ഖദീജയെ പുനര്‍വായിക്കുമ്പോള്‍

അര്‍ശദ് ചെറുവാടി
ഡിസംബര്‍ 2018

'മാണിക്യമലരായ പൂവി, മഹതിയാം ഖദീജ ബീവി' - നാല് പതിറ്റാണ്ട് മുമ്പ് പി.എം.എ ജബ്ബാര്‍ രചിച്ച ഈ വരികള്‍ ഈയടുത്ത കാലത്ത് 'ഒരു അഡാര്‍ ലൗ' എന്ന സിനിമയിലൂടെ പൊതുസമൂഹത്തില്‍ ചര്‍ച്ചയായി. ഗാനത്തിലെ രംഗങ്ങള്‍ വരികളുടെ വിപരീത ദിശയിലാണെങ്കിലും ഗാനാസ്വാദകര്‍ക്ക് മക്കയിലെ നായികയായിരുന്ന ഖദീജ(റ)യെക്കുറിച്ച് സാമാന്യ ധാരണയുണ്ടാക്കാന്‍ ഈ ഗാനത്തിന്റെ പുനരാവിഷ്‌കരണം സഹായകമായി. ഖദീജ(റ)യും മുഹമ്മദും(സ) തമ്മിലുള്ള വിവാഹവും ദാമ്പത്യ ജീവിതത്തിലെ പ്രണയവുമാണ് ഗാനങ്ങളിലെ പ്രതിപാദ്യവിഷയം. അതില്‍ പോലും പുതിയ തലമുറക്ക് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനുണ്ട്. അതില്‍നിന്ന് നമുക്ക് ഖദീജയുടെ ജീവിതത്തിന്റെ വായന ആരംഭിക്കാം. അതിസമ്പന്നയായ ഖദീജ ഇണയായി തെരഞ്ഞെടുത്തത് ഒരു സമ്പന്നനെ ആയിരുന്നില്ല, ഭൗതിക സുഖങ്ങളില്‍ മുഴുകി ജീവിതം നയിക്കുന്നവനെയല്ല; മക്കയിലെ ഏറ്റവും വലിയ വിശ്വസ്തനും സല്‍സ്വഭാവിയുമായ യുവാവിനെയാണ് ഖദീജ തെരഞ്ഞെടുത്തത്. 
മുഹമ്മദു(സ)മായുള്ള വിവാഹം വരെ മാപ്പിളപ്പാട്ടിലൂടെയും കഥകളിലൂടെയും സാധാരണക്കാരുടെ മനസ്സുകളില്‍ വരക്കപ്പെട്ട ഖദീജ ബീവിയുടെ ചിത്രത്തെ പൂര്‍ത്തീകരിക്കുകയാണ്  'ഖദീജ ബീവി, മക്കയുടെ മാണിക്യം' എന്ന കൃതിയിലൂടെ ശൈഖ് മുഹമ്മദ് കാരകുന്ന് ചെയ്യുന്നത്. പ്രവാചക പത്‌നിയായത്  മുതല്‍ മരണം കൊണ്ടും അവസാനിക്കാത്ത ലോകാവസാനം വരെ നിലനില്‍ക്കുന്ന മഹിളാ മാതൃകയുടെ മനോഹരമായ ചിത്രം. ഹിറാ ഗുഹയില്‍നിന്ന് ദിവ്യസന്ദേശവും കൊണ്ട്  അവശനായി വന്ന പ്രിയതമനെ മനസ്സിലെ സ്‌നേഹം മുഴുവന്‍ പുറത്തെടുത്ത്  ആശ്വസിപ്പിക്കുന്ന പത്‌നിയുടെ മാതൃക കണ്ടുകൊണ്ടാണ് വായനാനുഭവം തുടങ്ങുന്നത്. 'നിങ്ങള്‍ക്ക് ആ ഗുഹയിലേക്ക് പോവേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നോ മനുഷ്യാ?' എന്ന് ചോദിച്ച് കുറ്റപ്പെടുത്തുന്നതല്ല, പ്രവാചകന്റെ സദ്ഗുണങ്ങളെയെല്ലാം എടുത്തു പറഞ്ഞ്, 'അങ്ങനെയുള്ള താങ്കളെ അല്ലാഹു ഒരിക്കലും നിന്ദിക്കുകയില്ല' എന്ന പിന്‍ബലം പകര്‍ന്നു കൊടുക്കുന്നതാണ് ഖദീജ ബീവി കാണിച്ചുതന്ന മാതൃക. അത്തരത്തിലൊരു സ്ത്രീത്വത്തെ വായിച്ചു തുടങ്ങുമ്പോള്‍ അവരെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള ആവേശം തീവ്രമാവുന്നു. വായനയുടെ ആ ഒഴുക്കില്‍ പോവുമ്പോഴാണ് തന്റെ പ്രിയതമന്റെ അനുഭവത്തിന്റെ പൊരുളെന്തെന്ന് അറിയാനുള്ള അവരുടെ അതിയായ ആഗ്രഹത്തെ കണ്ടത്. തന്റെ ജീവനായ മുഹമ്മദ് പ്രവാചകനായിരിക്കുന്നു എന്ന് അറിഞ്ഞപ്പോഴുണ്ടായ സന്തോഷം പറഞ്ഞാല്‍ തീരുന്നതായിരുന്നില്ല. ആ സന്തോഷം കണ്ടപ്പോള്‍; ധാരാളം ഭീഷണികള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമാവുമെന്നറിഞ്ഞിട്ടും തന്റെ പ്രിയന്റെ പ്രവാചകത്വത്തെ അവര്‍ ഇത്രയേറെ ആഹ്ലാദത്തോടെ സ്വീകരിക്കാനുള്ള കാരണമെന്തെന്നറിയാനുള്ള ആകാംക്ഷയേറി. തന്റെ പിതൃവ്യപുത്രനായ വറഖയില്‍നിന്ന് മുമ്പ് പകര്‍ന്നുകിട്ടിയ പരലോക വിശ്വാസത്തിന്റെ അടിത്തറയാണ് ആ കാരണമെന്നറിഞ്ഞപ്പോള്‍  ഈമാനിന്റെ ആ സ്ത്രീരൂപത്തെക്കുറിച്ചുള്ള വായനക്ക് വീണ്ടും ആക്കം കൂടി. രണ്ട് ഭര്‍ത്താക്കന്മാരുടെയും പിതാവിന്റെയും വേര്‍പാടിന്റെ ദുഖഃഭാരം പേറി ജീവിച്ച ഖദീജയെ സമാധാനത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് പിതൃവ്യപുത്രനില്‍നിന്ന് കിട്ടിയ പരലോകത്തെക്കുറിച്ച സന്തോഷവാര്‍ത്തയായിരുന്നു. അതില്‍നിന്ന് അവര്‍ ആര്‍ജിച്ചെടുത്ത ക്ഷമയും വിശ്വാസദൃഢതയും കാരണം അല്ലാഹു അവര്‍ക്ക് മുഹമ്മദി(സ)ലൂടെ പുതിയ ജീവിതം നല്‍കി. ഒരുപാട് ദുഃഖങ്ങള്‍ ഏറ്റുവാങ്ങിയ ശേഷം കിട്ടുന്ന സന്തോഷത്തിന് മരുഭൂമിയില്‍നിന്ന് ദാഹജലം ലഭിക്കുമ്പോഴുള്ള അനുഭൂതി ആയിരിക്കും. അത്തരത്തിലുള്ളൊരു അനുഭൂതിയായിരുന്നു ഖദീജ(റ)ക്ക്  പ്രവാചകനോടൊപ്പമുള്ള ജീവിതം. പരലോക വിശ്വാസം കൈവരുന്നതിനും മുമ്പ് ഖദീജ എപ്രകാരമുള്ള ജീവിതമായിരുന്നു എന്ന ചോദ്യം മനസ്സില്‍ ഉണ്ടായിരുന്നു. അതിനുള്ള ഉത്തരം കണ്ടപ്പോള്‍ അത്ഭുതം തോന്നി. പ്രവാചകനെ എപ്രകാരം അല്ലാഹു വളര്‍ത്തിയെടുത്തുവോ ആ പ്രവാചകന്റെ പത്‌നിയാവാന്‍ അല്ലാഹു അവരെ യോഗ്യയാക്കുകയായിരുന്നു എന്ന് വായിച്ചെടുക്കുമ്പോള്‍ മനസ്സ് അല്ലാഹുവിനെ പ്രകീര്‍ത്തിച്ചുപോയി. വിഗ്രഹാരാധന സംസ്‌കാരമാക്കിയ സമൂഹത്തില്‍ അതില്‍നിന്ന് വ്യതിചലിച്ചു നടക്കുന്ന വ്യക്തിത്വമായിരുന്നു അവര്‍ എന്നത് എന്റെ വായനക്ക് വീണ്ടും ഊര്‍ജം കൂട്ടി. ഊര്‍ജിതമായ ആ വായന മുന്നോട്ടു പോയപ്പോള്‍ അനുഗൃഹീതമായ മുഹമ്മദും(സ) ഖദീജ(റ)യും തമ്മിലുള്ള വിവാഹത്തിലേക്ക് വഴിയൊരുക്കിയ വിശ്വസ്തവും സത്യസന്ധവുമായ കച്ചവട ബന്ധത്തെ അനുഭവിക്കാനിടയായി. അല്‍പം നേരത്തേക്ക് ഭാര്യാഭര്‍തൃബന്ധത്തെ മാറ്റിനിര്‍ത്തി ഞാന്‍ മുതലാളി-തൊഴിലാളി