വീതികുറഞ്ഞ ഒരു തോടിന്റെ ഇക്കരെ ചേന്ദമംഗല്ലൂര്‍-പുല്‍പറമ്പ്, അക്കരെ മുന്നൂര്. ഇരു ഗ്രാമങ്ങളും തമ്മിലെ ദൂരം അത്രക്ക് ഹ്രസ്വമാണെങ്കിലും ഞങ്ങള്‍ ചേന്ദമംഗല്ലൂര്‍കാര്‍ക്ക് മുന്നൂരുകാരുമായുള്ള ബന്ധം
വീതികുറഞ്ഞ ഒരു തോടിന്റെ ഇക്കരെ ചേന്ദമംഗല്ലൂര്‍-പുല്‍പറമ്പ്, അക്കരെ മുന്നൂര്. ഇരു ഗ്രാമങ്ങളും തമ്മിലെ ദൂരം അത്രക്ക് ഹ്രസ്വമാണെങ്കിലും ഞങ്ങള്‍ ചേന്ദമംഗല്ലൂര്‍കാര്‍ക്ക് മുന്നൂരുകാരുമായുള്ള ബന്ധം നാമമാത്രമായിരുന്നു. അവര്‍ കടുത്ത സുന്നികളും ഞങ്ങള്‍ 'തീവ്ര വഹാബി-മൗദൂദികളും' ആയിരുന്നു എന്നതാണ് മുഖ്യകാരണം. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ തുടക്കത്തില്‍, ഞാന്‍ ചേന്ദമംഗല്ലൂര്‍ ഇസ്ലാമിയ കോളജ് (ഇന്നത്തെ ഇസ്ലാഹിയ) വിദ്യാര്‍ഥിയായിരുന്ന കാലത്ത് ഒരിക്കല്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു പ്രചാരണ യോഗം മുന്നൂരില്‍ അഥവാ പാഴൂരില്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ നടത്തിയ ശ്രമം തദ്ദേശീയരുടെ രൂക്ഷമായ എതിര്‍പ്പ് കാരണം വിഫലമായത് ഓര്‍മയിലുണ്ട്. ജമാഅത്തിന്റെ തലശ്ശേരി നടക്കുന്ന ഉത്തരമേഖലാ സമ്മേളന പോസ്റ്ററുകള്‍ ഞങ്ങള്‍ കൂളിമാട് വരെ പതിച്ചു തിരിച്ചുവരുമ്പോഴേക്കും എല്ലാം കീറി നശിപ്പിക്കപ്പെട്ടിരുന്നു! ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം നാട്ടുകാരുടെ വിസമ്മതം കണക്കിലെടുക്കാതെ നടത്തിയ പൊതുയോഗം അവസാനം വരെ കൂക്കി വിളിച്ചും തകരകൊട്ടിയും കലക്കാന്‍ ശ്രമിച്ച ദുരനുഭവവും ഉണ്ടായി. ജ്യേഷ്ഠന് ഒ. അബ്ദുല്ല സാഹിബും ഇപ്പോള്‍ വന്ദ്യവയോധികനായ കെ.ടി.സി വീരാന്‍ സാഹിബുമായിരുന്നു പ്രസംഗകര്‍. രണ്ടുപേരും കോലാഹലക്കാരുടെ മുന്നില്‍ മുട്ടുമടക്കാത്തവരായിരുന്നതിനാല് സാമാന്യം പ്രകോപനപരമായി തന്നെ പ്രസംഗിച്ച് അഭിപ്രായ സ്വാതന്ത്ര്യം സ്ഥാപിച്ചെടുത്തതാണ് പിന്നീടുണ്ടായ സംഭവം. ഞാന്‍ ഖത്തറില്‍ പ്രവാസിയായിരിക്കെ 1978-ല്‍ നാട്ടില്‍ വന്ന ഒരിടവേളയില്‍ പാഴൂരില്‍ സംഘടിപ്പിക്കപ്പെട്ട പൊതുയോഗത്തില്‍ സുന്നി-ജമാഅത്തെ ഇസ്ലാമി ബന്ധങ്ങളെയും വ്യത്യാസങ്ങളെയും കേന്ദ്രീകരിച്ച് സാമാന്യം സുദീര്‍ഘമായി സംസാരിച്ചുവെങ്കിലും ഒരപശബ്ദവും ഉണ്ടായില്ല. പില്ക്കാലത്ത് അവിടെ ജമാഅത്തിന്റെ പ്രവര്ത്തനവൃത്തവും പള്ളിയും മദ്റസയും ഉണ്ടായി.
