിച്ച് ചേര്‍ക്കുന്ന വിവിധ മീറ്റിംഗുകളില്‍ പങ്കെടുക്കുകയുണ്ടായി. ഇതിനിടയിലാണ് ഹജ്ജ് കമ്മിറ്റി അംഗത്വവും തേടിയെത്തിയത്. വിവരമറിഞ്ഞപ്പോള്‍ സ്വപ്‌നമാണോ യാഥാര്‍ഥ്യമാണോ എന്നറിയാതെ പരിഭ്രമിച്ചുപോയെന്ന് സുലൈഖ ആരാമത്തോട് പറഞ്ഞു.
പതിവു പോലെ ഇത്തവണയും കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ കൂടുതല്‍ വനിതകളാണ്. എന്തു കൊണ്ട് ഇത്രയും കാലം ഇവരുടെ പ്രശ്‌നങ്ങളില്‍ സക്രിയമായി ഇടപെടാന്‍ കഴിയുംവിധം പ്രാപ്തയായ വനിതകള്‍ക്ക് കമ്മിറ്റിയില്‍ ഇടം ലഭിക്കാതെ പോയി എന്ന ചോദ്യം തല്‍ക്കാലം വിടാം. ഇത്തരം ഒരു തീരുമാനം ഏറെ വൈകിയെങ്കിലും, സുലൈഖയെ സംബന്ധിച്ചേടത്തോളം വളരെ വേഗത്തില്‍ ലഭിച്ച അംഗീകാരം എന്ന് പറയുന്നതാകും ശരി!
പൊതുപ്രവര്‍ത്തനം ജനസേവനത്തിനുള്ള അവസരമായി മാത്രമേ കണക്കാക്കുന്നുള്ളൂ. എതിര്‍പ്പുകള്‍ കാര്യമാക്കുന്നില്ല. കമ്മിറ്റിയിലെ മതപണ്ഡിതന്മാര്‍ ഉള്‍പ്പെടെയുള്ളവരില്‍നിന്നും നല്ല പിന്തുണയും പ്രോത്സാഹനവും ലഭിക്കുന്നുണ്ട്. കമ്മിറ്റി മീറ്റിംഗുകളില്‍ കൃത്യമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നുണ്ട്. സ്ത്രീഹാജമാരുടെ പ്രശ്‌നങ്ങള്‍ അവരില്‍നിന്നു തന്നെ ചോദിച്ചറിഞ്ഞ് പഠിക്കാനും പരിഹാര നിര്‍ദേശങ്ങള്‍ മുന്നോട്ടു വെക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് സുലൈഖ പറയുന്നു.
പ്രളയം മൂലം യാത്ര മുടങ്ങിപ്പോകുമോ എന്ന ഘട്ടം വരെ എത്തിയ ഇക്കഴിഞ്ഞ ഹജ്ജ് സീസണ്‍ പുതിയ കമ്മിറ്റിയെ സംബന്ധിച്ചേടത്തോളം വലിയ വെല്ലുവിളി തന്നെയായിരുന്നു. ഈ ഘട്ടത്തിലൊക്കെയും വനിതകളായ ഹാജിമാരോടൊപ്പം അവര്‍ക്ക് സാന്ത്വനമേകാനും, അവരെ കൊച്ചിയില്‍നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ച് സുഗമമായ യാത്ര ഉറപ്പു വരുത്താനും സുലൈഖ നേതൃപരമായ പങ്ക് വഹിക്കുകയുണ്ടായി.
മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശത്തെ കുറിച്ച് സുലൈഖക്ക് കൃത്യമായ നിലപാടുണ്ട്. ''സ്ത്രീ എന്ന നിലയില്‍ സവിശേഷമായ ചില ഉത്തരവാദിത്തങ്ങളുണ്ട്. അക്കാരണം കൊണ്ട് പൊതുരംഗം അവര്‍ക്ക് വിലക്കപ്പെടേണ്ടതില്ല. ഇതിന് മതത്തിന്റെ പിന്‍ബലം ചാര്‍ത്തുന്നത് വസ്തുതാപരമല്ല. മതത്തിന്റെ എല്ലാ വിധിവിലക്കുകളും വളരെ കണിശമായി പിന്‍പറ്റുന്ന സ്ത്രീയാണ് ഞാന്‍. ഇടപെടലിന്റെയും ഇടപഴകലിന്റെയും ഇടയില്‍ മനസ്സാക്ഷിയുടെ അളവുകോലുണ്ട്. മത ധാര്‍മിക മൂല്യങ്ങള്‍ കൊണ്ട് പരുവപ്പെടുത്തിയതാണ് ആ അളവുകോല്‍. അതുകൊണ്ടുതന്നെ എന്റെ പ്രവര്‍ത്തനങ്ങള്‍ ദൈവപ്രീതി കൂടി ലക്ഷ്യം വെച്ചുള്ളതാണ്.''