ബന്ധത്തെ വായിച്ചുനോക്കി. മാനുഷിക വിഭവങ്ങളെ ചൂഷണം ചെയ്യുന്ന മുതലാളിത്ത കാലത്ത് ഖദീജയുടെ തൊഴിലാളിബന്ധത്തിലേക്കുള്ള ദൂരം അളന്നു നോക്കിയപ്പോള്‍ ഒരു തരത്തിലും തുലനം ചെയ്യാന്‍ സാധിക്കുന്നില്ല. തൊഴിലാളി എന്ന നിലയില്‍ ഖദീജ മുഹമ്മദിന് നല്‍കിയ പരിഗണനയും ആദരവും ചരിത്രത്തില്‍ തുല്യതയില്ലാത്ത വിധം വലുതാണ്. താന്‍ ആഗ്രഹിച്ചതിനേക്കാള്‍ നല്ലൊരു വ്യക്തിയെ കച്ചവടത്തിനായി ലഭിച്ചതില്‍ ഖദീജ അങ്ങേയറ്റം സന്തുഷ്ടയായി. കച്ചവടത്തില്‍ അദ്ദേഹം കാണിച്ച നീതിയും സത്യസന്ധതയും ഖദീജക്ക് മുഹമ്മദിനോടുള്ള ഇഷ്ടത്തെ വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. തന്റെ ഭൃത്യനായ മൈസറയോട് അദ്ദേഹത്തോടൊപ്പമുള്ള കച്ചവട യാത്രയുടെ അനുഭവങ്ങള്‍ അന്വേഷിച്ചറിഞ്ഞ് അവര്‍ കൂടുതല്‍ സന്തോഷിക്കുന്നുണ്ടായിരുന്നു. അതിനെക്കുറിച്ച് ചിന്തിച്ചും അടുത്ത സുഹൃത്തുക്കളുമായി പങ്കുവെച്ചും അവരുടെ മനസ്സില്‍ മുഹമ്മദ് മറ്റാരേക്കാളും സ്ഥാനം പിടിച്ചു. തീവ്രമായ ആ ഇഷ്ടം അദ്ദേഹത്തെ വിവാഹം ചെയ്യണം എന്ന മോഹമായി കലാശിക്കുകയും ആ മോഹം അല്ലാഹുവിന്റെ സഹായത്താല്‍ യാഥാര്‍ഥ്യമാവുകയും ചെയ്തു. വിവാഹം വരെയുള്ള സംഭവങ്ങളെ ആധാരമാക്കി ദാമ്പത്യ ജീവിതത്തെക്കുറിച്ച് ഞാന്‍ മനസ്സില്‍ ഒരു ചിത്രം വരച്ചു. പക്ഷേ എന്റെ ചിത്രത്തില്‍ ഒതുങ്ങുന്നതല്ല ആ ജീവിതമെന്ന് തുടര്‍ന്നു സഞ്ചരിച്ച ഓരോ വരിയില്‍നിന്നും മനസ്സിലായി. സ്‌നേഹത്തെ പരസ്പരം ആസ്വദിച്ച് ജീവിച്ച സ്വാര്‍ഥ ദാമ്പത്യമായിരുന്നില്ല ആ ജീവിതം. പരസ്പരമുള്ള അതിരറ്റ സ്‌നേഹം നിറഞ്ഞ് സംസം കിണര്‍ പോലെ  സമൂഹത്തിലേക്ക് ഒഴുകുകയായിരുന്നു. ആ സ്‌നേഹത്തിന്റെ ഫലങ്ങള്‍ സമൂഹത്തിന് ഉപകാരങ്ങളായി ലഭിച്ചുകൊണ്ടിരുന്നു. ഇസ്‌ലാമിനെ പ്രചരിപ്പിച്ചതിന്റെ പേരില്‍ പ്രവാചകന്  നേരിടേണ്ടിവന്ന പരീക്ഷണങ്ങളിലും ദുഃഖങ്ങളിലും പങ്കുചേര്‍ന്ന് അവര്‍ പ്രവാചകന്റെ തണലായി മാറി. ശത്രുക്കളില്‍ നിന്ന് മുസ്‌ലിം സമൂഹത്തിനുണ്ടായ ഉപദ്രവങ്ങള്‍ പ്രവാചകനെയെന്ന പോലെ പ്രിയ പത്‌നിയെയും വേദനിപ്പിച്ചു എന്നറിയുമ്പോള്‍  വിശ്വാസത്തോടും വിശ്വാസികളോടും അവര്‍ക്കുണ്ടായിരുന്ന സ്‌നേഹം എത്രത്തോളമെന്ന് മനസ്സിലാവും. മക്കളെ പരിപാലിക്കുന്ന കാര്യത്തിലും ഏവര്‍ക്കും മാതൃകയാവുന്ന തരത്തിലായിരുന്നു ഖദീജ(റ)യുടെയും പ്രവാചകന്റെയും ദാമ്പത്യം. സുദീര്‍ഘമായ ആ ജീവിതത്തിലൂടെ സഞ്ചരിച്ച് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ അത്രയും വിശിഷ്ടമായ ആ സ്ത്രീ ജീവിതത്തിന്റെ വിരാമത്തെക്കുറിച്ച് വായിക്കാന്‍ അല്‍പം വിഷമം തോന്നി. പക്ഷേ ആ മരണത്തിലും എന്തെങ്കിലും പാഠം ഉണ്ടാവും എന്ന തോന്നലില്‍നിന്ന് വായന വീണ്ടും മുന്നോട്ടു നീങ്ങി. വായനക്ക് അന്ത്യം കുറിച്ചപ്പോള്‍ 'ഖദീജ(റ)യുടെ മരണം' എന്ന എന്റെ പ്രസ്താവനയെ തിരുത്തേണ്ടി വന്നു. ശരീരം മണ്ണിലേക്കിറങ്ങിയിട്ടും അവര്‍ പൂര്‍വാധികം ശക്തിയോടെ പ്രവാചകന്റെ മനസ്സില്‍ ജീവിക്കുകയായിരുന്നു. ഖദീജ(റ) പ്രവാചകജീവിതത്തില്‍ ചെലുത്തിയ സ്വാധീനം അവരുടെ മരണ ശേഷം അവരുടെ ഓര്‍മകളെ സ്മരിക്കാന്‍ പ്രവാചകനെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അവരെ 'കിഴവി' എന്ന് വിശേഷിപ്പിച്ച ആഇശ(റ)യോട് പ്രവാചകന്‍(സ) പറഞ്ഞ മറുപടി മാത്രം മതി ആ സ്വാധീനം എത്രത്തോളമെന്ന് മനസ്സിലാക്കാന്‍: 'ഖദീജയേക്കാള്‍ ഉത്തമയായ ഭാര്യയെ എനിക്ക് കിട്ടിയിട്ടില്ല. എന്റെ ജനത എന്നെ അവിശ്വസിച്ചപ്പോള്‍ അവര്‍ എന്നില്‍ വിശ്വസിച്ചു. അവര്‍ എന്നെ കളവാക്കി തള്ളിയപ്പോള്‍ ഖദീജ എന്നെ സത്യവാനായി അംഗീകരിച്ചു. മറ്റുള്ളവരെല്ലാം എന്നെ ഉപേക്ഷിച്ചപ്പോള്‍ അവര്‍ മാത്രം എന്നെ പിന്തുണച്ചു. അല്ലാഹു എനിക്ക് സന്താനങ്ങളെ സമ്മാനിച്ചത് അവരിലൂടെയാണ്.' ഖദീജയോടൊപ്പമുള്ള നാളുകള്‍ക്ക് തുല്യമായൊരു ജീവിതം മറ്റൊരു പത്‌നിയുടെ കൂടെയും പ്രവാചകന് കിട്ടിയിട്ടില്ല എന്ന് വായിക്കുമ്പോള്‍ ആ ഖദീജയെ പകര്‍ത്താന്‍ ഓരോ സ്ത്രീമനസ്സും തല്‍പരരാവും. പ്രവാചകമനസ്സില്‍ ജീവിച്ച ഖദീജ (റ), ആ ജീവിതത്തെ വായിക്കുന്ന ഓരോ വിശ്വാസിയുടെയും മനസ്സില്‍ ജീവിച്ചുകൊണ്ടിരിക്കും.

ചിന്തിക്കുന്ന സ്ത്രീ വായിക്കുന്നത്


EDITOR : RUKSANA. P

SENIOR SUB EDITOR : FOUSIA SHAMS

SUB EDITOR : FATHIMA BISHARA

Manager

Silver hills, Calicut-12
Phone: 0495 2730073
managerprabodhanamclt@gmail.com


Circulation

Silver Hills, Calicut-12
Phone: 0495 2731486
aramamvellimadukunnu@gmail.com

Editorial

Silver Hills, Calicut-12
Phone: 8289874075
aramammonthly@gmail.com


Advertisement

Phone: 8281572448
advtaramam@gmail.com

Subscription
  • For 1 Year : 300
  • For 1 Copy : 25
Quick Links

© Aramam monthly. All Rights Reserved. Powered by: D4media