പി.ടി. അബ്ദുര്‍റഹ്മാന്‍ എന്ന റഹ്മാന് മുന്നൂരിന്റെ വിദ്യാര്‍ഥി ജീവിതകാലത്ത് നടേപറഞ്ഞതാണവിടത്തെ അവസ്ഥ. ചേന്ദമംഗല്ലൂര്‍ ഹൈസ്കൂള്‍ 1964-ല്‍ സ്ഥാപിതമായതു മുതല്‍ മുന്നൂര്-പാഴൂര്‍ പ്രദേശത്തെ കുട്ടികള്‍ തുടര്‍ പഠനത്തിന് ആശ്രയിച്ചുവരുന്നത് ആ സ്കൂളിനെയാണ്. അക്കൂട്ടത്തില്‍ റഹ്മാന് മുന്നൂരും ഉള്‍പ്പെടുന്നു. അന്നദ്ദേഹത്തോട് എനിക്ക് ബന്ധമൊന്നുമില്ല. അക്കാലത്ത് പ്രബോധനം സ്റ്റാഫംഗമായിരുന്ന ഞാന്‍ വല്ലപ്പോഴുമാണ് നാട്ടില്‍ വരിക. ബസ് സര്‍വീസ് ഇല്ലാത്തതാണ് മുഖ്യകാരണം. പക്ഷേ, അദ്ദേഹത്തിന്റെ പിതാവിനെ എനിക്ക് കുട്ടിക്കാലത്തേ പരിചയമുണ്ട്. എന്റെ ബാപ്പ ഒടുങ്ങാട്ട് മോയിന്‍ മുസ്ലിയാരുടെ ഉറ്റസുഹൃത്തായിരുന്നു പാറക്കാന്‍ തൊടിക മുഹമ്മദ് കാക്ക. ഒപ്പനയായിരുന്നു രണ്ടു പേരെയും ഒരുമിപ്പിച്ച ഘടകങ്ങളില്‍ മുഖ്യം. വെള്ളിയാഴ്ച രാവ് അഥവാ വ്യാഴാഴ്ച രാത്രിയാണ് അക്കാലത്ത് മുസ്ലിം കല്യാണങ്ങള്‍ നടക്കാറ്. കല്യാണവീടുകളില്‍ പുരുഷന്മാരായ ഒപ്പനക്കാര്‍ വട്ടംകൂടിയിരുന്ന് ഉച്ചത്തില്‍ പാടുന്ന പാട്ടുകള്‍ പ്രധാന ആകര്ഷകങ്ങളില് ഒന്നായിരുന്നു. താലത്തില്‍ വെച്ച വെറ്റില മുറുക്കും പിന്നെ പഴവും ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച അവിലും ആയിരുന്നു വിഭവങ്ങള്‍. ബാപ്പയും പാറക്കാന്‍ തൊടികയും നേതൃത്വം നല്കാനുണ്ടാവും. ആ പാറക്കാന്‍ തൊടികയുടെ മൂന്നാമത്തെ പുത്രനായ പി.ടി. അബ്ദുര്‍റഹ്മാന്‍ തീര്‍ത്തും പ്രതികൂലമായ സാഹചര്യത്തില്‍ ശാന്തപുരം ഇസ്ലാമിയ കോളേജില്‍ ചേര്‍ന്നു പഠിക്കാന്‍ കാണിച്ച സാഹസം ഏറെ പ്രശംസാര്‍ഹവും പ്രോത്സാഹജനകവുമായി എനിക്ക് തോന്നി. ശാന്തപുരത്ത് പഠിക്കെ റഹ്മാന് മുന്നൂരിന്റെ ഒരു പോസ്റ്റല്‍ കാര്‍ഡ് എനിക്കു കിട്ടി. പഠനം തുടരാന്‍ കൈത്താങ്ങായിരുന്നു അദ്ദേഹത്തിന് വേണ്ടത്. പഠനം മുഴുമിക്കുന്നതുവരെ അദ്ദേഹത്തിന്റെ ആവശ്യം ഞാന്‍ നിറവേറ്റുകയും ചെയ്തു. പിന്നീട് 1985-ല്‍ ഇസ്ലാഹിയ കോേളജ് പ്രിന്‍സിപ്പല്‍ സ്ഥാനത്തിരിക്കുമ്പോള്‍ കോളേജ് വാര്‍ഷികത്തില്‍ റഹ്മാന്റെ ഒരു നാടകവും പാട്ടും വേണമെന്ന കുട്ടികളുടെ ആഗ്രഹത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചതും ഓര്‍മയിലുണ്ട്. ഉമ്മയുടെ ഖബ്റിടത്തില്‍ മുട്ടുകുത്തി മകന് വൈകാരിക തീവ്രതയോടെ ആലപിക്കുന്ന 'ഉമ്മാ' എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികള്‍ ഇപ്പോള്‍ ഓര്‍മയിലില്ലെങ്കിലും കരളലയിക്കുന്ന ആ രംഗം ഒരിക്കലും സ്മൃതിപഥത്തില്‍നിന്ന് മാഞ്ഞുപോവില്ല. നംഹര്‍ ശാന്തപുരം എന്ന പേരിലാണ് റഹ്മാന് അന്ന് ആനുകാലികങ്ങളില്‍ എഴുതാറ്. പിന്നീട് മാപ്പിള കവികളില്‍ രണ്ട് പി.ടി. അബ്ദുറഹ്മാന്മാര് വേണ്ടെന്ന് കരുതിയാവും അദ്ദേഹം റഹ്മാന് മുന്നൂര് എന്ന നാമം സ്വീകരിച്ചത്. പാട്ടെഴുത്തിലായിരുന്നു അദ്ദേഹത്തിന് ഏറെ താല്പര്യം. ഈ ലോകത്തോട് വിടപറയുംമുമ്പ് എണ്ണൂറോളം പാട്ടുകള്‍ പല നേരങ്ങളിലായി അദ്ദേഹം എഴുതി എന്നറിയുമ്പോള്‍ നമുക്കാ കലാകാരനോട് അങ്ങേയറ്റത്തെ മതിപ്പും ആദരവും തോന്നും. അതില്‍ ഒന്നുപോലും പൈങ്കിളിയായിരുന്നില്ലതാനും.
'ഈ തമസ്സിന്നപ്പുറത്തൊരു വെളിച്ചമുണ്ടോ...' എന്ന് തുടങ്ങുന്ന റഹ്മാന്റെ ഗാനം ഒരു ഗള്‍ഫ് യാത്രാമധ്യേ ദുബൈയില്‍ തങ്ങിയപ്പോള്‍ പരേതനായ അഹ്മദ് മാസ്റ്റര്‍ കൊടിയത്തൂരും കൂട്ടുകാരന് മൂസ സാഹിബും താമസിക്കുന്ന മുറിയിലിരുന്നായിരുന്നു ഞാന്‍ ആസ്വദിച്ചത്. അവരത് റെക്കോഡ് ചെയ്തതും മറന്നിട്ടില്ല.
കവിയോ ഗാനരചയിതാവോ കലാകാരനോ മാത്രമായിരുന്നില്ല റഹ്മാന്. ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ മുന്‍ അമീറും ദാര്‍ശനികനുമായ ഡോ. അബ്ദുല്‍ ഹഖ് അന്‍സാരിയുടെ സൂഫിസത്തെക്കുറിച്ച ഗഹനമായ ഗ്രന്ഥം സുതാര്യമായി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ പി.ടി വേറെയും ഒട്ടേറെ ഉര്‍ദു ഗ്രന്ഥങ്ങളുടെ വിവര്‍ത്തകനാണ്. ഇസ്ലാമിക് പബ്ലിഷിംഗ് ഹൗസില്‍ അദ്ദേഹത്തിന്റെ ഒരു മുഖ്യ ജോലിയും അതായിരുന്നു. സര്‍വത് സൗലതിന്റെ മുസ്ലിം ചരിത്ര സംഗ്രഹം മലയാള വായനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി മൊഴിമാറ്റം നടത്തിയതും വിലപ്പെട്ട സേവനമാണ്. ഭാഷയില്‍ തുല്യമായ ഒരു റഫറന്‍സ് ഗ്രന്ഥം ശ്രദ്ധയില്‍പെട്ടിട്ടില്ല. ചരിത്ര ഗ്രന്ഥങ്ങളുടെ ആധികാരികതക്ക് അനുപേക്ഷ്യമായ റഫറന്സുകളുടെ അഭാവം പ്രസ്തുത കൃതിയുടെ പോരായ്മയാണെങ്കിലും അത് വിവര്‍ത്തകന്റെ കുറ്റമല്ലല്ലോ. ഏറ്റവും അവസാനമായി പ്രിയ സ്നേഹിതനുമായി നേരില്‍ സംവദിക്കുന്നത് ഹജ്ജ് യാത്രക്ക് പുറപ്പെടുന്നതിനു രണ്ട് ദിവസങ്ങള്‍ക്കു മുമ്പ് വെള്ളിമാടുകുന്നിലെ ഐ.എസ്.ടി പള്ളിയില്‍ നല്കപ്പെട്ട യാത്രയയപ്പ് പരിപാടിയിലാണ്. തീര്‍ത്തും പ്രതികൂലമായ അനാരോഗ്യാവസ്ഥയിലും മഹത്തായ ഹജ്ജ് കര്‍മം നിറവേറ്റിയേ തീരൂ എന്ന റഹ്മാന്റെ ശാഠ്യം പോലെ തന്നെ, ഗൃഹാതുരത്വമുള്ള പള്ളിയില്‍ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകരുമായി അവസാനമായി സന്ധിക്കാനുള്ള അദമ്യമായ അഭിലാഷമാവണം അദ്ദേഹത്തെ ലളിതമെങ്കിലും ഊഷ്മളമായ ചടങ്ങിലേക്ക് കൊണ്ടുവന്നതെന്ന് ഞാന്‍ കരുതുന്നു. അനാര്‍ഭാട ജീവിതത്തിന്റെ പ്രതീകമായ ആ കലോപാസകെന ഇനി ജീവനോടെ കണ്ടുമുട്ടാന്‍ കഴിഞ്ഞേക്കില്ലെന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. രോഗം ഭേദപ്പെടാനിടയില്ലാത്ത ഘട്ടത്തിലെത്തിയിരുന്നു എന്ന തിരിച്ചറിവാണ് കാരണം. നേരത്തേ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശയ്യാവലംബിയായിരിക്കെ ചെന്നു കണ്ടപ്പോള്‍ സുസ്മേരവദനനായി അദ്ദേഹം വിശേഷങ്ങള്‍ പങ്കിട്ടിരുന്നു. ഹജ്ജ് യാത്ര കഴിഞ്ഞ് തിരിച്ചെത്തി വീട്ടില്‍ വിശ്രമിക്കെ ചെന്നു കണ്ടപ്പോള്‍ അര്‍ധബോധാവസ്ഥയിലായിരുന്ന റഹ്മാന് മുന്നൂരിനോട് ഒന്നും ഉരിയാടാനാവാതെ ഇറങ്ങിപ്പോരേണ്ടി വന്നു. പിന്നെ കണ്ടത് ചലനമറ്റ ഭൗതിക ശരീരമാണ്. ആറ് പതിറ്റാണ്ട് നീണ്ട ധന്യമായ ജീവിതത്തിന് മുന്നൂര് മഹല്ലിന്റെ മുഴുവന്‍ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങിയാണ് തിരശ്ശീല വീണതെന്ന് ഖത്വീബിന്റെ ഹൃദയസ്പൃക്കായ വിടചൊല്ലല്‍ പ്രസംഗവും തിങ്ങിനിറഞ്ഞുകവിഞ്ഞ ജുമുഅത്ത് പള്ളിയിലെ മയ്യിത്ത് നമസ്കാരത്തില്‍ കഷ്ടിച്ചാണിടം കിട്ടിയതെന്നതും തെളിയിച്ചു. നാം എന്ത് കൊടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു തിരിച്ചും കിട്ടുന്നതും എന്നതാണ് പാറക്കാന്‍ തൊടിക മുഹമ്മദ് കാക്കയുടെ മകന് അബ്ദുര്‍റഹ്മാന്റെ ജീവിതവും മരണവും പഠിപ്പിച്ചത്. സന്മനസ്സുള്ളവര്ക്ക് ഭൂമിയില്‍ സമാധാനം; സ്വര്‍ഗത്തില്‍ ശാശ്വത സൗഭാഗ്യവും.
**********************************************************************
പി.ടിയുടെ അഭാവം വലിയ വിടവായി നിഴലിക്കും
-ഫൈസല്‍ എളേറ്റില്‍-
സത്യത്തില്‍ എനിക്ക് ആരായിരുന്നു പി.ടി എന്ന് ചുരുക്കി വിളിച്ച റഹ്മാന് മുന്നൂര് എന്നതിനു കൃത്യമായ ഉത്തരമില്ല, ചിലപ്പോള്‍ ഏറെ സ്നേഹിക്കുന്ന സുഹൃത്ത്, മറ്റുചിലപ്പോള്‍ പിഴവുകള്‍ തിരുത്തിത്തരുന്ന ജ്യേഷ്ഠ സഹോദരന്, ഏറെ ബഹുമാനിക്കുന്ന കവി, എഴുത്തുകാരന്, മാപ്പിളപ്പാട്ട് മേഖലയിലെ പലരെയും കോര്‍ത്തിണക്കുന്ന സംഘാടകന്‍ എല്ലാമാണ് എനിക്ക് പി.ടി. വര്‍ഷങ്ങള്‍ക്കു മുമ്പ് ഇശലുകളുടെ ഇന്നലകളെക്കുറിച്ച് വെള്ളിമാടുകുന്നിലെ ഒരു വിദ്യാര്‍ഥി ക്യാമ്പില്‍ ക്ലാസ് എടുപ്പിച്ചത് ഇവിടെ ഓര്‍ക്കുകയാണ്. ചാനല്‍ വിധികര്‍ത്താവ് എന്ന വേഷം കെട്ടുന്നതിനു മുമ്പുള്ള ഇത്തരം വിഷയാവതരണങ്ങള്‍ എന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനം ചെറുതല്ല, ഇസ്ലാമിക വിജ്ഞാനകോശത്തില്‍ മുസ്ലിം കലാകാരന്മാരെക്കുറിച്ചുള്ള കുറിപ്പ് എഴുതാന്‍ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി കാണുന്ന എന്നെ പോലുള്ളവര്‍ക്കു ആ വഴി തുറന്നുതന്നതും അദ്ദേഹം തന്നെ.
