ജപ്പാനിലെ ബുദ്ധമതക്കാരുടെ ഇടയിലുള്ള ഒരു വഴക്കമായിരുന്നു ചായ കുടിക്കുന്നതും മറ്റുള്ളവര്‍ക്ക് കൊടുക്കുന്നതും. മനുഷ്യന് ചായകുടി ശീലമാക്കിയിട്ട് 4700-ലേറെ വര്‍ഷങ്ങളായി.
തേയില അതേപടി പറിച്ചെടുത്ത് ഉണക്കിയാല്‍ അത് 'ഗ്രീന്‍ ടീ' ആയി. തേയില ചെടിയുടെ ഇലനുള്ളി, വറുത്ത് പാകപ്പെടുത്തിയാല്‍ അതിന് കറുത്ത നിറമായിരിക്കും. ഇതുകൊണ്ടുണ്ടാക്കുന്ന പാനീയമാണ് 'ബ്ലാക് ടീ.' ചായക്കൊപ്പം ഇഞ്ചിയോ ഏലക്കയോ ചേര്‍ത്ത് ഉപയോഗിച്ചാല്‍ അത് കൂടുതല്‍ ഗുണമുള്ള 'ഔഷധ ചായ'യായി. 'ബ്ലാക് ടീ'യില്‍ നാരങ്ങാ നീരൊഴിച്ചാലും 'ഔഷധ ചായ' കിട്ടും. ചായയില്‍ പാല് ഒഴിച്ച് കുടിക്കുന്നത് കൂടുതലും ഇന്ത്യക്കാരാണ്.
ചായയുടെ ശാസ്ത്രീയ വശം
ചായയില്‍ അടങ്ങിയിരിക്കുന്ന 'ഫഌവനോയ്ഡ്' എന്ന രാസവസ്തു ശക്തിയേറിയ ഒരു നിരോക്സീകാരിയാണ്. ഇവ രക്തക്കുഴലുകള്‍ക്ക് ആയാസം നല്‍കുകയും കൊളസ്ട്രോളിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. 'നിത്യേനയുള്ള ചായകുടിക്ക് കാഴ്ചയെ നശിപ്പിക്കുന്ന തിമിരത്തിന്റെ കാഠിന്യം കുറക്കാനും രോഗസാധ്യത വൈകിപ്പിക്കാനും കഴിയുമെന്ന്' പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചായയില്‍ മഗ്നീഷ്യം, ടാനിന്, കഫീന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ചായയില്‍ ഇരുപത് മില്ലിഗ്രാം ഫഌവനോയ്ഡുകളെങ്കിലും അടങ്ങിയിട്ടുണ്ടാവും.
ചായ അമിതമായ ചൂടോടെ കുടിക്കരുത്. പൊള്ളുന്ന ചായ കുടിച്ചാല്‍ അന്നനാളത്തെ ബാധിക്കുന്ന കാന്‍സറിനുള്ള സാധ്യത നാലിരട്ടിയോളം കൂടും.
തേയിലയിലടങ്ങിയിരിക്കുന്ന പ്രത്യേകതരം രാസവസ്തു സംയുക്തം (പോളിഫീനോളുകള്‍) വായ്നാറ്റമുണ്ടാക്കുന്ന അനറോബിക് ബാക്ടീരിയകളെ നിയന്ത്രിക്കുന്നുവെന്ന് അമേരിക്കയിലെ ഒരു ദന്ത ഡോക്ടര്‍ കണ്ടെത്തി. ഈ ബാക്ടീരിയ വായിലെ ആഹാരാവശിഷ്ടങ്ങളുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള ദുര്‍ഗന്ധ വാതകങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് വായ്നാറ്റമുണ്ടാകുന്നത്. തേയിലയിലുള്ള കാറ്റക്കിന്‍സ്, തെഫഌവിന്സ് എന്നീ പോളിഫീനോളുകളാണ് ഈ ബാക്ടീരിയ വളര്‍ച്ച തടയുന്നത്. മോണകളിലെ വിടവിലും നാക്കിനടിയിലും ഒളിഞ്ഞിരിക്കുന്ന ഇത്തരം ബാക്ടീരിയ പല്ലുകളില്‍ പ്ലാക്ക് (മഞ്ഞ നിറത്തിലുള്ള പരലുകള്‍) ഉണ്ടാക്കുന്നതിനെ മന്ദീഭവിപ്പിക്കുന്നു.
ചായയുടെ ഗുണങ്ങള്‍
* ഗ്രീന്‍ ടീ, കട്ടന്‍ ചായ എന്നിവ ഞരമ്പുകളെ ഉത്തേജിപ്പിച്ച് രക്തപ്രവാഹം ത്വരിതപ്പെടുത്തി ഉന്മേഷദായകമാക്കുന്നു.
* ഓര്‍മശക്തിയും പ്രാണവായുവും വര്‍ധിക്കുന്നു.
* ഹൃദ്രോഗവും അര്‍ബുദവും തടയുന്നു. കൂടുതലായി ചായ കുടിക്കുന്നവര്‍, ചായ കുടിക്കാത്തവരേക്കാള്‍ ഹൃദയാഘാതത്തെ അതിജീവിക്കുന്നു എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചപ്പോള്‍ ദിവസവും മൂന്ന് കപ്പ് ചായ കുടിക്കുന്നവരില്‍ ഹൃദയാഘാത സാധ്യത പകുതിയായി കുറയുമെന്ന് ഡച്ച് ഗവേഷകരും കണ്ടുപിടിച്ചു.
* കട്ടന്‍ ചായ രക്തപ്രവാഹത്തെ സന്തുലിതമാക്കുന്നു.
* അത് അസുഖങ്ങളെ ഉന്മൂലനം ചെയ്യുന്നു.
* ദഹനം സുഗമമാക്കുകയും സന്ധിവേദന കുറക്കുകയും ചെയ്യുന്നു.