''മുസ്‌ലിം സ്ത്രീകള്‍ക്ക് നിലവില്‍ എവിടെയും പള്ളിപ്രവേശത്തിന് വിലക്കില്ല. ശബരിമല സ്ത്രീ പ്രവേശം പോലെ ചര്‍ച്ച ചെയ്യേണ്ടതോ വിവാദമാക്കേണ്ടതോ ആയ ഒരു കാര്യവും പള്ളിപ്രവേശവുമായി ബന്ധപ്പെട്ട് നിലവിലില്ല.'' പള്ളി കമ്മിറ്റികളില്‍ പോലും സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ലഭിച്ചു തുടങ്ങിയ കാര്യം ചൂണ്ടിക്കാട്ടി സുലൈഖ നിലപാട് വ്യക്തമാക്കി.
ഹജ്ജ് കമ്മിറ്റിയിലേതു പോലെ വഖ്ഫ് ബോര്‍ഡിലും വനിതകള്‍ ഉണ്ടാകണമെന്ന് സുലൈഖ ആവശ്യപ്പെടുന്നു.
അപേക്ഷകരുടെ എണ്ണം വര്‍ഷംതോറും വര്‍ധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് ക്വാട്ട വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ഹജ്ജ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. വളന്റിയര്‍മാരിലും സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്ന നിര്‍ദേശവും സുലൈഖക്കുണ്ട്. ഹാജമാരില്‍നിന്നും ലഭിച്ച പരാതികളും നിര്‍ദേശങ്ങളും ക്രോഡീകരിച്ച് കമ്മിറ്റിക്ക് മുമ്പാകെ വെക്കാനുള്ള ഒരുക്കത്തിലാണ് സുലൈഖ. വനിതകളുടെ പ്രതിനിധി എന്ന നിലയില്‍ തനിക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ടെന്ന് ഇവര്‍ പറയുന്നു. കഴിഞ്ഞ തവണ ലഭിച്ച ചില പരാതികള്‍ പരിഹരിക്കാന്‍ ജിദ്ദയിലേക്ക് നേരിട്ട് വിളിച്ച് ഇടപെടേണ്ടിവന്ന കാര്യവും ഇവര്‍ വ്യക്തമാക്കി. അടുത്ത വര്‍ഷത്തോടെ ഹാജിമാര്‍ക്ക് കോഴിക്കോട്ടുനിന്ന് തന്നെ യാത്ര പുറപ്പെടാനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊച്ചിയും കോഴിക്കോടും എമ്പാര്‍ക്കേഷന്‍ പോയന്റായതോടെ തിരക്ക് കുറക്കാനും കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പു വരുത്താനും കഴിയുമെന്ന് സുലൈഖ ആരാമത്തോട് പറഞ്ഞു..
ടി.പി കാത്തിമിന്റെയും എല്‍. ദൈനബിയുടെയും അഞ്ച് പെണ്‍മക്കളില്‍ രണ്ടാമത്തവളാണ് ബിരുദധാരിയായ സുലൈഖ. ഖത്തറില്‍ ബിസിനസ്സ് ചെയ്യുന്ന എസ്.കെ അമീറാണ് ഭര്‍ത്താവ്. ഏക മകള്‍ ഫാത്വിമത്ത് നജ ബീഗം പടന്നക്കാട് സ്റ്റെല്ലാ മേരീസ് ഇംഗ്ലീഷ് സ്‌കൂളില്‍ മൂന്നാം തരത്തില്‍ പഠിക്കുന്നു.