ഏറെ പ്രോത്സാഹനങ്ങള്‍ നല്കി ഒട്ടേറെ പേര്‍ക്ക് സര്‍ഗാത്മക വഴിയില്‍ തണലാവാന്‍ പി.ടിക്കു സാധിച്ചതും നേരിട്ടറിയാം,
ബഹുമുഖ കഴിവുകളെ നിലപാടുകള്‍ക്കൊപ്പം ചേര്‍ന്ന് പ്രകടിപ്പിക്കാന്‍ കഴിഞ്ഞ വലിയ ഭാഗ്യവാനാണ് അദ്ദേഹം. വിവിധ ഭാഷകളിലുള്ള പ്രാവീണ്യം, മതപരവും ഭൗതികവുമായ പാണ്ഡിത്യം, ജീവിത യാഥാര്‍ഥ്യങ്ങളെ മനോഹരമായി ആവിഷ്കരിക്കാന്‍ കഴിയുന്ന കവിത്വം, സര്‍ഗാത്മക രംഗത്തെ ആകര്‍ഷണീയമായ രചനാവൈഭവം തുടങ്ങിയവയെല്ലാം അദ്ദേഹത്തിനു സ്വന്തം നേട്ടങ്ങളായിരുന്നില്ല; മറിച്ച് അച്ചടക്കവും അനുസരണയുമുള്ള ആദര്‍ശ വഴിയിലെ വലിയ ഉത്തരവാദിത്തമായിരുന്നു. പലരും പലപ്പോഴും മുഖ്യധാരയിലെ അസാന്നിധ്യത്തിന് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത് നേരിട്ട് കണ്ടിട്ടുണ്ട്. പക്ഷേ അപ്പോഴെല്ലാം എല്ലാം കൊണ്ടും തന്റെ ജീവിത ശൈലിയിലും പരിമിതികളിലും പരിഭവങ്ങളില്ലാതെ ഒതുങ്ങുന്ന തരത്തിലാണ് അദ്ദേഹത്തെ കാണുന്നത്. മനസ്സിനേറ്റവും ഇണങ്ങുന്ന സര്‍ഗാത്മക രംഗത്തെ വഴിയേതെന്ന ചോദ്യത്തിനു പാട്ടെഴുത്ത് എന്നദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്. യു.കെ അബൂസഹ്ലയുടെ പാതയില്‍ സഞ്ചരിച്ച് പാട്ടു ശാഖയില്‍ ഒരു പുതിയ ശൈലി തന്നെ സൃഷ്ടിച്ചതില്‍ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. സാമര്‍ഥ്യം കൊണ്ടും രചനയിലെ കൗശലം കൊണ്ടും ഉയരങ്ങള്‍ കീഴടക്കുന്ന പല ആളുകളേക്കാളും തന്റെ കഴിവു കൊണ്ട് അതിനുമപ്പുറം എത്താന്‍ സാധിക്കുമായിരുന്ന പ്രതിഭാവിലാസം ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആ വഴി സ്വീകരിച്ചില്ല. ഏറെ സംതൃപ്തിയോടെ, കൃത്യതയോടെ തന്നെ തന്റെ തൂലിക ഉപയോഗിക്കാന്‍ സാധിച്ചിരുന്നുവെന്നതാണ് പി.ടിയെ വേറിട്ടു നിര്‍ത്തിയത്.
ഔദ്യോഗിക ജീവിതത്തില്‍നിന്നും പിരിഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള പാട്ടുരചനയില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുന്നതാണ് നാം കണ്ടത്. അത്രയേറെ ഈ രംഗത്ത് തുടര്‍ന്നുള്ള കാലം സജീവമായിരുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട, 'ഈ തമസ്സിന്നപ്പുറത്തൊരു വെളിച്ചമുണ്ടോ', 'പൂജാ പാട്ടുകളല്ല' എന്നീ ഗാനങ്ങള്‍ മൂളാത്ത ഗൗരവമായി ഈ മേഖലയെ കാണുന്ന ആസ്വാദകരില്ല. പി.ടി എന്ന കവിയാണിതിന്റെ രചയിതാവ് എന്നറിയാത്തവരും ഈ പാട്ടിനെ നെഞ്ചിലേറ്റി. ബഗ്ദാദിലെ പെണ്‍കുട്ടിയുടെ സങ്കടവും ഫലസ്ത്വീന് മണ്ണിന്റെ നേര്‍ക്കാഴ്ചയും മാപ്പിളപ്പാട്ടിന്റെ ജനകീയ ഇശലുകളില്‍ അദ്ദേഹം ആവിഷ്കരിച്ചപ്പോള്‍ പുതിയ ഒരു ശൈലിക്കു തന്നെ തുടക്കം കുറിക്കുകയായിരുന്നു, സമകാലികമായ ലോക വിഷയങ്ങള്‍ ജനശ്രദ്ധയില്‍ വരുന്നതോടെ അത് ജനങ്ങള്‍ ഏറ്റെടുക്കുമെന്ന നിശ്ചയദാര്‍ഢ്യമാണ് ഇവിടെ നാം കണ്ടത്. ഇന്നത്തെ കാലത്തു പോലും ഇത്തരം വിഷയങ്ങള്‍ വേണ്ടത്ര പാട്ടുകളില്‍ ഉണ്ടാവുന്നില്ല എന്നതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
