എത്ര ചെറുതായാലും ഓരോ യാത്രയും ഓരോ അനുഭവമാണ്. വ്യക്തികള്‍, ദൃശ്യങ്ങള്‍, വഴിയോരക്കാഴ്ചകള്‍, പെരുമാറ്റരീതികള്‍, സ്വഭാവ സവിശേഷതകള്‍, ചോദ്യങ്ങള്‍, സംശയങ്ങള്‍, അന്വേഷണങ്ങള്‍, മറുപടികള്‍, സഹയാത്രികരോടുള്ള സമീപനങ്ങള്‍... അങ്ങനെ ഓരോന്നും നിരീക്ഷിച്ചും പഠിച്ചും സമയം ചെലവിടാന്‍ മനസ്സുണ്ടെങ്കില്‍ ഓരോ നിമിഷവും ആസ്വദിക്കാനും ആനന്ദപ്രദമാക്കാനും കഴിയും.
രാജ്യങ്ങള്‍, ജനങ്ങള്‍, സംസ്കാരം, ഭാഷ, ഭരണം, ജീവിതരീതി, ഭക്ഷണം, ആരാധനാലയങ്ങള്‍, മതങ്ങള്‍, പുരാവസ്തുക്കള്‍ തുടങ്ങി യാത്രക്കിടയില്‍ മനസ്സില്‍ തങ്ങിനില്ക്കുകയും ഹൃദയത്തില്‍ കുറിച്ചിടുകയും ചെയ്ത കാര്യങ്ങള്‍ ഓര്‍മപ്പുസ്തകമായി രൂപാന്തരം പ്രാപിച്ചതാണ് സഞ്ചാരസാഹിത്യം. വിശ്രുത സഞ്ചാരിയായ പസോനിയാസ് രണ്ടാം നൂറ്റാണ്ടില്‍ ഗ്രീസിനെ കുറിച്ചെഴുതിയ വിവരണമാണ് ആദ്യത്തെ സഞ്ചാരകൃതി. ജേര്‍ണി ത്രു വെയ്ല്‍സ്, ഡിസ്ക്രിപ്ഷന്‍ ഓഫ് വെയ്ല്‍സ് (1194) എന്നിവ തുടര്‍ന്നുവന്നു. ഇബ്നു ജുബൈര്‍ (1145-1214), ഇബ്നു ബത്തൂത്ത (1304-1377) എന്നിവര്‍ അന്ന് അറിയപ്പെട്ട ഭൂഭാഗങ്ങളില്‍ നടത്തിയ സഞ്ചാരമാണ് പില്ക്കാല ചരിത്രഗവേഷണങ്ങള്‍ക്ക് ആധാരമായത്. മധ്യകാല അറബി സാഹിത്യത്തില്‍ സഞ്ചാര സാഹിത്യത്തിന് വലിയ സ്ഥാനമുണ്ടായിരുന്നു.
ബസ്സിലും ട്രെയ്നിലും ഉള്ള യാത്രയാണ് എനിക്കേറെയിഷ്ടം. വായിക്കാം, അനുഭവങ്ങള്‍ ആര്‍ജിക്കാം, പലരെയും പരിചയപ്പെടാം. എന്നാല്‍ ഇന്നത്തെ യാത്രകള്‍ വ്യത്യസ്തമായിത്തീര്ന്നിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ സ്വന്തം ലോകത്ത് മാത്രം വ്യാപരിക്കുകയും ചുരുങ്ങിക്കൂടുകയും ചെയ്യുന്നു. ഐ.സി.യുവില്‍ കിടത്തിയ രോഗിയെ പോലെ ശരീരത്തില്‍ അനേകം വയറുകളാല്‍ വരിയപ്പെട്ട് കാതുകളില്‍ 'ഹിയറിംഗ് ഡിവൈസ്' തിരുകിയ ആണും പെണ്ണുമാണ് കംപാര്‍ട്ട്മെന്റില്‍, എന്തൊരു നിശ്ശബ്ദത! എന്തൊരു അച്ചടക്കം! ഓരോരുത്തരും നമ്രശിരസ്കരായി തങ്ങളുടെ മൊബൈലുകളിലേക്ക് നോക്കിയിരിക്കുന്നു. ഏകാഗ്രതയുടെ നിമിഷങ്ങള്‍. മുമ്പൊക്കെ ട്രെയ്നിലും ബസിലും 'വിന്‍ഡോ സീറ്റ്' കിട്ടാന്‍ കുട്ടികള്‍ മത്സരവും അടിപിടിയുമായിരുന്നു. ഇന്ന് കുട്ടികളുടെ കൈയിലും സ്മാര്‍ട്ട് ഫോണ്‍. ഗെയ്മുകള് കളിച്ചും കാര്ട്ടൂണുകള് കണ്ടും അവരുടെ ലോകത്ത് അവരും തിരക്കിലാണ്. എല്ലാവരും തിരക്കില്‍. സര്‍വത്ര തിരക്ക്. സ്വകാര്യലോകത്തെ തിരക്ക്.