പ്രതിഭകളായ പല കവികളും പുതിയ കാലത്തിന്റെ സാങ്കേതിക വിദ്യകളെ സര്‍ഗാത്മക വഴിയില്‍ ഉപയോഗിക്കുന്നതില്‍നിന്നും വിമുഖത കാട്ടുകയും അതുവഴി രംഗത്തു നിന്നും അവരറിയാതെ മാറ്റിനിര്‍ത്തപ്പെടുകയും ചെയ്യുന്നത് ഇന്ന് നാം കാണാറുണ്ട്. എന്നാല്‍ റഹ്മാന് മുന്നൂര് ഇവിടെയും വ്യത്യസ്തനാവുകയായിരുന്നു. ദൃശ്യമാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും ഈ മേഖലയില്‍ ഉണ്ടാക്കുന്ന ചലനങ്ങളെയും അവയുടെ സാധ്യതകളെയും തിരിച്ചറിയുന്നതില്‍ അദ്ദേഹം മുന്നില്‍ തന്നെ ആയിരുന്നു. ഓരോ സമയത്തും തന്റെ രചനകള്‍ കൊണ്ട് കാലത്തിന്റെ സ്പന്ദനങ്ങളെ തിരിച്ചറിഞ്ഞു. പുതിയ രചനകള്‍ ഇനിയും ഉണ്ടാവേണ്ടത് അനിവാര്യമാണെന്ന തിരിച്ചറിവില്‍ മീഡിയാവണ്‍ 'പതിനാലാം രാവ്' റിയാലിറ്റി ഷോയില്‍ അതിനു വേണ്ടി ഒരു റൗണ്ട് തന്നെ ഉണ്ടാക്കിയത് നമുക്കറിയാം. 'ദൂരെ ദൂരെ ദുനിയാവില്, വാഴുമെന്റെ മഅ്ശൂഖ്' എന്ന ഗാനം ആ റൗണ്ടിലെ മികച്ചതായി മാറിയത് പി.ടി എന്ന കവിയെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തി. റിയാലിറ്റി ഷോയില്‍ വേറെയും ഗാനങ്ങള്‍ അദ്ദേഹം എഴുതി. അസുഖബാധിതനായപ്പോഴും സമൂഹത്തിന്റെ ഓരോ ചലനങ്ങളെയും അദ്ദേഹം തന്റെ തൂലികയിലാക്കി ബന്ധുക്കളെയും സുഹൃത്തുക്കളെയും ആസ്വാദകരെയും അതിശയിപ്പിച്ചു. ഹജ്ജ് യാത്രക്കുശേഷമുണ്ടാവുന്ന മനുഷ്യരുടെ ഇന്നത്തെ ജീവിത രീതിയെക്കുറിച്ച് അദ്ദേഹം എഴുതിയ ഗാനവും ഇവിടെ പരാമര്‍ശിക്കേണ്ടതുണ്ട്. 'ഹജ്ജ് ചെയ്തു മടങ്ങുവാന്‍' എന്ന ഗാനം പ്രമേയം കൊണ്ട് എന്നത്തെയും അവിസ്മരണീയമായ സൃഷ്ടിയായി മാറി. ഈ കുറിപ്പിന്റെ സ്ഥല പരിമിതി ഉള്‍കൊള്ളുന്നതല്ല പാട്ടുരചനയില്‍ അദ്ദേഹം കൈവെച്ച വിഷയങ്ങള്‍.
നാടിനും നാട്ടുകാര്‍ക്കുമൊപ്പം തന്നെയാണ് പി.ടി. ജീവിച്ചത്. ഈ രംഗത്തെ പലരും സമൂഹത്തില്‍നിന്നും സാധാരണക്കാരില്‍നിന്നും അകന്ന് അവര്‍ തന്നെ സൃഷ്ടിക്കുന്ന മായാലോകത്ത് ജീവിച്ചപ്പോള്‍ റഹ്മാന് മുന്നൂര് ഇവിടെയും വ്യത്യസ്തനായിരുന്നു. നാടിന്റെ ഓരോ ചലനങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം ഇരുവഴിഞ്ഞിപ്പുഴയും നാട്ടിലെ പഴക്കം ചെന്ന പുള്ളിമരവും ഫുട്ബോളും അദ്ദേഹത്തിനു വിഷയമായത്. കഴിഞ്ഞ വര്‍ഷം പാഴൂരില്‍ നടന്ന ഗ്രാമോത്സവ പരിപാടിയില്‍ പി.ടിയുടെ ക്ഷണപ്രകാരം പങ്കെടുത്ത എനിക്ക് അദ്ദേഹത്തിന് നാട് എന്തായിരുന്നുവെന്ന് മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്. അതോടൊപ്പം അസുഖബാധിതനായതിനു ശേഷം കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജന്മനാട്ടില് നല്കിയ ആദരവ് ഒരു കലാകാരന് ലഭിക്കാവുന്ന ഏറ്റവും വലിയ ജനകീയ പരിപാടി ആയിരുന്നു. കക്ഷിരാഷ്ടീയാദര്ശങ്ങള് മറന്ന് വലിയ ആവേശത്തോടെയാണ് ജനങ്ങള്‍ അദ്ദേഹത്തിന് ആദരവ് നല്‍കിയത്.
പലരും എഴുത്തിന്റെ വഴിയില്‍ ഒതുങ്ങിക്കൂടുകയും മറ്റു ബന്ധങ്ങള്‍ക്കു വലിയ താല്പര്യം കൊടുക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഇവിടെയും അദ്ദേഹം 'തനിമ' പോലെയുള്ള കൂട്ടായ്മകളില്‍ സജീവമായിത്തന്നെ പ്രവര്‍ത്തിച്ചു. അടുത്ത കാലത്ത് മാപ്പിളപ്പാട്ട് രംഗത്തെ കവികളുടെ ഒരു സംഗമത്തിനു അദ്ദേഹവും കവിയും സംഘാടകനുമായ സലാംകയും (ഫോക്കസ് മാള്‍) മുന്‍കൈയെടുത്ത് നേതൃത്വം നല്‍കിയത് ഇതിനു തെളിവാണ്. തനിമ സംഘടിപ്പിച്ച മറ്റൊരു സംഗമത്തില്‍ (പി.ടിയുടെ തന്നെ നേതൃത്വത്തില്‍) ഈ മേഖലയിലുള്ള പാട്ടുകാരും സംഗീതജ്ഞരും ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തതും അത് ചരിത്രത്തിന്റെ ഭാഗമായതും ഓര്‍ക്കുകയാണ്. ഈ രംഗത്തെ പലരുമായുള്ള അടുപ്പം കവിയും സംഗീത സംവിധായകരും പാട്ടുകാരും എന്നതിനപ്പുറം അദ്ദേഹത്തിന് ഹൃദയം തൊട്ടറിഞ്ഞ ആത്മബന്ധം തന്നെ ആയിരുന്നു.
പി.ടി എഴുതിയ പാട്ടുകള്‍ ഒന്നും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടില്ല. പാട്ടുകള്‍ മാത്രമല്ല, കഥാപ്രസംഗങ്ങള്‍, നാടകങ്ങള്‍, ചിത്രീകരണങ്ങള്‍ ഒന്നും. അതൊക്കെ ക്രോഡീകരിക്കപ്പെട്ട് പുസ്തകമാക്കി വരണം. അതിനു സൗകര്യമുള്ള കാലമാണിത്. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'അല്ലാഹുവേ നീ തന്നതല്ലേ' എന്ന മാപ്പിളപ്പാട്ട് മീഡിയാ വണ്ണില്‍ ചെയ്തിരുന്നു. അദ്ദേഹത്തിനൊരു ആദരവ് നാട്ടില്‍ നല്കിയപ്പോള് ഇബ്റാഹീം മേടം, എം.എ ഗഫൂര്‍ അദ്ദേഹത്തിന്റെ പാട്ട് ഹിറ്റാക്കിയ റിജിഷ, തീര്‍ഥ തുടങ്ങിയ കലാകാരന്മാരൊക്കെ ആ പരിപാടിക്ക് സന്തോഷത്തോടെ വരികയും പാടുകയും ചെയ്തത് അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടായിരുന്നു. ഒരു പാട്ടെഴുത്തുകാരന്, കവി എന്നതിനപ്പുറം അവരുടെ കൂടെ നില്ക്കുമായിരുന്നു പി.ടി എന്നതാണീ സ്നേഹാദരവിനു കാരണം. മാപ്പിളപ്പാട്ടു മേഖലയില്‍ സ്വന്തമായി വെട്ടിപ്പിടിക്കാന്‍ കഴിയുന്ന എല്ലാ രചനാ വൈഭവം ഉണ്ടായിട്ടും ഈ കാലത്തെ ട്രെന്റിനൊപ്പം നിന്ന് പ്രശസ്തനാവാന്‍ ശ്രമം നടത്താത്തതുകൊണ്ടാണ് പി.ടി അത്ര സജീവമല്ലാതെ പോയത്. അസുഖം വന്ന സമയത്ത് പാട്ടുകളായിരുന്നു അദ്ദേഹത്തിന് ഊര്‍ജം നല്‍കിയിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. വ്യക്തിപരമായ ബന്ധങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്കിയ പി.ടി ആവശ്യമുള്ളവര്‍ക്ക് മറ്റാരും അറിയാതെ സഹായം എത്തിക്കാനും ശ്രമിച്ചു. കേരളത്തിലെ പല കലാകാരന്മാരും അസുഖബാധിതരായി കിടക്കുമ്പോള്‍ വിളിച്ചു ചോദിക്കും, അവര്‍ക്ക് സാമ്പത്തികമായി വല്ലതും ചെയ്യേണ്ടതുണ്ടോയെന്ന.് പ്രസ്ഥാനവുമായും അല്ലാതെയും ഉള്ള ബന്ധം ഉപയോഗിച്ചുകൊണ്ട് ആവശ്യമുള്ളവര്‍ക്ക് സഹായം ചെയ്യാനുള്ള സൗകര്യമണ്ടാക്കും. സൂഫീ എന്നൊക്കെ പറയാറില്ലേ, അങ്ങനെയൊരു ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതത്തില്‍ ഒന്നും മോഹിക്കാത്ത മനീഷിയായിട്ടാണ് പി.ടിയെ അനുഭവപ്പെട്ടത്. അന്നത്തെ കാലത്ത് ഉന്നത ബിരുദം നേടിയ ഒരാള്‍ക്ക് ഉയര്‍ന്ന ജോലിയും മറ്റും നേടാം. പക്ഷേ അതിനു മുതിരാതെ തന്റെ തട്ടകത്തില്‍ ഒതുങ്ങി നിന്നുകൊണ്ട് തനിക്കിതൊക്കെ മതി അല്ലെങ്കില്‍ താന്‍ തിരിച്ചറിഞ്ഞ ജീവിതമാണിത് എന്ന നിലപാടുകളില്‍ ഉറച്ചുനിന്ന ബഹുമുഖ പ്രതിഭ. പി.ടിയുടെ ജീവിതം വിജയമായിരുന്നു എന്നതിന് തെളിവാണ് പി.ടിക്ക് അസുഖമായപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചവരുടെ സാന്നിധ്യവും സഹകരണവും.