എന്റെ കൊച്ചുയാത്രകള്‍ പെരുമ്പിലാവ് അന്‍സ്വാര്‍ വിമന്‍സ് കോളേജില്‍ 'ലൈഫ് സ്കില്‍ എജുക്കേഷന്‍' ഡിപ്പാര്‍ട്ട്മെന്റില്‍ ആഴ്ചയില്‍ രണ്ട് ദിവസത്തെ ക്ലാസുകള്‍ക്കാണ്. ഫൈന്‍ ആര്‍ട്സ് ക്ലബ് ഉദ്ഘാടന വേളയില്‍ ആശംസാ പ്രസംഗത്തില്‍ ഞാന്‍ അന്നത്തെ യാത്രയില്‍ മംഗളാ എക്സ്പ്രസില്‍ പരിചയപ്പെട്ട പെണ്‍കുട്ടിയെ പരാമര്‍ശിച്ചു.
സൊനാലി നായിക്; കൃശഗാത്രയായ ആ ഇരുപത്തേഴുകാരിയുടെ ഉള്ളിലിരമ്പുന്ന ആത്മധൈര്യവും അന്വേഷണ ത്വരയും എന്നെ ആശ്ചര്യപ്പെടുത്തി. കര്‍ണാടകയും ഗോവയും സന്ദര്‍ശിച്ചു വരുന്നു. കൊച്ചിയിലേക്കാണ് യാത്ര. എ.സി.സി സിമന്റില്‍ ജോലി ചെയ്യുന്ന സൊനാലി ഫിസിക്സില്‍ ബിരുദമെടുത്തു. ഇപ്പോള്‍ എം.ബി.എ ചെയ്യുന്നു. യാത്രകളെല്ലാം വിവാഹത്തിനു മുമ്പ് തീര്‍ക്കണമെന്നാണ് മോഹം. അനിയന് എഞ്ചിനീയര്‍. ജ്യേഷ്ഠത്തി ഡോക്ടര്‍. അഛന് ഹോസ്പിറ്റല്‍ ഉദ്യോഗസ്ഥന്, അമ്മ ഗൃഹനാഥ.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. തനിച്ചുള്ള ഈ യാത്ര ഓരോ ജനപഥങ്ങളെയും അടുത്തറിയാനും അവരോടൊപ്പം രാപ്പകലുകള്‍ കഴിഞ്ഞ് അവരുടെ സുഖദുഃഖങ്ങള്‍ അനുഭവിച്ചറിയാനുമാണ്. താന്‍ താലോലിക്കുന്ന 'ഡോക്ടറേറ്റ്' സ്വപ്നത്തിന് മുതല്കൂട്ടായേക്കും യാത്രാനുഭവങ്ങളെന്ന് അവള് കണക്കുകൂട്ടുന്നു. നഗരങ്ങളില്‍ ലേഡീസ് ഹോസ്റ്റലില്‍ തങ്ങും. തനിച്ചുള്ള യാത്രകള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തില്ലേയെന്ന ചോദ്യത്തിന് അനുഭവത്തിന്റെ തീച്ചൂളയില്‍ കാച്ചിയെടുത്ത മറുപടി: 'യാത്രയില്‍ ഇടപഴകുന്നവരെ നിമിഷങ്ങള്‍ക്കകം തിരിച്ചറിയാനാവും. വാക്കുകൊണ്ടോ സമീപനം കൊണ്ടോ എതിരിടാന്‍ പോകില്ല. തന്ത്രപൂര്‍വം അവരില്‍നിന്ന് മാറി സുരക്ഷിത ഇടം തേടും. 'എന്‍കൗണ്ടര്‍' എന്റെ തോല്‍വിയിലേ തീരൂ എന്ന ഉറച്ച ബോധ്യമുള്ളതിനാലാണ് ഈ സമീപനം. തീവണ്ടി, ബസ് എന്നീ പബ്ലിക് ട്രാന്‍സ്പോര്‍ട്ടുകളാണ് സുരക്ഷിതം.'
ഇപ്പോള്‍ ദല്‍ഹിയില്‍ വസിക്കുന്ന തന്റെ കുടുംബം ഒഡീഷ(പഴയ ഒറീസ)യെക്കുറിച്ച ഗൃഹാതുര ചിന്തകള്‍ പേറുന്നവരാണ്. ബംഗാള്‍ ഉള്‍ക്കടല്‍ തീരത്ത് സ്ഥിതിചെയ്യുന്ന കിഴക്കന്‍ സംസ്ഥാനമാണ് ഒഡീഷ. ഗോത്രസംസ്കൃതിയുടെയും ഹിന്ദു ക്ഷേത്രങ്ങളുടെയും രാജ്യം. തലസ്ഥാനമായ ഭുവനേശ്വറില്‍തന്നെ നിരവധി ക്ഷേത്രങ്ങള്‍. ആഘോഷങ്ങളൊഴിഞ്ഞ, ഉത്സവമില്ലാത്ത നേരമില്ല. കേരളത്തിലെപോലെ വന്‍ ഭവനങ്ങളില്ല. കൊച്ചു കുടിലുകള്‍, കുടീരങ്ങള്‍. ഒറിയയാണ് ഭാഷ. ആദിവാസി-ഗോത്ര സമൂഹങ്ങള്‍ ഏറെ വസിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനം. ദേശീയ ഗാനമായ 'ജനഗണമന'യില്‍ പരാമര്‍ശിക്കുന്ന 'ഉത്ക്കല' ഒഡീഷയാണ്. മൗര്യരാജാവായ അശോക ചക്രവര്‍ത്തി നയിച്ച കലിംഗയുദ്ധം ഒഡീഷയുമായി അതിരിടുന്ന ഭൂഭാഗങ്ങളിലായിരുന്നു.
സോനാലിയുടെ അഭിപ്രായത്തില്‍ യാത്ര ഒരു നിധിയും നിക്ഷേപവുമാണ്. ഓര്‍മയുടെ അറകളില്‍ ഭദ്രമായും സ്വകാര്യമായും സൂക്ഷിക്കേണ്ട എന്തെല്ലാം അനുഭവങ്ങളാണ് യാത്ര ഉല്പാദിപ്പിച്ചുതരുന്നത്! വര്‍ഗീയമോ വംശീയമോ ആയ ചേരിതിരിവുകള്‍ക്ക് സ്ഥാനം നല്‍കാത്ത ഒഡീഷയുടെ ഗ്രാമങ്ങള്‍ സ്നേഹത്തിന്റെയും സഹകരണത്തിന്റെയും ആദിമ വിശുദ്ധി ഇന്നും കാത്തുപോരുന്നു. ഒഡിഷയുടെ പുത്രിയായ ഞാന്‍ അതില്‍ അഭിമാനിക്കുന്നു. പെണ്‍കുട്ടികള്‍ക്ക് വേണ്ടത് ആത്മധൈര്യമാണ്. തങ്ങളുടെ മനസ്സും ശരീരവും കറപുരളാതെ കാക്കണമെന്ന കരുതലും നിര്‍ബന്ധവും അവര്‍ക്കുണ്ടെങ്കില്‍ ആര്‍ക്കും അവരെ കീഴ്പ്പെടുത്താനാവില്ല. മാതാപിതാക്കളുടെ സമ്മതത്തോടെ ഇരുപത്തൊന്നാം വയസ്സില്‍ തുടങ്ങിയ യാത്ര ഒഴിവുള്ള ഇടവേളകളില്‍ തുടരുന്ന സൊനാലി അടങ്ങാത്ത ഉത്സാഹത്തിന്റെയും കര്‍മാവേശത്തിന്റെയും ഉജ്ജ്വല പ്രതീകമായി തോന്നി. തോളിലൊരു തോല് ബാഗും വഹിച്ച് ലളിത വേഷത്തില്‍ സഞ്ചരിക്കുന്ന ആ പെണ്‍കുട്ടി ജീവിതത്തെ എത്ര ഗൗരവതരമായാണ് അഭിവീക്ഷിക്കുന്നതെന്ന് അവരുടെ ഓരോ വാക്കും എന്നെ ബോധ്യപ്പെടുത്തി. എന്റെ യാത്ര അവസാനിപ്പിച്ച് ഞാന്‍ ട്രെയ്നില്നിന്നിറങ്ങുമ്പോള് ഈ 'മീ ടൂ' കാലത്ത് ഒരാണിന് കിട്ടാവുന്ന മികച്ച സാക്ഷ്യവും ലഭിച്ചു: ഖീൗൃില്യ രീൗഹറ യല ാെമഹഹ യൗ േശ േവെീൗഹറ യല യലമൗശേളൗഹ. Journey could be small but it should be beautiful. I am glad meeting such joyful person and so positive towards life and changes.
പ്രിയ സൊനാലി! ഭവതിക്ക് നന്ദി.