ആരാമവും ഐ.പി.എച്ചും തനിമയുമായുള്ള എന്റെ ബന്ധം പി.ടി മുഖേന ഉണ്ടായതാണ്. അദ്ദേഹം എന്നെ ആരായിട്ടാണ് കണക്കാക്കിയത് എന്ന് എനിക്കറിയില്ല. പലപ്പോഴും ഞാനത് ചിന്തിച്ചിട്ടു്. ഇങ്ങനെയാരു ബന്ധം ഉണ്ടാകാന്‍ ഞാനെന്താണ് അദ്ദേഹത്തോട് നന്മ ചെയ്തത് എന്ന്. പി.ടി. അസുഖമായി കിടന്നപ്പോള്‍ ഒരിക്കല്‍ അിവിടെനിന്ന് ബന്ധപ്പെട്ട ആള് വിളിച്ചുപറഞ്ഞു; നിങ്ങള്‍ ഉടനെ പി.ടിയുടെ വീട്ടില്‍ വരണം, അദ്ദേഹം മരുന്നു കഴിക്കുന്നില്ല, നിങ്ങളെ ചോദിക്കുന്നു എന്ന്. എന്റെ സൗകര്യത്തിനനുസരിച്ചാണ് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. പി.ടിക്കു വേണ്ടി എല്ലാം മാറ്റിവെച്ച് കലാകാരന്മാരെയൊക്കെ സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്നത് ഞങ്ങള്‍ തമ്മിലുള്ള ബന്ധം മൂലമായിരുന്നു. പി.ടിയെപോലെ സൗമ്യമായി പെരുമാറുന്ന മഹാനായ വ്യക്തിയുടെ അഭാവം എന്നെപ്പോലുള്ളവരില്‍ വലിയ വിടവായി നിഴലിക്കുക തന്നെ ചെയ്യും.
രണ്ടു ആശയങ്ങള്‍ തമ്മില്‍, കലാപരമായും മതപരവും പ്രാസ്ഥാനികവുമായി പാണ്ഡിത്യമുള്ള ആളുകള്‍, കലയും സംഗീതവുമൊക്കെ എങ്ങനെയൊക്കെ സമന്വയിപ്പിച്ചുകൊണ്ടുപോകാം എന്ന ചര്‍ച്ച ചെയ്യുന്ന കാലത്ത് പാട്ടുകേള്‍ക്കുന്നതും പാട്ടുപാടുന്നതും നിഷിദ്ധമാണെന്ന് പുതിയ പുതിയ വാദങ്ങള്‍ ഉന്നയിക്കുന്ന കാലത്ത് പി.ടിയെപോലുള്ള ആള് രണ്ടിന്റെയും ഇടയില്‍ നൂല്‍പ്പാലമായി നിന്നു. ദൗത്യത്തെ തിരിച്ചറിഞ്ഞ് ജീവിത സന്ദേശം യാഥാര്‍ഥ്യമാക്കുന്ന ആളുകളൊക്കെ ഇനി ഇല്ലാതായിപ്പോകുന്നു എന്നതാണ് സങ്കടകരമായ കാര്യം. പി.ടിയുടെ അഭാവം നിഴലിക്കുക തന്നെ ചെയ്യും. പക്ഷേ അതിനെ മറികടക്കാന്‍ നാം ചെയ്യേണ്ടത് പി.ടിയുടെ സര്‍ഗാത്മകതയെയും രചനയെയും കണ്ടെത്തി സജീവമാക്കി പുതിയ തലമുറകള്‍ക്ക് പകര്‍ന്നുകൊടുക്കുക എന്നതാണ്.